ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാഹിത്യരചനകളെ രൂക്ഷമായ സ്വരത്തില്‍ അപലപിക്കുക എന്ന കര്‍ത്തവ്യമാണ് സാമാന്യേന ‘സാഹിത്യവാരഫലം’ ചെയ്തിരുന്നത്. മലയാളത്തില്‍ ചെറുചലനമെങ്കിലുമുണ്ടാക്കിയ, മെച്ചപ്പെട്ടത് എന്ന നിലയില്‍ പിന്നീട് ചര്‍ച്ചയ്ക്കു വിധേയമായ, കൃതികളെയൊക്കെ അസാമാന്യമായ മെയ്വഴക്കത്തോടെ ‘വാരഫലം’ തള്ളിപ്പറഞ്ഞിരുന്നു. സിതാരയുടെ ‘അഗ്നി’ അതിന് ‘ജുഗുപ്സാവഹ‘മായിരുന്നു. ‘വമനേച്ഛ ഉളവാക്കിയ മറ്റൊരു കഥയാണ്, എന്‍ എസിന്റെ ‘മകള്‍ ഒരു സ്ത്രീ’. സുഭാഷിന്റെ ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം വിലയിരുത്തപ്പെട്ടത് ‘ ശൂ... എന്ന് ചീറ്റിപ്പോയ കഥ’ യായിട്ടാണ്. വളരെ പരിമിതമായ ഭാവുകത്വം കൊണ്ടാണ് കാലികസാഹിത്യം നിരീക്ഷിക്കപ്പെട്ടത്. പേര് സാഹിത്യവാരഫലം എന്നായിരുന്നുവെങ്കിലും വാരാവാരം പ്രത്യക്ഷപ്പെടുന്ന പുതു സാഹിത്യത്തെ കൃത്യമായി വിലയിരുത്തുന്ന പംക്തിയൊന്നുമായിരുന്നില്ലത്. ചില രചനകളെക്കുറിച്ച് വാരഫലം അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദത ശീലിച്ചു. ഒരു കൃതി മോശമാണെന്നു വരുത്തിതീര്‍ക്കാന്‍ ലോകക്ലാസിക്കില്‍ നിന്ന് പ്രത്യക്ഷ ബന്ധമൊന്നുമില്ലാത്ത, ഉദാഹരണങ്ങളെടുത്തു. ചില മൌലിക കൃതികളെ മോഷണക്കുറ്റം ആരോപിച്ചു കെട്ടി താഴ്ത്തി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതം തോന്നും. വേറിട്ട വഴികളെ തിരിച്ചറിയാനോ വരും കാലത്തെ നിര്‍വചിക്കാനോ കഴിയാതെ ഇത്രയധികം ജനപ്രിയതയോടെ ഒരു ‘നിരൂപണ’ പംക്തി എങ്ങനെ ഓടി? അത് തിരിച്ചറിയാനുള്ള കാലദൈര്‍ഘ്യം ഉണ്ടായിരുന്നിട്ടു കൂടി സമൂഹം ബോധപൂര്‍വം ആ വശം അവഗണിച്ചതെങ്ങനെ? വാരികകള്‍ മാറിയിട്ടും വേഷം മാറാത്ത, സാഹിത്യവാരഫലത്തെ ആവേശത്തോടെ കൊണ്ടു നടന്നു വായിച്ച സമൂഹം എന്താണ് സാഹിത്യവാരഫലത്തില്‍ തേടിയിരുന്നത്? പ്രത്യേകിച്ചൊന്നും ചെയ്യാതെ ഒരാളുടെ തലയ്ക്കു മുകളില്‍ കയറിയിരിക്കാനുള്ള കുറുക്കുവഴിയാണ് പരദൂഷണം. കുറ്റം പറച്ചില് നമ്മുടെയുള്ളിലെ അധമബോധത്തെ സംതൃപ്തമാക്കും. വിദ്യാഭ്യാസം നേടിയതോടെ ഇല്ലാത്തത് എന്താണെന്ന് അറിയാം വേണ്ടതെന്താണെന്ന് അറിയില്ല എന്ന മട്ടില്‍, വല്ലാത്തൊരു ഇച്ഛാഭംഗത്തിനു വിധേയരായി തരിച്ചു നില്ക്കുന്ന ജനത്തിനെയാണ് ‘സാഹിത്യവാരഫലം’ ഫലത്തില്‍ അഭിസംബോധനചെയ്തത്. അതിലളിതവത്കരണം എന്ന സംഗതിയെ ഫലപ്രദമായി ആ പംക്തി നടപ്പിലാക്കി. അതുകൊണ്ടൊരു പ്രശ്നമുണ്ട്. വായനയിലൂടെയുള്ള പ്രബുദ്ധത എന്ന ഘടകത്തെ എളുപ്പം റദ്ദു ചെയ്യാം. പൊതു സമൂഹം തങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന, മാറുന്ന പ്രത്യയശാസ്ത്രങ്ങളുടെ സൂക്ഷ്മമായ വശങ്ങള് പിടിച്ചെടുക്കേണ്ടതില്ല, പകരം അവര്‍ക്കു മനസ്സിലാവുന്ന പരിമിതമായ പദാവലിയിലേയ്ക്ക് ഏതു വമ്പന്‍ ആശയത്തെയും ചുരുക്കിക്കെട്ടിക്കൊടുത്താല് മതിയാവും എന്നു നിശ്ചയിക്കപ്പെട്ടു. കൈപിടിച്ചുയര്‍ത്തുക എന്നതിനു പകരം സ്ഥിരമായി കുഴിയില്‍ തന്നെ നിര്ത്തിയിരിക്കുക സന്തോഷിപ്പിക്കാന്‍ ആവശ്യത്തിനുള്ള ഭക്ഷണപ്പൊതികള്‍ കെട്ടിയിറക്കിക്കൊടുക്കുക എന്നു സാരം. കേസരിയെയും എം ഗോവിന്ദനെയും വെറുതേയൊന്ന് ഓര്‍ത്തുനോക്കുക. തകഴിയുടെ റിയലിസവും ചങ്ങമ്പുഴയുടെ കാല്‍പ്പനികതയും മനസ്സിലാക്കാന്‍ കേസരി അരങ്ങൊരുക്കിയിരുന്നു. വിവര്‍ത്തനങ്ങളിലൂടെ. വിദേശഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തലിലൂടെ. ‘ആള്‍ക്കൂട്ടം‘ പോലൊരു പുസ്തകത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ഗോവിന്ദനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അതേ സമയം ഖസാക്കിനെപ്പോലും ഒരു ഹിന്ദി നോവലിന്റെ അനുകരണമെന്നമട്ടില് അവതരിപ്പിക്കുകയാണ് ‘വാരഫലം ‘ ചെയ്തത്. മലയാളകൃതികള്‍ അനുകരണങ്ങള്‍ മാത്രമാണെന്ന പുച്ഛത്തെ അരക്കെട്ടുറപ്പിക്കാന്‍ ഇല്ലാത്ത വിദേശസാഹിത്യകാരന്മാരുടെ പേരുകള്‍ പോലും ഉദ്ധരിക്കപ്പെട്ടു ! (എന്‍ എസ് മാധവനുമായുള്ള വിവാദം ഓര്‍ക്കുക). ചുരുക്കത്തില്‍ മലയാളിസമൂഹത്തിന്റെ ഭാവുകത്വത്തെ നവീകരിക്കുക, ആസ്വാദനബോധത്തെ വിസ്തൃതമാക്കുക തുടങ്ങിയ ഒരു കടമയും ഏറ്റെടുത്തല്ല സാഹിത്യവാരഫലം മുന്നോട്ടു പോയത്. അപ്പോള്‍ എന്തിനായിരുന്നു, വാരഫലത്തിന്റെ’ എറ്റവും വലിയ ഗുണവും ആകര്‍ഷണവുമായി ചൂണ്ടിക്കാട്ടുന്ന ‘വിദേശസാഹിത്യ പരിചയങ്ങള്‍’? ഒരു വ്യക്തിയുടെ വിദേശ സാഹിത്യപരിചയം എത്ര വിപുലമാണെന്ന് പറഞ്ഞ് സ്വകാര്യസദസ്സുകളില്‍ ഊറ്റം കൊള്ളിന്നിടത്ത് അവസാനിക്കട്ടേ നമ്മുടെ സാഹിത്യ ചര്ച്ചകളെന്നോ? (അവസാനിക്കുന്നില്ല അഥവാ തുടരും)
Subscribe to:
Post Comments (Atom)
19 comments:
തുടരണം.
പൈങ്കിളിക്കഥയില്‍ വായന തുടങ്ങുന്നതുകൊണ്ട് കുഴപ്പമില്ല. അതില്‍ത്തന്നെ നില്‍ക്കുന്നതാണ് പ്രശ്നം എന്നു പറയാറില്ലേ? അത്പോലെ...
കുരങ്ങുകള്‍ക്കു് മധുരം (വാഴപ്പഴം) കൊടുക്കൂ എന്നല്ലേ?
തുടരണം !
മേലാല്‍ മനുഷ്യനെ ഇങ്ങനെ പാതി വഴിക്കു കൊണ്ടു നിറുത്തീട്ടു മുങ്ങിയാല്‍ പ്രതിഷേധിച്ചുകളയും !
വെളെളഴുത്തേ കടുപ്പിച്ചു തന്നെ പറയുന്നു. തുടരണം. ഒട്ടും മയം വേണ്ട. ലേഖനം പൂര്‍ത്തിയായ ശേഷം ബാക്കി പറയാം.
തുടര്‍ന്നേ പറ്റൂ. “വാരഫല“ത്തെ ആരെങ്കിലും കീറിമുറിക്കുന്നത് കണ്ടാല്‍ പിന്നെ കൂടാതിരിക്കാന്‍ പറ്റില്ല. വല്ലാത്തൊരു അതിശയം തോന്നിയിട്ടുണ്ട് ഈ പംക്തി എങ്ങനെ മലയാളിയെ കയ്യിലെടുത്തു എന്ന് ഓര്‍ത്ത്. ഒരു അന്ധനായ ആരാധകനോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം. മലയാളിയ്ക്ക് വിദേശകൃതികള്‍ ‘അതിലളിതമായി പരിചയപ്പെടുത്തി‘ കൊടുത്ത ഒരേ ഒരു പംക്തി ഇതാത്രെ!
തുടരണം...
തുടരു, തുടരണം. തുടര്‍ന്നെ പറ്റു.
നല്ല ലേഖനം!
ചെറുപ്പത്തില്‍ ബാലരമ കിട്ടിയാല്‍ ഉടന്‍ മായാവി വായിക്കുമായിരുന്നു. വലുതായപ്പോള്‍ കൌമുദിയിലെ വാരഫലമായി. :)
ബാക്കി പോരട്ടേ
നല്ല ലേഖനം. തുടരൂ.
ഇക്കിളിപ്പെടുത്തുന്ന വായനയുടെ ചില മേമ്പൊടികളും അതില്‍ ഉണ്ടായിരുന്നല്ലോ. തുടരണം.
പലപ്പോഴും അഭിപ്രായപ്രകടനങ്ങളില്‍ ദയനീയമായ് നിലവാരത്തകര്‍ച്ച,അല്പത്തം,വാസ്തവീകതയെക്കുറിച്ചുള്ള്
സംശയങ്ങള്‍ ഒക്കെത്തോന്നിയിട്ടുണ്ട് സാഹിത്യവാരഫലം വായിയ്ക്കുംമ്പോള്.
എങ്കില്‍പ്പോലും ‘റീഡബിലിറ്റി’യെന്ന ഒരു ഗുണം
ധാരാളമായുണ്ടായിരുന്നു.
ഇതുകൂടുതല്‍ ചര്ച്ചയുക്കുള്ള വിഷയമാണു.
തീര്‍ച്ചയായും തുടരണം
സുഹൃത്തേ,
“റീഡബിലിറ്റി’ എന്നൊരു ഗുണം ഉണ്ടായിരുന്നു വാരഫലത്തിന്. പക്ഷേ നിരൂപണം എന്നാല്‍ റീഡബിലിറ്റിയല്ലല്ലോ. പരദൂഷണത്തിന്റെ സുഖമായിരുന്നു ആ പംക്തി പ്രധാനമായും നല്‍കിയിരുന്നത്. എങ്കിലും ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ചില ‘എഴുത്തു‘കള്‍ക്ക് ആ ഒരു ഷോക്ക് ചികിത്സ ആവശ്യമാണെന്ന്. എങ്കിലും, കേസരിയുടെയും, സമീക്ഷയുടെയും സുശിക്ഷിതമായ അവബോധം വാരഫലകര്ത്താവില് ഒരിക്കലും ഉണ്ടായിരുന്നില്ല.
പരദൂഷണത്തിന് നമ്മുടെ അധമബോധത്തെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. അങ്ങിനെയൊരു തോന്നല്‍ ഉണ്ടാക്കാന്‍ അതിന് സാധിക്കുമെങ്കിലും, നമ്മുടെ അധമബോധത്തെയും ആത്മനിന്ദയെയും അത് വളര്ത്തുകതന്നെയാണ് ചെയ്യുന്നത്. മാത്രമല്ല, നമ്മിലും താഴ്ന്ന ഒരു ‘അപര’ത്തെ നിര്‍മ്മിക്കാനുള്ള സാമൂഹ്യോപകരണം (രാഷ്ട്രീയ ആയുധവും)കൂടിയാണത്. അഥവാ, അങ്ങിനെയാണ് ഞാന്‍ അതിനെ കാണുന്നത്.
വാരഫലത്തിന്റെയും അതുപോലുള്ള നിരൂപകമതങ്ങളുടെയും ഉള്ളുതൊട്ടു കാണിക്കുന്നുണ്ട് ലേഖനത്തിന്റെ ഈ ആദ്യഭാഗം. ബാക്കിഭാഗങ്ങള്ക്കുവേണ്ടി കാത്തിരിക്കുന്നു.
അഭിവാദ്യങ്ങളോടെ,
സാഹിത്യവാരഫലം വിമര്‍ശനമല്ല എന്ന് എം.കൃഷ്ണന് നായരു തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്മ. ലോകസാഹിത്യത്തെയും ഒരളവുവരെ മലയാളസാഹിത്യത്തിലെ മികച്ച കൃതികളെയും അദ്ദേഹം ആ പംക്തിയിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട് എന്നാണ് എന്റെ പക്ഷം.
ഇന്റര്‍നെറ്റോ നല്ല ലൈബ്രറി/വായനശാല ഒക്കെ ഇല്ലാത്ത ഒരു സാഹചര്യത്തില്‍ സാധാരണ വായനക്കാരന് വേറെ എന്തായിരുന്നു മറ്റു ഭാഷകളിലെ സാഹിത്യത്തെക്കുറിച്ചറിയാന്‍ ഒരു മാര്‍ഗ്ഗം? മലയാളത്തിലെ സാധാരണ വായനക്കാരില്‍ എത്ര പേര്‍ക്ക് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ പറ്റും?
സാമാന്യജനത്തിനു രസിയ്ക്കാന് വേണ്ടിയുള്ള മസാലകള്‍ നിര്‍ല്ലോഭം സാഹിത്യവാരഫലത്തില്‍ ചേര്ത്തിരുന്നുവെന്നതു സത്യം!
പ്ക്ഷെ,അതിനപ്പുറം,ലളിതമായഭാഷയും ആഖ്യാനവുമായിരുന്നു ജനപ്രിയതയ്ക്ക്മറ്റൊരു കാരണം.
ആദ്യംപറയാന് വിട്ടുപോയമറ്റൊന്നുകൂടിയുണ്ട്-കടുത്ത
സ്ത്രീവിരുദ്ധത!
ആദ്യകാലങ്ങളില്‍, ‘സ്ത്രികള്ക്കിടയില്നിന്നെന്തുകൊണ്ട് ഒരു കാളിദാസനോ,ഷേക്ക്സ്പിയറോ ഉണ്ടായില്ല?’എന്നൊക്കെയുള്ള ഉപരിപ്ലവമായ
വാദങ്ങളുന്നയിച്ചിരുന്നുവെങ്കിലും,പില്ക്കാലത്തു
കുറച്ചുകൂടി നിഷ്പക്ഷമായി കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു അദ്ദ്യേഹത്തിനു.
എല്ലാവര്ക്കും നിറപുഞ്ചിരി!
വാരഫലത്തിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ ഭാഷയായിരുന്നു. ആര്‍ക്കാണു സംശയം? അദ്ദേഹത്തിന്റെ പ്രസംഗവും അതു പോലെ തന്നെ രസകരമായിരുന്നു. അതൊരു വശം.
രാജീവ് ശരിയാണ്, ആ പറഞ്ഞത്. പരദൂഷണം അധമബോധത്തെ തൃപ്തിപ്പെടുത്തുവെന്നത് ഒരു സ്വയം വിശകലനമായിരുന്നു. അവനവന് തന്നെയാണല്ലോ ഏറ്റവും നല്ല പഠനവസ്തു. അതേ, നമ്മിലും താഴ്ന്ന ഒരു അപരത്തെ സൃഷ്ടിച്ചെടുക്കുകയാണു നാം പരദൂഷണവ്യവസായത്തിലൂടെ. ആ നിലയ്ക്കും ഞാന്‍ പറഞ്ഞു വന്ന കാര്യം ശരിയാവും എന്നു തോന്നുന്നു. നോക്കാം.
തൊമ്മന്, അതു ശരിയായിരിക്കാം. പക്ഷേ കൃഷ്ണന് നായരൊന്നുമല്ല മലയാളിയെ ലോകസാഹിത്യത്തിന്റെ വിശാലവീഥികളിലേയ്ക്ക് നയിച്ചത്, മലയാളത്തില്‍ ആദ്യമുണ്ടായ നാടകം തന്നെ ഷേക്സ്പിയര് വിവര്‍ത്തനമായിരുന്നു, 1922ല്‍ നാലപ്പാടന്റെ ‘പാവങ്ങള്‍’. കേസരിയും ചങ്ങമ്പുഴ നല്ല പരിഭാഷകര് കൂടിയായിരുന്നു അറിയാമല്ലോ. അങ്ങനെ പേരറിയാന്‍ വയ്യാത്ത എത്രപേരാണ് ജാലകങ്ങള്‍ തുറന്നിട്ടത്. ഗോവിന്ദന് എത്ര പെട്ടെന്നായിരുന്നു പുതിയ ചലനങ്ങള്‍ പിടിച്ചെടുത്തിരുന്നത് എന്നതിന് ഉദാഹരണ സഹിതം ഒരു ലേഖനം അടുത്തകാലത്ത് വായിച്ചതോര്‍ക്കുന്നു. ഇന്റെര്‍നെറ്റിന്റെ കാലത്തുപോലും നമുക്ക് അപ്രാപ്യമായ കാര്യമാണദ്ദേഹം ചെയ്തിരുന്നത്. ലോകത്തിന്റെ ഏതു കോണിലുമുള്ള വെളിച്ചങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മലയാളി ബൌദ്ധികത ഒരിക്കലും പിന്നിലായിരുന്നില്ല. വാരഫലത്തിന്റെ കാലത്ത് സമാന്തര പ്രസിദ്ധീകരണങ്ങള്‍ അന്യം നിന്നൊന്നും പോയിരുന്നില്ല. അപ്പോള്‍ പിന്നെ വാരഫലം ചെയ്തതെന്ത്? ഗ്രഹണത്തിന്റെ/ ധാരണയുടെ ആപേക്ഷികത എന്ന ഒരു സംഗതിയുണ്ട്.. എത്രത്തോളം പുസ്തകം നമ്മള് ചവച്ചരച്ചു എന്നതല്ല, നമ്മുടെ സംവേദനങ്ങള്‍ എത്ര സൂക്ഷ്മമാണ് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളിരിക്കുന്നത് എന്നര്‍ത്ഥം. ഭൂമിപുത്രി പറഞ്ഞപ്രശ്നമൊക്കെ അങ്ങനെയാണ് പ്രസക്തമാവുന്നത്. (നിഷ്പക്ഷത ഉണ്ടായിരുന്നോ.. സംശയമാണ്, നിരൂപകനു പോലും നിഷ്പക്ഷനാവാന് കഴിയാത്തിടത്ത്....)
ഒന്നുകൂടി, വാരഫലത്തെപ്പറ്റിയല്ല, എന്നിട്ടും വാരഫലങ്ങള്‍ അക്ഷരജാലകമായി, ഗട്ട് വ്യൂവായി..പിന്നെയും പിന്നെയും തുടര്‍ന്നു പോകുന്നതിനെപ്പറ്റിയാണ്, ഈ പോസ്റ്റെന്നു പറഞ്ഞ് ഞാന്‍ സസ്പെന്‍സ് പൊളിക്കട്ടേ.. അതു ഒറ്റവാക്യം കൊണ്ട് രാജീവ് പറഞ്ഞു കഴിഞ്ഞു, അതുകൊണ്ട്.
അപ്പോള്‍ ഗട്ട് വ്യൂവും ഉണ്ട് ലിസ്റ്റില്‍ അല്ലേ ?
കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി :)
ഒരു തിരുത്തു്:
“പാവങ്ങള്‍” നാടകവുമായിരുന്നില്ല, ഷേക്സ്പിയറിന്റേതുമായിരുന്നില്ല. വിക്ടര്‍ യൂഗോയുടെ Les Miserables എന്ന നോവലിന്റെ പരിഭാഷ.
മലയാളത്തില്‍ ആദ്യമുണ്ടായ നാടകം തന്നെ ഷേക്സ്പിയര് വിവര്‍ത്തനമായിരുന്നു. 1922ല്‍ നാലപ്പാടന്റെ ‘പാവങ്ങള്‍’.
“പാവങ്ങള്‍” നാടകവുമായിരുന്നില്ല, ഷേക്സ്പിയറിന്റേതുമായിരുന്നില്ല. വിക്ടര്‍ യൂഗോയുടെ Les Miserables എന്ന നോവലിന്റെ പരിഭാഷ.“
അയ്യോ.. ആ കോമയാണ് എന്നെ ചതിച്ചത്. അവിടെ കുത്താണ് ഉദ്ദേശിച്ചത്. മലയാളത്തിലെ ആദ്യ നാടകം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ശാകുന്തളം എന്നാണ്` വിശ്വസിച്ചു വന്നത്. 1886-ല്‍ പ്രസിദ്ധീകരിച്ച ‘ആള്‍മാറാട്ടം’(കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ്, Commedy of Errors -ന്റെ പരിഭാഷ) ആയിരുന്നു മലയാളത്തിലെ ആദ്യനാടകമെന്ന് ജി പ്രിയദര്ശനന് പറഞ്ഞതു വച്ചാണ് അങ്ങനെ എഴുതിയത്. 1922ല്‍ Les Miserables പരിഭാഷ, നാലപാടനില് നിന്നും. അങ്ങനെ തന്നെയാണുദ്ദേശിച്ചത്.
ഉമേഷ് ഇതു ചൂണ്ടിക്കാണിച്ചതിനു നന്ദി. അല്ലെങ്കില്‍ ഞാന്‍ പോലും രണ്ടാമതൊരിക്കല്‍ അതു വായിക്കില്ലായിരുന്നു.
Post a Comment