March 26, 2008
ഓര്‍മ്മകളിലെ തീനാളങ്ങള്‍
സ്വജീവിതാഖ്യാനങ്ങളിലെ ‘ഞാന്‍’ അതിസങ്കീര്‍ണ്ണമായ കര്‍ത്തൃത്വമാണ്. ‘തന്നെ’ കേന്ദ്രമാക്കി നിര്‍ത്തി ചുറ്റുപാടുകളെ വ്യാഖ്യാനിക്കുന്ന താന്പോരിമയാവാം അത്, മറ്റു ചിലപ്പോള്‍ വിനീതനായി മാറിനിന്നുള്ള സത്യസന്ധങ്ങളായ സാക്ഷ്യങ്ങളുമാവാം. രാവണന് കോട്ടയ്ക്കുള്ളിലെന്ന പോലെ നോട്ടങ്ങളും വിശകലനങ്ങളും എതു നിമിഷവും കുഴമറിയാം. ഏതായാലും ‘ഞാന്‍’ എന്ന ബോധത്തെ കീഴ്സ്ഥായിയില്‍ നിര്‍ത്തുന്നതാണ് ആത്മകഥാഖ്യാനങ്ങളെ മികച്ചതാക്കുന്ന ഘടകം എന്നൊരു സാമാന്യധാരണയുണ്ട്. എപ്പോഴും ശരിയാവണമെന്നില്ല, ഈ സങ്കല്പം. സംക്രമണകാലങ്ങളില്‍ സമൂഹത്തിനു മുന്നില്‍ പതാകാവാഹകരായി നടക്കാന്‍ വിധിക്കപ്പെട്ട ധ്രുവനക്ഷത്രങ്ങളുടെ കാര്യങ്ങളില്‍ പ്രത്യേകിച്ചും.
കര്മ്മബഹുലമായി 86 വര്‍ഷം നീണ്ട ഒരു സാര്‍ത്ഥക ജീവിതത്തിന്റെ വിവിധകാലയളവിലെ അലച്ചിലും കടച്ചിലും അടയാളപ്പെടുത്തിയ മൂന്നു ഖണ്ഡങ്ങളാണ് ‘കര്‍മ്മവിപാകം’ എന്ന ആത്മകഥാ സമാഹാരത്തിലുള്ളത്. (1896-ലായിരുന്നു വെള്ളത്തിരുത്തിത്താഴത്ത് രാമന് ഭട്ടതിരിപ്പാട് എന്ന വി ടി യുടെ ജനനം) സത്യത്തിലത് വെവ്വേറെ രചിച്ച് പിന്നീട് കൂട്ടിച്ചേര്‍ത്ത മൂന്നു പുസ്തകങ്ങളുടെ സമവായമാണ് (കണ്ണീരും കിനാവും, ദക്ഷിണായനം, കര്‍മ്മവിപാകം). ‘ആത്മകഥാപരമായ’ എതാനും ലേഖനങ്ങള്‍ എന്നാണ് വി ടി തന്നെ വിനീതനായി ആമുഖത്തില്‍ അവയെ വിളിക്കുന്നത്. ചിതറിക്കിടക്കുന്ന ആ അനുഭവഖണ്ഡങ്ങളുടെ സാമൂഹിക വിവക്ഷകള്‍ക്ക് കാലികമായ നൈരന്തര്യമുണ്ട്. ഭാഷാപരമായ ഉള്ളിണക്കവും. അടുത്തകാലത്ത് അനുഭവകഥനങ്ങള്‍ക്ക് ഇന്നു വന്നുച്ചേര്ന്നിരിക്കുന്ന തരത്തിലുള്ള വിലോഭനീയത ഭാവുകത്വത്തിനു നിറം പകരുന്നതിനു മുന്‍പ് തന്നെ വി ടിയുടെ ആത്മകഥനങ്ങളെ മലയാളി നെഞ്ചേറ്റിയിരുന്നു. സാമൂഹികധാരകളെ വൈയക്തിക സത്തകള്‍ പുഷ്കലമാക്കുന്ന ചരിത്രത്തിന്റെ വഴി കാട്ടിത്തന്നുകൊണ്ടായിരുന്നു അത്. അല്ലാതെ വ്യക്തിനിഷ്ഠമായ അനുഭവത്തിന്റെ അപൂര്‍വത എന്ന ക്ലീഷേയാലല്ല.
എന്നാല്‍ മാറിയകാലം വി ടിയുടെ വ്യക്തിത്വത്തെ ഒരു അപൂര്വതയാക്കാതിരിക്കുന്നില്ല. ചരിത്രത്തിന്റെ നിര്ബന്ധനിമിഷങ്ങള് വളമിട്ടു പുലര്‍ത്തിയ ‘തന്റേടം’ കെട്ടുക്കാഴ്ചയും എടുപ്പുകുതിരകളുമായി ഇന്നുമുണ്ട് സമൂഹത്തില്‍. പക്ഷേ അവലംബിക്കുന്നതു ഇടവഴികളും കുറുക്കുവഴികളുമാണെന്നു മാത്രം. അതറിയാന്‍ നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അനുഭവപാഠങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും തിരിയേണ്ടതുണ്ട് . അതു തന്നെയാണ് വി ടിയുടെ കൃതിയെ നിരന്തരം പ്രസക്തമാക്കുന്ന വാസ്തവവും. മലയാളത്തിലെ എണ്ണം പറഞ്ഞ ആത്മകഥകളുടെ കൂട്ടത്തില്‍ പ്രധാന സ്ഥാനം തന്നെയുണ്ട് ‘കണ്ണീരും കിനാവും‘ എന്ന രചനയ്ക്ക്. വി ടി എന്ന സാമൂഹികസത്തയ്ക്ക് അരങ്ങൊരുങ്ങിയ ചായ്പ്പുകളുടെ രേഖാചിത്രങ്ങളാല്‍ സമൃദ്ധമാണ് ഈ ഭാഗം. സാമൂഹികമാറ്റത്തിന് അക്ഷരചൈതന്യത്തെ സഫലമായി ഉപയോഗിച്ച വ്യക്തി, അക്ഷരപ്പിച്ച നേടിയത്, ശാസ്താംകാവിലെ ശാന്തിപ്പണിക്കിടയില്‍, ഇത്തിരിയോളം പോന്ന ഒരു പെണ്‍കിടാവില്‍ നിന്നുമാണെന്നും അതു തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നെന്നും തുറന്നു പറയുമ്പോള്‍, സ്ഥിരോത്സാഹം സജീവമായ ഒരു കര്‍മ്മമണ്ഡലത്തിന്റെ പണിക്കുറ തീര്ത്തതെങ്ങനെയെന്നുള്ളതിന്റെ അന്യാപദേശയും ആ അനുഭവഖണ്ഡത്തെ വായിക്കാമെന്ന തിരിച്ചറിവിലാണ് നാമെത്തുക. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിനെ പിന്നില്‍ നിന്നു ചക്ക കാണിച്ച വി ടിയിലെ നിഷേധം ഇതുപോലെ തന്നെ നീട്ടിയെടുക്കാവുന്ന രൂപകമാണ്. അവിടെ പാരമ്പര്യത്തിന്റെ ജടിലതകളില്‍ കുടുങ്ങി, വീണ്ടുവിചാരമില്ലാതെ പുലര്‍ന്ന ഒരു മനസ്സിന്റെ പരിവര്‍ത്തനമാണ് നടന്നതെങ്കില്‍ പില്ക്കാലത്ത് അന്ധകാരത്തില്‍ കിടന്നു തപിച്ച ഒരു സമൂഹത്തിന്റെ സമൂല മാറ്റത്തിനു വിളക്കു വച്ചു എന്ന വ്യത്യാസം മാത്രം.
‘കണ്ണീരും കിനാവും’ ആത്മാലാപനപരമാണ്. ‘അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ ചുമലിലിരുന്ന് ഉറക്കം തൂങ്ങുന്ന ജന്മിത്വമായി സ്വയം ഉപദര്‍ശിക്കുകയും ‘ഈ വ്യവസ്ഥിതി മാറിയേ തീരൂ’ എന്ന് ആക്രോശിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഭാഷയുടെ കാവ്യാത്മകത ഒന്നു പ്രത്യേകമാണ്. ഇതില്‍ നിന്ന് പ്രകടമായ വ്യത്യാസമുണ്ട്, ‘ദക്ഷിണായന’ത്തിന്. ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതും സ്വന്തം കര്‍മ്മമണ്ഡലവും ലക്ഷ്യവും സ്വയം നിര്‍ണ്ണീതമായി തീരുന്നതുമാകാം ആഖ്യാനരീതിയെ പോലും മാറ്റി മറിക്കുന്ന ഈ വ്യത്യസ്തതയ്ക്കു കാരണം. ഉപജീവനം തേടി തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയാണ് ‘ദക്ഷിണായനം‘. ബ്രാഹ്മണജീവിതത്തിന്റെ ജീര്‍ണ്ണമുഖം കുറെകൂടി വാസ്തവോക്തിവൈചിത്ര്യം നേടുന്നതിവിടെയാണ്. ശുദ്ധാശുദ്ധങ്ങളെ പ്രശ്നവത്കരിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ഇതില്‍. തിരുവനന്തപുരത്തെ ഊട്ടുപുരയില്‍ കാക്കക്കൊത്തിന്നുകയും തിരിഞ്ഞിരുന്ന് കാഷ്ടിക്കുകയും ചെയ്തതിന്റെ ഉച്ചിഷ്ടം ജാത്യാഭിമാനത്തിന്റെ കൊടി ഉയര്ത്തിപ്പിച്ചിരിക്കുന്ന നമ്പൂതിരിമാര്‍ തന്നെ തിന്ന് ഏമ്പക്കം വിട്ടു പോകുന്നതും ശുദ്ധജലം നിറച്ചു വച്ചിരിക്കുന്ന കല്‍ത്തൊട്ടിയില്‍ വെള്ളം കോരിക്കൊടുക്കാന്‍ നില്ക്കുന്ന ഉണ്ണിനമ്പൂതിരി അതില്‍ തന്നെ മൂത്രമൊഴിക്കാറുണ്ടെന്ന സത്യം തുറന്നു സമ്മതിച്ചതും ഉദാഹരണങ്ങളാണ്. മുറജപത്തിന്റെയും തിരുന്നാളാഘോഷത്തിന്റെയും കലവറയില്ലാത്ത ദക്ഷിണകളും സൌജന്യസദ്യകളുമല്ല, തൃശ്ശിവപേരൂരിലെ യോഗക്ഷേമവും മംഗളോദയവുമാണ് ഒരു വി ടിയെ വാര്‍ത്തെടുത്തത് എന്നതിന്റെ നേര്സാക്ഷ്യവുമിവിടുണ്ട്. 1930-ല്‍ (കൊല്ലം 1105) ഇടക്കുന്നിയിലെ യോഗക്ഷേമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് ചരിത്രത്തിലേയ്ക്കു കടന്ന ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകത്തിന്റെ (പ്രഹസനം എന്നാണ് വി ടി വിളിക്കുന്നത്) ആവിര്‍ഭാവത്തിനു പിന്നിലെ ആകസ്മികതയും നിയോഗവും വരച്ചിട്ടുകൊണ്ടാണ് ‘ദക്ഷിണായനം’ അവസാനിക്കുന്നത്. ഏതു ചരിത്രവിസ്മയങ്ങള്ക്കും അതുണ്ട്.
രചയിതാവിനെ കവച്ചു വയ്ക്കുന്ന പ്രശസ്തി നേടിയെടുത്ത അപൂര്‍വം മലയാള രചനകളില്‍ ഒന്നായി വരുമെങ്കിലും ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ ഒരു പൂമെത്തയായിരുന്നില്ല. നാടകമവതരിപ്പിക്കാന്‍ ഏര്‍പ്പെട്ട കഷ്ടപ്പാടുകള്‍ വിശദമായി തന്നെ വി ടി തുടര്‍ന്ന് ‘കര്മ്മവിപാകത്തില്’ വിവരിക്കുന്നുണ്ട്. ജീവന് വരെ അപകടത്തിലായ സന്ദര്‍ഭങ്ങളെ. അതുമാത്രമല്ല. ബഹുകാര്യവ്യഗ്രനായി സമൂഹത്തിന്റെ ഉച്ചവെയിലില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങി നില്ക്കുന്ന വി ടി യാണ് ‘കര്മ്മവിപാക’ത്തിലെ കാതല്‍. ഇവിടെ സ്വരം ഉച്ചവും വിമര്‍ശനം ശക്തവുമാണ്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലാണ്. നിലപാട് സുവ്യക്തമാണ്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വി ടി ആഹ്വാനം നല്കിയ വിപ്ലവങ്ങള്‍ സ്വജാതി വിവാഹം, ഘോഷാബഹിഷ്കരണം, വിധവാ വിവാഹം, മിശ്രവിവാഹം ഒക്കെ വിശദാംശങ്ങളോടെ ആവിഷ്കാരം നേടുന്നുണ്ട് ഈ ഖണ്ഡത്തില്‍. 1921-ലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വി ടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സില്‍ അംഗമായിട്ടല്ല, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുമില്ല. എങ്കിലും ഉത്കടമായ ദേശീയവികാരത്തിന്റെ അലകളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് വയ്യ എന്ന അവസ്ഥയാണ് വിദ്യാഭ്യാസത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നറിഞ്ഞിട്ടും ദേശാന്തരഗമനത്തിന് വി ടിയിലെ പരിഷ്കര്‍ത്താവിനെ സജ്ജനാക്കിയ ഘടകം. എന്നാല്‍ ‘സഖാവുണ്ണി’ എന്ന ആഖ്യാനത്തിന് ഒരു തൂലികാചിത്രത്തിന്റെ പരിധിയിലൊതുങ്ങാത്ത, വേറിട്ട രാഷ്ട്രീയ ധ്വനികളുണ്ട് എന്ന് ഇന്നു നമുക്ക് തോന്നിക്കൂടായ്കയില്ല.
-------------------------------------------------------------------------------------
കര്‍മ്മവിപാകം
വി ടി ഭട്ടതിരിപ്പാട്
ഡി സി ബുക്സ്
Labels:
പുസ്തകം
Subscribe to:
Post Comments (Atom)
2 comments:
-സംക്രമണകാലങ്ങളില്‍ സമൂഹത്തിനു മുന്നില്‍ പതാകാവാഹകരായി നടക്കാന്‍ വിധിക്കപ്പെട്ട ധ്രുവനക്ഷത്രങ്ങള്‍-
കവിത പോലെ. :)
വി റ്റി അക്ഷരം പഠിച്ച കഥയും മറ്റുചിലഭാഗങ്ങളും പലയിടത്തായി വായിച്ചതോര്‍ക്കുന്നു. അതുപോലെ മറ്റുചില വാഗ്ചിത്രങ്ങളില് നിന്ന് കേരളം കണ്ട ഏറ്റവും മഹാന്മാരായ വിപ്ലവകാരികളിലൊരാളായി ഓര്‍ത്തുവച്ചിട്ടുണ്ട് ആ പേര്. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി മാഷേ. മുഴുവന്‍ വായിക്കണമെന്നുണ്ട്. വഴി നോക്കണം.
Post a Comment