April 15, 2020

സാപിയൻസ്


ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ചരിത്രവിഭാഗത്തിൽ പ്രൊഫസ്സറാണ് യുവാൽ നോവാ ഹരാരി. അദ്ദേഹം മണി: വിന്റേജ് മിനീസ്, റിനൈസൻസ് മിലിട്ടറി മെമ്മയർ, സ്പെഷ്യർ ഓപ്പറേഷൻസ് ഇൻ ദ ഏജ് ഓഫ് ഷിവാൽട്രി തുടങ്ങിയ പുസ്തകങ്ങളെഴുതിയിട്ടുണ്ടെങ്കിലും ‘ഹോമോസാപ്പിയൻസ്’ എന്ന പുസ്തകമാണ് അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രീതിയും ആദരവും നേടിക്കൊടുത്തത്. അതിനെ തുടർന്ന് ഹോമോ ദിയൂസ്, 21 ലെസെൺസ് ഫോർ 21സ്റ്റ് സെഞ്ചുറി എന്നീ കൃതികളും ലോകജനശ്രദ്ധ പിടിക്കു പറ്റുകയുണ്ടായി.

ഹോമോ വർഗത്തിൽപ്പെട്ട ബുദ്ധിയുള്ള വിഭാഗം എന്ന അർത്ഥത്തിലാണ് മനുഷ്യരെ ഹോമോ സാപ്പിയൻസ് എന്നു വിളിക്കുന്നത്. ഭൂമിയിലെ ജീവിവർഗങ്ങളിൽ ഒന്നുമാത്രമായിരുന്ന മനുഷ്യന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. മാത്രമല്ല എല്ലാ ജീവിവർഗങ്ങൾക്കും മേലെ ബുദ്ധിപരമായ അധികാരവും മനുഷ്യർ സ്ഥാപിച്ചെടുത്തു. അതിന്റെ വിശദവും വസ്തുനിഷ്ഠവുമായ അപഗ്രഥനമാണ് ഹരാരി സാപ്പിയൻസ് എന്ന പുസ്തകത്തിൽ നടത്തുന്നത്.  നിലവിലെ മനുഷ്യവർഗത്തിനു മുൻപേ ഇവിടെ ഉണ്ടായിരുന്ന  നിയാണ്ടർതാൽ എന്ന മറ്റൊരു ജീവിവർഗത്തെ നശിപ്പിച്ചത് ഹോമോ സാപ്പിയൻസ് ആണെന്നും ബുദ്ധിശക്തിയും കൂട്ടം കൂടാനുള്ള കഴിവുമാണ് മനുഷ്യരെ ഇന്നു കാനുന്ന നിലയിൽ എത്തിച്ചതെന്നുമാണ് ഗ്രഥകർത്താവ് വാദിക്കുന്നത്. മനുഷ്യൻ ഡേറ്റയായി ( ഡേറ്റ ബഹുവചനമാണ്) പിരിയുന്ന ലോകത്തെയാണ് യുവാൽ ഹരാരി അടുത്ത പുസ്തകത്തിൽ - ഹോമോ ദിയൂസിൽ - വിശദമായി വിവരിക്കുന്നത്.. ‘സാപ്പിയൻസി’ലെ സ്കൂൾ സാഹചര്യവുമായി ബന്ധപ്പെടുത്താവുന്ന ഒന്നു രണ്ട് കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമർശിക്കുന്നത് :

ആനന്ദിന്റെ കല്പിതഭവനങ്ങളും കല്പിതഭൂപടങ്ങളും എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം  ഭാവന പണിയുന്ന 4 ഭവനങ്ങളെപ്പറ്റിയാണ്. മുൻപൊരിക്കൽ എസ്സെൻസിന്റെ പരിപാടിയ്ക്ക് അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബന്ധത്തിന്റെ വികസിത രൂപമാണിത്. അതിലെ മൂന്നാമത്തെ ഭവനമായ - മൂല്യങ്ങളുടെ ചലിക്കുന്ന ഭവനത്തിൽ - ആനന്ദ് യുവാൽ നോവ ഹരാരിയെ ഉദ്ധരിക്കുന്നുണ്ട്,  രണ്ടു കാലങ്ങളിലെ മനുഷ്യരുടെ മൈൻഡ് സെറ്റ് എങ്ങനെയാണെന്ന് കാണിക്കാൻ ഹരാരി സ്വീകരിക്കുന്ന ഉദാഹരണത്തെ എടുത്തുവച്ചുകൊണ്ടാണ് അത്..‘നമ്മുടെ കാലത്തെ ധനവാനായ ഒരാൾ പിണങ്ങിയിരിക്കുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ എന്തായിരിക്കും ചെയ്യുക? അയാൾ അവരെ ഒരു വിനോദയാത്രയ്ക്കു കൊണ്ടുപോകും, വൻ നഗരങ്ങളിലേക്കോ കണ്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലേയ്ക്കോ... സാഹസിക കളിസ്ഥലങ്ങളിലേക്കും പോകാം.. കുറച്ചുദിവസത്തെ ആനന്ദകരമായ താമസം, നല്ല ഹോട്ടൽ. പുതിയ ഭക്ഷണം, തോണിയാത്ര, കടൽത്തീരം.. ഒരുപാട് സാധ്യതകൾ അയാൾക്കു മുന്നിലുണ്ട്.. അസാധാരണത്വങ്ങളുടെ ലഭ്യതകൊണ്ട് സമ്പന്നമാണ് അയാളുടെ ലോകം.. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങളാണ് നമ്മളെ പുനരുജ്ജീവിപ്പിക്കുന്നത്...
എന്നാൽ പഴയകാലത്തെ ഈജിപ്തിലെ വരേണ്യനായ ഒരാൾ എന്തായിരിക്കും ചെയ്തിരിക്കുക? മുന്തിയ ശില്പികളെ വരുത്തി  ഒരു കൂറ്റൻ ശവകുടീരം മുൻകൂർ പണിതുവയ്ക്കും. തന്റെ സ്നേഹത്തിന്റെ ഉപഹാരമായി. അവൾക്ക് തൃപ്തിയാകും. മുൻകൂർ ശവശരീരങ്ങൾ പണിയുക രാജാക്കന്മാരുടെ പതിവായിരുന്നു..

ഹരാരിയെ ഉദ്ധരിച്ചിട്ട് ആനന്ദ് ചെയ്യുന്നത്, മരണോന്മുഖമായ മാനസികാവസ്ഥ സംസ്കാരങ്ങളെ നശിപ്പിക്കുമെന്നും ശവശരീരങ്ങൾ പണിയാൻ തുടങ്ങുന്നതിന്റെ പിന്നിൽ മൂല്യങ്ങളെ തുരുമ്പു പിടിക്കാൻ അനുവദിക്കാനുള്ള മനസാണുള്ളതെന്നും അത് സംസ്കാരത്തിൽ നിശ്ചലത കടത്തി വിടും എന്നുമാണ്.. ഇത് ആധുനിക ജീവിതത്തിലും ബാധകമാണ്.. മൂല്യങ്ങൾ വികസിക്കുകയോ പരിണമിക്കുകയോ ചെയ്തില്ലെങ്കിൽ പ്രശ്നമാണ്.. 200 കൊല്ലം മുൻപുള്ള ജീവിതമല്ല ഇന്നുള്ളത്. സ്വാതന്ത്ര്യവും നീതിയും മനുഷ്യാവകാശവും സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ചക്രങ്ങളാണ്.. പല വിപ്ലവങ്ങളും അവ ലക്ഷ്യമിട്ട പ്രശ്നങ്ങളെ പരിഹരിക്കുന്നതിനു പകരം അവയുണ്ടാക്കിയ പ്രശ്നങ്ങളിൽ മുഴുകിപോവുകയാണ് ചെയ്തത്. മൂല്യങ്ങൾ ഭാവനയ്ക്ക് പ്രദാനം ചെയ്തത് ചക്രങ്ങൾ ഘടിപ്പിച്ച ഭവനങ്ങളെയാണെന്നു മനസിലാക്കി അവയെ നിന്നു പോകാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് ചലനാത്മകമായ ഭാവനയുടെ ജോലി എന്ന് ആനന്ദ് സ്ഥാപിക്കുന്നത് ഹരാരി വരച്ചിട്ട ചരിത്രത്തിന്റെ ബലത്തിലാണെന്ന് വ്യക്തമാക്കാനാണ് ഇത് എടുത്തെഴുതിയത്..

പുരാതന മെസപ്പൊട്ടേമ്യയിലെ പാഠശാലയിൽനിന്നുള്ള ഒരു ലിഖിതം പുരാവസ്തുശാസ്ത്രജ്ഞന്മാർ കണ്ടെടുത്തത്  യുവാൽ നോവാ ഹരാരി പുസ്തകത്തിൽ എടുത്തു കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ് :

‘ഞാൻ അകത്തു കടന്നുചെന്നിരുന്നു, എന്റെ ഗുരു എന്റെ സ്ലേറ്റ് വായിച്ചു. അദ്ദേഹം പറഞ്ഞു ‘എന്തിന്റെയോ കുറവുണ്ട്’.
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
കാര്യസ്ഥന്മാരിൽ ഒരാൾ പറഞ്ഞു , എന്തിനാണ് നീ എന്റെ അനുവാദം ഇല്ലാതെ നിന്റെ വായ തുറന്നത്?
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
നിയമപാലകനായ ഒരാൾ പറഞ്ഞു, എന്തിനാണ് നീ എന്റെ അനുവാദമില്ലാതെ എഴുനേറ്റത്?
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
ദ്വാരപാലകനായ ഒരാൾ പറഞ്ഞു,  എന്തിനാണ് നീ എന്റെ അനുവാദമില്ലാതെ പുറത്തുപോകുന്നത്?
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
പാനപാത്രക്കാരൻ പറഞ്ഞു, എന്തിനാണ് നീ എന്റെ അനുവാദമില്ലാതെ അത് കുടിച്ചത്?
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
സുമേറിയൻ അദ്ധ്യാപകൻ പറഞ്ഞു, എന്തിനാണ് നീ അക്കേഡിയൻ സംസാരിച്ചത്?
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.
എന്റെ ഗുരു പറഞ്ഞു, നിന്റെ കയ്യെഴുത്ത് മോശമാണ്.
അദ്ദേഹം എന്നെ ചൂരലുകൊണ്ട് അടിച്ചു.’

അക്കേഡിയൻ മെസപ്പൊട്ടേമ്യയിലെ സംസാരഭാഷയായി കഴിഞ്ഞും സുമേറിയൻ ഭരണഭാഷയായി തുടർന്നു വന്നിരുന്നു. 4000 വർഷങ്ങൾക്കുമുൻപുള്ള കാര്യമാണ്. ഇന്നും പല വിധത്തിലുള്ള ആർപ്പുകൾക്കും കോലാഹലങ്ങൾക്കും ഇടയിലും  ചൂരലടിയുടെ കാര്യത്തിലും അതിനുള്ള പ്രേരണയുടെ കാര്യത്തിലും നമ്മുടെ സ്കൂളുകൾ മാറ്റമൊന്നും ഇല്ലാതെ തുടരുകയാണ്.  കൊലയായാലും വിശ്വാസമായാലും ബലിയായാലും വേട്ടയായാലും നിയമമായാലും എവിടെയോ തുടങ്ങിയത് എല്ലാ അവകാശവാദങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് വേഷം മാറി, വേഷം മാറി തുടരുന്നു. സാമൂഹിക പരിണാമങ്ങൾക്ക് എന്തിന്റെയോ കുറവുണ്ട് എന്നാണ് ചരിത്രം ചൂരലിന്റെ മൂളിച്ചയുമായി നിന്ന് നമ്മളോടും പറയുന്നത്.

അറപ്പിക്കുന്ന സാധനമായ ഉമിനീരിനെപ്പറ്റി ഉമ്മവയ്ക്കുമ്പോൾ മനുഷ്യർ ആലോചിക്കാറില്ല. അതിലൊരു പ്രാകൃതമായ ആശയവിനിമയ സംവിധാനമുണ്ട്. സ്വതവേ മനുഷ്യന്റെ ദ്രവങ്ങൾക്ക് അസുഖം പടർത്താനുള്ള സാധ്യത കൂടുതലാണെങ്കിലും ഈ അവസരത്തിൽ നിന്നെ ഞാൻ വിശ്വസിക്കുന്നു എന്ന്.  വേറൊരു വിശദീകരണവും സാധ്യമാണ്, മയക്കുമരുന്നിന്റേതു പോലെ സ്വാഭാവിക പ്രതിരോധവികാരങ്ങളെ സ്വിച്ച് ഓഫ് ചെയ്യുകയും കാമമോ അതിന്റെ അനുബന്ധശാഖകളോ ആയ വികാരങ്ങളുടെ മരത്തിൽ കേറാൻ മാത്രമായി തത്സമയം മനസിനെ ക്രമീകരിക്കുകയും ചെയ്യുന്ന ചില ഹോർമോണുകൾ ചിരിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിന്റെ ഫലമായിട്ടാണെന്നും പറയാം. (എസ്സെൻസിൽ രതീഷ് കൃഷ്ണ ഒരിക്കൽ ഈ വിഷയത്തിൽ ഒരു പ്രഭാഷണം നടത്തിയിരുന്നു എന്നാണോർമ്മ. യൂ ട്യൂബ് നോക്കിയിട്ടില്ല)

ലോകവ്യാപകമായ മറ്റൊരു അറപ്പ്, പരദൂഷണമാണ്. ഞാൻ ആരെപ്പറ്റിയും ദുഷിപ്പുകൾ പറയാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരുടെ കൈയിലിരിപ്പിനെപ്പറ്റി പറഞ്ഞു തുടങ്ങുക. സംഭവം ഭയങ്കര മോശമാണെന്ന് എഴുത്തച്ഛനും പറയുന്നുണ്ട്. ദുർജ്ജനം സജ്ജനം എന്നൊക്കെ പറഞ്ഞ് ആ വഴിക്ക് പുള്ളിയൊക്കെ കുറേ കുറ്റബോധം കുത്തിച്ചെലുത്താനൊക്കെ നോക്കിയിട്ടുള്ളതാണ്.   അതായത്  അത് അന്നേയുണ്ട്. ഇന്നും മാറ്റമില്ലാതെ തുടരുന്നുമുണ്ട്. യുവാൽ നോവാ ഹരാരി പറയുന്നത് വാർത്തയും ടെലിവിഷനുമെല്ലാം ഒരർത്ഥത്തിൽ പരദൂഷണവ്യവസായത്തെ കൊണ്ടു പിടിച്ചു നടത്തുകയാണെന്നാണ്. ( സാഹിത്യമെന്താ മോശമാണോ അതിലും സിനിമയിലും രാഷ്ട്രീയ വിശദീകരനയോഗത്തിലുമൊക്കെയുള്ളത് ഒളിഞ്ഞും തെളിഞ്ഞും ടമാർ പടാർ തന്നെ) എന്നുവച്ചാൽ സാപ്പിയൻസ് എന്ന ചിന്തിക്കുന്ന ജീവിവർഗം ലോകത്തെ കീഴടക്കാൻ തുടങ്ങിയതിനുള്ള പ്രധാനകാരണമായ ഭാഷയുടെ പ്രധാനപ്പെട്ട ഫങ്ക്ഷനിലൊന്നാണ് ഈ പരദൂഷണപ്രിയത്വം എന്ന്. നമ്മുടെ ഭാഷതന്നെ ഉരുത്തിരിഞ്ഞു വന്നത് പരദൂഷണം പറയുന്നതിനുള്ള ഒരു മാർഗം എന്ന നിലയിലാണെന്ന് പ്രൊഫസർ സ്ഥാപിക്കുന്നത് സമൂഹിക സഹകരണത്തിന് തങ്ങളുടെ സംഘത്തിൽ ആര് ആരെ വെറുക്കുന്നു, ആര് ആരോടൊപ്പം കിടക്കുന്നു, ആരാണ് ചതിയൻ, ആരാണ് വിശ്വസ്തൻ എന്നൊക്കെ അറിയുക പ്രധാനമാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ്. ഫലപ്രദമായി പരദൂഷണം സാധ്യമാക്കിയാൽ സംഘത്തിന് കൂടുതൽ കെട്ടുപാടുണ്ടാവും. സഹകരണം വികസിപ്പിച്ചെടുക്കാൻ സാധിക്കും. കുരങ്ങൻമാരുടെ കൂട്ടത്തിന് അതാ കഴുകൻ, ഇതാ സിംഹം എന്ന വിനിമയങ്ങൾ മാത്രമേ മറ്റു സംഘാംഗങ്ങൾക്ക് പകർന്നു നൽകാൻ കഴിയൂ. അതല്ല സാമൂഹികജീവിയായ മനുഷ്യന്റെ സ്ഥിതി. നിലവിലില്ലാത്ത കാര്യങ്ങളെപ്പറ്റി വിവരം കൈമാറാനുള്ള കഴിവാണ് മനുഷ്യനെ ഐതിഹ്യങ്ങൾ നെയ്തെടുക്കാൻ സഹായിച്ചത്. മണിക്കൂറുകളോളം പാറക്കല്ലിൽ നോക്കിയിരുന്ന് ധ്യാനിക്കാൻ സഹായിച്ചത്. അരയും തലയും മുറുക്കി താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു (അതിൽ മതവും പെടും) വേണ്ടി പോരാടാനും ഒത്താൽ ചാവാനും സന്നദ്ധനാക്കിയത്. ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉള്ളിലെ, അതേ പ്രാകൃതസോഫ്ട് വെയറാണ് പരദൂഷണത്തിനു നമ്മളെ സജ്ജനാക്കി നിർത്തുന്നതും.

ഹരാരിയുടെ പുസ്തകം ചരിത്രം എന്ന വിഭാഗത്തിൽപ്പെട്ടതാണ്. നമുക്കറിയാവുന്ന ഏറ്റവും മികച്ച ചരിത്രവിശകലന രീതി കോസാംബിയുടെയായിരുന്നു. അന്തർവൈജ്ഞാനിക ശാഖ ചരിത്രസമീപനരീതിയെ അട്ടിമറിച്ചതിന്റെ നല്ല ഫലങ്ങളിലൊന്നല്ലേ സാപ്പിയൻസ്?
പ്രകൃതിയുടെ ഇണക്കത്തിന്റെ കാര്യത്തിൽ മാത്രമല്ല, പല കാര്യത്തിലും നമ്മുടെ മുൻവിധികളെയും ശാസ്ത്രീയ വിശ്വാസങ്ങളെയും  വസ്തുതകളുടെ ബലത്തോടെ ഹരാരി തകർത്തു കളയുന്നുണ്ട്.. ‘വേരുകൾ നഷ്ടപ്പെടുത്താതിരിക്കുന്നവർ’ ചില കാര്യങ്ങളിൽ പിന്തിരിപ്പനാണ്...അതിന് ഈ പുസ്തകം തരുന്ന വെളിച്ചത്തിൽ പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാൻ കഴിയും.

3 comments:

Soorya Mohan said...

എല്ലാ മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകം.ആധുനിക മനുഷ്യന്റെ മൃഗചോദനയുടെ വേരുകൾ എത്ര മനോഹരമായാണ് ഹരാരി തേടിപ്പിടിച്ചിരിക്കുന്നത് ! ആസ്വാദനക്കുറിപ്പും അസ്സലായി. ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

നമുക്കറിയാവുന്ന ഏറ്റവും മികച്ച ചരിത്രവിശകലന രീതിയിലുള്ള  ഹരാരിയുടെ പുസ്തകങ്ങൾ  ചരിത്രം മാത്രമല്ല പല വിജ്ഞാനങ്ങളും നെറ്റിത്തരുന്നവ തന്നെയാണ് ..

Sabu Hariharan said...

Interesting..