July 23, 2008
പാളയിലെ ജലവും കിണറും
കമലിന്റെ പുതിയ ചിത്രം, ‘മിന്നാമിന്നിക്കൂട്ട‘ത്തിലെ റോമയുടെ റോസ് മേരി എന്ന കഥാപാത്രം ഒറ്റയ്ക്ക് ഒരു വീടു വയ്ക്കുന്നുണ്ട്. അത് പൂര്‍ത്തിയാവുന്നതു വരെ ആരും- അവളുടെ അമ്മയും അനുജത്തിമാരും കൂട്ടുകാരും ഒന്നും- അതു കാണുന്നില്ല. അത്രയ്ക്ക് സ്വകാര്യമായ ഒരു സ്വപ്നത്തെ തനിയെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച് അവള് വിജയിക്കുന്നതും കൂടിയാണ് സിനിമയുടെ ശുഭപര്യവസായിത. അവള്‍ക്ക് അതിദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലമുണ്ട്. ഉള്‍നാട്ടിലൊരിടത്ത് കഷ്ടപ്പെടുന്ന വിധവയായ അമ്മയെയും ബോര്‍ഡിംഗിലെ അനുജത്തിമാരെയും പട്ടണത്തിലേയ്ക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് അവള്‍ക്ക് ഈ വീട്. പക്ഷേ മെട്രോയിലെ ജീവിതത്തില്‍ അവള് തന്റെ ഭൂതകാലത്തെ മറച്ചു. അമ്മയെ അമേരിക്കയില്‍ നിന്ന് ഡോളറുകള്‍ അയക്കുന്ന പരിഷ്കാരിയാക്കി. തമാശ പറഞ്ഞ് ചാടി തുള്ളി നടന്നു. അവളുടെ കാമുകന് പോലും അവളുടെ സ്വപ്ന മന്ദിരം പൂര്‍ത്തിയാവുന്നതു വരെ അതൊന്നു എത്തിനോക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ, ജനപ്രിയ സിനിമയിലെ പതിവനുസരിച്ച് അവളെ സഹായിക്കുന്നത്!
സമകാല കേരളീയ ജീവിതത്തിന് അത്ര പെട്ടെന്ന് വിഴുങ്ങാവുന്ന കാര്യമല്ല, കമല്‍ റോസ് മേരിയുടെ ഉപകഥയിലൂടെ പറയുന്നത്. വീടു പൂര്‍ത്തിയാവുന്നതിനു വേണ്ടി അവള് കാട്ടിക്കൂട്ടുന്ന ചടങ്ങുകള്‍ കൂടിച്ചേരുമ്പോഴാണ് പോഴത്തം കൂടുതല്‍ വ്യക്തമാവുന്നത്. വീടു പണിക്കുള്ള ധനം അവള് നേടിയെടുക്കുന്നത് തൊഴിലിനു പുറത്തുള്ള വ്യാപാരത്തില്‍ കൂടിയാണ്. റിയല്‍ എസ്റ്റേറ്റ്. അല്പം മുട്ടിയുരുമി ഇരുന്നുകൊടുത്തിട്ടൊക്കെയാണ് കച്ചവടം ഉറപ്പിക്കുന്നതെന്ന് ഒട്ടൊരു തമാശയിലൂടെ അവള് കൂട്ടുകാരോട് പറയുന്നുണ്ട്. വീടിനു വേണ്ട വൈദ്യുതി കണക്ഷന് ഒപ്പിക്കാന്‍ ഒരിക്കല്‍ മന്ത്രിപുത്രന്റെ കൂട്ടുകാരനോടൊപ്പം കാറില്‍ യാത്രചെയ്യുന്നുമുണ്ട്. സ്വന്തം കൂട്ടുകാരിയ്ക്കു നേരെ ഒരിക്കല്‍ അതിക്രമം കാണിച്ച ശൂരനാണ് ഇവന്. സിനിമയിലെ പൊടി വില്ലന്‍. അതിന്റെ പേരില്‍ കാമുകനുമായുണ്ടായ കശപിശ തമാശയില്‍ തന്നെ അവസാനിച്ചു. റോസ് മേരിയ്ക്കു ചുറ്റും രഹസ്യത്തിന്റെ ഒരു ആവരണമുണ്ട്. അതു അഴിച്ചുകളയുക എന്നത് സിനിമയുടെയല്ല, കാഴ്ചക്കാരുടെ ആവശ്യമാണ് കഥാഗതിയെ ശുഭാന്ത്യത്തില്‍ കൊണ്ടെത്തിക്കുന്നത്. അതാവട്ടേ സാമ്പ്രദായിക രീതിയനുസരിച്ച് റോസ് മേരിയുടെ പരിശുദ്ധിയെ അരക്കെട്ടുറപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. അത്രയും സംശുദ്ധയായ (ഒപ്പം സ്മാര്‍ട്ടും) അവളെ സംശയിച്ചുപോയതില്‍ മാണിക്കുഞ്ഞുമാത്രമല്ല, തിയേറ്ററിലിരുന്നു മിഴിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ പൈങ്കിളിക്കുഞ്ഞുങ്ങളും നെടുവീര്‍പ്പിടും. പക്ഷേ ധാരാളം കള്ളം പറയുന്ന റോസ് മേരി (പുളുമേരി എന്നൊരു പേരു തന്നെയുണ്ടവള്‍ക്ക്)യ്ക്കൊപ്പം നിന്ന് സിനിമ നമ്മളോട് ഒരു കള്ളം പറയുകയായിരുന്നില്ലേ?
തന്റെ വീട് എന്ന സ്വപ്നം സാക്ഷാത്താവാന്‍ റോസ് മേരി മുട്ടിയുരുമിയിരിക്കുന്ന രണ്ടുപേര്‍, ആഭ്യന്തരമന്ത്രിയോടു പോലും അഗാധമായ അടുപ്പമുള്ള പണച്ചാക്ക് കോണ്ട്രാക്ടര്, മന്ത്രി പുത്രന്റെ കൂട്ടുകാരനും വിടത്തം രക്തത്തിലുള്ളവനുമായ പയ്യനും സമ്പത്ത്, അധികാരം എന്നീ രണ്ടു അനിവാര്യതകളുടെ പ്രത്യക്ഷമായ പ്രതീകങ്ങളാണ്. രണ്ടിനും പൊതുവായുള്ളത് സ്വാധീനവും. കേരളത്തിന്റെ സമകാല ജീവിതത്തില്‍ സാമൂഹികമായ മേല്‍ക്കോയ്മ രൂപീകരിക്കുന്നതില്‍ ഈ നവീനമൂല്യങ്ങള്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. എന്നാല്‍ സിനിമയില്‍ ഇവര്‍ ശുദ്ധവിഡ്ഢികളാണ്. വെറുമൊരു സ്പര്‍ശത്തിനായി അത്ര നല്ലവരൊന്നുമല്ലെന്ന് ബോഡെഴുതി കഴുത്തില്‍ കെട്ടി തൂക്കിയിട്ടുള്ള ഇവര്‍ റോസിനു ചെയ്തു കൊടുക്കുന്ന സേവനം ചെറുതല്ല. മുട്ടിയുരുമി....അത്രേയുള്ളൂ എന്നു അവള് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അത്രേയുള്ളോ? അതു കഴിഞ്ഞ് പൊടിയും തട്ടി പോകുന്നത്ര ശുദ്ധഗതിക്കാരായിരിക്കുമോ ഇവര്‍? രണ്ടാമത്തെ സംഗതി ഒരു മെട്രോനഗരത്തില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള റോസിന്റെ ധനസ്രോതസ്സ് അവളുടെ കള്ളങ്ങള്‍ പോലെ തന്നെ ധൂമിലമാണെന്നതാണ്. ആരുടെയും സഹായമില്ലാതെ ഒരു സുപ്രഭാതത്തില്‍ അച്ചനു വന്നു വെഞ്ചെരിക്കാനായി വീടു റെഡിയാവുന്നു. ആരോ മയില്‍പ്പീലി ഉഴിഞ്ഞു !
സമൂഹത്തിന്റെ ചില അബോധപ്രേരണകള്‍ ജനപ്രിയസിനിമകള്‍ ആവിഷ്കരിക്കുന്ന രീതി ആലോചിച്ചാല്‍ രസകരമാണ്. ‘അദ്ഭുതദ്വീപി‘ല്‍ ആണുങ്ങളെ ചുമക്കുന്ന പെണ്ണുങ്ങളെ നാം കൌതുകത്തോടെ കണ്ടു. അതിന്റെ സൌന്ദര്യപരമായ അംശം (കുള്ളത്തിപ്പെണ്ണുങ്ങളായിരുന്നെങ്കില്‍ സിനിമ ആരു കാണും?) നീക്കിവച്ചാല്‍ സമകാലിക സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥയെയും അതൃപ്തിയെയും സംബന്ധിക്കുന്ന ചില കൌതുകക്കാഴ്ചകള്‍ ആ രൂപകത്തിലുണ്ടെന്ന് എളുപ്പം തിരിച്ചറിയാനാവും. നാടിനെ വിറപ്പിക്കുന്ന ഊച്ചാളിയുടെ മടിക്കുത്തിലുണ്ടായിരുന്നത് പാക്കുപോലും ചുരണ്ടാന്‍ കൊള്ളാത്ത കൊച്ചു പിച്ചാത്തിയാണെന്ന് ‘നരനി‘ല്‍ വെളിവാക്കുന്നത് ഒരു സ്ത്രീ തന്നെയാണ്. വിവാഹത്തെ അയാള്‍ ഭയക്കുന്നു. ഒപ്പം ഒരു വേശ്യയ്ക്ക് കാവലു കിടക്കുന്നതും ചേര്‍ത്തു വായിക്കുമ്പോള്‍ ഈ പിച്ചാത്തി കൃത്യമായ അര്‍ത്ഥാന്തരങ്ങള്‍ കൈയാളുന്ന ദൃശ്യരൂപകമാവും. പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന് സന്ദര്‍ഭോചിതമായി ഒരു ആത്മഗതവുമുണ്ട്, അതില്‍. പലതരത്തിലുള്ള ആണ്‍പേടികളെ വെള്ളപൂശിയും ന്യായീകരിച്ചും ആഘോഷിച്ചിരുന്ന മലയാളസിനിമ അതിന്റെ ചിട്ടവട്ടങ്ങളില്‍ ഒരു പൊളിച്ചെഴുത്തും വരുത്താതെ തന്നെ പുതിയ കാലത്തെ അറച്ചറച്ച് സ്വാശീകരിക്കുന്ന രീതി കൂടുതല്‍ ഗൌരവമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. പക്ഷേ ജനപ്രിയസിനിമകളില്‍ പൊതുബോധത്തിനാണ് മുഖ്യസ്ഥാനം. പ്രത്യക്ഷമായ വ്യതിയാനങ്ങള്‍ സിനിമയെ എട്ടു നിലയില്‍ പൊട്ടിയ്ക്കും. അഴിച്ചെടുക്കേണ്ട രൂപകങ്ങളിലൂടെയും ഇരുട്ടടഞ്ഞു കിടക്കുന്ന ദിശാസൂചികളിലൂടെയും സമൂഹത്തിന്റെ യഥാര്‍ത്ഥ ചോദനകളെ ആവിഷ്കരിക്കാതിരിക്കാന്‍ സിനിമയെന്ന മാദ്ധ്യമത്തിന് അപ്പോഴും കഴിയാതെ വരില്ല. ഏറ്റവുമധികം വിലക്കുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന മേഖല ലൈംഗികതയുടേതാകയാല്‍, ഇന്നും നമ്മുടെ സിനിമയിലെ പ്രഥമവും പ്രധാനവുമായ പ്രമേയം ആണ് പെണ് സംയോഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ വിശദാംശങ്ങള്‍ മാത്രമാകയാല്‍, ബോധത്തില്‍ നിഴലായി പതിഞ്ഞു കിടക്കുന്ന ആ വിലക്കപ്പെട്ട ഇരുണ്ടഭൂഖണ്ഡത്തിലേയ്ക്ക് ഒരു നോട്ടം ഇടയ്ക്കെങ്കിലും അയക്കാതിരുന്നാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ റോസ് മേരി നടത്തുന്ന കാര്‍ യാത്രകള്‍ വലിയൊരു നുണയാണ്. സമൂഹമദ്ധ്യത്തിലൂടെ അടച്ചുറപ്പുള്ള കാറിലിരുന്ന് നിരുപദ്രവകരമായ യാത്ര എന്നത് നമ്മുടെ ബോധമനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ഒരു ഒത്തുതീര്‍പ്പ്. റോസ് താന്‍ പോരിമയുള്ള ഒരു പുതിയ സ്ത്രീയാണ്. അരിയുടെ മാര്‍ക്കറ്റ് വില, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവനോട് ചോദിക്കുന്ന സ്ത്രീയില്‍ നിന്ന് പിന്നെയും കുറേ (പിഴച്ച) ചുവടുകളുണ്ട് ഇവളിലെത്താന്‍. ഇവള്‍ക്ക് ഹിതകരമല്ലാത്ത ഭൂതകാലത്തില്‍ (തിരിച്ചറിയല്‍) നിന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ഒരു ലോകത്തിലേയ്ക്ക് (വിശകലനം, വിമോചനം) മാറേണ്ടതുണ്ട്. കൂട്ടുകാരെയും കാമുകനെയുമൊന്നും പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തുന്ന സ്വപ്നമന്ദിര നിര്‍മ്മാണത്തില്‍ അവളെ ആരൊക്കെയോ സഹായിക്കുന്നു എന്നു വ്യക്തം. റോസ് തനിക്കുള്ള വീടാണു വയ്ക്കുന്നത്. ഇതൊരു ചുവടുമാറ്റമാണ്, ‘വഴി’ വിട്ട പോക്കാണ്, (വ്യതിചരണമാണ്, വ്യഭിചാരം ) സ്വച്ഛന്ദതയാണ്. വിവാഹത്തെ ആത്യന്തിക ലക്ഷ്യമായി കാണുകയും ലൈംഗികത ഒരാളിനുമാത്രമായി നിജപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്ന (സഹായം അയാളില്‍ നിന്നു മാത്രം എന്ന) സാമ്പ്രദായിക സ്ത്രീയുടെ വാര്‍പ്പു മാതൃകയല്ല, എന്തായാലും ഈ താന്‍ പോരിമ.
ചിത്രം : സുലേഖാ.കോം
Subscribe to:
Post Comments (Atom)
22 comments:
അരക്കെട്ടുറപ്പിച്ചു എന്നു കണ്ടു, മനപ്പൂര്‍വ്വം അങ്ങനെ എഴുതിയതാണൊ അതൊ ...;)മുഴുവന്‍ വായിച്ചപ്പോള്‍ അങ്ങനെ തോന്നിയതാണ്...!
വെള്ളെഴുത്തിന്റ മനസിലാകുന്ന എഴുത്തുകള്‍. മനോഹരമായ ചിന്തകള്‍.
വെള്ളൂ... ,
പടം കണ്ടിട്ടില്ല...
ദശാവതാരം പോസ്റ്റില്‍ വെള്ളെഴുത്തിന് ഇങ്ങനെ ഒരു കമെന്റ് ഇടുമ്പോള്‍ ഒരു കൊമേഴ്സ്യല്‍ പടത്തെയാണ് അടുത്ത വെള്ളെഴുത്ത് നോട്ടമെന്ന് സ്വപ്നേപി നിരീച്ചില്ല.
സിനിമകളിലെ സാമ്പ്രദായിക ലൈംഗിക൦കന്യകാത്വത്തെ കുറിച്ച് വെള്ളെഴുത്തിന്റെ (ഹൈജാക് ചെയ്യപ്പെട്ട) പഴയ ഒരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു
"നരന്" ഒരുപാടു രൂപകങ്ങള്‍ ഉള്ള ഒരു സംഭവം തന്നെ ആയിരുന്നു. അനാഥത്വത്തിന്റെ ഇത്രയും വിശാലമായ ക്യാന്‍വാസ് ഒരിക്കലും കണ്ടിട്ടില്ല. (ചില പൊടി അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ വളരെ നല്ല ചിത്രമായാണ് നരന് അനുഭവപ്പെട്ടത്)
റോസ് മേരിയില്‍ നിന്ന് മഗ്ദലനമേരിയിലേക്കാണോ അതോ വെര്‍ജിന്‍ മേരിയിലേക്കാണോ എന്ന് കൃത്യമായി അളക്കേണ്ടതുണ്ടോ? വിരല്‍തുമ്പില്‍ പോലും സ്പര്ശിക്കാത മലയാള ഭാവുകത്വത്തിന് ഇത്രയും തന്നെ മാറ്റം വരുന്നത് "വിപ്ലവം" ആയി കാണണം. (ഈ ഗണത്തില്‍ അടുത്തകാലത്ത് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തിയത് "കണ്ണെഴുതി പൊട്ടുംതൊട്ട്"ആയിരുന്നു എന്ന് തോന്നുന്നു)
എംടിക്ക് കൃത്യമായ ഒരു പ്രോട്ടോടൈപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ പരിണയവും, പഞ്ചാഗ്നിയും, കുട്ട്യേടത്തിയും പോലും നമുക്ക് ലഭിക്കില്ലായിരുന്നു :)
-തല്ക്കാലം ഇത്രയും, ബാക്കി പിന്നീട്-
എന്ന് പറയാന്‍ കഴിയുമോ വെള്ളെഴുത്തേ?
എണ്‍പതുകളിലെ എംടി തിരക്കഥകള്‍ ഒന്നോറ്ത്തുനോക്കു
മലയാളം ബ്ലോഗിന്ന് ഇത്രയും വളര്‍ച്ചയേ ഉള്ളൂ എന്ന് വെള്ളെഴുത്ത് രണ്ടു മൂന്നു പോസ്റ്റുകളിലൂടെ പറയുന്നില്ല. സത്യം സത്യം.
ചിത്രം കണ്ടില്ല; കഥ പറഞ്ഞു കേട്ടതേയ്യുള്ളൂ. നല്ല വിശകലനം മാഷേ.
യാരിദേ, അത് അങ്ങനെ എഴുതിയതു തന്നെയാണ്. പപ്പടക്കാര്യം ഓര്‍മ്മിച്ചിട്ടില്ല. കിരണേ വീണ്ടും ചവിട്ട്!ഡിങ്കാ അപ്പോള്‍ ഓര്‍മ്മകള്‍ എല്ലാം ഉണ്ടല്ലേ? റോസ് മേരി എന്താണെന്ന് എന്തായാലും അറിയേണ്ടതുണ്ട്. പുറമ്പൂച്ചിലല്ല നമ്മുടെ ശ്രദ്ധ എന്ന് സ്വയം ബോദ്ധ്യപ്പെടുത്താനെങ്കിലും. ഭൂമിപുത്രി, ഒരു ലേഖനം മാദ്ധ്യമത്തിലുണ്ടായിരുന്നു. ഗീഥയുടെ. പുരുഷപ്പേടിയെ അവ ആവിഷ്കരിക്കുന്ന വിധത്തെപ്പറ്റി. എം ടിയുടെ തിരക്കഥകള്‍ പുനര്‍വായനയ്ക്ക് വിധേയമാവുന്ന കാലമാണ്.ഭൂമിപുത്രി പറഞ്ഞവ ഒന്നു ചൂണ്ടിക്കാണിക്കാമോ, ഓര്‍മ്മയിലൂടെ തിരിച്ചു പോക്ക് സാദ്ധ്യമാവും. ശ്രീ ചിത്രം കണ്ടിട്ട് എന്നെ കൊല്ലാന്‍ വരരുത്. അതത്ര നല്ല ചിത്രമല്ലെന്നാണ് പൊതു അഭിപ്രായം. മീരയുള്ളതിനാല് കുടുംബങ്ങള്‍ക്ക് ഒരു പുറത്തുപോക്കിനുള്ള കാരണമായി. അനോനി...പ്രശംസയാണോ ചവിട്ടാണോ? കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവു കാഴ്ചയ്ക്കൊപ്പം കുറയുന്നോ എന്നു സംശയം!
മുട്ടിയുരുമ്മിയിരുന്നാലല്ല, ഒന്നു രണ്ടു ദിവസം ഒന്നിച്ചു താമസിച്ചാലും, ഞാനിവളെയൊന്നു തൊട്ടു നോക്കിയിട്ടു പോലുമില്ലെന്ന് നായികയെക്കുറിച്ചു പറയിപ്പിച്ചാലല്ലേ, ഇരുട്ടത്തിരിക്കുന്ന ആരാധകന്റെ ശ്വാസം നേരെ വീഴൂ... നായകന് കിട്ടുന്ന സ്ത്രീ ശരീരം, അങ്ങനെ കണ്ട പാച്ചുവിനും കോവാലനും കേറി മേയാനുളളതല്ല.
പ്രതിനായകന് ഉപയോഗിച്ച കാമുകീ ശരീരം നായകന് കിട്ടുന്ന കാഴ്ച കമലിന്റെ തന്നെ അഴകിയ രാവണനിലുണ്ട്. പടം വേണ്ടത്ര വിജയിക്കാത്തതിന് ഒരു കാരണം ഇതായിരുന്നിരിക്കുമോ?
വേറൊന്നു കൂടി, റോസ് മേരിയുടെ കാമുകന്റെ പേര് മാണിക്കുഞ്ഞെന്നല്ലേ, ചാണ്ടിക്കുഞ്ഞെന്നാണോ?
അതോ, രണ്ടായാലും ഒരു യുഡിഎഫ് ചുവയുളളതുകൊണ്ട് ഏതായാലും മതിയെന്നാണോ?
ഒരുകാലത്ത് ഞാന്‍ അന്ധമായി ആരാധിച്ചിരുന്ന എം.ടി.യുടെ സ്ത്രിവിരുദ്ധത ഇന്നെനിയ്ക്കും കാണാന്‍ കഴിയുന്നുണ്ട്
(ഹിസ് ഒണ്‍ലി സേവിങ്ങ് ഗ്രേസ് ഇസ്
‘പഞ്ചാഗ്നി’എന്നും ഞാനും പറയാറുള്ളതാണ്)
പക്ഷെ,ടുബി ഫെയറിനഫ്.ചില
ഐവിശശി ചിത്രങ്ങളിലെ സീമയുടെ കഥാപാത്രങ്ങള്‍ക്ക് എം.ടി പകറ്ന്ന്കൊടുത്ത വ്യക്തിത്വം ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്.ആദ്യം ഓറ്മ്മവരുന്നത് ‘അനുബന്ധം’.
പിന്നെ,‘വിശുദ്ധിഫാക്റ്ററില്’കോമ്പ്രമൈസ് ചെയ്തില്ലെങ്കിലും,‘ആരൂഢം’,‘ആള്‍കൂട്ടത്തില്‍ തനിയെ’‘അക്ഷരങ്ങള്‍’ഒക്കെ,തീരെ ഡിസ്ക്കൌണ്ട് ചെയ്യപ്പെട്ടു പോകരുതെന്നാണെന്റെ
തോന്നല്‍.
കുറെക്കൂടിപുറകോട്ട് സഞ്ചരിച്ചാല്‍,എസ്സെല്‍ പുരത്തിന്റെ ‘അഗ്നിപുത്രി’ഓറ്മ്മിയ്ക്കാതെപറ്റില്ല.
ചോക്ലേറ്റ്നായകനായി ഒട്ടുമുക്കാലും കാലം ജീവിച്ച നസീറിന്,ആ സിനിമയില്‍ ഒരു സെക്സ് വര്‍ക്കറെ ഭാര്യയാക്കാന്‍ ഇമേജൊരു തടസമായില്ല.
അതൊക്കെയല്ലേ നട്ടെല്ല്?
ഇന്നത്തെ സൂപ്പറ്നായകന്മാറ് മസിലുരുട്ടിയും
മീശപിരിച്ചും ആഘോഷിയ്ക്കുന്നത് ആണത്തമാണത്രെ!!
അയ്യൊ! ഓ.ടി ആയിപ്പോയോ?
സോറി!
സിനിമയായാലും സാഹിത്യമായാലും വിശ്വസനീയമായ ഒരു കഥ വേണം. അതു മറന്നുപോകുമ്പോഴാണ് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള സൃഷ്ടികള്‍ ഉണ്ടാകുന്നത്. നന്ദി വെള്ളെഴുത്തെ...
പരുത്തി വീരന് എന്ന തമിഴ് സിനിമയുടെ അവസാനമെന്ത്, എല്ലാവരും കേമമെന്നു പറഞ്ഞതാണ്, മറ്റുള്ളവര്‍ ബലാത്സംഗം ചെയ്ത നായികയെ താനാണ് ബലാത്സംഗം ചെയ്തു കൊന്നത് എന്നാക്കി ജനങ്ങളെ തെറ്റുദ്ധരിപ്പിച്ച് സ്വയം കുറ്റമേറ്റെടുക്കുന്നു , നായികയെ മഹത്വവല്‍ക്കരിക്കുക തന്നെയുള്ളൂ ഏക ലക്ഷ്യം എന്നാലേ മുടക്കിയ പണം പെട്ടിയില്‍ വീഴൂ
namukku veeshaan munthiri veenjukal.....
ഇങ്ങനെയായിരിക്കണം ആസ്വാദകന്റെ ദഹനേന്ദ്രീയം എന്നു തീരുമാനിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ട്.
വ്യവസ്ഥാപിതം മാങ്ങാത്തൊലിയാണെങ്കില് അങ്ങനെ.
സിനിമയിലെ സ്ത്രീ എന്നാല്‍ തൂവാനത്തുമ്പികളിലെ രാധ (പാര്‍വതി). പെണ്ണായാല്‍ അങ്ങനെ വേണമെന്ന് പദ്മരാജനു വരെ അറിയാം.
വെള്ളെഴുത്തെ നല്ല രചന എനിക്ക് തോന്നുന്നു
പത്മരാജനാണ് സ്തിത്വത്തിന് ഏറെ പ്രാമൂഖ്യം കൊടുത്തത് എന്ന്
കെ.ജി.ജോര്‍ജ്ജിനെ മറക്കരുത്,പത്മരാജനും മുന്‍പേ നില്ക്കും ഈയൊരു വകുപ്പില്‍.
‘മറ്റൊരാള്‍’എന്നൊരു സിനിമയുണ്ട്.ഒരോതവണ കാണുമ്പോഴും കൂടുതല്‍ ആഴ്ങ്ങളിലേയ്ക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്ന ഈ സിനിമ വേണ്ടപോലെ ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല.
“ഞാന്‍ ‘മോഡേണ്‍’ ആയി“ എന്നു കാണിക്കാന്‍ മാത്രം കുറേ ചവറുകള്‍ എടുത്തുകൂട്ടിയിട്ടുണ്ട് കമല്‍ . നിറം,നമ്മള് സ്വപ്നക്കൂട് തുടങ്ങി ഇപ്പോള്‍ മിന്നാമിന്നിക്കൂട്ടം വരെ.
ഇരുപതുവര്‍ഷം മുന്‍പ് ക്ലാരയെ എടുത്ത് നമ്മുടെ മുഖത്തേക്കെറിഞ്ഞ് ഞെട്ടിച്ച് പത്മരാജനോളം വളരാന്‍ ഇനിയും ദശാബ്ദങ്ങള്‍ കഴിയണമായിരിക്കും. നമ്മുടെ പ്രപഞ്ചം ഒട്ടിയിരുന്ന് തിരിയുന്നത് ഒരിക്കലും ചീന്താത്ത കന്യാചര്മ്മങ്ങളിലാണല്ലൊ.
abhi, njan oru sadharana thara anoni alla.athu kondu thanne parayatte,nalloru blog aanu thankaludethu.latin american sahithyavum african literaturum poleyulla vishayangal koodi ulppeduthiyal njangalkku upakaramayirikkum.
visit jabberwock it is a great blog of jai arjun singh, a jou rnalist. it is one of the popular blogs in india.
അപ്പോള്‍ ആശയപരമായേ എതിര്‍പ്പുണ്ടായിരുന്നുള്ളൂ.. ഞാന്‍ വിചാരിച്ചു ഞാന്‍ ശത്രുവും എതിര്ചേരിക്കാരനുമൊക്കെയായെന്ന്.....: ) സമാധാനമായി. ഇനിയും ആത്മവിശ്വാസത്തോടെ അടി വയ്ക്കമല്ലോ...
ഭൂമിപുത്രീ, ആ അഗ്നിപുത്രി എന്ന സിനിമ ഓര്‍മ്മയിലൊരിടത്തും ഉണ്ടായിരുന്നില്ല. അതു തപ്പണം. മാരീചാ, പുതിയ പോസ്റ്ററുകളില്‍ വെണ്ടയ്ക്കയെക്കാള്‍ വലിപ്പത്തില്‍ മാണിക്കുഞ്ഞെന്നു കണ്ടിട്ടും അതു ചാണ്ടിക്കുഞ്ഞായി പോയി. അതു തിരുത്തി. ചാണ്ടി എവിടുന്നു വന്നു എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. യോ.. യു ഡി എഫ് അല്ല്ലാ. നചികേതസ്സേ, കളങ്കപ്പെട്ടപ്പെണ്ണ് മരിക്കുകതന്നെ വേണമെന്ന (പാരമ്പര്യ) നിശ്ചയമാണ് പരുത്തിവീരനില്‍ നടപ്പാവുന്നതെന്ന നിരൂപണവും കേട്ടു. നമുക്കു പാര്‍ക്കാന്‍.. വ്യത്യസ്തത്യുള്ള സിനിമയാണ്. പക്ഷേ സൂരജേ, ക്ലാരയെപ്പറ്റി തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അത്ര വിപ്ലവം അതിലുണ്ടായിരുന്നോ എന്നു സംശയം. അവള് ഏതാണിന്റെയും ലൈംഗിക സ്വപ്നമാണ്. ഡിങ്കന് പറഞ്ഞതുപോലെ തൂവാന.. ഫിമെയില്‍ വെര്ജിനിറ്റിയെയല്ല, മെയില്‍ വെര്ജിനിറ്റിയെയാണ് പ്രമേയമാക്കുന്നത്. അപ്പോള്‍ പിമ്പ് സൌമ്യനാവും, കന്യകയെ തന്നെ കന്യകനു കിട്ടും. അവള് മുന്‍കൈയെടുക്കും. അവന്റെ കഴിവിനെ താലോലിക്കും. അവള് ഒരു സ്വപ്നമാണ്.
അനോനീ.. ‘കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ.. എന്നു കേട്ടിട്ടില്ലേ?’ അതാണു പരിശ്രമിക്കുന്നത്.. എന്നിട്ടും എന്തൊരു പാട്.. :) നന്ദി!
"അപ്പോള്‍ ആശയപരമായേ എതിര്‍പ്പുണ്ടായിരുന്നുള്ളൂ.. ഞാന്‍ വിചാരിച്ചു ഞാന്‍ ശത്രുവും എതിര്ചേരിക്കാരനുമൊക്കെയായെന്ന്..."
ഹായ്...ന്താ ന്റെ വെളെഴുത്തേ ദ് ? മ്മളക്കെ ന്താ പാളേ മുള്ളണ പ്രായാ ? മ്മള് പിച്ചും മാന്തും തല്ലൊണ്ടാക്കും..പിന്നേം ഒന്നിച്ച് മാവിലെറിയും മാമ്പഴം കിട്ട്യാ മുറിച്ച് പപ്പാതി വീതോം വയ്ക്കും. ത്ര ന്നെ... ;)
പിന്നെ, ക്ലാര,
ശരിയാണ്. ഒരു രണ്ടാം ചിന്തയില്‍ അതു മെയില്‍ വേര്‍ജിനിറ്റിയുടെ കഥ തന്നെയാണ് എന്നു തെളിഞ്ഞു വരുന്നു. പക്ഷേ 20 വര്‍ഷം മുന്‍പ് അത്രയെങ്കിലും തുടങ്ങിവച്ച മാനസികാവസ്ഥയെ തൊഴാതെ വയ്യ. അതുകൊണ്ടെഴുതിയെന്നേയുള്ളൂ.
കെ.ജി.ജോര്‍ജ്ജിനെ മറന്നു. മൂപ്പര് പത്മരാജന്റെ ചേട്ടനായിട്ട് വരും.
Post a Comment