എഴുത്തിനെക്കുറിച്ചുള്ള പലതരം സന്ദേഹങ്ങളിലൊന്നാണ് എഴുത്തുകാരന്റെ ആവിഷ്കരണം ആത്മരതി തന്നെയല്ലേയെന്നുള്ളത്. ആധുനികത അതു ബലപ്പെടുത്തി. ഖസാക്കിലെയും മയ്യഴിയിലെയും ഹരിദ്വാരിലെയും നായകന്മാരുടെ വഴി വിട്ട ജീവിതം. ‘ആലിപ്പഴവും ചിലന്തിയും അരിമ്പാറയും’ പോലുള്ള കഥകൾ. പക്ഷേ അതിനും മുൻപ് ‘ എനിക്കുള്ളതുപോലെ അനുഭവം ആർക്കുണ്ടെടാ‘ എന്ന് ആർത്ത കേശവദേവിന്റെ ഒച്ചയിൽ തന്നെ ‘അതെ, തന്റേതും ദന്തഗോപുരം തന്നെ’ എന്ന് വയലാർ എഴുതിയത്. (എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്) അക്കാലം ആളുകൾ വിപ്ലവം മടുത്ത് കാൽപ്പനികതയിലേയ്ക്ക് മടങ്ങി വരുന്ന കാലമായിരുന്നു. ഝണ ഝണ നാദം മുഴക്കുന്ന വാളുകൾ കിലോ വിലയ്ക്ക് വിറ്റ് മണിപ്പൊൻ വീണ വാങ്ങി വിരലോടിച്ച് പുഞ്ചിരിക്കുന്ന കാലം. സാഹിത്യത്തിലെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ചിരിക്കുന്നതിനിടയിൽ ഇതെല്ലാം വന്നു. നസീബ് മുഖം ചുളിച്ചു. രാഷ്ട്രീയബോധമില്ലാത്ത എഴുത്തുകൾക്ക് സാമൂഹിക പരിവർത്തനത്തിൽ എന്തു സ്ഥാനമാണുള്ളതെന്ന് അവൻ ചോദിച്ചു. ‘പ്രണയത്തിനു ഞാൻ എതിരല്ല. പക്ഷേ എന്റെ കഥകളെ പ്രണയത്തിൽ മാത്രം കിടന്നു കറങ്ങാൻ ഞാൻ അനുവദിക്കാറില്ല’. അനൂപ് പറഞ്ഞു. അനൂപിന്റെ ‘വൈശിക’ത്തിൽ ഞാനും നസീബും കഥാപാത്രങ്ങളാണ്. (ഇ എം എസ് മറ്റൊരു കഥയിൽ! ‘ഇ എം എസും ദൈവവും’) വെറുമൊരു ഇണചേരലിൽ തീരേണ്ട കഥയുടെ അന്ത്യം പക്ഷേ ആശയക്കുഴപ്പത്തിലാണ്. വിവാഹത്തിനു പുറത്തുള്ള ബന്ധത്തെപ്പറ്റി / വേശ്യാസ്ത്രീകളുമായിള്ള ബന്ധത്തെപ്പറ്റി അനൂപിന്റെ അബോധത്തിലെ കുറ്റബോധമാണ് കഥാന്ത്യത്തിലെ ആശയക്കുഴപ്പത്തിനു കാരണം എന്ന് നസീബ് പറഞ്ഞു. എയിഡ്സിനെക്കുറിച്ച് അക്കാലങ്ങളിലുണ്ടായ ഭയം നമ്മുടെ മത വിശ്വാസവുമായി കൂടിക്കുഴഞ്ഞും ചില ധാരണകൾ രൂപപ്പെടുകയും അവ കഥകളായി പരിണമിക്കുകയും ചെയ്തിരുന്നു.
എന്താണ് പ്രതിബദ്ധത? വെറും ഉപദേശപ്രസംഗങ്ങൾ? അല്ലാതെ അധീശപ്രത്യയശാസ്ത്രങ്ങളോട് പ്രതികരിച്ചുകൊണ്ട് എഴുത്തുകാർ എന്തു വിപ്ലവമാണ് ഉണ്ടാക്കിയിട്ടുള്ളത്? സാഹിത്യം ആത്യന്തികമായി മറ്റു കലകളെപോലെ രസിക്കാനുള്ളതാണ്. എന്ന് സുരേഷ് പറഞ്ഞു. എങ്കിലും ഓരോ വരിയിലും എഴുത്തുകാരന്റെ പക്ഷഭേദം വരും സൂക്ഷ്മ രാഷ്ട്രീയം നിഹിതമായിരിക്കും. അത് സമൂഹത്തെ സ്വാധീനിക്കാതെ വിടില്ല. അതിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും. ‘സ്ത്രീ’ എന്ന സങ്കല്പം എടുക്കുക.. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലേയോ തൊഴിലിടത്തിലേയ്ക്ക് എന്ന നാടകത്തിലേയോ ആശയങ്ങളേക്കാൾ മലയാളികളെ സ്വാധീനിച്ചത് രമണനിലെ സ്ത്രീ (ചന്ദ്രിക)യാണ്. അതാണു നമ്മുടെ സോ കോൾഡ് സാംസ്കാരിക പാരമ്പര്യം! ചങ്ങമ്പുഴയുടെ പ്രതിഭാശക്തിമാത്രമാണോ ഇത്തരമൊരു പൊതുബോധ രൂപീകരണത്തിനു കാരണം? ആയിരിക്കണമെന്നില്ല. വെണ്മണി കവികൾ ജീവിതത്തിന്റെ ഉപരിമേഖലയിൽ സമസ്യയും മുക്തകവുമായി രമിക്കുമ്പോഴും ദൈവങ്ങളെ കളിയാക്കി വെടക്കാക്കിയിരുന്നു. ഇന്ന് സമൂഹത്തിൽ ഏറ്റവും ആവശ്യമായിരുന്ന കാര്യം ദൈവസങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്താണ്. പക്ഷേ നമ്മൾ വിമർശിച്ച് വെടക്കാക്കിയ വെണ്മണികളുടെ അത്രപോലും അക്കാര്യത്തിൽ മുന്നേറാതെ പ്രധാനപ്പെട്ട മത (അ)സഹിഷ്ണുതയുടെ കാര്യത്തിൽ നമ്മൾ പ്രാചീനരായി. ശാസ്ത്രബോധം കൂടുതൽ ഉറച്ചപ്പോൾ മതവും ജാതിയും കൂടുതൽ പൂത്തുലഞ്ഞു. വേരില്ലാതെയും. അവ വളരുന്നു തഴയ്ക്കുന്നു ! ദൈവം തൊട്ടാൽ പൊള്ളുന്ന വസ്തുവായി. ആരുടെ കുഴപ്പം?
‘വാക്കറ്റു പോകുന്ന നിശ്ശബ്ദത ചിലപ്പോൾ പ്രണയത്തെക്കുറിച്ചു മാത്രം എഴുതിക്കും. ഇല്ലേ? കഥകളിൽ പ്രണയം മാത്രം ആവുന്നതും കഥാന്ത്യങ്ങളിൽ ആശയക്കുഴപ്പം നിറയുന്നതും വെറുതെയല്ലെങ്കിൽ ഒന്നും വെറുതെയല്ല. പ്രതിബദ്ധത വെറുതെ പറഞ്ഞു പോകാവുന്ന ഉപദേശവാക്കുമല്ല’. നസീബിനിത് ഇഷ്ടപ്പെട്ടില്ല. അവൻ കസേര നീക്കിയിട്ട് എഴുന്നേറ്റു. അടുത്ത ഒരു ഗ്ലാസിനെക്കുറിച്ചാലോചിച്ചു കൊണ്ട് അനൂപ് സുരേഷിന്റെ മുഖത്തേയ്ക്ക് നോക്കി. സിസ്റ്റത്തിൽ ഷഹബാസിന്റെ ‘സജിനി..’ എന്ന പാട്ട് കേറി വന്നു.
കഥ
ശിരസ്സിനുള്ളിലെ മുറി
മുപ്പത്തിയെട്ടുവയസ്സുള്ള ഒരാള്‍ തന്നെ പെണ്ണുകാണാന്‍
വരുന്നു എന്നു കേട്ടപ്പോൾ തന്നെ ഋതു വല്ലാതെയായി.
‘അമ്മയില്ലാത്ത കുട്ടി... ഏട്ടന്റെ കാലം കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കാരുണ്ട്....’.. ദേവുഅമ്മായി ഇടയ്ക്കിടയ്ക്ക്
പറയും. അതു പറയുമ്പോള്‍ അവരുടെ തടിച്ച
മുഖത്ത് അറപ്പിക്കുന്ന വിഷാദം വന്നു നിറയും.
ഋതുവിന്റെ ജാതകത്തില്‍ വിഷകന്യകാ ലക്ഷണമുണ്ട്. ലഗ്നത്തിന് ഇരുപുറവും
പാപഗ്രഹങ്ങളാണ്. അങ്ങനെയുള്ള കന്യക സ്വന്തം
മാതാപിതാക്കളെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും കൊല്ലും എന്നാണ് ഫലശ്രുതി. അതാണ് വിവാഹമിങ്ങനെ നീണ്ടു
പോകുന്നത്. കൂടാതെ ചര രാശിയിലാണ് ജനനം. ഒന്നിനും ഒരു സ്ഥിരതയുണ്ടാവില്ല. താനില്ലാത്ത അവസരങ്ങളില്‍
കുടുംബ സദസ്സുകളിൽ അമ്മയുടെ അകാലത്തിലുള്ള മരണം തന്റെ ജാതകദോഷത്തിന്റെ
ഫലങ്ങളിലൊന്നായി ചര്‍ച്ചയ്ക്കു വരാറുണ്ടെന്ന കാര്യം ഋതുവിനറിയാം.
‘ജീവിതത്തിന്റെ ബ്ലൂ പ്രിന്റുകള്‍’...അമ്മയുടെ പഴയ തടിയലമാരയുടെ ഉള്ളിലെ അറയില്‍ നിന്നും ഋതു
ഇടയ്ക്കൊക്കെ അവളുടെ നീലച്ചട്ടയുള്ള കൊച്ചു ജാതക പുസ്തകമെടുത്ത് വെറുതേ
നോക്കാറുണ്ട്. ‘ശേഷം ചിന്ത്യം ‘ എന്ന അവസാന വാചകത്തിനു തൊട്ടു
മുന്‍പ്.. ഗോപാലക്കണിയാന് അവള്‍ക്ക്
വിധിച്ചിരിക്കുന്ന ആയുസ്സ് അറുപത്തിയേഴ്....
‘ഇനി 41 വര്‍ഷങ്ങൾ കൂടി..’ ഋതു വിചാരിച്ചു. ‘ താനിതിലൊക്കെ
വിശ്വസിക്കുന്നുണ്ടോ..പക്ഷേ അവളവളുടെ വിശ്വാസമല്ലല്ലോ
പ്രധാനം.. എന്റെ ജീവിതത്തിന്റെ രഹസ്യമായ
കൈയെഴുത്തുകള്‍ മറ്റാരുടെയോ ജീവിതത്തിനുള്ളില്‍ നുഴഞ്ഞു കയറി അവരുടെ ജീവിതം കൂടി
താറുമാറാക്കുന്നു എന്നു വരുന്നത് ചിന്തിക്കാന്‍ രസമുള്ള വിഷയമല്ല..’ അവളുടെ കണ്ണുകൾ നിറഞ്ഞു. തൊട്ടടുത്ത് അമ്മയുടെ ജാതകം
ഇരിപ്പുണ്ട്.. അത് പനയോലകളാണ്. മരിച്ചയാളിന്റെ ജാതകം ചിതയില്‍
ഒപ്പമിട്ട് കത്തിക്കണം എന്നാണ് ആചാരം.. എങ്ങനെയോ അതു രക്ഷപ്പെട്ടു. ജാതകങ്ങളുടെ ജാതകം ! ആ ഓലത്തണുപ്പില്‍ ഒരു ജീവിതം, അക്കങ്ങളും അക്ഷരങ്ങളുമായി ഇപ്പോഴും... തെളിവോടെയിരിക്കുന്നു.
‘അമ്മേ......’അവളതിനെ കുനിഞ്ഞ് പതുക്കെ ഉമ്മ വച്ചു.
‘അമ്മേ......’അവളതിനെ കുനിഞ്ഞ് പതുക്കെ ഉമ്മ വച്ചു.
രാത്രി, അച്ഛനോട് വിവാഹകാര്യം സംസാരിക്കണമെന്നു കരുതി മുകളിലത്തെ
മുറിയില്‍ ചെന്നു. പടിക്കയറുമ്പോള്‍ വല്ലാത്തൊരു ശൂന്യത
വന്ന് അവളെ പിന്നോട്ടു വലിച്ചു. ‘താന്‍ എന്താണു പറയാൻ പോകുന്നത്......?’
അച്ഛന് ബാല്‍ക്കണിയിലായിരുന്നു. പതിവുപോലെ ഇരുട്ടത്ത്..അദ്ദേഹം ഒരിക്കലും മുറിവിട്ടു പുറത്തിറങ്ങാറില്ല. വീട്ടില്‍ വരുന്ന ആരോടും
സംസാരിക്കാറില്ല. രാത്രി മുഴുവന്‍ ഉറങ്ങാതെ ആകാശം
നോക്കിയിരിക്കും. റിട്ടയേര്‍ഡ് കൊമ്മഡോർ എന്ന ആനുകൂല്യത്താല്‍ അദ്ദേഹം
ഒറ്റയ്ക്കു ജീവിക്കുന്നു. ഈ വീട്ടില്‍ അദ്ദേഹം ഏറ്റവും സ്നേഹിച്ച അമ്മയ്ക്കു ശേഷം, ഞാന്‍ എന്നൊരു പൊടിപ്പുണ്ടെന്നു
പോലും ഓര്‍ക്കാതെ...
ചിലപ്പോഴൊക്കെ ദേവു അമ്മായി നെടുവീര്‍പ്പിടുന്നതു കാണാം. “ഇങ്ങനെ ആരോടും മിണ്ടാതിരുന്നാല്‍ ബ്രാന്തു പിടിക്കില്യേ മനുഷ്യന്മാര്ക്ക് !”
ചിലപ്പോഴൊക്കെ ദേവു അമ്മായി നെടുവീര്‍പ്പിടുന്നതു കാണാം. “ഇങ്ങനെ ആരോടും മിണ്ടാതിരുന്നാല്‍ ബ്രാന്തു പിടിക്കില്യേ മനുഷ്യന്മാര്ക്ക് !”
അച്ഛന്റെ മുന്പില് ഒഴിഞ്ഞിരുന്ന ഗ്ലാസിൽ അവൾ വിസ്കി നിറച്ചു കൊടുത്തു. വെള്ളം തീര്‍ന്നെന്നു കണ്ട്
ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി കൊണ്ടു ടീപ്പോയില്‍ വച്ചു. മെല്ലെ പടിയിറങ്ങി താഴെ അവളുടെ മുറിയിലേയ്ക്കു പോന്നു.
താഴെയിറങ്ങാന്‍ കൂട്ടാക്കാതെ, ഇപ്പോഴും ഒരു വിമാനത്തിലാണ് അച്ഛന് എന്നു ഋതുവിനു
തോന്നി. അവിടെ ഭൌമികമായ ഒന്നുമില്ല. ഉയരത്തില്‍, വെളുത്ത മേഘങ്ങള്‍, ആകാശച്ചരിവ്, വൈകുന്നേര സൂര്യന്, നിലാവെട്ടം, അരൂപികള്‍, പിന്നെ അമ്മ...........
‘നീ ആരോടും ഒന്നും സംസാരിക്കാത്തതാണ് നിന്റെ പ്രശ്നം..’ കോളെജിലെ അവളുടെ ഒരേ ഒരു
കൂട്ടുകാരി ഗോപിക വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ വീട്ടിൽ വന്നപ്പോള്‍ പറഞ്ഞു. ഗോപികയുടെ കല്യാണം, പഠിക്കുന്ന സമയത്തു തന്നെ
കഴിഞ്ഞിരുന്നു. ‘ന്റെ ഋതൂ.. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല...നിനക്കറിയാമല്ലോ...കുട്ടികളെന്നു കേള്‍ക്കുന്നതേ എനിക്കു
വെറുപ്പായിരുന്നു.. ദ് നോക്കിപ്പോള്‍...’
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ഗോപികയുടെ മൂത്തകുട്ടി ഇളയതിനെ പടിയിൽ നിന്നും ഉന്തിത്തള്ളിയിട്ടു. വീഴ്ചയില്‍ പേടിച്ചു പോയ കുഞ്ഞ് വലിയ വായില്‍ നിലവിളിക്കാൻ തുടങ്ങി. ഗോപിക ശപിച്ചുകൊണ്ട് ഓടിച്ചെന്ന് മൂത്തതിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അടിച്ചു. കുഞ്ഞുങ്ങളുടെ നിലവിളികൊണ്ട് വീടു നടുങ്ങി.
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ഗോപികയുടെ മൂത്തകുട്ടി ഇളയതിനെ പടിയിൽ നിന്നും ഉന്തിത്തള്ളിയിട്ടു. വീഴ്ചയില്‍ പേടിച്ചു പോയ കുഞ്ഞ് വലിയ വായില്‍ നിലവിളിക്കാൻ തുടങ്ങി. ഗോപിക ശപിച്ചുകൊണ്ട് ഓടിച്ചെന്ന് മൂത്തതിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അടിച്ചു. കുഞ്ഞുങ്ങളുടെ നിലവിളികൊണ്ട് വീടു നടുങ്ങി.
ഗോപികയുടെ വിവാഹം വിജയമായിരുന്നില്ല. അയാള്‍ക്ക് എന്തുകൊണ്ടോ ആദ്യ
ദിവസം മുതൽ അവളെ പിടിച്ചില്ല. കുറ്റം, വഴക്ക്, അടി....എങ്കിലും വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി
ഉപന്യസിച്ചിട്ടാണ് അന്ന് ഗോപിക പോയത്... ‘ഇപ്പോള്‍ നീ അറിയില്ല....’ അവൾ താക്കീതു പോലെ പറഞ്ഞു.
‘പിന്നെ എപ്പോള്‍...’ ഋതു കുറേ നേരം കഴിഞ്ഞ് തന്നോട്
ചോദിച്ചു. ‘എപ്പോഴാണ് ഒരാള്‍ വിവാഹം കൂടാതെ പറ്റില്ല എന്നു
ചിന്തിച്ചു പോകുന്നത്...?
വാര്‍ദ്ധക്യത്തിലോ..? ഗോപികയ്ക്ക് കോളെജില്‍
പഠിക്കുമ്പോള്‍ ശക്തമായ ഒരു പ്രണയമുണ്ടായിരുന്നു. കൊച്ചു രാജേഷുമായി. എല്ലായ്പ്പോഴും പിണങ്ങിയും ചീത്ത പറഞ്ഞും അള്ളിയും
മാന്തിയും ഒരു പൂച്ചപ്രണയം...കൊച്ചുരാജേഷിന്റെ വിവാഹത്തിന്റെയന്ന് ഗോപിക ഹോസ്റ്റല്‍ മുറിയിൽ കതകടച്ചിരുന്നു. പുറത്തിറങ്ങിയതേയില്ല്ല. അവളെന്തെങ്കിലും ചെയ്തേക്കുമോ
എന്നു പേടി തോന്നിയ കുട്ടികള്‍ കതകിൽമുട്ടിയപ്പോള് അവൾ താൻ അകത്ത് എന്താണു ചെയ്യുന്നത്
എന്നു മറ്റുള്ളവര്‍ കാണാൻ വേണ്ടി ജനാലകൾ തുറന്നിട്ടു. എത്തി നോക്കിയവർ, ഗോപികയെ ഒരു തലയിണയിൽ ചാരി കണ്ണടച്ചിരിക്കുന്നതായി
കണ്ടു. പിറ്റേന്നു രാവിലെ പതിവുപോലെ എഴുന്നേറ്റു മുഖം കഴുകി
അവള് പഴയ ഗോപികയായി. പക്ഷേ പിന്നീടൊരിക്കലും അവള്
കൊച്ചു രാജേഷിന്റെ പേര് പറഞ്ഞിട്ടേയില്ല. ആ അദ്ധ്യായം മുഴുവന്‍ അവൾ ഒരു ദിവസത്തെ നിശ്ശബ്ദത കൊണ്ടു
കീറിക്കളഞ്ഞു.
ദേവുഅമ്മായിയെ ഫോണ്‍ ചെയ്ത് എന്നാണ് അയാൾ വരുന്നത് എന്നു ചോദിക്കണം എന്നു
ഋതു വിചാരിച്ചു. പ്രായക്കൂടുതലുള്ള ആണുങ്ങള്
രക്ഷാകര്‍ത്താവു കളിക്കും. ഉപദേശമാണ് അവരുടെ പ്രധാന ആയുധം. സ്നേഹത്തിനു പകരം വാത്സല്യം...തിരിച്ചോ..? വൈകി വിവാഹം കഴിക്കുന്ന ആണുങ്ങള് എന്താണ് ഭാര്യയില്‍
നിന്നു പ്രതീക്ഷിക്കുന്നത്...?
താന്‍ വിവാഹത്തിനു തയ്യാറാവുകയാണെന്നു ഋതുവിനു തോന്നി. അല്ലെങ്കില്‍ താനിതുവരെ
കാണാത്തൊരാളുടെ ഇഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതെന്തിന്? പ്രശ്നം ഇണയെ തേടുന്നതിന്റെയല്ല. ഋതു സ്വയം പറഞ്ഞു. ജാതകം നോക്കി നടുക്കത്തോടേ
ഒഴിഞ്ഞു പോകുന്ന ആലോചനകള്‍ ഒറ്റപ്പെടുത്തുന്നതിന്റെയാണ്.
കാര്യങ്ങള്‍ അവൾ ചിന്തിച്ചതു പോലയേ അല്ല നടന്നത്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമുള്ള
പിരീഡ്, പോര്‍ഷൻ തീരാനുണ്ടെന്നു പറഞ്ഞു ബോട്ടണി
സാഹിറ ചോദിച്ചു വാങ്ങിച്ചു. ഋതുവിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ‘ജൌ ബൌ ആൻഡ് പെയിന്റിങ്
വേഡ്സ്’ എന്ന പുസ്തകം വായിച്ചിരുന്ന് കണ്ണടഞ്ഞോ എന്നു സംശയം. കണ്ണു തുറക്കുമ്പോള്‍ കാണുന്നത്
മുന്നിൽ ചിരിച്ചുകൊണ്ടു നില്ക്കുന്ന ഒരാളെയാണ്. ഈ ചിരി താനെവിടെയോ കണ്ടു
മറന്നതാണല്ലോ എന്ന് അവള് ചിന്തിച്ചു.
നരേന്ദ്രനാണെന്നും ദേവുഅമ്മായി വക കല്യാണാലോചനയിലെ വൃദ്ധനായ
നായകനാണെന്നും പറഞ്ഞ് അയാള്‍ ചിരിച്ചു. ഉറക്കമില്ലായ്മയുടെ കറ പാടുകെട്ടിയ കണ്ണുകളായിരുന്നു
അയാളുടെ. അവള്‍ക്കെതിരെ കിടന്ന
കസേരയിലിരിക്കും മുന്‍പ് അയാൾ മുറുക്കെ പിടിച്ചിരുന്ന കൈ അവള്‍ക്കു നേരെ നീട്ടി. എടുത്തു തിന്നണം എന്നു
പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും അദ്ധ്യാപികയുടെ സഹജ ഗൌരവം കാരണം കുനിഞ്ഞെടുക്കാന്‍
കഴിയാതെ പോയ സ്കൂൾ മുറ്റത്തെ പുളിമരത്തിലെ വാളൻ പുളിക്കഷ്ണങ്ങളായിരുന്നു
അതിനുള്ളില്‍. അതിലൊന്ന് അയാള്‍ നുണഞ്ഞു
കൊണ്ടിരിക്കുകയായിരുന്നു.
അപ്പോള്‍ സ്റ്റാഫ് മുറിയിൽ ആരും ഉണ്ടായിരുന്നില്ല.
വിളിക്കാം.. എന്നു പറഞ്ഞിട്ടാണ് നരേന്ദ്രന് പോയത്. തന്റെ പെണ്ണുകാണൽനടന്നു കഴിഞ്ഞു എന്ന്
ആരോടെങ്കിലും പറയണം എന്നു അവള്‍ക്കു തോന്നി. സ്റ്റാറ്റിസ്റ്റിക്സിലെ ഷൈനിയോടെങ്കിലും. വൈകുന്നേരം ദേവുഅമ്മായിയെയും
ഇളയമ്മയെയും വിളിച്ചു. രാത്രി അച്ഛനോടൊപ്പം ഇരുട്ടത്തു
കുറേ നേരം അവളുമിരുന്നു. എല്ലാവരും ഒച്ച വച്ചോ മൂകരായോ അവരവരുടെ ലോകങ്ങളിൽ. ആരോടും അവള്‍ക്കൊന്നും പറയാൻ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞിട്ടും നരേന്ദ്രന്റെ ഫോണ്‍ കാണാതായപ്പോൾ അങ്ങോട്ടു വിളിച്ചാലോ എന്നു
ഋതു ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. മൂന്നാം ദിവസം ഉച്ചക്കഴിഞ്ഞ്
സ്റ്റാഫ് റൂമിലിരുന്ന്, സ്വയം നിയന്ത്രിക്കാൻ പറ്റാതെ അവൾ നരേന്ദ്രന്റെ നമ്പരിലേയ്ക്കു
വിളിക്കാൻ തുടങ്ങുമ്പോൾ അവളുടെ ഫോണിലെ കിളി ചിലച്ചു..
“എന്തെടുക്കുകയാണിപ്പോള്‍ താങ്കൾ” അയാളുടെ ശബ്ദം അങ്ങേത്തലയ്ക്കല്‍ കേട്ടയുടൻ അവൾ തിടുക്കത്തോടെ ചോദിച്ചു. ആ ചോദ്യത്തിലെ അടുപ്പം
തന്റെയുള്ളില്‍ നിന്നെങ്ങനെ വന്നു, എന്ന് അടുത്ത നിമിഷം ആശ്ചര്യപ്പെടുകയും ചെയ്തു.
നരേന്ദ്രന് കൊടിത്തൂക്കിയിലേയ്ക്ക് ഒരു ബൈക്ക് ഓടിച്ചു
പോവുകയായിരുന്നു. ഒരു കുപ്പി റമ്മുമായി. കണ്സൈന്മെന്റുകള്ക്കിടയിലുള്ള
ഒഴിവുകളിൾ അയാൾ കൊടിത്തൂക്കി മലയുടെ ചരിവിൽ ആകാശം കണ്ടിരുന്ന്, രാത്രി മുഴുവന്‍ കുടിച്ചു തീര്‍ക്കുന്നു. ഒറ്റയ്ക്ക്. മിന്നാമിനുങ്ങുകള്‍ അപ്പോൾ കൂട്ടത്തോടെ താഴ്വാരത്തു
നിന്നും ഉയര്‍ന്നു വരും.
“ഞാനും വരുന്നു...” ഋതു, ഒരു കുഞ്ഞിന്റെ വാശിയോടെ പറഞ്ഞു.
“ഞാനും വരുന്നു...” ഋതു, ഒരു കുഞ്ഞിന്റെ വാശിയോടെ പറഞ്ഞു.
സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി അക്ഷരാര്‍ത്ഥത്തിൽ തന്നെ അവള് ഓടി. ആരോടും ഒന്നും പറയാന്‍
തുനിഞ്ഞില്ല. ബി ഡി ഓ പിടിച്ചെടുത്ത വള്ളങ്ങൾ വിട്ടുകിട്ടാൻ മണൽ വാരൽ തൊഴിലാളികൾ റോഡില്‍ കുത്തിയിരുപ്പു സമരം
നടത്തുകയായിരുന്നതു കൊണ്ട് അവള് വിചാരിച്ചതിനേക്കാൾ വൈകി. എങ്കിലും പറഞ്ഞു വച്ചതുപോലെ ബൈക്ക് തിരിച്ചോടിച്ച്, പഴയകട തിരിയുന്നിടത്ത്
നരേന്ദ്രന് നില്‍പ്പുണ്ടായിരുന്നു.
കൊടിത്തൂക്കിയിലെ സന്ധ്യ ഒരു പ്രത്യേക ലോകമായിരുന്നു. അസ്തമന സൂര്യന് തിളക്കിയ ഒരു
കുഞ്ഞു വിമാനം ദൂരെ കരഞ്ഞുകൊണ്ട് ചക്രവാളത്തിലേയ്ക്ക് പോകുന്നത് ഋതു
നോക്കിയിരുന്നു. അവളുള്ളതു കൊണ്ട് മദ്യം
നരേന്ദ്രന് വേണ്ടെന്നു വച്ചു ; രാത്രി മുഴുവന്‍ അവിടെ കഴിയാമെന്ന തീര്‍പ്പും. ഋതു തന്റെ
ഭൂതക്കാലത്തെക്കുറിച്ചു മാത്രം സംസാരിച്ചു. ആദ്യം വേണ്ട വാക്കുകള്‍ കിട്ടാതെ അറച്ചറച്ച്.. പിന്നെ തുടര്‍ച്ചയായി.. ഇനിയൊന്നും പറയാനില്ല
തന്നെപ്പറ്റി എന്നിടത്തെത്തിയപ്പോള്‍ അവൾ പെട്ടെന്നു മൂകയായി.
ഇരുട്ടു നന്നേ കനത്ത ശേഷമാണ് അവര്‍ മടങ്ങാൻ തീരുമാനിച്ചത്. ഇറക്കത്തില്‍, നിറയെ ഗട്ടറുകളുള്ള ഒറ്റ റോഡിൽ തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ താൻ ഭാരരഹിതയാണെന്നു അവള്‍ക്കു
തോന്നി. നരേന്ദ്രന് ശ്രദ്ധയോടെ
വണ്ടിയോടിച്ചു. അയാളുടെ ചുമലുകള്‍ക്കു
മുകളിലൂടെ റോഡിൽ തെന്നി നീങ്ങുന്ന വണ്ടിയുടെ വെളിച്ചത്തിലേയ്ക്കു
കുറേനേരം നോക്കിയിരുന്നപ്പോള്‍ തലയ്ക്കുള്ളിലെ മുറിയിൽ എപ്പോഴും കത്തിക്കിടക്കുന്ന ഒരു
ബള്‍ബിനെക്കുറിച്ച് നരേന്ദ്രൻ പറഞ്ഞ ഉപമയാണ് അവൾ ഓര്‍ത്തത്. ഉയരങ്ങളെ പേടിയാണെന്നു
നരേന്ദ്രന് പറഞ്ഞു, ഉറക്കമില്ലാത്തതിനാല്‍
രാത്രികളെയും. എങ്കിലും വീണ്ടും വീണ്ടും അയാള്‍
ഒറ്റയ്ക്ക് രാത്രികൾ, കുന്നിന് മുകളിൽ ചെലവഴിക്കുന്നു.
“അതൊരു സ്വയം പരീക്ഷണമാണ്..”- അയാള്‍ പറഞ്ഞു. “ശിരസ്സിനുള്ളില്‍ എന്റെ ഇഷ്ടമനുസരിച്ചല്ലാതെ കത്തിക്കിടക്കുന്ന ആ വെളിച്ചം എപ്പോഴാണ് അണയുന്നത് എന്നറിയാന്‍... വെറുതേ..”
“അതൊരു സ്വയം പരീക്ഷണമാണ്..”- അയാള്‍ പറഞ്ഞു. “ശിരസ്സിനുള്ളില്‍ എന്റെ ഇഷ്ടമനുസരിച്ചല്ലാതെ കത്തിക്കിടക്കുന്ന ആ വെളിച്ചം എപ്പോഴാണ് അണയുന്നത് എന്നറിയാന്‍... വെറുതേ..”
ഒരു ബ്രേക്കിടലില്‍ കുലുങ്ങി അവളുടെ ശരീരം
നരേന്ദ്രനിലേയ്ക്കു ചാഞ്ഞു. “പ്രണയമില്ലാതെ പോയ വര്‍ഷങ്ങളുടെ
ഭാരമാണിപ്പോള്‍ താങ്കളുടെ മുതുകത്ത്...” അവള് ചിരിച്ചു കൊണ്ട് സ്വയം
പറഞ്ഞു.
എന്തോ കേട്ടതു പോലെ നരേന്ദ്രന് തിരിഞ്ഞു നോക്കി. അവള് നരേന്ദ്രന്റെ പിന്കഴുത്തിൽ മുഖമണച്ചു പിടിച്ചു.
“താങ്കള്‍ക്കറിയാമോ അച്ഛന്റെ പേരും നരേന്ദ്രൻ എന്നാണ്..... ” ഋതു പറഞ്ഞു. “ഞാന്‍ വിവാഹിതയാവുന്നതോടെ മിസ് ഋതു നരേന്ദ്രന്, മിസ്സിസ്സ് ഋതു നരേന്ദ്രനായി മാറുന്നു..കുഞ്ഞൊരു ആര് വന്നു കയറുന്നു എന്ന വ്യത്യാസം മാത്രം..”
നരേന്ദ്രന് പിന്നെയും തിരിഞ്ഞു നോക്കി ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഒരു വഴിവിളക്കിന്റെ ചുവട്ടില്‍ വച്ചായിരുന്നതിനാൽ ആ ചിരി അവൾ വ്യക്തമായി കണ്ടു. അതവള്‍ക്ക് നല്ല പരിചയമുള്ള ചിരി തന്നെയായിരുന്നു.
എന്തോ കേട്ടതു പോലെ നരേന്ദ്രന് തിരിഞ്ഞു നോക്കി. അവള് നരേന്ദ്രന്റെ പിന്കഴുത്തിൽ മുഖമണച്ചു പിടിച്ചു.
“താങ്കള്‍ക്കറിയാമോ അച്ഛന്റെ പേരും നരേന്ദ്രൻ എന്നാണ്..... ” ഋതു പറഞ്ഞു. “ഞാന്‍ വിവാഹിതയാവുന്നതോടെ മിസ് ഋതു നരേന്ദ്രന്, മിസ്സിസ്സ് ഋതു നരേന്ദ്രനായി മാറുന്നു..കുഞ്ഞൊരു ആര് വന്നു കയറുന്നു എന്ന വ്യത്യാസം മാത്രം..”
നരേന്ദ്രന് പിന്നെയും തിരിഞ്ഞു നോക്കി ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഒരു വഴിവിളക്കിന്റെ ചുവട്ടില്‍ വച്ചായിരുന്നതിനാൽ ആ ചിരി അവൾ വ്യക്തമായി കണ്ടു. അതവള്‍ക്ക് നല്ല പരിചയമുള്ള ചിരി തന്നെയായിരുന്നു.
സാധാരണ അത്ര കാല്‍പ്പനികമായ ഒരു സന്ധ്യയ്ക്കു ശേഷം
അതിരാവിലെ (മുതല്‍) വിളിക്കുക എന്നതാണ് ആണുങ്ങളുടെ ഒരു രീതി. നരേന്ദ്രന് ആ പതിവു തെറ്റിച്ചു. അയാള്‍ വിളിച്ചതേയില്ല. താന്‍ കാരണം ചുരുക്കേണ്ടി വന്ന
ഒരു ഒഴിവുദിവസത്തിന്റെ ബാക്കി ചെലവഴിക്കാന്‍ അയാൾ തന്നെയും കൂട്ടും എന്നു ഋതു
വിചാരിച്ചിരുന്നു. അതുകൊണ്ട് അവള് ഒരിടത്തും
പോയില്ല. വെറുതേ അയാളുടെ ഫോണ്‍ കാത്തു
കിടന്നു.
അവള്‍ക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. അടുക്കളയിൽ ചെന്ന് ചെമ്പകത്തിനെ സഹായിക്കാൻ പോലും. അവധി ദിവസങ്ങളില്‍ സാധാരണ അവൾ ചെയ്യുന്ന കാര്യമാണത്. ഉച്ചയ്ക്ക് മഴയുടെ വരവുണ്ടോ
എന്നു സംശയിച്ചു അവള് മുകളിൽ ചെന്നു. അച്ഛനപ്പോള്‍ ചൂരല്‍ക്കസേരയിൽ കണ്ണടച്ചു കിടക്കുകയായിരുന്നു. അവളെക്കണ്ട് അദ്ദേഹം ചിരിച്ചു. ശിരസ്സിനുള്ളിലെ മുറിയില്‍
കെടുത്താനാവാത്ത ഒരു ബള്ബുണ്ടാവുമെങ്കിൽ ഈ ചിരിയിലെ
നിഗൂഢത അതിന്റെ പ്രകാശം തന്നെയാവണം. അവള് പടികള്‍ ഓടിയിറങ്ങി നരേന്ദ്രന്റെ നമ്പരിലേയ്ക്കു
വിളിച്ചു.
“ഈ നമ്പര്‍ നിലവിലില്ല, താങ്കള്‍ വിളിച്ച നമ്പര്‍
ദയവായി പരിശോധിക്കുക..” എന്നൊരു ചിലമ്പിച്ച ഒരു
സ്ത്രീശബ്ദമാണ് അവള് അങ്ങേ തലയ്ക്കൽ നിന്നു കേട്ടത്. അതങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
- സോമാ റേച്ചല്‍
7 comments:
നല്ല കഥ
നല്ലൊരു കഥ....
ഇങ്ങനെയാണ് കഥ പകരേണ്ടത്....നന്നായി.
അര്‍ത്ഥവ്യാപ്തിയുള്ള നല്ലൊരു കഥ.
ആശംസകള്‍
അര്‍ത്ഥവ്യാപ്തിയുള്ള നല്ലൊരു കഥ.
ആശംസകള്‍
നല്ല കഥ .
കഥ വായിക്കാന്‍ വൈകിയതില്‍ വിഷമമുണ്ട്...
Post a Comment