പൈ എന്ന പഴയമലയാളം വാക്കിന് പച്ച എന്നാണർത്ഥം. പൈമ്പാൽ പച്ചപ്പാലല്ലല്ലോ പശുവിൻ പാലല്ലേ? ‘പൈയും ദാഹവുമുണ്ടാമേ. ’ എന്നതിലെ ‘പൈ’ വിശപ്പാണ്. മലയാളത്തിന്റെ ഒരു കാര്യം. ഒരു വാക്കിനു നൂറർത്ഥമാണ്.. എങ്കിലും പ്രാചീനമായ ‘പൈ’ പച്ചയാകുന്നു. പച്ചൈക്കിളി മുത്തുച്ചരം. അതിനാൽ പൈങ്കിളി പച്ചക്കിളിയാകുന്നു. കഠിനമായ ഏകപത്നീ/പതീവ്രതക്കാരായ തത്തകൾ. ലോകത്തിനു ചേരാത്ത ഈ ആദർശമായിരിക്കും ഏങ്ങലടിക്കാരികളെക്കൊണ്ടു നിറഞ്ഞ നോവലുകൾക്കും കഥകൾക്കും പൈങ്കിളിയെന്ന പേരു സമ്പാദിച്ചു കൊടുത്തത്. സീത ഒരു ഏങ്ങലടിക്കാരിയായിരുന്നു. രാമൻ ഏങ്ങലടിക്കാരനും. അല്ലെങ്കിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടും ഒരു അലക്കുക്കാരന്റെ വാക്കു കേട്ട് പളുങ്കുപോലത്തെ പെണ്ണിനെ നേരെ മുഖത്തു നോക്കി ഒന്നും പറയാതെ അനിയന്റെ കൈയിൽ പൊതിഞ്ഞു കെട്ടി കൊടുത്ത് കൊണ്ടു പോയി കാട്ടിൽ കളയിക്കുമോ? എന്നിട്ട് ‘എയർ ഹോസ്റ്റസ് ’ എന്ന പഴയ കളർ പടത്തിലെ നായകൻ നസീറിനെപോലെ വിരഹിയുടെ ദുഃഖം കണ്ണടച്ച് മസിലുപിടിച്ച് കടിച്ചമർത്തുന്ന അഭിനയം അഭിനയിക്കുമോ? അതു പഴയ ‘പൈങ്കിളി’ കഥ. അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ അന്തപ്പുരപ്പെണ്ണുങ്ങളെല്ലാം കൂടി നിർബന്ധിച്ച് നിർബന്ധിച്ച് (രാവണൻ അത്ര രാവണനായിരുന്നു, അന്ന് അയോധ്യയിൽ പോലും. മിഷണറിമാർ വന്ന് ‘മോറൽ ലെസ്സൺസൊക്കെ’ എടുത്തു തുടങ്ങുന്നതിനും മുൻപുള്ള പൈങ്കിളിക്കാലമാണേന്നോർക്കണം) ഒരരുക്കാക്കിയപ്പോൾ സീത രാവണന്റെ പടം വരച്ചു. മുഖം കണ്ടിട്ടില്ലാത്തതു കൊണ്ട് കാലിലെ പെരുവിരലാണ് വരച്ചത്. അതു കണ്ട് പെണ്ണുങ്ങൾ അയ്യടാന്നായി! മറാത്തയിലെ ഒരു കഥയാണിത്. സംഗതിയെന്താണെന്നു വച്ചാൽ ‘നി.കൊ.ഞാ.ചാ’ എന്ന ന്യൂജനറേഷൻ മലയാളസിനിമയിലെ നായകൻ പറയുന്നതുപോലെ ‘അതു വിരലല്ലായിരുന്നു കേട്ടോ!’ ഇനി മനശ്ശാസ്ത്രം പാകത്തിന് അപ്ലേ ചെയ്തു, കൂട്ടിയും ഹരിച്ചും നോക്കിയാലും ഗുണനഫലം ഇതു തന്നെയായിരിക്കും. ഇല്ലേ?
വെറുമൊരു അലക്കുകാരന്റെ വാക്കുകേട്ടതല്ല, സീതയെ കാട്ടിൽ കളയുന്നതിൽ ചിലതൊക്കെ ഉണ്ടെന്ന് വസ്തുവഹകളെപ്പറ്റി കൂലംകഷമായി ആലോചിച്ചിട്ടു ആളുകൾ പറയാറുണ്ടായിരുന്നു. ടിയാന്മാരെപ്പറ്റി പൊതുവേ ജനത്തിനു നല്ല അഭിപ്രായമില്ലാത്തത് കൊണ്ട് ഒരു മുഖം ചുളിപ്പാണ് അവറ്റകൾക്ക് പ്രതിഫലം. എങ്കിലും കാട്ടിൽ മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയും രമിച്ചു വാണു എന്നു പറയുന്ന സമയത്തൊന്നുമല്ല, രാവണൻ തട്ടിക്കൊണ്ടു പോയതിനു വന്നശേഷമാണ് സീത അന്തർവത്നിയായതെന്ന അടക്കം പറച്ചിൽ വല്ല കാര്യവുമുണ്ടോ എന്തോ? കാട്ടിൽ സന്ന്യാസജീവിതമാണ് ദമ്പതികൾ നയിച്ചതെന്നാണ് വയ്പ്പ്. അങ്ങനെയല്ലായിരുന്നു എന്നു പറയുന്നത് ആശാനാണ്. കുമാരനാശാൻ. അദ്ദേഹത്തിനു രാമായണാദികളിൽ നല്ല വ്യുൽപ്പത്തിയാണ്. കോൺവെന്റിൽ പഠിച്ചിട്ടു വന്ന് ഊഹം പറയുന്നവരെപ്പൊലെയല്ല. പിന്നെ ഭൂമി പിളർന്നു സീത മറഞ്ഞതൊക്കെ ആത്മഹത്യയുടെ മഹത്വവൽക്കരണമാണെങ്കിൽ പോലും അതിൽ അഭിമാനകരമായി ഒന്നുമില്ലെന്ന് പറയുന്നതിൽ അല്പം സത്യമില്ലാതില്ല. എഴുത്തച്ഛൻ സീതയെ രാവണനെക്കൊണ്ട് തൊടീച്ചിട്ടില്ല. ഒർജിനൽ സീത അഗ്നിയിൽ മറഞ്ഞിരുന്നിട്ട്, ഡ്യൂപ്ലിക്കേറ്റ് അഥവാ മായാ -സീതയെ തട്ടിക്കൊണ്ടുപോകാൻ പാകത്തിനു രാവണന്റെ മുന്നിൽ നിർത്തിയിട്ടാണ് എല്ലാം നേരത്തെ അറിയുന്ന എഴുത്തച്ഛന്റെ ഭഗവാൻ രാമൻ മാരീചന്റെ ഫാൻസിഡ്രസ്സു കാണാൻ പോയത്. ലങ്കയിൽ വച്ചുള്ള അഗ്നിപ്രവേശത്തിനിടയ്ക്ക് ഡ്യൂപ്ലിക്കേറ്റ് സീത കത്തിപോവുകയും അത്രനേരവും മറഞ്ഞിരുന്നിട്ട് ഒർജിനൽ സീത തീയിൽ നിന്ന് പുറത്തു വരികയും ചെയ്തു. പഞ്ചവടിയിലെ തീയിൽ ഒളിച്ച സീത, ലങ്കയിലെ തീയിൽ നിന്ന് പുറത്തു വന്നതെങ്ങനെ എന്നും മറ്റും ചോദിക്കരുത്. ഈ ഒർജിനൽ- മായാ സീതക്കളി പിന്നീട് അപവാദമുണ്ടായപ്പോൾ വർക്ക് ചെയ്യാത്തതെന്ത്? ഭൂമി പിളർന്നപ്പോഴും മായാ സീതയ്ക്ക് പോയാൽ പോരായിരുന്നോ ഒർജിനൽ സീതയ്ക്ക് വെയ്റ്റ് ചെയ്യാൻ പാടില്ലേ എന്നൊന്നും ചോദ്യം പാടില്ല. സംഭവം കഥയാണ്. പറയുന്നത് പൈങ്കിളിയാണ്! ബുദ്ധി അത്രയ്ക്കു ഇല്ലാത്ത വകകളാകയാൽ, കിളി പാടിയാൽ ഇങ്ങനെയെ ഇരിക്കൂ എന്നൊരു നടപ്പു ദോഷം അതുകൊണ്ട് വന്നുപോയിട്ടുണ്ട്. (ഭാഗവതാദി മഹാഭാരതങ്ങൾക്ക് ഈ പ്രശ്നമല്ല, ശ്രീമതി കിളി തന്നെ പാടിയ വഹകളാകുന്നു അവയും !) ആദർശപ്രണയവും ത്യാഗവും തട്ടിക്കൊണ്ടു പോകലും നിരുപാധിക ദാസ്യവും ഗർഭവും പരദൂഷണവും ആത്മഹത്യയും സംഘടനവും എല്ലാം കൂടി ചേർന്നുണ്ടാക്കിയ അന്തരീക്ഷം രണ്ടാമതുണ്ടായതു തൊട്ട് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന പൈങ്കിളികൾ ജനിക്കുകയായി. തൊലിപ്പുറത്തെ വികാരങ്ങളാണ് പൈങ്കിളിപ്പാട്ടുകളുടെ ജീവൻ. വികാരങ്ങളെ ഒന്നുണർത്തി ലയം കൊള്ളിക്കുക. പിന്നെ വലിച്ചു കീറി ഇരിപ്പിടം തുടയ്ക്കാം.
വർഷങ്ങളായി കേട്ടു കേട്ടു കെട്ടു പോയതുകൊണ്ടാണ് ആൺ പെൺ ബന്ധങ്ങളെല്ലാം സാമാന്യം തരക്കേടില്ലാത്ത പൈങ്കിളികളായത്. അല്ലെങ്കിൽ ഈ നിഴലു വീഴാത്ത വല്ല ബന്ധവും ആവിഷ്കരിക്കണം. കൂമങ്കാവിൽ ബസ്സിറങ്ങിയ രവിയ്ക്ക് ആശ്രമവാസിനിയുടെ കാവിവസ്ത്രമായിരുന്നു ഉടുവസ്ത്രം. ഇരുട്ടത്ത് ഉടുവസ്ത്രം മാറിപ്പോവുക സ്വാഭാവികമാണെങ്കിലും അങ്ങനെ മാറിയതുമായി വെളിച്ചത്തു വരിക എന്നു വച്ചാല്...
കഥ
വെയില്‍ നിലാവിനോട് പറയാനൊരുങ്ങുന്നത്
മനസ്സമ്മതത്തിന്റെ തലേന്ന് , ശനിയാഴ്ച രാത്രി മേഘയ്ക്ക് രവിയുടെ ഫോണ്‍ വന്നു. അങ്ങേത്തലയ്ക്കല്‍ രവിയുടെ ശബ്ദം മുഴങ്ങിയ ഉടനെ എന്തിനെന്നറിയാതെ അവള്‍ നടുങ്ങി.
തിരക്കുള്ള ഒരു ദിവസമായിരുന്നു അത്. പതിവുപോലെ ഉറങ്ങാത്ത ഒരു രാത്രിയ്ക്കു ശേഷം രാവിലെ എങ്ങനെയോ ഒരു ഊർജ്ജം തന്റെ സിരകളിൽ നിറയുന്നതായി മേഘ അറിഞ്ഞു. വസ്ത്രങ്ങളെടുക്കാന്‍ ചങ്ങനാശ്ശേരിയില്‍ താനും കൂടി വരുന്നെന്നു ചാച്ചന്റെ പെങ്ങളോടു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞുള്ള വിവാഹത്തിനു അമ്മയെടുത്തു വച്ച കാപ്പിപ്പൊടി നിറമുള്ള സാരി മാറ്റി വാങ്ങണം. ബാങ്കിലുള്ള പണമെടുത്ത് രണ്ടു വളകള്‍ കൂടി വാങ്ങിച്ചിടണം. ഗീതയുടെ കൈയില്‍ മുൻപ് നോക്കി വച്ചിരുന്ന മാതൃകയിലുള്ളത്. മിന്ന് എങ്ങനെയുള്ളതാവണം എന്നു കൂടി താന്‍ തീരുമാനിക്കേണ്ടതുണ്ടെന്നു അവൾക്ക് തോന്നി. പക്ഷേ വർഗീസിന്റെ മുഖത്തു നോക്കിയപ്പോള്‍ അതു മാത്രം അവൾക്ക് പറയാൻ കഴിഞ്ഞില്ല. യാത്രയ്ക്കിടയില്‍ അവള്‍ രണ്ടോ മൂന്നോ പ്രാവശ്യം അതു തന്നെ ആലോചിച്ചിരുന്നു.
മുറ്റത്തെ ചെമ്പരത്തിച്ചെടികളുടെ ചുവട്ടില്‍ പിടിച്ചിട്ട കസേരയിലിരുന്ന് വൈകുന്നേരം ബന്ധുക്കളോട് വലിയവായില്‍ വര്ത്തെമാനം പറയുന്നതിനിടയിൽ വിവാഹ ആഭരണങ്ങളുടെ കാര്യം അവൻ പറഞ്ഞു.
“എടീ.. വല്ല ഡിസൈനും നിന്റെ മനസ്സിലുണ്ടെങ്കില്‍ പറയണം.. ....”
തനിക്ക് അങ്ങനെയൊരിഷ്ടമില്ല എന്നവനറിയാം. അവള്‍ വിചാരിച്ചു. കുരിശു കൊരുത്തിട്ടിരിക്കുന്ന മാല മാറ്റി പുതിയത് വാങ്ങാന്‍ അമ്മ പല പ്രാവശ്യം നിർബന്ധിച്ചതാണ്. ‘പട്ടണത്തിലൊക്കെയാവുമ്പോള്...‘ അമ്മ പറയും. പക്ഷേ രവിക്ക് സ്വർണ്ണാഭരണങ്ങൾ ഇഷ്ടമുണ്ടായിരുന്നില്ല.
ചാച്ചന്‍ മരിച്ചയിടയ്ക്ക്, ഇനി താനാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുവാന്‍ എന്നൊരു ഗൌരവും വന്നു നിറഞ്ഞ നാളുകളില്‍, വർഗീസ് ഒരിക്കൽ രവിയെ കണ്ടിരുന്നു. നേരെ രവിയുടെ വീട്ടിൽ പോയി താന്‍ മേഘയുടെ അനിയനാണെന്ന് മുഖവുര കൂടാതെ പറഞ്ഞുകൊണ്ട്, രവിയുടെ അമ്മയുടെ കൈയില്‍ നിന്ന് ചായ ചോദിച്ചു വാങ്ങിച്ചു കുടിച്ചു കൊണ്ട്.
അതൊരു എടുത്തുച്ചാട്ടമായിപ്പോയെന്നു മേഘയ്ക്കു തോന്നി. അവനോട് ഇനി സംസാരിക്കേണ്ടെന്നും സംസാരിച്ചാല്‍ താൻ പൊട്ടിത്തെറിച്ചേക്കുമെന്നും അവൾ വിചാരിച്ചു. ‘അവനെന്തവകാശം തന്റെ കാര്യങ്ങളിലിടപെടാൻ...? അതും തന്റെ അനുവാദമില്ലാതെ..’
ആ ആഴ്ച വീട്ടില്‍ ചെല്ലുമ്പോൾ അവന്‍ ഇറയത്ത് ചാച്ചന്റെ കസാലയിൽ കിടക്കുകയാണ്. മുഖത്തെ കുട്ടിത്തത്തിനു ചേരാത്ത ഒരു ഗൌരവം അവന്റെ ശബ്ദത്തിലുണ്ടായിരുന്നു.
“ഇക്കാര്യത്തില്‍ നിനക്ക് വലിയ തെറ്റാണ് പറ്റിയിരിക്കുന്നത്...” അവളുടെ മുഖത്തെ ദേഷ്യം തീര്ത്തും അവഗണിച്ചു കൊണ്ട് വർഗീസു പറഞ്ഞു. “അയാള്‍ നട്ടെല്ലില്ലാത്ത ജാതിയാണ്.”
അവള്‍ നടുങ്ങി, അമ്മ അതു കേൾക്കുന്നുണ്ടൊ എന്നറിയാന്‍ അകത്തേയ്ക്കു പാളി നോക്കി. അവന് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും നനഞ്ഞകൈകള്‍ മടിയിൽ തുടച്ച് അകത്തു നിന്ന് അമ്മ വന്നു. ആ പഴുതിൽ അവൾ അവളുടെ മുറിയിലേയ്ക്ക് രക്ഷപ്പെട്ടു.
രാത്രി ആലോചിച്ചിരിക്കുമ്പോള്‍ അവളുടെ മനസ്സിൽ അവ്യക്തമായി ഉണ്ടായിരുന്ന എന്തിനോ അവന്‍ ആകൃതി നൽകുകയായിരുന്നു എന്ന് അവൾക്ക് തോന്നി. ഒരുപാട് നാളായി കൊണ്ടു നടന്ന ചോദ്യത്തിന്റെ ഉത്തരം ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ചതു പോലെ. അങ്ങനെയല്ല. അവൾക്കത് അറിയാമായിരുന്നു. കുറ്റബോധം കൊണ്ട് അവളത് ചിന്തിക്കാതിരുന്നതാണ്.
പിന്നീട് രവി തീരെ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു എന്നു തോന്നിയ സന്ദർഭത്തിൽ ദ്വേഷ്യം കൊണ്ട് വർഗീസിന്റെ അഭിപ്രായം അയാളോട് പറഞ്ഞു പോയിട്ടുണ്ട്.
രവി മുൻപൊന്നുമില്ലാത്ത വിധം തളരുന്നത് അന്നു മേഘ കണ്ടു.
പതിവു പോലെ രവി ഹലോ എന്നു പ്രത്യേക ഈണത്തില്‍ നീട്ടി വിളിച്ചില്ല, അവള്‍ തന്നെയാണോ എന്നു തിരക്കിയില്ല. അവ്യക്തമായി എന്തോ പറഞ്ഞു. ചോദ്യമായിരുന്നോ അത്..? അവള്‍ ശ്രദ്ധിച്ചില്ല. മനസ്സമ്മതക്കാരിയുടെ തിരക്കുള്ള ഒരു പകല്‍ അയാളെ മായ്ച്ചു കളഞ്ഞിരുന്നു എന്ന് അയാൾ അറിഞ്ഞിരിക്കില്ല. ചിലതൊക്കെ മേഘ മൂളിക്കേട്ടു, ഇല്ല എന്നോ അല്ല എന്നോ പറഞ്ഞു. ഫോണ്‍ വച്ചു.
എന്തായിരുന്നു അയാള്‍ ചോദിച്ചത്...? ഇനി ഒരു പക്ഷേ എല്ലാ കാമുകന്മാരെയും പോലെ തന്നെ ഭർത്താവുമായി സ്വസ്ഥമായി ജീവിക്കാൻ വിടില്ല എന്നതിന്റെ മുന്നറിയിപ്പായിരിക്കുമോ ഇത്? ഇനി നിരന്തരമായ ഫോണ്‍ വിളികള്‍, കത്തെഴുത്ത്, പഴയ കത്തുകളും ഒന്നിച്ചെടുത്ത ഫോട്ടോകളും ഭർത്താവിന് അയച്ചുകൊടുക്കുമെന്ന ഭീഷണി....
അല്ലെങ്കിൽ ...
ഒരാത്മഹത്യയുടെ തയാറെടുപ്പ്.....?
താഴത്തെ വീട്ടിലെ റോസി- സദ്യയ്ക്ക് വീട്ടിൽ സഹായിക്കാന്‍ കൂടിയിരിക്കയാണവൾ - മേഘയെ നോക്കിയെന്തോ തമാശ പറഞ്ഞു. ഇറയത്തു കൂടിയിരുന്നവരെല്ലാം ഉച്ചത്തിൽ ചിരിക്കുന്നതു കേട്ടു. വർഗീസിനോട് രവി വിളിച്ച കാര്യം പറയണമെന്ന് അവൾക്ക് തോന്നി. അവനെ അവിടെ കണ്ടില്ല. അവള്‍ നേരെ മുറിയിലേയ്ക്കു പോന്നു.
‘ഞാന്‍ നിന്നെ കല്യാണം കഴിക്കാം‘ എന്നാണ് രവി പറഞ്ഞത്. അവസാന നിമിഷത്തില്‍ തന്റെ കാമുകിയുടെ ജീവിതം രക്ഷപ്പെടുത്താൻ അയാൾ ഒരു മാർഗം കണ്ടെത്തിയ പോലെ. വീണ്ടും ആലോചിച്ചപ്പോള്‍ അയാളുടെ ശബ്ദത്തിന് വല്ലാതെ പതർച്ചയുണ്ടായിരുന്നതായി മേഘയ്ക്കു തോന്നി. പൂർണ്ണമായും തകർന്നിട്ടും അതേ ആകൃതിയിൽ കുറച്ചുനേരം കൂടി നിലകൊള്ളാൻ തീരുമാനിച്ച കണ്ണാടിപ്പാത്രം പോലെ. പ്രണയിച്ച ആറു വർഷക്കാലവും അവഗണിച്ചിരുന്ന കാര്യം എന്തേ അയാളിപ്പോള്‍ പരിഗണിക്കാൻ? പ്രണയം മനുഷ്യരെ വിഡ്ഢികളാക്കുന്നു. ഇക്കാലമത്രയും അയാള്‍ വിവാഹം എങ്ങനെ സ്വാർത്ഥതയാകുന്നു എന്നും യഥാർത്ഥ പ്രണയത്തില്‍ എങ്ങനെ മനുഷ്യർ പരസ്പരം സമർപ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അയാൾ മനസ്സുമാറി നമുക്കൊരിക്കലും വേർപിരിയാനാവില്ല എന്ന ആവേശത്തോടെ വിവാഹത്തിലെത്തിച്ചേരും എന്നു താൻ വിചാരിച്ചു കൊണ്ടിരുന്നു.
ഒന്നും സംഭവിച്ചില്ല.
താന്‍ മറ്റൊരാളെ വിവാഹം കഴിക്കാൻ നിശ്ചയിച്ചു എന്ന വാർത്ത മുഖത്തു നോക്കി പറഞ്ഞിട്ടും നിസ്സംഗതയോടെ കേട്ടു കൊണ്ടിരുന്ന രവിയുടെ മുഖം മേഘയ്ക്ക് ഓർമ്മയുണ്ട്. ആറു വർഷം നീണ്ട ഒരു ബന്ധം മുറിയുമ്പോള്‍ ഒരു തുള്ളി ചോരയുടെ നനവുപോലും ആ മനസ്സിൽ പടരുന്നില്ല എന്ന അറിവ് എല്ലാ നൊമ്പരങ്ങൾക്കും അവളെ തളർത്തി. അന്നു രാത്രി മുഴുവൻ അവൾ വല്ലാതെ കരഞ്ഞു.
“നീ ഇതുവരെ ജീവിച്ച ഒരു ലോകത്തെ ഉടച്ച് വാർത്ത് ദൈവം മറ്റൊന്നു നിനക്കായി ഉണ്ടാക്കുകയാണ്...അങ്ങനെ വിചാരിച്ചുകൂടേ...” തോമസിനെ കണ്ട് തിരിച്ചു വരും വഴി വർഗീസ് ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുന്ന ആളിനെ പുറത്തു വച്ച് കാണണം എന്നും സംസാരിക്കണമെന്നും വർഗീസിനോട് മേഘ പറഞ്ഞിരുന്നു. പെണ്ണു കണ്ട് ഇഷ്ടപ്പെട്ടു എന്നു അറിയിച്ച തോമസിനെ വിളിച്ച് ചേച്ചിയ്ക്ക് സംസാരിക്കാനുണ്ടെന്നറിയിച്ചത് വർഗീസാണ്. അവനാണ് അവളെ മല്ലപ്പള്ളിയിലെ കോഫീബീൻസില്‍ കൊണ്ടുചെന്നാക്കിയതും.
തോമസിന് ആകെകൂടിയൊരു പരിഭ്രമമായിരുന്നു. കൈലേസെടുത്ത് അയാള്‍ ആവശ്യത്തിലധികം തടിച്ചു തുടുത്ത മുഖം തുടച്ചുകൊണ്ടിരുന്നു. കാലാവസ്ഥ അയാൾക്ക് പിടിക്കുന്നുണ്ടാവില്ല. ഇവിടത്തെ പൊടിയും ചൂടും.
“ഞാന്‍ വല്ലാതെ വിയർക്കുന്നു.” അയാൾ പറഞ്ഞു.
“വിയർത്തോട്ടെ...” മേഘ പറഞ്ഞു. “പക്ഷേ കർച്ചീഫെടുത്തു ഇങ്ങനെ തുടയ്ക്കുന്ന ശീലം ഉപേക്ഷിക്കണം.”
അയാള്‍ വിളറിച്ചിരിച്ചു.
പിന്നീട് ആലോചിക്കുമ്പോഴൊക്കെ ആ ചിരി പുരണ്ട മുഖമാണ് തോമസ് എന്ന പേരില്‍ മനസ്സിലെത്തുന്നത്. രവി അങ്ങനെ ഒരിക്കലും ചിരിക്കാറില്ല. അയാളില്‍ ചിരിയില്ല. അയാള്‍ വിയർക്കാറില്ല. ഒരു കിണറ്റിനുള്ളിലാണയാള്‍ എന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. എപ്പോഴാണ് അയാള്‍ പുറത്തു വരുന്നത്?
അല്ല, അയാള്‍ക്കു വിയർക്കാറുണ്ടോ.........? ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. അയാള്‍ കൊണ്ടു നടക്കുന്ന കർചീഫിന്റെ നിറമെന്താണ്? അയാൾക്ക് കർച്ചീഫുണ്ടോ....? എങ്ങനെ കിടന്നാണ് അയാൾ ഉറങ്ങാറുള്ളത്...? ഒരു പ്രണയത്തില്‍ നമ്മളറിയുന്ന കാര്യങ്ങൾ എത്ര തുച്ഛമാണ് ! പ്രണയം മറ്റൊരു ലോകമാണ്. മഞ്ഞിലൂടെ എന്ന വണ്ണം അവ്യക്തമാണ് അവിടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളെല്ലാം.
പള്ളിയില്‍ വച്ച് നാളെ തീരെ പരിചയമില്ലാത്ത മറ്റൊരാളിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് താന്‍ പറയും. ചാച്ചന്‍ മരിച്ചതിനുശേഷം തന്നെ പ്രതി ഒറ്റയ്ക്കു തിന്ന തീയെല്ലാം ആ നിമിഷം വിട്ടൊഴിഞ്ഞതായി അമ്മയ്ക്കു തോന്നും. ബന്ധുക്കളെ നോക്കി വരവു വയ്ക്കുന്നതിനിടയിലും ആ ഒരു നിമിഷം തന്റെ ശബ്ദം കേൾക്കാൻ വേണ്ടി വർഗീസ് തിരിഞ്ഞു നോക്കിയേക്കും. തോമസ് അപ്പോഴും വിയർക്കുന്നുണ്ടാവും.
രവി.. രവി അപ്പോള്‍ എന്തു ചെയ്യുകയായിരിക്കും?
ഓർക്കാൻ സുഖമില്ലാത്ത എന്തൊക്കെയോ കാണുന്നു. വളർച്ച മുരടിച്ച ചെമ്പരത്തിച്ചെടികള്‍. നിലാവു വീണുകിടക്കുന്ന അവയുടെ കറുത്തയിലകള്‍. പേടിപ്പിക്കുന്ന വേഗത്തിൽ അവയ്ക്കിടയിലൂടെ ഓടുന്ന താൻ. എന്നിട്ടും ഒരിടത്തുമെത്തുന്നില്ല. കാലിലെന്തോ തടയുന്നു. തട്ടി വീഴുമെന്നു തോന്നി. പാമ്പല്ല. അത്ര വഴുവഴുപ്പില്ല. എന്നാല്‍ അതിനേക്കാൾ ബലമുണ്ട്! അതു മാലയാണ്. മിന്നു കൊരുത്തിട്ട മാല. തട്ടിവീണാല്‍ തന്റെ ചോര ചെമ്പരത്തിച്ചെടികൾക്ക് മേല്‍ വീണു പൂക്കും.
ശ്വാസം കിട്ടുന്നില്ല. അട്ടിയിട്ട മണ്ണിനടിയില്‍ താൻ..........വെള്ളത്തിനടിയിലെന്ന പോലെ താണു താണു പോകുന്നു......
ഞെട്ടി കണ്ണു തുറന്നു. ഉറങ്ങിയതല്ല. കണ്ണുകള്‍ അടഞ്ഞുപോയതാണ്. ഇപ്പോഴും രാത്രിയാണ്. ജനാലകള്‍ അടച്ചിട്ടല്ല കിടന്നത്. എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് ഓർമ്മയില്ല. കൈയെത്തി ജനാലപ്പാളി പിടിച്ച് അടയ്ക്കാന്‍ നോക്കവേ അവൾക്ക് കരച്ചിൽ വന്നു. പുറത്തെവിടെയോ രവിയുണ്ടെന്നു തോന്നി. ഹോസ്റ്റലിൽ വച്ച് അങ്ങനെ എത്ര രാത്രികളിൽ അവൾ അങ്ങനെ വിചാരിച്ച് ജനാലകള്‍ തുറന്നിട്ട് കിടന്നിട്ടുണ്ട്. ഒരു ഉറക്കത്തിന്റെ വിടവില്‍ മെല്ലെ കണ്ണുകൾ തുറന്ന് തിരിഞ്ഞു കിടക്കാനായുമ്പോള്‍ ജനാലയ്ക്കു വെളിയിൽ തന്നെ തന്നെ എത്രയോ നേരമായി സൂക്ഷിച്ചു നോക്കി നില്ക്കു കയായിരുന്ന..... ...രവി... അത് സങ്കല്പിക്കാന്‍ സുഖമുള്ള ദൃശ്യമായിരുന്നു.
ഇനിയെന്ത് ?
ഇനിമുതല്‍ തനിക്ക് ആറു വർഷമായി പരിചയമുണ്ടായിരുന്ന രവിയില്ല. അയാളുടെ കത്തുകളില്ല. കാത്തുകാത്തിരിക്കുന്ന ടെലഫോണ്‍ വിളികളില്ല. ഒന്നിച്ചുള്ള നടത്തം.കോഫി.... ബീച്ച്.....ശനിയാഴ്ച ഉച്ചകളിലെ സിനിമ..... വഴക്ക്.... ഒന്നുമില്ല.
ഇനിമുതല്‍ തനിക്കൊട്ടും പരിചയമില്ലാത്ത തോമസ് ഉണ്ട്. ശരീരത്തെക്കുറിച്ച് ബോധമുണ്ടായ കാലം മുതല്‍ ആരുമായും താന്‍ പങ്കിടാതിരുന്ന കിടക്കയിൽ അടുത്ത ഞായറാഴ്ച മുതൽ ഒരാള്‍ കൂടി കിടക്കും. തടിച്ച ഒരാള്‍...വെറുതെ വിയർക്കുന്ന ഒരാള്‍. ദിവസങ്ങള്‍ കഴിയുമ്പോൾ പങ്കപ്പാടൊടെയുള്ള ചിരി മാഞ്ഞു മാഞ്ഞു പോകും. അറപ്പിക്കുന്ന ഗൌരവം വന്നു നിറയും. അയാള്‍ ചോദ്യങ്ങൾ ചോദിക്കും. എന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ഉപദേശിക്കും. കേട്ടില്ലെങ്കില്‍ ശിക്ഷിക്കും. ഇല്ലാത്ത ബലം വരുത്തി ഉറക്കെ ഒച്ചവയ്ക്കും. ‘..”എടീ...................’
എന്താണു വ്യത്യാസം?
അവള്‍ മെല്ലെ എഴുന്നേറ്റു. കണ്ട സ്വപ്നത്തിന്റെ പൊരുള്‍ മനസ്സിലായതായി അവൾക്കു തോന്നി. രാവിലെ അനുഭവപ്പെട്ട ഊർജ്ജം ഒരു കള്ളമായിരുന്നു. ആറുവർഷമായി താൻ ചുറ്റി നടന്ന മുരടിച്ച ചെമ്പരത്തിക്കാടുകളില്‍ തന്നെയാണ് താനിനിയും. ഒന്നും മാറുന്നില്ല. ഈ രാത്രിപോലും.
മുറിയ്ക്കു വെളിയില്‍ മെഴുകുതിരി നാളത്തിന്റെ രൂപത്തിൽ കത്തുന്ന വൈദ്യുതവിളക്കിന്റെ അരണ്ട പ്രകാശത്തില്‍ മേഘ, ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. പിറകില്‍ ഒരു ജന്മത്തിന്റെ മുഴുവൻ കരുണയോടെയും ഫോട്ടോയില്‍ നിന്നും തന്നെ ഉറ്റുനോക്കുന്ന ചാച്ചന്റെ കണ്ണുകൾ ആ ഇരുട്ടിലും അവള്‍ കണ്ടു.
‘പിതാവേ ഞാന്‍ കുടിക്കാതെ ഇതു കടന്നു പോവുകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ’
ഉള്ളു പിളർന്ന് ഒരു വാള്‍ ഇറങ്ങി വരുന്നതു പോലെ തീരെ പ്രതീക്ഷിക്കാതെ അവളുടെ നാവിന്‍ തുമ്പത്തെത്തിയ ആ വാക്യം വല്ലാതെ കയ്ക്കുന്നതായി മേഘ അറിഞ്ഞു. വീണ്ടുമൊരു കരച്ചിലിന് അവള്‍ തയാറെടുത്തു.
- സോമാ റേച്ചൽ
6 comments:
കുറിപ്പും കഥയും വായിച്ചു... രണ്ടും ഇഷ്ടമായി.
ഞാനും വായിച്ചു കുറിപ്പും കഥയും
രണ്ടും ഇഷ്ടമായി
ഓരോ കഥയ്ക്കും മുങ്കൂര്‍ജാമ്യം പോലെ ഒരു കുറിപ്പ്. അല്ലെങ്കില്‍ ഓരോ കുറിപ്പിനും സാധൂകരണം പോലെ ഒരു കഥ.
എന്തായാലും ഇഷ്ടപ്പെടുന്നുണ്ട്
4-5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വായിക്കണംന്ന് തോന്നി, വെള്ളെഴുത്തില്‍ തന്നെ തുടങ്ങണമെന്നും.. നന്ദി, ഇനിയും വായിക്കണമെന്ന് തോന്നിപ്പിക്കാനുള്ള എനര്‍ജി ഇതിലുണ്ട്..
kollam
രണ്ടും ഇഷ്ടമായി.............
Post a Comment