ഏതാനും നിമിഷങ്ങളിൽ ഒതുക്കിവയ്ക്കാൻ മാത്രം കഴിയുന്ന ഋജുവായ അനുഭവങ്ങളെ നിറഭേദത്തോടെ പകർത്തി ലയം കൊള്ളിക്കുക എന്ന സാധ്യതയുടെ നിരാസം പലതരത്തിലാണ് വി ജെ ജെയിംസിന്റെ കഥകൾ ഏറ്റെടുക്കുന്നത്. വിജ്ഞാനപരമോ ഭൗതികമോ മാനസികമോ ആയ അനുഭവങ്ങളുടെ ഉള്ളടക്കവുമായി മുൻപ് ആവിഷ്കാരസാധ്യതകൾ തേടിയ മലയാളത്തിലെ കഥകൾക്ക് പൊതുവേ പിൽക്കാലത്തുവന്ന പരിണാമങ്ങളിലൊന്നിന്റെ വഴിയ്ക്കാണിതും. രേഖീയമായ ക്രമവും ഏകാഗ്രതയുടെ ഏകാധിപത്യവുമൊക്കെ ഉപേക്ഷിച്ചിട്ട് കഥ ആശയപരമായി സ്വയം പുതുക്കിയതിന്റെ മുദ്രകളിൽ മേൽപ്പറഞ്ഞ വിവിധതരത്തിലുള്ള അനുഭവങ്ങളെ ഒന്നിച്ചും ഇടകലർത്തിയും പ്രയോഗിക്കുക എന്ന ശീലവും ഉൾപ്പെടും. ഒരു കഥയിൽതന്നെ അതിൽനിന്നും വേറിട്ടു നിൽക്കുന്ന മറ്റൊരു കഥയുടെ വലയംകൂടി നിർമ്മിക്കുക, ഇവ തമ്മിൽ തൊടുന്ന അതിരു രേഖകൾ മായ്ച്ചു കളയുക മാനസിക സംഭവത്തിന്റെ ഘടനയെ മാതൃകയാക്കിക്കൊണ്ട് അവതരിപ്പിച്ചു ത്രസിപ്പിക്കുക തുടങ്ങിയ പതിവുകളിൽനിന്നും മുന്നോട്ടിറങ്ങിനിന്നുകൊണ്ടാണ് നിരവധി വലയങ്ങൾ ഒരേസമയം സൃഷ്ടിച്ചുകൊണ്ട് കഥ പറയുക എന്ന രീതി പിറവികൊള്ളുന്നത്. ഇവ പലപ്പോഴും ഒരു കേന്ദ്രബിന്ദുവിൽനിന്നു തന്നെ പുറപ്പെട്ട് അനുബന്ധ വലയങ്ങൾ തീർത്ത് പുരോഗമിക്കുന്നു. വിശേഷണങ്ങളിലല്ല, വിശദാംശങ്ങളിൽ കഥകൾ ശ്രദ്ധിക്കുന്നു. മാനസികവും രാഷ്ട്രീയവും സദാചാരപരവും സാമൂഹികവും മതപരവും സാമ്പത്തികവും അങ്ങനെ തുടരുന്ന വിവിധ പരിസരങ്ങളുടെ ഉള്ളുകള്ളികൾ തിരഞ്ഞുകൊണ്ടാണ്, വി ജെ ജെയിംസ് ഉൾപ്പടെയുള്ളവരുടെ തലമുറ വിശദാംശങ്ങളുടെ തിടമ്പുമായി മുന്നോട്ടു പോയത്. സാഹിത്യചരിത്രാനുബന്ധിയായ ഒരു തുടർച്ചയ്ക്കൊപ്പം പല നിലകളിൽ വിച്ഛേദത്തെകൂടി നിർവഹിക്കാതെ കഥകൾക്ക് സ്വതന്ത്രമായൊരു സ്വത്വവും നിലനിൽപ്പും സാധ്യമല്ലല്ലോ. ജെയിംസിന്റെ കഥകൾ തുടരുകയും വിലംഘിക്കുകയും ചെയ്യുന്ന ആന്തരിക യാത്രകളെ പ്രമേയപരമായി പിന്തുടർന്നാൽ എത്തുന്ന പരിസരങ്ങളാണ് ഇവിടത്തെ മൗലികത.
‘നോവലെഴുത്തിന്റെ വ്യഗ്രതകൾക്കിടയിൽ കഥകളുടെ എണ്ണം സാരമായി
കുറഞ്ഞു പോകുന്നു’ എന്നൊരു സത്യവാങ്മൂലം
‘പ്രണയോപനിഷത്തിന്റെ’ ആമുഖത്തിൽ കുറച്ചൊരു അഭിമാനത്തോടെയാണ് വി ജെ ജെയിംസ് കുറിച്ചിടുന്നത്. ചെറുകഥയുടെ ലാഘവത്വത്തിൽ അധികം
ഭ്രമിക്കാതിരിക്കുകയും എന്നാൽ നോവൽ നൽകുന്ന വിനിമയ സാധ്യതയിൽ മനസ്സുറപ്പിക്കുകയും ചെയ്യുന്നതരത്തിലുള്ള
വിഭാവന, തിരിച്ച് നോവലെഴുത്തിന്റെ പരപ്പിനെ ഭയത്തോടെ കാണുകയും ചെറുകഥയുടെ ‘ഹ്രസ്വത’ യിൽ രമിക്കുകയും ചെയ്ത കാഥികരുടെ സ്മരണയിൽ താരതമ്യം
ചെയ്യേണ്ട കാര്യമാണ്. എങ്കിലും ‘കഥകളുടെ എണ്ണം കുറയ്ക്കുക എന്നത് ഒരു നയമായി
സ്വീകരിക്കുമ്പോഴും ഓരോ കഥ പൂർത്തിയാക്കാനും പല കഥകളുടെ ശ്രമമെടുക്കാൻ
ശ്രദ്ധിക്കുന്നു’ണ്ടെന്ന് തൊട്ടു
താഴെ ജെയിംസ് എഴുതുന്നു. കഥാപരിസരങ്ങളുടെ വിശദാംശങ്ങളിലൂടെയുള്ള
അന്വേഷണമാണ് കഥയിലെ അടരുകളെ നിശ്ചയിക്കുന്നത്. ഇതേ വിശദാംശങ്ങളെ മുൻ നിർത്തിയാണ് ‘ചെറുകഥയുടെ കൊക്കിന് ഇണങ്ങായ്ക’ എന്ന ദോഷവശം, ഏകാഗ്രത ജീവിതവ്രതമായിരുന്ന കാലത്ത് ജീവിച്ച
കാഥികർക്കുണ്ടായിരുന്നതായി വിമർശകർ ഉന്നയിച്ചു കേൾക്കാറുള്ളത്. അനുഭവതീവ്രതയും
വൈകാരികതയും സാമൂഹിക വിമർശനവും
ധാർമ്മികോപദേശവും വാചാലമായി വാരി വിതറിക്കൊണ്ടു മുന്നേറുന്ന തരം വിവരണങ്ങളല്ല ജെയിംസിന്റെ
കഥകൾക്കുള്ളത്. പരിണാമത്തിലേക്കു കുതിക്കുന്ന ക്രിയയും അതിന്റെ കൂടെകൂട്ടുന്ന
അനുസാരികളും ആഖ്യാനത്തിന്റെ വലയങ്ങളെ വികസിപ്പിച്ച് മുന്നേറുന്ന സ്വഭാവമാണ്. ജെയിംസിന്റെ ആദ്യസമാഹാരം ‘ശവങ്ങളിൽ പതിനാറാമനി’ലെ ആഖ്യാനഘടനയിൽനിന്ന് വ്യത്യസ്തമായി വികസിക്കുന്ന രീതി ‘പ്രണയോപനിഷത്തിലെ’ കഥകൾക്കുണ്ട്. 2000 –നു ശേഷമാണ് ജെയിംസിന്റെ സമാഹാരങ്ങൾ പുറത്തിറങ്ങുന്നതെങ്കിൽതന്നെയും,
ആധുനിക ഭാവുകത്വം പരിചയപ്പെടുത്തിയ അന്യാപദേശരൂപത്തിലുള്ളതും ധ്വന്യാത്മകമായ
സ്വഭാവമുള്ളതും സ്വപ്നാത്മകമായ ലോകത്തെ അവതരിപ്പിക്കുന്നതും ഏറെക്കുറെ
ഒതുക്കിപ്പിടിച്ച് പറയുക എന്ന മട്ടിലുള്ള രചനാശൈലി പിന്തുടരുന്നതുമാണ് ആദ്യകാല
കഥകൾ. ഇവ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട
നിലയിലാണ് ഒരു കഥയ്ക്കുള്ളിൽ പല കഥകളുടെ തലങ്ങൾ ചേർന്ന് പിന്നീടുള്ള രചനകൾ ആഖ്യാനത്തിന്റെ അടരുകളെ
വിസ്തൃതമാക്കുന്നത്. സ്വാഭാവികമായും
ശൈലിക്കല്ല, അനുഭവത്തെയും ആശയത്തെയും ലക്ഷ്യമാക്കി വികസിക്കുന്ന അനുഭവങ്ങളക്കാണ്
പ്രാധാന്യം കൈവരുന്നത്. എങ്കിലും ക്രിയയുടെ പരിണാമഗതിക്ക് മേൽക്കൈ ഉണ്ടാവുന്നതോടെ പാരമ്പര്യവുമായി
പിണങ്ങാതെ കിടക്കുന്ന കണ്ണികൾക്ക് ജീവൻ വയ്ക്കുന്ന ഇടങ്ങളായി അവ മാറുകയും
ചെയ്യുന്നു.
കന്യാസ്ത്രീയായ സഹോദരിയുടെ
ഓർമ്മയെ താലോലിക്കുന്ന ‘അനിയത്തിപ്രാവെന്ന’ കഥയെ വച്ചുകൊണ്ട് നോവലിന്റെ ആഖ്യാനഘടനയെ അഥവാ പല കഥകളുടെ
ശ്രമത്തെ ഒരു കഥയിലേക്ക് ആവാഹിക്കുന്ന രീതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. കഥ
പറയുന്ന ആളിന്റെ (റോയിയുടെ) കുടുംബജീവിത വിവരണങ്ങളിൽനിന്നാണ് തുടക്കം. (പ്രമേയപരമായി
കുടുംബം മറ്റൊരുതരത്തിലും ആഖ്യാനത്തിൽ പ്രസക്തമാണ്. അതിനെപ്പറ്റി പിന്നീട്.) ആ
കുടുംബത്തെയും അതിന്റെ കെട്ടുറപ്പിനെയും സ്നേഹബന്ധങ്ങളുടെ ഊഷ്മളതയെയുംകുറിച്ചുള്ള
ഏറെക്കുറെ വ്യക്തമായ ചിത്രംതന്നെ കഥയുടെ ആദ്യഭാഗത്തുണ്ട്. കാമുകിയുടേതെന്ന്
ഭാര്യയായ സാറയ്ക്കൊപ്പം വായനക്കാരും ഒരു നിമിഷം സംശയിച്ചുപോകുന്ന പഴയ ഒരു
കത്തിൽനിന്നുമാണ് അനിയത്തിയെക്കുറിച്ചുള്ള
വികാരം നിറഞ്ഞ ഓർമ്മകളിലേക്ക് റോയി എന്ന കഥാപാത്രം കൂപ്പുകുത്തുന്നത്. അവിടെ അമ്മയും അച്ഛനും
അനിയത്തിയും കൂട്ടുകാരും കോളേജുജീവിതവും ചേർന്ന മറ്റൊരു കുടുംബം മിഴിവോടെ
എത്തുന്നു. കഥയുടെ അടുത്തഘട്ടം ജീവിതത്തെ വല്ലാതെ സ്നേഹിച്ചിരുന്ന മോളിക്ക്
കൂട്ടുകാരി മാർത്തയുമായുള്ള സൗഹാർദ്ദത്തിന്റെ പേരിൽ കന്യാസ്ത്രീയാകേണ്ടിവന്നതിന്റെ
യാദൃച്ഛികപരിണാമമാണ്. കന്യാസ്ത്രീയായിട്ടും സഹോദരനോടൊപ്പം സിനിമയ്ക്കു പോവുകയും
ജീവിതത്തിന്റെ ചെറിയ മധുരങ്ങളെ ഹർഷാതിരേകത്തോടെ നുണയുകയും പങ്കിടുകയും ചെയ്തതിന്റെ
വിവരണങ്ങളും അവളുടെ ആകസ്മിക ദുരന്തവും കഴിഞ്ഞ് കഥ വീണ്ടും റോയിച്ചന്റെ
കുടുംബത്തിലേയ്ക്ക് മടങ്ങി വരുന്നു. ജീവിതാസക്തയായ ഒരു പെൺകുട്ടിയുടെ
ദുരന്തത്തിന്റെ രേഖീയമായ ആഖ്യാനം എന്ന നിലവിട്ട് കഥയിൽ വന്നു ചേരുന്ന
ജീവിതചിത്രങ്ങളുടെ വലയങ്ങൾ പലതാണ്. സമാനമായൊരു പെങ്ങൾ സ്നേഹത്തിന്റെ വിങ്ങലിനെ
ആവിഷ്കരിക്കുന്ന എം.ടിയുടെ പ്രസിദ്ധമായ ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന രചനയിൽ ഏകാഗ്രതയെ മുൻനിർത്തി പശ്ചാത്തലത്തിലെ
ഇരുട്ടിൽ നിർത്തിയിരുന്ന വിശദാംശങ്ങൾ ‘അനിയത്തിപ്രാവി’ൽ വ്യക്തമായി വെളിച്ചപ്പെടുന്ന കുടുംബപുരാണങ്ങളാണ്. ജെയിംസിന്റെ ഒറ്റവയ്ക്കോൽ വിപ്ലവം, ചിത്രസൂത്രം,
സമയപുരുഷൻ തുടങ്ങിയ കുടുംബകഥകളുടെ ആഖ്യാനങ്ങളിൽ സ്വഭാവേന പ്രത്യക്ഷപ്പെടുന്നുണ്ട്,
സ്വയമേവ കഥയായി മാറാൻ വെമ്പിനിൽക്കുന്ന വിശദമായ പശ്ചാത്തല വിവരണങ്ങൾ. അഥവാ ഏതു
സമയവും നോവലിലേക്ക് വികസിക്കാവുന്ന തരത്തിലുള്ള വളയങ്ങൾ ചേർത്തുപിടിച്ചാണ് ഈ കഥകൾ
നെയ്തിരിക്കുന്നത് എന്നും പറയാം.
സ്വഭാവേന, നോവലിന്റെ
ഘടനയോട് ആഭിമുഖ്യമുള്ള രചനാരീതിയിൽനിന്ന് വേറിട്ട് ഒറ്റ പുറത്തിലൊതുങ്ങുന്ന ഒരു കഥ മാത്രമാണ് ജെയിംസ്
രചിച്ചിട്ടുള്ളത്. ‘ശലഭങ്ങൾ’ എന്ന ഈ ചെറിയ കഥ, ശാസ്ത്രത്തിനുനേരെയുള്ള സർഗാത്മക
ഭാവനയുടെ നെറ്റിചുളിക്കലാണ്. കഥയുടെ നിഗൂഢമായ ഏറ്റുമുട്ടൽ സ്ഥലം, പഴയ ഗോദയായ
പാണ്ഡിത്യവും സർഗാത്മകതയും തമ്മിലുള്ള വഴക്കുതന്നെ. ഇവിടെ ദൈവം കക്ഷിചേരുന്നു
എന്നൊരു അപവാദമുണ്ട്. (‘അതിൽപ്പിന്നെ
താഴെക്കു നോക്കുന്നതിൽനിന്നും ദൈവം തനിക്കുതന്നെ വിലക്കേർപ്പെടുത്തി’) പതിവിനു വിപരീതമായി ശാസ്ത്രകാര്യങ്ങൾ ശാസ്ത്രീയമായ
പദപ്രയോഗങ്ങൾക്കൊപ്പം കഥകളിൽ ധാരാളമായി പ്രയോഗിച്ചിട്ടുള്ള കഥാകൃത്ത് ഈ കഥയിൽ
ശാസ്ത്രത്തിന്റെ എതിർച്ചേരിയിൽ നിൽക്കുന്ന കാര്യമാണ് കൗതുകകരം. ശവങ്ങളിൽ
പതിനാറാമൻ, ജാലം, യോഹന്നാന്റെ വെളിപാട്, കവറടക്കം,
ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ, വർഷാകാലത്തെ പച്ചക്കുതിരകൾ തുടങ്ങിയ പല കഥകളിലും
വന്നു നിരക്കുന്ന ദുരിതപർവങ്ങൾക്ക് ‘ശലഭങ്ങളിൽ’നിന്നു നീളുന്ന സങ്കല്പനപരമായ ഒരു തുടർച്ചയുണ്ട്. അന്യാപദേശത്തിന്റെ
സ്വഭാവമുള്ള ‘ശലഭങ്ങൾ’’ ജയിംസ് പിന്നീട് പല രചനകളിലൂടെയും വിശദീകരിച്ച ആശയത്തിന്റെ
ഏകകമാണ്.
ഭൂമി ശൂന്യമാവാതിരിക്കാനും
പാഴാവാതിരിക്കാനുമായി പെറ്റുപെരുകാനുദ്ദേശിച്ച് ദൈവം അയച്ച ശലഭങ്ങളെ
ശാസ്ത്രപടുക്കൾ മരവിപ്പിച്ച് ഭാവിയിലേക്ക് എടുത്തുവയ്ക്കുന്നു. അനശ്വരത എന്ന സങ്കല്പത്തിൽ
നാം ഉള്ളടക്കുന്ന അർത്ഥങ്ങൾക്ക് ജൈവികവും മൃതപരവുമായ വ്യത്യസ്തമായ മാനങ്ങളുണ്ടെന്ന
കാര്യമാണ് കഥ ചൂണ്ടിക്കാട്ടുന്നത്. ജീവിതദുരന്തം ഏകാകികളായ കഥാകൃത്തുക്കളുടെ
എക്കാലത്തെയും പ്രിയപ്പെട്ട വിഷയമാകുന്നു. ഭൂമിയിലെ ക്ഷണിക ജീവിതങ്ങൾ ശലഭങ്ങളുടേതു
പോലെയുള്ള രൂപകങ്ങളിൽനിന്ന് കുതറി മാറുകയും അവയ്ക്കുമേൽ വന്നു പതിക്കുന്ന
ദുരന്തങ്ങൾക്ക് കൂടുതൽ സൂക്ഷ്മമായ
അർത്ഥാന്തരങ്ങൾ വരികയും ചെയ്യുന്നതാണ് ജെയിംസിന്റെ കഥകളുടെ പിൽക്കാല പരിണാമഗതി.
ദുരിതത്തിന്റെ കൈകാര്യകർത്താക്കൾ കൂടുതൽ അമൂർത്തമായ നിലയിലേക്കു മാറുകയും ഇരയുടെ
ജീവിതത്തിൽ അവയുടെ ഇടപെടലുകൾ അനുഭവ യാഥാർത്ഥ്യങ്ങളായി വന്നു പതിക്കുകയും ചെയ്യുന്ന
ഒരു തുടർച്ചയെയാണ് പിന്നീടുള്ള കഥകൾ
അവലംബിക്കുന്നത്. അപ്പോൾപോലും വൈകാരിക
വിക്ഷോഭങ്ങൾ ഉള്ളടക്കുന്ന അതീതശക്തിയായ ഒരു നിരീക്ഷകന്റെ, സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നു, ജയിംസിന്റെ കഥകൾ എല്ലാംതന്നെ.
ശലഭങ്ങളെക്കാൾ കുറച്ചുകൂടി
വലിപ്പമുള്ള, എന്നാൽ താരതമ്യേന ചെറുതുമായ ‘ദേശാടനമെന്നാൽ...’ എന്ന കഥ ബലിയെയും ജീവിതമെന്ന എരിഞ്ഞടങ്ങലിനെയുമാണ്
പ്രതീകമായി ആവിഷ്കരിക്കുന്നത്. അനുഭവിക്കുന്നയാളും
അനുഭവിപ്പിക്കുന്നയാളും എന്ന് രണ്ടായി പിരിയുന്ന അനുഭവകാണ്ഡങ്ങളെ തിരച്ഛീനമായ രണ്ടിലധികം
തട്ടുകളാക്കി നിലനിർത്തുന്ന ഒരു തന്ത്രമാണ് ഈ രണ്ടു കഥകളിലുമുള്ളത്. നിർവാഹകന്റെ
ഒരു ലോകത്തിനു താഴെ അനുഭവങ്ങളുടെയും അനുഭവിപ്പിക്കലുകളുടെയും സമാന്തര ലോകങ്ങൾ. ഒരു ലോകത്തിലെ കഥാപാത്രങ്ങളുടെ അനുഭവരാശിയെ
നിശ്ചയിക്കുന്നത് മറ്റൊരുലോകത്തിലെ കഥാപാത്രങ്ങളുടെ അനുഭവലോകമാണെങ്കിലും, അവർ ഒരു
പക്ഷേ പൊതുവായ ഒരു ലോകത്തിനു കീഴിൽ വ്യത്യസ്തമായ സ്വഭാവസവിശേഷതകളോടെ
വർത്തിക്കുന്നവരാണെങ്കിലും, ഇരയെന്നും പീഡകനെന്നുമുള്ള സാമ്പ്രദായിക കള്ളിയിൽ
ഒത്തുങ്ങുന്നതല്ല ഈ വിഭജനം.
അതേ സമയം മറ്റൊരുതരം
വിഭജനവും കഥകളിൽ സംഭവിക്കുന്നു. അടുത്തടുത്തുള്ള രണ്ടു ലോകങ്ങളെപ്പോലെതന്നെ
മുകളിലും താഴെയുമായി രണ്ടു സമാന്തരലോകങ്ങളും അവയിൽ സൃഷ്ടിച്ചുവച്ചിരിക്കുന്നു. ‘നരകത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ നഗരത്തിലേക്ക്’ എന്ന കഥയിലെ പെൺകുട്ടിയിലൂടെയും താക്കോൽ
സൂക്ഷിപ്പുകാരനിലൂടെയും കഥാകൃത്ത്, ഭൗമികമായ ദുരിതയാഥാർത്ഥ്യങ്ങളെ വ്യക്തിരൂപത്തിൽ
വരച്ചെടുക്കാൻ ഒരു ശ്രമം നടത്തുന്നത് നോക്കുക. അധികം വൈകാതെ ഭൂമി നരകത്തെ
പിന്നിലാക്കി മേൽക്കോയ്മ സ്ഥാപിച്ചേക്കും എന്ന പ്രവചനത്തിന്റെ വിരുദ്ധോക്തിയെ
സാധൂകരിക്കുന്ന കഥയാണത്. ഭൂമിക്ക് (വാസ്തവലോകത്തിന്) നരകത്തെ (സാങ്കല്പിക ലോകത്തെ)
ചേർത്തുവച്ചുകൊണ്ടുള്ള ഒത്തുനോക്കൽ തിരച്ഛീനമായ സ്ഥലസങ്കല്പത്തെ ലംബമാക്കി
വച്ചുകൊണ്ടുള്ള അട്ടിമറിയാണ്. അതീതലോകത്തിന്റെ
ചട്ടവും അവശിഷ്ടങ്ങളും അണിയുന്ന കോലങ്ങൾ താഴെയുള്ള ജീവിതങ്ങളുടെ വിധാതാക്കളായി
ഇറങ്ങി വരികയോ, അനുഭവങ്ങളുടെ ചൂടേറ്റ് ഇര ജീവിതങ്ങൾ അതീത ലോകത്തിലേയ്ക്ക്
ഉയർന്നുപോവുകയോ ചെയ്യുന്ന തരം വിഭാവനകളാണ് ഇതിനു പിന്നിൽ. ‘ജന്മാന്തരങ്ങളി’ലെ
താർത്ത്യ, ‘പിരമിഡിനുള്ളിൽ ഒരു
മമ്മി’യിലെ മമ്മി, ‘ഭൂമിയിലേയ്ക്കുള്ള തുരുമ്പിച്ച വാതായനങ്ങളി’ലെ പ്രേതങ്ങൾ, ‘ശവങ്ങളിൽ
പതിനാറാമനി’ലെ ശവം, ‘ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളി’ലെ ചിത്രങ്ങൾ. ‘വിസ
കാത്ത്’ എന്ന കഥയിലെ ജഢം. ‘മുകളിലാരോ ഉണ്ടെ’ന്ന കഥയിലെ സൗദ എന്നീ കഥാപാത്രങ്ങൾക്കെല്ലാം വാസ്തവലോകത്തിന്റെ
ദുരിതങ്ങൾ വഹിക്കുന്നതിനൊപ്പം കേവലയുക്തിയുടെ അതിരുകൾ വിട്ട് വ്യവഹരിക്കുക എന്ന
ദൗത്യവുമുണ്ട്.
മുകളിലും താഴെയുമായി
വിന്യസിക്കപ്പെട്ടിരിക്കുന്ന ക്രിയാലോകങ്ങളിൽനിന്നു വ്യത്യസ്തമായി സമാന്തരമായ
സ്ഥലരാശികളുടെ മറ്റൊരു ലോകവും കഥകളിലുണ്ട്. ഫ്ലോറിഡ (23 മിനിട്ട്) റഷ്യ (വോൾഗ)
വാഷിങ്ടൺ (വാഷിങ്ടൺ ഡിസി) പാരീസ് (ചിത്രസൂത്രം) ലണ്ടൻ (ഒറ്റവയ്ക്കോൽ) തുടങ്ങിയ
അന്യദേശങ്ങൾ കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രവുമായി നേരിട്ട് ബന്ധപ്പെടുന്ന
രീതിയിലാണ് കടന്നുവരുന്നത്. സോദ്ദേശ്യമാണത്.
ഭൂമിക്ക് നരകം മാനദണ്ഡമാവുന്നതിനു നേർ എതിർദിശയിലാണ് ഇവയുടെ നിൽപ്പ്. കേരളീയ ജീവിതത്തിനു് ഗുണപരമായൊരു
പശ്ചാത്തലഭംഗിയാണ് സമ്പന്നമായ ഈ പ്രദേശങ്ങൾ നൽകുന്നത്. ‘വാഷിങ്ടൺ ഡിസി’യിലെ
പെൺകൂട്ടങ്ങളുടെ പ്രത്യേകിച്ച് വിഷു എന്ന വൈഷ്ണവിയുടെ സ്വേച്ഛാപരമായ
ഭാവുകത്വങ്ങൾക്ക് കുട പിടിക്കുന്നത് അമേരിക്കൻ ജീവിതമാണ്. ‘ചിത്രസൂത്ര’ത്തിൽ പാരീസിന്റെയും
ജർമ്മനിയുടെയും ഒരു ചേരുവയെ കഥാകൃത്ത് അവതരിപ്പിക്കുന്നത് മൂകനായ മണിക്കുട്ടനെ
കൂടുതൽ മനസ്സിലാക്കുന്നതിന്റെ ശുഭാന്തത്തിനാണ്. മാംസബദ്ധമല്ലാത്ത ഒരു പ്രണയത്തിന്റെ കഥ പറയുന്ന ‘വോൾഗ’യിൽ പ്രണയത്തിന്റെ തീവ്രതരമായ ഭാഷ, ഉച്ചരിക്കപ്പെടാതെ മൗനം
അവലംബിക്കുന്നതിന്റെ മുഖ്യകാരണം ഭൂമിശാസ്ത്രപരവുംകൂടിയാകുന്നു. സാമ്പ്രദായികമട്ടിൽ
പ്രണയത്തിന്റെ മഹത്വം കളങ്കമേൽക്കാതെ നിൽക്കാൻ ഈ ഭൂമിശാസ്ത്രം ഒരു കാരണമായി
നിൽക്കുന്നു. (ഇതേ മൗനത്തെ പ്രണയത്തിന്റെ ഭാഷയ്ക്കൊപ്പം സർഗാത്മകതയുടെ ഭാഷകൂടിയായി
പരിഗണിക്കാനുള്ള സാധ്യത കഥകളിൽ വീണു കിടപ്പുണ്ട്. അത് മറ്റൊരു വിഷയമാണ്)
മുകളിൽനിന്ന്
താഴേയ്ക്കാകുമ്പോൾ പീഡാകരവും സമാന്തരമാകുമ്പോൾ ഏറെക്കുറെ ശുഭകരവുമാകുന്ന
ആഖ്യാനങ്ങളുടെ കാലയാത്രയ്ക്കുള്ള മറ്റൊരു ഭേദം പിന്നിലേയ്ക്കുള്ള നോട്ടമാണ്. കേവലമായ ഭൂതകാലാഭിരതിയെന്ന നിലയ്ക്കല്ല,
മറിച്ച് സർഗാത്മകമായ ജീവിതത്തിന് (ബദൽ ജീവിതം) ജീവനം പകർന്നു നൽകുന്ന ശേഖരമെന്ന
നിലയ്ക്കാണ് ഭൂതകാലവും അതിന്റെ ഈടുവയ്പ്പുകളായ ഓർമ്മകളും തിക്കി തിരക്കി
ജെയിംസിന്റെ കഥാലോകത്തെത്തുന്നത്. ഗൃഹാതുരത അതിന്റെ വിളിപ്പേരിൽതന്നെ
ആവഹിച്ചിരിക്കുന്ന ആതുരത (രോഗാവസ്ഥ) സൃഷ്ടിപരമായ ജീവിതത്തിന് അഭികാമ്യമാണ്. ‘അടയാള മുറിവുകൾ’, ‘പത്രോസിന്റെ സിംഹാസനം’, ‘സമയപുരുഷൻ’, ‘തനിക്കു
മുൻപുള്ളവർ’, ‘ഒരു ഐ എ എസുകാരന് എങ്ങനെ പഴങ്കഞ്ഞി കുടിക്കാം’ തുടങ്ങിയ കഥകളിലെല്ലാം ഭൂതകാലം പ്രശ്നമേഖലയായി
അവതരിക്കുന്നു. ‘അടയാളമുറിവുകളിലെ’യും ‘സിംഹാസനത്തിലെ’യും മരണങ്ങൾ ഒരുതരം മോക്ഷപ്രാപ്തിയുടെ നാടകീയത നേടുന്നത്
പൊയ്പ്പോയ കാലത്തിന്റെ ജാലകങ്ങളിൽനിന്നും പ്രസരിക്കുന്ന വെളിച്ചത്തിന്റെ
പശ്ചാത്തലത്തിലാണ്. സോമദത്തന്റെ കാലുകളിൽ മുഴുവൻ മരണത്തെ അതിജീവിച്ച മുറിവുകളുടെ
വടുകെട്ടിയ പാടുകളാണ്. എന്നാലും നിയോഗം പോലെ കേളുവച്ചന്റെ
സർപ്പദോഷത്തെക്കുറിച്ചുള്ള പ്രവചനത്തെ സാധ്യമാക്കാൻ അയാൾ തിരിച്ചെത്തുകയും വിമുഖനായ സർപ്പത്തെ കാലുനീട്ടി ക്ഷണിക്കുകയും
ചെയ്യുന്നു. (അടയാളമുറിവുകൾ). പൂർവ കൽപ്പിതമായ വിധിതീർപ്പുകൾ സംശയാസ്പദമാകുന്ന ഒരു അവസ്ഥയെയാണിത്
കാണിക്കുന്നത്. സോമദത്തൻ അയാളുടെ മേലുള്ള പ്രവചനത്തെ സാധ്യമാക്കാൻ യത്നിക്കുന്നു.
ഭൂതകാലങ്ങളിലെ തീർപ്പുകളെ അറിഞ്ഞുകൊണ്ട്
ശരിവയ്ക്കാൻ ഇരയായ വ്യക്തിതന്നെ മുതിരുന്നിടത്ത് റദ്ദു ചെയ്യപ്പെട്ടു
പോകുന്നത്, പ്രവചനങ്ങളുടെ അനിഷേധ്യത, ദൗത്യങ്ങളുടെ അചഞ്ചലത, വിശ്വാസങ്ങളുടെ ദൃഢത തുടങ്ങിയ
കാര്യങ്ങളാണ്. ‘പത്രോസിന്റെ
സിംഹാസനത്തിൽ’ ക്രിസ്തുമത
വിശ്വാസത്തിൽ പുലർന്ന ഒരു മഹിമാകാലത്തെ തട്ടിമറിച്ചിട്ടുകൊണ്ട് അതിനും പിന്നിലെ
ഇരുളിൽനിന്നും ശാസ്താവ് എഴുന്നള്ളുന്നു. പൈതൃകത്തെ മുൻനിർത്തിയുള്ള
തറവാടിത്തഘോഷണങ്ങളുടെ പ്രതീകം കൂടിയാകുന്നു അതിലെ പഴഞ്ചൻ തടിക്കസേര. അതു വിൽപ്പനയ്ക്കു
വച്ചിരിക്കുന്നതിന്റെ പരാമർശത്തോടെയാണ് കഥ അവസാനിക്കുന്നത്. പിന്നിലേക്കു
സഞ്ചരിക്കാൻ ഒരു പാട് ഭൂപ്രദേശങ്ങളുണ്ടെന്ന അറിവാണ് കഥയെ അത്തരമൊരു സമാപ്തിയിൽ
എത്തിക്കുന്നത്. ജെയിംസിന്റെ ഭൂതകാലാഖ്യാനങ്ങൾ, നിശ്ചിതമായ ഒരു മേഖലയിൽ തളം
കെട്ടിയ ഭൂതകാലത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നു.
ഇതേ യാത്രയുടെ മറ്റൊരുവശം,
ആരുടെ സമയമാണ് ശരിയെന്ന വ്യാകുലതയാണ്. ‘സമയ പുരുഷനി’ലെ
മുത്തച്ഛനെയും ചെറുമകനെയുംവച്ച് ആരാണ് ഭൂതകാലത്തോട് കൂടുതൽ
ഒട്ടിപ്പോയിരിക്കുന്നതെന്ന പ്രശ്നത്തെപ്പറ്റി എഴുത്തുകാരൻ ചിന്തിക്കുന്നു.
വൃദ്ധനായ ഒരാളുടെ ഓർമ്മത്തെറ്റു മാത്രമല്ല അവിടെ പ്രശ്നം എന്ന് കഥാകൃത്ത്
മനസ്സിലാക്കുന്നുണ്ട്. വേറൊരു വീക്ഷണക്കോൺ അവലംബിച്ചാൽ മുത്തച്ഛൻ കൊച്ചുമകനാകും.
ക്ലോക്കിന്റെ സമയം മണിക്കൂറുകളോളം സ്ലോ ആയതല്ല, ദിവസങ്ങളോളം മുന്നോട്ടു
പോയതാണെന്നു വരും. അവതരണത്തിലെ ഈ തന്ത്രം ‘ഭാഷാവരം’ എന്ന
കഥയിൽ ഭാഷയെയും സർഗാത്മകതയെയും സംബന്ധിച്ച ഒരു വേതാളപ്രശ്നമായും
പ്രത്യക്ഷമാകുന്നു. ഭൂമിയിലെ മനുഷ്യന്
ഇടപെടാൻ പറ്റുന്ന ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകളുടെ അതേ ഭാഷ (മറുഭാഷ)
ഉച്ചരിക്കുന്ന ക്ലമന്റിനെ കണ്ടിട്ട് ആര് ആരിലേക്കു വച്ചുമാറ്റിയതാണ് ഭാഷ
എന്നാലോചിച്ച് കുഴങ്ങുന്ന മനുവിനെ കാണിച്ചു തന്നുകൊണ്ടാണ് ‘ഭാഷാവരം’
അവസാനിക്കുന്നത്. യാഥാർത്ഥ്യം
സാഹചര്യങ്ങളുടെ പാത്രത്തിന്റെ ആകൃതി കൈക്കൊള്ളുന്ന വിധത്തിൽ
മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ സന്ദേഹങ്ങൾ ഒരുപോലെ വിളിച്ചു പറയുന്നത്. പൂർവനിശ്ചിതമായ
വീക്ഷണക്കോണുകളെപ്പറ്റി സംശയാലുവായിരിക്കാൻ എഴുത്തുകാരനെ പ്രേരിപ്പിക്കുന്ന
തിരിച്ചറിവാണിത്.
വിമാനം ഒരു ടൈം മെഷ്യൻ ആണെന്നും അത്
ഭൂതകാലത്തിലേക്കു കുതിച്ചു പായുകയാണെന്നുമുള്ള വിഷി എന്ന കഥാപാത്രത്തിന്റെ
ചിന്തയോടെയാണ് ‘വാഷിങ്ടൺ ഡീസി’ എന്ന കഥ ആരംഭിക്കുന്നത്. അമേരിക്കയിലെ വാഷിങ്ടൺ എന്ന ആധുനിക
നഗരത്തിൽനിന്നും കേരളമെന്ന യാഥാസ്ഥിതിക പ്രദേശത്തിലേക്കുള്ള വൈഷ്ണവിയുടെ യാത്ര,
കാലത്തിലൂടെയുള്ള യാത്രയായി മാറുന്നു. സമാന്തരമായി അടയാളപ്പെടുത്തുന്ന ദേശാന്തര
കാലാന്തര യാത്രകൾ കാഴ്ചവട്ടങ്ങളെ പുതുക്കാനുള്ള ഒരു ഉപാധിയായാണ് ആ കഥയിൽ ഇടം
പിടിക്കുന്നത്. സമയത്തിന്റെ അട്ടിമറിസ്വഭാവത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ബോധം,
നേർരേഖയിൽ നീങ്ങുന്ന കാലത്തെ സ്വഭാവോക്തി ചിന്തയിൽ കുടുക്കിയിടാൻ അനുവദിക്കില്ല. ഐ
എ എസുകാരന്റെ മാന്യമായ ജീവിതത്തിനു ചേരാത്ത തരത്തിലുള്ള പഴങ്കഞ്ഞി കുടിക്കാനുള്ള
അപഹാസ്യമായ കൊതി, (ഒരു ഐ എ എസുകാരന് എങ്ങനെ പഴങ്കഞ്ഞി കുടിക്കാം?) വർത്തമാനകാലത്തെ
വ്യക്തിജീവിതങ്ങളെ ആക്രമിക്കുന്ന ഭൂതകാലത്തിന്റെ തമാശയാണ്. കഥാപാത്രങ്ങൾ നടത്തുന്ന
പിന്നിലേക്കുള്ള യാത്രകളുടെ ആതുരമായ ധ്വനികൾക്ക് നാം പറഞ്ഞുറപ്പിച്ചു
വച്ചിരിക്കുന്ന കുളിരുകളൊന്നുമല്ല ജെയിംസിന്റെ കഥാലോകത്തിലുള്ളത് എന്ന് വ്യക്തം. ചത്തവന്റെയും
കൊന്നവന്റെയും ആത്മഹത്യ ചെയ്തവന്റെയും പ്രേതങ്ങൾ ഭൂമിയിലേക്കുള്ള തുരുമ്പിച്ച
വാതിലുകൾ തുറന്ന് എഴുത്തുകാരന്റെ സ്വപ്നത്തിലേയ്ക്ക് നേരിട്ടു പ്രവേശിക്കുകയാണ്
ചെയ്യുന്നത് എന്ന് കഥാകൃത്ത് എഴുതുന്നതിൽ (ഭൂമിയിലേക്കുള്ള തുരുമ്പിച്ച
വാതായനങ്ങൾ) രചനാപരമായി യാതൊരു അസ്വാഭാവികതയുമില്ല. പലവിധത്തിലുള്ള മാനസ സഞ്ചാരങ്ങളാൽ
ഭൂയിഷ്ഠമാകുന്ന ഒരു പ്രവാഹം, കൂട്ടത്തിൽ പിന്നിൽനിന്നും ശേഖരിച്ച വിഭവങ്ങളാണ്
ഓർമ്മകൾ. ‘അവ പൊട്ടിയൊഴുകുന്നത്
നരകത്തിൽനിന്നാണെന്ന്’
സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഈ കാര്യത്തെ
ജെയിംസ് ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്.
‘തനിക്ക്
മുൻപുള്ളവർ’ എന്ന കഥയിൽ
അബോധപ്രേരണയാലെന്നപോലെ ലോഡ്ജ് മുറിയിലെ തട്ടിൽ മുൻഗാമികളുടെ പേരെഴുതിയിടുന്ന
രഘുരാമനിൽ ആവർത്തിക്കുന്ന അനുഭവങ്ങളുടെ ഫലിതമുണ്ട്. ജീവിതം ഒറ്റപ്പെട്ട
വാസ്തവമല്ലെന്ന അവബോധം ഘനീഭവിക്കുന്നതിന്റെ പ്രമാണമാണ് അയാളുടെ അബോധവൃത്തി. ഇതേ
ആവർത്തനം ഒരു കഥയിൽനിന്ന് മറ്റൊരു കഥയിലേക്ക് തുടർച്ചകളുടെ മറ്റൊരുതരം ആവൃത്തിയായി
പകർന്നാടുന്നു. ‘23 മിനിട്ട്’ എന്ന കഥ ഫ്ലോറിഡയിലെ പാർക്കിങ് ഏരിയയിൽ, പൂട്ടാൻ മറന്നുപോയ
കാറിൽനിന്ന് ഇറങ്ങി തിരക്കുപിടിച്ചോടുന്ന കാറുകൾക്കിടയിലേക്ക് നടന്നുപോയ അമൽ ജയ്സൺ
വർക്കി എന്ന മൂന്നു വയസ്സുകാരന്റെ ദുരന്തം അവന്റെ അച്ഛനമ്മമാരായ ജെയ്സൺ വർക്കി
മാർഗരറ്റ് എന്നീ മലയാളി ദമ്പതികളുടെ ജീവിതത്തിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതത്തെ
ചൂണ്ടിയാണ് അവസാനിക്കുന്നത്. ജീവിതാവസ്ഥകളുടെ
തിരക്കും നിർബന്ധങ്ങളുമാണ് കുഞ്ഞിനെ ബലിയാക്കുന്നത്. സമാനമായ സാഹചര്യം ‘ജംബോ’ എന്ന
കഥയിലുമുണ്ട്. അനാഥനായ ഏഴുവയസ്സുകാരൻ പാവവേഷക്കാരന്റെ ദുരന്തമാണതിലെ പ്രമേയം. അവന്റെ
അനുജത്തി രോഗപ്പായയിലാണ്. കിഡ്സ് ലാന്റിൽ എത്തുന്ന കുട്ടികളെ ചില്ലിക്കാശിനായി
രസിപ്പിക്കുക എന്നതാണ് അവന്റെ ദൗത്യം. മകന്റെ നിർബന്ധത്തെക്കരുതി അവനെ
വീട്ടിലേക്കുകൊണ്ടു വരികയാണ് നഗരത്തിലെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനായ
സിദ്ധാർത്ഥൻ. അന്നു രാത്രി ഭാര്യാപിതാവ് മരിച്ചു പോയതിനാൽ, പുറപ്പെട്ട് പോയി
ദിവസങ്ങൾക്കു ശേഷം തിരിച്ചു വരുന്നതിനിടയിലാണ് ഒരു ജീവനുള്ള പാവക്കുട്ടി
വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കിടന്നിരുന്നെന്ന കാര്യം ഞെട്ടലോടെ സിദ്ധാർത്ഥൻ
ഓർമ്മിക്കുന്നത്. ‘23 മൂന്നുമിനിട്ടി’ൽ ജെയിസൺ വർക്കി (കാറിന്റെ) വാതിൽ അടയ്ക്കാൻ മറന്നതാണ്
ദുരന്തത്തിനു കാരണമാവുന്നതെങ്കിൽ ‘ജംബോ’യിൽ പൂട്ടിയിട്ട വാതിലാണ് പ്രശ്നം. ദാരുണമായ അവസ്ഥകളുടെ
തുടർച്ചകൾ അടഞ്ഞും തുറന്നും കിടക്കുന്ന വാതിലുകൾക്ക് ഉള്ളിലും പുറത്തുമായി
സംഭവിക്കുന്നു.
ഇരുട്ട്, വെളിച്ചത്തെ സൂക്ഷ്മമായി
നിർവചിക്കുന്നതുപോലെ യാത്രകൾ നിശ്ചലതയുടെ പ്രകാരഭേദങ്ങൾക്കിടയിലാണ് സ്വന്തം
സ്വരൂപം ഉറപ്പിക്കുന്നത്. സ്ഥലകാലങ്ങളെ മുകളിലും
വശത്തും പിന്നിലുമായി പശ്ചാത്തലമാക്കി നിർത്തുമ്പോൾതന്നെ ജെയിംസിന്റെ കഥകൾ
കെട്ടിക്കിടപ്പിന്റെ തിക്കുമുട്ടലിനെയുംകൂടി കലാപരമാക്കുന്നുണ്ട്. ‘വ്യാകുലമാതാവിന്റെ
കണ്ണാടിക്കൂടെന്ന’ കഥയിലെ രൂപകത്തെ
എടുക്കുക. മാതാവിന്റെ പ്രതിമയ്ക്കും മനുഷ്യലോകത്തിനുമിടയിലെ കണ്ണാടിച്ചില്ലിൽ
പ്രത്യക്ഷപ്പെടുന്ന അപേക്ഷകളും കുമ്പസാരങ്ങളുമാണ് പ്രമേയം.
നഷ്ടപ്പെടുന്നവന്റെയും അപഹരിച്ചവന്റെയും പ്രാർത്ഥനകൾ ഒരു പോലെ ചില്ലുകൂട്ടിൽ ഇടം
നേടുന്നു. കൂട്ടിലെ പ്രതിമയുടെ നിസ്സംഗതയ്ക്ക് സർഗാത്മകമായി ഒരു അലങ്കാരപ്പണി
കഥാകൃത്തു തന്നെ നെയ്തുകൊടുത്തതാണ്, ‘വ്യാകുലത’ എന്ന വിശേഷണം. ശരിതെറ്റുകളുടെ ഏകപക്ഷീയമായ തിരഞ്ഞെടുപ്പ്
അസാധ്യമായ വിധത്തിൽ ഐഹികലോകത്തിൽ സന്നിഹിതമാകുന്നതാണ് ഈ വ്യാകുലത. അതോ ഇതോ എന്ന കുഴമറിച്ചിൽ പലപ്പോഴും സർഗാത്മകമാണ്. ആത്മീയമെന്നു വിളിക്കാവുന്ന ഈ
കെട്ടിക്കിടക്കുന്ന ജലത്തിൽനിന്നുള്ള മോചനം കഥകളുടെ അബോധം
ആഗ്രഹിക്കുന്നില്ലെന്നതാണ് നേര്. കഥാപാത്രങ്ങളുടെ സദാചാരപരമായ പ്രതികരണങ്ങൾകൂടി
ചേർത്തുവച്ചാൽ ചിത്രം വ്യക്തമാകും. പ്രതിമ, മരക്കൂട്, മരക്കുരിശ്ശ്, ചില്ല്
എന്നിങ്ങനെ സ്തംഭിച്ച കാലത്തിന്റെ ഭൗതികരൂപങ്ങളായി കഥകളിൽ നിരക്കുന്ന വസ്തുവകകൾക്ക്
സമാന്തരമാണ് കഥാപാത്രങ്ങളുടെ വ്യവഹാരരീതികൾ. ‘അനിയത്തിപ്രാവെ’ന്ന
കഥയിൽ, സഹോദരനൊപ്പം സിനിമ കണ്ടുപോയ തെറ്റിനെ ഏറ്റു പറയുന്ന സിസ്റ്റർ മോളിയെ
ആശ്വാസവാക്കുകൾകൊണ്ട് മോചിപ്പിച്ചു വിടുന്ന ഒരു വയസ്സനായ അച്ചനുണ്ട്. അതുപോലെയുള്ള
താത്കാലിക ആശ്വാസംപോലും കഥയുടെ അന്തരീക്ഷത്തെ ആകെ വളഞ്ഞു പിടിച്ചിരിക്കുന്ന,
പൊട്ടാൻ സാധ്യതയൊന്നുമില്ലാത്ത, വലയങ്ങളിൽ ഉറഞ്ഞുകൂടാനുള്ള സാഹചര്യം
ഉറപ്പിക്കുന്നതിനുള്ള ഉപാധിമാത്രമാകുന്നു. ലോഹ ധരിച്ച ഒരു കുമ്പസാരക്കൂടായി ഫാദർ
ഇഗ്നേഷ്യസ് കോരുത്തോടിനെ അവതരിപ്പിക്കുന്ന ‘ഇലക്ട്രോണികം’ എന്ന
കഥയിൽ സാക്ഷാൽ യേശുപോലും മരക്കുരിശ്ശിൽനിന്നിറങ്ങിവന്ന് പിഴ ഏറ്റു പറഞ്ഞ് വീണ്ടും
കുരിശുമരണത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുന്ന
ഒരു ഭ്രമകൽപ്പനയുണ്ട്. വിമോചകൻ പോലും രക്ഷാമാർഗമില്ലാതെ ഉഴറുന്നതായുള്ള
ഭീതിദമായ ദർശനമാണ്. ആത്മീയ നൂലുകൾകൊണ്ട് കെട്ടിയിടാനാവാത്തവിധം മാനസിക മാലിന്യങ്ങൾ
പെരുകുന്നതിനെപ്പറ്റിയുള്ള സദാചാരനൊമ്പരം, കഥകൾ കാഴ്ചവയ്ക്കുന്ന ദർശനങ്ങൾക്കുള്ളിലുണ്ട്.
‘സുദർശന’ത്തിലെ
സുഹ്രട്ടീച്ചർ എവിടെയും തന്നെ നിരീക്ഷിക്കുന്ന കണ്ണുകൾ കാണുന്നു. വയലിന്,
കാറ്റിന്, വാതിലിലെ പിടിക്ക്, ഷവറിന്റെ സുഷിരങ്ങൾക്ക്. താൻ
നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന മനസ്സാക്ഷിയുടെ ബോധ്യത്തിൽനിന്നുകൊണ്ടാണ് കണക്കു മാസ്റ്ററായ റഷീദിന്റെ പ്രലോഭനങ്ങളെ
പ്രയാസപ്പെട്ട് സുഹ്ര അതിജീവിക്കുന്നത്. ‘പൈതൃകമായി തനിക്കു ലഭിച്ച ഇനിയും കൃഷിയിറക്കാത്ത പാഴിടങ്ങളെ
ഓർത്ത് സുഹ്രയ്ക്ക് ഒരു പാട് സന്തോഷം തോന്നി.’ എന്ന വാക്യത്തിലവസാനിക്കുന്ന കഥ സ്വയം രക്ഷപ്പെടുത്തിയെടുത്ത
സ്ത്രീ ശരീരത്തിന്റെ ശുദ്ധിയെപ്പറ്റി അഭിമാനം കൊള്ളുകയാണ് ഒടുവിൽ. ആഘോഷങ്ങളില്ലാതെ
പോയ ഒരു ദാമ്പത്യത്തിന്റെ ദാരിദ്ര്യത്തിലായിട്ടുകൂടി വിരഹിണിയായ സുഹ്രയെ വ്യഭിചാരപാപത്തിൽനിന്നും
ചുറ്റും ഉണർന്നിരിക്കുന്ന കണ്ണുകൾ രക്ഷിച്ചെടുക്കുന്നു. സാമൂഹികമായ സമ്മർദ്ദങ്ങൾ കണ്ണാടികളും
ക്യാമറകളുമായി വ്യക്തികളെ ഭയപ്പെടുത്തുന്ന ആഖ്യാനത്തിന്റെ പതിവുരീതിവിട്ട് ഇവിടെ കണ്ണുകൾ
ആന്തരിക ജീവിതത്തിന്റെ ജാഗ്രതയോ ബോധ്യങ്ങളോ ആയി മാറിയിരിക്കുന്നു. കണ്ണടകൾക്കും
ശസ്ത്രക്രിയകൾക്കുമൊന്നും പരിഹരിക്കാനാവാത്ത കാഴ്ചയുടെ ഒരു വിഷമപ്രശ്നത്തെ
അവതരിപ്പിക്കുന്ന ‘കണ്ണാടിക്കാഴ്ചയിലെ
ബിംബസാരങ്ങൾ’ എന്ന കഥയിൽ ഈ ആശയം
കുറച്ചുകൂടി വ്യക്തമാണ്. പരിഹരിക്കുന്നതിനനുസരിച്ച് അയാളുടെ കാഴ്ചാദോഷങ്ങളും
കൂടുന്നു. ലോഹിതാക്ഷന്റെ കാഴ്ചയിലെ വൈകല്യങ്ങൾ അയാൾ എത്തിച്ചേർന്നിരിക്കുന്ന
അവസ്ഥയുടെ പരിണാമങ്ങളാണ്. കെട്ടിക്കിടക്കുന്ന, ആദർശാത്മകമായ ആന്തരിക ജീവിതത്തിൽനിന്നുള്ള മോചനമില്ലായ്മയാണ്
സുഹ്രയെയും ലോഹിതാക്ഷനെയും സംഘർഷഭൂമികയിൽ തളച്ചിടുന്നത്.
ജെയിംസ് പലകഥകളിലും
ആവർത്തിക്കുന്ന കുടുംബത്തിലേയ്ക്കുള്ള തിരിച്ചുവരൽ എന്ന ആശയം ആദർശാത്മകതയുടെ നിഴൽ
വീണു കിടക്കുന്ന ഭാവനാലോകമായി മനസ്സിലാക്കാവുന്ന ഒന്നാണ്. ‘സുദർശന’ത്തിൽ
കണ്ടതുപോലെതന്നെ ‘വോൾഗ’യിലും ഒരു പ്രണയം വാസനയാൽ അതിതീവ്രമായിയിരിക്കുമ്പോൾതന്നെ മാംസംതൊട്ടു
ചീത്തയാവാതെ രക്ഷപ്പെടാൻ സഹായിക്കുന്ന ഉപാധികളിലൊന്ന് ഈ സ്വപ്നലോകമാകുന്നു. പശ്ചാത്തലം
വിദേശമായിരുന്നിട്ടുകൂടി (‘പ്രലോഭനത്തിന്റെ
ദേശം’ എന്ന് കഥയിലെ പ്രയോഗം) പ്രണയിക്കുന്ന റഷ്യൻ പെൺകുട്ടിയെ കാണുകപോലും ചെയ്യാതെ
അയാൾ തിടുക്കപ്പെട്ട് ഭാര്യയുടെയും മകളുടെയും സ്നേഹത്തിലേക്കു മടങ്ങിയെത്തുന്നു.
സംസ്കാരത്തിന്റെ പദാവലികളാൽ ‘വോൾഗ’ സമ്പന്നമായിരിക്കുന്നത് ആകസ്മികമല്ല. ‘അമ്പലപ്പുഴപാൽപ്പായസവും ഗീതോപദേശവും കണ്ണനും ഗോപികയും
കാളിന്ദിയും രാസലീലയും ഇടം പിടിച്ചുകൊണ്ട് ഒരു സംസ്കാരവലയം പ്രലോഭനീയമായ നിലയിൽ വടംവലി
നടത്തുന്ന ഇടമാണത്. സ്വന്തം സദാചാരബോധം കൊണ്ടുമാത്രം നിയന്ത്രണരേഖ കടക്കാതെ
വിജയിച്ച അയാളുടെ വിടപറയൽ വാക്യമായ ‘ലാൽ സലാം’ അതിന്റെ ഭൗതികമായ വിവക്ഷകളെ ഇല്ലാതാക്കുകയും
ആത്മീയോന്നമനത്തിന്റെ ലഹരിയിൽ മുഗ്ധനാക്കുകയും ചെയ്യുന്ന വിപരീതയുക്തിയാണ് കഥയിൽ
കൈയടക്കി വച്ചിരിക്കുന്നത് .
‘പ്രണയോപനിഷത്ത്’ എന്ന
കഥയിൽ അനിമ്മയും ഉലഹന്നാനും മധ്യവയസ്സ് പിന്നിടുമ്പോൾ അതുവരെയില്ലാത്ത തീവ്രതയോടെ
സ്നേഹിക്കാൻ തുടങ്ങുന്നതാണ് നാം കാണുന്നത്. പുറത്തൊരു പ്രണയം തേടാനുള്ള
ഉലഹന്നാന്റെ മോഹമാണതിനു തുടക്കം കുറിക്കുന്നത്.
‘പ്രേമിക്കാൻ
ഭാര്യയായാലും/ഭർത്താവായാലും മതിയെന്ന’
അസാമാന്യമായ വിധത്തിൽ ആവൃത്തിസമമായ ഒരു യുഗ്മഗാനമാണ് കഥയുടെ ആധാരശ്രുതി. ഫെയിസ്
ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരൺ എന്ന സ്ത്രീവേട്ടക്കാരന്റെയും അനാമിക എന്ന പെൺ
സുഹൃത്തിന്റെയും രതിസാഹസം
അവസാനിക്കുന്നത്, (അഥവാ ആരംഭിക്കുന്നത്) താൻ അയാളുടെ ഭാര്യയായ
ദമയന്തിതന്നെയാണെന്ന അനാമികയുടെ ഏറ്റു പറച്ചിലോടെയാണ്. നേർക്കാഴ്ചകൾക്ക് പിടി
നൽകാത്ത ശരീരത്തിന്റെ അക്ഷാംശരേഖാംശങ്ങൾ വെബ് ക്യാമുകൾ കണ്ടെത്തിക്കൊടുക്കുന്ന
കാലത്തെക്കുറിച്ചുള്ള വിമർശനപരമായ മൂലകങ്ങളെ ഉള്ളടക്കുന്നെങ്കിലും
അവിഹിതങ്ങളിൽനിന്ന് രക്ഷപ്പെട്ട് വ്യക്തികൾ സ്വന്തം കുടുംബത്തിൽതന്നെ വന്നെത്തുന്നതാണ്
ശ്രദ്ധേയം. ‘കവറടക്ക’ത്തിലെ രവി-മൃണാളിനി ദമ്പതിമാരുടെ കമ്മി ബഡ്ജറ്റ് ജീവിതത്തിൽനിന്നും
സന്തോഷം മോഷ്ടിച്ചു പോകാത്തതിനു കാരണവും
കുടുംബം എന്ന തരളസ്മൃതിയുടെ നിറവാണ്. എത്ര ദൂരെപോയാലും തിരികെ ആകർഷിച്ചുകൊണ്ടിരിക്കുന്ന
സ്നേഹപ്രവാഹങ്ങളിലേക്ക് ആത്മീയ അനുഭൂതിയോളം പോന്ന തരളതയുമായി വീണ്ടും ചെല്ലാൻ
വെമ്പുന്ന ഗതിവേഗം കഥാകൃത്തിന്റെ സങ്കല്പങ്ങളെ ഭരിക്കുന്നുണ്ട്. അതിൽനിന്ന്
പുറത്തേയ്ക്കു പോകുന്ന അനുഭവങ്ങൾ അവിടെ കുറവാണ്.
കുടുംബം എന്ന ഏദനിൽ
മാത്രമായി ഒതുങ്ങി തളംകെട്ടിയതല്ല ഈ സദാചാര നിർവൃതി. ‘ദ്രാക്ഷാരസം’ എന്ന
കഥയിൽ സക്കറിയയുടെ മരണത്തെ തുടർന്ന് അയാൾക്കിഷ്ടമുള്ള ജാക്ക് ഡാനിയൽസ് മദ്യം,
അതിനോടുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് കൂട്ടുകാരനായ എബി കുര്യൻ, നിലത്തൊഴുക്കി
കളയുന്നു. ‘പച്ചമനസ്സോടെ
സ്നേഹിതന്റെ മരണദുഃഖം അനുഭവിക്കാൻ’
എന്നാണ് കഥയിലെ ഭാഷ്യം. ആ സമയത്ത് മാദകമണം ചുരത്തുന്ന ചെമ്പകം വേരുകളുടെ
അന്വേഷണത്വരയെ മണ്ണിന്റെ ദൂരങ്ങളിലേക്കു നീട്ടി’ എന്നാണ് കഥാകൃത്ത് എഴുതുന്നത്. ജീവിതത്തെ താങ്ങിനിർത്തുന്ന
ആദർശങ്ങളിലേക്ക് വേരെത്തിച്ച് എഴുത്തിനു ജീവനം തേടാനുള്ള ആഗ്രഹത്തെ
ചെമ്പകത്തിലേക്കു പകർത്തി വയ്ക്കുകയാണ് ജെയിംസ് ചെയ്യുന്നത്. അവിടെ മാത്രമല്ല;
പൊതുവേ.
---------------
1. ശവങ്ങളിൽ പതിനാറാമൻ - വി ജെ ജെയിംസ്, ഡി
സി ബുക്സ്, കോട്ടയം, 2001
2. ഭൂമിയിലേക്കുള്ള തുരുമ്പിച്ച
വാതായനങ്ങൾ - വി ജെ ജയിംസ്, ഡി സി ബുക്സ്,
കോട്ടയം, 2003
3. വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട് – വി ജെ ജയിംസ്, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2010
4. പ്രണയോപനിഷത്ത്- വി ജെ ജയിംസ്, ഡി
സി ബുക്സ്, കോട്ടയം, 2015
1 comment:
കൊള്ളാം
അസ്സലായിട്ടുണ്ട്
നാലിനേയും നന്നായി വിലയിരുത്തിയിരുന്നു
Post a Comment