സുസ്ഥിരവും
വസ്തുനിഷ്ഠവുമായ മനുഷ്യയാഥാർത്ഥ്യത്തെപ്പറ്റിയും അതിനെ സുഭദ്രമായും ആകർഷകമായും
ആവിഷ്കരിച്ച് ആസ്വാദകർക്ക് സവിശേഷാനുഭൂതി വിതരണം ചെയ്യുന്ന എഴുത്തുകാരുടെ
സുവിദിതമായ പ്രതിഭാവിശേഷത്തെപ്പറ്റിയും പുതിയ കഥയെഴുത്തുകാർ, വച്ചുപുലർത്തുന്ന ഒരു അവിശ്വാസം പ്രമോദ് രാമനിലും വലിയൊരളവിൽ കാണാം.
രതിമാതാവിന്റെ പുത്രൻ (2011) ദൃഷ്ടിച്ചാവേർ (2014) മരണമാസ് (2017) എന്നീ മൂന്നു
കഥാസമാഹാരങ്ങൾക്കും ആമുഖമായി എഴുത്തുകാരൻ നൽകിയിരിക്കുന്ന വളരെ ചെറിയ കുറിപ്പുകളിൽ
ഈ കുറ്റബോധ സ്വരം മുന്നിട്ടു
നിൽക്കുന്നുണ്ട്. എല്ലാ കാലത്തേക്കുമായി
നിലനിന്നുകൊണ്ട് അതതുകാലങ്ങളിലെ സമൂഹങ്ങളുമായി ഒരു കുറവുമില്ലാതെ സംവദിക്കുന്ന
സാഹിത്യത്തിന്റെ മഹിമാതിരേകങ്ങളെപ്പറ്റിയുള്ള വിശ്വാസങ്ങൾ ഇനിയുള്ള കാലം
കെട്ടുകഥമാത്രമാണെന്ന വിനീതവിശ്വാസം മാത്രമല്ല ഇതിനു പിന്നിലുള്ളത്.
വൈകാരികാനുഭൂതികൾക്ക് ആകൃതികൾ നിർമ്മിച്ചു കൊടുക്കുക എന്ന ബാധ്യതയേക്കാളേറെ
അനുഭൂതിസാഹചരങ്ങളെ ഉള്ളടക്കങ്ങളാക്കുന്നതിൽ വന്നുപെടുന്ന അവിശ്വാസങ്ങൾ എഴുത്തുകാരെ കൂടുതലായി ഭരിച്ചു
തുടങ്ങുന്നുണ്ട്. പൂർണ്ണത, സമഗ്രത തുടങ്ങിയ സങ്കല്പങ്ങളെ പഴയതുപോലെ
തീർച്ചപ്പെടുത്താൻ ഒരു കേന്ദ്രമില്ലെന്ന അബോധാത്മകമായ തിരിച്ചറിവാണ് ഈ
കുഴമറിയലിന്റെ അടിസ്ഥാനം. അതിന്റെ പരിസരം സാമൂഹികമാണ് എന്നതുപോലെതന്നെ
രാഷ്ട്രീയവുമാണ്. നിരന്തരമായി
മാറിക്കൊണ്ടിരിക്കുന്നതും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഒരു ചുഴിയിൽ അകപ്പെട്ടതിനെപ്പറ്റിയുള്ള
ഉത്കണ്ഠകളെകൂടിയാണ് നാം കഥകളായി വായിക്കുന്നത്.
എന്തുകൊണ്ട് പുതിയ കാലത്തിലെ എഴുത്തുകാരൻ തന്റെ രചനകളെ
അവിശ്വാസത്തോടെ നോക്കുന്നു? അതിന്റെ യഥാർത്ഥകാരണം അയാളിലും കവിഞ്ഞു
നിൽക്കുന്ന ഒന്നാണ്. പഴയ സൗന്ദര്യശാസ്ത്രസങ്കല്പങ്ങൾക്കുള്ളിൽവച്ചുകൊണ്ട്
ആഖ്യാനരീതിയുടെ പുതുമ എന്ന മട്ടിൽ നോക്കിക്കാണുന്നതിനുപകരം, പ്രമേയം ആവശ്യപ്പെടുന്ന രീതിയിലുള്ള പരിചരണമാണ് ഇവിടെ നടക്കുന്നതെന്ന്
വിലയിരുത്തുന്നതാണ് കൂടുതൽ ഉചിതം. ഈ തരത്തിലുള്ള
ഉള്ളടക്ക പരിചരണം, പ്രമേയത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള ഒരു
ദിശാസൂചിയാണ്. പ്രമേയത്തിന്, അറിയേണ്ടത് (നോവബിൾ) എന്നൊരു അർത്ഥമുണ്ട്. എല്ലാ കാലത്തേക്കുമായി
നിലനിന്നുകൊണ്ട് അതതുകാലങ്ങളിലെ സമൂഹങ്ങളുടെ വൈകാരികവും ധിഷണപരവുമായ ഉള്ളടക്കങ്ങളെ, അറിഞ്ഞത് (നോളേജ്) എന്ന മട്ടിൽ ന്യൂനതകളില്ലാതെ വിശദീകരിക്കുന്ന വാങ്മയത്തിന്റെ
മഹിമാതിരേകങ്ങൾ കെട്ടുകഥയാണ് എന്ന ബോധം ഒഴുകിപ്പരക്കുന്നതിന്റെ ലക്ഷണങ്ങളിൽ പ്രകടമായ രണ്ട് സൂചനകൾ ഉണ്ട്.
1. ഉള്ളടക്കപരിചരണം എന്ന നിലയിൽ ആഖ്യാനവൈവിധ്യങ്ങൾ
പ്രത്യക്ഷപ്പെടുന്നു.
2. സ്വന്തം പ്രമേയത്തെ അകന്നു നിന്നു കാണുന്നതരം ഘടന
രചനകൾക്ക് കൈവരുന്നു.
പ്രമോദ് രാമന്റെ ‘റെഡ്ക്രോസ്’ (രതിമാതാവിന്റെ പുത്രൻ) എന്ന
കഥയുടെ തുടക്കത്തിൽ ഒരു ആമുഖവാചകമുണ്ട്. ‘എന്നെപ്പോലെ വിദ്യാഭ്യാസം തീരെക്കുറഞ്ഞ ഒരാൾക്ക് ചേരാത്ത ഭാഷയിലുള്ള എന്റെയീ
ആത്മഗതത്തിന് നിങ്ങളെന്നോട് ക്ഷമിക്കുക.’ ബെറ്റെർ ലൈഫ് ഫോർ ഡെസ്റ്റിറ്റ്യൂഡ്സ് & അദേഴ്സ് ആശുപത്രിയിലെ തൂപ്പുകാരി ബിയാട്രിസിന്റെ വാക്യമാണിത്. ബിയാട്രിസല്ല അതു പറയുന്നത്, ബിയാട്രിസിനെ വേഷം അണിയിക്കാൻ പോകുന്ന കഥാകൃത്താണ്.
ഒരു പെൺകുട്ടിയുടെ വളർച്ചയെ പ്രിമോലെറ്റ് എൻ എന്ന ഗുളിക സ്ഥിരമായി നൽകി, അമ്മ മുരടിപ്പിക്കുന്നതിനെക്കുറിച്ചാണ് കഥ. പെണ്ണത്തം
എന്ന വസ്തുതയെ ചോരച്ചാലിന്റെ അതിരുമായി ബന്ധപ്പെടുത്തുന്ന ഉത്കണ്ഠയുടെയും
ആശങ്കയുടെയും കഥയ്ക്ക് കഥാകൃത്ത് നൽകിയത് റെഡ്ക്രോസ് എന്ന ആതുരശുശ്രൂഷയും സാന്ത്വന
ചികിൽസയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രശസ്തിയാർജ്ജിച്ച പേരാണ്.
ദൃഷ്ടിച്ചാവേറിലുള്ള ‘കരിസ്മാറ്റിക്
ശവ’മെന്ന കഥ, വ്യക്തിപരവും സാമൂഹികവുമായ ശീർഷാസനത്തിന്റെ പ്രമേയഘടന സ്വീകരിക്കുന്നതിനാൽ
അതിന്റെ ശീർഷകം കഥാകൃത്ത് ഏറ്റവും അവസാനമാണ് നൽകിയിരിക്കുന്നത്. തലതിരിഞ്ഞുപോയ
സംസ്കാരചരിത്രത്തെ, ഒരു വ്യക്തിയുടെ
പ്രവൃത്തിയിലൂടെ അവതരിപ്പിക്കുന്ന കഥയാണ്. തല കീഴെയാവുക എന്ന സംഗതിയെയാണ്
കഥാവസാനത്തിൽ കൊടുത്തിരിക്കുന്ന ശീർഷകം ചൂണ്ടുന്നത്. ഫലത്തിലിത് കഥാകൃത്തിന്റെ
വിഷയത്തോടുള്ള സമീപനത്തിൽനിന്ന് ഉണ്ടാവുന്നതോ ആരോപിക്കുന്നതോ ആയ കാര്യമാവും. പ്രമേയത്തിനകത്തല്ല,
പുറത്തേക്ക് ചൂണ്ടുന്ന കേന്ദ്രം ഉണ്ട്. മരണമാസിലെ അതേ പേരുള്ള കഥയിലും ഇതേ
ആഖ്യാനരീതി പ്രവർത്തിക്കുന്നുണ്ട്. ആ പേരിന് കഥയുടെ ഉള്ളടക്കവുമായി നേരിട്ടു
ബന്ധമില്ല. മറിച്ച് അതിലെ കേന്ദ്രകഥാപാത്രത്തിന്റെ മറവിയും ഉന്മാദം എന്നു
സംശയിക്കാവുന്ന തരത്തിലുള്ള നിലയില്ലാത്ത ഭാവനകളും ചേർന്നു ഉണ്ടാക്കുന്ന ഒരു
അന്തരീക്ഷത്തിന് പുത്തൻ തലമുറയുടെ പദാവലിയിൽനിന്നും കഥാകൃത്ത് എടുത്തുകൊടുത്ത
പേരാണ്, ‘മരണമാസ്’. കഥയുടെ പ്രമേയവുമായി അനുഭവപരമായ അകലം പാലിച്ചുകൊണ്ട് അവയിലെ
സംഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് കരിസ്മാറ്റിക് ശവം, മരണമാസ് എന്നീ
ശീർഷകങ്ങളും ‘റെഡ്ക്രോസി’ലെ ആമുഖവാചകവും നിലനിൽക്കുന്നത്.
പൂർണ്ണത, സമഗ്രത തുടങ്ങിയ സങ്കല്പങ്ങളെപ്പറ്റി
മാത്രമല്ല, താൻ സൃഷ്ടിക്കുന്ന വൈകാരികലോകത്തെപ്പറ്റിയും അതിനോട് ആളുകൾക്ക്
ഉണ്ടായേക്കാവുന്ന പ്രതികരണത്തെപ്പറ്റിയുമൊക്കെയുള്ള (മുൻ) ധാരണകൾ കലങ്ങിമറിയുന്ന
ഒരു എഴുത്തുകാരസ്വത്വമാണ്, അരക്ഷിതമായ ഒരു മനോഭാവത്തിന്റെ ആഖ്യാനവ്യവസ്ഥയിലൂടെ വെളിവാക്കപ്പെടുന്നത്. ‘കാലക്രമേണ ആവേശം തേഞ്ഞ് വലക്കണ്ണിപോലെ തുളവീണ ഉപ്പുകലം
പോലത്തെ മനസ്സാണ് എന്റേത്. അതിൽക്കൂടി നിമിഷങ്ങൾ ദ്രാവകമായി ഒലിച്ചിറങ്ങുകയാണ്’ (മരണമാസ്, പുറം
32) അതെന്റെ കൊടുമുടി വെട്ടി, പാതാളം
തുരന്ന് കിഴുക്കാം തൂക്കായ അടിവയറ്റിലേതുൾപ്പടെ ശരീരത്തിന്റെ എല്ലാ
ദ്വാരങ്ങളിലുംകൂടി തിളച്ചു പൊങ്ങി (ഛേദാംശജീവിതം, പുറം 43) എന്നിങ്ങനെ വളരെ അപൂർവമായി ദ്രവാംശങ്ങളെ രൂപകങ്ങളായി കഥ
പരിചരിക്കുന്നതും കാണാം. ഇത് സാമൂഹികമായ പകർച്ചയാണ്.
യാഥാർത്ഥ്യാനന്തരകാലത്തിനുള്ളിൽനിന്നുകൊണ്ട് സത്യത്തിന്റെ പകർപ്പുകളൂടുള്ള
അവിശ്വാസവും കലക്കവും മറ്റൊരു രീതിയിൽ ആവിഷ്കാരം നേടുകയാണെന്നും പറയാം. ഖരമായതെല്ലാം ഉരുകിയൊലിക്കുന്ന ഒരു സാമൂഹിക
സന്ദർഭങ്ങളെക്കുറിച്ചുള്ള വിഭാവനകൾ ആധുനികതയുടെ തുടക്കക്കാലത്തുതന്നെ
പ്രവചനസ്വഭാവത്തോടെ സാഹിത്യചിന്തകളിൽ പടർന്നതാണ്. നോവലുകളെക്കുറിച്ചുള്ള
ആലോചനകൾക്കിടയിൽ, കാലികയാഥാർത്ഥ്യത്തിന്റെ നില, ഉറപ്പില്ലാത്തതും
ദ്രവരൂപത്തിലുള്ളതുമായി തീർന്നിരിക്കുന്നു എന്നാണ് ബക്തിൻ പറഞ്ഞത്. ( …at artistic
representation was being degraded to the level at a contemporary reality that
was inconclusive and fluid – The
Dialogic Imagination, P 39)
ആധുനികത വ്യാപകമായി ഉൾക്കൊണ്ട ഈ കലങ്ങി മറിയുന്ന സാമൂഹിക സാഹചര്യങ്ങൾ
വിവരസാങ്കേതികവിദ്യയുടെയും അനുബന്ധ വികാസങ്ങളുടെയും മാറിമറയുന്ന ഉത്പാദന
വ്യവസ്ഥകളുടെയും ഒക്കെ ഫലമായി കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്.
ബോമാനും സാമൂഹികമായ
ദ്രവാവസ്ഥയും
ഉച്ചാധുനികത (ഹൈ മോഡേണിറ്റി), ദ്രവാധുനികത (ലിക്വിഡ് മോഡേണിറ്റി) എന്നെല്ലാം വിളിപ്പേരുകളുള്ള ഈ സാമൂഹിക
അവസ്ഥയുടെ വിശകലനത്തിന് പാശ്ചാത്യചിന്തകർ പ്രാഥമികമായും പ്രധാനമായും
അടിസ്ഥാനമാക്കിയത് യൂറോപ്യൻ നഗരജീവിതമാണെന്ന കാര്യം മനസിൽ വച്ചുകൊണ്ടുതന്നെ
അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന ഭൗതികയാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുകയും അതിനോട്
പ്രതികരിക്കുകയും മലയാളത്തിലെ ചെറുകഥകളും നടത്തുന്ന ശ്രമങ്ങളെപ്പറ്റി
ആലോചിക്കാവുന്നതാണ്. മലയാളത്തിലെ ചെറുകഥകൾക്കും പ്രാദേശികമായ
അതിരുവഴക്കങ്ങളിൽമാത്രം നിർത്തി അന്വേഷിക്കാവുന്ന സ്വഭാവമല്ല ഇന്നുള്ളത്. അവ
ലോകസാഹചര്യങ്ങളിൽനിന്ന് നേരിട്ടും അല്ലാതെയും പ്രചോദനങ്ങൾ മുൻപെന്നത്തേക്കാളും
കൂടുതലായി ഉൾക്കൊള്ളുന്നുണ്ട്. അതോടൊപ്പം ആഗോളവത്കരണം ഉൾപ്പടെയുള്ള
പ്രതിഭാസങ്ങളുടെ സമ്മർദ്ദങ്ങൾ രചനാശരീരങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. സമൂഹത്തിന്റെ
അബോധവുമായി നേരിട്ടു നീക്കുപോക്കുള്ള സാംസ്കാരികപ്രക്രിയകളുടെ ഉള്ളടക്കവും അവയുടെ
പരിചരണവും ഗൗരവമുള്ള പഠനവസ്തുവാക്കുന്നതിന്റെ കാരണം, അവ പരിണാമവേഗങ്ങളുടേ നേരിട്ടുള്ള സാക്ഷിപത്രങ്ങൾ
പരിശോധനയ്ക്കായി നൽകുന്നു എന്നതാണ്.
സ്ഥിരരൂപങ്ങൾ തകർന്ന് സാമൂഹിക സാഹചര്യങ്ങൾ അതിവേഗം
കലക്കസ്വഭാവമാർന്ന് മുന്നോട്ടു കുതിക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ ചിത്രം
അവതരിപ്പിച്ചത് സിഗ്മണ്ട് ബോമാൻ എന്ന
പോളിഷ് - ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞനാണ്.
സിഗ്മണ്ട് ബോമാൻ 91 –മത്തെ വയസ്സിൽ, ജനുവരി 2017 -ൽ മരിച്ചു. ലൈഫ് ഇൻ
ഫ്രാഗ്മെന്റ്സ് (1996) എന്ന പുസ്തകം എഴുതുമ്പോൾ ഉത്തരാധുനികതയിലായിരുന്നു
അദ്ദേഹത്തിനു വിശ്വാസം. ഉത്തരാധുനിക സമൂഹം അതിലെ പങ്കാളികളുമായി ഇടപെടുന്നത്
പ്രാഥമികമായും അവരുടെ ഉപഭോക്താക്കളെന്ന ശേഷിയെ മുൻനിർത്തിയാണെന്നും ഉത്പാദകരെന്ന
നിലയിലല്ലെന്നും അതിലദ്ദേഹം എഴുതി. ഉപഭോഗത്തിനു ചുറ്റുമായി രൂപപ്പെടുന്ന ജീവിതം
നിയമാവലികൾക്ക് അതീതമാണ്. പ്രലോഭനങ്ങളാണ് അവയ്ക്ക് വഴി കാണിക്കുന്നത്. പിന്നീട്
സമൂഹത്തെക്കുറിച്ചു നടത്തിയ കൂടുതൽ അന്വേഷങ്ങളുടെ ഫലമായി ആധുനികതയുടെതന്നെ ഒരു
ഭാഗമാണ് നിലവിലുള്ള ഉത്തരാധുനികത്വം എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.
ആധുനികത്വത്തിന് ഉള്ള നീചം (ലോ) ഉച്ചം (ഹൈ) എന്നീ രണ്ടു ഭാവങ്ങളിൽ ആദ്യത്തേത്
ആധുനികതയുടെ ഒന്നാം ഭാഗമാണ്. ഖരാധുനികത്വം (ലിക്വിഡ് മോഡേണിറ്റി) എന്നും അതിനു
പേരുണ്ട്. ഭരണകൂടം വ്യക്തികളെയും സമൂഹങ്ങളെയും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന
അവസ്ഥ, ഉദ്യോഗസ്ഥ ആധിപത്യം, പ്രകൃതിയ്ക്കുമേലുള്ള നിയന്ത്രണം, വ്യക്തിപരമായ അരക്ഷിതത്വം
ഇല്ലാതാക്കാൻ വേണ്ടിയുള്ളതെന്ന് ഭാവിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും, ആകെ കുഴഞ്ഞു മറിഞ്ഞ മനുഷ്യപ്രകൃതത്തെ ക്രമപ്പെടുത്താനും
പട്ടികപ്പെടുത്താനുമുള്ള സംവിധാനം ഇതെല്ലാം ഖരാധുനികത്വം വിഭാവനചെയ്ത സമൂഹത്തിന്റെ
പ്രത്യേകതകളാണ്. ഉച്ച ആധുനികത്വത്തിന്റെ കാലത്ത് സ്ഥിരരൂപങ്ങൾക്ക് ആകൃതി
നഷ്ടപ്പെട്ട് അവ ഉരുകി ഒലിക്കാൻ തുടങ്ങുകയോ
അലിഞ്ഞൊഴുകാൻ തുടങ്ങുയോ ചെയ്യുന്നതാണ് അനുഭവം. അതിനെയാണ് ബോമാൻ ‘ലിക്വിഡ് മോഡേണിറ്റി’ (2000) എന്ന പ്രസിദ്ധമായ കൃതിയിലൂടെ അവതരിപ്പിച്ചത്. ലിക്വിഡ് ലൗ, ലിക്വിഡ് ലൈഫ്, ലിക്വിഡ് ഫിയർ, ലിക്വിഡ് ടൈംസ്, (കൾച്ചർ ഇൻ) ലിക്വിഡ് മോഡേൺ വേൾഡ്, ലിക്വിഡ് സർവിയലൻസ്, ലിക്വിഡ് ഇവിൾ... കാലത്തിന്റെയും സമൂഹത്തിന്റെയും ദ്രവാവസ്ഥയെക്കൂടുതൽ
വ്യക്തമാക്കുന്ന രചനകൾ ‘ദ്രവാധുനികത്വം’ എന്ന കൃതിയെ തുടർന്ന് അദ്ദേഹത്തിൽനിന്നു്
പിന്നീടും ഉണ്ടായി.
കാലിക സമൂഹത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഉണ്ടായ
മാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം ബഹുദൂരം മുന്നോട്ടു കൊണ്ടുപോയതിന്റെ പ്രശസ്തി
സിഗ്മണ്ട് ബോമാനാണെങ്കിലും അദ്ദേഹത്തോടൊപ്പം സ്കോട്ട് ലാഷും (അനദർ മോഡേണിറ്റി : എ
ഡിഫറന്റ് റാഷണാലിറ്റി) ഉൾറിക് ബെക്കും (സെക്കന്റ് മോഡേണിറ്റി) ആന്തണി ഗിഡൻസും
(മോഡേണിറ്റി ആൻഡ് സെൽഫ് ഐഡന്റിറ്റി) കാലിക
സമൂഹങ്ങൾ വ്യക്തമായും ആധുനിക സ്ഥാപനങ്ങളുടെ പരിണാമങ്ങളും സാംസ്കാരികവികാസങ്ങളും
തുടരുകയാണെന്ന് വാദിച്ചവരാണ്. പിൽക്കാല ആധുനികത്വത്തിന്റെ (ലേറ്റ് മോഡേണിറ്റി)
മൗലികമായ അവസ്ഥയായിട്ടാണ് ‘ലിക്വിഡ് മോഡേണിറ്റി’ വിലയിരുത്തപ്പെടുന്നത്. സിഗ്മണ്ട് ബോമാൻ, ‘ദ്രവാധുനികത്വം’ (ലിക്വിഡ് മോഡേണിറ്റി) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ആധുനികകാലത്തിന്റെ
വർത്തമാനഘട്ടത്തെ അടയാളപ്പെടുത്താൻ പറ്റിയ രൂപകമാണ് ‘ദ്രവാവസ്ഥ’ എന്നാണ് അവകാശപ്പെടുന്നത്.
പദാർത്ഥത്തിനുള്ളിലെ അയഞ്ഞ തന്മാത്രാ ഘടനയാണ് വസ്തുവിനെ ഖരാവസ്ഥയിൽനിന്ന്
ദ്രാവകാവസ്ഥയിലേക്കും അവിടുന്ന് വാതകാവസ്ഥയിലേയ്ക്കും പരിവർത്തിപ്പിക്കുന്നത്.
സാമൂഹികശാസ്ത്രജ്ഞന്റെ ഭാഷയിൽ, വിടുതൽ നേടി സ്വതന്ത്രമായി ചുറ്റിത്തിരിയാനുള്ള
കണങ്ങളുടെ പ്രവണതയ്ക്കെതിരെയുള്ള പ്രതിരോധമാണ് ഖരാവസ്ഥ. നിശ്ചിത
ഭ്രമണമാർഗത്തിലൂടെയുള്ള പരിമിതപ്പെടുത്തിയ ചലനങ്ങളാൽ കൈവരുന്ന ആകൃതിവിശേഷത്തെ
കൈയൊഴിയുകയാണ് ഖരത്തിൽനിന്നും ദ്രാവകമായി (വാതകമായി മാറുമ്പോഴും) പരിണമിക്കുമ്പോൾ
പദാർത്ഥത്തിന്റെ അവസ്ഥയ്ക്കു
സംഭവിക്കുന്നത്. ഖരവസ്തുവിനുള്ള സ്ഥലപരമായ മാനങ്ങൾ (സ്പാഷിയൽ ഡയമെൻഷൻസ്)
ജലത്തിനില്ല. സ്ഥലകാലങ്ങളുമായി അതിനു കെട്ടു പിണഞ്ഞ ബന്ധവുമല്ല ഉള്ളത്.
ഖരത്തെപ്പോലെ നിശ്ചിത ആകൃതി ദീർഘകാലത്തേയ്ക്ക് സ്വീകരിക്കുക ജലത്തിന് എളുപ്പമല്ല, അതേസമയം നനയ്ക്കുക, കുതിർക്കുക, തുടങ്ങിയ പ്രവൃത്തികളിലൂടെ
പരിസരങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അതിന് കൂടുതലാണ്. ദ്രവത്തിന്റെ ചലനാത്മകത
അതിന്റെ ലാഘവത്വവുമായി ബന്ധപ്പെട്ട വസ്തുതയാണ്. ജലത്തിന്റെ ഈയൊരു പ്രത്യേകതയിൽനിന്നാണ്
ഇമാൻസിപ്പേഷൻ എന്ന സങ്കല്പത്തെ ബോമാൻ രൂപപ്പെടുത്തുന്നത്. അതിന്റെ ഭാഗമായി
ഇരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റെ കെട്ടുപാടുകളിൽനിന്നും സ്വതന്ത്രകണങ്ങളെപ്പോലെ
വിമോചിതനാവുന്ന അവസ്ഥയെയാണ് ‘വിമോചനമെന്ന’ സങ്കല്പത്തിന്റെ അടിസ്ഥനം.
‘ഐഡന്റിറ്റി’യിൽ ബോമാൻ,
നമ്മൾ ഒരു ഖര അവസ്ഥയിൽനിന്ന് ആധുനികത്വത്തിന്റെ
ദ്രാവകാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ
കഴിയില്ലെന്നും സാമൂഹിക രൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു
വിധേയമാണെന്നും മനുഷ്യനായിരിക്കുക എന്ന അനുഭവത്തെ അത് പരിവർത്തിപ്പിക്കുന്നുണ്ടെന്നും
വാദിക്കുന്നു. ഇവിടെ ഒരു വൈരുദ്ധ്യം നമ്മളെ കാത്തിരിക്കുന്നുണ്ട്. രൂപരാഹിത്യം
എന്ന പ്രതിസന്ധിയെ മറികടക്കാനാണ് അനുഭൂതികൾക്കും വികാരങ്ങൾക്കും ഒരു
ഘടനയുണ്ടാക്കാൻ മനുഷ്യർ ശ്രമിക്കുന്നത്, അതിന്റെ ഭാഗമാണ് രചനാകൗശലങ്ങളും
തന്ത്രങ്ങളും. അജ്ഞാതമായതിനെ ഭയക്കുക എന്ന അവസ്ഥയെ സമർഥമായി തരണം ചെയ്യാനുള്ള
വഴിയാണ് വിവിധ തരത്തിലുള്ള ആവിഷ്കാരങ്ങൾ. ഇവിടെ സാമൂഹിക പരിണാമങ്ങൾ രൂപം നൽകാനുള്ള
ശേഷിയെ തന്നെ സ്വാധീനിക്കുകയും പുതിയ അവസ്ഥകൾക്കും ഭാവാന്തരീക്ഷങ്ങൾക്കും
വഴിവയ്ക്കുകയുമാണ് ചെയ്യുന്നത്.
ഉപഭോഗം എന്ന പിശാചുബാധ
‘റെഡ്ക്രോസ്സി’നൊപ്പം വീടിനകത്തുതന്നെയുള്ള
അരക്ഷിതത്വത്തെ പ്രമോദ് ആവിഷ്കരിക്കുന്ന മറ്റൊരു കഥയാണ് ‘തന്തത്താഴ്’ (ദൃഷ്ടിച്ചാവേർ
എന്ന സമാഹാരം) രണ്ടു കഥകളിലും അച്ഛൻ എന്ന പുരുഷനാണ് പ്രതിസ്ഥാനത്ത്. വർത്തമാന
അവസ്ഥയിൽ, ബന്ധങ്ങൾക്കും അപ്പുറത്ത് കൈയെത്തിക്കാൻ കഴിയുന്ന പുരുഷന്റെ
അധികാരത്തിന് കഥയുടെ അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നതിൽ നല്ല പങ്കുണ്ട്.
അതോടൊപ്പം കേരളീയ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സദാചാരഭ്രംശം എന്ന
നിലയ്ക്കാണ് ഈ രണ്ടു കഥകളും ഒരു പക്ഷേ പ്രമോദിന്റെ മറ്റു കഥകളെക്കാൾ ജനപ്രീതി
നേടിയത്. വീടുകളുടെയും ബന്ധങ്ങളുടെയും സുരക്ഷ മിഥ്യയാണെന്നതാണ്, തന്തത്താഴെന്ന
കഥയുടെ പ്രാഥമിക തലം. കഥ അവസാനിക്കുന്നത്, അച്ഛൻ മകളോട് ‘പേടിക്കണ്ട, മുൻവശത്തെ
വാതിൽ തഴുതിട്ടുണ്ടെന്ന്’ പറഞ്ഞാണ്. ഒരാൾ
സുരക്ഷിതമാവാനായി ഉപയോഗിക്കുന്ന താഴുതന്നെ മറ്റൊരാൾക്ക് സ്വന്തം അഭിലാഷങ്ങളുടെ
സുരക്ഷിതമായ ആവിഷ്കാരത്തിന് തുണനിൽക്കുന്ന വൈരുദ്ധ്യത്തെ കഥ ഉള്ളടക്കുന്നു. ബിയാട്രിസ്
എന്ന അമ്മ തദേവൂസ് എന്ന പിതാവിൽനിന്നും ഇസക്കൊച്ചെന്ന മകളെ രക്ഷിക്കാൻ
പ്രിമോലെറ്റ് എൻ എന്ന ഗുളിക സ്ഥിരമായി കൊടുത്തു പെണ്ണത്തത്തിലേക്കുള്ള അവളുടെ വളർച്ച
മുരടിപ്പിക്കുന്നതിനെപ്പറ്റിയാണ് ‘റെഡ്ക്രോസ്’ പറയുന്നത്. സദാചാരപരമായ
ഉത്കണ്ഠയെപ്പോലും കവച്ചുവയ്ക്കുന്നതരത്തിൽ തീറ്റിയോടുള്ള ആർത്തി തദേവൂസിൽ
നിറയുന്നതിന്റെ മുഴുവൻ അറപ്പും ആഖ്യാനം അവതരിപ്പിക്കുന്നുണ്ട്. അയാളുടെ
ആർത്തിക്കും ബിയാട്രിസിന്റെ ദുരിതത്തിനും ഉപഭോഗസമൂഹത്തിലേക്കു നീളുന്ന ഒരു മാനം
കൂടിയുണ്ട്. ഗൃഹാന്തരീക്ഷത്തിനകത്തും ഒറ്റപ്പെടലിന്റെയും പരസ്പരം
മനസ്സിലാകാതിരിക്കുന്നതിന്റെയും പരസ്പരം തിന്നു തീർക്കലിന്റെയും അവസ്ഥ
ഉണ്ടാവുന്നത്, ഉപയോഗിച്ചു തീർക്കുക എന്ന അത്യാവേശത്തിന്റെ ഉന്മാദത്തിൽ മനുഷ്യർക്ക്
സഹകരണവും തിരിച്ചറിയലും അനുബന്ധ മൂല്യങ്ങളും പ്രാപ്യമല്ലാതാകുന്നു എന്നതുകൊണ്ടാണ്.
ഈ സാമൂഹികവിരുദ്ധത ഉപഭോഗാർത്തിയുടെ ഒരു വശമാണ്. ഉത്പാദനത്തിനാണ് സഹകരണം
ആവശ്യമുള്ളത്, ഉപഭോഗത്തിന് വേണ്ടെന്ന് ബോമാൻ വ്യക്തമാക്കിയിട്ടുണ്ട്. (പുറം 165) പിശാചുബാധയുടെ
(ഷോപ്പിങ് ആസ് ദ റൈറ്റ് ഓഫ് എക്സോർസിസം) രൂപകം നൽകിക്കൊണ്ടാണ് ബോമാൻ വാങ്ങിച്ചുക്കൂട്ടൽ സ്വഭാവത്തെ
വിവരിക്കുന്നത്, മറ്റൊരർത്ഥത്തിൽ
തദേവൂസിന്റെ - അയാളുടെ അതേ വിശപ്പ് ഇസക്കൊച്ചിലും ഉണ്ട്- തിന്നുതീർക്കൽ, ഉന്മാദത്തിന്റെ സ്വഭാവവിശകലനത്തിനും
യോജിച്ചു പോകുന്ന വസ്തുതയാണ്.
നിലം (മരണമാസ്) എന്ന
കഥയിലുമുണ്ട്, അമ്മയില്ലാത്ത പെൺകുട്ടിയെ പ്രാപിക്കുന്നതിൽ രോഗാതുരമായ ആവേശം
കാണിക്കുന്ന തത്പരനായ ഒരാൾ. ധാർമികപരമല്ല ഈ ബന്ധങ്ങളുടെ ആധാരം, അവയിലെ
ശ്രദ്ധേയമായ വശം അതാണെങ്കിലും. കഥകളെ ഒറ്റശരീരമായി പരിഗണിച്ചാൽ അച്ഛൻ
സങ്കല്പത്തിന് സ്ഥിരമായ ഇരുണ്ട പ്രതിച്ഛായയില്ല. നിലത്തിലെ അച്ഛൻ നിസ്സഹായനും
സ്നേഹസമ്പന്നനുമാണ്. ദൃഷ്ടിച്ചാവേറിലെ രുദ്രയുടെ അച്ഛൻ നാരായണൻ അതുപോലെ നിസ്സഹാനായ ഇരയായി നിൽക്കുന്നതു കാണാം.
ദ്രവാവസ്ഥയിലായിത്തീർന്ന സാമൂഹികസ്വത്വങ്ങളുടെ ലേബലുകളിലൊന്നാണ് അച്ഛൻ എന്നത്. ബീജഗണിതത്തിൽ
(ദൃഷ്ടിച്ചാവേർ) മകൻ അച്ഛനെ ചവിട്ടി രോഗിയാക്കുകയും തിരിച്ച് അച്ഛൻ മകനെ
ചവിട്ടിക്കൊല്ലുകയും ചെയ്യുന്നത് ലൈംഗികപരമായ സദാചാരമൂലികയുടെ സംരക്ഷണത്തിനാണ്. അവിടെയും
അഗമ്യഗമന്യത്തെപ്പറ്റിയുള്ള ഉത്കണ്ഠ, വർദ്ധിച്ച അളവിൽ, അതായത് ഒരാളെ രോഗിയാക്കാനും
മറ്റൊരു കൊലപാതകത്തിനും ഇടയാവും വിധം പുലരുന്നുണ്ട്. അച്ഛൻ അതിൽ മുനകൂർത്ത ഒരു
കഥാപാത്രമല്ല. മറിച്ച്, അയാൾക്ക് പുത്രഭാര്യയുടെ സംരക്ഷകന്റെ നിലയാണ്. ശിശുരതിയെയും
അഗമ്യഗമനത്തെയും സംബന്ധിച്ചുള്ള ഉത്കണ്ഠകൾ, ആഹാരത്തോടുള്ള ആർത്തി, കെട്ടഴിഞ്ഞ
ബന്ധങ്ങളുടെ സന്ദിഗ്ധതകൾ എന്നിവയിലൂടെ ഈ കഥകളിൽനിന്നു വ്യക്തമാവുന്ന ഉള്ളടക്കഭാഗം,
സ്ഥിരരൂപങ്ങളുടെ ഉരുകി ലക്ഷണംകെട്ട കോലത്തെ ഓർമ്മിപ്പിക്കുന്നു. ഉപഭോഗസമൂഹത്തിന്റെ
പ്രത്യേകതകളാണ് ഇവ മൂന്നും എന്നും ഓർക്കുക. ‘ലിക്വിഡ് ഫിയർ’ എന്ന പിൽക്കാല
പുസ്തകത്തിൽ ബോമാൻ, വ്യക്തമായ നിർവചനത്തിനകത്ത് ഒതുക്കാൻ നിവൃത്തിയില്ലാത്ത
ഒന്നായി ആളുകളിൽ സന്നിഹിതമാവുന്ന ശിശുകാമം
(പിഡോഫീലിയ)യെപ്പറ്റിയുള്ള ഭയത്തെ വിവരിക്കുന്നു. പീഡനത്തിന്റെ അതിരുകൾ പെട്ടെന്ന്
മനസ്സിലാക്കാൻ കഴിയുന്നതോ കൃത്യമായി നിർവചിക്കാവുന്നതോ അല്ലെന്നതാണ് കാരണം. ആകൃതിയുണ്ട്,
പക്ഷേ കേന്ദ്രമില്ലെന്ന ജലസ്വഭാവം കൊണ്ട് രൂപരഹിതം (അമോർഫസ്) എന്ന
സാമൂഹികാവസ്ഥയ്ക്ക് ഉദാഹരണം എന്ന നിലയിൽ ശിശുകാമത്തെ മുൻനിർത്തിയുള്ള ഭയത്തെ ബോമൻ
ചൂണ്ടിക്കാട്ടുന്നുണ്ട്.
ദൃഷ്ടിച്ചാവേർ എന്ന
സമാഹാരത്തിലെ, ‘കരിസ്മാറ്റിക് ശവം’ എന്ന കഥയിലെ ശീർഷകത്തെപ്പറ്റി നേരത്തെ
പറഞ്ഞതാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു പരിഷ്കൃത യുവാവ് കുട്ടിക്കാലത്ത് കണ്ട
തെരുവുസർക്കസിന്റെയും അതിലെ നാടോടികളായ അന്തേവാസികളുടെയും അപരിഷ്കൃതം എന്നു
വിളിക്കാവുന്ന ജീവിതത്തിൽ ആകൃഷ്ടനായി അതേ അവസ്ഥയിലേക്ക് എത്തുന്നതിനെപ്പറ്റിയാണ്
കഥ. അലഞ്ഞുതിരിയുക, ഒന്നിച്ചുകൂടി സമൂഹങ്ങളാവുക, അവിടെനിന്നും വീണ്ടും
അലഞ്ഞുതിരിയലിന്റെ സ്വപ്നങ്ങളിലേക്കും അത്തരം ജീവിതത്തിലേക്കും തിരിച്ചുപോവുക എന്ന
മനുഷ്യവംശത്തിന്റെ ചരിത്രത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ് കഥയിലുള്ളത്.
സമാന്തരമായി വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളുടെ യുക്തിരഹിതമായ രൂപീകരണത്തിലേക്കും (കാരിമതം)
അതുവഴിയുള്ള ഹിംസയിലേക്കും ജനക്കൂട്ടം
നടന്നുകയറുന്നതെങ്ങനെയെന്നും കഥ വിവരിക്കുന്നുണ്ട്. ഒരു സാമൂഹിക പദവിയിൽനിന്ന്
മറ്റൊരു പദവിയിലേക്ക് – ഇവിടെ വിദ്യാർത്ഥി എന്ന നിലയിൽനിന്ന് തെരുവുസർക്കസുകാരന്റെ
നിലയിലേക്ക്, അവിടെനിന്ന് തലകീഴായി കുത്തിനിർത്തിയ ഒരു മൃതശരീരത്തിലേക്ക്,
അവിടെനിന്ന് മതത്തിന്റെ ബിംബാത്മകതയിലേക്ക്- സഞ്ചാരത്തിന് സ്ഥിരഗതിയിൽനിന്ന്
വിടുതൽ നേടുന്ന തന്മാത്രാഗണങ്ങളുടെ പടുതിയിലേക്ക് ഒരു വച്ചുമാറ്റമുണ്ട്. അന്തർശീർഷാസനം
എന്ന ഒരു വിശേഷക്രിയ ചെയ്ത് ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് യുവാവ്. അയാളുടെ
ആയുഷ്കാലം ഒരു മനുഷ്യന്റെ ജീവിതകാലമായല്ല കഥയിൽ വെളിവാക്കപ്പെടുന്നത്. നാടോടിത്തം ദ്രവാധുനികതയിലെ മനുഷ്യന്റെ
പൊതുശീലമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ബോമാൻ എഴുതുന്നു. സ്ഥലം മാറുക, ജോലി
മാറുക, ഇണകളെ മാറ്റുക, തുടങ്ങി
രാഷ്ട്രീയവും ലൈംഗികവുമായ ഗതിമാറ്റങ്ങളുൾപ്പടെ അലഞ്ഞുതിരിയലിന്റെ
തത്ത്വശാസ്ത്രത്തെ ഉള്ളടക്കുന്ന സാമൂഹികവ്യവഹാരങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു
എന്നതുകൊണ്ടാണ് ‘കരിസ്മാറ്റിക് ശവം’ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നത്. അതോടൊപ്പം
പാരമ്പര്യരീതിയിലുള്ള ശൃംഖലാസംവിധാനങ്ങളുടെ
പിന്തുണയിൽനിന്നും അകന്നു മാറുകയും അവ കെട്ടിയേൽപ്പിക്കുന്ന
ആവശ്യങ്ങളിൽനിന്നും നിയന്ത്രണങ്ങളിൽനിന്നും സ്വയം മോചനം നേടുകയും ചെയ്തുകൊണ്ടാണ്
മനുഷ്യൻ ഒരു വിനോദസഞ്ചാരിയാവുന്നതെന്നാണ് ബോമാന്റെ കാലോപദർശനം. പക്ഷേ കഥ,
അത്തരമൊരു വിമോചനസ്വപ്നത്തെ വഹിക്കുന്നില്ല. പകരം അതിന് വ്യക്തിപരമായി കുറ്റബോധവും
(സ്റ്റെല്ലയുമായുള്ള ലൈംഗികബന്ധം) സാമൂഹികമായി വിശ്വാസമതത്തിന്റെ
ഉടലെടുക്കലുമായി (കാരിമതത്തിന്റെ
രൂപപ്പെടൽ) പാരമ്പര്യത്തിന്റെ കെട്ടുപാടായി അവസാനിപ്പിക്കുന്ന ഘടനയാണുള്ളത്.
കൂടുതൽ അയഞ്ഞ ഘടനയിൽ
ചുറ്റിതിരിയാൻ സ്വാതന്ത്ര്യമുള്ള കണങ്ങളുമായി ആധുനിക മനുഷ്യനു വന്നുപ്പെട്ടിട്ടുള്ള
താദാത്മ്യത്തെ മരണമാസ് എന്ന കഥ വ്യക്തമാക്കുന്നത് മറ്റൊരു തരത്തിലാണ്. അതിലെ
കഥാപാത്രത്തിന് മറവിരോഗമാണെന്ന് അയാൾത്തന്നെ വ്യക്തമാക്കുന്നു. ശിശുപീഡ
ഉൾപ്പടെയുള്ള ദുരന്തങ്ങൾ ഒരു സ്ക്രീനിലെന്നപോലെ അയാൾക്കു മുന്നിലൂടെ വന്നുപോകുന്നുണ്ട്.
അവയുടെ വൈകാരികാഘാതം ഏറ്റു വാങ്ങാൻ അയാളുടെ മനസ്സ് സന്നദ്ധവുമല്ല. ഡോക്ടറുടെ
നിർദ്ദേശപ്രകാരം തന്റെ മറവിയുടെ ശക്തി എത്രയാണെന്നറിയാൻ ഇറങ്ങി നടക്കുന്ന
മനുഷ്യനിൽ ആധുനികനായ ഒരു നോമാഡുണ്ട്. സ്വന്തം മകളെ കാണാനില്ലെന്നു ഭാര്യ വിളിച്ചു
പറയുന്നു, യാത്രയ്ക്കിടയിൽ ഒരു മൃഗം തന്റെ മകളെപ്പോലെത്തന്നെയിരിക്കുന്ന ഒരു
കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അയാൾ കാണുകയും ചെയ്യുന്നുണ്ട്. മറ്റൊന്ന്,
ഒരു തൊഴിലാളി കെട്ടിടത്തിൽനിന്നു വീണു മരിക്കുന്നത് ഭാവവ്യത്യാസംകൂടാതെ അയാൾക്ക്
കണ്ടിരിക്കാൻ പറ്റുന്നുണ്ടെന്നതാണ്. അയാളുടെ കാഴ്ചകളിൽനിന്നും ഒരു അന്യത്വം
അയാൾക്ക് വന്നു ഭവിച്ചിട്ടുണ്ട്. അസ്തിത്വബാധയേറ്റ
കഥാപാത്രങ്ങളിൽനിന്നും വ്യക്തമായ ഒരു വിച്ഛേദം ഇവിടെ, അയാളുടെ ഉത്തരവാദിത്വബാധ്യത ഏറ്റെടുക്കാൻ
കഥാകൃത്ത് തയ്യാറാവുന്നില്ലെന്നിടത്താണ് സംഭവിക്കുന്നത്. ആ ശീർഷകം തന്നെ അതിന്
ഏറ്റവും നല്ല ഉദാഹരണം. ഇങ്ങനെ രണ്ടു അന്യത്വങ്ങൾ കഥ പ്രത്യക്ഷമാക്കുന്നു. എം
മുകുന്ദന്റെ ‘രാധ – രാധമാത്രം’ എന്ന കഥയിൽ ആർക്കും മനസ്സിലാവാതെ അനാഥയായിപോകുന്ന
രാധയോടൊപ്പമാണ് എഴുത്തുകാരൻ വായനക്കാരുടെ സഹാനുഭൂതിയെ നിർത്തുന്നതെങ്കിൽ, ‘മരണമാസി’ലെ
അയാൾ കോളിങ് ബെല്ലമർത്തിയ വീട്ടിൽനിന്നു പുറത്തുവന്ന സ്ത്രീ ആരാ?’ എന്നു ചോദിക്കുമ്പോൾ
അതയാളുടെ ഭാര്യയല്ലെന്ന് ഉറപ്പുള്ള നമ്മൾ ആ സ്ത്രീയോടൊപ്പമാണ്.
അയാളുടെ ചിന്തയുടെ നിരന്തരമായ
ഒഴുക്ക് മുന്നിൽ വയ്ക്കുന്നത് ഉദ്ദേശ്യങ്ങൾക്കും
ആഗ്രഹങ്ങൾക്കും നേരെ വിലക്കുകളോ പ്രതിരോധങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാത്ത അനുഭവത്തെയാണ്.
അതിന്റെ സ്വച്ഛമായ ആവിഷ്കാരം പ്രയാസകരമാവുമെന്നതുകൊണ്ടാണ് രോഗം എന്ന രൂപകം ഇവിടെ
കടന്നു വരുന്നത്, സത്യത്തിൽ തന്തത്താഴിലും കരിസ്മാറ്റിക് ശവത്തിലും റെഡ്ക്രോസിലും
കണ്ടതുപോലെയുള്ള അവസ്ഥയാണ് മരണമാസിലും കാണുന്നത്.
വളരെ വ്യക്തമായി ഈ കഥാപാത്രവും ബന്ധങ്ങളിൽനിന്ന് വിടുതൽനേടി ഒഴുകുകയാണ്.
ഒറ്റയ്ക്ക് അയാളും സ്വന്തം ചിന്തകൾ തിന്നു കൊണ്ടിരിക്കുന്നു. ഉപഭോഗത്തിന്റെ
അനിവാര്യമായ ഒറ്റപ്പെടൽ തന്നെയാണ് ഇവിടെയും വിഷയം. (അല്ലെങ്കിൽ സുഖവും വീതം
വയ്ക്കേണ്ടി വരും.) അടക്കിനിർത്തലുകളിൽനിന്ന് സ്വതന്ത്രമാവുക എന്നതിനർത്ഥം ഒരാളുടെ
ആഗ്രഹങ്ങൾക്കും ഭാവനകൾക്കും അയാളുടെ ഉദ്ദേശ്യങ്ങൾക്കെതിരെ നിൽക്കുന്ന ലോകത്തിന്റെ
വഴക്കമില്ലാത്ത ഉദാസീനതയ്ക്കും ഇടയിൽ സമതുലനം കണ്ടെത്തുക എന്നതാണ്.
ആണും പെണ്ണും അല്ലാത്തവരുടെ നിലകൾ
പ്രമോദിന്റെ ‘രതിമാതാവിന്റെ
പുത്രൻ’ എന്ന ആദ്യസമാഹാരത്തിലെ 6 കഥകളും സ്വത്വപ്പകർച്ചയുമായി
ബന്ധപ്പെട്ടുനിൽക്കുന്നവയാണ്. ഒരു പക്ഷേ മലയാള സാഹിത്യത്തിൽ വ്യതിരിക്തമായ ഒരു
സ്ഥാനം പ്രമോദ് രാമൻ എന്ന കഥാകൃത്ത് അടയാളപ്പെടുത്തിയതും ഈ സമാഹാരംകൊണ്ടാണ്. ജീവിതത്തിലുടനീളം
ഒരു വ്യക്തി പല രീതിയിൽ മാറുന്നുണ്ട്. ഒരു പക്ഷേ സ്വത്വസംബന്ധിയായ മാറ്റങ്ങളിൽ ഏറ്റവും
പ്രധാനം ലിംഗപരമാണ്. ഒന്നിൽനിന്ന് വേറിട്ടത് എന്ന അർത്ഥത്തിൽ ഭിന്നം, അപരം,
അതല്ലാത്തത് എന്നൊക്കെയുള്ള സ്ഥിരവാക്കുകളെ ഒഴിവാക്കി താരാനാഥന്മാരുടെ
ലിംഗപ്പകർച്ചയെ വർണ്ണിക്കാൻ പ്രമോദ് ‘സപുംസകം’ എന്ന വാക്ക് സ്വയം
നിർമ്മിച്ചുപയോഗിക്കുന്നതിൽനിന്ന് കാലികമായ കാഴ്ചപ്പാടിനെ പ്രമോദിന്റെ കഥയുടെ
ആശയമണ്ഡലം സ്വീകരിക്കുന്ന വഴി വ്യക്തമാണ്. ഒരു വസ്തുവിന്റെ അസ്തിത്വം
നിലനിൽക്കുന്നത് അതിന്റെ സവിശേഷവും ഏറ്റവും അടിസ്ഥാനപരവുമായ ഘടകത്തെ
ആധാരമാക്കിയാണ്. അതിന്റെ പ്രാമാണിത്തം അപരവസ്തുകളുടെ നിലനിൽപ്പിനെ നിർവചിക്കുകയും
ചെയ്യും. നമ്മുടെ സമൂഹത്തിൽ പുരുഷൻ എന്ന പരികല്പന അത്തരത്തിലൊന്നാണ്. ആണല്ലാത്തത്,
പെണ്ണും ആണത്തമില്ലാത്തത് നപുംസകവും എന്ന് മറ്റു ലിംഗപദവികളെക്കൂടി
നിർണ്ണയിച്ചുകൊണ്ടാണ് സമൂഹത്തിൽ അതിന്റെ നിലനിൽപ്പ്. ‘സപുംസകങ്ങളുടെ പത്ത് പടവുകൾ’
എന്ന കഥ ഈ സ്ഥിരസങ്കല്പത്തെയാണ് തകർക്കുന്നത്. വിഷയം ആൺപ്രണയമാണെങ്കിലും ബന്ധം
അതിനുള്ളിൽ സ്ത്രീയുടെ പങ്കാളിത്തത്തെ സങ്കല്പനപരമായി ആവശ്യപ്പെടുന്നുണ്ട്. അത്
ആരാവണം എന്നതിനെ സംബന്ധിച്ച് തർക്കവുമുണ്ട്. പുരുഷനായിരിക്കാൻ
ആഗ്രഹിച്ചിടത്തുനിന്ന് ആന്തരികമായി
സ്ത്രീയായിത്തീരുന്നിടത്തുള്ള പരിണാമമാണ് കഥാവിഷയം. തിരിച്ചിടലുകൾ വേറെയുമുണ്ട്.
പങ്കാളിത്തത്തിൽ ആണിന്റെ ഭാഗമുള്ള താരാനാഥനു മീശയില്ല, പെൺപങ്ക് സ്വീകരിക്കുന്ന
കഥാപാത്രത്തിനാവട്ടെ മീശയുണ്ട്.
സ്വത്വത്തെ നിർണ്ണയിക്കുന്ന സ്ഥിരഘടകങ്ങൾ കലങ്ങുകയും ആന്തരികമായ ഒഴുക്ക് കാലത്തിലൂടെ പടരുകയും
(പത്തുവർഷം കഴിഞ്ഞിട്ടും മുന്നോട്ടൊഴുകുന്ന അവരുടെ ബന്ധം.. - പത്തു പടവുകൾ)
ചെയ്യുന്നതിന്റെ കൃത്യമായ ചിത്രം ഈ കഥ
മുന്നിൽ വയ്ക്കുന്നു. ചന്ദ്രൻ എന്ന
കൂട്ടുകാരന്റെ പെണ്ണാവാൻ വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ മഞ്ജിത് മേനോൻ
എന്ന മഞ്ജുവിന്റെ കഥ പറയുന്ന ‘ഛേദാംശജീവിത’ത്തിൽ ആന്തരികമായ പ്രവാഹം കുറേക്കൂടി
പ്രക്ഷുബ്ധമാണ്. സ്ത്രീയായി തീരുന്ന വേളയിൽ അവൾ ചന്ദ്രന്റെ സ്നേഹത്തിന്റെ
ആൺകെട്ടിൽനിന്ന് കുതറുകയും നേഹയെന്ന കൂട്ടുകാരിയിലേക്ക് ഒഴുകുകയും ചെയ്യുകയാണുണ്ടാവുന്നത്.
ആത്മഘാതിയാണ് പ്രണയം (മഞ്ജിത്തിനെ കിട്ടിയില്ലെങ്കിൽ ചന്ദ്രൻ മരിക്കും, നേഹയ്ക്കുവേണ്ടി
മഞ്ജു മരിക്കുന്നു) എന്നതിന്റെ സൂചനകൾ കഥയ്ക്കുള്ളിലുണ്ട്. പ്രണയം
സാർത്ഥകമാക്കുന്ന നൈമിഷികമായ മുഹൂർത്തങ്ങളെ സ്വത്വസംബന്ധിയായ പ്രഹേളികകൊണ്ട്
അസാധാരണമായ നിലയിൽ കനപ്പെടുത്തുകയാണ് മഞ്ജുവെന്ന കഥാപാത്രത്തിന്റെ ദൗത്യം.
ഖരവസ്തുവിനില്ലാത്ത ഒരു സ്വഭാവം ജലത്തിനുള്ളത് അത് നനയ്ക്കുകയോ കുതിർക്കുകയോ
ചെയ്തുകൊണ്ട് ചുറ്റുപാടുകളിലേക്ക് തന്റെ സാന്നിദ്ധ്യത്തെ പ്രസരിപ്പിക്കും
എന്നതാണ്. മഞ്ജുനാഥൻ എന്ന മഞ്ജു അങ്ങനെ മറ്റുകഥാപാത്രങ്ങളുടെ സത്തയെ തൊട്ടൊഴുകുന്ന
ദ്രാവകത്തിന്റെ വഴക്കം ആർജ്ജിക്കുന്നു.
ലിംഗസ്വത്വങ്ങളെ കമ്പോളം നിർവചിക്കുമ്പോൾ
ലിംഗപ്പകർച്ചകളെ
കമ്പോളവിപണിയുമായി നേരിട്ടു ബന്ധപ്പെടുത്തിക്കൊണ്ടാണ് ‘രതിമാതാവിന്റെ പുത്രൻ’ എന്ന കഥ
മുന്നോട്ടുപോകുന്നത്. രതി എന്ന സ്ത്രീയ്ക്കും രത്തൻ എന്ന പുരുഷനുമായി
വീതിച്ചുകൊടുക്കുന്ന ജീവൻ എന്ന കഥാപാത്രത്തിന്റെ സ്വത്വമാണ്
പ്രശ്നവത്കരിക്കപ്പെടുന്നത്. ജീവൻ രതിയ്ക്ക് ആണും രത്തനു പെണ്ണുമാണ്. അയാളുടെ
ഉദ്ധരിക്കപ്പെടാത്ത ആണത്തത്തെ ഗുളികകളും ഇല്ലാതിരുന്ന സ്ത്രീത്വത്തെ ലേഹ്യവും
ചേർന്ന് പുഷ്ടിപ്പെടുത്തി രാത്രി അയാളെ വിത്തുകാളയും കാമധേനുവുമാക്കി മാറ്റുന്നു.
രാത്രി പകൽ എന്നിങ്ങനെ വിഭക്തസ്വത്വത്തിന് കാലവും കല്പിച്ചു കൊടുത്തിട്ടുണ്ട്. ‘മാര്യേജ്
ഈസ് ഫാൾസ് റിയലൈസേഷൻ ഓഫ് ജെൻഡെർ ഐഡന്റിറ്റി’ എന്ന ഒരാശയത്തെ ജീവൻ, രതി രത്തൻ എന്നീ
മൂന്നു കഥാപാത്രങ്ങളിലൂടെ സാക്ഷാത്കരിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. വയറ്റിൽ
വളരുന്ന പിണ്ഡത്തിന്റെ ഫലമായി മരിച്ചു പോകുന്ന ജീവൻ ഒടുവിൽ മറ്റൊരു പകർച്ചകൂടി
നേടുന്നു, പ്രസവത്തോടെ മരിച്ചുപോകുന്ന രതിയുടെ മകനായി മാറുകയാണ് കഥയുടെ അവസാനം.
രതി അമ്മയാവുന്നതോടെ ജീവന്റെ മരിച്ചുപോയ
അമ്മ തിരിച്ചുവരുമെന്ന അവളുടെ ഒരു വാചകം കഥയിലുണ്ട്. ബന്ധങ്ങളുടെ രേഖീയമല്ലാത്ത,
വഴക്കമുള്ളതും കലങ്ങിയതുമായ അവസ്ഥയെയാണ് രതിമാതാവിന്റെ പുത്രൻ ചൂണ്ടുന്നത്. ‘ഒരു ബ്രാക്കറ്റിൽ
എത്രപേർക്ക് ജീവിക്കാം’ എന്ന കഥയിലെ സാഹചര്യങ്ങൾ
‘രതിമാതാവിലേ’തിനു സമാനമാണ്. ജോളി, റോസി, എൽദോ എന്നീ മൂന്നുപേരാണ്
അതിലെ കഥാപാത്രങ്ങൾ. റോസിയെ വിവാഹം
കഴിക്കുന്ന ജോളി, ദാമ്പത്യജീവിതത്തിലെ
പരാജയത്തിനുശേഷം മരണം കാത്തുകിടക്കുകയാണ്. അയാളെ കൊല്ലുന്ന റോസി, രണ്ടു മരണങ്ങളുടെ
തെരെഞ്ഞെടുപ്പിന്റെ ഭാരംകൂടി അയാളുടെ ദേഹത്തിനു മുകളിലേക്ക് വച്ചുകൊടുക്കുന്നു.
റോസി, എൽദോ എന്ന രണ്ടു ഐച്ഛികങ്ങളിൽ
അയാളുടെ മനസ്സ് എൽദോയിലേക്കാണ് നീങ്ങുന്നത്. റോസിയുമായുള്ള വിവാഹം അയാളുടെ ആഗ്രഹമല്ലായിരുന്നു.
റോസിയുടെ മുന്നിലും അതേ തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. അവൾ ജോളിയെന്ന ഓപ്ഷനെ
റദ്ദാക്കുന്നു. അതോടൊപ്പം ജീവിതം, മരണം എന്നീ ദ്വന്ദ്വങ്ങളും മരണത്തിൽ തന്നെ
എന്തിനുവേണ്ടിയുള്ള മരണം എന്നീ ദ്വന്ദ്വങ്ങളും ചേർന്നാണ് കഥയുടെ ആശയമേഖലയെ
നിർണ്ണയിക്കുന്നത്. ബാഹ്യാകാരത്തിനകത്തുള്ള ലിംഗപരമായ പ്രതിസന്ധികൾക്കൊപ്പം ഈ നാല്
കഥകളിലും ലിംഗം, പദവി, ബന്ധം, അധികാരം എന്നിവയെ സംബന്ധിച്ച് സമൂഹികമായ
സ്ഥിരമാതൃകകൾ തകർന്നു വീഴുന്നതും ശാഖകളായി പിരിഞ്ഞൊഴുകുന്നതും വ്യക്തമാണ്.
കഥാപാത്രങ്ങൾ എന്ന മെഴുകുരൂപങ്ങൾ
ഒന്നു മറ്റൊന്നായി പരിണമിക്കുക
എന്നത് പ്രമോദിന്റെ കഥകളിൽ അത്ര അപൂർവമല്ലാത്ത വസ്തുതയാണ്. ‘ദൃഷ്ടിച്ചാവേറി’ൽ
രുദ്രയെന്ന പെൺകുട്ടിയ്ക്കു വരുന്ന മാറ്റം പലതാണ്. അവസാനം അവൾ ഒരു കമ്പ്യൂട്ടർ കഥാപാത്രമായും മാറുന്നു.
പശ്ചാത്തലം/ സ്ഥലം പ്രതിശീർഷഭോഗം, തിക്കുറിശ്ശി ഒരു കൊറിയൻ പദമാണ് എന്നീ കഥകളിലെ
പശ്ചാത്തലം ആഗോളസാഹചര്യത്തിനനുസരിച്ച് മാറുന്നു. ഒരു കഥാപാത്രം മറ്റൊന്നായി
മാറുന്നതിനും കഥാപാത്രങ്ങൾ വ്യക്തികളായി ഇറങ്ങി നടക്കുന്നതിനും കഥാപാത്രം മറ്റൊരു
കഥാപാത്രമായി മാറുന്നതിനും എഴുത്തിനിരുത്ത്,
പ്രജനനം, വിലാപയാത്രയ്ക്ക് ഒരു ഉദാഹരണം ഇവയൊക്കെ ഉദാഹരണങ്ങളാണ്. മരിച്ചവന്റെ
ജീവിച്ചിരിക്കുന്നവന്റെയും ആദേശം വിലാപയാത്രയ്ക്ക് ഒരു ഉദാഹരണം എന്ന കഥയിലുണ്ട്.
എഴുത്തിനിരുത്തിലെ, നോവലിന്റെ കഥാപാത്രത്തിന് കാളിദാസന്റെ ‘കാളി’യിൽനിന്ന് കാൾ
മാക്സിന്റെ ‘കാളി’ലേക്ക് ആദ്യമൊരു മാറ്റമുണ്ട്. അതു കഴിഞ്ഞയാൾ ജീവിതത്തിൽ
വാസ്തവസത്തയായി ഇറങ്ങി നടക്കുകയും ചെയ്യുന്നു. അതും കഴിഞ്ഞ് പവന്റെ ഭാര്യ മിയയുടെ
ജീവിതത്തിൽ അയാൾ ഒരു ആറുവയസ്സുകാരനായ കുഞ്ഞായും മാറുന്നു. ടി വി സീരിയലിലെ അഭിനേതാക്കളുടെയും
കഥാപാത്രങ്ങളുടെയും ജാതിസ്വത്വങ്ങൾ പരസ്പരം മാറുന്നത് തുപ്പൽപ്പൊട്ടിൽ കാണാം. ആ
നിലയ്ക്ക് വിളക്കുമരം കാണാൻ പോവുകയും അതിന്റെ ദുരന്തത്തെക്കുറിച്ച് കേട്ടിട്ട്
വണ്ടി തിരിച്ച് വി എസ് അചുതാനന്ദനെ കാണാനായി തിരിക്കുന്ന കുടുംബത്തെ
അവതരിപ്പിക്കുന്ന ഗോപുരച്ഛേദം എന്ന
കഥയില്പോലും ഈ വച്ചുമാറ്റമുണ്ട് എന്നു കാണാം.
ആദ്യം പറഞ്ഞ കഥകളിലെ സ്വപ്നസമാനമായ അന്തരീക്ഷത്തിൽനിന്ന് പ്രകടമായൊരു
രൂപകാവവസ്ഥ ഈ കഥയ്ക്ക് ഉണ്ടെന്നു മാത്രം. വസ്തുസ്ഥിതിപരമാണ് ഈ ആദേശങ്ങളെങ്കിൽ ക്രിയാപരമായ
മാറ്റങ്ങളെയും കഥകൾ അവതരിപ്പിക്കുന്നുണ്ട്. തന്നോട് തന്നെയുള്ള ഹിംസക്രമമായി
വളർന്ന് മറ്റൊരാളിലേയ്ക്ക് ചായുന്നതാണ് ‘അംഗുലി പരിമിത’ത്തിലെ കാഴ്ച. ‘മരിപ്പുകളിൽ’
മറ്റുള്ളവരിലേക്ക് നീണ്ട ഹിംസ, ഇവിടെ തിരിച്ച് തന്നിലേക്ക് ചായുന്നു. ഒന്നു മറ്റൊന്നായി
മാറുക, ആമുഖത്തിൽ പ്രമോദ് വ്യക്തമാക്കിയതുപോലെ ബോധാബോധങ്ങളുടെ വഴുക്കലിന്റെ
പ്രത്യക്ഷസാക്ഷ്യങ്ങളാണ്. അതേസമയം നൈമിഷികമായ ജീവിതത്തിന്റെ വേറിട്ട വഴിയെയും അവ
അടയാളപ്പെടുത്തുന്നു.
കൂട്ടുകാരന്റെ പിതാവിനാൽ
(അധികാരി) ഏറ്റ പീഡനത്തിന്റെ ഫലമായി തന്റെ കാഴ്ച വേണ്ടെന്നു വയ്ക്കുന്ന രുദ്രയെന്ന
കുട്ടിയെ ചുറ്റി വികസിക്കുന്ന ദൃഷ്ടിച്ചാവേറെന്ന കഥ സ്വതന്ത്രമായൊരു ഒഴുക്കിന്റെ
മറ്റൊരു തലമാകുന്നു. മനസിലേറ്റ ആഘാതമാണ് അതിന്റെ വാതായനങ്ങളായ കണ്ണുകൾ
വെളിവാക്കുന്നത്. അത് ഇരുട്ടായി പോകുന്നു. പകരം നിഷ്കളങ്കമായ കണ്ണുകൾ മാറ്റിസ്ഥാപിക്കുകയാണ്
ചെയ്യേണ്ടത്. പക്ഷേ മാറ്റിവയ്ക്കാനുള്ള കണ്ണുകൾ വന്നത് സിലോണിൽ നിന്നായതുകൊണ്ട്
പൂർവകഥയുടെ നിറം മാറുകയും പെട്ടെന്ന് തമിഴ്- ശ്രീലങ്കൻ സംഘർഷത്തിന്റെ ക്രൂരമായ
വശങ്ങളിലേയ്ക്ക് ആഖ്യാനം ചുവടുമാറുകയും ചെയ്യുന്നു. അവിടെയും തീരാതെ രുദ്രയെ ഒരു
വീഡിയോ കളിയിലെ കഥപാത്രമാക്കിക്കൊണ്ടാണ് കഥ അവസാനിക്കുന്നത്. വ്യത്യസ്തമായ മൂന്നു
തലങ്ങളിലൂടെയൊഴുകുന്ന കഥ ഒരേസമയം ക്രൂരവും സ്വപ്നാത്മകവുമായ ഭ്രമലോകത്തെ
ആവിഷ്കരിക്കുന്നു. രുദ്രയുടെ അന്ധത വർത്തമാനകാലമാണ്. കണ്ണുകൾ ബോംബുകളാണെന്ന
സംശയത്തിൽ അന്വേഷിച്ചു വരുന്ന പട്ടാളക്കാർ ഭൂതകാലത്തിൽനിന്നാണ്. അവൾ വീഡിയോ
ഗെയിമിൽ കള്ളക്കുരുടിയായി മാറുന്നത് ഭാവികാലത്തിലുമാണ്. ഉച്ചആധുനികതയുടെ കാലംവരെ
സംഘർഷങ്ങൾ സ്ഥലത്തിനുമേലായിരുന്നെങ്കിൽ ഇപ്പോൾ കാലത്തിനുമേലാണെന്ന് ബോമാൻ
വിവരിക്കുന്നുണ്ട്. മുൻകൂട്ടി പ്രവചിക്കാൻ വയ്യാത്തവിധം മനുഷ്യരെ കൈകാര്യം ചെയ്യാൻ
കഴിയുന്നതരം ബന്ധങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.
ഭരണകൂടങ്ങൾക്ക് പൗരരുടെ മുഖ്യജാമ്യക്കാരനാവാൻ വിസമ്മതിക്കുന്ന ഒരവസ്ഥ നാക്കു
നീട്ടുന്ന അരക്ഷിതത്വമായി നമുക്കു ചുറ്റും ഉണ്ട്.
അവിശുദ്ധത്രിത്വം
ബോമാൻ ‘അവിശുദ്ധ ത്രിത്വം’
(അൺഹോളി ട്രിനിറ്റി) എന്നു വിളിക്കപ്പെടുന്ന 3 അവസ്ഥകളുമായി (സമൂഹം, പുറം 181) പ്രമോദിന്റെ
കഥകളിലെ സാഹചര്യങ്ങൾ ചേർന്നു നിൽക്കുന്നത്, നമ്മുടെ സമൂഹത്തിലെ പൊരുത്തക്കേടുകളുടെ
ഭാവനാത്മക പ്രതിഫലനത്തിന്റെ ഭാഗമായാണ്. അനിശ്ചിതത്വം (അൺസെർട്ടേനിറ്റി)
അരക്ഷിതത്വം (ഇൻസെക്യുരിറ്റി) സുരക്ഷയില്ലായ്മ (അൺസേഫ്) എന്നിവ ഓരോന്നും മാരകവും
വേദനാജനകവുമായ ഉത്കണ്ഠകൾ നിർമ്മിച്ചു വിടുന്നതിനെപ്പറ്റിയാണ് ബോമാൻ
എഴുതുന്നത്. പാളിച്ചകളും ചതിക്കുഴികളും
പതിയിരിക്കുന്നു എന്ന യാഥാർത്ഥ്യം മാത്രമല്ല, അവയെപ്പറ്റി മുൻകൂർ
നിറച്ചുവയ്ക്കുന്ന വേവലാതികളുംകൂടി ചേർന്നാണ് നമ്മുടെ ജീവിതം ഭാരമുള്ളതായി
തീരുന്നത്. പാരിസ്ഥിതികമായ
സുരക്ഷാഭീഷണിപോലെ പ്രധാനമാണ് ഗാർഹികമായ അരക്ഷിതത്വവും. (സ്ഥൂലപരിസ്ഥിതിയും
സൂക്ഷ്മപരിസ്ഥിതിയും) പീഡനത്തെ സംബന്ധിക്കുന്ന സമൂഹത്തിനുള്ള ധാരണകളെയും വേവലാതികളെയും
സമർത്ഥമായി കൂട്ടു പിടിച്ചാണ്, ‘തന്തത്താഴും റെഡ്ക്രോസും മരണമാസും’
അന്തരീക്ഷസൃഷ്ടി നടത്തിയിരിക്കുന്നത് എന്നു ശ്രദ്ധിക്കണം. യഥാർത്ഥത്തിൽ ആ കഥകളിൽ
പീഡനമെന്ന ക്രിയ ഇല്ല. അതു നടക്കുന്നതിനു തൊട്ടു മുൻപ് അതിനെ സംബന്ധിച്ച
വേവലാതികളെ ഉയർത്തിവിട്ടുകൊണ്ട് കഥകൾ അവസാനിക്കുന്നു. ‘തള്ളത്താഴെ’ന്ന കഥ
സോക്രട്ടീസ് വാലത്ത് എഴുതുന്നത് (2017, ജയ
ഹേ എന്ന സമാഹാരം) തന്തത്താഴിലെ അരക്ഷിതവും
ഭീതിജനിപ്പിക്കുന്നതുമായ ഗാർഹികാന്തരീക്ഷത്തിന്റെ മറുപുറം അഥവാ ബദൽ എന്ന
നിലയ്ക്കാണ്.
ഭൂതകാല ഓർമ്മകളുടെയും
ഭാവിവിശ്വാസങ്ങളുടെയും തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള സംസ്കാരത്തിന്റെയും
സദാചാരത്തിന്റെയും പാലങ്ങളാണ് മനുഷ്യരെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും
മുഹൂർത്തങ്ങളിൽ ജീവിക്കാനും സന്നദ്ധരാക്കുന്നത് എന്നാണ് ബോമാന്റെ വിശ്വാസം. (പുറം
129) ഐഡന്റിറ്റിയിൽ നമ്മൾ ഖരാവസ്ഥയിൽനിന്ന് ആധുനികത്വത്തിന്റെ ദ്രാവകാവസ്ഥയിലേക്ക്
നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ കഴിയില്ലെന്നും സാമൂഹിക
രൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു വിധേയമാണെന്നും അത്
മനുഷ്യനായിരിക്കുക എന്ന അനുഭവത്തെ പരിവർത്തിപ്പിക്കുന്നു എന്നും വാദിച്ചുകൊണ്ടാണ്
സിഗ്മണ്ട് ബോമാൻ, ദ്രവാധുനികത്വം എന്ന പുസ്തകം ആരംഭിക്കുന്നത്. അത്തരമൊരു
സാമൂഹികാവസ്ഥയെ ബോധപൂർവമോ അബോധാത്മകമായോ ഉൾക്കൊള്ളുന്നതരത്തിൽ മലയാള കഥാഭാവനയുടെ
ആവിഷ്കാരരീതികൾ വൈവിധ്യം പ്രാപിച്ചിട്ടുണ്ട്. അതിനു മാതൃകയും തെളിവുമായി പ്രമോദ്
രാമന്റെ കഥകളെ സംശയംകൂടാതെ സമീപിക്കാവുന്നതാണ്.
2014 -ൽ കൊച്ചിയിൽ നടന്ന
ബിനാലെയിൽ അനിൽ കപൂർ അവതരിപ്പിച്ച ‘ഡിസെൻഷൻ’ എന്ന രചന, നിരന്തരമായി കലങ്ങിമറിയുന്ന
ഒരു പ്രതലത്തെ മുന്നിൽ വച്ചുകൊണ്ട് നാം നിൽക്കുന്ന നിലത്തിന്റെ ദൃഢതയെപ്പറ്റി ഒരു
പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്ന
ഒന്നായിരുന്നു. അതിന്റെ നടുവിലത്തെ ചുഴി ഇരുട്ടിലേക്കു മറയുന്ന രീതിയിലാണ്
സംവിധാനം ചെയ്തിരുന്നത്. വട്ടംചുറ്റുന്നതും നിരന്തരമായി ഇളകിക്കൊണ്ടിരിക്കുന്നതും
ദ്രവാവസ്ഥയിലുള്ളതുമായ ഒരു സ്ഥലസങ്കല്പം അതു വച്ചു നീട്ടുന്നുണ്ട്. അതോടൊപ്പം
അതിന്റെ കലക്കത്തിലേക്ക് നമ്മളെ വലിച്ചിടാൻ പോന്ന തരത്തിൽ പേടിപ്പെടുത്തുന്ന ഘടന
അതിനുണ്ടായിരിക്കുകയും ചെയ്യുന്നു. സാമൂഹികവും വ്യക്തിപരവുമായ
സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകൾ, ഉറപ്പിന്റെയും യുക്തിയുടെയും പൊരുത്തങ്ങളുടെയും
രൂപങ്ങളെ ദയനീയമായി അന്വേഷിക്കുകയും എന്നാൽ നിരന്തരപരിണാമിയായ മനുഷ്യാവസ്ഥകൾ ആ
യത്നങ്ങളെ എതിർത്തു തോല്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുന്ന വാസ്തവത്തെ
മറ്റൊരു ആവിഷ്കാരമാർഗമായ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) ചിത്രീകരിച്ചതിനെപ്പറ്റിയാണ്
പറഞ്ഞത്. സമകാലചലചിത്രങ്ങളും ഈയവസ്ഥയെ പകർത്താൻ ഉത്സാഹിച്ചിട്ടുണ്ട്. (ലൂസിയ
പ്യുവൻസോ യുടെ എക്സ് എക്സ് വൈ (2007) നീൽ ബെർഗറുടെ ലിമിറ്റ്‌ലെസ് (2011) തുടങ്ങിയവ
ഉദാഹരണങ്ങൾ) കാലികമായ സമൂഹത്തിന്റെ പ്രതിഭിന്നമായ അവസ്ഥാന്തരങ്ങൾ കഥകളിൽ അവയ്ക്ക്
സൂക്ഷ്മതലങ്ങളിൽ സഞ്ചരിക്കാനുള്ള
ശേഷിക്കൂടുതൽകൊണ്ടുതന്നെ കൂടുതൽ സങ്കീർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്.
(വിജ്ഞാനകൈരളി)
-----------------------
വായനാസൂചി
1. Liquid Modernity – Zygmunt Bauman, Polity Press, UK, 2000
2. The
Dialogic Imagination – Four Essays- Mikhail M Bakhtin, Ed. Michael Holquist, University
of Texas Press, US, 1981
3. രതിമാതാവിന്റെ പുത്രൻ - പ്രമോദ് രാമൻ, മാതൃഭൂമി ബുക്സ്,2011
4. ദൃഷ്ടിച്ചാവേർ - പ്രമോദ് രാമൻ, ഡി സി ബുക്സ്, 2014
5. മരണമാസ് – പ്രമോദ് രാമൻ, മാതൃഭൂമി ബുക്സ്, 2017
6. Whorled Explorations – ലോകാന്തരങ്ങൾ, കൊച്ചി മുസിരിസ് ബിനാലെ, 2014
7. The trouble with being Human These Days – Identity – Bouman, Dolan
Commings - https://understandingsociety.blogspot.in/2014/05/liquid-modernity.html
1 comment:
പൂർണ്ണത, സമഗ്രത തുടങ്ങിയ സങ്കല്പങ്ങളെപ്പറ്റി മാത്രമല്ല, താൻ സൃഷ്ടിക്കുന്ന വൈകാരികലോകത്തെപ്പറ്റിയും അതിനോട് ആളുകൾക്ക് ഉണ്ടായേക്കാവുന്ന പ്രതികരണത്തെപ്പറ്റിയുമൊക്കെയുള്ള (മുൻ) ധാരണകൾ കലങ്ങിമറിയുന്ന ഒരു എഴുത്തുകാരസ്വത്വമാണ്, അരക്ഷിതമായ ഒരു മനോഭാവത്തിന്റെ ആഖ്യാനവ്യവസ്ഥയിലൂടെ വെളിവാക്കപ്പെടുന്നത്.
Post a Comment