എൺപത്തിയേഴു
വയസ്സുള്ള ബി ആർ പി ഭാസ്കർ അടുത്തകാലത്ത് കേരളംവിട്ടു ചെന്നൈയിൽ താമസിക്കാൻ
തീരുമാനമെടുക്കുന്നത് കേരളം വയോജനസൗഹൃദപരമല്ലെന്ന എന്ന വസ്തുതയെ ഉദാഹരണങ്ങളോടെ
തുറന്നു പറഞ്ഞുകൊണ്ടാണ്. വയോജനസംവിധാനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ
ആർ കെ ബിജുരാജുമായി നടത്തിയ അഭിമുഖത്തിൽ ബി ആർ പി കുറ്റപ്പെടുത്തുന്നുണ്ട്. ആശുപത്രികളും പൊതുവിടങ്ങളും പലതരത്തിലുള്ള ആശ്രയത്വങ്ങളെ
അതിരുകവിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണ് സത്യം. വൃദ്ധജനങ്ങളോടുള്ളത്
അവയിലൊന്നാണെന്നു മാത്രം. സമൂഹം ഒന്നടങ്കം സാമൂഹികമായ ജാഗ്രത കുറഞ്ഞ്,
ആശ്രയത്വഭാവത്തെ പരിപോഷിപ്പിക്കുകയാണെങ്കിൽ അത് നഷ്ടപ്പെടുത്തുന്നത് വ്യക്തികളുടെ
ആത്മാഭിമാനത്തെയാണ്. ഓരത്തേയ്ക്ക് മാറ്റി നിർത്തപ്പെടുന്ന സമൂഹങ്ങളുടെയെല്ലാം
കാതലായ പ്രശ്നങ്ങളിലൊന്നാണ് അവരുടെ ആത്മാഭിമാനത്തെ തല്ലിക്കെടുത്താനുള്ള
ആർപ്പുവിളികളും ഭൂരിപക്ഷസമുദായങ്ങളുടെ മാന്യതാനാട്യവും എന്നുള്ളത് ഇതേ
പ്രശ്നത്തിന്റെ വിശാലമായ രാഷ്ട്രീയമാനത്തെ എടുത്തുകാണിച്ചുതരുന്നു.
സ്വാതന്ത്ര്യാനന്തര
ഇന്ത്യയിലെ (കേരളത്തിലെയും) രാഷ്ട്രീയ- സാംസ്കാരിക മാറ്റങ്ങളെ അടുത്തുനിന്ന് കണ്ട കണ്ണാണ്
ബാബുരാജേന്ദ്രപ്രസാദ് ഭാസ്കർ എന്ന ബിആർപി യുടേത്. ഇരുപതാമത്തെ വയസ്സിൽ തുടങ്ങി 40
വർഷത്തോളം അച്ചടിമാധ്യമരംഗത്ത് പ്രവർത്തിച്ചു. വാർത്താവിനിമയരംഗത്തുവന്ന
കുതിച്ചുച്ചാട്ടങ്ങൾക്കൊപ്പവും അദ്ദേഹം ക്ഷീണമില്ലാതെ നടന്നു. ദൃശ്യമാധ്യമങ്ങളുടെ
തുടക്കകാലത്ത് അവകളിലൂടെയും സാമൂഹിക സമ്പർക്കമാധ്യമങ്ങളുടെ കാലത്ത് അവയുടെ വിനിമയ
സാധ്യതകളുപയോഗിച്ചും ജനങ്ങളുമായി സംവദിച്ചു. വിശകലനജാഗ്രതകുറഞ്ഞ ഏതു സമൂഹത്തിലും
കയ്യേറാൻ കാത്തിരിക്കുന്ന ഇരുൾവശങ്ങളുണ്ടെന്ന വസ്തുതയ്ക്ക് ഇക്കാലമത്രയും അദ്ദേഹം
അടിവരയിടുകയായിരുന്നു. അതുകൊണ്ട് ഒരർത്ഥത്തിൽ, നാലു പതിറ്റാണ്ടുകാലത്തെ കേരളത്തിൽനിന്നു
മാറിയുള്ള താമസത്തിനു ശേഷം (അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ സാമ്പത്തിക
അഭയാർത്ഥിത്വം) വീണ്ടും ഒരു പ്രവാസത്തിന് (സാമൂഹിക അഭയാർത്ഥിത്വം) തയ്യാറായതിനു
പിന്നിൽ ജീവിതത്തിലുടനീളം ബിആർപി പുലർത്തിയ
ധാർമ്മിക കലഹങ്ങളുടെ പിന്തുടർച്ചയുണ്ട്.
ശരിയായൊരു മാധ്യമപ്രവർത്തകന് വിശ്രമജീവിതമില്ല.
ആത്മാഭിമാനത്തോടെ
മനഃസാക്ഷിക്കു മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കാനുള്ള
അവകാശം ഉണ്ടെന്ന് അംഗീകരിക്കുക. ‘ജീവിതം
എന്നെ എന്തു പഠിപ്പിച്ചു’
എന്ന പംക്തിയിൽ വർഷങ്ങൾക്കു മുൻപ് ബി ആർ പി കുറിച്ചു വച്ചു. മനഃസാക്ഷിക്കനുസരിച്ച്
പ്രവർത്തിക്കണമെന്ന് നിർബന്ധമുള്ളവർക്ക് അതിനു വിലകൊടുക്കേണ്ടി വന്നേക്കാം എന്നും
അതിനു താഴെ അദ്ദേഹം എഴുതി. അദ്ദേഹത്തെക്കുറിച്ച്ബ
എൻ ബി സുരേഷ് എഡിറ്റു ചെയ്ത് പുറത്തിറക്കിയ, ബിആർപി : വേരുണങ്ങാത്ത വാക്കെന്ന
പുസ്തകം ആരംഭിക്കുന്നത് ഈ വാക്കുകളോടെയാണ്.
മനഃസാക്ഷിയെക്കുറിച്ചുള്ള സങ്കല്പത്തിന് ഇപ്പോൾ വികല്പങ്ങളുണ്ട്. സ്വയംബോധത്തിൽനിന്ന് ബുദ്ധി വേർതിരിഞ്ഞ്തായി
തിരിച്ചറിഞ്ഞു കഴിഞ്ഞ ഇക്കാലത്ത് ഡാറ്റായിസ്റ്റുകൾ മനസ്സാക്ഷിയെന്ന മിഥ്യയിലും
സ്വയം ബോധ്യങ്ങൾ എന്ന നിഷ്പക്ഷതയിലും വിശ്വസിക്കുന്നില്ല. ശരീരത്തിലെ
രാസമൂലകങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ജീവശാസ്ത്രപരമായി
കലഹങ്ങൾ. എന്നാൽ ആദർശങ്ങൾക്കും ധാർമ്മികതയ്ക്കും
സാമൂഹികശാസ്ത്രപരമായ വ്യത്യസ്തമായ
തലങ്ങളുണ്ട്. രാസസംയുക്തങ്ങളുടെ ജൈവികമായ അസന്തുലിതത്വം തന്നെയാണ് വീണ്ടുവിചാരമില്ലാത്ത
രാഷ്ട്രീയ നേതൃത്വങ്ങളെയും ചിന്താശേഷി തകരാറിലായ ആൾക്കൂട്ടങ്ങളെയും
സൃഷ്ടിക്കുന്നത്. അവയ്ക്ക് ബദലാകാൻ
സർഗാത്മകമായ ധാർമ്മിക നിലപാടുകൾക്കേ കഴിയൂ. പല തരത്തിൽ ജീവിതത്തെ പിന്നോട്ടു
വലിക്കുന്ന ഭാരമായി ഭയം രൂപം മാറുന്ന സമകാലത്ത് പ്രത്യേകിച്ചും അത്തരം
നിലപാടുകൾക്കുള്ള പ്രാധാന്യം വലുതാണ്.
‘ബിആർപി: വേരുണങ്ങാത്ത വാക്ക്,’ കാലത്തോടൊപ്പം
നടന്ന പരിണതപ്രജ്ഞനായ ഒരു മാധ്യമപ്രവർത്തകന്റെ
ബോധ്യങ്ങളുടെ നേർസാക്ഷ്യമാണ്. രണ്ട് ഭാഗങ്ങളാണ് എഡിറ്റർ പുസ്തകം സംവിധാനം
ചെയ്തിട്ടുള്ളത്. സഹപ്രവർത്തകരും
കൂട്ടുകാരും ശിഷ്യരും അവതരിപ്പിക്കുന്ന ബിആർപിയാണ് ഒന്നാം ഭാഗത്തുള്ളത്. മറ്റുള്ളവരുടെ
വാക്കുകളിൽ വെളിപ്പെടുന്ന ബിആർപിയുടെ പശ്ചാത്തലവും കാര്യകാരണങ്ങളും
വിശദമാക്കുന്നതാണ് രണ്ടാം ഭാഗം എന്നും പറയാം. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച
ബിആർപിയുമായുള്ള അഭിമുഖങ്ങളാണ് ആ ഭാഗത്തിൽ. 171 പുറങ്ങളിലായി പരന്നുകിടക്കുന്ന
അഭിമുഖങ്ങൾ കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തെയും സാമൂഹികമാറ്റങ്ങളെയും
രാഷ്ട്രീയവഴികളെയും മേൽക്കൈ നേടുന്ന അധീശപ്രത്യയശാസ്ത്രങ്ങളെയും രൂക്ഷമായി
നിരീക്ഷിക്കുകയും വിലയിരുത്തുകയും
ചെയ്യുന്ന വാക്കിന്റെ മൂന്നാം കണ്ണുകളായി തീരുന്നു. ആദ്യഭാഗത്ത് അദ്ദേഹം
പരിചയസമ്പന്നനായ പത്രപ്രവർത്തകനും മാർഗദർശിയും പ്രോത്സാഹകനും ദീർഘദർശിയായ ആശയദാതാവും
നിതാന്ത പരിശ്രമശാലിയും
വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന വ്യക്തിത്വമാതൃകയുമാണ്.
രണ്ടാം
ഭാഗത്തെ അഭിമുഖങ്ങൾ വിചാരണകൾകൂടിയാണ്. വിമർശനങ്ങളോട് നയപരമായ സമീപനമാണ്
ബിആർപിക്ക്. മനില സി മോഹനും ബിജുരാജും മുഹ്‌സിൻ പരാരിയും കെ പി മോഹനനും വിധു
വിൻസെന്റും പി എസ് റംഷാദും പ്രീജിത്ത് രാജുമൊക്കെയാണ് അഭിമുഖകർത്താക്കൾ. തന്റെ
പ്രവൃത്തികളും നിലപാടുകളും വിശദീകരിക്കാനുള്ള ഉത്തരവാദിത്തംകൂടി ചോദ്യകർത്താക്കൾ
ബിആർപിയ്ക്ക് നൽകുന്നുണ്ട്. ന്യൂസ് 18 ലെ തൊഴിൽ വേതനപ്രശ്നത്തെ ലൈംഗികപീഡനമാക്കി
ബിആർപി വിമർശിച്ചത്, സോഷ്യൽ മീഡിയയിൽ വിവാദമായ കാര്യം മനില ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. വാർത്തയുടെ ഉറവിടത്തെപ്പറ്റി
(മലയാളമാധ്യമങ്ങൾ വാർത്തകളുടെ പ്രഭവത്തെപ്പറ്റി മിക്കാവാറും മൗനം പാലിക്കുകയാണ്
പതിവ്) വായനക്കാരെ അറിയിക്കണമെന്ന ഉറച്ചധാരണയുള്ള ബിആർപി പ്രശ്നത്തെ മറ്റൊന്നായി
അവതരിപ്പിക്കുകയാണ് ചെയതെന്നതായിരുന്നു വിമർശനം. സാമൂഹികമാധ്യമങ്ങളിലെ
പങ്കുവയ്ക്കലിന് വ്യക്തികൾതമ്മിലുള്ള ആശയകൈമാറ്റമാണ് ആധാരം. സ്ഥാപനങ്ങളും
വ്യക്തിയും പങ്കുവയ്ക്കുന്ന വിവരങ്ങൾക്ക് ആ തരത്തിലുള്ള വ്യത്യാസങ്ങളുണ്ടാവും.
അവിടെ ഒരു പ്രശ്നത്തെ പുറത്തുകൊണ്ടുവരികയെന്നുള്ള ലക്ഷ്യത്തിനാണ് പ്രാധാന്യം എന്നതിനെ
ബിആർപി പ്രതിരോധിക്കുന്നുണ്ട്.
നിഷ്പക്ഷത
തനിക്കില്ലെന്ന് തുറന്നു പറയുന്ന ബിആർപി (ഞാൻ ഏതായാലും നിഷ്പക്ഷനല്ല, പുറം 153) ഏതെങ്കിലും
രാഷ്ട്രീയകക്ഷിയുടെ വക്കാലത്ത് പിടിക്കാത്തതുകൊണ്ട് ചായ്‌വുകളുടെ ഭാരമില്ലാത്ത
എഴുത്താണ് തുടരുന്നത്. എനിക്ക് പ്രത്യേകിച്ച് ഒരജൻഡ ഇല്ലാത്തതുകൊണ്ടാണത് എന്ന്
അദ്ദേഹം അതു തീർത്തും വ്യക്തമാക്കുന്നു. എന്നാൽ മനുഷ്യാവകാശങ്ങളുടെയും
ധാർമ്മികപ്രതിബദ്ധതയുടെയും പൊതുബോധ നിരാസത്തിന്റെയും ഭാരം തീർച്ചയായിട്ടും
അവയ്ക്കുണ്ട്. കലഹത്തെ ജീവിതത്തിലുടനീളം
സ്വയം തിരുത്തൽ ശക്തിയായി അദ്ദേഹം കൊണ്ടുനടന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ ആ
ജീവിതത്തിലുണ്ട്. വ്യക്തിഗതമായ അനുഭവത്തിന്റെ മുഖംമൂടിയാണ് ബഹ്യമായി
അവയ്ക്കുള്ളത്. ഫിലിപ്പൈൻ ഗവണ്മെന്റിന്റെ
മാഗ്സാസെ ഫെല്ലോഷിപ്പിനു വിടാൻ മാനേജുമെന്റ് തയ്യാറാവാതിരുന്നതുകൊണ്ടാണ് 1958-ൽ
ഹിന്ദു വിടുന്നത്. എന്നാൽ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റ് യൂണിയൻ അവിടെ
തുടങ്ങിയതു കാരണമുള്ള മാനേജുമെന്റിന്റെ അതൃപ്തിയെ കൂടുതൽ സഹിക്കേണ്ടതില്ലാത്തതാണ്
യഥാർത്ഥ കാരണം. പേട്രിയറ്റിൽനിന്ന് രാജിവച്ചത് സുഹൃത്തായ എം പി നാരായണ പിള്ളയോട് മേധാവിയായ
എടത്തട്ട നാരായണൻ മോശമായി പെരുമാറിയതുകൊണ്ടാണെന്നാണ് പ്രചരിച്ച വാസ്തവം. എം പി
തന്നെ അതെഴുതിയിട്ടുണ്ട്. (ബാബുഭാസ്കർ എന്ന ലേഖനം) ബിആർപിയുടെ ഇറങ്ങിപ്പോക്ക് എടത്തട്ടയെ
കുലുക്കിയ നഷ്ടമായിരുന്നു എന്നും എതിൽ കാണാം. എന്നാൽ പത്രപ്രവർത്തനമൂല്യങ്ങളെ
രാഷ്ട്രീയതാത്പര്യങ്ങൾക്കുവേണ്ടി ബലികഴിക്കുന്നതിലുണ്ടായിരുന്ന എതിർപ്പ് ഈട്ടം കൂടി
ഒരു ദിവസം പുറത്തുവന്നതായിരുന്നു ആ രാജി എന്നാണ് ബിആർ പി അതിനെ വിശദീകരിക്കുന്നത്
(പേജ് 171,270) പത്രവിശേഷത്തിൽനിന്നു പിന്മാറാനുള്ള തീരുമാനത്തിലും ഇതുപോലെ
പുറത്തു വന്നതും അകത്തുള്ളതുമായ മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയുമായി
ബന്ധപ്പെട്ട രണ്ട് വശങ്ങളും പുസ്തകം കാണിച്ചു തരുന്നുണ്ട്. വ്യക്തിഗതകലഹങ്ങൾ സ്വയം
നവീകരിക്കാനുള്ള ഉപാധിയാവുമ്പോഴാണ് അതിന് രാഷ്ട്രീയ അർത്ഥങ്ങൾ കൈവരുന്നത്.
1969
ജൂലായ് 21 നു മനുഷ്യൻ ചന്ദ്രലിറങ്ങിയത് ഇന്ത്യൻ പത്രങ്ങൾ വർണ്ണിച്ചത് ബിആർപിയുടെ
വാക്കുകളിലൂടെയാണ്. ഇന്ത്യൻ സമയം ഒന്നരയ്ക്ക് ചന്ദ്രനിലിറങ്ങുന്നതിന്റെ
റിപ്പോർട്ടുകൾ വന്നതിനു ശേഷം പത്രങ്ങൾ അച്ചടിക്കാൻ സൗകര്യമില്ലാതിരുന്ന കാലത്ത്
‘ചന്ദ്രൻ, പ്രശാന്തതയുടെ കടൽ’ എന്ന ശീർഷകം നൽകി വാർത്ത അച്ചടിക്കു വിട്ടത്
ഭാവനയുടെയും സമയോചിതമായ ഇടപെടലിന്റെയും മാർഗരേഖകൂടിയാണ്. അതുകൊണ്ട് ‘ചന്ദ്രനിലിറങ്ങിയ മലയാളി’ എന്ന്
ബിആർപിയെ കെ എ ബീനയും ഗീതാബക്ഷിയും ചേർന്നെഴുതിയ ലേഖനം വിശേഷിപ്പിക്കുന്നു. ദസറാദിനങ്ങളിൽ കത്തിക്കുന്ന പുരാണകഥാപാത്രങ്ങളുടെ
കോലങ്ങൾ ഉണ്ടാക്കുന്നത് ദെൽഹിയിലെ മുസ്ലീങ്ങളാണ്. ആതിഷ്ബാസ് എന്നറിയപ്പെടുന്ന ആ
സമൂഹത്തിലൊരാളായ റഷീദ് അഹമ്മദിന്റെ അഭിമുഖവുമായി ഇറങ്ങിയ ഫീച്ചർ വൻഹിറ്റായ കഥ
മഹേന്ദ്രവേദ് എഴുതിയ കുറിപ്പിലുണ്ട്. (തെളിച്ചത്തിന്റെ കൈയൊപ്പുള്ള എഡിറ്റർ) മഹേന്ദ്രവേദ്
എഴുതിയ ആ ഫീച്ചർ ബിആർപിയുടെ ഭാഷാപരമായ മിനുക്കത്തോടെയാണ് അച്ചടിച്ചുവന്നത്.
സമയബന്ധിതമായി ഫീച്ചറെഴുതാനുള്ള തിരക്കിൽ അദേഹം സങ്കല്പിച്ചുണ്ടാക്കിയ
കഥാപാത്രമാണ് റഷീദ് അഹമ്മദ്. സൂക്ഷ്മദൃഷ്ടിയായ ബിആർപി ഇത് മനസിലാക്കാതിരുന്നില്ല,
അതേസമയം വാസ്തവവിരുദ്ധമായി
ഒന്നുമില്ലാത്ത ഫീച്ചറിന്റെ കാലികപ്രസക്തിയെ
തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരിച്ചയച്ച കഥ
ഒളിപ്പിച്ചു വച്ചുകൊണ്ട് എം പി
നാരായണപിള്ളയെ ആത്മവിശ്വാസമുള്ള ഒരു കഥാകൃത്താക്കിമാറ്റാൻ ശ്രമിച്ചതായിരിക്കും
(മുരളിയുടെ അനുസ്മരണം, പേജ് 40) ബിആർപിയുടെ ഈ നിലയ്ക്കുള്ള ഏറ്റവും വലിയ
സർഗാത്മകപ്രവർത്തനം.
അറിവല്ല,
അറിവിനുള്ള പ്രഭവങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുകയാൺ`
മാധ്യമപ്രവർത്തകന്റെ ഏറ്റവും വലിയശേഷി. ഇന്ത്യാ പാകിസ്താൻ വാർത്താവിനിമയ ബന്ധം
വിച്ഛേദിക്കപ്പെട്ടിരുന്ന കാലത്ത് മുജിബുർ റഹ്മാന്റെ വിജയത്തെക്കുറിച്ചുള്ള
വിശദാംശങ്ങൾ അറിയാൻ ബി ആർപി പ്രയോജനപ്പെടുത്തിയത് കൽക്കട്ടയിലെയും ധാക്കയിലെയും
പത്രസ്താപനങ്ങൾക്കുള്ള പരസ്പരബന്ധമാണ്. ഡെൽഹിയിൽനിന്നും നേരിട്ടു ശ്രമിച്ചിട്ടും
കിട്ടാത്ത വിവരങ്ങൾ അങ്ങനെ യു എൻ ഐയ്ക്കു ലഭിച്ചു. ഹർഗോവിന്ദ് ഖുറാനയ്ക്ക് നോബൽ സമ്മാനം
കിട്ടിയപ്പോൾ ഖുറാന എന്ന വാക്കിലെ ഇന്ത്യൻ ബന്ധം വച്ച് ടെലിഫോൺ ഡയറക്ടറി
തിരഞ്ഞ് ഡെൽഹിയിലെ സകല ഖുറാനമാരെയും വിളിച്ചാണ്
ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന്റെ അടുക്കൽ എത്തിച്ചേർന്നത്. വിവരങ്ങൾ കണ്ടുപിടിക്കൽ തീർത്തും ദുഷ്കരമായിരുന്ന
അന്ന്വ്യക്തിയെ കണ്ടുപിടിക്കാൻ നടത്തിയ കഠിനശ്രമം, ആഗ്രഹിച്ചതരത്തിലുള്ള ജോലി കിട്ടാത്തതിനാൽ
നാടുവിട്ടുപോയി ഒടുവിൽ നോബൽ സമ്മാനിതനായ ഇന്ത്യക്കാരന്റെ ‘സ്റ്റോറി’ കൂടിയാണ് നൽകിയത്.
നിലപാടുകളുടെയും
ഉൾക്കാഴ്ചയുടെയും സർഗാത്മകതയുടെയും സമയോചിതമായ തീരുമാനങ്ങളുടെയും ഫലമാണ് മികച്ചതും
ശ്രദ്ധേയവുമായ വാർത്തകൾ എന്ന വാസ്തവം പകർന്നു നൽകുന്ന പാഠപുസ്തകംകൂടിയാണ് ഈ
പുസ്തകത്തിലെ അനുഭവവിവരണങ്ങൾ. ഗണിതമായിരുന്നു ബിആർപിയുടെ പാഠനവിഷയം.
പരസ്പരബന്ധമില്ലാത്ത ഭാഷയും കണക്കും ബിആർപിയുടെ കാര്യത്തിൽ പരസ്പരസഹായസംഘമായി
മാറുകയായിരുന്നു എന്നു കാണാം. കണക്കിന്റെ കണിശതയായിരിക്കാം, ഭാഷയെ വെട്ടിയൊതുക്കി സൂക്ഷ്മവും ശക്തവും തെറ്റിദ്ധാരണയ്ക്ക്
പഴുതില്ലാത്തതുമാക്കുന്ന ശേഷി പകർന്നു നൽകിയത്. ഭാഷയാണ് വാർത്ത. പത്രപ്രവർത്തന തുറയിലുള്ള
പരിചയവും തഴക്കവും മിടുക്കും തനിക്ക് നൽകിയതിന് റാം മനോഹർ റെഡ്ഡിയും
മാധ്യമപ്രവർത്തനത്തെ മനുഷ്യാവകാശപോരാട്ടത്തോളം കൊണ്ടെത്തിക്കാൻ പഠിപ്പിച്ചതിന് നീലനും
അദ്ദേഹത്തിനു നന്ദി പറയുന്നു. ദേശീയഗാനത്തിന് എഴുന്നേറ്റു നിൽക്കാത്തതിനുള്ള കേസ്,
ഡി എച്ച് ആർ എമിനെതിരെയുള്ള കേസ്,
അരിപ്പഭൂസമരം, പെരുമാൾ മുരുകനെതിരായ ജാതിസംഘടനകളുടെ സമരം തുടങ്ങി
മനുഷ്യാന്തസ്സിനെതിരെ ഉയരുന്ന എല്ലാ പ്രതിലോമതകളോടും കലഹിച്ചുകൊണ്ട് ബിആർപി
മുന്നിലുണ്ട്. നിലപാടുകളുംകൂടിയാണ് മാധ്യമപ്രവർത്തനം. സക്കറിയ എത്തിക്കൽ
ജേണലിസത്തിന്റെ അവസാനത്തെ കണ്ണിയായി അദ്ദേഹത്തെ വിലയിരുത്തുന്നത് വെറുതെയല്ല.
ഗൂഗിൾ
ഗ്രൂപ്പിലും (ഇപ്പോഴില്ല) ഫെയിസ് ബുക്കിലും ട്വിറ്ററിലും ബിആർപി സജീവമാണ്.
ഇന്ത്യയിലെ നിരവധി ഓൻലൈൻ മാഗസീനുകളുടെ ലിങ്കുകൾ അവ പ്രസിദ്ധീകരിക്കുന്ന പ്രസക്തമായ
സ്റ്റോറികളോടൊപ്പം അദ്ദേഹത്തിന്റെ വാളിൽ കാണാം. വാർത്തകളുടെ ഉള്ളടക്കത്തോടും
കാഴ്ചപ്പാടുകളോടുമുള്ള ആഭിമുഖ്യം മാത്രമല്ല ഷെയറിങിന്റെ ഉദ്ദേശ്യം. ആളുകൾ
വായിക്കണം എന്നാഗ്രഹമുള്ളവയാണ് താൻ പങ്കുവയ്ക്കുന്നത് എന്ന് അദ്ദേഹം അഭിമുഖത്തിൽ
പറയുന്നു. ഇന്ത്യയിലും കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെയും
രാഷ്ട്രീയപ്രശ്നങ്ങളെയും പ്രമുഖ ഓൺലൈൻ മാഗസീനുകളെ ഉദ്ധരിച്ച് പോസ്റ്റുകളിടുൾ സദാ
ഉണർന്നിരിക്കുന്ന ഒരു പത്രാധിപർ സ്ഥിരമായൊരു പ്രതിപക്ഷമായി അദ്ദേഹത്തിന്റെ ഉള്ളിൽ
വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ പത്രപ്രവർത്തനം കണ്ണിൽകാണാത്ത ഒരു
സമൂഹത്തിനുവേണ്ടിയുള്ള പണിയായതുകൊണ്ടാവണം നന്ദി തിരിച്ചുകിട്ടാത്ത
ജോലികളിലൊന്നാണ്. അധികാരത്തോടുള്ള നിതാന്തകലഹം അതിനുള്ളിലെ മറ്റൊരു
പ്രതിസന്ധിയാണ്. നിലപാടും ധാർമ്മികതയും ക്രാന്തദർശിത്വവുമൊക്കെ മനസിലാക്കാനും
തിരിച്ചറിയാനും നാളുകളെടുക്കും. ആ പരാതി ഒരു പരിധിവരെ പരിഹരിക്കാൻ ‘വേരുണങ്ങാത്ത
വാക്കിനു’
കഴിഞ്ഞിട്ടുണ്ട്. പുറത്തു കേൾക്കാവുന്ന ഒച്ചയും ബഹളവുമില്ലാതെ അനുഭവങ്ങളുടെ
പരപ്പിലൂടെ നടന്നു നീങ്ങിയ ഒരു ജീവിതത്തിന്റെ ചിത്രമത് മുന്നിൽ വയ്ക്കുന്നുണ്ട്. ‘റാഡിക്കൽ’ എന്ന വാക്കിന്
വേരുമായുള്ള സംബന്ധം ധ്വനിഭംഗിയായി ഈ ശീർഷകത്തെ അറിഞ്ഞോ അറിയാതെയോ തിളക്കുന്നുമുണ്ട്.
പത്രപ്രവർത്തനരംഗത്തെ
സമഗ്രസംഭാവനയ്ക്കുള്ള സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ കേരള സർക്കാർ ബിആർപിക്കാണ്
നൽകിയത്. സുകുമാർ അഴീക്കോടിന്റെ പേരിലുള്ള
സാമൂഹികപ്രവർത്തകനുള്ള അവാർഡ് ബിആർപി സ്നേഹപൂർവം നിരസിച്ചിരുന്നു. എഴുതിയത് ആകെ
രണ്ടു പുസ്തകങ്ങൾ, പിന്തിരിഞ്ഞോടുന്ന കേരളവും ചരിത്രത്തിലില്ലാത്തവരും. പിന്നെ മാധ്യമരംഗത്തെ
അനുഭവങ്ങളെപ്പറ്റി ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ‘ന്യൂസ് റൂ’മും. സുദീർഘമായ
തൊഴിൽജീവിതത്തിന്റെ പാദമുദ്രങ്ങൾ അത്രയും കൊണ്ട് തീരുന്നു. സമാഹരിക്കാത്ത ലേഖനങ്ങൾ
വളരെയാണ്. ‘വേരുണങ്ങാത്തവാക്കിന്റെ’ ആമുഖത്തിൽ ബിആർപി മുൻപ് താമസിച്ചിരുന്ന
തിരുവനന്തപുരത്തെ വീടിന്റെ രണ്ടാം നിലയിൽ അട്ടിയട്ടിയായി വച്ചിരുന്ന മാഗസീനുകൾ കൊണ്ടുപൊയ്ക്കൊള്ളാൻ
അനുവദിച്ചതിനെപ്പറ്റി എഡിറ്ററായ എൻ ബി സുരേഷ് എഴുതുന്നുണ്ട്. ഒരു പക്ഷേ
കാലത്തിന്റെ തുറന്നുപിടിച്ച കണ്ണെന്ന നിലയിൽ അവ പുസ്തകരൂപത്തിൽ ഉടൻ പ്രത്യക്ഷമാവുമെന്ന്
പ്രതീക്ഷിക്കാം.
1 comment:
അറിവല്ല, അറിവിനുള്ള പ്രഭവങ്ങൾ
ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുകയാൺ`
മാധ്യമപ്രവർത്തകന്റെ ഏറ്റവും വലിയശേഷി.
Post a Comment