March 30, 2010
നിബിഡതമോമയവീഥിയിൽ
1927-ൽ, തന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്ത ജപ്പാനീസ് എഴുത്തുകാരൻ റിയുനോസുകെ അകുതഗാവയുടെ ചെറുകഥ ‘യാബു നൊ നാകെ’ രാജ്യാന്തരപ്രശസ്തി നേടിയത് In a Grove എന്ന ഇംഗ്ലീഷ് വിവർത്തനത്തിലൂടെയാണ്. ഒരു കാട്ടിൽ നടന്ന സംഭവത്തിന്റെ വ്യത്യസ്തമായ ഏഴ് ആഖ്യാനങ്ങളായിരുന്നു കഥയുടെ കാതൽ. ഈ കഥയുടെ പ്രഹേളികാസ്വഭാവത്തെ മുൻനിർത്തി കുറോസാവ ചലച്ചിത്രമാക്കുമ്പോൾ അകുതഗാവയുടെ മറ്റൊരു പുസ്തകത്തിന്റെ പേരാണ് - യഥാർത്ഥ കഥയുടെ പേരല്ല - സ്വീകരിച്ചത്. റാഷമോൺ എന്ന്. ‘ഒരു കാട്ടിൽ’ എന്നു പറയുന്നതിന്റെ നിഗൂഢമായ സ്വഭാവം നഗരവാതിലിനെക്കുറിക്കുന്ന ‘റാഷമോൺ’ എന്ന പേരിനില്ല. അമ്മ വഴിയ്ക്ക് പകർന്നുകിട്ടിയ മാനസികവിഭ്രാന്തികളും (മായക്കാഴ്ചകൾ കാണുന്ന സ്വഭാവക്കാരനായിരുന്നു അകുതഗാവ) ഏകാന്തതയും അലട്ടിയിരുന്ന അകുതഗാവയുടെ കഥയിൽ ഉള്ളതിനേക്കാൾ പ്രാധാന്യം കുറോസാവയുടെ സിനിമയിൽ കാട്ടിനുണ്ട് താനും. കാട്ടിലെ രംഗങ്ങളുടെ ചിത്രീകരണത്തിനായി പ്രത്യേക തയാറെടുപ്പുകൾ കുറോസാവ നടത്തിയിരുന്നു. പ്രത്യേകം സ്ഥാപിച്ച വലിയ കണ്ണാടികളിൽ നിന്നും പ്രതിഫലിച്ച സൂര്യവെളിച്ചത്തിനു മുന്നിൽ മരക്കൊമ്പുകളും ഇലക്കൂട്ടങ്ങളും വച്ചിളക്കിക്കൊണ്ടാണ്, സാങ്കേതികത അധികമൊന്നും മെച്ചമല്ലാതിരുന്ന അന്ന്, വലിയമരത്തിന്റെ കീഴെ ഈച്ചയാട്ടിയും കൊതുകുകളെക്കൊന്നും അസ്വസ്ഥനായി മയങ്ങുന്ന തേജോമാരു എന്ന കുപ്രസിദ്ധനായ കൊള്ളക്കാരന്റെ ദേഹത്ത് നിഴലുകളാടുന്നത് സംവിധായകനും ഛായാഗ്രാഹകനും കൂടി പകർത്തിയെടുത്തത്. മറ്റൊന്ന് ചിത്രത്തിന്റെ തുടക്കത്തിലെ കാട്ടിലേയ്ക്കുള്ള വിറകുവെട്ടിയുടെ യാത്രയാണ്. ക്യാമറ അതിവിദഗ്ദമായ ചലനത്തിലൂടെ (അയാൾ നടക്കുകമാത്രമാണ്, എന്നാൽ ക്യാമറ മുന്നിലും പിന്നിലും വശത്തുമൊക്കെയായി ചുറ്റി തിരിഞ്ഞുകൊണ്ടേയിരിക്കുന്നു) എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഉദ്വേഗം സൃഷ്ടിക്കുന്നതുമാത്രമല്ല ചലച്ചിത്രം ചെയ്യുന്നത് വിറകുവെട്ടി എന്ന ആഖ്യാതാവ് നിഗൂഢമായ കടന്നുകയറ്റം നിർവഹിക്കുന്നത് കാട്ടിലെയ്ക്ക് മാത്രമല്ല, അത്രയും ഒരു പക്ഷേ അതിനേക്കാൾ സങ്കീർണ്ണമായ മനുഷ്യമനസ്സിലേയ്ക്കു കൂടിയാണെന്ന വാസ്തവം പങ്കുവയ്ക്കുകയായിരുന്നു കുറോസാവ. കാട്, മനുഷ്യമനസ്സിന്റെ ബാഹ്യചിഹ്നമാണ്. അപ്പോൾ റാഷമോൺ എന്ന പേര് കാട്, നാട് എന്ന ദ്വന്ദ്വത്തെ ശക്തമായി ആവിഷ്കരിക്കാൻ സംവിധായകൻ ബോധപൂർവം തെരെഞ്ഞെടുത്ത ഒരു സങ്കേതമാണ്.
തനിക്കു കുറച്ചു പഴയ വാളുകളും കണ്ണാടികളും കിട്ടിയിട്ടുണ്ട് അതു കാണിച്ചു തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പത്തൊൻപതുകാരിയായ മസാഗോയുടെ നവവരൻ സമുറായിയെ (താകേഹികോ എന്നാണ് അയാളുടെ പേര്) തേജോമാരു കൂട്ടിക്കൊണ്ടു പോകുന്നതു് എന്നയാൾ കുറ്റസമ്മതത്തിൽ പറയുന്നുണ്ട്. കാട്, അതിന്റെ ഉള്ളിലേയ്ക്കുള്ള യാത്ര, പ്രാകൃതമായ വാസനയിലേയ്ക്കുള്ള യാത്രയാണ്. അതുകൊണ്ടാണ് മസാഗോ ആദ്യം കുതിരപ്പുറത്തു നിന്നിറങ്ങാതെ കാത്തു നിന്നത്. ഇടത്തിങ്ങിയ കാടു കണ്ടപ്പോൾ അവളങ്ങനെ പറഞ്ഞത് സ്വാഭാവികമാണ് എന്ന് തേജോമാരു പറയുന്നതിന് അർത്ഥമുണ്ട്. രണ്ടു കാര്യങ്ങളാണ് ആ കാട്ടിൽ ആകസ്മികമായി നടന്നത്. ഒന്ന്, ഒരിണചേരൽ (ബലാത്സംഗം?) മറ്റൊന്ന് ഒരു കൊല. ഭർത്താവിന്റെ പ്രേതം അരുളിയത് അവിടെ ഒരു കൊലയും നടന്നിട്ടില്ലെന്നാണ്. പകരം ഭാര്യയുടെ വഞ്ചനയിൽ മനം നൊന്ത് അയാൾ സ്വയം കുത്തിച്ചാവുകയായിരുന്നു. തേജോമാരു പറഞ്ഞത് താനാണ് ഭർത്താവിനെ കൊന്നത് എന്നാണ്. അതാവട്ടെ ‘അവൾ’ ആവശ്യപ്പെട്ടിട്ടുമാണ്. ഷിമീഡു ക്ഷേത്രത്തിൽ വന്ന് അലമുറയിട്ടു കരഞ്ഞുകൊണ്ട് ഒരു സ്ത്രീ- അവൾ മസാഗോ ആണ്- നിലവിളിച്ചത് ഭർത്താവിന്റെ മുൻപിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട് അപമാനിതയായ തനിക്ക് അയാളുടെ തണുത്ത നോട്ടം സഹിക്കാൻ കഴിയാതെ അയാളെ താൻ തന്നെ കൊന്നതാണെന്നാണ്.. കൂടെ മരിക്കണമെന്ന് അവൾ ആഗ്രഹിച്ചു പക്ഷേ സാധിച്ചില്ല. സിനിമ കറുപ്പിലും വെളുപ്പിലുമായതു കൊണ്ട് അതിൽ കാണാൻ കഴിയാത്ത ഒരു കാര്യം കഥയിലുണ്ട്. അത് ഭർത്താവിന്റെയും കൊള്ളക്കാരന്റെയും കിമോണകൾ നീല നിറത്തിലുള്ളവയാണെന്നതാണ്. മറ്റൊരു ദുരൂഹത വിറകുവെട്ടിയുടെ സാക്ഷിമൊഴിയിലുണ്ട്. ഒരാൾക്കുപോലും നടന്നുപോകാൻ പറ്റാതെ ഇടതിങ്ങിയതാണ് കാട്. അവിടെ ഒരു കുതിരയ്ക്കു പോവുക സാധ്യമല്ല. തേജോമാരുവിനൊപ്പം അവൾ കാട്ടിനുള്ളിലേയ്ക്ക് നടന്നു പോവുകയായിരുന്നു എന്നൊരു സൂചന വായിക്കാം ഇതിൽ.
തായ്ലാന്റ് സംവിധായകൻ പെനെക് രത്തനരുംഗിന്റെ ‘നിംഫ്’ എന്ന ചിത്രത്തിലേയ്ക്ക് റാഷമോണിൽ നിന്നും ഒരു ഇടവഴിയുണ്ട്. നിംഫിൽ ത്രികോണബന്ധമാണ് പ്രമേയം. ഫോട്ടോഗ്രാഫറായ നോപ്പുമായുള്ള ബന്ധം തകരാറിലായ നിലയ്ക്കാണ് നാം നായികയായ മേ-യെ സിനിമയിൽ കാണുന്നത്. പതിവിനു വിപരീതമായി അതീവ സൌമ്യനാണീ നോപ്പ്. അവൾക്ക് തന്റെ ബോസായ ഗോണുമായുള്ള വേഴ്ചയാണ് അവരുടെ ബന്ധത്തെ ബാധിച്ചിരിക്കുന്നത്. അത് അയാളുടെ വിവാഹബന്ധത്തെയും മോചനത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. മേയും നോപ്പും ഒരിക്കൽ കാടു സന്ദർശിക്കുന്നതോടെ കാര്യങ്ങൾ മാറുന്നു. കാട്ടിലെവിടെയോ നഷ്ടപ്പെട്ട നോപ്പ് ദിവസങ്ങൾക്കു ശേഷമാണ് മടങ്ങി വരുന്നത്. അതവരുടെ ജീവിതത്തെ മാറ്റി. സിനിമയുടെ തുടക്കം ഒരു ബലാത്സംഗത്തിലാണ്. ക്യാമറ കാടിനുള്ളിൽ വല്ലാതെ ചുറ്റി തിരിയുന്ന നിലയിൽ പ്രേക്ഷകരെ മൂകസാക്ഷികളാക്കി മാറ്റി നിർത്തുന്നു. ബലാത്സംഗത്തിനുമാത്രമല്ല, അതിനു മുതിർന്നവർ രണ്ടുപേരും വെള്ളത്തിൽ മരിച്ചു കിടക്കുന്നതുകൂടി കാണിച്ചിട്ടാണ് ക്യാമറ നോപ്പിലേയ്ക്കെത്തുന്നത്. ഗോണിനെയും മേയെയും പറഞ്ഞയച്ചിട്ട് നഗ്നനായി കാട്ടിനുള്ളിലേയ്ക്ക് മറയുന്ന നോപ്പിൽ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഒരു മരം ‘നിംഫ്’ എന്ന സിനിമയുടെ ആഖ്യാനത്തിന്റെ കേന്ദ്രസ്ഥലത്തുണ്ട്. നാഗരികമായ ആകുലതകളെ കെട്ടഴിച്ചു വിടുന്ന സ്വാന്ത്വനമാണ് നിംഫിലെ കാട്. ആദിമവും പ്രാകൃതവും ആയ വാസനകളുടെ കേന്ദ്രം എന്ന നിലയ്ക്കാണ് കാട് ആവിഷ്കാരം നേടുന്നതെന്ന സങ്കല്പം ഇവിടെ തലകുത്തി നിൽക്കുകയാണ്. അതെപ്പോഴും അങ്ങനെയാവണമെന്നില്ല. കുമാരനാശാന്റെ സിംഹപ്രസവം എന്ന കവിതയിലെ കാട് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഭൂപ്രദേശമാണ്. വാസനകളെ അഴിയ്ക്കുള്ളിലിടുന്ന നാടെന്ന കൂടിന്റെ നേരെ വിപരീതം. പാശ്ചാത്യചിന്തയിൽ ഇതിങ്ങനെയാവില്ലെന്നതിന് ചലച്ചിത്രത്തിൽ നിന്നുള്ള ഉദാഹരണം ലാർസ് വോൺ ട്രിയറുടെ ആന്റിക്രൈസ്റ്റ് തന്നെ. അതിലെ ഏദൻ നിഷ്കളങ്കമായ വാസനകളുടെ സ്വർഗീയസ്ഥലമല്ലെന്ന് നടുക്കത്തോടെയാണു നാം തിരിച്ചറിയുന്നത്. ഒരു മരം അവിടെയും കേന്ദ്രസ്ഥാനത്തുണ്ട്. പോസ്റ്ററിൽ നഗ്നമായ ശരീരങ്ങൾ ഇഴയുന്ന വേരുകൾ പോലെ പിണഞ്ഞു കിടക്കുന്ന ഒന്നാണത്. ആന്റിക്രൈസ്റ്റിലെ ഏദൻ ഒരു മനഃസംഭവം (സൈക്കിക് ഇൻസിഡന്റ്) ആണെങ്കിൽ അതിലെ കാടിനു വരുന്ന അർത്ഥമൂല്യം പ്രകമ്പനശേഷിയുള്ളതാണ്. മനസ്സിന്റെ ഇരുണ്ടവനസ്ഥലികൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എത്രപ്രാകൃതമായ വാസനകളാണെന്ന് പറയാനാണത്. എന്നാൽ അതല്ല പൌരസ്ത്യമായ അബോധം. പരാമർശിക്കപ്പെട്ട മൂന്നു സിനിമകളെയും കൂട്ടിയിണക്കുന്ന മറ്റൊരു കാര്യകൂടിയുണ്ട്. ആഴത്തിൽ അവ പരിപാലിക്കുന്ന കുറ്റബോധങ്ങളാണവ. നഗരത്തിന്റെ/ പരിഷ്കൃതജീവിതത്തിന്റെ ധാരണകൾ വച്ചുകൊണ്ടാണ് ഈ ബോധത്തെ മനസ്സ് നെയ്തെടുക്കുന്നത്. അതുകൊണ്ട് കൂട്ടിലടച്ച ‘മൃഗത്തെ’ തുറന്നു വിടാൻ എന്നവണ്ണം ഒരു തുറസ്സ് ആവശ്യമായി വരുന്നു. ഫലത്തിൽ അതാണ് കാട്. വാസനകളെ പരിഷ്കരിക്കണോ ഒളിപ്പിച്ചു വയ്ക്കണോ എന്നതാണ് കാതലായ ചോദ്യം. അതിന്റെ മുന്നിൽ നിന്ന് സർഗാത്മകഭാവനങ്ങൾ ചില ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ് പ്രമേയമായി നാം വായിക്കുന്നത്.
അനു :
മലയാളത്തിന്റെ തനതു നാടകമായ നളചരിതം ആട്ടക്കഥയിൽ, കാട്ടിൽ വച്ചുള്ള നളന്റെ പെരുമാറ്റം പ്രത്യേകം ശ്രദ്ധേയമാണ്. അക്ഷങ്ങൾ പക്ഷികളായി വന്ന് ഉടയാട കൊത്തിപ്പറന്നതിനു ശേഷം അയാൾ നഗ്നനാണ്. ഉറങ്ങിക്കിടക്കുന്ന സാധുവായ ദമയന്തിയുടെ വസ്ത്രം കീറിയെടുത്ത് അവളെയും നഗ്നയാക്കി കാട്ടിൽ അനാഥയാക്കി ഉപേക്ഷിച്ചുപോകാൻ ഒരു മടിയും ഉണ്ടായില്ല ആര്യപുത്രന്. കാട്ടാളനാവട്ടേ മറ്റൊരു തേജോമാരുവും. മൂടുപടം മാറി മുഖം ഒരു നോക്കു കണ്ടതിൽ പിന്നെയാണ് ഭർത്താവിനെ കൊന്നിട്ടാണെങ്കിലും ഇവളെ പ്രാപിക്കണം എന്ന് അകുതഗാവയുടെ കൊള്ളക്കാരനു തോന്നിയത്. കാട് ലമ്പടത്വത്തിന് വിളയാടാനുള്ള വേദിയാണെന്നതിന് ദുഷ്യന്തനും ഒരു തെളിവാണല്ലോ. കാടിന്റെ നിഷ്കളങ്കത്വത്തിലേയ്ക്ക് നഗരത്തിന്റെ ഇരച്ചുകയറൽ. കാര്യങ്ങൾ തകിടം മറിയുന്നു, പ്രലോഭനങ്ങളാണ് ഈ ഇരച്ചു കയറ്റം. നാടു തന്നെയാണ് കൊടുങ്കാടെന്നും പറഞ്ഞ് നളന്റെ ഒരു ആത്മഗതമുണ്ട് നളചരിതം മൂന്നാം ദിവസത്തിൽ. ‘ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.’ നളചരിതത്തിനു വ്യാഖ്യാനമെഴുതിയപ്പോൾ ഏ ആർ രാജരാജവർമ്മ നൽകിയ പേര് അർത്ഥഗർഭമാണ്, ‘കാന്താരതാരകം’. കാട്ടിലെ നക്ഷത്രം എന്ന്. വഴിയറിയാതെ പെട്ടുപോകാതിരിക്കാൻ ഒരു ദിശാസൂചി എന്ന നിലയ്ക്കും ‘സ്ഫുടതാരകളുണ്ട് കൂരിരുട്ടിലും.. എന്ന നിലയ്ക്കും താരകം നിൽക്കുന്നു. ആളുകൾ പറഞ്ഞു നടക്കുന്നതുപോലെ കോട്ടയം കേരളവർമ്മ ‘കാടേ നമുക്കു ഗതി’ എന്ന് അത്ര വിഷമിച്ചു പറഞ്ഞതായിരിക്കുമോ എന്നാണിപ്പോഴത്തെ സംശയം ...
Subscribe to:
Post Comments (Atom)
8 comments:
പിടിച്ചു ഇത്.
"ആളുകള്‍ പറഞ്ഞു നടക്കുന്നതുപോലെ കോട്ടയം കേരളവര്‍മ്മ ‘കാടേ നമുക്കു ഗതി’ എന്ന് അത്ര വിഷമിച്ചു പറഞ്ഞതായിരിക്കുമോ എന്നാണിപ്പോഴത്തെ സംശയം ... "
ഇത് അതിലേറെ പിടിച്ചു.
-സു-
നന്നായിരിക്കുന്നു...
കാട്ടില്‍ വെച്ചു തന്നെയല്ലേ ജയദ്രഥന്‍ വകുപ്പില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും, തേരില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും...
മാനിയാം രാമന്‍ പെണ്ണിനെ കൊന്നതും; ബാലിയെ ചതിച്ചമ്പെയാന്‍ പോലും ഒരു മരത്തിന്റെ മറവ് വേണമാഅയിരുന്നു(ഒരുമരം ഒരു കാവാവില്ലെന്കിലും)
സത്വഗുണ ലക്ഷ്മണന്‍ മുലയറുത്തതും...
അനുജനെ കാമാര്‍ത്ഥിയായും, രാക്ഷസനെ സന്യാസിയായും സീത ധരിച്ചതും... മലയാളി ലൈമ്ഗികതയുടെ വിഷഭീതിയുടെ നിറക്കൂട്ടു സന്കല്പ്പം മുഴുവന്‍ കാവും, കാടുമല്ലേ?
കാടിന്റെ മനോഹാരിതയിലെപ്പോഴോ മരണം മണക്കുന്നതുകൊണ്ടല്ലേ 'ഇനിയും ജീവിതയാത്ര തുടരേണ്ടതുണ്ട്' എന്ന് കവിയ്ക്ക് പറയേണ്ടി വരുന്നത്?
ഇത് വായിച്ച് റാഷൊമോന്‍ ഒന്നൂടെ കാണാണ്‍ പോകുന്നു
എങ്കില്‍ വെള്ളെഴുത്തേ നിങ്ങള്‍ തീര്‍ച്ചയായും റായുടെ അരണ്യേര്‍ ദിന്‍രാത്രിയും കാണണം. നഗരം കാട് ദ്വന്ദത്തിന്റെ സുന്ദരമായ ആ ആവിഷ്കാരത്തില്‍ ഇതില്‍ പറഞ്ഞ പലതും പ്രതിഫലിക്കുന്നതു കാണാം.
അതെ, റാഷമോൺ ഒരിക്കൾക്കുടി കാണാൻ തോന്നുന്നു.
കാടിനേപ്പറ്റി വളരെ ശ്രദ്ദേയമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് വെർണർ ഹെർസോഗ്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ആമസോണിന്റെ വന്യതയിലാണല്ലോ ചിത്രീകരിച്ചിട്ടുള്ളത്. അദ്ദേഹം ഒരിടത്ത് അഭിപ്രായപ്പെടുകയുണ്ടായി: And why we watch the animals in their choice of being? In their grace and ferociousness? A thought becomes more and more clear that it is not so much of looking at wild nature, as it is inside at ourselves, our nature
ഗ്രിസ്ലി എന്ന അപൂർവ്വവും ആക്രമണകാരിയുമായ കരടിയിനത്തിനെ തേടി കൊടും കാട്ടിലെത്തി അവിടെ അവയോടൊത്ത് ജീവിച്ച് അവസാനം ഗ്രിസ്ലി കരടികളുടെ തന്നെ ഭക്ഷണമായിത്തീരുവാൻ വിധിക്കപ്പെട്ട തിമോത്തി ട്രേഡ്‌വെല്ലിനേക്കുറിച്ച് ഹെർസോഗ് എടുത്ത "Grizzly Man" എന്ന ചിത്രം കാണുക. ചിത്രത്തിൽ ഹെർസോഗ് പറയുന്നു: What haunts me is that in all the faces of all the bears that Treadwell ever filmed, I discover no kinship, no understanding, no mercy. I see only the overwhelming indifference of nature. To me, there is no such thing as a secret world of the bears, and its blank stare speaks only of a half-boiled interest in food
ലക്ഷ്മണന് സത്വഗുണമായിരുന്നോ? ആ.. ആൾ ക്ഷിപ്രകോപിയായിരുന്നത് കടുത്ത ഡിപ്രഷൻ കൊണ്ടാകാൻ സാധ്യതയുണ്ട്.ആരണ്യേർ ദിനരാത്രി കണിട്ടില്ല.. കാണുന്നുണ്ട്..കാടിനുൾലിൽ വച്ച് ആദ്യമായി സിനിമ ചിത്രീകരിച്ച വ്യക്തി എന്ന ക്രെഡിറ്റുണ്ടല്ലേ ഹെർസോഗിന്..? ഹെർസോഗിനെയും കിൻസ്കിയെയും മറന്നതല്ല. വേറൊരു പോസ്റ്റിൽ അവർ വന്നുപോയി.. അവർ നഗരത്തിനകത്തെ കാടാണ്.. ശരിയാണ്..
Post a Comment