March 28, 2010

വേനൽക്കാല സന്ധ്യയ്ക്ക് സങ്കീർത്തനങ്ങളുമായി, ജാലകത്തിനരുകിൽ 2



- യഹൂദാ അമിക്കായി (ഹീബ്രു കവിത)

പൊയ്പോയകാലത്തെ
അടുത്തുവച്ച് ചികയുകയാണ്.

എന്റെ പ്രാണൻ ഉള്ളിൽ പിടയുന്നത്,

മഹായുദ്ധങ്ങൾക്കു മുൻപുള്ള
ശതാബ്ദത്തിലെ
ആ പഴയ ആത്മാക്കളെപ്പോലെയും
തുറന്നിട്ട ജാലകത്തിലൂടെ സ്വാതന്ത്ര്യം പിടിച്ചെടുത്ത്
പറന്നുപോകാൻ കുതറുന്ന തിരശ്ശീലയെപ്പോലെയുമാകുന്നു.

ചെറു നിശ്വാസങ്ങളാൽ
നാം നമ്മെ ആശ്വസിപ്പിക്കുന്നു.
ഓരോ ഓട്ടത്തിനു ശേഷവും
എത്ര വേഗം കിതപ്പാറുന്നു.
ആരോഗ്യത്തോടെ
ഹൃദയപൂർവം
മരണത്തിലെത്താൻ
നാം കൊതിക്കുന്നു.
തൂക്കുക്കയറിലേറും മുൻപ്
പൂർണ്ണമായും സുഖപ്പെടുത്താൻ
ന്യായാധിപർ നിഷ്കർഷിച്ച
മുറിവേറ്റ
കൊലയാളിയെ പോലെ.

ഞാൻ ആലോചിക്കുകയാണ് :
തളം കെട്ടിയ ജലത്തിന്
കേവലമൊരു രാത്രിയുടെ നിശ്ചലതയെ
നൽകാൻ കഴിയുമോ?
മരുഭൂവിനേക്കാൾ വിസ്തൃതമായ
പച്ചപുൽത്തകിടികൾക്ക്
വെറും ഒരു നാഴികയുടെ
നിശ്ശബ്ദത നിർമ്മിക്കാൻ കഴിയുമോ?
മൃതിയുടെ നിഴൽ വീണ താഴ്വാരങ്ങൾ
എത്ര നമുക്കു വേണം,
തിളച്ചു തൂവുന്ന സൂര്യനു താഴെ
ആർദ്രമായൊരു തണലു വീഴ്ത്താൻ?

ജാലകത്തിനു പുറത്തേയ്ക്കു നോക്കുമ്പോൾ,
നൂറ്റൻപതു സങ്കീർത്തനങ്ങൾ
നാട്ടുവെളിച്ചത്തിലൂടെ കടന്നുപോകുന്നു.
വലുതും ചെറുതുമായ
നൂറ്റൻപതു സങ്കീർത്തനങ്ങൾ.
എത്ര മഹത്തും
തേജോമയവും
ക്ഷണികമായ
ഒരു കൂട്ടം !

ഞാൻ പറയുന്നു :
ജാലകം ദൈവമാണ്.
വാതിൽ അവന്റെ പ്രവാചകനും.

- യഹൂദ അമിക്കായി (1924 - 2000)

അനു :
കാലിക്കോസെൻ‌ട്രിക്കിന്റെയും ലതീഷിന്റെയും നിർദ്ദേശമനുസരിച്ച് മാറ്റി എഴുതിയ പരിഭാഷയാണിത്. പഴയത് മറ്റൊരു പോസ്റ്റായി നിലനിർത്തുന്നത് ഒരു താരത‌മ്യത്തിനായാണ്. വിവർത്തനം കേവലമൊരു വാക്കിന്റെ പകരം വയ്പ്പല്ല, മറിച്ച്, ഒരാശത്തെ പിന്തുടരലാണ്. അതൊരു വായനയാണ്. നെരൂദയുടെ ‘I can write saddest poem tonight' എന്ന കവിതയുടെ ആദ്യവരികൾ ചുള്ളിക്കാട് വിവർത്തനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായ അർത്ഥത്തിലാണ് സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയത്. “രാവുചിതറിത്തെറിച്ചുപോയ്, നീലിച്ച താരകള്‍ ദൂരെ വിറയ്ക്കുന്നു’ ഇങ്ങനെ മാരുതന്‍ പാടുന്നു” എന്ന സച്ചിദാനന്ദന്റെ വരികൾ ചുള്ളിക്കാടിൽ “ ശിഥിലമായ് രാത്രി, നീലനക്ഷത്രങ്ങൾ അകലെയായ് വിറകൊള്ളുന്നു - ഇങ്ങനെ.” എന്നായി. അതായത്. ആദ്യത്തേതിൽ കാറ്റു പാടുകയാണ്. രണ്ടാമത്തേതിൽ കവി തനിക്കെഴുതാൻ കഴിയുന്ന വരികൾ എന്താണെന്ന് പറയുകയാണ്.. എന്തു വ്യത്യാസം ! അതുകൊണ്ടാണ് പരിഭാഷ വായനയുടെ പ്രശ്നമാണെന്ന് പറയുന്നത്. സ്രോതഭാഷ അറിയാത്തവർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള സംഗതി എന്ന നിലയ്ക്കല്ല, സ്വന്തംഭാഷയുടെ ശേഷിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനു വഴിയൊരുക്കുന്നത് എന്ന നിലയ്ക്കാണ് പരിഭാഷകളെ കാണുന്നത്. അതുകൊണ്ട് അതു നിരന്തരമായി സംഭവിക്കേണ്ടതുണ്ട്.. പലയിടത്തായി. നിരന്തരം തിരുത്തി എഴുതപ്പെടേണ്ടതുണ്ട്...
പ്രത്യേക നന്ദി, കാലിക്കോയ്ക്കും ലതീഷിനും.

5 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Calicocentric കാലിക്കോസെന്‍ട്രിക് said...

ഇവിടെ നമ്മളാരും മനസ്സിലാക്കിയതല്ല കാര്യമെന്ന് വിക്കിപീഡിയ റെഫ് ഡെസ്കിലെ ഈ മറുപടിയില്‍‌നിന്നു മനസ്സിലാവുന്നു.
ഇവിടെ നോക്കുക
കവിതയുടെ തലക്കെട്ടു നമ്മള്‍ മറന്നുപോയി. psalms വായിക്കുകയാണ്. അതിന് ചരിത്രപരമായ പശ്ചാത്തലവുമുണ്ട്. അതും അനോനിമസ് ആയി മറുപടി പറഞ്ഞ ആ വി പീ എഡിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. മഹായുദ്ധങ്ങൾക്കു മുൻപുള്ള ശതാബ്ദത്തിലെ
ആ പഴയ ആത്മാക്കളാരെന്നു മനസ്സിലാവുന്നതോടെ കാവ്യം കുറെക്കൂടി ലളിതമാവുന്നുണ്ട്. ച്ചിരി commonplace ഉം.

വെള്ളെഴുത്ത് said...

കവിതയിലത്രയൊക്കെ ഉണ്ടെന്നറിയാനെങ്കിലും ഉപകരിക്കുന്നല്ലോ.. ‘തലക്കെട്ട്’ ഞാൻ മറന്നിട്ടില്ലായിരുന്നു.. ഭൂതകാലത്തെ വിടാം എന്നൊരു മട്ടാണ് കവിതയ്ക്കുള്ളെതെന്ന തോന്നലായിരുന്നു ആദ്യം. സങ്കീർത്തനങ്ങൾ എന്നത് ഭക്തിപൂർവമാണൊ അതോ പരിഹാസത്തോടെയാണോ (മതപരമായ പശ്ചാത്തലവും വിദ്യാഭ്യാസവും യഹൂദയ്ക്ക് ഉണ്ടായിരുന്നതുകോണ്ട് ബോധപൂർവമല്ല, അബോധ പൂർവം..) എന്നു വ്യക്തമായിരുന്നില്ല. പിടയുന്ന ആത്മാക്കൾ (പത്തൊൻപതാം നൂറ്റാണ്ടിലെ) കോൺസൺ‌ട്രേഷൻ ക്യാമ്പുകളിലെ ജൂതരാണോ? വാതിൽ ദൈവമാകുന്നത്...? ചില കാര്യങ്ങൾ കവിത പിടി തരുന്നില്ല. കവിത ആയതുകൊണ്ടു തന്നെ.

Ranjith chemmad / ചെമ്മാടൻ said...

നന്ദി...

sree said...

ഭക്തി ജൂദായിസത്തില്‍ ദൈവത്തെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സംശയിച്ചും ഒക്കെ ആണെന്ന ഒരു ചരിത്രമുണ്ടല്ലോ, ഇല്ലെ? ( book of job ഓര്‍ക്കുക) അങ്ങിനെയാണെങ്കില്‍ ഭൂതകാലത്തെ, മതമുള്‍പ്പടെ (ജനാലയ്ക്കു വെളിയിലുള്ള ഒരു തുടര്‍ച്ച) കുറച്ചുകൂടി ആഴത്തില്‍ ചോദ്യം ചെയ്യുകയാണെന്നു തന്നെ തോന്നുന്നു. കവിക്കാണേല്‍ ഒരു തരം വിചിത്രമായ രീതി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, he brings in metaphors of religion to confront religion. ദൈവം എന്റെ ഹൃദയമുറിവിലൂടെ വെളിയിലേക്ക് നോക്കുന്നു എന്ന് മറ്റെവിടെയോ