January 15, 2016

കരാഗ്രേ വസതേ...




എം എ കാലത്ത് ഉരുവിട്ടു നടക്കുന്ന കിടിലൻ ഉദ്ധരണികളിലൊന്നായിരുന്നു കഥയിലെവിടെയെങ്കിലും തോക്കുണ്ടെങ്കിൽ കഥ തീരുമുൻപ് അതു പൊട്ടണമെന്നുള്ളത്. ചുവരിൽ ഒരു തോക്കു തൂങ്ങിക്കിടക്കുന്നുണ്ടെങ്കിൽ നാടകം തീരുന്നതിനു മുൻപ് അതു പൊട്ടിയിരിക്കണം എന്ന് ചെക്കോവിന്റേതായി പിന്നെ അതു മാറി. ആ എം എ കാലം മാത്രം വച്ചല്ല കളി. ജ്ഞാനോദയം പാരലൽ കോളേജിലെ മലയാളം ടീച്ചർ ( അല്ലാതെ ആർക്കാണ് അതിധൃതി എന്ന ഛന്ദസ്സിലുള്ള ഒരു മുക്തകം കാമുകന്റെ കാതിലോതിക്കൊടുക്കാൻ കഴിയുക?) പദ്മിനി.. എന്നവസാനിക്കുന്ന ഒരു ശ്ലോകം കാതരമായ ഒരു മുഹൂർത്തത്തിൽ കാതിലോതിക്കൊടുക്കുന്നു. അതും നേരത്തേ പറഞ്ഞ അകാൽപ്പനികമായ ഒരു ലേബലിന്റെ (അതിധൃതി) കിന്നരിയോടെ. സത്യത്തിൽ ആ വാക്കല്ല, ശാർദ്ദൂല വിക്രീഡിതം എന്ന പരിചിതമായ വാക്കാണ് (വൃത്തമാണ്) അതിധൃതിയേക്കാൾ അവിടെ യോജിക്കുമായിരുന്നത്. പക്ഷേ . ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ച് നല്ല ബോധ്യമുള്ള എഴുത്തുകാരൻ അപരിചിത അന്തരീക്ഷം മാത്രമല്ല, വരാൻ പോകുന്ന അതിധൃതി എന്ന അവസ്ഥയെ കൺഫ്യൂഷൻ (സത്യത്തിലത് ആശയക്കുഴപ്പമല്ല) എന്ന അവസ്ഥയുമായി കൂട്ടിക്കെട്ടി പറഞ്ഞ കഥയാണിത്. ശ്ലോകത്തിന്റെ പരിണതിപോലെ, അതിന്റെ ഛന്ദസ്സിന്റെ പേർ ഉരുവിടുന്നതിനടിയിലും ഒരട്ടിയുണ്ട്.. ഇതാണ് 'ഗർഭിതം' എന്ന അവസ്ഥ. കുടുക്കയ്ക്കുള്ളിൽ കുടുക്ക എന്ന മട്ടിൽ ഒന്നുടയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലല്ല, , പല അട്ടികളായി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന മട്ടിലുള്ള, ഒരു പക്ഷേ ഒറ്റനോട്ടത്തിൽ തന്നെ ലയറുകൾ പലതുണ്ടെന്ന് വെളിപ്പെട്ടേയ്ക്കാവുന്ന തരത്തിലുള്ള ആഖ്യാനമാണ് ഇത്. 

'അഗ്രഹസ്തം' എന്നാണ് കഥയുടെ പേര്. നോക്കുക. അതിനു പാഠപുസ്തകങ്ങളിലെപോലെ പിന്നാമ്പുറത്ത് അർത്ഥവും കൊടുത്തിട്ടുണ്ട്. കരത്തിന്റെ തുമ്പെന്നും വിരലുകളെന്നും ആനയുടെ തുമ്പിക്കൈയുടെ അറ്റമെന്നുമൊക്കെ..ദേവദാസിന്റെ സ്ഥിരം പതിവനുസരിച്ച് ഇക്കഥയ്ക്കും ഉണ്ട് ഒരു താക്കോൽ വാക്യം, അരിസ്റ്റോട്ടിലിന്റെ. അതും രൂപകത്തെപ്പറ്റി. 

ഒരു അദ്ധ്യാപകൻ, കഥയുടെ ബാഹ്യമായ ലയറിൽ ഉണ്ട്. അല്ലെങ്കിൽ ഇത്രയും ആധികാരികതയോടെ രൂപകത്തെക്കുറിച്ച് പറയേണ്ട ആവശ്യം കഥയ്ക്കില്ല. പദ്മനാഭന്റെ കാലം താൻ കുത്തിട്ടുവയ്ക്കുന്ന വാക്കുകൾ,പോലും പൂരിപ്പിച്ചെടുക്കാൻ കഴിയുന്ന തന്റെ വായനക്കാരനെയാണ് വിഭാവന ചെയ്തിരുന്നതെങ്കിൽ അവനെ നിതാന്ത സംശയത്തോടെ നോക്കുന്ന ഒരവസ്ഥയിലേയ്ക്കാണ് ദേവദാസിന്റെ കാലം ചുഴിഞ്ഞു നോക്കുന്നത്. കാവ്യത്തിൽ താൻ ഇട്ടുവയ്ക്കുന്ന കെട്ടുകൾ അഴിക്കാൻ പറ്റുമോ ഇവന്മാർക്ക് എന്ന് മാഘൻ സംശയിച്ചിരുന്നു. അതേ പോലെ? വാൾട്ടർ ബെഞ്ചമിൻ കഥ പറച്ചിലുകാരനെക്കുറിക്കുന്ന രൂപകങ്ങളിൽ അവസാനം കൊണ്ടുവരുന്ന ഒരുത്തനാണ് ഈ അദ്ധ്യാപകൻ ( മറ്റു രണ്ടുപേർ വിദേശ സഞ്ചാരിയും കർഷകനും) പ്രായോഗിക ജീവിതത്തിനു യോജിച്ച ധാർമ്മികോപദേശമാണ് അയാളുടെ ലക്ഷ്യം. ഇവിടെ, കഥാവായനയെന്ന ശരിമാർഗത്തിനായാണ് കഥപറച്ചിലുകാരൻ പ്രാദേശികവും വൈദേശികവുമായ വഴികളെ ദിശാസൂചിയുടെ പാലംകൊണ്ടു ബന്ധിപ്പിക്കുന്നത്.

ചെറുകഥയെപ്പറ്റി നമ്മൾ ആവർത്തിച്ചുരുവിടുന്ന സ്തോത്രം അതിന്റെ ഏകാഗ്രതയെ സംബന്ധിച്ചുള്ളതാണല്ലോ. ഇതു പിന്നീട് ആധുനികകാലത്തെ കഥാകൃത്തുക്കൾ തകർത്തു, പല ജീവിതങ്ങളെ കഥയിൽ സമാന്തരമായി ആവിഷ്കരിച്ചുകൊണ്ട്. ( ഉദാഹരണത്തിന് ഹിഗ്വിറ്റയിലെ ഗോളിയും അച്ചനും) 'അഗ്രഹസ്ത'ത്തിൽ രൂപകത്തെപ്പറ്റി പറഞ്ഞുകൊണ്ട് മുന്നിൽനിൽക്കുന്നതാരാണ്? എന്തായാലും കഥയിലെ ആരുമല്ല. അടിക്കുറിപ്പുകളിൽ വെമ്പുന്ന ഒരു രചയിതാവ് ദേവദാസിന്റെ മിക്ക കഥകളിലും ഉണ്ട്. (വായനക്കാരന്റെ ശേഷിയിൽ സംശയിച്ചാണ് അടിക്കുറിപ്പുകൾ എന്ന് എം കൃഷ്ണൻ നായർ, അതു വൈലോപ്പിള്ളിയെ കുത്താനാണ്, അടിക്കുറിപ്പിന്റെ കാര്യത്തിൽ വല്ലാത്ത നിഷ്കർഷയുണ്ടായിരുന്നു വൈലോപ്പിള്ളിക്ക്) പക്ഷേ ആ 'അതിധൃതി' എന്ന പ്രയോഗം 'അഗ്രഹസ്ത'ത്തെപ്പോലെതന്നെ ക്ലാസ് റൂം പ്രയോഗമാണ്. ഇതിനൊരു സമാന്തരമുണ്ട്, 'മരപ്പാവകൾ' എന്ന അതീവ നേർത്ത പ്രണയത്തെ ആവിഷ്കരിക്കുന്ന കാരൂരിന്റെ കഥയിലൊരിടത്ത് 'ആശുഗൻ' എന്നൊരു വാക്ക് കേറി വരുന്നുണ്ട്. ഒരു മലയാളം അദ്ധ്യാപകനുമാത്രം സ്വാഭാവികമായി പ്രയോഗിക്കാൻ കഴിയുന്ന (എന്ന് സുകുമാർ അഴീക്കോട്)ഒരു ഉരുളൻ കല്ല്. എന്നു വച്ചാൽ അത് അനുചിതമാണെന്നല്ല. അത് മൗലികത അഥവാ 'മുദ്ര' കഥയിൽകൊണ്ടുവന്നു നാട്ടുന്നു എന്നാണ്. .ഈ കഥയ്ക്ക് മറ്റൊരു പേര് ദേവദാസിന് തെരെഞ്ഞെടുക്കാൻ പറ്റായ്കയൊന്നുമല്ല. ഛന്ദസ്സിന്റെ ( മാതൃഭൂമിയുടെ കൃത്യമായ പ്രൂഫ് റീഡിംഗിനു ശേഷവും 'ചന്ദസ്' എന്നാണ് കഥയിൽ) പേര് ആവശ്യ ഘടകവുമല്ല. മറിച്ച് ആ ശ്ലോകത്തിന്റെ അസാധാരണമായ് ട്വിസ്റ്റാണ് കഥയ്ക്ക് കനം നൽകുന്നത്. ഇതേ ശ്ലോകം 'ഗർഭിതം' എന്ന ദോഷത്തിനുദാഹരണമായി ഭാഷാഭൂഷണത്തിൽ കൊടുത്തിട്ടുണ്ട്. വാക്യത്തിനുള്ളിൽ മറ്റൊരു വാക്യം വരുന്നതാണ് ഗർഭിതം. ധാരാവാഹിയായ അർത്ഥത്തിനു വിച്ഛേദം വരുന്നതുകൊണ്ടാണ് ദോഷം. ചിലപ്പോൾ അതു ഗുണമായും തീരാം എന്ന് രാജരാജവർമ്മ. വൈദ്യന്മാർ വിഷത്തെ ഔഷധമാക്കുമ്പോലെ അതോ ഇതോ എന്ന് സംശയിച്ചിട്ട് താത്പര്യമുള്ളസ്ഥലത്തേയ്ക്ക് അർത്ഥത്തിന് ഒഴുകാൻ കഴിയുമെന്നതിനാലാണ് 'ഗർഭിതം' ഗുണപരമാകുന്നത്. അതോ ഇതോ എന്നൊരു സംശയം ജീവിതത്തിനും മരണത്തിനും ഇടയിൽ വന്നുന്നിന്ന് മജിസ്ട്രേറ്റാവുന്ന ഒരു കഥ, സാന്ദർഭികമായി ഉരുവിട്ട ഒരു ശ്ലോകത്തിൽ എത്ര സമർത്ഥമായാണ് കഥയുടെ മർമ്മം ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് നോക്കുക..

ശ്ലോകത്തിന്റെ ആകസ്മികമായ പ്രവർത്തനം രാജരാജവർമ്മ വിവരിച്ച 'ഗർഭിതമായി' ഒരു കഥയിൽ തന്നെ അനേകം കഥകൾ ഒരു ചിത്രത്തിൽതന്നെ അനേകം ചിത്രങ്ങൾ നിർമ്മിക്കുന്നു... അങ്ങനെ തകർന്നു തരിപ്പണമാകുന്ന പാരമ്പര്യക്കോവിലിലെ ഏകാഗ്രതാ വിഗ്രഹങ്ങളെയാണ് അഗ്രഹസ്തം നോക്കി ചിരിക്കുന്നത്!! . പദ്മിനിയുടെ, അവരുടെ അമ്മയുടെ, സൈമണിന്റെ, ആന്റണി ചാക്കോയുടെ, ഡേവിസിന്റെ, എല്ലാം വിശേഷണങ്ങളിൽ മെല്ലെ അഴിഞ്ഞുവരുന്ന കഥകളുണ്ട്. ചെറിയ വാക്യങ്ങളിൽ ജീവിതങ്ങൾ കിടന്നു കറങ്ങുന്നു. ഇത് ഒരു വഴിപിഴച്ച പോക്കാണ്. മുൻപായിരുന്നെങ്കിൽ ചെറുകഥയുടെ കൊക്കിലൊതുങ്ങാത്തവ കൊത്തിയെന്നോ പറയാനുള്ളതെല്ലാം വാരി വലിച്ചു നിറച്ച് കീറച്ചാക്കാക്കിയെന്നോ (പൊൻകുന്നം വർക്കിയുടെ കഥകളെപ്പറ്റി വി രാജകൃഷ്ണൻ എഴുതിയത്) വിവരിക്കുന്ന പാതിവഴിയെത്തുന്ന ഒരു രൂപകംകൂടി കഥയെ തേടി വരുമായിരുന്നു. പക്ഷേ ഇതതല്ല. ഈ സമാന്തരവലയങ്ങൾ ചേർന്നാണ് കഥയെ മുറുക്കുന്നത്. അല്പവസ്ത്രം ധരിച്ച് മരിച്ചുകിടക്കുന്ന മകനെ മടിയിലെടുത്തുവച്ച മറിയത്തിന്റെ ചിത്രത്തിനു സമാന്തരമായാണ് തോർത്തുമാത്രമുടുത്ത ചേട്ടൻ അനിയന്റെ ശിരസ്സെടുത്ത് മടിയിൽവച്ച് കിടക്കുന്നത്. വിരലിന്റെ അഗ്രംകൊണ്ട് നരച്ച മുടി പിഴുതെടുത്ത് ജീവിതം കറുപ്പിക്കാൻ.. .(.ഹ ഹ ഹ കറുപ്പിക്കാൻ) ശ്രമിക്കുന്നതിനു സമാന്തരമായാണ് ചൂണ്ടുവിരൽതന്നെ ജീവിതം ചുവപ്പിക്കുന്നത്...പദ്മിനിയുടെ നരച്ച മുടി പിഴുന്ന/ പിഴാതിരിക്കുന്ന സൈമണിൽ പദ്മിനിയെ പിഴുതെടുക്കുന്ന ദന്തീന്ദ്രന്റെ ചിത്രം കൂടി കാണുക ! (ഷെരീഫ് വരച്ച ചിത്രങ്ങൾകൂടി ചേർത്തുവച്ചു നോക്കണം കഥ. അതിലൊന്ന് അഗ്രഹസ്തം എന്ന എഴുത്താണ് അതിൽ 'അ'യുടെയും 'ഗ്ര'യുടെയും തുമ്പുകൾ രണ്ടു വിരലുകളായി രണ്ടു ദിശയിലേക്കു ചൂണ്ടുന്നു. കറുത്ത പ്രതലത്തിൽ വിരലുകൾ പിടിച്ചിരിക്കുന്ന വെളുത്ത മുടിയാണ് മറ്റൊന്ന്... ) 

. ഏതായാലും അടുത്തകാലത്ത് വായിച്ച കഥകളിൽ വല്ലാതെ ഇഷ്ടപ്പെട്ട ഒരു കഥയാണിത്. അതുകൊണ്ട് രണ്ടു പ്രാവശ്യം വായിച്ചു. ഇനിയും വായിക്കണം. അപ്പോൾ അതിൽ തെളിയാതെ കിടക്കുന്ന ഒരു ദുരൂഹത, എന്തിനായിരിക്കും അയാൾ പദ്മിനിയോട് പറയാതെ നാടുവിടാൻ തുനിഞ്ഞതെന്ന വേതാളപ്രശ്നത്തിന് ഉത്തരം കിട്ടുമായിരിക്കും. (വർഷങ്ങൾക്കു മുൻപ് ഇതുപോലെയൊന്ന് ചെയ്തതെന്തിനായിരുന്നു എന്ന് ഇപ്പോൾ ഈ കഥ ആലോചിപ്പിച്ചാൽ ?) വായിക്കുന്ന കഥകളിൽ തെറ്റായി ധരിക്കുന്ന നമ്മുടെ ജീവിതം ഉണ്ട്. പക്ഷേ അതല്ല, ഏതു സമയത്തും പരസ്പരം മാറിപ്പോകാവുന്ന ആശയക്കുഴപ്പമുണ്ടല്ലോ. വിരൽത്തുമ്പുകളിലേക്ക് ഇപ്പോൾ നോക്കുമ്പോൾ ഈ കളി എത്രയിടത്ത് കളിച്ചെന്നും തലച്ചോറു ചതിക്കാത്തതുകൊണ്ടാണ് ഇത്രടം വരെ എത്തിയതെന്നും ഇനിയുള്ള കാര്യത്തിൽ ഒരുറപ്പുമില്ലെന്നും ഇതൊക്കെ കണ്ടറിഞ്ഞവർ ലോകത്ത് വേറെയും ഉണ്ടെന്നും മനസ്സിലാക്കുന്നിടത്തുള്ള ഒരു നടുക്കം ഉണ്ട്. അതാണ് കഥയിലെ ഭാവാന്തരീക്ഷം, അല്ലാതെ സുപ്രസിദ്ധമായ സാമൂഹിക പ്രതിബദ്ധതകൊണ്ടുള്ള തിക്കുമുട്ടൽ അല്ല. 

ഒരു മലയാളംകാരൻ ഒരു കഥയെ വായിച്ച രീതിയാണ്. അല്ലാതെ അപഗ്രഥനത്തിലേയ്ക്കും വിശകലനത്തിലേക്കും ചാടിയതല്ല. മറ്റൊന്നിനും ഞാൻ ഉത്തരവാദിയല്ല.

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു വാക്കിനുള്ളിലേക്ക് നോക്കിയാല്‍പ്പോലും ഒരുപാട് പഠിക്കാനുള്ളതാണ് കാണാന്‍ കഴിയുക എന്ന് തോന്നിപ്പോകുന്നു,ഈ വായനയില്‍.. അത്രയും ആഴത്തിലുള്ള വിശകലനം.. തലക്കെട്ട്‌ ചിത്രത്തെപ്പോലും സൂക്ഷ്മമായി നിരീക്ഷിച്ചത് ഏറെ ഇഷ്ടപ്പെട്ടു...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ...