June 28, 2010

പന്ത് ഗോൾവരമുറിച്ചു കടക്കുന്നത് ഗോളി നോക്കി നിന്നു*



“കളിക്കാരൻ ഓട്ടം ആരംഭിച്ചു. കടുംമഞ്ഞജേഴ്സി അണിഞ്ഞിരുന്ന ഗോളി തീർത്തും നിശ്ചലനായി നിലകൊണ്ടു. കളിക്കാരൻ പന്ത് നേരെ ഗോളിയുടെ കൈകളിലേയ്ക്ക് അടിച്ചു കൊടുത്തു.”
- പീറ്റർ ഹാൻഡ്കെയുടെ ജർമ്മൻ നോവൽ ‘പെനാലിറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം’(The Golie's Anxiety at the penality kick) ത്തിൽ നിന്ന്.

* * * * *

1990-ൽ ഇറ്റലിയിൽ വച്ചു നടന്ന ലോകക്കപ്പിൽ കൊളംബിയയുടെ ഗോൾമുഖം കാത്ത പ്രശസ്തനായ ഗോളി ‘ഹോസെ റെനെ ഹിഗിത്ത സപാത്ത’- ജടയഴിച്ചിട്ട ശിവന്റെ മട്ടിലുള്ള അക്രമോത്സുകനായ നമ്മുടെ സ്വന്തം ഹിഗ്വിറ്റ- തന്റെ അതിരുകടന്ന ആത്മവിശ്വാസത്തിന്റെ പേരിലാണ് കളിക്കളത്തിനു പുറത്തുപോകേണ്ടി വന്നത്, സ്വന്തം രാജ്യവുമായി. ഗോൾ മുഖത്തു നിന്ന് 35 മീറ്റർ കയറി കളിച്ച അയാളുടെ കാൽക്കീഴിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോളടിച്ചുകൊണ്ട് കാമറൂൺ അന്ന് കൊളംബിയയെ ലോകക്കപ്പിൽ നിന്ന് കെട്ടുകെട്ടിച്ചു. കൊളംബിയയ്ക്കുവേണ്ടി 68 തവണ ഗോൾവല കാക്കുകയും ലോകത്തെ ഒന്നാം കിട ഗോളിയെന്ന് പേരെടുക്കുകയും സ്കോർപ്പിയൻ കട്ടിലൂടെ യുവരക്തങ്ങളെ ത്രസിപ്പിക്കുകയും ചെയ്ത ഹിഗ്വിറ്റ ജീവിതത്തിൽ കൃത്യം മൂന്നു വർഷങ്ങൾക്കു ശേഷം അതേ പോലെയൊരു ആത്മവിശ്വാസം നിറഞ്ഞ മറ്റൊരു കളി കളിച്ചു. കാർലോസ് മോളിന എന്ന മയക്കുമരുന്നു കള്ളക്കടത്തുകാരന്റെ 11 വയസ്സുള്ള മകളെ പാബ്ലോ എസ്കോബാർ തട്ടിക്കൊണ്ടു പോയപ്പോൾ ഇടനിലക്കാരനായി നിന്നത് ഹിഗ്വിറ്റയാണ്. 3 ലക്ഷം ഡോളറിന്റെ ആ ഇടപാടിൽ 64000 ഡോളർ അദ്ദേഹത്തിന്റെ പോക്കറ്റിലായി. തട്ടിക്കൊണ്ടുപോകലിൽ നിന്ന് ലാഭമുണ്ടാക്കുക കൊളംബിയയിൽ കുറ്റകരമായിരുന്നതിനാൽ ഹിഗ്വിറ്റയെ പോലീസ് അറസ്റ്റു ചെയ്തു. പണം കൈപ്പറ്റിയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെങ്കിലും 7 മാസം ജയിലിൽ കിടക്കേണ്ടി വന്നു. 1994 ലെ ലോകക്കപ്പിൽ കൊളംബിയൻ ടീമിലേയ്ക്ക് ഹിഗ്വിറ്റയുടെ പേര് പരിഗണിക്കപ്പെട്ടതുമില്ല.

കൊളംബിയയിലെ കൊക്കൈയിൻ മാഫിയയുടെ രാജാവായിരുന്ന ‘പാബ്ലോ എമിലിയോ എസ്കൊബാർ ഗവീറിയ’യുടെ ഇടനിലക്കാരനായി ഹിഗ്വിറ്റ അവതരിച്ചത് ആകസ്മിക സംഭവമാകാൻ വഴിയില്ല. ഫോർബ്സ് മാഗസീന്റെ കണക്കുപ്രകാരം 1989 ൽ ലോകത്തിലെ ഏഴാമത്തെ വലിയ പണക്കാരനായിരുന്നു എസ്കോബാർ. ചരിത്രത്തിൽ ഒരു മാഫിയാ തലവനും ജീവിക്കാത്തത്ര ആഢംബരത്തോടെയാണ് അയാൾ ജീവിച്ചത്. കൊളംബിയൻ ലിബറൽ പാർട്ടിയിലൂടെ പാർലമെന്റംഗവുമായി. തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയാൾ കൊന്നൊടുക്കിയത് ആയിരക്കണക്കിന് ആളുകളെയാണ്. നിവൃത്തിയില്ലാതെ സർക്കാർ ശിക്ഷിക്കാൻ തീരുമാനിച്ചപ്പോൾ നിസ്സാരമായ അഞ്ചുവർഷം തടവിൽ കിടക്കാൻ വേണ്ടി മാത്രം അയാൾ സ്വയം ഒരു ജയിൽ എന്നു വച്ചാൽ ഫുട്ബാൾ മൈതാനവും വെള്ളച്ചാട്ടവും തന്റെ മകളുമായി ഫോണിൽ സംസാരിക്കുമ്പോൾ അവളെ കാണാൻ തക്ക വിധം ശക്തിയുള്ള ദൂരദർശിനിയുമൊക്കെയുള്ള അതീവ സുരക്ഷിതമായ ഒരു കൊട്ടാരം പണിഞ്ഞ് അതിലായിരുന്നു വാസം. ആളുകൾ അതിനെ ‘ഹോട്ടൽ എസ്കോബാർ എന്നും ക്ലബ് മെദലിൻ’ എന്നുമാണ് വിളിച്ചത്. അയാളുടെ ഫുട്ബാൾ പ്രണയം കൊണ്ടാണ്, മെദലിനിൽ മാത്രം 80 കളിസ്ഥലങ്ങൾ അയാൾ നിർമ്മിച്ചു. അവയത്രയും പാവങ്ങൾക്ക് കളിക്കനായി നൽകി. സ്വദേശത്തെ രാഷ്ട്രീയവുമായി നീക്കുപോക്കുകളുണ്ടായിരുന്നെങ്കിലും അമേരിക്ക മണം പിടിച്ച് തന്റെ പുറകെയാണെന്ന് അറിയാമായിരുന്ന അയാൾ അപകടം മണത്ത്, സ്വയം പണിത ജയിലിൽ നിന്ന് ഇറങ്ങിപ്പോകാൻ എടുത്ത തീരുമാനം വലിയ അബദ്ധമായിരുന്നു. സ്വയം നിർമ്മിച്ച നിയമങ്ങൾക്കുള്ളിൽ ആരെയും ഭയക്കാതെ കഴിഞ്ഞിരുന്ന എസ്കോബാറിനെ അമേരിക്കൻ പോലീസിന്റെ സഹായത്തോടെ സെർച്ച് ബ്ലോക്കിലെ ഭടന്മാർ വെടി വച്ചുകൊന്നു. 1993-ൽ. നാൽ‌പ്പത്തിനാലാം പിറന്നാളിന്റെ പിറ്റേന്ന് തന്റെ മകനോട് കുറച്ചുനേരം കൂടുതൽ ഫോണിൽ സംസാരിച്ചതാണ് അയാൾക്ക് വിനയായത്. ജയിലിൽ നിന്ന് ഇറങ്ങിപ്പോയി അയാൾ താമസിക്കുന്ന ഒളിത്താവളം കണ്ടുപിടിക്കാനും വീടു വളയാനും പോലീസിനു വഴിയൊരുക്കിക്കൊടുത്തത് വഴിവിട്ട ആ ഫൌളാണ്. മറ്റൊരു ആത്മവിശ്വാസം നിറഞ്ഞ കയറിക്കളി!!

കൊളംബിയയിലെ കുപ്രസിദ്ധമയക്കുമരുന്നു സംഘം, മെദലിൻ കാർട്ടൈലിന്റെ (കാർട്ടൈൽ എന്നാൽ വ്യാപാരവ്യവസായസമിതി എനർത്ഥം. പക്ഷേ ഇവിടെ കച്ചവടം വേറെ!) പ്രവർത്തനമേഖലയായ ചേരികളിലൊന്നിലാണ് ഹിഗ്വിറ്റയും ജനിച്ചത്. അച്ഛനാരാണെന്ന് അറിയാതെ. അമ്മയും മരിച്ചപ്പോൾ പട്ടിണിമാറ്റാൻ തെരുവിൽ കൂലിപ്പണിചെയ്തു നടന്നപയ്യൻ മെദലിനിലെ നാഷനൽ ക്ലബിൽ ചേർന്നതോടെയാണ് ശ്രദ്ധേയനായത്. കൊളംബിയൻ ദേശീയലീഗിലെ പ്രധാനടീമായ നാഷണലിന്റെ ഉടമ പാബ്ലോ എസ്കോബാറായിരുന്നു. ഒരിക്കൽ ജയിലിൽ പോയി ഹിഗ്വിറ്റ എസ്കോബാറിനെ കണ്ടിട്ടുണ്ട്. പരസ്യമായി തന്നെ. കോളംബിയയിൽ എസ്കോബാറിനുപരി ആരെ ഭയപ്പെടാൻ? 1996-ൽ ഹിഗ്വിറ്റയുടെ വീട്ടിൽ ആരോ ബോംബെറിഞ്ഞു. മാഫിയബന്ധങ്ങളാണ് അതിനു പിന്നിലെന്നു വാർത്തയുണ്ടായി. കൊക്കൈൻ ഉപയോഗിച്ചുകൊണ്ട് ഹിഗ്വിറ്റ കളിക്കളത്തിലെത്തിയിരുന്നു എന്നതിനും പിന്നാലെ തെളിവുകളുണ്ടായി. എത്ര വലുതായാലും കൊക്കൈൻ മാഫിയയുടെ ഉപ്പും ചോറും തിന്നു പേശീദാർഢ്യമുണ്ടായ ശരീരത്തിനു ഗോഡ്ഫാദർമാരെ തള്ളിപ്പറയാൻ സാധ്യമല്ല. അധോലോകത്തിന്റെ ഉരുക്കുനിയമങ്ങൾ അത്തരം നന്ദികേടുകളെ പാപമായി കാണുന്നു.

കഴിഞ്ഞ ജനുവരി രണ്ടാം വാരം ഹിഗ്വിറ്റ ഫുട്ബാളിൽ നിന്നും എന്നെന്നേയ്ക്കുമായി വിടവാങ്ങി. മറ്റുപലരെയും പോലെ ഒരു സാധാരണക്കാരൻ മാത്രമാണ് താൻ എന്ന് ഹിഗ്വിറ്റ ഫിഫയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തെറ്റുകൾ പറ്റിപോയ ഒരാൾ. ‘പക്ഷേ അവന് അവന്റേതു മാത്രമായ ഗുണങ്ങളും ഉണ്ട്.’ കൂട്ടുകാരെല്ലാം മരിച്ചുപോയതിനെപ്പറ്റി അദ്ദേഹം ഉത്കണ്ഠാകുലനാണ്.. മെദലിനിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടാണ്. ആഴ്ചയിൽ 80 പേർ കൊലചെയ്യപ്പെടുന്ന ലോകത്തിലെ കുപ്രസിദ്ധമായ പട്ടണമാണത്. എന്തു ചെയ്യും? എന്തെങ്കിലും ചെയ്യാനൊരുങ്ങുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുമ്പോലെ അപഹാസ്യമാകുന്നു. ഇതേ സ്ഥലത്താണ് ആന്ദ്രേ എസ്കോബാറും വെടിയേറ്റു വീണത്. 1994-ലെ ലോകക്കപ്പിൽ അമേരിക്കയോട് കളിക്കുമ്പോൾ സെൽഫ് ഗോളിലൂടെ കൊളംബിയയെ രണ്ടാം ഘട്ടം കാണിക്കാതെ പുറത്തു കളഞ്ഞ (കു)പ്രസിദ്ധനായ ഡിഫൻഡർ. പക്ഷേ അതു ഗോളിയുടെ കൂടെ പിഴവായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? 2-1ന് ആദ്യറൌണ്ടിൽ കൊളംബിയ അപ്രതീക്ഷിതമായി പുറത്തായതിനു കാരണക്കാരനായ ആന്ദ്രേ കൃത്യം പത്താം ദിവസം (1994 ജൂലായ് രണ്ടിന്) വെടിയേറ്റു മരിച്ചു. വാതുകളിയിൽ മാഫിയയ്ക്കുണ്ടായ വലിയ നഷ്ടത്തെതുടർന്നാണിതെന്ന് പറയപ്പെടുന്നു. മാഫിയയുടെ നിഘണ്ടുവിൽ ക്ഷമ എന്നൊരു വാക്കില്ല. കുറ്റവാളിയായി കണ്ട് 1995-ൽ അറസ്റ്റു ചെയ്ത ഹംബെർടോ കാസ്ട്രോയെ 43 വർഷത്തേയ്ക്കാണ് ശിക്ഷിച്ചതെങ്കിലും അയാൾ ജയിലിലെ നല്ല നടപ്പിനെ തുടർന്ന് 2005-ൽ പുറത്തിറങ്ങി. ഇത് മാഫിയയ്ക്ക് രാഷ്ട്രീയത്തിലുൾല സ്വാധീനത്തിന്റെ പ്രകടമായ ലക്ഷനങ്ങളിലൊന്നാണ്. ഡമ്മി കൊലയാളികൾ കിട്ടുന്ന ശിക്ഷ എത്രയോ ലഘുവാക്കി അനുഭവിച്ച് പെട്ടെന്ന് പുറത്തിറങ്ങും. ആരും ഒന്നും മിണ്ടില്ല. കൊളംബിയയിലെ രാഷ്ട്രീയത്തിലും കൃഷിയിലും വ്യവസായത്തിലും സിനിമയിലും ഭൂമിയിടപാടിലും മാഫിയ ഉണ്ടെങ്കിൽ ഫുട്ബാളിൽ മാത്രം അതില്ലാതാവുന്നതെങ്ങനെ എന്ന് 94-ൽ കൊളംബിയയെ ലോകക്കപ്പിലെത്തിച്ച കോച്ച് ഫ്രാൻസിസ്കോ മാച്ചുറാണ ചോദിക്കുന്നു. കളിയ്ക്ക് തൊട്ടുമുൻപ് ആരെ കളിപ്പിക്കണം ആരെ മൈതാനത്തിറക്കിക്കൂടാ എന്നും പറഞ്ഞു വരുന്ന ഫോൺ കാളുകളിലെ മരണഭീഷണികളുടെ നിഴലിൽ കളിക്കാനിറങ്ങുന്നതിനെപ്പറ്റി കളിക്കാരായ ടിനോ ആസ്പ്രെല്ലയും ബാറബാസ് ഗോമസും കോച്ച് ഹെർനാൻ ദാരിയോ ഗോമസും പറയുന്നത് ‘എസ്കോബർ’സ് ഓൺ ഗോൾ’ എന്ന ഡോക്യുമെന്ററിയിലുണ്ട്.

‘അർക്കൻ’ എന്നു വിളിപ്പേരുള്ള സെർബിയൻ മാഫിയാതലവൻ സെയ്കോ റാഷ്നറ്റോവിച്ച്, മോശം പ്രകടനം നടത്തിവന്നിരുന്ന ഒബിലിക് എന്ന ഫുട്ബോൾ ക്ലബ് വിലയ്ക്കു വാങ്ങിയതോടെ കഥമാറി. തങ്ങളുടെ ക്ലബ് കളിക്കുമ്പോൾ അർക്കൻ ഗ്യാംഗ് യന്ത്രത്തോക്കുകളുമായി ഗാലറിയിൽ നിരക്കും. പിന്നെ എതിരാളികൾക്ക് ഗോളടിക്കാൻ പറ്റുമോ?ഒബിലിക്കിന്റെ എതിരളിയായിരുന്ന ഒരു കളിക്കാരൻ കളി സമയത്ത് അർക്കന്റെ ആളുകൾ തന്നെ കളിക്കാൻ അനുവദിക്കാതെ മുറിയിൽ അടച്ചിട്ടതിനെക്കുറിച്ച് ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. തോക്കുമായി കളി കാണാൻ വരികയും ഭീഷണി നിറഞ്ഞ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന മാഫിയപ്പടയുടെ പ്രകടനം ഗൌരവമായെടുത്ത് യൂറോപ്യൻ ഫുട്ബാൾ സംഘടന ‘യുവേഫ’ ഒബിലിക്കിനെ മത്സരങ്ങളിൽ നിന്ന് വിലക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റം വന്നത്. ക്ലബിന്റെ പ്രസിഡന്റു സ്ഥാനം അർക്കൻ ഭാര്യക്കു വച്ചുമാറി!

‘കൊക്കൈൻ ഒരു മയക്കുമരുന്നാണെങ്കിൽ ഞാനതിന്റെ അടിമയാണെന്ന്’ മറഡോണ ഒരിക്കൽ പറഞ്ഞത് ബോസ്നിയൻ ചലച്ചിത്രകാരൻ എമീർ കുസ്തുറിക്കയുടെ ചലച്ചിത്രത്തിൽ ആവർത്തിച്ചിട്ടുണ്ട്. ഗോൾമുഖത്തുനിന്ന് 35 അടി മുന്നോട്ടു നീങ്ങിയ ഹിഗ്വിറ്റയിൽ നിന്ന് പന്തെടുത്ത് കാമറൂൺ കളിക്കാരൻ റൊജർ മില്ല കോളംബിയയെ സ്റ്റേഡിയത്തിനു പുറത്തേയ്ക്ക് അയക്കുന്ന ലോകക്കപ്പിൽ മറഡോണ കളിച്ചത് കഴിഞ്ഞതവണ അർജ്ജന്റീനയ്ക്ക് കപ്പിൽ മുത്തമിടാൻ വഴിയൊരുക്കിക്കൊടുത്ത ക്യാപ്റ്റൻ എന്ന ആത്മവിശ്വാസത്തോടെയാണ്. അത്തവണ അർജ്ജന്റീനയ്ക്ക് റണ്ണറപ്പ് ആകാനായിരുന്നു വിധി. അതിനു മുൻപേ തന്നെ മറഡോണ മയക്കുമരുന്നുപയോഗിക്കുന്നതിന്റെ പേരിൽ ചില വാർത്തകൾ ഉയർന്നിരുന്നു. 91-ൽ ഇറ്റലിയിൽ വച്ച് കൊക്കൈൻ ഉപയോഗത്തിന്റെ പേരിൽ 15 മാസത്തേയ്ക്ക് മറഡോണയെ സസ്പെൻഡ് ചെയ്തിരുന്നു. 1994-ലെ യു എസ് ലോകക്കപ്പിൽ നിന്നാണ് ‘എഫിഡ്രൈൻ’ എന്ന മയക്കുമരുന്നുപയോഗിച്ചതായി കണ്ടു പിടിച്ചതിനാൽ മറഡോണയെ പുറത്താക്കിയത്. തുടർന്ന് വലിയൊരു ദുരന്തത്തിലേയ്ക്കാണ് മറഡോണ നീങ്ങിയത്. കുസ്തുറിക്കയുടെ സിനിമയിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും (താച്ചർ, ബ്ലെയർ) അമേരിക്കൻ പ്രസിഡന്റുമാരും (റീഗൻ, ബുഷ്) മറഡോണ എന്ന പ്രതിഭാസത്തെ വേട്ടയാടാൻ നടത്തുന്ന കാരിക്കേച്ചറുകളുണ്ട്. (അതു ഫുട്ബാളിനു മാത്രം പറയാൻ കഴിയുന്ന രാഷ്ട്രീയം) മറഡോണയുടെ മയക്കുമരുന്നു താത്പര്യം എൺപതുകളുടെ തുടക്കത്തിൽ തന്നെ ആരംഭിച്ചതാണെന്നതാണ് സത്യം. അതും ഇറ്റാലിയൻ മാഫിയ - കമോറ- സർവതന്ത്രരായി വിലസുന്ന നേപ്പിൾസിൽ നിന്ന്. സ്പെയിനിലെ ബാർസിലോണ ക്ലബിനുവേണ്ടി കളിച്ചിരുന്ന മറഡോണയെ 1984-ൽ നേപ്പിൾസിലെ നാപ്പോളിക്ലബ് അന്നത്തെ ഏറ്റവും വലിയ വിലയായ 69 ലക്ഷം പൌണ്ടിനു വിലയ്ക്കു വാങ്ങിയതോടെയാണ് ദുരന്തങ്ങളുടെ തുടക്കം. നാപ്പോളിയുടെ ജാതകം അതോടെ മാറി. അത് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബായി. ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും യുവേഫയും അതു നേടി. നേപ്പിൾസിലെ ജനത മറഡോണയിൽ പുതിയ മിശിഹയെ കണ്ടു. മറഡോണ ദൈവപ്രതിരൂപമായ പള്ളികളുണ്ടായി. മുൾക്കിരീടം ചൂടിയ വെളുത്തഫുട്ബാളിനെ സാക്ഷിയാക്കി മാമോദീസകളും വിവാഹങ്ങളും നടന്നു. പള്ളിസംഘങ്ങൾ മറഡോണസ്തുതിഗീതങ്ങൾ ആലപിച്ചു.

ഈ സമയത്താണ് കമോറ ( റോബെർട്ടോ സാവിയാനോയുടെ പ്രസിദ്ധമായ പുസ്തകത്തിലെ ‘ഗമോറ’) മറഡോണയിൽ പിടി മുറുക്കിയത്. ഗോദ്ഫാദർമാരുടെ വിരുന്നിൽ സ്ഥിരാതിഥിയായിരുന്ന അദ്ദേഹത്തിന് പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ലായിരിക്കണം. കുസ്തുറിക്ക പറയുന്നത് സ്വന്തം നിയമങ്ങളനുസരിച്ചും ഹൃദയത്തിന്റെ പാട്ടു കേട്ടുമാണ് മറഡോണ ജീവിച്ചത് എന്നാണ്. അങ്ങനെയുള്ളൊരാളിൽ ദൈവത്വം ജനം പ്രതീക്ഷിച്ചെങ്കിലും പ്രവാചകനാവാനുള്ള സമയമല്ലായിരുന്നു അത്. കുറച്ചുമാത്രമേ തനിക്കു നൽകാനുള്ളൂ എന്നദ്ദേഹത്തിനറിയാം. അതുകൊണ്ടദ്ദേഹം അതിരുകളില്ലാതാവാൻ കൊക്കൈനിൽ ചെന്നു പറ്റി. മയക്കുമരുന്നുപയോഗത്തിന്റെ പേരിൽ കളിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം നാപ്പോളിയുടെ പടി ഇറങ്ങി. 1990-ലെ ലോകക്കപ്പിൽ അർജ്ജന്റീനയ്ക്കുവേണ്ടി കളിച്ചതും ഇറ്റലി പുറത്തായതും കാരണം ഇറ്റലിക്കാർ നടത്തിയ പ്രതികാരമാണ് ഈ മയക്കുമരുന്നാരോപം എന്നാണ് മറഡോണ അഭിമുഖത്തിൽ പറഞ്ഞത്. ഇറ്റലി പുറത്തായതിനാൽ വാതുവച്ചുകളി നടത്തുന്ന മാഫിയയ്ക്ക് ഒരുപാട് പണം നഷ്ടമായി അതിന്റെ ഫലമായിട്ടാണ് തന്നെ വേട്ടയാടുന്നത് എന്നായിരുന്നു വാദം. ഇറ്റലിക്ലബിൽ നിന്നും 15 മാസത്തെ സസ്പെൻഷൻ ലഭിക്കാൻ കാരണമായി അദ്ദേഹം പറഞ്ഞത് തന്റെ കൈവശം കുറച്ചു കൊക്കൈൻ അവർ കണ്ടു എന്നതാണ്. പക്ഷേ അതുകുറച്ചൊന്നുമല്ലായിരുന്നു. 5 ലക്ഷം പൌണ്ട് വിലമതിക്കുന്ന മരുന്നുമായാണ് 1990 ൽ ഇറ്റലിയിലെ ഫുമിച്ചിനോ എയർപോർട്ടിൽ വച്ച് മറഡോണ പിടിയിലാവുന്നത്. അഭിമുഖത്തിൽ മറഡോണ ഇറ്റാലിയൻ മാഫിയയുടെ ദുരൂഹമായ വഴികളെ ഒന്നു പരാമർശിക്കുന്നുണ്ട്. വരികൾക്കിടയിൽ വായിച്ചാൽ അതിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് മറഡോണ എന്നാണ് അർത്ഥം. ഇവിടെ അത് പ്രതിരോധത്തിനുള്ള ഒരു മാർഗമായി ഉപയോഗിക്കപ്പെട്ടു എന്നു മാത്രം. മറഡോണയുടെ സെക്യുരിറ്റി ഗാർഡായിരുന്ന പിയത്രോ പുഗ്ലിസെ എന്ന കൊലയാളിയുടെ കുറ്റസമ്മതമാണ് ഇക്കാര്യത്തിൽ കുറച്ചധികം വെളിച്ചം വീശിയത്. അതനുസരിച്ച് മറഡോണയ്ക്ക് കമോറ - മത്തിയോ ഗാരോണിന്റെ ആ പ്രസിദ്ധ സിനിമയിലെ ഗമോറ - യുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. കോടതി ആദ്യം പിയത്രോയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല. മറഡോണ വഴി പ്രസിദ്ധനാവാൻ നോക്കുന്ന ഒരു സാധാരണ ഗുണ്ടയ്ക്കപ്പുറം മറ്റൊന്നുമായിരുന്നില്ല അയാൾ ആദ്യം. 1993 -ൽ പിയാത്രോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. അർജന്റീനയിൽ വച്ചു നടന്ന മറഡോണയുടെ വിവാഹത്തിൽ സംബന്ധിച്ച പിയാത്രൊയോട് ഒരു പാക്കറ്റ് കൊക്കൈൻ റോമിലേയ്ക്ക് കൊണ്ടുപോകാൻ മറഡോണ ആവശ്യപ്പെട്ടിരുന്നുവത്രേ. പ്രതിഫലമായി 75 മില്യൺ ലിറ നൽകി. സ്വന്തം പെൺ സുഹൃത്തുവഴി പിയത്രോ കാര്യം സാധിച്ചു കൊടുത്തു. ബാങ്ക് രേഖകൾ അനുസരിച്ചും ഇക്കാര്യം ശരിയായിരുന്നു. കമോറ കളിക്കാർക്ക് മയക്കു മരുന്നു നൽകുമായിരുന്നു എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഫിഡൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസും പോലുള്ള നേതാക്കൾ ഇടപെട്ടതുകാരണം തകർച്ചയെ ഒരു വിധം അതിജീവിച്ച് മറഡോണ വീണ്ടും ഫുട്ബാളിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. ഇപ്പോൾ അർജ്ജന്റീനയുടെ പരിശീലകനായി. പരിശീലകരിൽ വ്യത്യസ്തനായി. എങ്കിലും ആ മുഖത്തേയ്ക്കു നോക്കുമ്പോൾ കടുത്തവിഷാദം വലകെട്ടിയതിന്റെ പാടുകൾ ഇപ്പോഴും കാണാം. നിശ്ശബ്ദത നിയമമായിട്ടുള്ള അധോലോകത്തിന്റെ കളിനിയമങ്ങളുടെയും കളികൾക്കുമേലുള്ള നിയന്ത്രണത്തിന്റെയും പൊരുളുകൾ സാമാന്യലോകത്തിനു അത്ര പ്രധാനമായിരിക്കില്ല. വല ചലിപ്പിച്ചുകൊണ്ട് തെറിച്ചു വീണ പന്ത് നിശ്ചലമാവുന്നതിനു മുൻപേ ആർത്തിരമ്പുന്ന ‘ഗോൾ’ വിളികളിൽ (സ്പാനിഷിൽ അത് ‘ഗോ.....’ എന്നാണ്. ജീവിതത്തിൽ നിന്നു തന്നെ പുറത്തുപോകാൻ പറയുന്നതുപോലെ ഒരർത്ഥം കൂടി അതിനങ്ങനെ വരുന്നു. അങ്ങനെ ആർത്തു വിളിച്ചിട്ടാണ് കൊലയാളി, പാബ്ലോ എസ്കോബാറിനെ എൽ ഇന്തിയോ ബാറിന്റെ പുറത്തു വച്ച് വെടിവച്ചിട്ടത്) ഒരു നെഗറ്റീവ് ചിത്രം ബ്ലാക്& വൈറ്റിൽ ചോരയുണങ്ങി പറ്റുന്ന മഞ്ഞപ്പാടോടെ കുടിയിരുപ്പുണ്ട്. പന്തുരുളുന്നത് എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണെന്ന് അത്ര വ്യക്തമാക്കാത്ത ഇരുണ്ട ഒരു ചിത്രം...ആരവങ്ങളെ മുഴുവൻ ഒരു സ്ലോമോഷനിൽ സസ്പെൻഡ് ചെയ്ത് നിർത്തുന്ന ഒരു ട്വിസ്റ്റ്. അതും കൂടിച്ചേർന്നാണ് ഫുട്ബാളിനെ ജന്മവാസനകൾ കിതയ്ക്കുന്ന അതിപ്രാചീനമായൊരു കാർണിവലാക്കി മാറ്റുന്നത്.

ഉണ്ടായിരിക്കേണ്ട ആവശ്യം പോലുമില്ലാതെ, നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രം നിലനിൽക്കുന്ന സത്ത ഒന്നുമാത്രം, ദൈവം! എന്ന് ബോദ്‌ലയർ എഴുതിയിട്ടത് മുഖവാചകമായി കുസ്തുറിക്കയുടെ മറഡോണ സിനിമയിലുണ്ട്.
ദൈവം മാത്രം?

*The Golie's Anxiety at the penality kick എന്ന നോവലിലെ ആമുഖവാചകം
പുസ്തകം :
മാഫിയ - അധോലോകത്തിന്റെ രഹസ്യങ്ങൾ
അരവിന്ദ് മേനോൻ & അഭിഷേക് മേനോൻ

5 comments:

കരീം മാഷ്‌ said...

സ്കോർപ്പിയൻ കട്ടിലൂടെ യുവരക്തങ്ങളെ ത്രസിപ്പിക്കുകയും അമിതമായ ആത്മ വിശ്വാസത്തിന്റെ ഇരയായി പുറത്താവുകയും ചെയ്ത ഹിഗ്വിറ്റയെ അറിയാം ബാക്കിയെല്ലാം പുതിയ അറിവുകൾ
നന്ദി.

Joker said...

ഒട്ടുമിക്കതും പുതിയ അറിവുകള്‍, നന്ദി

Pramod.KM said...

വളരെ നന്ദി:)

ശ്രീനാഥന്‍ said...

പന്തും മയക്കുമരുന്നും മാഫിയയും നിറഞ്ഞ ഈ പോസ്റ്റ് ഏറെ തന്നു, നന്ദി

Jayesh/ജയേഷ് said...

‘ഹിഗ്വിറ്റ‘ എന്ന കഥ ഓർമ്മിപ്പിച്ചതിന് മാത്രം നന്ദി