മുൻപ് ഗൾഫിൽ കണ്ടിട്ടുള്ള ചില പ്രകടനങ്ങളാണ് ഇന്നലെ ഗുലാമലിയുടെ ഗസൽ വേദിയിൽ നടന്നത്. ഒരു പക്ഷേ ഇവിടങ്ങളിലും - ചില മേൽത്തട്ട് സംഘടനകളുടെ പ്രായോജക പരിപാടികളിൽ- നടക്കുന്നുണ്ടാവാം. ഏതായാലും അത്തരം വേദികളിൽ ചെന്നിരിക്കാൻ അധികം അവസരം കിട്ടാത്തതുകൊണ്ട് കാണാത്തതായിരിക്കാം. പക്ഷേ ഇന്നലത്തേത് സംസ്ഥാന അതിഥിയായി വന്ന ഗുലാമലിയുടെ പരിപാടിയാണ്. പ്രമുഖ രാഷ്ട്രീയ സംഘടനയ്ക്ക് കൈയുള്ള ഒരു സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയാണ്.
അതിഥിയുടെ സുരക്ഷയെ കരുതി കനകക്കുന്നിന്റെ ഗേറ്റു മുതലേ സുരക്ഷാക്രമീകരണങ്ങൾ ആരംഭിക്കുന്നു. പാസ് അനിവാര്യം. വേദിക്ക് മുന്നിലായി രണ്ടു ബാരിക്കേടുകൾ, അതിൽ ആദ്യത്തേത് ക്യാമറക്കാർക്കുള്ളത്. അവർക്കും വി ഐ പി കളായ അതിഥികൾക്കും ഇടയിൽ ബാരിക്കേടിന്റ്യെ മറ്റൊരു ഇടനാഴിയിൽ സദസ്യരെ നോക്കി ബലം പിടിച്ചു നിൽക്കുന്ന കമാൻഡോകൾ. വി ഐ പി വേലിക്കു പുറത്ത് സാധാരണക്കാർക്കുള്ള ഇരിപ്പിടം. കൃത്യസമയത്ത് പരിപാടി തുടങ്ങുന്നു. ആദ്യം എം ബി എസിന്റെ ക്വയറാണ്. 'സ്വാഗതം സുസ്വാഗതമെന്ന്' ഓ എൻ വി കുറുപ്പിന്റെ വരികൾ പതിവു രീതിയിൽ സ്റ്റേജിന്റെ ഒരറ്റത്തുനിന്ന് കൂട്ടായി പാടിയിട്ട് അവരു മടങ്ങി. ഓ എൻ വി തന്നെ രചിച്ച പാട്ടു വച്ച് സരസ്വതി വിദ്യാലയത്തിലെ കുട്ടികളുടെ വക ഡാൻസ്. നൃത്തത്തിലൂടെ കുട്ടികൾ സ്വീകരിക്കുന്ന ആൾ അപ്പോൾ അവിടെ എത്തിയിട്ടില്ല. അടുത്തത് ഓ എൻ വിയുടെ ചെറുമകൾ അപർണ്ണരാജീവിന്റെ ഗസൽ. തൊട്ടടുത്ത് വൈക്കം വിജയലക്ഷ്മി. അപർണ്ണ പാടിക്കഴിഞ്ഞ് വിജയലക്ഷ്മി 'ചുപ്കേചുപ്കേയും ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലും' പാടുന്നു. അതു കുഴപ്പമില്ല. വീണ്ടും അപർണ്ണയുടെ ഗസൽ..അപ്പോൾ അതിഥികളെത്തുന്നു. ഗസൽ മുറിയുന്നു. ഇരുന്നശേഷം ഗസൽ തുടരുന്നു. ഗുലാമലിയെ പ്രകീർത്തിക്കുന്ന ഒരു വീഡിയോ പിന്നാമ്പുറത്ത്. ടൂറിസം മന്ത്രിയുൾപ്പടെയുള്ളവർ വാക്കുകൾ സംഗീതത്തിനായി ചുരുക്കി. നന്നായി. . അതുകഴിഞ്ഞ് എം ജയച്ചന്ദ്രൻ ഗുലാമലിയ്ക്കൊരുക്കിയ ആദരാഞ്ജലി - ഫ്യൂഷൻ സംഗീതം. പിന്നെ ഉപഹാരസമർപ്പണങ്ങളാണ്. ഓഎൻവി വക, എം ജയചന്ദ്രൻ വക, എം എ ബേബി വക, പ്രവാസി മലയാളിവക, കേരളസർക്കാർ വക. ഓടക്കുഴൽ, തിമില, ഇടയ്ക്ക, തംബുരു., ഡമരു.... അതുകഴിഞ്ഞ് അമ്മത്തൊട്ടിലിലെ ഒരു കൊച്ചു കുട്ടിയ്ക്ക് ഗുലാമലി വഴി ഒരു ശ്രുതിപ്പെട്ടി നൽകുന്നു. ഇത്രയും വെളിച്ചം ജീവിതത്തിലാദ്യമായി കാണുന്ന കൊച്ച് അന്തം വിട്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. . അതു കഴിഞ്ഞിട്ടും ഗുലാമലി പാടുന്നില്ല. വരുന്നത് പണ്ഡിറ്റ് വിശ്വനാഥനാണ്. അദ്ദേഹത്തിന്റെ വക 'സംഗീതജ്ഞർക്ക് ആളുകൾ വേലി കെട്ടുന്നത് സംബന്ധിച്ച ദൈന്യങ്ങൾ. ഗുലാമലിയ്ക്കെതിരെയുള്ള ആക്രോശങ്ങളിലെ വേദന', പിന്നെ മൂന്നു പാട്ടു്. അതുംകഴിഞ്ഞിട്ടാണ് അലിയുടെ ഗസൽ ആരംഭിക്കുന്നത്.
ഗുലാമലിയുടെ ഇന്ത്യയിലെ പാട്ട്, രാഷ്ട്രീയപ്രവർത്തനംകൂടി ആകുന്നതുകൊണ്ട് ഗസലിന് ആളുകൂടുന്നത് ഒരു വലിയകാര്യമാണ്. എങ്കിലും അതിനപ്പുറത്ത് ചിലത് ആലോചിക്കാനുണ്ട്. അലിയെ ഭാരതമണ്ണിൽ പാടിക്കാതിരിക്കാൻ കിണഞ്ഞുകൊണ്ട് പാകിസ്താൻ വിരോധവും കത്തിച്ച് പോത്തിനെയും എഴുന്നള്ളിച്ച് വന്ന ഒരു കൂട്ടത്തിന്റെ ആശയത്തെ തള്ളിക്കളയാൻ അതിനേക്കാൾ ആൾബലവും ബൗദ്ധികശേഷിയുമുള്ള മറ്റൊരു കൂട്ടം വികസിച്ചു വരുന്നത് നല്ലതാണ്. അതൊരു പ്രകടനംകൂടിയാണ്. എന്നാൽ പാട്ടല്ല, പ്രകടനംതന്നെ പ്രധാനമാവുമ്പോൾ മർമ്മം മറന്ന അവസ്ഥയാകും. വേദിയിൽ നാന്നൂറുപ്രാവശ്യം പേരുച്ചരിക്കുന്നുണ്ടായിരുന്നെങ്കിലും ഗുലാം അലിയായിരുന്നില്ല പ്രധാനം. പകരം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസക്തി മറ്റെന്തൊക്കെയോ ആയി മാറിക്കൊണ്ടിരുന്നു. നോക്കുക. അലി എന്ന രാഷ്ട്രീയ രൂപകം കേരളത്തിന്റെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവുന്നു. മലബാർ ഗോൾഡിനും സ്പോൺസർ ചെയ്ത് അവതരിപ്പിക്കാനുള്ള ചരക്കാവുന്നു. ബിംബമാകുന്നു. കാലുതൊട്ട് വന്ദിക്കാനുള്ള ആൾദൈവമാകുന്നു. രാഷ്ട്രീയപ്രചരണത്തിനുള്ള മാധ്യമമാകുന്നു. പ്രതിലോമമായ മൂല്യങ്ങൾക്കു തന്നെ തട്ടിൽകേറി കളിക്കാനുള്ള ഉപാധിയാകുന്നു.. ( രാഷ്ട്രീയ സമ്മേളനങ്ങളിൽ കാണുന്നതുപോലെ ആളുകൾ വേദിയിൽ അലിയോടൊപ്പം നിരന്നിരിക്കുന്നതും ആരൊക്കെയോ വന്ന് ഇരുന്നവരെ കസേരയിൽനിന്ന് എഴുന്നേൽപ്പിക്കുന്നതും അവർ പിന്നെയും വന്നിരിക്കുന്നതും കാണാമായിരുന്നു. ആരാണ് ഇവരൊക്കെ.. ആ...). ഒരു പരിചയാകുന്നു. അങ്ങനെ പലതും ആകുന്നു.
ആവുന്നതിൽ കുഴപ്പമില്ല. ആക്കിത്തീർക്കുന്നതിൽ കുഴപ്പമുണ്ട്. ഇന്നലെ എത്ര പേരാണ് വന്ന് അദ്ദേഹത്തിന്റെ കാലുതൊട്ട് വന്ദിച്ചതെന്ന് വ്യക്തമല്ല. (കാലുതൊട്ട് വന്ദിക്കുക തുടങ്ങിയ പ്രകടന വിനയങ്ങളെ ചണുക്കു പറ്റാതെ ഇങ്ങോട്ടു കൊണ്ടിറക്കുന്നതിൽ ഇതുപോലെയുള്ള കെട്ടുകാഴ്ചകൾക്ക് നല്ല പങ്കുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന ആയിരങ്ങൾ വിനയത്തിന്റെ പ്രധാന ലക്ഷണമായി അതെടുത്ത് വീട്ടിൽകൊണ്ടു പൊയ്ക്കോളൂം.) ചിലർ രണ്ടും മൂന്നും പ്രാവശ്യം. അതിൽ ആവേശം കൊണ്ടിട്ടാകണം അദ്ദേഹത്തിന്റെ മകനും വന്ന് കാലുതൊട്ട് തലയിൽ വയ്ക്കുന്നു ഇടയിൽ. (അവർക്കത് ശീലമാണ് നമുക്കോ?) അദ്ദേഹത്തിന് ആദരാഞ്ജലി ( എന്നാണ് പ്രയോഗം ട്രിബ്യൂട്ട്) ഒരുക്കിക്കൊണ്ട് എം ജയചന്ദ്രൻ ഒരുക്കിയ ഫ്യൂഷനിലിടയ്ക്ക് 'സലാം ഗുലാം അലി' എന്നു പറയുന്നതിനിടയ്ക്ക് പാട്ടു പാടാതെ ഗായകർക്ക് കൈയാഗ്യം കാണിച്ചുകൊണ്ട് വേദിയുടെ ഒത്ത നടുക്ക് നിൽക്കുന്ന എം ജയച്ചന്ദ്രൻ സിനിമകളിലെ നായകൻ ചെയ്യുന്നതുപോലെ മുട്ടു കുത്തി വേദിയിലിരുന്ന് അലിയെ നോക്കി കൈകൾ വിടർത്തുന്നു. ചെറുമകൾ പാടുന്ന സമയത്ത് ഓ എൻ വിക്കും ( കവിയ്ക്ക് തീരെ വയ്യ. എന്നാൽ കൊച്ചു മകൾ ഗുലാമലിയെപോലെയൊരു രാജ്യാന്തരപ്രശസ്തന്റെ സാന്നിദ്ധ്യത്തിൽ പാടുന്നതു കേൾക്കാനുള്ള ആഗ്രഹമാണോ ഗുലാമലിയോടുള്ള ആദരവാണോ വേദിയിലെത്തിച്ചത്?) ഭാര്യയ്ക്കും സീറ്റ് വേദിയിൽ. മറ്റൊന്ന് പരിമിതമലയാളം കൈവശമുള്ള അവതാരക, സുന്ദരി, ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാറി മാറി ഉപയോഗിച്ചുകൊണ്ട് ' ആ മുഹൂർത്തമാണ് ഇപ്പോൾ നമ്മൾ കാണുന്നത്, ഒരു വലിയ കൈയടി കൊടുക്കാം ' എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. (എന്തിനും ഒരു 'ബിഗ് അപ്ലൗസ്...) ഇതിന്' എന്നൊക്കെ തട്ടി വിടുന്നു. ഇതെന്ത് സ്കൂൾ പിള്ളേർക്ക് മുന്നിൽ മകരവിളക്കിന്റെ തത്സമയ സമ്പ്രേക്ഷണമോ?
അലി പാടിയത് ആകെ 5 പാട്ട്. ബാക്കി രണ്ടര മണിക്കൂറിലധികം സമയമത്രയും എടുപ്പുകൾക്കും ചട്ടക്കൂടൊരുക്കാനും. അവാർഡുദാനം പോലെയുള്ള ചടങ്ങുകളൊക്കെ കഴിഞ്ഞ ദിവസം മസ്കറ്റുഹോട്ടലിൽ നടന്നതിനു ശേഷമാണിത്രയും മിച്ചം). ഒരു ഗസലിന്റെയോ മെഹ്‌ഫിലിന്റെയോ സ്വകാര്യമായ ആസ്വാദകസദസ്സ് വേറെയാണ്. അതു വാണിജ്യാടിസ്ഥാനത്തിലാവുമ്പോൾ പോലും കല പ്രധാനമാവണം. അല്ലെങ്കിൽ പരക്കുന്നത്/ പരത്തുന്നത് തെറ്റായ സന്ദേശമാകും. . പാട്ടിനല്ല പ്രകടനങ്ങൾക്കു മാത്രമായി മാറിപോകുന്ന ഒരു വേദി കെട്ടുക്കാഴ്ചയാണ്. ഇതിന്റെ ഫലം അലിയുടെ ആദ്യപാട്ടു കഴിഞ്ഞപ്പോൾ ജനം സദസ്സു വിടാൻ തുടങ്ങിയതിലുണ്ട്. കമ്പം കഴിഞ്ഞാൽ പിന്നെ തിടമ്പ് ആളുകൾ മറക്കുമെന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. പാട്ടല്ല, അലിയെന്ന പ്രശസ്തനെ ചുറ്റി നിൽക്കുന്ന ആശയത്തോടുള്ള പ്രതികരണം മാത്രമാണ് ഇന്നലെ വേദിയിൽ കേറി കളിച്ചത്. പുറത്ത് കൊമ്പുകുലുക്കികൾ മണ്ണുകുത്തി ഇളക്കുമ്പോൾ ഇത് മോശം കാര്യമല്ല. എന്നാൽ കലയുടെ കാര്യം തനിച്ചെടുത്താൽ, ഇത്തരം പ്രകടനങ്ങൾ നമ്മുടെ കലാപരമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾകൂടിയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ദുരന്തമായി കലാശിക്കാനുള്ള എല്ലാ സാധ്യതയും അതിനകത്തുതന്നെ ഉണ്ട്. ആ സ്ഥലവും നഷ്ടപ്പെടുക എന്നു വച്ചാൽ....?
3 comments:
പാട്ട് ആർക്ക് വേണമായിരുന്നു അവിടെ!!!!
കേൾക്കാനും കാണാനും വന്നവരിൽ എത്രപേർ ഈ ഗസൽ ആസ്വദിച്ചിരിക്കും ..??
ആരും പറയാത്ത സത്യം തുറന്നുപറഞ്ഞതിന് അഭിനന്ദനങ്ങള്‍....
Post a Comment