March 15, 2010

വൈദ്യര്




ഞരമ്പുകളെ തണുപ്പിക്കാനുള്ള മരുന്നാണിത്.
ഈ ഓറഞ്ചുഗുളിക വിശപ്പിനുള്ളതാണ് .
കാലില്ലാത്ത കടന്നലു പോലിരിക്കുന്ന
വരയൻ ഗുളികകളിൽ
വേണ്ട വിറ്റാമിനുകളെല്ലാമുണ്ട്.
എത്ര അസ്വസ്ഥമായ രാത്രിയിലും
ഒന്നുമറിയാതെയുറക്കാൻ
ഈ ഇളം ചുവപ്പു ഗുളിക മതി.
കാര്യങ്ങൾ പിന്നെയും വഷളായാലും പേടിക്കരുത്,
ഞാനുണ്ടല്ലോ ഇവിടെ.

നോക്കിയാൽ
ആരോഗ്യസ്ഥിതി തീരെ ശുഭകരമല്ല.
തുപ്പലിൽ ചോര
രക്തത്തിൽ പഞ്ചാര
മൂത്രത്തിൽ പഴുപ്പ്
കൃമികളും കുരിപ്പും മലത്തിൽ
ഒളിഞ്ഞും തെളിഞ്ഞും വന്ന്
രോഗാണുകൾ
പിടികൂടിയിരിക്കുന്നു.

എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന,
രോഗവിവരങ്ങൾ സമയാസമയം
അറിയിക്കുന്ന,
തിളങ്ങുന്ന കണ്ണുകളുള്ള
കഷണ്ടിക്കാരൻ വൈദ്യൻ ചാറ്റർജി
മിടുക്കനാണ്.
അദ്ദേഹത്തിന്റെ കഴിവുറ്റ കൈകളിൽ
ഞാൻ സുരക്ഷിതനും സ്വതന്ത്രനുമാണ്.

എന്നാലും ഏതു വൈദ്യനാണ്
അനശ്വരത നൽകാൻ
കഴിയുക?


- കെ ജി സുബ്രഹ്മണ്യം
1924 ഫെബ്രുവരി 15 - നു കൂത്തുപറമ്പിൽ ജനിച്ചു. വൈവിധ്യമാർന്ന മാദ്ധ്യമങ്ങളും വസ്തുകളും ഉപയോഗിച്ച് കലാരചന നടത്തിയ ആൾ എന്ന നിലയിൽ പ്രസിദ്ധൻ. സ്വദേശത്തും വിദേശത്തുമായി നിരവധിപ്രദർശനങ്ങൾ നടത്തി. ശാന്തിനികേതൻ കലാഭവനിലെ പ്രഫസറും ബറോഡയിലെ ഫൈൻ ആർട്സ് വിഭാഗത്തിൽ ഡീനും. പദ്മശ്രീ, കാളിദാസസമ്മാൻ, ലളിത്കലാഅക്കാദമി പുരസ്കാരം, രവിവർമ്മ പുരസ്കാരം,കലാരത്നം, പദ്മഭൂഷൺ തുടങ്ങി നിരവധി സമ്മാനങ്ങൾ. ചിത്രശലഭവും വിട്ടിലും, സംസാരിക്കുന്ന മുഖത്തിന്റെ കഥ (ബാലസാഹിത്യം) മൂവിങ് ഫോക്കസ് - ഇന്ത്യൻ കലയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ, ജീവിക്കുന്ന പാരമ്പര്യം, കവിതകൾ, നിർമ്മാണത്തിന്റെ മായാജാലം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിത്രം : കെ ജി സുബ്രഹ്മണ്യത്തിന്റെ ഒരു പെയിന്റിംഗ്

7 comments:

Pramod.KM said...

കഷണ്ടിയൊഴികേയുള്ള ഏതിനും ചാറ്റര്‍ജിയുടെ കയ്യില്‍ മരുന്നുണ്ടാവും. പക്ഷെ അനശ്വരത തരാന്‍ ആര്‍ക്ക് പറ്റും?:)

Unknown said...

അനശ്വരതയില്‍ എത്തിക്കഴിഞ്ഞിട്ടുവേണം എനിക്ക് അതിനപ്പുറത്തേക്ക് പതിയെ ഒന്ന് കൈനീട്ടിനോക്കാന്‍.

പാര്‍ത്ഥന്‍ said...

സ്ഥലത്തെയും കാലത്തെയും ഫ്രീസ് ചെയ്യാൻ കഴിയുന്ന ഒരുതരം ഗുളിക ഞങ്ങളുടെ ലാബിൽ പരീക്ഷണഘട്ടത്തിലാണ്.

Unknown said...

കാര്യങ്ങൾ പിന്നെയും വഷളായാലും പേടിക്കരുത്,
ഞാനുണ്ടല്ലോ ഇവിടെ.

jayanEvoor said...

മൃത്യു....
അവൻ കൊണ്ടുപൊയ്ക്കോളം നമ്മെ!

പിന്നെ അനശ്വരത....
അതു നമ്മൾ ചെയ്ത പ്രവൃത്തി അനുസരിച്ചിരിക്കും!

Jijo said...

അന്ത്യമില്ലെന്നുറപ്പായാൽ പിന്നെന്ത് രസം? അനശ്വരത - അതെന്നെ പേടിപ്പിക്കുന്നതെന്തേ?

Unknown said...

കഷണ്ടിയൊഴികേയുള്ള ഏതിനും ചാറ്റര്‍ജിയുടെ കയ്യില്‍ മരുന്നുണ്ടാവും. പക്ഷെ അനശ്വരത തരാന്‍ ആര്‍ക്ക് പറ്റും?:)