April 25, 2020

ഇണകളുടെ തരവും വർഗവും


‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’യിലെ ആദ്യ അദ്ധ്യായത്തിൽ ആറുതരമായി ആണുങ്ങളെ വിഭജിക്കുന്നുണ്ട്. ഈ വിഭജനമനുസരിച്ചാണ് നോവലിലെ ആൺകഥാപാത്രങ്ങളുടെ വർഗീകരണം എന്ന്  റഫീക് ഒരു നിരീക്ഷണവും നടത്തിയിട്ടുണ്ട്.  ഇതേപോലെ ആറു യാത്രകളാണ് സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിലെ ഇതിവൃത്തഘടനയെ സാന്ദ്രമാക്കുന്നതെന്ന് മധുപാലിന്റെ ഒരു നിരീക്ഷണമുണ്ട്.

സ്ത്രീപുരുഷവർഗങ്ങളെ ജീവശാസ്ത്രപരമായി (ലൈംഗികാവയവങ്ങളുടെ തരം , രതിക്രിയയിലെ പ്രകടനം എന്നിവ കണക്കാക്കി) കാമശാസ്ത്രത്തിൽ വർഗീകരിക്കുന്നതുപോലെ ഇവിടെ സാമൂഹികമായ തരംതിരിവാണ്.  അക്കൂട്ടത്തിലെ ഏറ്റവും അഭിലഷണീയനായ പുരുഷന്റെ സ്വഭാവം ‘കാര്യങ്ങൾ മനസിലാവുകയും അറിയാത്ത കാര്യങ്ങൾ പ്രസ്താവിക്കാൻ നടക്കാതിരിക്കുകയും ചിരിക്കാനറിയുകയും സ്ത്രീകളെ മാനിക്കാനറിയുകയും ചെയ്യുന്നവരാണ്. (ഈ ആറിലൊതുങ്ങുമോ ബഹുതലസ്പർശികളായ ആണുങ്ങൾ എന്നതൊക്കെ ഗാഢമായ മറ്റൊരു വിഷയമാണ്, ഒരാൾക്ക് അങ്ങനെ ഒതുക്കാൻ കഴിയുന്നു എന്നുള്ളിടത്താണ് ഈ പോസ്റ്റിന്റെ കാതൽ ഇരിക്കുന്നത്)  ആ തരക്കാരുടെ വളരെ പ്രധാനപ്പെട്ട ഗുണം, (സ്ത്രീകളുടെ) വിഷമം കാണുമ്പോൾ മിണ്ടാതെ അടുത്തു വന്നിരിക്കും എന്നതാണ്. - ഇവരെ ഒഴിച്ച് ബാക്കി അഞ്ചു ഗണങ്ങളെയും പരിഗണനയ്ക്കെടുക്കേണ്ടതുണ്ടോ എന്ന സംശയം നോവൽ ബലമായി ഉന്നയിക്കുന്നുണ്ട്. അവസാനത്തെ അദ്ധ്യായത്തിൽ (82) പിറന്നു വീണ (പെൺ) കുഞ്ഞ് അതിന്റെ അമ്മയുമായി നടത്തുന്ന ഭാവനാത്മകമായ ആശയവിനിമയത്തിൽ  ‘ഉച്ചയ്ക്കിത്തിരി മീൻ മണവും രാത്രിയിലിത്തിരി ആൺമണവും  കിട്ടുന്ന നാടുതന്നെയല്ലേയിതെന്ന്  ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ ഞാനീ കളിക്കില്ലെന്നാണ് അതു പറയുന്നത്. അതുണ്ടെന്ന ഉറപ്പ് നോവലിന്റെ ആശയപ്രപഞ്ചത്തിൽ എവിടെയൊക്കെയോ ഉണ്ട്. അതുകൊണ്ട് അത് ശുഭപര്യവസായിയാണ്.  ദാക്ഷായണിവന്ന് ഈറ്റുമുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുന്നുണ്ട്.

പിറന്നു വീണ കുഞ്ഞ് നടത്തുന്ന ആശയവിനിമയത്തിൽ ആണ്മണം കടന്നുവന്നത് അതിവാസ്തവികതയാണല്ലോ. ‘കതയിലെ’ പ്രപഞ്ചത്തിലാകെ ഇത്തരമൊരു പ്രശ്നം കിടക്കുന്നുണ്ട്. പട്ടികൾ വളരെ കാര്യമായി തത്ത്വവിചാരം നടത്തുന്നു. കിണറും അതിലെ വെള്ളവുമൊക്കെ ചിന്തിക്കുന്നു. വീട് മുറിഓടുകൊണ്ട് മനുഷ്യന്റെ തലയ്ക്കെറിയുന്നു. വെള്ളത്തിൽ വീണ പൂവ് എങ്ങോട്ടു പോകണം എന്നറിയാതെ കുഴങ്ങി നിന്നിട്ട് തീരുമാനമെടുക്കുന്നു. ആലയിലെ പശുക്കൾ കൂടിയാലോചനകൾ നടത്തുന്നു... രചനയുടെ ആശയപ്രപഞ്ചത്തിനകത്ത് സകലജീവജാലങ്ങളെയും പ്രത്യേക താത്പര്യത്തോടെ പരിഗണിക്കുന്നതിൽനിന്ന് വ്യത്യസ്തമാണ്,  ചേതനാചേതനങ്ങൾക്ക് മുഴുവൻ ബോധം നൽകി സ്വന്തം കർമ്മങ്ങൾക്ക് അടിക്കുറിപ്പ് നൽകാൻ പ്രാപ്തമാക്കുന്ന പ്രക്രിയ. മുകുന്ദനിലും സാറാജോസഫിലും വിജയനിലും മറ്റും അത്ര പ്രകടമല്ലാതെ - സാന്ദർഭിക വർണ്ണനയായും ആഖ്യാനതന്ത്രമായും നിലനിന്ന സംഗതി ‘കതയിൽ’ നിർണ്ണായകമായ അവസ്ഥയിലാണ്. എന്നു വച്ചാൽ ‘കത’യിൽ ആകെ ഒരേയൊരു ബോധകേന്ദ്രമാണുള്ളതെന്നർത്ഥം. അതിൽനിന്ന് പ്രസരിക്കുന്ന ഊർജ്ജത്തിന്റെ പ്രകാരഭേദങ്ങളാണ് സചേതന-അചേതനാ വസ്തുപാത്രങ്ങളായി നമ്മൾ ഉൾക്കൊള്ളുന്നത്. അത് പൂർണ്ണമായും കത്തിപ്പിടിക്കുന്ന രീതിയിൽ സ്ത്രൈണമാണ്.  അതുകൊണ്ടാണ് ജഢത്വം എന്ന അവസ്ഥവിട്ട്, വിമോചനാനുഭവം എന്ന നിലയ്ക്ക് അചേതനങ്ങളായ എല്ലാം ‘സക്രിയ’മാകുന്നത്. മാനുഷികമായി വേറിട്ടതല്ലെന്ന നിലയിൽ വീടിനെയും കിണറിനെയും കന്നാലികളെയും പാമ്പിനെയും പൂവിനെയും ഭൂമിയെയും നോക്കിക്കാണാൻ പറ്റുന്നത്. കൂലോത്തമ്മയും ചോന്നമ്മയുംപോലുള്ള അലൗകികങ്ങൾ പുറത്തിറങ്ങി ഉളുപ്പില്ലാതെ നടക്കുന്നത്. അതിനെല്ലാം അപ്പുറത്ത് വർഗപരമായി അപ്പുറത്തുള്ള ആണിനെ നോക്കി വർഗീകരിക്കാൻ പറ്റുന്നത്.

തെക്ക്- വടക്ക് എന്ന ഭൂവിഭാഗത്തിൽ വടക്ക്, ആണ് - പെണ്ണ് പെണ്ണെന്ന വർഗഭേദത്തിൽ പെണ്ണ് എന്നിവകളോട് ചേർന്നാണ് നേരത്തേ പറഞ്ഞ നോവലിനുള്ളിലെ  ‘ബോധകേന്ദ്രം’ നിലനിൽക്കുന്നത്. മികച്ച വാങ്മയങ്ങളുടെ പാരമ്പര്യസ്വഭാവമായ ‘നിർമ്മമത്വം’ അങ്ങനെ പ്രശ്നമാക്കി വച്ചിരിക്കുകയാണ് ‘കത’.  ഈ പക്ഷപാതം എഴുത്തിലൂടെയുള്ള അധികാരപ്രയോഗമാണ്. അതിന്റെ ഭാഗമായിട്ടാണ് ആഖ്യാനത്തിൽ (വീക്ഷണപരമായ) സ്ത്രൈണമായ വഴക്കം സൂക്ഷിക്കുകയും ഭാഷാപരമായി തുറന്നു പറച്ചിലുകളുടെയും തെറികളുടെയും ക്രിക്കറ്റു തുടങ്ങിയ കളികളുടെയും അക്കാദമിക വ്യവഹാരങ്ങളുടെയും പദകോശങ്ങളും ആശയാവലികളും ഉപയോഗിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് കൈവരുന്ന ആധികാരികതയാണ് പ്രധാനം.  ഈ ആധികാരികതയുടെ സാധ്യത ഉപയോഗിച്ചാണ്  നോവൽ  വില്പനയിൽ മാന്ത്രികത സൃഷ്ടിച്ചത്. തുടക്കത്തിൽ മറ്റു പലരെയുംപോലെ സ്ത്രീയെഴുതുന്ന അശ്ലീലത്തിനു കിട്ടുന്ന അംഗീകാരമാണോയിതെന്ന് സംശയിച്ചിരുന്നു. പക്ഷേ അശ്ലീലമോ രതിവർണ്ണനയോ ഇക്കിളിപ്പെടുത്തുന്ന നിലയിൽ ‘കത’യിൽ ഇല്ല. മറിച്ച് സ്ത്രീലോകത്തിന്റെ സ്വകാര്യമായ വിനിമയങ്ങളുടെ തുറവി മാത്രമേയുള്ളൂ. എന്നും ആണിൽനിന്ന് പച്ചതെറി കേൾക്കുന്ന സ്ത്രീ, എന്നെ മൈരേയെന്നും പൂറിയെന്നും വിളിച്ചു എന്ന് ഏറ്റുപറയുന്നതിലും അവളെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നതിന്റെ മറുപുറംപോലെ  നിന്റെ പണിക്കാ ഞാൻ കാശുതരേണ്ടത് എന്ന് സ്വയം ചോദിക്കുംപോലെയൊരു അമർഷം മാത്രമേ  അതിനകത്തുള്ളൂ. അത് ആണിനെ ഇക്കിളിപ്പെടുത്തുന്നത് ഞാനതിനകത്ത് വരുന്നതല്ലല്ലോ എന്ന ആഗ്രഹ ചിന്തകൊണ്ടു മാത്രമാകും. അത് വേറൊരു ചർച്ചാമണ്ഡലമാണ്. 

ഇതെന്തായാലും ഒരു കന്നിപ്രസവമല്ല. ചില വാക്യങ്ങൾ അസാധാരണമാവിധം ത്രസിക്കുന്നവയുമാണ്. എന്നുവച്ചാൽ വർണ്ണനാപ്രധാനമായി പുറപ്പെട്ടുവന്നവയല്ലെന്നർത്ഥം. ഇണയെയെപ്പറ്റിയുള്ള ഗാഢമായ വിചാരങ്ങൾ രൂപപ്പെടുത്തിയതാണ് നോവലിന്റെ അസ്ഥികൂടവും പേശീഞരമ്പുകളും. അതുകൊണ്ട് അതു ചെന്നു തൊടുന്നത് മനുഷ്യൻ കൂട്ടമായി ജീവിക്കാൻ ആരംഭിച്ച ഒരു ബിന്ദുവിലാണ്. എങ്ങനെയുള്ള ആളാണ് ഇണയായി വരേണ്ടത് എന്നതിനെ ചൊല്ലി ഒരു സ്ത്രീയും സ്ത്രീയും കൂടി ആരംഭിക്കുന്ന  അതിസാധാരണമായ ചർച്ചയിൽ തുടങ്ങി, ഒരു പ്രസവത്തിൽ ജനിച്ച കുട്ടിയുമായി അമ്മ നടത്തുന്ന സംഭാഷണത്തിൽ അവസാനിക്കുന്ന നോവൽ കൃത്യമായ ഘടനയോടെ നിർമ്മിക്കപ്പെട്ടതാണ്. ആദ്യംതന്നെ കഥ പറഞ്ഞു വയ്ക്കുകയും പിന്നെ അതു വിശദീകരിക്കുകയും ചെയ്യുക ( മഹാഭാരതം, കുഞ്ഞു കാര്യങ്ങളുടെ തമ്പുരാൻ)  എന്ന രീതിയെ ഇണകളായി വരുന്ന പുരുവന്മാരെ നിർവചിച്ചുകൊണ്ട് തുടങ്ങുകയെന്ന പതിവാണ് കത തുടങ്ങി വയ്ക്കുന്നത്. സാധ്യതകൾ അനേകമുള്ള തുടക്കമാണത്. ആഖ്യാതാവിന്റെ പരിചയക്കാരായ ആണുങ്ങളുടെ വർഗീകരണത്തിൽ അവസാനത്തെ ഐറ്റം, പെണ്ണുങ്ങളെ മാനിക്കുന്ന, വിഷമം വരുമ്പോൾ അടുത്തിരിക്കുന്ന വിഭാഗത്തെപ്പറ്റി കല്യാണി കൊടുക്കുന്ന കമന്റ് ആലോചനാമൃതമാണ്. “അതിലൊന്നിനെ അടുത്ത ജന്മത്തിലെങ്കിലും എനിക്കു കിട്ടിയാൽ, പണിയും അറിയില്ല പണിക്കോലുമില്ലെങ്കിലും  ഞാൻ സഹിക്കും” എന്നാണ്. വെറുതെയാണ്. ആണെന്ന വർഗശത്രുവിനെ ആണത്തത്തിനകത്ത് കേറി തകർക്കുന്ന പരിപാടിയാണാവാക്യം.. ‘ആണാണെങ്കിൽ പണിയും പണിക്കോലും വേണം’ എന്നാണതിന്റെ സൗമ്യമായ അർത്ഥം. ഒന്നും കാണാതെ ജനിച്ചു വീണ കുഞ്ഞ്, ആൺമണമുണ്ടോ ഇവിടെ എന്നു തിരക്കില്ലല്ലോ. ദുർഗന്ധമല്ലല്ലോ വിവക്ഷ. ‘കത’യുടെ അബോധതലത്തെ കൃത്യമായി നിർവചിക്കുന്ന ഒരു ആശയമണ്ഡലം ഈ വാക്യങ്ങളിൽ കുടിയിരിപ്പുണ്ട്. കാണാം, കണ്ട ഭാവം നടിക്കാതെയും പോകാം. അതൊക്കെ നമ്മുടെ, ആണുങ്ങളുടെ വിഷയം !

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തായാലും നല്ല പരിചചയപ്പെടുത്താൽ
ആയിരിന്നു ഈ കതയിൽ കൂടി ഇണകളുടെ
തരവും മട്ടുമൊക്കെ അറിയാമെന്നുള്ള ഒരു അഡ്വാന്റേജ്
കൂടിയുണ്ട് കേട്ടോ