November 19, 2021

ആൽമരവും തഥാഗതനും

 


 

    പ്രവാചകനായ നബി ഇരുന്ന് വിശ്രമിച്ച മരം പിന്നീട് ആളുകൾ ആരാധിക്കും എന്നുവച്ച് മുറിച്ചു കളഞ്ഞതുപോലെയൊരു കഥ ബുദ്ധചരിത്രത്തിലും ഉണ്ട്. ജ്ഞാനോദയത്തിനു ശേഷം ഏഴാഴ്ച ബുദ്ധൻ ചെലവഴിച്ച സ്ഥലങ്ങൾ മഹോബോധി ക്ഷേത്രത്തിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നതായി ‘ശ്രമണബുദ്ധൻ’ എന്ന പുസ്തകത്തിൽ ബോബി തോമസ് എഴുതുന്നു.  ആദ്യത്തെ ആഴ്ച അദ്ദേഹം വൃക്ഷത്തണലിൽ ധ്യാനനിരതനായി. രണ്ടാമത്തെ ആഴ്ച അടുത്തൊരിടത്ത് ഇരുന്ന് വൃക്ഷത്തെ കണ്ണിമയ്ക്കാതെ നോക്കി. മൂന്നാമത്തെയാഴ്ച നടന്നുകൊണ്ട് ധ്യാനിച്ചു. അപ്പോൾ കാല്പാദങ്ങൾക്കടിയിൽ താമരപ്പൂക്കൾ വിരിഞ്ഞു. നാലാമത്തെ ആഴ്ചയിലെ ധ്യാനത്തിലാണ് കാര്യകാരണബന്ധങ്ങളെപ്പറ്റിയുള്ള ചിന്തകൾ ശിരസ്സിലുദിച്ചത്. അഞ്ചാമത്തെ ആഴ്ച ധ്യാനിക്കാൻ മറ്റൊരു വൃക്ഷം തെരെഞ്ഞെടുത്തു. ആറാമത്തെ ആഴ്ച ധ്യാനിക്കുന്ന സ്ഥലത്ത് കാറ്റും പേമഴയും ഉണ്ടായി. അപ്പോൾ  നാഗരാജാവായ മുകാലിന്ദ വന്ന് പത്തികൾ വിരിച്ച് കുട പിടിച്ചുകൊടുത്തു.  ഏഴാമത്തെ ആഴ്ച, തപസ്സുവെന്നും ഭല്ലികനെന്നും പേരുള്ള  വ്യാപാരികൾ വന്ന് ബുദ്ധനു ഭക്ഷണവും തേനും നൽകി. ബ്രാഹ്മണരെയോ ഏഴജാതിക്കാരെയോ സംബോധന ചെയ്തിട്ടില്ല,  വണിക്കുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയാറുണ്ട്. അവർ ആളായും ദ്രവ്യമായും ബുദ്ധനെ കാര്യമായി സഹായിച്ചിട്ടുണ്ട്.

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടത് ഒരു മരമല്ല. എങ്കിലും ബുദ്ധൻ ധ്യാനിച്ചതായി പറയുന്ന പ്രമുഖ ബോധിമരം (നമ്മുടെ അരയാല്) അതിന്റെ പല തലമുറകൾ പിന്നിട്ട് ബോധഗയയിൽ ഇപ്പോഴും പരിപാലിക്കപ്പെടുന്നുണ്ട്, യന്ത്രത്തോക്കു ധരിച്ച സുരക്ഷാസൈനികരുടെ കർക്കശമായ കാവലിൽ. തോക്കു ചൂണ്ടിയ ജാഗ്രതകൾക്കുമുന്നിലൂടെ നടന്നു  ചെന്നു വണങ്ങുന്നത്, പ്രശസ്തനായ അഹിംസാമൂർത്തിയെ വാർത്തെടുത്ത  പഴയ മരത്തെ തന്നെയാണെന്ന് ജനം വിശ്വസിക്കുന്നു. അതാണു ജനം!   പല പ്രാവശ്യം ഈ മരം നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. അശോകചക്രവർത്തിക്കു തന്നേക്കാൾ സ്നേഹം മരത്തോടാണെന്നു മനസ്സിലാക്കിയ ഒരു രാജ്ഞിയാണ് ആദ്യം അതു വെട്ടിക്കളഞ്ഞത്. പിന്നെ പലപ്രാവശ്യം പകയോടേ പലരും വെട്ടി. രാജ്ഞിയുടെ കേസ് വിചാരണയ്ക്കെടുത്താൽ യുദ്ധം കണ്ട് ഹിംസ വെറുത്ത് ബുദ്ധശിഷ്യനായ  മഹാരാജാവ് അശോകൻ  എങ്ങനെ തീർത്തിരിക്കും ഉള്ളിലെ ദേഷ്യം എന്ന് ആലോചിക്കുന്നത് കൗതുകമാണ്.


എൻ ബി സുരേഷിന്റെ  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതാ പുസ്തകത്തിലെ അതേ പേരുള്ള കവിതയും അതിലെ കുട്ടിക്ക് ഓടയിൽനിന്ന് വീണുകിട്ടിയ മുറിപ്പാടുകളുള്ള ബുദ്ധപ്രതിമയും ഷോക്കേസിലെ  ബോൺസായ് മരവും  ചേർന്നാണ് ബോധഗയയിലെ ആൽമരത്തിന്റെ ഓർമ്മ കൊണ്ടുവന്നത്. മലയാളത്തിൽ ബുദ്ധ കവിതകൾക്ക് ഒരു പഞ്ഞവും ഇല്ല. രണ്ടാഴ്ചകൾക്ക് മുൻപ് സച്ചിദാനന്ദന്റെ ‘ബുദ്ധനെ കാണുവാൻ’ എന്ന കവിത മാതൃഭൂമിയിൽ വന്നതാണ് ഏറ്റവും അടുത്ത ഉദാഹരണം. ആ കവിതയിലും ഉണ്ട് ഒരു അരയാൽ. കൃഷ്ണനെകാണാൻ പോയ കുചേലന് ഉണ്ടായത് ഭൗതികക്ഷേമമാണെങ്കിൽ ബുദ്ധനെ കാണാൻ പോകുന്ന കവിയ്ക്ക് ഉണ്ടായത് കവിത്വത്തിലേക്കുള്ള ജ്ഞാനസ്നാനമാണ്. ആ പരിണാമം കുറേക്കൂടി ആഴത്തിലുള്ളതും പരപ്പുള്ളതുമാണ്. ആലിന്റെ മണ്ണിലും വേരിലും നീരിലും കവിയുടെ ചോര, ഇളകുന്ന ഇലകളിൽ ശ്വാസം, പിപ്പലങ്ങളുടെ ഞരമ്പുകളിൽ പിന്നിട്ട വഴികൾ, ചില്ലകളിലെ കാറ്റിൽ പ്രാണൻ.  സൃഷ്ടിയുടെ ദുഃഖം തന്റേതാവുകയും ആ കരുണയുടെ ധാരയിൽ തുഴഞ്ഞ് അക്കരെ പോകുന്ന തോണിയായി സ്വയം മാറുകയും ചെയ്തുകൊണ്ട്,  യുക്തിഭദ്രമായ ഭ്രമാത്മകതയിൽ എത്തിച്ചേരുകയാണ് കവിത അവസാനം. ബുദ്ധന്റെ സ്മരണയിൽ ബോധോദയത്തെ കാവ്യസങ്കല്പമായി മാറ്റിയെഴുതുകയാണല്ലോ കവി. ആ നിലയ്ക്ക് ബിംബാത്മകമായ ഇഴപിരിക്കലിനാണ് ‘ബുദ്ധനെ കാണുവാൻ’ എന്ന കവിതയിൽ സച്ചിദാനന്ദൻ മുതിരുന്നത്. സങ്കല്പത്തെ കൂടുതൽ അടുപ്പവും ജനകീയവും  മായികതയുള്ളതുമായ മറ്റൊരു മിത്തുമായി ചേർത്തു വച്ച് (കൃഷ്ണനും കുചേലനും) സമകാലികമാക്കി വികസിപ്പിക്കുകയും അതുവഴി കാവ്യനയപ്രഖ്യാപനം നടത്തുകയുമാണ് സച്ചിദാനന്ദൻ ചെയ്തത്.  


ഇതിന്റെ നേരെ വിപരീതാവസ്ഥയാണ്  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതയിലുള്ളത്. ബുദ്ധൻ എന്ന പ്രഭാവിതമായ ഭൂതകാലത്തെ സംശയത്തോടെ റദ്ദാക്കുകയും കാലികമായി ചുരുക്കുകയുമാണ്  കവിതയിൽ എൻ ബി സുരേഷ്  ചെയ്യുന്നത്. ഷോകേസ് തുറക്കുന്ന കുട്ടിയുടെ കൈ പിടിച്ച് നഗരത്തിലേക്ക് നടക്കുന്ന ബുദ്ധപ്രതിമയെയും, അവർക്കു പിന്നാലെ പോയി തോക്കു ചൂണ്ടി നിൽക്കുന്ന ഒരാളുടെ ഏകാഗ്രതയ്ക്ക് കുടപിടിച്ച് വടവൃക്ഷമാവുന്ന ബോൺസായിയെയും അവതരിപ്പിക്കുന്ന ഒരു ഭ്രമകല്പന ഈ കവിതയിലും ഉണ്ട്. സച്ചിദാനന്ദന്റെ കവിതയിലെന്നപോലെ തെളിച്ചമുള്ളതോ മൂർത്തമോ അല്ല ഈ കാഴ്ച. പകരങ്ങൾ (പ്രതിനിധികൾ) എന്ന മട്ടിൽ പ്രതിമയും മരമാതൃകയും പരസ്പരം സംസാരിക്കുകയും സ്വേച്ഛയാ സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു. സൂചകങ്ങൾ വീണ്ടും സൂചകങ്ങളാവുന്ന അവസ്ഥയാണിത്.  കവിതയിലെ പ്രധാനഭാഗം ബോൺസായ് വൃക്ഷവും ബുദ്ധപ്രതിമയും തമ്മിലുള്ള സംഭാഷണമാണ്. ക്ഷീണിതനും ഏറേറ്റ് ഉടഞ്ഞുപോയവനും പരിക്കേറ്റവനുമായ പ്രതിമയോടുള്ള  കാരുണ്യവും കല്ലും കവണയുമായി ‘അവർ’ അടുത്തു വന്നത് ബുദ്ധൻ അറിയാതെ പോയതിലുള്ള നിരാശയും കുള്ളൻ മരം പങ്കുവയ്ക്കുന്നു. ബുദ്ധനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ താനറിഞ്ഞതായി അറിയിക്കുന്നു. നാടാകെ പടർന്ന് ആകാശത്തോളമുയർന്ന മരം ഷോക്കേസിൽ വളർച്ച മുരടിച്ചിരിക്കുന്നതിന്റെ അദ്ഭുതം ബുദ്ധനിൽ ഉയരുന്നു. വെള്ളവും വെളിച്ചവും വേണ്ടാത്തതും ബോധോദയം വിലക്കിയിട്ടുള്ളതുമായ തന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് മരം സംഭാഷണം അവസാനിപ്പിക്കുന്നു. ബുദ്ധനും മരവും തമ്മിലുള്ള ഈ വിനിമയം പൂർണ്ണമല്ല. അത് കവിതയുടെ ഉള്ള് നിശ്ചയിക്കുന്ന കുഴമറിച്ചിലിന്റെ അവസ്ഥയാണത്. ആഖ്യാനസ്വഭാവമുള്ള കവിത എന്തുകൊണ്ടാണ് ഒരു കുഴമറിച്ചിലിന്റെ അവ്യക്തതയോടെ അവസാനിക്കുന്നത്?

സുരേഷിന്റെ ഈ സമാഹാരത്തിലെ കവിതകൾ ഏറെക്കുറേ വിധേയമായിരിക്കുന്ന അവസ്ഥയാണിത്. കവിതയായി തീരുന്നതിനു മുൻപ് സ്തംഭിച്ചു പിടയ്ക്കുന്ന ഒരവസ്ഥ ഇതിലെ പല കവിതകളിലെയും വാക്യഘടനകൾക്കുണ്ട്. ഓടയിൽ കിടക്കുന്ന ഉടഞ്ഞ ശരീരമുള്ള പ്രതിമയായ ബുദ്ധന് കുറച്ചു നേരത്തേങ്കിലും കിട്ടിയ മോക്ഷപ്രാപ്തിയാണ് ഷോക്കേസിലെ വാസം. അത് ധ്യാനപരതയുടെ സ്വസ്ഥതയല്ല അലച്ചിലിന്റെ അസ്വസ്ഥതയാണ് അധികം താമസിക്കാതെ വച്ചു നീട്ടുന്നത് എന്നു നാം കാണുന്നു. സങ്കല്പങ്ങളിൽ ചുരുങ്ങി വികൃതമായി പോയ ആൽമരങ്ങൾക്കിപ്പോൾ ബോധത്തെ ഉദിപ്പിക്കാനുള്ള ശക്തിപോര ; ഹിംസയ്ക്ക് കുടചൂടാനാണ് അവയ്ക്ക് യോഗം എന്നൊരു വിപരീതദർശനവും കവിതയ്ക്കകത്തുണ്ട്.

യഥാർത്ഥത്തിൽ ഷോക്കേസിലെ ബോൺസായിയും ഓടയിൽ നിന്നെത്തിയ ബുദ്ധനും  തമ്മിലുള്ള സംവാദം, കവിയും വായനക്കാരും തമ്മിലുള്ള ഭാവനാത്മകമായ വിനിമയമാണ്. പരിതഃസ്ഥിതികളോട് അത്രയൊന്നും രാജിയാവാൻ പറ്റാത്ത ഒരു സിനിക്ക് സുരേഷിൽ പ്രവർത്തിക്കുന്നുണ്ട്. തന്നെപ്പറ്റിയുള്ള ആത്മനിന്ദാപരമായ വിലയിരുത്തലും കവിതയിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ഉള്ള ഏതു വിനിമയവും എവിടെയും എത്തിക്കില്ലെന്ന അശുഭപ്രതീക്ഷയും അക്രമം നിറഞ്ഞ സാമൂഹികസ്ഥിതിയോടുള്ള മനോഭാവവും  ചേർന്നു രൂപം നൽകിയ ആശയതലമാണ് കവിതയിലെ ബുദ്ധനുള്ളത്.  ആ നിസ്സഹായത്വം അനുഭവങ്ങൾ മുറിവേൽപ്പിച്ച  സ്വാത്മ കാൽപ്പനികബിംബമാണ്. ബോൺസായി, വിശ്വാസം പൂർണ്ണമായി അർപ്പിക്കാൻ പറ്റാത്തതും പ്രതീക്ഷാരാഹിത്യത്തെ വ്യക്തമായി വിളമ്പരം ചെയ്യുന്നതുമായ വായനക്കാരുടെ പ്രതീകവും. ബോൺസായി ആൽമരമായും ബുദ്ധപ്രതിമയായും ചുരുക്കിയെടുത്ത മുദ്രാസ്വഭാവമുള്ള രണ്ട് ബിംബങ്ങളെ കാവൽ നിർത്തിയിരിക്കുന്ന ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിത എഴുത്തുകാരനും വായനക്കാരി/രനും തമ്മിലുള്ള ഭാവനാത്മക വിനിമയത്തെ സംബന്ധിച്ചുള്ള പതം പറച്ചിലാണ്.  പ്രമേയത്തിൽ എന്നപോലെ ആഖ്യാനത്തിലും കവിത അപൂർണ്ണമായിരിക്കുന്നതിനു കാരണമുണ്ട്. ഒരു കുഴമറിച്ചിലിന്റെ ആഖ്യാനരൂപത്തിന് അത്രയേ സാധ്യമാവുകയുള്ളൂ. നേരത്തേ പറഞ്ഞ രണ്ടു ബിംബങ്ങൾക്കു പുറമേ കവിതയെ കാവ്യാത്മകമാക്കി നിലനിർത്തുന്ന മറ്റൊരു ഘടകം,  വഴുക്കുന്ന പ്രതലത്തിൽ കാലുറയ്ക്കാതെയുള്ള ഈ അപൂർണ്ണതയാണ്. ലോകത്തെക്കുറിച്ച് തനിക്കുള്ള കടുത്ത അവിശ്വാസത്തെ  പിൻപറ്റിക്കൊണ്ട് തന്റേതായ തീർപ്പുകളൊന്നും എടുക്കുക സാധ്യമല്ലെന്ന നിസ്സഹായതമാത്രമാണിപ്പോൾ കൊടും യാഥാർത്ഥ്യം. മറിച്ചുള്ളതെല്ലാം വച്ചുകെട്ടലുകളാണെന്നാണ് കവിതയുടെ ഭാവം.. 


എഫ് ബി

No comments: