June 28, 2021

മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു..

 



1971 -ൽ കവിതയെന്ന ചിത്രത്തിൽ കവിതകൾ എഴുതിക്കൊണ്ടാണ് പൂവച്ചൽ ഖാദർ എന്ന കവി ഗാനരചയിതാവായി രംഗപ്രവേശം ചെയ്യുന്നത്. കാറ്റുവിതച്ചവൻ (1973) അദ്ദേഹത്തെ ഗാനരചയിതാവെന്ന നിലയിൽ സഹൃദയലോകത്തിനു പരിചിതനാക്കി. ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു, മണിമുകിൽ തേരിലിറങ്ങി, മരതകക്കിങ്ങിണി കാടുകൾ പുളകത്തിൻ മലരാട ചുറ്റിയൊരുങ്ങി,  പുഴയുടെ കല്യാണമായി”. കാവ്യഭംഗി തുളുമ്പുന്ന വരികളിൽ വിവാഹമേളത്തിനു വേണ്ടുന്ന ഹർഷാതിരേകമല്ല ഉള്ളത്, ഗൂഢമായ ആത്മാലാപനമാണ്.  പുറമേയ്ക്ക് തുളുമ്പാത്ത അടച്ചൊതുക്കം.  അത് പൂവച്ചൽ ഖാദർ എന്ന മനുഷ്യന്റെ വ്യക്തിത്വത്തിന്റെകൂടി ഭാഗമായിരുന്നു.


 

എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളുടെ തുടക്കത്തിലുമായി സമൂഹത്തെ ആവേശിച്ചിരുന്ന ഏകാന്തദുഃഖത്തിന്റെ  പാട്ടുകാരനായി പൂവച്ചൽ ഖാദർ അവരോധിക്കപ്പെടുകയായിരുന്നു എന്നു പറയാം. സമാന്തരസിനിമകളായി വന്ന പലതിലെയും നായകന്മാർ (നായികമാരും)  നിരാശ ജന്മവൈകല്യംപോലെ സിരകളിൽ ബാധിച്ചവരായിരുന്നു. പ്രണയം മാത്രമായിരുന്നില്ല അവരുടെ പ്രശ്നം, ഒരു പക്ഷേ തൊഴിലില്ലായ്മയ്ക്കൊപ്പം ആഗ്രഹംപോലെ ജീവിക്കാനുള്ള അവസരങ്ങൾ ഇല്ലാതെപോയതും കാരണമായിരുന്നിരിക്കാം. ആദർശാത്മകമായ ഭൂതകാലത്തിൽനിന്ന് വിടുതൽ നേടിയ സ്ത്രീപുരുഷബന്ധങ്ങൾ പുതിയ താവളങ്ങൾ തേടി തളർന്നതും സമൂഹത്തെ ആകെ ബാധിച്ച പ്രശ്നമായിരുന്നു. യേശുദാസിന്റെ ഉടമസ്ഥതയിലായിരുന്ന തരംഗിണിയുടെ ‘വിഷാദഗാനങ്ങൾ’ എന്ന പേരിൽ രണ്ട് ആൽബങ്ങൾ ഇറക്കിയിരുന്നു. അവയിൽ രണ്ടാം വാള്യത്തിലെ പാട്ടുകൾ എഴുതിയത്  പൂവച്ചൽ ഖാദറാണ്.

തകരയിലെ (1980) ‘മൗനമേ...നിറയും മൗനമേ...’ എന്ന ഗാനത്തിൽ പൂവച്ചൽ ഖാദർ ചേർത്തുവച്ചതും ഈ ഭാവത്തിന്റെ രമണീയതയാണ്. ‘കല്ലിനുപോലും ചിറകുകൾ നൽകി കടന്നുപോയ കന്നിവസന്തത്തെപ്പറ്റി അതിൽ പറയുന്ന പരാമർശത്തിൽ ഒറ്റയ്ക്കു നിന്നുപോകുന്ന ഒരു മനുഷ്യനുണ്ടല്ലോ.  നിരന്തരമായ സാക്ഷിത്വം ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തിന്റെ ആത്മരേഖയാണ്.  ‘മൗനമേ... എന്ന പല്ലവി ഉച്ചസ്ഥായിയിലായതിനെപ്പറ്റി ജി ദേവരാജൻ വിമർശനമുന്നയിച്ചിരുന്നു എന്നൊരു കഥയുണ്ട്. പാട്ടിന്റെ ഈണത്തിനെതിരെയായിരുന്നു വിമർശനമെങ്കിലും  ‘നിറയുകയും കവിയുകയും ചെയ്യുന്ന മൗനത്തെക്കുറിച്ച്’ പൂവച്ചൽ ഖാദർ എഴുതുന്നതിനും ചേരും ആ ആരോപണം. ശബ്ദായമാനമായ മൗനം എന്നുള്ളത് സാഹിത്യപരമായി നോക്കുംമ്പോൾ ഒരു കുറ്റമല്ല, വിശേഷണം മാത്രമാണ്. ‘കാറ്റിലും പൂവിലും വസന്തത്തിലുമെല്ലാം നിറമായി ഒഴുകുന്ന ദുഃഖത്തെ’ ആ വരികൾ അഭിസംബോധന ചെയ്യുന്നു. ചാമരത്തിലെ (1980) പ്രസിദ്ധമായ ഗാനം,   ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ എന്ന പാട്ടിലെ പ്രിയന്റെ കാലൊച്ചക്കുവേണ്ടി കാതോർത്തുള്ള ഇരിപ്പിലും  ഒരുതരം മൗനം ചിറകുവിരിക്കുന്നതു കാണാം. ചാമരത്തിലെതന്നെ മറ്റൊരു പാട്ടിൽ മൗനത്തെ അദ്ദേഹം നിർവചിക്കുന്നു: ‘മൗനങ്ങൾ ഹൃദയനിലതൻ ജ്വലനചലനം’ എന്ന്. നവംബറിന്റെ നഷ്ടത്തിലെ (1982) ‘ഏകാന്തതേ.. ’ എന്ന പാട്ടിനിടയ്ക്ക് ഇങ്ങനെ കാണാം : ‘വാക്കുകൾ തേടുന്ന മൗനം, സാന്ദ്രത കൂടുന്ന മൗനം....’

മൗനത്തിന്റെയും ദുഃഖത്തിന്റെയും തൊട്ടടുത്താണ് ദൈവികതയ്ക്കുള്ള ഇരിപ്പിടം. വിഷാദത്തിന്റെയും  നിശ്ശബ്ദതയുടെയും അടുത്ത ചങ്ങാതിയാണ് പ്രാർത്ഥനകൾ. ഖാദറിനെ പ്രശസ്തിയിലേക്കുയർത്തിയ കാറ്റു വിതച്ചവർ എന്ന സിനിമയിലാണ്, മേരി ഷൈല പാടിയ, ‘നീയെന്റെ പ്രാർത്ഥന കേട്ടു’ എന്ന പ്രസിദ്ധമായ ക്രിസ്ത്രീയ ഭക്തിഗാനവുമുള്ളത്.  തുറമുഖത്തിലെ (1979) ‘ശാന്തരാത്രി തിരുരാത്രി, പുൽക്കുടിലിൽ പൂത്തൊരു രാത്രി’ എന്ന ഗാനത്തിലെ ആത്മീയ വിശുദ്ധി പൂത്തുനിൽക്കുന്നത് ശാന്തരാത്രിയുടെ സ്വച്ഛതയിലാണ്. അതേ സിനിമയിൽ ഖാദർ,  ‘രാവിനിന്നൊരു പെണ്ണിന്റെ നാണം, തേൻ കടലില് ബൈത്തിന്റെ ഈണം’ എന്ന പ്രസിദ്ധമായ മാപ്പിളപ്പാട്ടും എഴുതിയിട്ടുണ്ട്. ഈ പാട്ടുകളെ ഒന്നിച്ച് പരിശോധിക്കുമ്പോൾ കേരളീയജീവിതത്തെ സമ്പന്നമാക്കിയ രണ്ട് സാംസ്കാരികവഴികൾ ഒരു സിനിമയിൽ ഒരു വ്യക്തിയിലൂടെ സമന്വയിക്കപ്പെടുന്നുവെന്നും പറയാം. പതിനാലാം രാവ് (1979) എന്ന സിനിമയിലും ഉണ്ട്, ഏറെ പ്രസിദ്ധമായ ഒരു അറബിമലയാളഗാനം. കെ രാഘവന്റെ സംഗീതസംവിധാനത്തിലുള്ള ‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുആ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ’ എന്ന ഗാനം ഈണത്തിൽ മാത്രമല്ല സാഹിത്യപരമായും മാപ്പിളപ്പാട്ടുശൈലിയെ പിന്തുടരുന്നു. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ഈറ്റപ്പുലിയിൽ (1983)  ഉമ്മറിന്റെ കഥാപാത്രം പാടുന്ന,  ‘പടച്ചോന്റെ സൃഷ്ടിയിൽ എല്ലാരുമൊന്നേ’ എന്ന ഗാനവും ഇസ്ലാമികമായ സമത്വവീക്ഷണകോടിയിൽനിന്നു പിറവികൊണ്ടതാണ്. ‘ശബരി ഗിരീശാ, ശ്രീമണികണ്ഠാ ശരണം താവക ശരണം, ഈശ്വരാ ജഗദീശ്വരാ ഈ വിളി കേൾക്കൂ സർവേശ്വരാ’ (ശ്രീ അയ്യപ്പനും വാവരും -1982) ചർന്ദ്രാർക്ക വർണ്ണേശ്വരി ദേവീ, ചന്ദ്രാംശു ബിംബാധരീ..’ (അമ്മേ നാരായണാ -1984) എന്നിവകൂടി അദ്ദേഹത്തിന്റെ മതേതര ആദ്ധ്യാത്മികസൗഹൃദഭാവനയുടെ കൂട്ടത്തിൽ ചേർത്തു വയ്ക്കേണ്ടവയായി ഉണ്ട്.  അറബിമലയാളം പാരമ്പര്യവഴിക്കു കൈവന്ന തമിഴ്ഭാഷാ സ്വാധീനം മലങ്കാറ്റിലെ (1980) ‘കുങ്കുമപ്പൊട്ട് പോടമ്മ, മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ’ എന്ന ആദിവാസിപ്പാട്ടിൽ പ്രകടമാണ്.

കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കായലും കയറും (1979) എന്ന ചലച്ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് പ്രണയകാല്പനികമായ ഭാവതരളതയെ അന്നത്തെ യൗവനങ്ങളിൽ പ്രതിഷ്ഠിച്ചത്. നിശ്ശബ്ദവും തീർത്തും സ്വകാര്യവുമായ ശാരീരികപ്രണയാകാംക്ഷകളാണ്, കെ വി മഹാദേവന്റെ സംഗീതസംവിധാനത്തിലുള്ള ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ, എന്ന് ചിറയിൻകീഴിലെ പെണ്ണിനോടുള്ള അപേക്ഷയിലും, ‘ശരറാന്തൽ തിരി താണു മുകിലിൻ കുടിയിൽ, മൂവന്തി പെണ്ണുറങ്ങാൻ കിടന്നു’ എന്ന പ്രകൃതി വർണ്ണനയിലും ഇതൾവിടർത്തുന്നത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘ഈ നീലിമതൻ ചാരുതയിൽ നീന്തിവരൂ..’ (ആ രാത്രി-1983) രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ, ‘ഋതുമതിയായ് തെളിവാനം..’ (മഴനിലാവ് -1983), ‘ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ..’ (തമ്മിൽതമ്മിൽ -1985) എന്നിവകളിലെത്തുമ്പോൾ പ്രണയഭാവം കുറച്ചുകൂടി പക്വമാകുന്നു. പ്രകൃതിയെ പശ്ചാത്തലമെന്ന നിലയ്ക്കല്ല, പരസ്പരം സംവദിക്കാനുള്ള സത്തയെന്ന നിലയിലാണ് ഖാദർ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള ഗാനങ്ങളധികവും സംബോധനകളിലോ ചോദ്യങ്ങളിലോ ആരംഭിക്കുന്നത് വെറുതെയല്ല. ‘സിന്ദൂരസന്ധ്യയ്ക്കു മൗനം, മന്ദാരക്കാടിനു മൗനം’ (ചൂള -1979), ‘പൂമാനമേ ഒരു രാഗമേഘം താ..’ (നിറക്കൂട്ട് -1985), അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ (ഒരു കുടക്കീഴിൽ-1985),   ‘മന്ദാരചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമതിയേ..’ (ദശരഥം -1989) തുടങ്ങിയവ നോക്കുക.

പിന്നെയും പൂക്കുന്ന കാട് (1981) എന്ന സിനിമയിൽ ശ്യാം സംഗീതം നൽകിയ ‘എന്താണു ചേട്ടാ നെഞ്ചിലൊരു നോട്ടം’ എന്ന് തെറ്റിച്ചു പാടിക്കൊണ്ടാണ് ജനം ഏറ്റെടുത്തത്. അതിന്റെ അർത്ഥം കൊണ്ടുവരുന്ന ഇക്കിളി അതിനെ പെട്ടെന്ന് ജനപ്രിയമാക്കി. എന്നാൽ ഖാദർ എഴുതിയത് ‘നെഞ്ചിളകും നോട്ടം’ എന്നാണ്. പി സുശീല പാടിയ പാട്ടിലും അങ്ങനെയാണ്. തെരുവുനൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെങ്കിലും ആ വരികളിൽ അശ്ലീലാർത്ഥത്തിൽ ഒന്നുമുണ്ടായിരുന്നില്ല.  അതുപോലെയാണ് ആട്ടക്കലാശത്തിലെ (1983) ‘നാണമാവുന്നോ മേനി നോവുന്നോ’ എന്ന പ്രണയഗാനവും. സമാഗമശൃംഗാരത്തിന്റെ അനുരണനങ്ങളെ പിടിച്ചുപറ്റാനുള്ള  ശ്രമമല്ലാതെ അവയിൽ ശ്ലീലമല്ലാത്ത കല്പനയോ പദപ്രയോഗമോ കണ്ടെടുക്കുക പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗാനങ്ങളെ ജനകീയമാക്കാൻ സാധാരണ കവികൾ പ്രയോഗിച്ചു പോരുന്ന രചനാതന്ത്രമായ ദ്വയാർത്ഥംപോലും പൂവച്ചൽ ഖാദറിന്റെ പാട്ടുകൾക്ക് അന്യമാണ്. എൺപതുകളിൽ ചലച്ചിത്രമേഖലയൊട്ടാകെ മൃദുലൈംഗികതയെ ആവേശത്തോടെ പുണർന്നപ്പോൾ അത്തരം ചിത്രങ്ങൾക്ക് കൂടുതലായി പാട്ടുകളെഴുതാൻ പൂവച്ചൽ ഖാദർക്ക് ചലച്ചിത്രമേഖലയിലെ സൗഹൃദങ്ങളുടെ ഭാഗമായി അവസരങ്ങളൊത്തുവന്നിരുന്നു. അഞ്ചരയ്ക്കുള്ള വണ്ടി, പ്രായപൂർത്തിയായവർക്കു മാത്രം,  മിസ് പമീല,  കാട്ടിലെ പെണ്ണ് തുടങ്ങി അനേകം ചിത്രങ്ങൾക്ക് ഖാദർ പാട്ടുകൾ രചിച്ചു. അത് ഒരർത്ഥത്തിൽ അനുഗ്രഹവും ശാപവുമായി മാറി. മുളയരി പോലെ പൊഴിഞ്ഞുകൊണ്ടിരുന്ന കലാമേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ഒരുപാടു ചിത്രങ്ങൾ അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ വന്നു. പക്ഷേ കവിയെന്ന നിലയിൽ സ്വന്തം ശേഷിയെ മുന്നോട്ടു കൊണ്ടുപോകാനും മുഖ്യധാരാ സിനിമകളിൽനിന്ന് മാറി നിൽക്കാനും ഒരു പരിധിവരെ കാരണമായത് ഫോർമുല ചിത്രങ്ങളാണ്.  പ്രത്യേകിച്ചു സാഹിത്യഭംഗിയോ ലീനമായ ധ്വനികളോ ആവശ്യമില്ലാത്ത, സംസാരഭാഷയുമായി  അടുത്തുനിൽക്കുന്ന ഗാനങ്ങളാണ് അവയ്ക്കു വേണ്ടിയിരുന്നത്. തിരിഞ്ഞു നോക്കിയാൽ വാമൊഴിയുമായി അടുത്തുനിൽക്കുന്ന ഗാനഭാഷ പൂവച്ചൽ ഖാദറിനു അപരിചിതമായിരുന്നില്ലെന്നു മനസിലാക്കാം. ‘സന്ദർഭത്തി’ലെ  (1984) ‘ഡോക്ടർ സാറേ എന്റെ ഡോക്ടർ സാറേ’, ‘പണ്ടൊരു കാട്ടിലൊരാൺ സിംഹം മദിച്ചു വാണിരുന്നു’ (സംഗീതം ജോൺസൺ) എന്നീ  ഗാനങ്ങൾ അവയുടെ പൂർവഗാമികളാണ്. കയത്തിലെ (1982) ‘കായൽക്കരയിൽ തനിച്ചു വന്നതു കാണാൻ നിന്നെ കാണാൻ’ എന്ന പാട്ടിൽ കാമുകനും കാമുകിയും തമ്മിലുള്ള സാധാരണ സംഭാഷണത്തിന്റെ ഘടനയിലുള്ളതാണ്. ഈ പ്രത്യേകതയാവാം കാവ്യഭംഗിയോ സാഹിത്യമേന്മയോ ആവശ്യമില്ലാത്ത പശ്ചാത്തല ഗാനങ്ങളുടെ ആവശ്യക്കാരെ അദ്ദേഹത്തിന്റെ അടുക്കലെത്തിച്ചത്.

70-കളുടെ തുടക്കംമുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകംവരെ പൂവച്ചൽഖാദർ സജീവമായിരുന്ന ചലച്ചിത്രഗാനമേഖല പരിശോധിക്കുന്ന വ്യക്തിയ്ക്കു് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പരിണാമചരിത്രം നമ്മുടെ ചലച്ചിത്രങ്ങളുടെ പ്രമേയപരമായ പരിണാമത്തിന്റെകൂടി ചരിത്രമാണെന്ന് തിരിച്ചറിയാൻ പറ്റും.  വിഷാദവും ഭക്തിയും പ്രണയവും ഉല്ലാസങ്ങളും ചേർന്ന ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളെ ഋജുവായും സരളമായും ഗാനരചനയിൽ ആവാഹിച്ചു, അദ്ദേഹം. ആദ്യചിത്രമായ കവിതയിലെ (1971) കവിതകളിലൊന്നിൽ ‘ജീവിതാർത്തിയുടെ ഭാവജ്വാലകളുമായി ഓടി മരുഭൂമിയിൽ തളർന്നു വീഴുന്ന മാനിന്റെ അടുത്തുവന്ന് ഗർജ്ജിക്കുന്ന നിമിഷാങ്കുരത്തെ’പ്പറ്റിയൊരു കല്പനയുണ്ട്. ജീവിതത്തിന്റെ തീവ്രവും അനിവാര്യവുമായ നിമിഷങ്ങളെ മാറിനിന്നു കാണുക എന്ന കാഴ്ചപ്പാട് അവിടെ നിന്ന് ആരംഭിക്കുന്നതാണ് എന്നർത്ഥം. അതിലും ‘കാറ്റു വിതച്ചവരിലു’മൊക്കെ കാണുന്ന സാഹിത്യഭംഗിയും ഭാവഭംഗിയുമുള്ള കല്പനകൾ പതുക്കെ അദ്ദേഹം കൈയൊഴിച്ചു.  ഒരുതരത്തിൽ നിറഞ്ഞു കവിയുന്ന മൗനത്തെ കാതോർത്തു എന്നും പറയാം. മാറി നിന്ന് നോക്കിക്കൊണ്ടിരിക്കുക എന്ന മട്ടിൽ, അത്രയ്ക്ക് നിശ്ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. പൊതുപരിപാടികളിൽ അധികം പങ്കെടുത്തിരുന്നില്ല. അവാർഡുകളുടെ വലിയ നിരയും ഇല്ല. 365 ചലച്ചിത്രങ്ങളിൽ പാട്ടുകളെഴുതി. ആൽബങ്ങൾക്കുവേണ്ടി എഴുതിയവയും കണക്കിലെടുത്താൽ  ആയിരത്തിൽ കവിയും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പട്ടിക. ഈ കണക്ക് പ്രസിദ്ധരായ മറ്റു പലരെയുംകാൾ കൂടുതലാണ്. കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ കവിതാ സമാഹാരങ്ങളും രചിച്ചിരുന്നു.

കലാകൗമുദി വാരാന്തം ജൂൺ 27, 2021


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഏകാന്തദുഃഖത്തിന്റെ പാട്ടുകാരനായ പൂവച്ചൽ ഖാദർ..