December 14, 2019

ഇടവഴികളുടെ രാഷ്ട്രീയം


ലോകോത്തര ചലച്ചിത്രമേളകളെല്ലാംതന്നെ കലാപരമായ സ്വാതന്ത്ര്യപ്രകാശനത്തിനുള്ള മുൻതൂക്കം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്. അപൂർവം ചിലത് സ്ഥാപിതമായ താത്പര്യങ്ങളെ മറച്ചുവച്ചും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കലയുടെ ജൈവമായ സ്വഭാവം അതിന്റെ ഇടുക്കുലോകങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റിതീർക്കും എന്നാണ് കലാചരിത്രങ്ങൾ നൽകുന്ന പാഠം. ഫിലിം ഫെസ്റ്റിവലുകളുടെ പ്രസക്തിയെപ്പറ്റി  സ്ക്രീൻ ഡെയിലി ഒരു അഭിപ്രായ സർവേ 2016 -ൽ നടത്തിയിരുന്നു. വൈവിധ്യങ്ങൾ നിലനിർത്തുക, രാജ്യാതിർത്തികൾക്ക് അപ്പുറത്ത് അനുഭവങ്ങൾ പങ്കുവയ്ക്കക, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ തുറന്നു സംസാരിക്കാൻ ആളുകളെ പഠിപ്പിക്കുക, ഭാവുകത്വപരമായ വളർച്ചയ്ക്ക് വളമാവുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർട്ടിസ്റ്റിക് ഡയറക്ടർമാരും പ്രോഗ്രാം കോർഡിനേറ്റർമാരും ഫെസ്റ്റിവൽ മാനേജർമാരും ഊന്നിയത്. ചലച്ചിത്രമേളകൾ യഥാർത്ഥത്തിൽ ചലച്ചിത്രങ്ങൾക്കു വേണ്ടിയുള്ളതല്ലെന്ന് പറഞ്ഞവരും കൂട്ടത്തിലുണ്ട്. പല പ്രാവശ്യം കാൻ ചലച്ചിത്രോത്സവത്തിലെ ജൂറി പ്രസിഡണ്ടായിരുന്ന, എഴുത്തുകാരനും കവിയും സംവിധായകനുമൊക്കെയായ ഷാങ് കോക്തു ‘ഒരേ ഭാഷ സംസാരിക്കുകയും പരസ്പരം  ഇടപഴകാനാഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പ്രത്യേകസ്ഥലമായിട്ടാണ് ഫിലിംഫെസ്റ്റിവലുകളെ വിഭാവന ചെയ്തത്.  അത് ആരുടെയുമല്ലാത്തതും (നോമാൻസ് ലാൻഡ്) അരാഷ്ട്രീയവുമായ പ്രദേശമാണത്രേ.  ചലച്ചിത്രങ്ങളുടെ രാജ്യാന്തരവിപണി വിനിമയങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തിന് കൂടുതൽ പ്രാധാന്യം വന്നുകൂടിയതോടെ ആവിഷ്കാരവൈവിധ്യങ്ങൾക്കുവേണ്ടിയുള്ള അന്വേഷണവും കൂടുതലായി നടക്കുന്നു. മേളകളെ കൊഴുപ്പിക്കുന്നത് മൂലധനതാത്പര്യങ്ങളാണെങ്കിൽപോലും അതിരുകൾ ഭേദിക്കുന്ന അനുഭവങ്ങൾ തേടാനുള്ള മാനുഷികമായ ത്വര അവയെ നിരന്തരം പരിഷ്കരിക്കുന്നുണ്ട്.
സുവർണ്ണസിംഹം, സുവർണ്ണപ്പന, സുവർണ്ണ കരടി
 രാഷ്ട്രാന്തരീയ ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴക്കമുള്ളതും 1932 -ൽ ആരംഭിച്ചതുമായ വെനീസ് മേള,  മുസ്സോളിനിയുടെ ധനകാര്യമന്ത്രിയും രാഷ്ട്രീയക്കാരനും സമ്പന്നനാ‍യ വ്യാപാരിയും ആയിരുന്ന ഗിസപ്പെ വോൾപിയുടെ കൈകാര്യ കർത്തൃത്വത്തിലാണ് ആദ്യം അരങ്ങേറിയത്. വെനീസ് ബിനാലെയുടെ പ്രസിഡന്റായിരുന്നു വോൾപി. ഒൻപത് രാജ്യങ്ങൾ മേളയിൽ പങ്കെടുത്തു എന്നാണ് കണക്ക്. ചിത്രങ്ങൾക്ക് സമ്മാനമൊന്നും കൊടുക്കാനുള്ള പദ്ധതിയില്ലാതിരുന്നുവെങ്കിലും കാണികൾക്കിടയിൽ ഹിതപരിശോധന നടന്നിരുന്നു. ‘ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം’ (À nous la liberté) ‘മെദിലോൻ ക്ലോദെറ്റിന്റെ പാപം’ (The Sin of Madelon Claudet) എന്നീ ഫ്രഞ്ച് ചിത്രങ്ങൾക്കൊപ്പം അമേരിക്കൻ നിർമ്മിതിയായ ‘ഡോ. ജെക്കിലും മി. ഹൈഡും’ ഏറ്റവും മൗലികത്വമുള്ള ചലച്ചിത്രമായും അന്നത്തെ മേളയിൽ തെരെഞ്ഞെടുത്തിരുന്നു. റൂബൻ മാമോലിയൻ സംവിധാനം ചെയ്ത് 1931 -ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഫ്രെഡ്രിക് മാർച്ചിനെ മികച്ച നടനായും ആളുകൾ തെരെഞ്ഞെടുത്തു. 1932 -ൽ മാർച്ചിന് ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡും ലഭിച്ചിരുന്നു. റോബർട്ട് ലൂയിസ് സ്റ്റീവൻസണിന്റെ നോവലിനെ അടിസ്ഥാനമാക്കുന്ന ‘ഡോ ജെക്കിൽ,  ഷെർലോക് ഹോംസിന്റെ കഥപോലെതന്നെ പലതരത്തിൽ ചലച്ചിത്രപ്രവർത്തകരെ ആകർഷിച്ച പ്രമേയമാണ്. ’  1920 -ൽ നിശ്ശബ്ദ ചിത്രമായും 1941 -ലും 2003 -ലും 2017 -ലും ശബ്ദചിത്രങ്ങളായുമൊക്കെ ഇതിന് അവതരനങ്ങൾ ഉണ്ടായി.  നാടകമായും ടി വി അവതരണങ്ങളായുമുള്ള അരങ്ങേറ്റങ്ങൾ വേറെ.
1886 -ൽ പ്രസിദ്ധീകരിച്ച നോവലിന്റെ പല തരത്തിലുള്ള അപഗ്രഥനങ്ങളിൽ ഒന്ന്, സ്കോട്ട്‌ലന്റും വിശാല ബ്രിട്ടനുമായുള്ള ദ്വന്ദ്വാത്മകബന്ധത്തെ പാഠത്തിന്റെ അബോധത്തിൽ ജെക്കിലും ഹൈഡും പ്രതിനിധീകരിക്കുന്നു എന്നതാണ്. ഫാസിസ്റ്റു ഭരണം നിലവിലുള്ള സമയത്ത്, സ്വതന്ത്രാവിഷ്കാരങ്ങളുടെ കാലികവും ഉന്നതവും ജനപ്രിയവുമായ രൂപം എന്ന നിലയ്ക്ക് സംഘടിക്കപ്പെട്ട  ചലച്ചിത്രങ്ങളുടെ മേളയിലെ ജനഹിതങ്ങൾ ഈ രാഷ്ട്രീയ വായനയെ മറ്റൊരർത്ഥത്തിൽ സാധുവാക്കുകയാണ് ചെയ്തതെന്ന് വാദിക്കാവുന്നതാണ്. ഇറ്റലിയുടെ രാഷ്ട്രീയമുഖത്തിനു നേരെ പുറം തിരിഞ്ഞിരിക്കുന്ന സാംസ്കാരികമുഖം. വ്യക്തിത്വത്തിലെ വിരുദ്ധഭാവങ്ങൾ വ്യക്തിക്കുമാത്രമല്ല രാഷ്ട്രങ്ങൾക്കും സ്വഭാവസിദ്ധമാണല്ലോ.
കലാമേഖലയിലുള്ള ഫാസിസ്റ്റു ലോകത്തിന്റെ മുന്നേറ്റത്തിനു ജനാധിപത്യസമൂഹത്തിന്റെ പകരം വയ്പ്പ് എന്ന നിലയ്ക്കാണ് ഫ്രെഞ്ച് സമൂഹം സമുദ്രതീരനഗരമായ കാനിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഫാസിസ്റ്റു ചായ്‌വുള്ളതുകൊണ്ട് വെനീസ് മേളയിൽ പങ്കെടുക്കേണ്ടതില്ലെന്നും പകരം ഇവിടെ ഒരു മേള സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും ഫ്രഞ്ച് സമൂഹം 30 -കളിൽതന്നെ  തീരുമാനമെടുത്തിരുന്നു.  അതുകൊണ്ടാണ് കാൻ ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിന് വെനീസ് മേളയുടെ അത്രയും പഴക്കമുണ്ടെന്ന് ഒരു അഭിപ്രായമുള്ളത്. ചലച്ചിത്രോത്സവത്തിനായുള്ള പ്രവർത്തനങ്ങൾ 30 -കളുടെ രണ്ടാം പകുതിയിൽ  ആരംഭിച്ചിരുന്നുവെങ്കിലും മുതൽമുടക്കിന്റെ പ്രശ്നങ്ങളും പ്രകൃതിക്ഷോഭവും ലോകയുദ്ധവും എല്ലാം ചേർന്ന് അതിനെ നീട്ടിക്കൊണ്ടുപോയി. 1939 -ൽ കാനിൽ  പ്രദർശിപ്പിക്കാനായി തെരെഞ്ഞെടുത്തതും അവസാനം രണ്ടാം ലോകയുദ്ധത്താൽ ഒഴിവാക്കിയതുമായ ചിത്രങ്ങളുടെ അന്നത്തെ പതിപ്പുകളുടെ പ്രദർശനം (റിട്രോസ്പെക്ടീവ്) 2002 -ൽ കാനിൽ സംഘടിപ്പിക്കുകയുണ്ടായി. അന്നാണ് സെസിൽ ബി ഡെമിലി സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ യൂണിയൻ പെസിഫിക്കിന്(1939) ആദ്യത്തെ കാൻ മേളയിൽ ലഭിച്ച ഗ്രാൻഡ് പ്രിക്സ് നൽകിയത്.  അമേരിക്കയുടെ ആധുനികത്വത്തിലേയ്ക്കുള്ള യാത്രയുടെ ഒരു ഖണ്ഡമാണ് സിനിമ അവതരിപ്പിച്ചത്.
21 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കാൻ ചലച്ചിത്രമേള ശരിയായ അർത്ഥത്തിൽ നടത്തിത്തുടങ്ങിയത് 1946 -ലാണ്. ആ വർഷത്തെ മേളയിൽ വിവാഹേതരബന്ധത്തെ പ്രമേയമാക്കിയ ഡേവിഡ് ലീന്റെ  അമേരിക്കൻ ചിത്രം ‘ബ്രീഫ് എൻകൗണ്ടറി’നും നിയോറിയലിസത്തിന്റെ തലതൊട്ടപ്പനായ റോബർട്ടോ റോസലിനിയുടെ ഇറ്റാലിയൻ സിനിമ ‘റോം, ഓപ്പൺ സിറ്റിയ്ക്കും’ ഒപ്പം ഇന്ത്യയിൽനിന്നൊരു ചിത്രം കൂടി ഉണ്ടായിരുന്നു. ചേതൻ ആനന്ദിന്റെ ‘നീചാനഗർ’. അന്ന് പ്രദർശിപ്പിച്ച 18 ചിത്രങ്ങളിൽ 11 എണ്ണത്തിനും ഗ്രാൻഡ് പ്രിക്സ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യമായി കാനിൽ സമ്മാനിതമായ ഇന്ത്യൻ ചിത്രവുമായി തീർന്നു നീച്ചാനഗർ. അതിനു ശേഷം മറ്റൊരു ഇന്ത്യൻ ചിത്രത്തിനും ഈ പുരസ്കാരം ലഭിക്കാനുള്ള  ഭാഗ്യം ഉണ്ടായിട്ടില്ല. 1955 വരെ കാനിലെ പ്രധാന പുരസ്കാരമായിരുന്ന  ഗ്രാൻഡ് പ്രിക്സിന്റെ സ്ഥാനം പാം ഡി ഓർ (സ്വർണ്ണപ്പന) ഏറ്റെടുത്തപ്പോൾ ആദ്യമായി ലഭിച്ചത് അത് ഡെൽബെർട്ട് മാന്റെ ‘മാർട്ടി’ എന്ന ചിത്രത്തിനാണ്.
വെനീസുമായി നേരിട്ടുള്ള മത്സരം ഒഴിവാക്കാൻ കാൻ ചലച്ചിത്രമേള മേയ് മാസത്തിലേക്ക് (വസന്തകാലത്തിലേക്ക്) 1951 -ൽ മാറ്റിയിരുന്നു. ആ സമയത്താണ് ജർമ്മനിയിൽ ബെർളിനാലേ എന്നുകൂടി പേരുള്ള ബെർളിൻ ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. ഹിച്ച്കോക്കിന്റെ റെബേക്കയാണ് അവിടെ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം. കാൻ ചലച്ചിത്രോത്സവത്തിന്റെ മുഖ്യശില്പികൾ അന്നത്തെ ദേശീയവിദ്യാഭ്യാസമന്ത്രിയായിരുന്ന ഴാങ് സേയും ചരിത്രകാരനായ ഫിലിപ്പ് എർലാങ്ങറും ആയിരുന്നെങ്കിൽ ബെർളിൻ ഫിലിം ഫെസ്റ്റിവലിന്റെ സൂത്രധാരനും ആദ്യ ഡയറക്ടറും ഡോ. ആൽഫ്രെഡ് ബൂവർ ആയിരുന്നു. ചലച്ചിത്രഗവേഷകനും ചരിത്രകാരനുമായിരുന്നു ഡോ. ബൂവർ. ലൂയി ഷിയാറിനി ഡയറക്ടറായിരുന്ന കാലത്ത്  ഫാസിസ്റ്റു നിലപാടുകളുടെ നിഴലിൽനിന്നും വെനീസ് മേള നവീകരിക്കപ്പെട്ടുന്നു.  വമ്പൻ ഫിലിം സ്റ്റൂഡിയോകളുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടലുകൾ ഒഴിവാക്കി, കലാപരമൂല്യത്തിനു പ്രാധാന്യം നൽകി ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പും മത്സരങ്ങളും കുറ്റമറ്റതാക്കാൻ അദ്ദേഹം നിലപാട് കടുപ്പിച്ചു. അതിനനുസരിച്ച് കലോത്സവത്തിന്റെ ഘടന പരിഷ്കരിക്കുകയും ചെയ്തു. പസോളിനിയുടെ സെന്റ് മാത്യുവിന്റെ സുവിശേഷം (ഗോസ്പൽ അക്കോഡിങ് ടു സെന്റ്. മാത്യു) പ്രിമിയറായി പ്രദർശിപ്പിക്കുന്ന കാലമാണത്. 1980 കാലഘട്ടത്തിൽ കാർലോ ലിസാനി ചലച്ചിത്രോത്സവത്തിന്റെ മുഖം കാലോചിതമായി ഒന്നുകൂടി മിനുക്കി. കമ്മറ്റികൾ പുനഃസംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രാന്തരീയതലത്തിൽ മേളയ്ക്കുള്ള വിശ്വാസ്യതയും മാന്യതയും വീണ്ടെടുക്കാൻ  കാർലോ ഉത്സാഹിച്ചു.
പല തരത്തിലുള്ള രൂപമാറ്റങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും കടന്നു പോയ ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ‘വലുതുമായ’ ഈ മൂന്ന് മേളകൾ അവയുടെ ഉള്ളടക്കങ്ങളും പ്രമേയങ്ങളും തെരെഞ്ഞെടുപ്പുകളും വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ കലയിലൂടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പതാകയേന്തുന്നവയും ആ നിലയ്ക്ക് ലോകത്തിലെ മറ്റു പല മേളകൾക്കും വഴി വെളിച്ചം പകർന്നു നൽകുന്നവയുമാണ് ഇന്ന്. മികച്ച ചിത്രങ്ങൾക്ക് വെനീസ്, ‘സ്വർണ്ണ സിംഹ’വും കാൻ, ‘സ്വർണ്ണപ്പന’യും ബെർളിൻ ‘സ്വർണ്ണ കരടി’യും നൽകുന്നതു കൂടാതെ മറ്റു വീക്ഷണങ്ങളെകൂടി ഉൾക്കൊള്ളുന്നതരത്തിൽ പ്രദർശന/മത്സരവിഭാഗങ്ങൾ അവയിൽ കാലോചിതമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ ഈ മേളകളെ വ്യത്യസ്തമാക്കുന്നത് അവയുടെ ബാഹ്യമായ വർണ്ണപ്പകിട്ടിനൊപ്പം ചേരുന്ന ഈ ഇടവഴികളും കൂടിയാണെന്നു പറയാം. വെനീസ് ചലച്ചിത്രോത്സവത്തിലെ ‘ഓറിസോന്റി’ (ഹോറിസൺ) വിഭാഗം അതതു പ്രദേശങ്ങളിലെ ചലച്ചിത്രസ്വരൂപങ്ങളിലുള്ള കാലത്തിനിണങ്ങിയ പുതിയ പരിക്ഷണങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കുന്ന ഒരു വിഭാഗമാണ്. സനൽകുമാർ ശശിധരന്റെ ‘ചോല’യുടെ ആദ്യപ്രദർശനം നടന്നത് ഈ വർഷം  ഓറിസോന്റി വിഭാഗത്തിലാണ്. കൂടെ മത്സരിച്ച, ‘അറ്റ്‌ലാന്റിസ്’ എന്ന ഉക്രൈൻ ചിത്രമാണ് ഇത്തവണ ഈ വിഭാഗത്തിൽ സമ്മാനം കരസ്ഥമാക്കിയത്.  വാലന്റിൻ വാസ്യനോവിച്ചാണ് സംവിധായകൻ.
ബെർളിനിലെ ‘പനോരമ’ എന്ന സെഷൻ ‘പരമ്പരാഗത ശൈലിയിലുള്ള സൗന്ദര്യസങ്കല്പങ്ങളെ തകിടം മറിക്കുന്നതോ വിവാദവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ ആർട്ട് ഹൗസ് സിനിമകൾക്കു വേണ്ടിയുള്ളതാണ്. ലൈംഗികനാനാത്വത്തിന്റേതുൾപ്പടെയുള്ള പ്രമേയങ്ങളെ (LGBT) ആസ്പദമാക്കുന്ന ലോകചിത്രങ്ങളെ ‘പനോരമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതേ ആശയത്തെ കാൻ ഫെസ്റ്റിവൽ ‘അൺ സെർട്ടൺ റിഗാർഡ്സ്’ (മറ്റൊരു വീക്ഷണക്കോണിലൂടെ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. മൗലികമായ ലക്ഷ്യവും സ്വകീയമായ സൗന്ദര്യശാസ്ത്രപിൻബലവുമുള്ള ചിത്രങ്ങൾ എന്ന വിശേഷണം ‘അൺ സെർട്ടൺ റിഗാർഡ്സി’ലേക്ക് തിരഞ്ഞെടുക്കുന്നവയ്ക്ക് നൽകിയിട്ടുണ്ട്. കച്ചവടമൂല്യം കുറവായതിനാൽ അവയ്ക്ക് തിയേറ്റർ വിതരണം പ്രയാസമായിരിക്കും എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ലോകമെമ്പാടുമുള്ള വിഭിന്നാഭിരുചിക്കാരായ കാഴ്ചക്കാരിൽ ഈ ചലച്ചിത്രങ്ങൾ എത്തിക്കാൻ മേളകൾ അവസരം ഒരുക്കുന്നത്. ടൊറെന്റോ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുള്ള വേവ് ലെങ്ത്ത് വിഭാഗത്തിന്റെ ലക്ഷ്യവും പരീക്ഷണ സിനിമകളുടെ പ്രോത്സാഹനമാണ്.
   വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളെ തിരിച്ചറിയാനും സ്വീകരിക്കാനും ഉള്ള സന്നദ്ധത കലാമേളകളുടെ ആധുനികമുഖത്തെ പ്രകാശമാനമാക്കുന്നുണ്ട്.  പൊതുവായി ഒരു പ്രമേയം സ്വീകരിക്കുകയും അതിനെ അടിസ്ഥാനമാക്കി മേളകൾ ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നതിനു പുറമേയാണ് ആവിഷ്കാരപരമായ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യേകമായി വേദികൾ തയ്യാറാവുന്നത്.   വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ആഖ്യാന സിനിമകൾ ഏറ്റെടുക്കാൻ മടിക്കുന്ന ജീവിതപ്രമേയങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രങ്ങൾക്കുള്ള പരിഗണന വികസിതമായ ജനാധിപത്യബോധത്തിന്റെ പ്രകടനപത്രികയാണ്.  ഉയർന്ന രാഷ്ട്രീയബോധ്യങ്ങൾക്കുപോലും രാജ്യാതിർത്തികൾക്ക് അകത്ത് രൂപമാറ്റം വന്ന് സങ്കുചിതമായിത്തീരാനുള്ള സാധ്യത ചെറുതല്ലെന്നിരിക്കെ (ഷാങ് കോക്തുവിന്റെ ‘അരാഷ്ട്രീയമായ ഇടത്തെ’ക്കുറിച്ചുള്ള ആലോചനയെ ഈ വിതാനത്തിൽവച്ചാണ് തിരിച്ചറിയേണ്ടത്) ഭിന്നമായ നിലപാടുകളെയും പരിചരണരീതികളെയും കൂടെക്കൂട്ടുക എന്നതിന്റെ രാഷ്ട്രീയം പ്രത്യേകമായി വിലയിരുത്തപ്പെടേണ്ടതാകുന്നു.
37 സെക്കന്റ്സ്
ബെർളിനിൽ ഇത്തവണ പനോരമ വിഭാഗത്തിൽ സമ്മാനിതമായ ചലച്ചിത്രമാണ് ജപ്പാനിസ് സംവിധായികയായ ഹികാരിയുടെ (വെളിച്ചം എന്നാണ് ഹികാരിയെന്ന വാക്കിനർത്ഥം. അവരുടെ യഥാർത്ഥ പേര് മിത്സുയോ മിയാസാകി എന്നാണ്)   37 സെക്കന്റ്സ്. ജനനസമയത്ത് ശ്വാസമെടുക്കാൻ പറ്റാതെ കഴിഞ്ഞു പോയ 37 നിമിഷങ്ങൾ, സെറിബ്രൽ പാർസിയിലേക്ക് യുമ്മാ തകാഡ എന്ന പെൺകുട്ടിയെ തള്ളിവിട്ടതിനെപ്പറ്റിയും ജീവിക്കാനുള്ള അവളുടെ സംഘർഷത്തെപ്പറ്റിയുമാണ് സിനിമ പറയുന്നത്. മാങ്കാ എന്ന ജപ്പാനീസ് ചിത്രമെഴുത്തുരീതിയിൽ അവൾ മിടുക്കിയാണ്. എന്നാൽ വേണ്ടത്ര അനുഭവമില്ലാത്തതുകൊണ്ട് ആഴമില്ലാതെ പോകുന്ന തന്റെ വരജീവിതത്തെ തിരിച്ചു പിടിക്കാനും അതിലൂടെ പരിമിതികളെ അതിജീവിക്കാനും  വീൽച്ചെയറിൽ ജീവിതമന്വേഷിച്ചിറങ്ങുകയാണ് യൂമാ. എഴുത്തും ജീവിതാനുഭവും തമ്മിലുള്ള വൈരുദ്ധ്യത്തെകൂടിയാണ് പിന്തള്ളപ്പെട്ടു പോകുന്ന ഒരു ജീവിതം കൊണ്ട് സംവിധായിക അടയാളപ്പെടുത്തുന്നത്. അംഗപരിമിതികളെപ്പറ്റി തുറന്നുപറയാനോ അങ്ങനെയുള്ളവരെ പുറത്തുകൊണ്ടുവരാനോ മടിക്കുന്ന സമൂഹത്തിൽ അവരെ സംബന്ധിക്കുന്ന പ്രമേയങ്ങൾ വിപരീതാർത്ഥത്തിലോ ദുരന്തമയമായോ ആണ് സ്വാഭാവികമായും ചിത്രീകരിക്കപ്പെടുക എന്ന് ടൊറെന്റോ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ചോദ്യോത്തരവേളയിൽ ഹികാരി അഭിപ്രായപ്പെടുന്നുണ്ട്. ആളുകൾക്ക് പരിമിതികളല്ല, വെവ്വേറെ തരത്തിലുള്ള ശേഷികളാണുള്ളതെന്ന് ബോധ്യപ്പെടുത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർക്കുന്നു. മെയ് കയാമ എന്ന അമച്വർ അഭിനേത്രിയാണ് യൂമയുടെ കഥാപാത്രത്തിനു ജീവൻ നൽകിയത്.
റാം സംവിധാനം ചെയ്ത പേരൻപിന്റെ ഓർമ്മയെ തിരികെ കൊണ്ടുവരും,  37 സെക്കന്റസ്. വ്യത്യസ്തമായ സാംസ്കാരിക സന്ദഭത്തിൽ ഉടലെടുക്കുന്നതാണെങ്കിലും അനുഭവങ്ങളുടെ സമാനതകൾക്ക് താരതമ്യം സാധ്യമാണ് എന്നാണ് ചിത്രങ്ങളുടെ താരതമ്യം  നൽകുന്ന വാസ്തവം. അമുതവന്റെ മകൾ പാപ്പായുടെ ലൈംഗികവിവക്ഷകൾ ഇന്ത്യൻ സാഹചര്യത്തിൽ പുറത്തെടുക്കാനാവാത്തതും ഒളിച്ചുവയ്ക്കപ്പെടേണ്ടതും അവഹേളനത്തിനു ഏതു സമയവും വിധേയമാകാവുന്നതുമാണ്. അതുകൊണ്ട് അതിനൊരു രക്ഷാകർത്തൃത്വം നൽകുകയാണ് അമുതവനെക്കൊണ്ട് സംവിധായകൻ ചെയ്യുന്നതെങ്കിൽ യൂമ തകാഡ സ്വയം തന്റെ കന്യകാത്വം ഭേദിക്കാൻ ആളിനെ തേടി സ്വയം ഇറങ്ങുകയാണെന്ന വ്യത്യാസമുണ്ട്. ആദ്യത്തേത് ശാരീരികാവശ്യവും മറ്റേത് ആവിഷ്കാരത്തെ സംബന്ധിക്കുന്നതുമാണ്. മാനസിക വെല്ലുവിളി നേരിടുന്ന യൂമയുടെ നഗ്നതയുൾപ്പടെ ചിത്രീകരിക്കാൻ ഹികാരിയെന്ന സ്ത്രീ സംവിധായിക മടിച്ചിട്ടുമില്ല.
ഇൻവിസിബിൾ ലൈഫ് ഓഫ് ജുറിഡൈസ് ഗുസ്മാവോ
ഇത്തവണ കാനിൽ അൺ സെർട്ടൺ റിഗാർഡിൽ മുന്നിലെത്തിയത് ‘ജൂറിഡൈസ് ഗുസ്മാവോന്റെ അദൃശ്യജീവിതം’ (A vida invisível de Eurídice Gusmão) എന്ന ബ്രസീലിയൻ ചിത്രമാണ്. മികച്ച അന്താരാഷ്ട്ര ചലച്ചിത്രങ്ങൾക്കുള്ള ഈ വർഷത്തെ അക്കാദമി അവാർഡിന് ബ്രസീലിന്റെ ഔദ്യോഗിക എൻട്രികൂടിയാണ് കരീം എയ്നോസ് സംവിധാനം ചെയ്ത ഈ ചിത്രം. 2016 -ൽ പ്രസിദ്ധീകരിച്ച മാർത്താ ബെതൽഹയുടെ ഇതേ പേരുള്ള നോവലാണ് സിനിമയ്ക്ക് അവലംബം. ബ്രസീലിയൻ പ്രസാധകർ ഒന്നടങ്കം തള്ളിക്കളയുകയും ജർമ്മൻ പ്രസാധകക്കമ്പനി ഏറ്റെടുത്തതിനു ശേഷം മാത്രം സ്വന്തം നാട്ടിൽ ശ്രദ്ധിച്ചു തുടങ്ങുകയും ചെയ്ത നോവലാണ് ‘അദൃശ്യജീവിതം’. മാർത്തയുടെ ആദ്യത്തെ നോവലുമാണിത്. ജൂറിഡൈസ്, ഗൈഡ എന്നീ രണ്ട് സഹോദരിമാരുടെ കഥ പറയുന്ന സിനിമ, പുരുഷന്മാർ നിർവചിക്കുകയും സ്വന്തമാക്കി കൈവശം വയ്ക്കുകയും ചെയ്യുന്ന ലോകം എത്രമാത്രം പിരിമുറുക്കവും സഞ്ചാരപരിമിതികളും സ്വപ്നത്തകർച്ചകളും സ്ത്രീകൾക്ക് നൽകുന്നുവെന്ന വസ്തുതയെ വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷേ പല രീതിയിൽ ഒരുപാട് ആവർത്തിക്കപ്പെട്ട ഈ പ്രമേയമല്ല, പരിചരണരീതികളാണ് ചലച്ചിത്രത്തെ  ‘വിഭിന്നമായ ഒരു വീക്ഷണക്കോണിൽനിന്നുള്ളതാക്കി’ തീർക്കുന്നത്. ആമസോണിയൻ കാട്ടിലൂടെ വീട്ടിലേക്കുള്ള യാത്രയിൽ പിരിഞ്ഞു പോകുന്ന സഹോദരിമാരെ വീണ്ടും പരസ്പരം കാണാതാക്കുന്നത് പിതാവായ മാനുവലിന്റെ കള്ളങ്ങളാണ്. ജൂറിഡിസ് ആസ്ട്രിയയിലേക്ക് പോയി എന്നാണ് അയാൾ ഗൈഡയെ അറിയിക്കുന്നത്, അവൾ സഹോദരിയെ കാണരുതെന്ന ഉദ്ദേശ്യത്തോടെ. മാനുവൽ മാത്രമല്ല, ലോകം കാണണമെന്ന പ്രതീക്ഷയോടെ ഗൈഡ കൂടെ ചാടി പുറപ്പെടുന്ന നാവികനും അവളെ ക്രൂരമായി ഉപേക്ഷിക്കുന്നു. സിനിമയിൽ ആണുങ്ങളുടെ ലോകത്തിലെവിടെയും വെളിച്ചമില്ല. സ്ത്രീകളുടെ ഐക്യദാർഢ്യമാവട്ടെ ഒരു പുതിയ ലോകത്തെ മുന്നിൽ വയ്ക്കുകയും ചെയ്യുന്നു. ഗൈഡയുടെ ദുരന്തജീവിതത്തിനു തണലാവുന്ന ലൈംഗികത്തൊഴിലാളിയായ ഫിലോമിനയിൽവരെ ഒന്നിപ്പിന്റെ ഗാഢമായ വേരുകൾ കാണാം. ഈ ചിത്രത്തെക്കുറിച്ചെഴുതുമ്പോൾ നിരൂപകനായ ഗേയ് ലോഡ്ജ് (വെറൈറ്റി മാഗസീൻ)വീണ്ടും വീണ്ടും അതിലെ സംഗീതത്തെയും വെയിലുകൊണ്ട് പഴുത്തതുപോലെയുള്ള നിറവൈവിധ്യത്തെയും പ്രകാശത്തെയും പ്രശംസിക്കുന്നത് വെറുതെയല്ല.
സംവിധായകൻ കരീം ഒരു കാലഘട്ട സിനിമ എന്ന നിലയ്ക്ക് (50 കളിലാണ് കഥ നടക്കുന്നത്) ചിത്രീകരണത്തിനു വേണ്ടി വന്ന തയാറെടുപ്പുകളെപ്പറ്റിയാണ് ടോറന്റോയിലെ അഭിമുഖവേദിയിൽ വാചാലനായത്. ഡിജിറ്റൽ ഫോർമാറ്റിൽ ആമസോൺ കാട് ചിത്രീകരിക്കുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠ, കഥയുടെ അന്തരീക്ഷത്തിനു യോജിക്കുന്ന തരത്തിൽ തെളിച്ചമുള്ള ചിത്രങ്ങൾ (ഹൈ ഡെഫനിഷൻ) ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ, പഴയ ലെൻസുകൾ തന്നെ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും അത് ഉപേക്ഷിക്കേണ്ടി വന്നത് തുടങ്ങിയവ. അതിനാടകീയതയെ (മെലോഡ്രാമ) ഒരു ഗണം (ഴാനർ) എന്ന നിലയ്ക്ക് രാഷ്ട്രീയപ്രസ്താവനയായി ഉപയോഗിക്കുകയായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആറേഴു മണിക്കൂർ ആളുകൾ ടി വി സീരിയലുകൾക്ക് (സോപ്പ് ഓപ്പറകൾക്ക്) മുന്നിൽ ചടഞ്ഞിരിക്കുന്ന ഒരു രാജ്യത്ത് അവരുടെ മനസ്സിൽ ഉറച്ചു പോയ ദൃശ്യാനുഭവങ്ങളുടെ ചട്ടക്കൂടുകളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് കരീം എയ്നോസ് ആലോചിച്ചത്.
വെനീസ് മേളയിൽ മുഖ്യധാരാമത്സരത്തിൽ സ്വർണ്ണസിംഹം കരസ്ഥമാക്കിയത് റ്റോഡ് ഫിലിപ്സിന്റെ അമേരിക്കൻ ചിത്രം ജോക്കറാണ്.  തിയേറ്ററിൽ വിജയം കണ്ട സിനിമകൂടിയാണത്. കാനിൽ ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റും ബെർളിനിൽ, നദാവ് ലാപിഡിന്റെ ഫ്രാൻസ്-ഇസ്രയേൽ സംയുക്ത നിർമ്മിതിയായ സിനോനിംസും യഥാക്രമം സുവർണ്ണപ്പനയും സുവർണ്ണകരടിയും നേടി. അനുഭവങ്ങളുടെ പരിചിതമായ താളങ്ങളെ അട്ടിമറിക്കുന്നവയാണ് ആ ചിത്രങ്ങളും.  എങ്കിലും അവയോടൊപ്പം ഓരത്തുനിന്നും കയറി നിൽക്കുന്ന ചിത്രങ്ങളെകൂടി പരിഗണിച്ചുകൊണ്ടേ ആസ്വാദനത്തിന്റെയും വിശകലനത്തിന്റെയും ജനാധിപത്യപ്രക്രിയ പൂർത്തിയാവൂ എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് ചലച്ചിത്രോത്സവങ്ങളിലെ പനോരമയും ഓറിയോന്റിയും ഉൾപ്പടെയുള്ള ഇതരവിഭാഗങ്ങൾ.  വെനിസ് ഫെസ്റ്റിവലിൽ സനൽ കുമാർ ശശിധരന്റെ ചോലയും ടൊറെന്റോ ഫെസ്റ്റിവലിൽ കണ്ടമ്പററി വേൾഡ് സിനിമ, സ്പെഷ്യൽ പ്രസന്റേഷൻ എന്നീ രണ്ട് വ്യത്യസ്തവിഭാഗങ്ങളിൽ ലിജോ ജോസിന്റെ ‘ജെല്ലിക്കട്ടും’ ഗീതു മോഹൻദാസിന്റെ ‘മൂത്തോനും’ ജനശ്രദ്ധ പിടിച്ചു പറ്റിയതിന്റെയും പശ്ചാത്തലത്തിൽ രാജപാതകളെ ജനനിബിഢമാക്കുന്ന ഇത്തരം ഇടവഴികളെപ്പറ്റി ഇവിടെനിന്നുള്ള ആലോചനകൾക്കും പ്രസക്തിയുണ്ട്.   
1996 -ൽ ബുസാൻ മേളയ്ക്കൊപ്പം ആരംഭിച്ച കേരളത്തിലെ ചലച്ചിത്രമേളയ്ക്ക് (IFFK) ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നത് വസ്തുതയാണ്. സ്ഥിരം തിയേറ്റർ കോമ്പ്ലെക്സുകളുടെ നിർമ്മിതി ഉൾപ്പടെ ഒരു പാട് സ്വപ്നങ്ങൾ പൂർത്തിയാ‍വാതെ ഇപ്പോഴും ബാക്കിക്കിടക്കുന്നു. ഫണ്ടുകളുടെ പരിമിതിയും ചിത്രങ്ങളുടെ ലഭ്യതയുമൊക്കെ ഇപ്പോഴും പ്രശ്നമാണെങ്കിലും ഇതരമേളകൾക്കിടയിൽ അവഗണിക്കാനാവാത്ത സ്ഥാനം കേരളത്തിലെ ചലച്ചിത്രോത്സവം നേടിയെടുത്തിട്ടുണ്ട്. എങ്കിലും പരീക്ഷണാത്മകമായി ഒറ്റപ്പെട്ടതും തിയേറ്ററുകൾ അവഗണിക്കുന്നതുമായ ചിത്രങ്ങളെ കൂടുതലായി ഉൾപ്പെടുത്തണമെന്നും മത്സരത്തിനു പരിഗണിക്കുന്ന സിനിമകളുടെ ആദ്യപ്രദർശനം മേളയിലായിരിക്കണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ കുറേക്കാലമായി നിലവിലുണ്ട്. തിരുവനന്തപുരം ചലച്ചിത്രോത്സവം, പ്രത്യേകിച്ചും അതിലെ മലയാള സിനിമകളുടെ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ചട്ടക്കൂടുകൾ പരിഷ്കരിക്കണമെന്ന് വിവിധ കോണുകളിൽനിന്നും മുറവിളികൾ കുറച്ചു കാലമായി ഉയരുന്നുണ്ട്. ‘റിഫോം ഐ എഫ് എഫ് കെ’ ക്യാമ്പയിന്റെ വിമതസ്വരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്  സനൽകുമാർ ശശിധരൻ തന്റെ സിനിമയെ (‘ചോല’) കാലിഡോസ്കോപ്പെന്ന വിഭാഗത്തിൽനിന്നും പ്രതിഷേധിച്ച് പിൻവലിച്ചത്.  ലോകസിനിമാവിഭാഗത്തിൽ ഒരു ചിത്രമെങ്കിലും മലയാളം സബ്‌ടൈറ്റിലോടെ (ഇംഗ്ലീഷിനൊപ്പം) കാണിക്കുക എന്ന ലക്ഷ്യവും മലയാളസാങ്കേതികത അതിവേഗം മുന്നോട്ടു കുതിക്കുന്ന ഈ കാലത്തും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.  ഇതൊന്നും തിരുവനന്തപുരം മേളയുടെ പ്രസക്തിയെയോ പകിട്ടുകളെയോ ഇല്ലാതാക്കുന്നില്ല. എങ്കിലും ജനാധിപത്യവേദികളായി ചലച്ചിത്രോത്സവങ്ങളെ ബലപ്പെടുത്തുന്നതിന് ബഹുതരമായ ദൃശ്യാനുഭവങ്ങൾക്കൊപ്പം കൂടിച്ചേരുന്ന വ്യത്യസ്തമായ അഭിപ്രായഗതികളും വീക്ഷണക്കോണുകളും കാരണമാകേണ്ടതുണ്ട്.   
 
(മൂല്യശ്രുതി ഡിസംബർ 2019, ദൃശ്യതാളം മാസിക മാർച്ച് 2020)