അടുത്തു വായിച്ച നോവലുകളിൽ മികച്ച ഒന്നാണ് ദേവദാസിന്റെ ‘ഏറ്’. അജയ് പി മങ്ങാട്ട് ദേവദാസിന്റെ എഴുത്തിന്റെ ജാഗ്രതയെപ്പറ്റി പറയുന്നുണ്ട്.. ശരിയാണ് ഒരു പാഴ് വാക്കില്ല.. ഒരു വികലപ്രയോഗം ഇല്ല. ആശക്കുഴപ്പം ഇല്ല. ഏറുകൊള്ളുന്ന ഒരു വീടിനും അതിനകത്തെ ശ്രീധരന്റെ ഓർമ്മകൾക്കും അനുഭവങ്ങൾക്കും ചുറ്റുമായി കഥയുടെ ചരടുകൾ പിരിയുകയും അഴിയുകയും ചെയ്യുന്നു; ചരിത്രം കഥാഘടനയിൽ ഇഴചേർന്ന് കിടക്കുന്നു. എല്ലാം അങ്ങേയറ്റം സ്വാഭാവികമായിതന്നെ. ശൈലിയായും ഐതിഹ്യമായും ചരിത്രമായും രാഷ്ട്രീയ - സാമൂഹിക അനുഭവങ്ങളായും ഏറുകളെപ്പറ്റിയുള്ള എണ്ണമറ്റ പരാമർശങ്ങൾ കല്ലുകടിയില്ലാതെ ആഖ്യാനത്തിൽ കടന്നുകൂടുന്നു.
കാലൻ ശ്രീധരനെപ്പോലെ പോലീസിൽനിന്ന് റിട്ടയറായശേഷം പൂർവകാല ഓർമ്മയുടെ കല്ലേറേറ്റ് കിടുങ്ങിക്കഴിയുന്ന കഥാപാത്രങ്ങൾ സമീപകാലത്ത് സോക്രട്ടീസ് വാലത്തിന്റെയും ഹരീഷിന്റെയും കഥകളിലൂടെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. മുൻപും രാഷ്ട്രീയകഥകളെഴുതിയവരുടെ ഭാവനയിൽ അപഹാസ്യരായ നിഴൽ രൂപങ്ങളായി അവരുണ്ടായിരുന്നു. ഭൂതകാലം സ്വയം അവരെ അവരുടെ ക്ഷീണകാലത്ത് വേട്ടയാടുമെന്നും അവരോട് പ്രതികാരം ചെയ്തുകൊള്ളുമെന്നും ഇരകളോട് താദാത്മ്യവും അനുഭാവവും ഉള്ളവർ കണ്ട ഭാവനാലോകമായിരുന്നു അത്. അധികാരം എന്നായാലും തുലയാനുള്ളതാണെന്ന പ്രത്യാശാഭരിതമായ കാൽപ്പനികസ്വപ്നം ഒരു തെറ്റല്ല. . ദേവദാസിൽ അത് കേവലമായ പ്രതികാരമാവുന്നില്ല. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്യുകയായിരുന്നു. അതിനു വ്യവസ്ഥയും തൊഴിൽ- ജീവിതസാഹചര്യങ്ങളുമായാണ് കെട്ടുപാട്. മറ്റൊരാളിന്റെ ചെരുപ്പിൽനിന്നുകൂടി നോക്കാനായുന്നതിനാൽ ദേവദാസിന്റെ ഏറ്, വായനക്കാരെ അദ്ഭുതകരമായ രീതിയിൽ എറിയുന്നവനിലേക്കും എറി കൊള്ളുന്നവനിലേയ്ക്കും ഒരേസമയം വിന്യസിച്ചുകൊണ്ട് ഒരു താദാത്മ്യം സൃഷ്ടിക്കപ്പെടുന്നു. ശ്രീധരന് എറിയുന്നവൻ ആരാണെന്നറിയാനുള്ള കൗതുകം നോവലിന്റെ അവസാനം നഷ്ടപ്പെടുന്നതു സ്വാഭാവികമാണ്. ഉത്കണ്ഠാഭരിതമായ അന്വേഷണം അവസാനം ബൂമാറാങ്ങുപോലെ നമ്മളിൽ തിരിച്ചെത്തുമെന്നറിയുന്ന നിമിഷം, പ്രതിയെ കണ്ടു പിടിക്കാനുള്ള കൗതുകം കെട്ടടങ്ങും.
പുറത്ത് മനസ്സിലാക്കുമ്പോലെയല്ല, ഏറ് ഒരർഥത്തിൽ അദൃശ്യമായ തടവറയെ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ചാത്തനേറായാലും സമരക്കാരുടെ ഏറായാലും ചില്ലു മേടയിൽ നിന്നുള്ള ഏറായാലും പുലപ്പേടിയിലെ ഏറായാലും, ഏറുകളുടെ പിന്നാമ്പുറ ലക്ഷ്യങ്ങളിൽ, ഇരയെ പുറത്തു ചാടിക്കുക എന്നതുപോലെ ഇരയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന താക്കീതും ഉണ്ടെന്നു കാണാം. കാലൻ ശ്രീധരന്റെ അനുഭവങ്ങളെ ശ്രദ്ധിച്ചാൽ അതിലെല്ലാം ഓരോ ബ്ലോക്കുകൾ വന്നുപെടുന്നുണ്ട്. വണ്ടിയിൽനിന്നു വീഴുന്നു. അമേരിക്കയിൽ പോകാൻ പറ്റുന്നില്ല.. വീട്ടിലെ ഓടു മാറ്റിയിടാൻ പറ്റുന്നില്ല.. എറിയുന്നവനെ കണ്ടുപിടിക്കാൻ പറ്റുന്നില്ല.... ഇതും അയാൾ അനുഭവിക്കുന്ന ഒരു തരം ഏറാണല്ലോ. നല്ലതല്ലാത്ത ശകുനങ്ങൾകൊണ്ട് അധിഭൗതികമായ ഏറുകൾ ഏറ്റു വാങ്ങിയിരുന്ന ഒരു വിശ്വാസിസമൂഹം ഇപ്പോഴും ഉണ്ട്. വിധിവിഹിതങ്ങളിലുള്ള കടുത്ത വിശ്വാസത്തെ അജ്ഞാതമായ കേന്ദ്രങ്ങളിൽനിന്നു പുറപ്പെട്ടു വരുന്ന ഏറുകളായി പരിഗണിക്കാമെങ്കിൽ അമ്പലത്തിന്റെയും വിഗ്രഹത്തിന്റെയും രാഷ്ട്രീയവിശ്വാസങ്ങളുടെയുമൊക്കെ പേരിലുള്ള കലഹങ്ങളെയും കുത്തിക്കഴപ്പുകളെയും അത്തരം ഏറുകളായി പരിഗണിക്കാവുന്നതാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് എന്ന നിലക്കുള്ള കേന്ദ്രീകരണം നഷ്ടപ്പെടുകയും ഏറുകളുടെ പ്രതിലോമകരമായ കലുഷത ജനാധിപത്യപരമായി സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയെ നോവൽ അഭിമുഖീകരിക്കുന്നുണ്ട് അവസാനം. മനുഷ്യരാശിയുടെ പിന്നോട്ടു നടപ്പിനെപ്പറ്റിയുള്ള ദുരന്തദർശനത്തിൽ കിടത്തിയാണ് നോവലിസ്റ്റ് കാലൻ ശ്രീധരനെ സ്വസ്ഥമായി ഉറക്കുന്നത്. ചങ്ങമ്പുഴ പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നാണ് ഉറങ്ങിയതെന്ന് വിരുദ്ധോക്തിയായി ഓർത്തു നോക്കാവുന്നതാണ്.
ഫ്രോയിഡിന്റെ ഒരു വാക്യമാണ് ഏറിന്റെ ആമുഖമായി ദേവദാസ് നൽകുന്നത്. കല്ലേറിനു പകരം അപവാദവുമായി പുറത്തിറങ്ങിയ ആ ആദ്യ മനുഷ്യനാണ് നാഗരികതയുടെ സ്ഥാപകൻ എന്ന വാക്യം ഏറിന്റെ പരിണാമ ചരിത്രത്തെ ഏറെന്ന നോവൽ തിരിച്ചിട്ട സാംസ്കാരിക രേഖയാക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ചില വെളിപാടുകൾ പങ്കുവയ്ക്കുന്നുണ്ട്. കെ ദാമോദരൻ, മനുഷ്യൻ എന്ന പുസ്തകത്തിൽ മനുഷ്യചരിത്രത്തെ ലൂയി എച്ച് മോർഗനെ ഉദ്ധരിച്ചുകൊണ്ട് സാവേജറി, ബാർബേറിസം, സിവിലൈസേഷൻ എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. ഉത്പാദനശക്തിയെ അടിസ്ഥാനമാക്കിയാണ് തരം തിരിവ്. കല്ല് ആയുധമായിരുന്നത് കാടന്മാരുടെ കാലത്താണ്.. നാഗരികതയ്ക്കകത്തും മനുഷ്യർ സൂക്ഷിക്കുന്ന സാവേജറിയിലേക്ക് നോക്കാനുള്ള പഴുതൊരുക്കുകയാണ് നോവൽ ചെയ്യുന്നത്. അത് ഒരാളിന്റെ ഉള്ളിൽ മാത്രം കുടിയിരിക്കുകയും ഏറേറ്റ് പുറത്തു വരികയും ചെയ്യുന്ന ഒന്നല്ല. നോവലിന്റെ അവസാനമുള്ള കൂട്ടക്കല്ലേറിലും അതു നടക്കുന്ന അന്ന് ചെളിയും കറയുംപറ്റിയ യൂണിഫോമിൽ ഏറില്ലാതെ കാലൻ ശ്രീധരന് അല്ലല്ലില്ലാതെ ഉറങ്ങാൻ കഴിയുന്നതിലും മനസ്സിനു പുറത്തേക്ക് ഒഴുകി മൂർത്തരൂപം പ്രാപിക്കുന്ന പ്രാകൃത വാസനകളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള നോട്ടപ്പാടുണ്ട്. അപ്പു നിരീക്ഷണ ക്യാമറയിൽ നിന്ന് എറിയുന്നവന്റെ രൂപം എടുത്തതായി അറിയിച്ചിട്ടും ശ്രീധരന് അതറിയാനുള്ള കൗതുകം നഷ്ടപ്പെടുന്നതായി അറിയിക്കുന്ന സൂചനയിൽ ഈ രണ്ടു വസ്തുതകളും ഉണ്ട്. 1. ഏറിന്റെ കർതൃത്വം ചരിത്രപരമായും രാഷ്ട്രീയമായും ഏതെങ്കിലും ഒരു വ്യക്തിയിൽ തറഞ്ഞു കിടക്കുന്നതല്ല. 2. പരിഷ്കാരത്തിന്റെ പുറം പകിട്ടുകൾക്കുള്ളിൽ ഭാവമാറ്റം കൂടാതെ സൂക്ഷിക്കുന്ന കിരാതമായ ആദിമത്വം രൂക്ഷമായ ഒരു യാഥാർഥ്യമായി നമുക്കു ചുറ്റും കുടിയിരിക്കുന്ന വാസ്തവമാണ്. ഏതു വാസ്തവപ്രസ്താവനയും - സിസി ടി വി ഫുട്ടേജും - ഭാഗികയാഥാർഥ്യമേ ആകൂ എന്നതാണ് ആത്യന്തികമായ ദുഃസ്വപ്നം. നോവലിൽ ഏകപക്ഷീയമായ ദിശാബോധത്തോടെയുള്ള ക്രിയയാവുന്നില്ല ഏറ്. നോവലിനെ പ്രബോധനസ്വഭാവമുള്ള വാങ്മയമാകുന്നതിൽ നിന്ന് രക്ഷിക്കുന്നത് ഈ നോട്ടപ്പാടാകുന്നു. മാനസികമോ ഭൗതികമോ ആയ സുഗമമായ ഒരു യാത്രയെ തടഞ്ഞുകൊണ്ടും നടുക്കിക്കൊണ്ടും ഒരേറ് നമുക്കു പുറത്ത് എപ്പോഴും പാത്തിരിക്കുന്നുണ്ട് എന്ന ഒരു മുന്നറിപ്പായിട്ടാണ് നോവൽ നിൽക്കുന്നത്. സ്വസ്ഥമായി കിടന്നുറങ്ങുന്നതിനും (ഉദാസീനത) പുറത്തിറങ്ങുന്നതിനും (സക്രിയത) ഇടയിലെവിടെയോ കൊള്ളിക്കാനുള്ള ഒരേറായി അത് വായനയിൽ (വായനയ്ക്കു ശേഷവും) തലയ്ക്കു ചുറ്റുമായി മൂളിപ്പറക്കുന്നതി നു കാരണം മറ്റൊന്നല്ല.
http://themaarga.com/
No comments:
Post a Comment