November 9, 2016

സാഗരം സാക്ഷിയും പക്ഷേയും





ഒ കെ ജോണിയുടെ 'സിനിമയും സമൂഹവും' എന്ന പാഠം  ( യഥാർഥ ലേഖനത്തിന്റെ പേര് 'ജനപ്രിയ സിനിമയും സമൂഹവും' പുസ്തകം- സിനിമയുടെ വർത്തമാനം) രണ്ടു ജനപ്രിയ സിനിമകളെ അപഗ്രഥിച്ചുകൊണ്ടെഴുതിയതാണ്. ചെറിയാൻ കൽപ്പകവാടിയുടെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമായ 'പക്ഷേ'യും ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച 'സാഗരം സാക്ഷി'യും. ലേഖനത്തിൽ എഡിറ്റു ചെയ്യപ്പെട്ട മേൽപ്പറഞ്ഞ സിനിമകളെപ്പറ്റിയുള്ള ഭാഗം ഇങ്ങനെ വായിക്കാം.

"മൂല്യങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ ഉത്കണ്ഠ ഇതിവൃത്തരചനയെതന്നെ സ്വാധീനിക്കുന്നു. രചനാപരമായ ഈ സൗകര്യം ഉപരിപ്ലവമായി ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് 'പക്ഷേ'  എന്ന ചിത്രം. കുടുംബചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ പ്രശസ്തനായ മോഹന്റെ 'പക്ഷേ', ആവർത്തനങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതമായ ഒരു കുടുംബകഥയാണു പ്രതിപാദിക്കുന്നത്."

"കുടുംബം ദാമ്പത്യം സ്ത്രീ ആദർശനായകൻ എന്നിവയെക്കുറിച്ച് പക്ഷേ എന്ന ചിത്രം ഉന്നയിക്കുന്ന സങ്കല്പങ്ങൾതന്നെയാണ് ഇയ്യിടെ പ്രദർശനത്തിനെത്തിയ സിബിമലയിലിന്റെ 'സാഗരം സാക്ഷി'യും പങ്കിടുന്നത്. മോഹൻ ലാലിനെപ്പോലെ സൂപ്പർ നായകനായ മമ്മൂട്ടിയാണ് ഇതിലെ നായകൻ. ..ഭാര്യാപിതാവിന്റെ പൊങ്ങച്ച ശാഠ്യങ്ങൾകൊണ്ട് ഭര്യയെ വേർപിരിയാൻ നിർബന്ധിതനാവുന്നുണ്ട്, ഇയാളും. .. ഏറെക്കാലത്തെ വേർപാടിനുശേഷം നായകനും നായികയും വീണ്ടും കണ്ടുമുട്ടുകയും ദാമ്പത്യം പുനരാരംഭിക്കുകയും ചെയ്യുന്നു. കാമുകിയെയും സന്ന്യാസത്തെയും ഉപേക്ഷിച്ചുകൊണ്ട് മലയാളികളുടെ രണ്ടു നായകന്മാർ ദാമ്പത്യത്തിന്റെ പവിത്രതയും കുടുംബത്തിന്റെ ഭദ്രതയും വീണ്ടെടുക്കുന്നു."

1994- ലാണ് ഈ രണ്ടു സിനിമകളും പ്രദർശനത്തിനെത്തിയത്. പൊതുവായ ചില സമാനതകൾ ഇവയാണ്.

1. രണ്ടു സിനിമയിലെയും നായക കഥാപാത്രത്തിന്റെ പേര് ബാലചന്ദ്രൻ എന്നാണ്. 

2. ഭാര്യാപിതാവ് (രണ്ടു സിനിമയിലും നടൻ തിലകൻ തന്നെ) കഥാഗതിയിൽ നിർണ്ണായകസ്ഥാനം വഹിച്ചുകൊണ്ട് നിൽക്കുന്നുണ്ട്.

3. ഐ എ എസുകാരൻ, മദിരാശിയിലെ ബിസിനസ്സ് മാഗ്നെറ്റ് എന്നിങ്ങനെ മധ്യവർഗത്തിലെ തന്നെ ഉപരിവിഭാഗത്തിന്റെ ജീവിതമാണ് സിനിമകൾ പ്രമേയമാക്കുന്നത്.

4. രണ്ടു നായകന്മാരും ദാരിദ്ര്യത്തിൽനിന്നും ഉയർന്നു വന്നവരാണ്. ഭാര്യമാർ രണ്ടിലും സമ്പന്നകളുമാണ്. ബാഹ്യമായ ഇടപെടൽ രണ്ടിലെയും നായകന്മാരുടെ ജീവിതത്തെ തകർക്കുന്നു, പക്ഷേയിൽ ഭാര്യാപിതാവിന്റെ ( വിക്രമൻ കോണ്ട്രാക്ടർ) പിടിവാശികളാണെങ്കിൽ സാഗരം സാക്ഷിയിൽ ഭാര്യാപിതാവിന്റെ കൂട്ടുകാരനായ പോലീസുദ്യോഗസ്ഥന്റെ ( കെ കെ നായർ) പകയാണ് കഥാപാത്രങ്ങളുടെ ജീവിതം ദുരന്തമയമാക്കി തീർക്കുന്നത്. 

5. രണ്ടിലും കടൽ  പശ്ചാത്തലമായി വരുന്നുണ്ട്. നായകന്റെ ജീവിതത്തിലെ പരിവർത്തനഘട്ടങ്ങളിൽ കടൽ പ്രധാന പങ്കുവഹിച്ചുകൊണ്ട് നിൽക്കുന്നതു കാണാം.

ഐ എ എസുകാരനായ ബാലചന്ദ്രമേനോൻ (പക്ഷേ) അഹങ്കാരിയായ ഭാര്യയിൽനിന്ന് രക്ഷനേടി ജീവിതം നുണയാൻ വന്നു താമസിക്കുന്നത് കടലിന്റെ തീരത്തുള്ള സുഖവാസകുടിലിലാണ്. അവിടെവച്ചാണ് അയാൾക്കായി കാത്തിരിക്കുന്ന പൂർവ കാമുകി നന്ദിനിയെ അയാൾ വീണ്ടും കാണുന്നതും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. പക്ഷേ അപ്പോഴേക്കും മനഃപരിവർത്തനം ഉണ്ടായ അയാളുടെ യഥാർത്ഥ ഭാര്യ രാജേശ്വരി കുട്ടികളുമായി വന്ന് അയാളെ കുടുംബത്തിലേക്ക് തിരിച്ചു വിളിക്കുന്നു, ആത്മസംഘർഷത്തിനൊടുവിൽ കാമുകിയെ രണ്ടാമതും ഒറ്റയ്ക്കാക്കിയിട്ട്, അയാൾ ഭാര്യയോടും കുട്ടികളോടും ഒപ്പം കുടുംബത്തിലേക്ക് തിരിച്ചു പോകുന്നു.

സാഗരം സാക്ഷിയിൽ  തന്റേതല്ലാത്ത കാരണങ്ങളാൽ ഇരയാക്കപ്പെട്ട ബാലചന്ദ്രൻ എല്ലാവരാലും വെറുക്കപ്പെട്ട് സന്ന്യാസം സ്വീകരിച്ച് അലയുന്നതിനിടയിലാണ് തന്നെ ഉപേക്ഷിച്ച ഭാര്യയെ അനാഥമായ നിലയിൽ കാണുന്നത്. അവളെ താൻ ആരുടെകൂടെയും വിടില്ലെന്ന തീരുമാനം അയാൾ എടുക്കുന്നത് കന്യാകുമാരി കടൽത്തീരത്തുവച്ച് ഒരു സന്ധ്യയ്ക്കാണ്. മരണമല്ലാതെ അവളുടെ മുന്നിൽ മറ്റൊരു മാർഗമില്ലെന്ന തോന്നൽ അവസാനരംഗത്തു സംവിധായകൻ ഒരുക്കിവച്ചിട്ടാണ് നായകനെ ജീവിതത്തിലേക്കു കൂട്ടികൊണ്ടുവന്ന് കാര്യങ്ങളെ ശുഭാന്ത്യമാക്കുന്നത്. കടലിനെ സാക്ഷിയാക്കി സന്ന്യാസി പിന്നെയും ഗൃഹസ്ഥനാകുന്നു. 

6. 'ആദർശനായക' ( വിക്ടിമൈസ്ഡ് ഹീറോ) ന്റെ ചട്ടക്കൂടിലാണ് രണ്ടു നായകന്മാരുടെയും  നിലനിൽപ്പ്. 'പക്ഷേ'യിലെ ബാലചന്ദ്രൻ വിക്രമൻ കോണ്ട്രാക്ടറുടെ അഴിമതികൾക്ക് കൂട്ടു നിൽക്കാൻ നിർബന്ധിതനായി തീരുന്നു. അയാൾക്ക് ചീത്തപ്പേരുണ്ടാകുന്നത് അങ്ങനെയാണ്, അല്ലാതെ സ്വന്തം തെറ്റുകൊണ്ടല്ല. സാഗരം സാക്ഷിയിൽ  , കെ കെ നായർ എന്ന പ്രമാണി ഹോട്ടലിൽ വച്ചു നടത്താൻ പോയ വ്യഭിചാരത്തിനു കൂട്ടു നിൽക്കാത്തതാണ് ബാലചന്ദ്രനെ തറ പറ്റിച്ചത്. രണ്ടു പേരുടെയും ജീവിതദുരന്തത്തിന് അവരുടേതല്ലാത്ത കാരണങ്ങളുണ്ട്.

7. തുടർച്ചയായ ത്യാഗങ്ങൾ ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്നു. 'പക്ഷേ'യിൽ ബാലൻ പ്രേമിച്ച പെണ്ണിനെ ഉപേക്ഷിക്കുന്നു. 'സാഗരം സാക്ഷി'യിൽ നായകൻ വീടും കുടുംബവും ഉപേക്ഷിച്ച് സന്ന്യാസിയാകുന്നു.

8. രണ്ടു ചലച്ചിത്രങ്ങളിലും സ്വതന്ത്രകളും സമ്പന്നകളുമായ സ്ത്രീകൾ തെറ്റു മനസ്സിലായി സ്വയം മെരുങ്ങി നായകനോടൊപ്പം ചേരുന്നതു കാണാം. 'പക്ഷേ'യിലെ രാജി, അനുസരണക്കേടെല്ലാം ഉപേക്ഷിച്ച് കുട്ടികളോടൊപ്പം വന്നാണ് ബാലനെ കൂട്ടിക്കൊണ്ടു പോകുന്നത്. കുതിരസവാരി ചെയ്യുകയും ആധുനിക വസ്ത്രം ധരിക്കുകയും ചെയ്ത് 'സാഗരം സാക്ഷി'യിൽ പ്രത്യക്ഷപ്പെടുന്ന  നിർമ്മല, പക്വമതിയായി സന്ന്യാസിനിയുടെ ഹാവഭാവാദികളോടെ  ബാലചന്ദ്രനോട് ചേരുന്നു. കുടുംബിനിയാവുന്നതോടെ സ്ത്രീകൾക്കു മാറ്റമുണ്ടാവണമെന്ന കാഴ്ചപ്പാടിനൊപ്പം സ്ത്രീയെ അനുസരണക്കാരിയും വിധേയയുമാക്കുന്ന നായകത്വത്തിന്റെ മഹിമയെയും ഇവ ഉയർത്തി പിടിക്കുന്നു. തെറിച്ച പെണ്ണ് കുടുംബസ്ഥയാകുന്നതിൽ സ്ത്രീകളായ പ്രേക്ഷകർക്കുപോലും എതിർപ്പുണ്ടാവും. ആ എതിർപ്പിനെ മറികടക്കാനുള്ള ഉപാധിയാണ് വിവാഹം കഴിയുന്നതോടെ ഒതുക്കം ശീലിക്കുന്ന സ്ത്രീയുടെ വാർപ്പു മാതൃക, അഥവാ, ഭർത്താവു പോയി കഴിഞ്ഞ് സ്വന്തം തെറ്റു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് ഭർത്താവിനെ അന്വേഷിച്ചു വരുന്ന സ്ത്രീ. 

ടൈപ്പ് ഇതിവൃത്ത സന്ദർഭങ്ങൾ , വാർപ്പു മാതൃകകളായ ( സ്റ്റീരിയോ ടൈപ്പ്) കഥാപാത്രങ്ങൾ, സ്ഥിരശൈലിയിലുള്ള (ക്ലീഷേ) പ്രതിപാദന രീതികൾ എന്നിവയ്ക്ക് ഉദാഹരണങ്ങളാണ് മേൽപ്പറഞ്ഞവ. ജീവിതപ്രതിസന്ധികളുടെ പരിഹാരം എന്ന നിലയിൽ സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ലളിതവും പ്രതിലോമകരമാണ്. രണ്ടു നായകന്മാരും താത്കാലികമായെങ്കിലും വീടു വിട്ടു പോകുന്നതിൽ സ്ഥിരമൂല്യങ്ങളെ മറികടക്കാനുള്ള അബോധ വാസനയുണ്ട്, പക്ഷേയിലെ ബാലചന്ദ്രം കുറച്ചുകൂടി മുന്നോട്ടു പോകുന്നുണ്ട്. സാഗരം സാക്ഷിയിലെ നായകൻ കുറച്ചുകാലത്തേക്ക് മദ്യത്തിൽ അഭയം തേടുന്നതും ഒരു തരം മൂല്യനിരാസത്തിന്റെ പങ്കിലാണ്. എങ്കിലും അവർ അവസാനം ഭാര്യമാരുടെ അടുക്കൽ തിരിച്ചെത്തിക്കൊണ്ട് അതേ മൂല്യങ്ങളെ ധിക്കരിക്കാനുള്ള വൈമനസ്യം രേഖപ്പെടുത്തുകയും ചെയ്യുന്നു. കുടുംബം എന്ന മൂല്യത്തിൽ ഊന്നിയില്ലെങ്കിൽ ജനങ്ങൾ അസ്വസ്ഥരാകുമെന്നുള്ളതുകൊണ്ടാണ് ഈ നീക്കുപോക്കെന്നു വ്യക്തം.

പതിവ്രത, ആദർശപ്രണയിനി, ആദർശവാനും ത്യാഗിയുമായ നായകൻ, പ്രണയിതാക്കളെ പരസ്പരം അകറ്റുന്ന കുടുംബാംഗങ്ങൾ,  തുടങ്ങിയ കഥാപാത്രമാതൃകകളിലെല്ലാം പൗരാണിക മിത്തുകളിൽനിന്നുള്ള (സീത, ദമയന്തി, നാറാണത്തു ഭ്രാന്തൻ, ശിവപാർവതി..)  നിഴൽ രൂപങ്ങൾ പതിഞ്ഞു കിടപ്പുണ്ട്. ഉപരിവർഗമാവാൻ വേൺറ്റി കൊതിക്കുന്ന മധ്യവർഗത്തിന്റെ അഭിലാഷങ്ങളും ഉത്കണ്ഠകളുമാണ് സിനിമകൾ ഒരു പോലെ പങ്കുവയ്ക്കുന്നത്. സമകാലിക അവസ്ഥയ്ക്ക് അനുയോജ്യമായി പഴയ മിത്തിക്കൽ കഥാപാത്രങ്ങളെ വീണ്ടും നിർമ്മിച്ചുകൊണ്ട് ഈ സിനിമകൾ ഭൂരിപക്ഷം വരുന്ന കേരളീയ മധ്യവർഗത്തിന്റെ അഭിലാഷങ്ങളും താത്പര്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതായുള്ള  ജോണിയുടെ കണ്ടെത്തൽ ശരിയാണ്.  എന്നാൽ ഈ പ്രവണതകൾ ഒരു കാലത്തിൽ മാത്രമായി തറഞ്ഞു നിൽക്കുകയല്ല. കേരളത്തിലെ ഇടത്തരം ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള മൂല്യത്തെയാണ് കുടുംബം എന്ന സ്ഥാപനം പോറ്റുന്നത്. ജിത്തു ജോസഫിന്റെ ദൃശ്യവും ഊഴവും കുടുംബം എന്ന സുഭദ്രമായ ഘടനയെ തകർക്കാൻ വരുന്ന ശക്തികളോടുള്ള എതിരിടലിനെ പ്രമേയമാക്കി വിജയിച്ച ചിത്രങ്ങളാണ്. കാലത്തിനനുസരിച്ചുള്ള കൂട്ടിച്ചേർക്കലുകളും കിഴിക്കലുകളും വളച്ചൊടിക്കലുകളും സംഭവിക്കുന്നു എന്നല്ലാതെ ജനപ്രിയതയുടെ അടിസ്ഥാനമായ അടിസ്ഥാനമായ ചട്ടക്കൂടുകളെ കണ്ണിലെണ്ണയൊഴിച്ച് കാത്തു സം‌രക്ഷിക്കാൻ പ്രതിജ്ഞാബദ്ധം തന്നെയാണ് ഇന്നും മലയാളത്തിലെ ജനകീയ സിനിമകൾ.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ജനപ്രിയതയുടെ അടിസ്ഥാനമായ അടിസ്ഥാനമായ
ചട്ടക്കൂടുകളെ കണ്ണിലെണ്ണയൊഴിച്ച് കാത്തു സം‌രക്ഷിക്കാൻ
പ്രതിജ്ഞാബദ്ധം തന്നെയാണ് ഇന്നും മലയാളത്തിലെ ജനകീയ
സിനിമകൾ.