February 12, 2008
സാഹിത്യവാരഫലത്തിന്റെ പ്രേതങ്ങള്‍
പ്രേതങ്ങളുടെ ജിംനേഷ്യം -രണ്ട്
‘സാഹിത്യവാരഫല’ത്തിലെ ഭാഷ പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു എന്നു പറയാം. ‘പോപ്പ് കള്‍ച്ചറി‘ന്റേതെന്നു പറയാവുന്ന ഒരു തരം ഭാഷാശൈലി അത് അനുകരിച്ചു. ‘പറട്ട’ എന്ന പ്രാദേശികഭേദത്തെ നിരൂപണത്തിനുപയുക്തമാക്കിയതും ‘വമനേച്ഛ, അനാഗതശ്മശ്രു, അനാഗതാര്‍ത്തവകള്‍‘ തുടങ്ങി തനി സംസ്കൃതത്തില്‍ കവലഭാഷ സംസാരിച്ചതും പലപ്പോഴും അശ്ലീലധ്വനികളുള്ള ഉപകഥകള്‍ ഉപയോഗിച്ചതും ‘വാരഫലത്തിന്റെ’ ഉത്സവീകരണ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. സംഭവവിവരണം, അനുഭവക്കുറിപ്പ്, നിരീക്ഷണം, സ്വാഭിപ്രായസ്ഥാപനം, പുസ്തകങ്ങളുടെ പിന്‍പുറക്കുറിപ്പ് തുടങ്ങിയ വ്യവഹാരരൂപങ്ങളെ ഇടകലര്‍ത്തിയുള്ള ആഖ്യാനരീതിയിലും കാണാം മിശ്രണസ്വഭാവം. ഇങ്ങനെ പാരമ്പര്യ സാഹിത്യ നിരൂപണങ്ങളുടെ ആഢ്യമ്മന്യതയെ വെല്ലുവിളിക്കുന്നതരം വിപ്ലവം അതു ഉപരിതലത്തില്‍ അണിഞ്ഞിരുന്നതാണ് അതിന്റെ വായനയെ ജനകീയമാക്കിയ ഘടകം. (സി പി അച്യുതമേനോനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും മുണ്ടശ്ശേരിയും നാട്ടുഭാഷാഭേദങ്ങളെ വിമര്‍ശനത്തില്‍ ഫലപ്രദമായി വിനിയോഗിച്ചവരാണ്. അക്കാര്യം വാരഫലത്തിന്റെ പുതുമയായി അവതരിപ്പിക്കുക സാദ്ധ്യമല്ലെന്ന് സാരം)‘വാരഫലം’ അറിയപ്പെടുന്നതു പ്രാഥമികമായും പാരായണക്ഷമതയുടെ പേരിലാണ്. അത് ഏറെക്കുറെ ശരിയുമാണ്. പക്ഷേ ഈ സുവിദിതമായ പാരായണക്ഷമതയില്‍ നേരത്തെ പറഞ്ഞതരം പരിമിതി വട്ടം കറങ്ങുന്നുണ്ട്. ഉള്‍ക്കാഴ്ചയുടെ അതിരുകള്‍ വികസിതമാവുന്നതിനനുസരിച്ച് ഭാഷ മാറുകയെന്നതാണ് ഭാഷാപരമായ നൈസര്ഗികതയുടെ പ്രകടമായ ലക്ഷണം. അതു സംഭവിക്കാതിരിക്കുന്നിടത്ത് ആശയങ്ങളുടെ പൈങ്കിളിവത്കരണമാണ് അരങ്ങേറുന്നത്. ഉയരത്തെ അളക്കാന്‍ ക്വിന്റല്‍ മതിയാവുമോ? പക്ഷേ മലയാളിയുടെ മദ്ധ്യവര്‍ഗാഭിരുചി പേരുകളില്‍ രമിച്ചു, പ്രത്യേകിച്ചും അവ വിദേശത്തു നിന്നും വന്നവയാണെങ്കില്‍. ആശയങ്ങളെ അവഗണിച്ചു. വൈദേശിക പ്രതിഭകള്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി നിരന്തരം തറപറ്റിക്കുന്നതിലൂടെയാണ് ‘വാരഫലം’ വായനക്കാരുടെ സാമന്തഭാവനയെ പുളകം കൊള്ളിച്ചത്.
ഒരു പംക്തി അസ്തമിക്കുന്നതോടെ ഇല്ലാതാവുന്നതല്ല ആ മനോഭാവം എന്ന് ഒളിഞ്ഞും തെളിഞ്ഞും ‘സാഹിത്യവാരഫലങ്ങള്‍‘ പല പേരുകളില്‍ പല ആനുകാലികങ്ങളില്‍ ഇപ്പോഴും അരങ്ങേറുന്നത് തെളിയിക്കുന്നു. ‘അക്ഷരജാലകം’ ഒരു ഉദാഹരണം. ഘടനയില്‍ തന്നെ അതിന് ‘വാരഫലവുമായി’ ചാര്‍ച്ചയുണ്ട്. പക്ഷേ വാരഫലത്തിന്റെ മറ്റൊരു ഗുണം, ഭാഷാപരമായ തെളിമ ഇവിടെയില്ല. അല്പം ആത്മീയതയും കാല്‍പ്പനികതയും കൂട്ടിക്കലര്‍ത്തി, ഒന്നും വ്യക്തമായി പറയാതെ എഴുതി വയ്ക്കുന്ന നിരൂപണം ഫലത്തില്‍ ചെയ്യുന്ന അപകടം ചില്ലറയല്ല. ( ‘വസ്തുനിഷ്ഠമായി അപഗ്രഥിക്കാനോ സൂക്ഷ്മമായി വിലയിരുത്താനോ ദൂരെയെവിടേയ്ക്കെങ്കിലും തുളുമ്പാതെ കൊണ്ടുപോകാനോ പറ്റാത്തവിധത്തിലുള്ള ഭാഷ‘ എന്നാണ് ഈ തരം സാരസ്വതത്തിന്റെ നിര്‍വചനം. “പാരലല്‍ കോളേജുകാര് നോട്ടീസടിക്കുന്നത്, എം കെ ഹരികുമാര്‍ നിരൂപണം എഴുതുന്നത്, കപടബുദ്ധിജീവികള്‍ വിവാഹക്കുറിയടിക്കുന്നത്, ടൌണ്‍ ഹാള്‍ വരാന്തയില്‍ നടക്കുന്നത്, ഫിലിം ഫെസ്റ്റിവല്‍ പാരപ്പെറ്റുകളില്‍ ഇരിക്കുന്നത് ഈ ഭാഷയിലാണ്. അത്യുക്തികൊണ്ട് ഓക്കാനം വരുത്തുന്ന“ ഭാഷ. - കല്പറ്റ നാരായണന്, ഡോക്ടര്‍ അകത്തില്ല ) തനിക്കൊരു അടിവര കിട്ടുന്നു എന്നു മാത്രമാണ് പരാമര്‍ശിക്കപ്പെടുന്ന എഴുത്തുകാരന്/കാരി മനസ്സിലാക്കുന്നത്, അതിനപ്പുറം അവര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്തതും അപ്രസക്തവുമായ കാര്യങ്ങളാണ് നിറയുന്നത്. അതോടെ കാലികമായ ഒരു പംക്തിയില്‍ പരാമര്‍ശിക്കപ്പെടുക എന്നതു മാത്രം വിഷയമാവും. അതു കൈകാര്യം ചെയ്യുന്നയാള്‍ ‘ഗുരുവും’ ‘സര്‍വജ്ഞ‘നുമൊക്കെയായി മാറും. അയാള്‍ പറയുന്നതിലെ സങ്കുചിതത്വമോ അയാളുടെ ആസ്വാദനപരമായ പരിമിതിയോ വിഷയമല്ലാതെയാവും. ‘വാരഫലം’ തുടങ്ങിവച്ച ഒരു ശീലത്തിന്റെ പരിണതിയാണിത്. ഒരു പംക്തിയുടെ കൈകാര്യ കര്‍ത്താവ് സ്വയം അത്തരക്കുപ്പായമെടുത്തണിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കാണ് അടുത്തകാലത്ത് നാം സാക്ഷ്യം വഹിച്ചത്. ഉച്ചാരണം ഏകപക്ഷീയമായി തിരുത്താന്‍ എം കൃഷ്ണന് നായര്‍ കാണിച്ച ഉത്സാഹത്തിന്റെ കാലാനുക്രമിയായ പരിണാമങ്ങള്‍ കാതോര്‍ത്താല്‍ ഹരികുമാറിന്റെ വാക്യങ്ങളിലെമ്പാടും കാണാം. അദ്ദേഹം മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നു. കൃതി, തനിക്ക് ഒന്നും നല്‍കിയില്ലെന്ന് വലിപ്പം പറയുന്നു. (അല്ല, ഒരു പംക്തികാരന് അയാള്‍ നിരൂപകന് തന്നെ ആയിക്കോട്ടെ, എന്തെങ്കിലും നല്‍കുക എന്നത് രചനാവേളയില്‍ ഏതെങ്കിലും രചയിതാവിനെ ഉലയ്ക്കുന്ന പ്രശ്നമാവുമോ?) തന്നെ കേന്ദ്രമാക്കി നീങ്ങുന്ന എഴുത്ത് ഒരു അപചയമാണ്, പ്രത്യേകിച്ചും നിഷ്പക്ഷത (?) അനുശീലനമാകേണ്ട ബൌദ്ധികവ്യവഹാരങ്ങളില്‍. അല്ലെങ്കില്‍ അതിവൈകാരികത മാത്രം തിന്ന് അജീര്‍ണ്ണം പിടിച്ച ഒരു ആത്മരതിക്കാരന്റെ ചിത്രമായിരിക്കും ജനമനസ്സുകളില്‍ കാലങ്ങള്‍ക്കു ശേഷം അനാച്ഛാദനം ചെയ്യപ്പെടുക.
കഥ അവസാനിക്കുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്ത് ആരംഭിച്ച ഒരു പംക്തിയാണ് ‘ഗട്ട് വ്യൂ’. എഴുതുന്നത് പ്രഭു നിരഞ്ജന്. വായനയുടെ പരിമിതി കൊണ്ടാവാം, നേരത്തെ പരിചയമുള്ള ആളല്ല. തൂലികാനാമവുമായിക്കൂടെന്നില്ല. പത്രസ്ഥാപനങ്ങളുടെ ഒരഹങ്കാരമിവിടെയുണ്ട്. അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ടാ എന്ന മട്ട്. അല്ലെങ്കില്‍ ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്യുന്നയാളെ അയാളുടെ യോഗ്യത അറിയിക്കാനെങ്കിലും നാമമാത്രമായ പരിചയപ്പെടുത്തല്‍ വേണ്ടതല്ലേ, അയാള്‍ മേതിലിനെ പോലെ പരിചിതനല്ലാത്ത സ്ഥിതിയ്ക്ക്? വില കൊടുത്തല്ലേ നാം വാരിക വാങ്ങുന്നത്? ഏതുദ്യോഗത്തിനും യോഗ്യത മാനദണ്ഡമാണല്ലോ ഇപ്പോള്‍. അതുപോട്ടെ. എഴുത്തിലൂടെ പരിചയപ്പെട്ടാല്‍ മതി എന്നൊരു മുടന്തന്‍ ന്യായത്തില്‍ പത്രസ്ഥാപനത്തിനൊപ്പം നമുക്കും ചുരുണ്ടുകൂടാമെന്നു വയ്ക്കുക. ഇതെഴുതുമ്പോഴേയ്ക്കും നാലു ലക്കങ്ങള്‍ പിന്നിട്ട ഗട്ട് വ്യൂ രൂപഭാവങ്ങളില്‍ പിന്‍പറ്റുന്നത് പഴയ ‘വാരഫല‘ത്തെ തന്നെ. ‘പുതിയ രചനകളുടെ രസമാപിനി’ എന്നായിരുന്നു പരസ്യവാചകം. ‘ഏതു തരത്തിലുള്ള സര്‍ഗാത്മകതയിലും പ്രസക്തമാവുന്നത് ചങ്കൂറ്റത്തിന്റെ വികാരമാണെ‘ന്ന റിച്ചാര്‍ഡ് ഷെഹ്നറുടെ പ്രകടന സിദ്ധാന്തത്തിലെ വാക്യമാണ് പഞ്ച് ഡയലോഗ്. ധൈര്യം പൊളിച്ചെഴുത്തിനുള്ളതാണെങ്കില്‍ അതു അപരാധമാണെന്ന സൂചനയാണ് മലയാള സാഹിത്യ നിരൂപണ വാചകങ്ങളില്‍ കിടന്നു കളിക്കുന്നത്. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങളെ നോവലെന്നു വിളിക്കുന്നതില്‍ അദ്ദേഹത്തിനുള്ള ഇണ്ടല്‍ വ്യക്തമാണ്. ഈ ഇണ്ടല്‍ ആനന്ദിന്റെ കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി എന്ന മാസിക വാങ്ങിച്ചവര്‍ക്കും പിന്നീട് പുസ്തകം വാങ്ങിച്ചവര്‍ക്കുമുണ്ടെന്ന് ഏകപക്ഷീയമായി അദ്ദേഹം പ്രഖ്യാപിക്കുകയാണ്. അവരെല്ലാവരും കൂടി അദൃശ്യനായ ‘പ്രഭു നിരഞ്ജനെ‘ തങ്ങളുടെ പ്രതിനിധിയായി തെരെഞ്ഞെടുത്തോ? എന്നായിരുന്നു സംഭവം? മലയാളത്തില്‍ പ്രസിദ്ധീകരിച്ച ശ്രീബാലാ കെ മേനോന്റെ കഥ സാനിട്ടറി നാപ്കിനാണ്. കലാമൌമുദിയിലെ കമലാഹാസന്റെ രചന വ്യാജഗര്‍ഭമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജി കോഡ് ‘തെര്‍മ്മോക്കോള്‍ ചവച്ച അനുഭവമാണു തരുന്നത്. ബാബു ഭരദ്വാജിന്റെയും ബാബു കുഴിമറ്റത്തിന്റെയും കാലിക രചനകള്‍ രണ്ടും ‘ഹാര്‍ഡ് വെയറിനു ചേരാത്ത സോഫ്റ്റ് വെയറുകള്‍‘. ഇങ്ങനെ പോകുന്നു വിലയിരുത്തലുകള്‍. മേതിലിന്റെ കുറിപ്പുകളും റഫീക് അഹമ്മദിന്റെ ഒരു കവിതയുമാണ് കൊടിയേറ്റം ഗോപിയുടെ അഭിനയവുമാണ് ആകെ കൊള്ളാവുന്നതായി ഇതുവരെ അവതരിക്കപ്പെട്ട മലയാളമൂല്യങ്ങള്‍.
തന്റേടത്തെ ഘോഷിക്കുന്ന പരസ്യവാചകവുമായി വന്ന പംക്തി രൂപത്തിലും ആഖ്യാനഘടനയിലും ‘തന്റെ (മൌലികമായ)ഇടം’ ആണോ നിര്‍മ്മിച്ചുവച്ചിരിക്കുന്നത് എന്നാലോചിക്കുന്നത് കൌതുകകരമായിരിക്കും. ഒപ്പം അതു ചിലതരം തന്റേടങ്ങള്‍ക്കു ചുറ്റും എങ്ങനെ കറങ്ങുന്നു എന്നു നോക്കുന്നതും. വിദേശ എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും പേജുകള്‍ നീക്കി വച്ചിട്ടാണ് പുതിയ രചനകളുടെ രസമാപിനി, ഒന്നോരണ്ടോ വാക്യങ്ങളില്‍ മലയാള രചനകളെ വെട്ടി നിരത്തുന്നത്. ആലോചിച്ചാല്‍ ഇതെളുപ്പപ്പണിയാണ്. കൂറ്റ്സിയുടെയോ, പിക്കാസയുടെയോ ബാര്‍ത്തിന്റെയോ കൃതികളുടെ വിമര്‍ശനങ്ങളും വിമര്‍ശനങ്ങളുടെ വിമര്‍ശനങ്ങളും എത്രവേണമെങ്കിലും കിട്ടും. പുസ്തകമായിട്ടും, നെറ്റിലൂടെയും മറ്റും. അതല്ല മലയാള പുതു രചനകളുടെ സ്ഥിതി. അവയെപ്പറ്റി എന്തെങ്കിലും എഴുതണമെങ്കില്‍ കുറേ നേരമെങ്കിലും അവയ്ക്കു ചുറ്റും മനസു ചലിപ്പിക്കണം. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലതാനും. ഇംഗ്ലീഷു പുസ്തകങ്ങളിലെ ആശയങ്ങള്‍ സ്വന്തം രീതിയില്‍ എഴുതിവച്ച എം പി പോളിനു കിട്ടിയ ഗരിമയില്ലായിരുന്നു സ്വന്തം യുക്തികളെ പിന്തുടര്‍ന്ന മാരാര്‍ക്ക്. അതാണ് മലയാളി സമൂഹം. അത്ര പെട്ടെന്നൊന്നും അക്കരപ്പച്ച മനോഭാവത്തില്‍ നിന്നും, കപടനാട്യങ്ങളില്‍ നിന്നും നാം രക്ഷപ്പെടില്ല.
ചോദ്യം ഇതാണ്, വാദത്തിനു വേണ്ടി അക്ഷരജാലകമെഴുതുന്നയാളും ഗട്ട് വ്യൂവിന്റെ രചയിതാവും മൌലികമായ പ്രതിഭയുള്ളവര്‍ എന്നു സമ്മതിച്ചാല്‍ തന്നെ എന്തുകൊണ്ട് ഈ പംക്തികള്‍ സുവിദിതമായ ഒരു പൂര്‍വമാതൃകയെ സ്വന്തം പരിമിതികളോടെ പിന്‍പറ്റുന്നു എന്നുള്ളതാണ്. സ്വന്തം വായനാശേഷിയും ഭാവനയും ബുദ്ധികൂര്‍മ്മതയുമൊക്കെ ഉപയോഗിച്ച് ‘അപൂര്‍വ‘മായ (മുന്‍പില്ലാത്ത) ഒരു മാതൃക സൃഷ്ടിക്കാന്‍ എന്തേ ഈ പ്രതിഭാശാലികള്‍ മുതിര്‍ന്നില്ല? കാരണം വ്യക്തമാണ്, വാരഫലത്തില്‍ നാം കണ്ട വാടലുകളാണ് പൊതു സമൂഹത്തിനു പഥ്യം. അല്ലാതെ അപൂര്‍വ വസ്തുക്കളുടെ തനിമയല്ല. ബൌദ്ധിക ജീവിതത്തില്‍ പോലും മേല്‍പ്പറഞ്ഞ പ്രതിലോമതകള്‍ താലോലിക്കപ്പെടുന്നു എന്നത് ദുരന്തമാണ്. എങ്കിലും നമ്മളതു വാങ്ങുന്നു. അപ്പോള്‍ വേണ്ടത് നമുക്ക് കാലാകാലം ലഭിക്കുന്നു. വാരഫലത്തിന്റെ രൂപത്തില്‍, അക്ഷരജാലകത്തിന്റെ രൂപത്തില്‍, ഗട്ട് വ്യൂവിന്റെ രൂപത്തില്‍. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ പറ്റാത്ത രീതിയില്‍ ഉദാസീനരായതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കാനായി ശപിക്കപ്പെട്ടിരിക്കുന്നു. പ്രേതങ്ങള്‍ അലയും മുറയുമിട്ട് അഴിഞ്ഞാടുന്നു !
തുടരില്ല അഥവാ തീര്‍ന്നു
Subscribe to:
Post Comments (Atom)
21 comments:
വാരഫലത്തിനെക്കുറിച്ച് സൂചിപ്പിച്ച മിക്ക കാര്യങ്ങളോടും പൊതുവേ എല്ലാവരും യോജിക്കുമെന്ന് തോന്നുന്നു. പക്ഷേ, ആ പംക്തി ഒരു പൂര്‍വമാതൃകകളും പിന്തുടര്ന്നില്ല എന്ന വസ്തുത അവഗണിക്കാനാവാത്തതാണ്. ആ പുതുമയും മൌലികതയും മാത്രമായിരിക്കണം ആ പംക്തിയുടെ റീഡര്ഷിപിനു ഹേതു.
ഓഫ്:സാഹിത്യനിരൂപണത്തില്‍ മാത്രമല്ല, മറ്റു പല മേഖലകളിലും ഇത്തരം പ്രേത ബാധ കാണാം. കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ രചനാശൈലിയുടെ പ്രേതങ്ങള്‍ എത്ര കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളില്‍ നമുക്കു കാണേണ്ടി വരുന്നു??
മാഷേ, ഈ വികലമായ അനുകരണത്തെപ്പറ്റി ഞാനും എഴുതിയിരുന്നു കുറെ മുന്‍പ്. ലിങ്ക് അക്ഷരജാലകത്തിന്റെ വായനയും സങ്കടങ്ങളും . ഗഹനമായ വായനയുടെയും പഠനത്തിന്റെയും മനനത്തിന്റെയും മൌലികതയുടെയും കുറവ് ഈ കക്ഷികളെ അലട്ടുന്നു എന്നത് വ്യക്തം.
നല്ല നിരീക്ഷണം.
വാരഫലത്തിന്റെ ജനപ്രീതിയുണ്ടാക്കിയ ഘടകത്തില്‍ ഒന്ന് ആദ്യമായി എഴുതുന്നവനെ വാരഫലക്കാരന് നിഷ്ക്കരുണം കശക്കി എറിയുന്നതായിരുന്നു. അത് കണ്ട് ആര്‍പ്പ് വിളിക്കുകയായിരുന്നു എഴുതാത്തവനൊക്കെ.ചില കഥകളെക്കുറിച്ചുള്ള കമന്റുകള്‍ വായിച്ച് ജനം ചിരിച്ചാര്‍ത്തു. ഈ സാഡിസ്റ്റിക് മെന്റാലിറ്റി മറ്റ് വാരഫലക്കാരും USP ആക്കുന്നതായിരിക്കും ഇപ്പോള്‍ കാണുന്നത്.
നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ഇത്ര സമര്‍ത്ഥമായി എല്ലാ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്തു പറയാനാണ് വെള്ളെഴുത്തേ?
വാരഫലം എട്ടാം ക്ലാസ് മുതല്‍ക്ക് വായിച്ചിരുന്നു, ഈയുള്ളവന്...
ബഡായിയല്ല,അന്ന് അതിലെ വിശ്വസാഹിത്യവര്ണ്ണന കണ്ട് കൊതിച്ചിട്ടോ എന്തെങ്കിലും മനസ്സിലായിട്ടോ അല്ല, വെറും ഗോസിപ്പ് വായിക്കുന്നതിന്റെ രസത്തിനു വേണ്ടി മാത്രം.
കൃഷ്ണന് നായര്‍ സാര്‍ സ്വന്തം ഭാഷയെയും 'സാഹിത്യക്ഷണന' വ്യഗ്രതയേയും ന്യായീകരിക്കാന്‍ സ്ഥിരമായി പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ അപ്പൂപ്പന് ഒരു ഗുസ്തിക്കാരനായിരുന്നുവെന്നാണ് :))
എന്റെ പ്രീഡിഗ്രിക്കാലത്ത് ഒരിക്കല്‍ അദ്ദേഹത്തെ മോഡേണ്‍ ബുക്സില്‍ വച്ച് കണ്ടപ്പോള്‍ തഞ്ചത്തില്‍ അടുത്തുകൂടി വെറുതേ കുറച്ചു നേരം സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ വാരഫലം വായിക്കുന്നവരില്‍ ചാലയിലെ (തിരുവനന്തപുരത്തെ പ്രസിദ്ധമായ ചന്ത)ചുമട്ടു തൊഴിലാളികള്‍ വരെയുണ്ട്; അവര്‍ക്കുകൂടി രസിക്കാനാണ് പ്രകടമായ ‘നസ്യം’ എന്നു വിളിക്കാവുന്ന തര്ം ഭാഷ അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നെ മറ്റൊരു വലിയ പരാതി അദ്ദേഹത്തിനുണ്ടായിരുന്നത് മലയാള സാഹിത്യത്തിലെ ആധുനികതയും അത്യന്താധുനികതയുമൊക്കെ ജീവിതാനുഭവങ്ങളില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് വളര്‍ന്നതല്ലെന്നും, വെറും പടിഞ്ഞാറന്‍ രീതികളുടെ കോപ്പിയടിമാത്രമായിരുന്നു അവയെന്നുമായിരുന്നു. (പുതിയ ലക്കം മാധ്യമം വാരികയില്‍ ലീലാവതി ടീച്ചര്‍ മുകുന്ദന് എഴുതിയ മറുപടിയിലും ഈ ആരോപണം സ്പര്‍ശിച്ചു പോകുന്നുണ്ട് എന്നത് ശ്രദ്ധേയം). കൃഷ്ണന് നായര്‍ സാറിന്റെ അഭിപ്രായത്തീല് ചങ്ങമ്പുഴ മാത്രമയിരുന്നല്ലോ മലയാളത്തിലെ മൌലികതയുള്ള എഴുത്തുകാരന്. ഒരുപക്ഷേ ചങ്ങമ്പുഴയുടെ നിലവാരത്തോളം വളരാനേ മലയാളസാഹിത്യത്തിനു കഴിയൂ (നേരത്തേ പറഞ്ഞ, തീവ്രമായ അനുഭവങ്ങളുടെ/ഓര്‍മ്മകളുടെ സമ്പത്തില്ലാത്തതിനാല്‍) എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതും :)
പിന്നെ, കൃഷ്ണന് നായര്‍ സാര്‍ വെറും പുറംചട്ട നിരൂപകനാണെന്നൊക്കെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരാറുണ്ടായിരുന്നു, അന്നും ഇന്നും. മാര്‍ക്കേസിന്റെ One hundred years of solitude-ന്റെ മലയാള പരിഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു പഠനമുണ്ട് - ‘പേരക്കയുടെ മണം’ (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്..കൃത്യമാണോ എന്നറിയില്ല). അതൊന്നുമതി അദ്ദേഹം എന്തായിരുന്നുവെന്ന് തെളിയിക്കാന്‍.
പുതിയ എഴുത്തുകാര്‍ പര്രിചയപ്പെടാന് വരുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു എന്ന് കേട്ടിട്ടുണ്ട് : “ഞാന്‍ കൊന്നിട്ടുണ്ടോ?” (വാരഫലത്തില്‍ വിമര്‍ശിച്ച് കൊന്നിട്ടുണ്ടോ എന്ന് വിവക്ഷ.)
പക്ഷേ അദ്ദേഹത്തിന്റെ വിമര്‍ശനം പലപ്പോഴും തറ നിലവരത്തിലാകുന്നതും നാം കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ശിഹാബുദീന് പൊയ്ത്തും കടവ് എന്ന എഴുത്തുകാരനെ അദ്ദേഹം ‘കൊന്നത്’ ഇങ്ങനെയെഴുതിക്കൊണ്ടായിരുന്നു: “പൊയ് എന്നുപറഞ്ഞാല്‍ ‘കള്ളം’ എന്നര്‍ത്ഥം. പൊയ്ത്തും കടവ് എന്നാല്‍ കള്ളങ്ങളുടെ കടവ് എന്നും പറയാം.” (ഓര്‍മ്മയില്‍ നിന്ന്)
ഈ ‘കൊല്ലല്‍’ ആണ് വാരഫലത്തെ ഒരേ ഗോസിപ്പ് കോളമാക്കി അധപതിപ്പിക്കുകയും, പോപ്പുലര്‍ വിമര്ശനപംക്തിയായി ഉയര്‍ത്തുകയും ചെയ്തിരുന്നത്.
മാര്‍ക്കേസിനെയും, കുറ്റ്സിയേയുമൊക്കെ പരിചയപ്പെട്ടതും, 'ക്വിക്സോട്ട'ല്ല 'ക്വിക്-ഹോത്തേ' ആണ് ശരിയായ ഉച്ചാരണമെന്ന് വായിച്ചതുമൊക്കെയാണ് ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ വാരഫലവായന കൊണ്ട് ഓര്‍ക്കാവുന്ന മെച്ചങ്ങള്‍.
(ഡിസ്ക്ലെയിമര് : ഇതൊരു കൃഷ്ണന് നായര്‍ സുവിശേഷമല്ല. ഒരു അയവിറക്കല്‍ മാത്രമാണ് :)
മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ഗട്സ്കാരനെ പരിചയപ്പെടുത്തണമായിരുന്നു...
ഹരികുമാര്‍ പറഞ്ഞതു പോലെ വെട്ടുകിളി(?)യായി ഒളിഞ്ഞിരിക്കുകയാണൊ ഈ പ്രഭു?
കൃഷ്ണന് നായരുടെ കൃഷ്ണന് നായരുടെ ചില ദൌര്ബല്യങ്ങള് ഒഴിച്ചു വെച്ചാല്‍
ഒരു സാം സ്കാരിക വിമറ്ശനത്തിനു വേണ്ടതൊക്കെ അതില്‍ ഉണ്ടായിരുന്നില്ലേ?
നല്ല ലേഖനം
ഇംഗ്ലീഷു പുസ്തകങ്ങളിലെ ആശയങ്ങള്‍ സ്വന്തം രീതിയില്‍ എഴുതിവച്ച എം പി പോളിനു കിട്ടിയ ഗരിമയില്ലായിരുന്നു സ്വന്തം യുക്തികളെ പിന്തുടര്‍ന്ന മാരാര്‍ക്ക്. അതാണ് മലയാളി സമൂഹം.
അദ്ദാണു്. ഭാര്യമാരെ പറ്റി ഒരു ഉപമയുണ്ടു്, അവര്‍ റെസ്റ്റൊറന്റിലെ ഭക്ഷണം പോലെയാണെന്നു്. മറ്റൊരുത്തന്റെ പ്ലേറ്റില്‍ കാണുമ്പോള്‍ അതു മതിയായിരുന്നുവെന്നു തോന്നുമത്രേ. അകന്നു നിന്നുള്ള ആസ്വാദനത്തില്‍ ഭാവന കലരുന്നുണ്ടെന്നതാണിതിനും, മുകളില്‍ ക്വോട്ടിയതിനും ഒരു കാരണം എന്നാണെന്റെ അഭിപ്രായം. മലയാളികള്‍ക്കു മാത്രമായാണോ ഈ വിശേഷം എന്നും ആലോചിക്കേണ്ടതുണ്ടു്.
കൃഷ്ണന്‍നായര്‍ ഫലപ്രദമായി ഉപയോഗിച്ചതും ഈ ഭാവനാവിലാസത്തെയായിരുന്നു. തര്‍ജ്ജമയുടെ ധിഷണാവ്യയത്തില് ലഭിക്കുന്ന രസമാണു് അന്യഭാഷാകൃതികളെ പാരാട്ടാനിദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നും നിരീക്ഷിക്കാമെന്നു് തോന്നുന്നു.
വെള്ളെഴുത്തേ, ഇതില്‍ ഒരു സാമൂഹിക പ്രശ്നം കൂടെ കാണുന്നില്ലേ? ഇത്തരം “തെറികള്‍“ നിറഞ്ഞ നിരൂപണം സമൂഹത്തില്‍ അത്യാവശ്യം നിലയും വിലയും ഉള്ള ഒരുവന്റെ കയ്യില്‍ നിന്നുണ്ടാകുമ്പോള്‍ അത് കേള്‍ക്കാന്‍ (വായിക്കാന്‍) ജനത്തിന് ഒരു പ്രത്യേക രസം - അങ്ങിനെ ഉണ്ടാകുന്നുണ്ടോ? സുരേഷ് ഗോപിയും മോഹന്‍ ലാലും സിനിമയില്‍ തെറി പറയുന്നതും വാരഫലക്കാരന്റെ ഇത്തരം വാചകങ്ങളും ഒരേ പോലെ ആസ്വദിക്കുന്ന മലയാളിയുടെ മാനസികാവസ്ഥ.
സ്നേഹപൂര്‍വ്വം,
-സു-
വാരഫലം വാര്‍പ്പുമാതൃകകളെ ആധാരിമാക്കിയില്ല എന്നത് ഒരു കാര്യമായിരിക്കാം. പ്രത്യേകിച്ച് ഒരു ഇനിഷ്യല്‍ പുള്‍ കിട്ടുന്ന കാര്യത്തില്‍. പക്ഷെ, 80-കളുടെ അവസാനമോ 90-കളുടെ ആദ്യമോ വായന തുടങ്ങുന്ന എനിക്കും മറ്റു പലര്‍ക്കും അതിന്റെ പൂര്വ്വമാതൃകകളുടെ രാഹിത്യം അറിയില്ലായിരുന്നു, അഥവാ അറിയേണ്ട കാര്യമില്ലായിരുന്നു. സമാന്തരമായി മറ്റു പംക്തികള്‍ ഇല്ലായിരുന്നു എന്നത് വേറെ കാര്യം. വാരഫലം സ്ഥിരമായി വായിച്ചിരുന്നവര് പലരും അതിന് വലിയൊരു പ്രാധാന്യം കൊടുത്തിരുന്നതായി തോന്നുന്നില്ല. പുറത്തുള്ള എഴുത്തുകാരെപ്പറ്റി, പുതിയ പുസ്തകങ്ങളെപ്പറ്റി അറിയുവാന്‍ കഴിഞ്ഞിരുന്നു എന്നതായിരുന്നു പ്രധാന (അതോ ഒരേയൊരു ?) മെച്ചം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആരും കാര്യമായി വകവച്ചിരുന്നില്ല എന്നും തോന്നുന്നു. എന്‍. എസ്. മാധവന്, കൃഷ്നന്‍ നായര്‍ മരിയ്ക്കുന്നതിനു മുന്‍പ് ഒരു മുഖാമുഖത്തില്‍ പറഞ്ഞിരുന്നു: ഞങ്ങളുടെ തലമുറ പ്രതീക്ഷയോടെയാണ് കൃഷ്ണന് നായരുടെ വരവിനെ കണ്ടിരുന്നത്. എന്നാല്‍, പിന്നീട് അദ്ദേഹം വളരെയധികം നിരാശപ്പെടുത്തി. ഈ അഭിപ്രായത്തെ കൃഷ്ണന് നായരും ശരിവച്ചിട്ടുണ്ട് !
മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ മുന്‍പൊരിക്കല്‍ ചുള്ളിക്കാടിനെപറ്റി ഒരു ലേഖനം രാജേശ്വരി എഴുതിയതിനെ വിമര്‍ശിച്ച് സിവിക് ചന്ദ്രന് മറുപടി എഴുതിയിരുന്നു. രാജേശ്വരി എന്ന പേരില്‍ എഴുതുന്നത് ആരെന്ന് അറിയാമെന്നും ആ എഴുത്തിന്റെയും വാരികയുടെയും ഹിഡ്ഡണ് അജണ്ടകള്‍ വ്യക്തമായി അറിയാമെന്നും പറഞ്ഞുകൊണ്ട്. പ്രഭു നിരഞ്ജന് മറ്റൊരു രാജേശ്വരി ആവാം.
ചര്ച്ചതുടര്ന്നുകാണുന്നതില് സന്തോഷം.
‘മാധ്യമം’കാണാത്തതുകൊണ്ട് കൂടുതല്‍ അഭിപ്രായം പറയാന്‍വയ്യ.എങ്കിലുംഒന്നുതോന്നുന്നു-
കൃ.നായരുടെ മാതൃക തച്ചുടയ്ക്കുന്ന മറ്റൊരുപരീക്ഷണം വിജയിയ്ക്കുന്നതുവരെ,
ഇതുപൊലത്തെ മാറ്റൊലി വിമര്‍ശനസാഹിത്യം
ഇനിയും സഹിക്കേണ്ടിവരും.
സ്വന്തം വിജ്ഞാനം (എന്നുതോന്നിക്കുന്നത്)വിളമ്പാനുള്ള വേദിയായി സാഹിത്യ നിരൂപണങ്ങളെ വാരികകളുടെ വാലില്‍ കെട്ടിത്തൂക്കിയതിന് കൃഷ്ണന് നായര്‍ വഹിച്ചപങ്ക് ചെറുതല്ല.എങ്കിലും അതില്‍ ഒരല്‍പ്പമൊക്കെ മൌലീകതയുണ്ടായിരുന്നു.ഇന്നുപക്ഷേ വെള്ളെഴുത്തുപറഞ്ഞതുപോലെ തെന്നെ പ്രേതങ്ങളുടെ ജിംനേഷ്യം ആണ് അക്ഷരജാലക്കാരനുള്പ്പെടെ മറ്റു കണ്വെട്ടുവിദ്യക്കാരുടെ കഞ്ഞികുടിമാര്ഗ്ഗം.മലയാളത്തില്‍ ഒന്നും തനിമയോടെ വളരാത്തതിന് കാരണവും ഈ പടിഞ്ഞാറേക്ക് കമ്പികെട്ടി വളയ്ക്കുന്ന ബോണ്സായിവളര്ത്തല് ആശാന്മാരാണെന്ന് പറയാതിരിക്കാന്‍ വയ്യ.പക്ഷേ ഇവരാണ് സാഹിത്യനിരൂപണത്തില്‍ അവസാനവാക്കെന്നമട്ടില് കൊണ്ടാടപ്പെടുന്നതിനു പിന്നില്‍ നമ്മുടെ നാട്ടിലെ സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കച്ചവടതന്ത്രമാണ്.ഗൌരവസാഹിത്യ നിരൂപണങ്ങളെ ജനകീയ നിരൂപണ മിമിക്രികളാക്കി നിലനിര്‍ത്താന്‍ ഇവര്‍കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അതിരുകളുമില്ല.
കൃഷ്ണന് നായര്‍ എന്ന മനുഷ്യനോട് ഒരുപാട് കടപ്പാടുണ്ട്. ശ്രദ്ധേയമായ ഒരുപാട് പേരുകള്‍ ആ കുറിപ്പുകളില്‍ നിന്നാണ് കണ്ടെടുത്തിട്ടുള്ളത്.
കൃഷ്ണ്ന് നായരെന്നല്ല സ്വന്തം അച്ഛന് ആണെങ്കിലും മറ്റൊരാളെക്കുറിച്ചു പറയുന്ന അഭിപ്രായം വിഴുങ്ങുന്നവന് വിഡ്ഢിയാണെന്ന് നല്ല ചെറുപ്പം മുതലേ വിശ്വസിച്ചിരുന്നതുകൊണ്ട് അതിന് ഒരു കൈചൂണ്ടിയുടെ വിലയേ കൊടുത്തിരുന്നുള്ളൂ. പുകഴ്ത്തിയതും ഇകഴ്ത്തിയതും തേടിപ്പിടിച്ചു വായിച്ചു. അദ്ദേഹം മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തിയ ഇന്‍ഫേര്‍ണോ എന്ന നോവലിന്റെ ഒരു ഭാഗം വായിച്ചിട്ട് എനിക്ക് കലശലായ വമനേച്ഛ ഉണ്ടായിട്ടുണ്ട്. (അങ്ങനെ പലതും. ഇന്ഫേര്ണൊ ആണ് ‘കൃഷ്ണന് നായര്‍ സെര്ട്ടിഫ്ഫൈഡ്‘ ലാസ്റ്റ് വായിച്ചത്) എങ്കിലും കഴിഞ്ഞതവണ നാട്ടില്പോയ്യപ്പോള് ഡിസിയില്‍ നിന്ന് വാരഫലം സമാഹരിച്ചത് വാങ്ങി വീട്ടീല് വച്ചിട്ടുണ്ട്. ഇനിയും മറിച്ചു നോക്കാന്‍.
തുടക്കക്കാരെ തെരഞ്ഞുപിടിച്ച് വിമര്‍ശിച്ചു എന്നൊന്നും തോന്നിയിട്ടില്ല. പ്രത്യേകിച്ചും അവസാന 10-15 വര്‍ഷങ്ങളില്‍. മിടുക്കക്കന്മാര്ക്ക് ചിലര്‍ക്കൊക്കെ നല്ല കൊട്ട് കിട്ടിയിട്ടുണ്ട്. ശതമാനം വച്ചു നോക്കിയാല്‍ പുതിയ എഴുത്തുകാരെ വിമര്‍ശിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഗുപ്തന് വരെ കഥയെഴുതുന്ന കാലമല്ലേ. പുതിയ എഴുത്തുകാരാണ് എണ്ണത്തില്‍ കൂടുതല്‍. സ്വാഭാവികമായും ആനുകാലികങ്ങളില്‍ അവരാണ് വന്നു കൊണ്ടിരുന്നത്.
തന്റെ ലിറ്റററി ഫിക്സേഷന്സ് ( ചങ്ങമ്പുഴ ഹഹഹ..) ഒരിക്കലും മറച്ചുവച്ചിട്ടില്ല അദ്ദേഹം. ഒതുക്കത്തില്‍ ഇതൊക്കെ ഫിക്സേഷന് ആണെന്ന് സമ്മതിക്കാനുള്ള സത്യസന്ധതയും കാണിച്ചിട്ടുണ്ട്.
മറ്റൊന്ന് വാരഫലം വിമര്‍ശനം അല്ല എന്നും അത് ‘ലിറ്റററി ജേണലിസം’ മാത്രമാണെന്നും കുറഞ്ഞത് പത്തുതവണ ഞാന്‍ വാരഫലത്തില്‍ വായിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ കൃഷ്ണന്‍നായരെ വിലയിരുത്തുന്നതില്‍ വെള്ളെഴുത്ത് നെഗറ്റീവുകള്‍ മാത്രം ഹൈലൈറ്റ് ചെയ്തു എന്ന് എനിക്ക് തോന്നുന്നുണ്ട്.
മിമിക്രിക്കാരെ അധികം വായിച്ചിട്ടില്ല. പക്ഷെ കൃഷ്ണന് നായരോട് ഒരു വിധത്തിലും കമ്പെയര്‍ ചെയ്യാവുന്ന ആളല്ല ഹരികുമാര്‍. ജാലകത്തിലെ വായനയുടെ ഗൌരവമായ പിശകുകള്‍ ഇവിടെ പലയിടത്തും പോസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരേ ശ്വാസത്തില്‍ ആ പേരുകള്‍ ഉച്ചരിച്ചാല്‍ പോലും വമനേച്ഛയുണ്ടായേക്കും കൃഷ്ണന് നായര്‍ക്ക്. അക്ഷരജാലകം എന്ന സാംസ്കാരിക ദുരന്തവും വാരഫലവും ഒരേതട്ടില്‍ വച്ച് താരതമ്യം ചെയ്യുന്നത് പോലും അപകടമാണെന്ന് ഞാന്‍ കരുതുന്നു. കൃഷ്ണന് നായരുടെ കുഞ്ഞു ഫാസിസങ്ങള്‍ (കട:മെര്‍ക്കുഷ്യോ) മാത്രം കോപ്പിയടിക്കാന്‍ ഏത് നാലാംക്ലാസ്സ് കൂലിയെഴുത്തുകാരനും പറ്റും. അത് ഒരു താരതമ്യം അനുവദിക്കുന്നില്ല.
മിമിക്രി ഒരു ദുരന്തമാണെന്ന പോയിന്റില്‍ പൂര്‍ണയോജിപ്പ്.
വാരഫലത്തിന്റെ അനുകരണങ്ങള്‍ ആഭാസങ്ങളാണെന്നതിനോട് യോജിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റിട്ടിരുന്നു. കലാകൌമുദി പംക്തി കണ്ടപ്പോള്‍ തോന്നിയ പ്രതികരണമായിരുന്നു. ലിങ്ക് ഇവിടെ.
http://disorderedorder.blogspot.com/2007/08/blog-post_16.html
എം.കൃഷ്ണന് നായര്‍ ഇരുന്ന 'സിംഹാസന'ത്തിന്റെ മുകളില്‍ ഒരു പലക കൂടി വലിച്ചിട്ടിരുന്ന നിരൂപിക്കുന്ന ഞങ്ങളുടെ സ്വന്തം ശശിയേട്ടനെപ്പറ്റി പരാമര്ശിക്കാത്തത്തില് അതികഠിനമായ അമര്‍ഷം, വൈക്ലബ്യം, നിരാശ എന്നിവ രേഖപ്പെടുത്തുന്നു.
കൃഷ്ണന്‍നായര്‍ സറിന്റെ നിരൂപണത്തിന്റെ ഒരു സാംപിള്‍.
" രാവിലെ ഉണര്‍ന്നപ്പോള്‍ രൂക്ഷമായ നാറ്റം. വീട്ടിലെ കക്കൂസ്, ഓട, സേഫ്റ്റി ടാങ്ക് എന്നിവയൊക്കെ പരിശോധിച്ചു. ഒന്നിനും കുഴപ്പമില്ല. വീട്ടിനു വെളിയിലിറങ്ങിയപ്പോള്‍ ഒരു പുഴുത്ത പട്ടി നില്ക്കുന്നു. അതിനെ ഓടിച്ചു വിട്ടു. എന്നിട്ടും നാറ്റത്തിന് ശമനമില്ല. അടുത്ത മാടക്കടയില്‍ നിന്ന് പുതിയ മാതൃഭൂമി വാരിക വാങ്ങിച്ചു തുറന്നപ്പോള്‍ നാറ്റം എവിടെയാണെന്ന് മനസ്സിലായി. ------ ന്റെ --------- എന്ന കഥ അച്ചടിച്ചിരുന്ന നാല് പേജ് വലിച്ചു കീറി. കത്തിച്ചു കളഞ്ഞു. ഓ.. എന്തൊരാശ്വാസം."
ഇനി നമ്മടെ ശശിയേട്ടന്റെ നിരൂപിക്കല്‍ നോക്കൂ.
മാതൃഭൂമിയിലെ മറ്റൊരു ലേഖനം കെ.കണ്ണന് എഴുതിയ എന്റെ ആത്മകഥയുടെ ഉടമ. നാലുകെട്ട്, കാലം , മഞ്ഞ് എന്നീ നോവലുകലുടെ ഉള്ളടക്കത്തെ സ്വന്തം ആത്മകഥയില്‍ കണ്ടെത്തുകയാണ് ഇയാള്‍. ഈ പുതിയതരം പിമ്പ്, ഒരു പത്രപ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ ചെയ്യുന്ന പണി അതല്ലെന്ന് വ്യക്തമാവും വായിച്ചാല്‍. വയ്യസ്സുകാലത്ത് എം.ടി.ക്കെങ്കിലും ഉപകാരപ്പെടട്ടേ തന്റെ വായും ഗുദവും എന്ന ശുദ്ധഗതിക്കാരനാണ് ഈ കണ്ണന്......,
കണ്ടോ? ഇങ്ങേരെ ഒഴിവാക്കാന്‍ എങ്ങിനെ തോന്നി വെള്ളെഴുത്തേ? യുനീകോഡില് നിരൂപിച്ചാല്‍ അതെന്താ നിരൂപണം ആവില്ലേ?
വമനേച്ഛയോ? ഛായ്... അതൊക്കെ ഒരു വാക്കാണോ? കണ്ടു പഠി നമ്മടെ ശശിയേട്ടനെ!!
പുഴയിലെ നിരൂപണം, സത്യം പറയാമല്ലോ കണ്ടിട്ടില്ല ഇതേ വരെ. ഇപ്പോഴാണു നോക്കുന്നത്, ആരോ അതെപ്പറ്റി നല്ലതു പറഞ്ഞു കേട്ടിരുന്നു. കാമ്പുണ്ട്, പക്ഷേ ഭാഷയാണു പ്രശ്നം എന്ന മട്ടില്‍. കണ്ണൂസേ അതു കാണിച്ചു തന്നതിനു നന്ദി. നമത് വാഴ്വും കാലം,അനാഗതാ, നിഷ്ക്കളങ്കാ ആ പോസ്റ്റുകള്‍ ഒന്നും കണ്ടിരുന്നില്ല, നല്ല വിലയിരുത്തലുകള്‍ ഇതിനുമുന്പേ നടന്നു കഴിഞ്ഞ വിഷയത്തെപ്പറ്റിയാണ് ഞാന്‍ ‘ചര്‍വിതചര്‍വണം’ നടത്തിയത് അല്ലേ? ഗുപ്താ, അങ്ങനെയൊരു ദോഷാരോപണം നടത്തുകയായിരുന്നില്ല ഞാന്‍. നമതും അനാഗതനും കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക. വാരഫലത്തിന്റെ നന്മകളെപ്പറ്റി ധാരാളം എഴുതിക്കഴിഞ്ഞിരിരിക്കുന്നു ഇതിനകം. പക്ഷേ ‘ഗോസ്റ്റുകള്‍’വാരഫലത്തിന്റെ ഏതുഗുണത്തെയാണു പിന്‍പറ്റുന്നത് എന്നു വിശദീകരിക്കുകയായിരുന്നു എന്റെ ലക്ഷ്യം എന്നു മനസ്സിലാവുമല്ലോ. ‘കാര്‍ണിവലൈസേഷന്‍’ എന്ന ബക്തിയന് ആശയത്തെ ഒരല്പം കൂട്ടു പിടിച്ചതിന്റെ ഉദ്ദേശ്യം തന്നെ തീരെ മോശമല്ല അത് എന്ന അര്‍ത്ഥത്തിലാണ്.. പ്രശാന്ത് തൂലികാനാമം വച്ച് എഴുതുന്നത് തെറ്റല്ല. പക്ഷേ നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരു പംക്തി ആരംഭിക്കുകയാണ്. അതിന്റെ ലാക്ക് വ്യ്കതമാണ്, അപ്പോള്‍ അതു ചെയ്യാന്‍ പോകുന്നയാള്‍ ആരെന്നറിയിക്കാനുള്ല ബാദ്ധ്യത മാദ്ധ്യമം ഏറ്റെടുക്കേണ്ടതല്ലേ എന്നാണ് ചോദ്യം. തികച്ചും വ്യക്തിപരമാണ് ഇക്കാര്യം. ഒരഭിപ്രായപ്രകടമായി മാത്രം കണ്ടാല്‍ മതി. സുനിലേ ആ പറഞ്ഞതും ശരിയാണ്. അങ്ങനെയൊരു വശം ഇതിനുണ്ട്. സൂരജ് എല്ലാം ചീത്തയാണെന്ന അഭിപ്രായം ഇല്ല. വാരഫലപുസ്തകം ഇറങ്ങിയ സമയത്തു തന്നെ വാങ്ങിവച്ചയാളാണ് ഞാന്‍. കൃഷ്ണന് നായര്‍ സാറിനെ കണ്ടാല്‍ ബഹുമാനത്തോടെ ഒതുങ്ങി നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിനെതിരെ എഴുതപ്പെട്ട ലേഖനം വിതരണം ചെയ്യാനും കൂടിയിട്ടുണ്ട്.(അതു പിന്നെ കെസായതും, പിന്നെ അതു പിന്‍വലിക്കപ്പെട്ടതും...) ഒന്നാലോചിച്ചു നോക്കിയാല്‍ അത്രയധികം നീണ്ട ഒരു പംക്തിയെ വലിച്ചു കീറാന്‍ എന്തവകാശമാണു ഒരു പുതുമുറക്കാരനുള്ളത്..? എങ്കിലും സ്വല്പം ചിന്തിക്കാമല്ലോ.. അത്രേയുള്ളൂ..അതു പങ്കുവച്ചു എന്നു മാത്രം.സുനില്‍കൃഷ്ണാ.. അങ്ങനെ നോക്കുമ്പോള്‍ എല്ലാം പറഞ്ഞു കഴിഞ്ഞിട്ടില്ല. എത്രയോ പറയാന്‍ കഴിയുന്നവര്‍ (എതിര്‍ത്തും അനുകൂലിച്ചും) ഇവിടെയുണ്ട്... അതു കൂടിച്ചേരണം.. കുറച്ചെങ്കിലും അവ മനസ്സിലാക്കാനും അവയിലേയ്ക്ക് എത്തിപ്പെടാനും പറ്റുന്നു എന്നിടത്താണ് പോസ്റ്റുകള്‍ എന്നെ സഹായിക്കുന്നത്.പേരയ്ക്ക,വഡോസ്കി,പ്രിയംവദാ, സിദ്ധാര്‍ത്ഥാ,ഭൂമിപുത്രി, സനാതനാ നിങ്ങളുടെ സാന്നിദ്ധ്യം എത്ര സജീവമാക്കി, അടിസ്ഥാനചിന്തകളുടെ ഈ വൈകുന്നേരത്തെ, നമ്മുടെ ഈ കോലായയെ.
swapanam is made up of what!
വളരെയധികം സന്തോഷം തോന്നുന്നു കൃഷ്ണന് നായരെയൊക്കെ വായിക്കാത്തതില്‍, പ്രത്യേകിച്ച് കണ്ണൂസിന്റെ കോട്ട്സ് കണ്ടപ്പോള്‍.
എഴുത്തുകാര്‍ക്ക് തിരിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സാധിച്ചിരുന്നുവോ? ഇല്ലായിരിക്കുമല്ലേ? ബ്ലോഗിനു സ്തുതി.
ഇഞ്ചീ, കണ്ണൂസ് സന്ദര്‍ഭത്തിനു വേണ്ടി ക്വോട്ടീയെന്നു മാത്രം. അത്ര വഷളൊന്നുമായിരുന്നില്ല. സാഹിത്യവാരഫലം, വായിക്കാതിരിക്കാന്‍ മാത്രം. അതു സമാഹാരമായി ഇറങ്ങിയിട്ടുണ്ട്. പഴയ കലാകൌമുദിയോ സമകാലിക മലയാളമോ വളരെ പഴയ മലയാളനാടോ നോക്കുക. എഴുത്തുകാര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതല്ല, അതിനുള്ള സ്പയിസ് നല്‍കുന്നില്ല എന്നതാണ് തന്ത്രപരമായ വശം. എഴുതിയ ആളിനെ ചീത്തപറയാന് മാത്രമേ പറ്റൂ..സാമാന്യപ്രസ്താവങ്ങളാണ്, വിലയിരുത്തലല്ല സത്യത്തില്‍ ഇമ്മാതിരി പംക്തികളില്‍ നടക്കുന്നത്.. അതു തന്നെയാവണം അതെഴുതുന്നയാളിന്റെ ‘ജ്ഞാനി‘(രക്ഷാകര്‍ത്തൃ)ഭാവത്തിനും കാരണം..
വെള്ളെഴുത്തിന്റെ അവസാന കമന്റില്‍ കൈയ്യൊപ്പ്. കുറ്റവും കുറവുകളും ഏറെയുണ്ടെങ്കിലും സമാനതയില്ലാത്ത വായനാനുഭവമായിരുന്നു വാരഫലം. മലയാള സാഹിത്യത്തില്‍ അതിനുള്ള സ്ഥാനം നിഷേധിക്കാന്‍ സാധിക്കില്ല. വായിച്ചിരിക്കേണ്ട ഒന്നു തന്നെയാണ്. ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷെ സാഹിത്യത്തെ സീരിയസ്സായി സമീപിക്കുന്നുവെങ്കില്‍ വായിക്കുക.
വെള്ളെഴുത്തേ, എഴുത്തുകാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള സ്പേസ് നല്‍കുന്നില്ല എന്നത്, ആ (പ്രിന്റ്)മീഡിയായുടെ ഒരു കുറവാണ്. ആ കോളത്തിന്റെ മാത്രം പ്രശ്നമല്ല. പിന്നീട് വിമര്‍ശനം സഹിച്ചവര്‍ കൂടുതല്‍ എഴുതി തെളിയുക എന്നതേ നിവൃത്തിയുള്ളൂ.
സ്നേഹപൂര്‍വ്വം,
-സു-
Post a Comment