February 2, 2021

റഫീക് അഹമ്മദിന്റെ ‘പിയേത്ത’

 



കിംകിഡുക്ക് അഭിനയിക്കുകകൂടി ചെയ്ത മൂന്നാമത്തെ സിനിമയാണ് ആമേൻ (2011). നായികയുടെ യൂറോപ്പിലേക്കുള്ള ദുരൂഹമായ യാത്രയും അവളെ ഉടനീളം പിന്തുടരുന്ന മുഖം മൂടി ധരിച്ച ഒരുവനുംമാത്രം കഥാപാത്രങ്ങളായ ആമേൻ സിനിമാസംവിധായകനാവുന്നതിനു മുൻപ്   പല ജോലികൾ ചെയ്യുന്നതിനിടയിൽ കുറച്ചു കാലം കഴിച്ചുകൂടിയ മതപ്രഭാഷകന്റെ (പ്രീച്ചെർ) സ്വാധീനം വ്യക്തമാക്കുന്ന സിനിമയാണ്. അതിൽ നായിക അന്വേഷിച്ചു നടക്കുന്ന ബ്യൂങ് സൂവിനെ മുഖം മൂടിവച്ചു നടക്കുന്നവനിൽ കണ്ടെത്തുകയാണ് ചെയ്യുന്നത്.  അയാളുടെ മുഖം ഒരിടത്തും വ്യക്തമാക്കാതിരിക്കുന്നതുകൊണ്ട് നായികയ്ക്കും അവളുടെ അലച്ചിലിനും പ്രത്യേകിച്ചൊരു പ്രാധാന്യം ലഭിക്കുന്നു.  അവിടെ അവളന്വേഷിക്കുന്ന ഇണയുടെ പ്രസക്തിയല്ല,  മനുഷ്യൻ പാപിയായ മനുഷ്യന്റെ മോചനം ഏതു വഴിക്കാണെന്ന ആലോചനയ്ക്കാണ് ചലച്ചിത്രം ഒരു തുറസ്സൊരുക്കുന്നത്. ബലമായി നിർബന്ധിക്കപ്പെട്ടവനെപ്പോലെ  മനുഷ്യൻ ചെയ്തുകൂട്ടുന്ന പാപങ്ങൾക്ക് പരിഹാരം പ്രകൃതിയിലിലാണെന്ന സന്ദേശം കിം കി ഡുക്ക്  സ്പ്രിങ് സമ്മർ, ഫാൾ..., എന്ന സിനിമയിലും ആരിരംഗ് എന്ന ആത്മകഥാപരമായ   ഡോക്യുമെന്ററിയിലും സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ആരിരംഗിന്റെ അതേ വർഷം തന്നെയാണ് ആമേനും പുറത്തിറങ്ങുന്നത്. ഇതിൽ പാപിയുടെ മോചനം സ്ത്രീയിലാണെന്ന ആശയത്തെ കിം കൊണ്ടുവന്നു. ഹിംസയുടെ ഉദ്ഗാതാവെന്നും സ്ത്രീവിരുദ്ധനെന്നും വിമർശിക്കപ്പെട്ട ഒരു സംവിധായകൻ ‘ആമേനി’ൽ പുതിയ ഒരാളായി തീരുന്നു. കഥാപാത്രത്തിനൊപ്പം കർത്താവും വിമോചിതനാവുന്ന അവസ്ഥ.  പാപമോചനത്തിൽ ഒരു സ്ത്രീയിൽ മുഗ്ദനായാൽ മതി എന്ന ചിന്ത അതിനകത്തുണ്ട്.

റഫീക് അഹമ്മദിന്റെ ‘പിയേത്ത’ എന്ന കഥ വായിച്ചപ്പോൾ (98:40) കിം കി ഡുക്കിന്റെ സിനിമകളിലെ അസാധാരണമായ ബന്ധസങ്കീർണ്ണതകളെപ്പറ്റി പ്രത്യേകിച്ചും ആമേൻ എന്ന സിനിമയെപ്പറ്റി ഓർത്തുപോയി.  കവിയായ റഫീക്കിന്റെ ഗദ്യമെഴുത്ത്  പ്രത്യേകമാണ്. അഴുക്കില്ലം എന്ന നോവലിൽ കണ്ട ഗദ്യഭാഷയുടെ അനായാസമായ ഒഴുക്ക് പിയേത്തയിലും കാണാം. റോസയ്ക്ക് ജോണിയോടുള്ള നിരുപാധികമായ സ്നേഹമാണ് കഥയുടെ കാതൽ. പക്ഷേ ആ ബന്ധം അത്ര ഋജുവല്ല. സാമ്പ്രദായികമായ അർത്ഥത്തിൽ കാൽപ്പനികവുമല്ല. അവൾക്ക് കിമ്മിന്റെ നായികയെപ്പോലെ അധികം യാത്രയില്ല. വിവാഹം കഴിഞ്ഞ് ഔസേപ്പിന്റെ വീട്ടിലേക്കും അമ്മായിത്തള്ളയെ സഹിക്കാൻ കഴിയാതെ തിരിച്ച് സ്വന്തം വീട്ടിലേക്കും മാത്രമാണ് അവിടെ സഞ്ചാരം. കഥയിലുടനീളം അവളുടെ മാനസികമായ ഒരു യാത്ര ഉണ്ടുതാനും. കടലാവണക്കിന്റെ ഇടയിലേക്ക് വലിച്ചുകൊണ്ടുപോയി ബന്ധപ്പെട്ട ജോണിയുടെ ലൈംഗിക വസ്തുമാത്രമാണവൾ. അവൾക്ക് അയാൾ കാമുകനും മകനുമാണ്. 

 മ്മ് ഒരാളിനെ സ്നേഗിച്ചാല് അയാള് മ്മക്ക് ആരാ? പിന്നെ അയാള്മ്മടെ മോനാ. എന്ന് അവൾ അന്നംചേടത്തിയെ കഥയിൽ ഒരിടത്ത് പഠിപ്പിക്കുന്നുണ്ട്. ഈ സങ്കല്പത്തിനു കഥയിൽ വരുന്ന പ്രാധാന്യം വ്യക്തമാണ്.  പിയേത്ത എന്ന ശീർഷകത്തെ സാധുവാക്കുന്നതും ഈ വിശദീകരണമാണ്.  കിം കി ഡുക്കിന്റെ ‘സമരിറ്റൻ ഗേൾ’ എന്ന ചലച്ചിത്രത്തിൽ (2004) ഇതുപോലൊരു സന്ദർഭം കാണാം.  പ്രാചീന ഭാരതത്തിൽ വസുമിത്രയെന്ന വാരാംഗനയോടൊപ്പം രതി പങ്കിട്ടവരെല്ലാം  ഒന്നൊഴിയാതെ ബുദ്ധഭിക്ഷുക്കളായി മാറിയ ഒരു കഥ  അതിലെ ജേ യുങ്ങ് കൂട്ടുകാരിയോട് പറയുന്നുണ്ട്. വസുമിത്ര കിടക്കയിൽ പുരുഷന്മാരെ കുഞ്ഞുങ്ങളാക്കുന്നതുകൊണ്ടണത്രേ. കിം പുരുഷന്മാരുടെ മോചനത്തെക്കുറിച്ചാണ് അന്വേഷിച്ചത്. ക്രൈസ്തവബോധ്യങ്ങളോ ബുദ്ധമത തത്ത്വങ്ങളോ അല്ല, കരിയും പുകയും വിയർപ്പും പിടിച്ച ജീവിതം എന്ന ബോധഗയയാണ് റോസയെ പിയേത്തയാക്കുന്നത്. റഫീക്കിന്റെ പിയേത്ത സ്ത്രീയുടെ പീഡാനുഭവത്തെയും സഹനത്തെയും സ്നേഹത്തെയും മോചനമില്ലാത്ത വിഷമവൃത്തമായി അവതരിപ്പിച്ചു. ഒരർത്ഥത്തിൽ അതുതന്നെ ഭൂമിയിലെ ദൈവികത.

മറ്റു കഥാപാത്രങ്ങളുടെ (ജോണി, ഔസേപ്പ്, അമ്മായി,  അന്നംചേടത്തി...) സൂക്ഷ്മമായ ഭാവങ്ങളിൽ കഥാകൃത്ത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും പിയേത്ത, റോസയുടെ മാത്രമായ കഥയായിതീരുന്നത് അവളുടെ സ്വഭാവചിത്രീകരണത്തിൽ അവലംബിച്ച ഈ വർത്തുളമായ മാനം കൊണ്ടാണ്. പ്രണയംകൊണ്ടുള്ള വിപ്ലവമല്ലാതെ വേറെ ലിംഗപരമോ പ്രത്യയശാസ്ത്രപരമോ ആയ വലിയ എടുത്തുച്ചാട്ടങ്ങളൊന്നും പ്രമേയത്തിലില്ല. അനുഭവത്തെ സാധാരണത്വങ്ങളിൽനിന്ന് മോചിപ്പിച്ച് അഗാധമോ തീവ്രമോ ആക്കുക എന്ന വേവലാതി മാത്രമേ കഥയിലുള്ളൂ. വികാരങ്ങളുടെ പരലുവത്കരണം (ക്രിസ്റ്റലൈസേഷൻ) എന്നു പറയുന്ന സംഗതിതന്നെ. ഒരുപക്ഷേ പിയേത്തയെ ഭരിക്കുന്നത് കവിതയുടെ സംസ്കാരം ആയതുകൊണ്ടാവും, രാഗം നിറംകെട്ടനിലയിൽ മാംസനിബദ്ധമാവുമ്പോഴും പ്രണയത്തിന്റെ സ്ഥിരതയ്ക്കു കോട്ടമൊന്നും ഇല്ലാതെ സ്ത്രീയിൽ ഇരിക്കുന്നു എന്നതാണിവിടെ റഫീക് തിരിച്ചിടുന്ന പാഠം.

കിമിന്റെ സിനിമയിലും ആശയങ്ങളേക്കാൾ വികാരങ്ങളുടെ ഘനീഭാവവുമാണല്ലോ നാം കാണുന്നത്.  ആമേനിലെപോലെ അജ്ഞാതന്റെ ഗർഭത്തെ പിയേത്തയിലെ റോസയും ചുമക്കുന്നുണ്ട്.  കാഴ്ചകളെ പിന്നിലുപേക്ഷിക്കുന്ന തഥാഗതനെപ്പോലെ അതിനൊന്നും കഥയിലും പ്രാധാന്യമില്ല. എന്നാൽ ആ അവിഹിതത്വം ആമേൻ എന്നും പിയേത്തയെന്നുമുള്ള പേരുകളുടെതന്നെ പ്രസക്തിയെ മറ്റൊരുതരത്തിൽ  ക്രൈസ്തവബോധ്യങ്ങളുമായി സമരസപ്പെടുത്തുന്നു. ‘ആമേന്റെ’ തൊട്ടടുത്ത വർഷ മകനെ അന്വേഷിച്ചുവരുന്ന അമ്മയുടെ കഥ ‘പിയേത്ത’ (2012) എന്ന പേരിൽ കിംകിഡുക് ചലച്ചിത്രമാക്കിയിരുന്നു. സിനിമയുടെ ഒടുവിൽ ബോധ്യമാവുന്നതുപോലെ അവർ കാങ് ദോയെന്ന ക്രൂരനായ മനുഷ്യന്റെ അമ്മയുമായിരുന്നില്ല. ജീവിതത്തോടും പെണ്ണിനോടും ഒരുപോലെ നിസ്സംഗനും നിർവികാരനുമായിരുന്ന ജോണിയെ മരണത്തിലും  കെട്ടിപ്പിടിച്ചിരിക്കുന്ന റോസ, മറക്കാനാവാത്ത ഒരു കഥാപാത്രമായി മാറുന്നു.

No comments: