December 23, 2007

ഒറ്റപ്പെട്ടും നനഞ്ഞും


തീവണ്ടിയില്‍ യാത്രയ്ക്കിടയില്‍, ജാലകത്തില്‍ ‍ നിന്ന് പുറത്തേയ്ക്കു നോക്കിയപ്പോള്‍ കണ്ട ആളും ആഢംബരങ്ങളുമില്ലാതെ ഏകാകിയായൊരു ചെറിയ സ്റ്റേഷന്‍ എപ്പോഴെങ്കിലും നിങ്ങളെ കരയിച്ചിട്ടുണ്ടോ? അങ്ങനെ കുറെപേരെങ്കിലുമുണ്ട്.

മുന്നിലൂടെ കടന്നു പോകുന്ന തീവണ്ടിക്കുതിപ്പുകളുടെ ശക്തിയും വേഗതയും കണ്ട് പകച്ച്, പണ്ടെങ്ങോ ഉണ്ടായിരുന്ന വസന്തക്കാലങ്ങളുടെ ഓര്‍മ്മപ്പെരുക്കങ്ങളില്‍ സ്വയം ലയിച്ച്.. അങ്ങനെ ഓരത്ത് നില്‍ക്കുന്ന അവയുടെ ഒരു നിമിഷത്തെ കാഴ്ച എല്ലാ വിശാദംശങ്ങളോടെയും വന്നു നേത്രപടലങ്ങളെ തഴുകുന്നതും ഏകാന്തവേളകളില്‍ വീണ്ടും വീണ്ടും വന്നു നിറയുന്നതും എന്തുകൊണ്ടാവാം? ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ മുഹൂര്‍ത്തങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി കടന്നുപോകാന്‍ കഴിയുന്ന മനുഷ്യനെ ഇതു വരെ ഒരു രസതന്ത്രശാലയും നിര്‍മ്മിച്ചിട്ടില്ലല്ലോ. ആയതിനാല്‍ ഓരോരുത്തരുടെയും സ്വകീയമായ ഒറ്റപ്പെടലുകളുമായുള്ള താദാത്മ്യം ആയിരിക്കാം അവിടെ സംഭവിക്കുന്നത്. അതിനേക്കാള്‍ കൂടുതല്‍, ആ കാഴ്ച, പരിചയമുള്ള ആരുടെയോ ഓര്‍മ്മ അബോധത്തില്‍ തിരുകികയറ്റി വച്ചിട്ടു മറയുന്നതല്ലേ എന്നാലോചിക്കാനാണ് എനിക്കു കൌതുകം. അപ്പോള്‍ പ്രതീകങ്ങള്‍ തകിടം മറിയുന്നു. തീവണ്ടി നമ്മളാകുന്നു, ഓരത്ത് വിതുമ്മിക്കൊണ്ടു നിന്ന ആ തീവണ്ടി നിലയമോ, തീര്‍ത്തും പരിഗണിക്കാതെ നമ്മളെന്നോ ഒഴിവാക്കി വിട്ട ഒരു വ്യക്തിത്വം. ശബ്ദ കോലാഹലങ്ങള്‍ക്കിടയിലെ അപശ്രുതി. ഒരു പാഴ്ജന്മം. അരജീവിതം.

സ്റ്റീവന്‍ സോഡന്‍ബര്‍ഗ് സംവിധാനം ചെയ്ത ‘എറിന്‍ബ്ലോക്കോവിച്ചി‘ല്‍ ശ്രദ്ധ വല്ലാതെ പതിഞ്ഞ ഒരു കഥാപാത്രമുണ്ട്. ആ വിക്കിവിക്കി സംസാരിക്കുന്ന അവയവങ്ങള്‍ തന്റെ വരുതിയിലല്ലാത്ത ചെറുപ്പക്കാരന്‍. ‘ആരണാ‘യിരുന്നോ അത്? ഓര്‍മ്മയില്ല. എറിനെ അവളുടെ എല്ലാ തന്റേടത്തോടും കൂടി ഞാന്‍ മറന്നു. അല്ലെങ്കിലും ഏതു തന്റേടി പെണ്ണിനെയാണ് ഒരു യാഥാസ്ഥിതിക മലയാളിയ്ക്ക് ഓര്‍മ്മയില്‍ താലോലിക്കാന്‍ പറ്റുക? പക്ഷേ എനിക്ക് അയാളെ മറക്കാന്‍ കഴിയുന്നേയില്ല. ആ മാതൃകയെ. അയാള്‍ എറിനെ സ്നേഹിച്ചിരുന്നു എന്നു തോന്നുന്നു. തോമസ് മക്കാര്‍ത്തിയുടെ ‘സ്റ്റേഷന്‍ ഏജന്റി‘ലെ ‘ഫിന്‍’ ആണ് മറ്റൊരു കഥാപാത്രം. ആകെയുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരന്‍ മരിച്ചപ്പോള്‍ ന്യൂജേഴ്സിയിലെ ഉള്‍നാടന്‍ പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട, ആളൊഴിഞ്ഞ ട്രെയിന്‍ ഡിപ്പോയിലേയ്ക്ക് പോരുന്ന കടുത്ത അന്തര്‍മുഖത്വമുള്ള ഒരാളാണ് ഫിന്‍. പീറ്റര്‍ ഡിക്ലേജ് എന്ന കുള്ളനായ നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുള്ളന്മാര്‍ ചിരിപ്പിക്കാന്‍ മാത്രമുള്ള ഉപാധിയാണ് സാമാന്യബോധത്തിന്. മറ്റുള്ളവരുടെ പകുതിവേഗത്തില്‍ മാത്രം നടക്കാന്‍ കഴിയുന്ന കൊച്ചുശരീരം, തിരക്കുപിടിച്ച ഒരു ലോകത്തെ കാരുണ്യമില്ലാതെ ചിരിപ്പിക്കും. അതുകൊണ്ട് അയാള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. ഓരം പറ്റി ഒരൊഴിഞ്ഞു നടക്കല്‍. എന്നിട്ടും അയാള്‍ തീവണ്ടികളെ സ്നേഹിച്ചു കൊണ്ട് തന്റെ ചെറിയ ശരീരത്തിനു ഭാവനയുടെ ബദല്‍ തീര്‍ക്കുന്നു. ശരിയാകാത്ത കണക്കും കലാശങ്ങളും ചിന്തിച്ച് ചിന്തിച്ച് ഗൌരവപ്പെട്ടുപോയ മുഖവും വച്ച് നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ അയാള്‍ നടന്നു തീര്‍ക്കുന്നു.

നല്ലൊരു ആനിമേഷന്‍ ചിത്രമായ ‘കാറുകളി’ലുമുണ്ട്, പഴയപ്രൌഢിയില്‍ അഭിരമിച്ച് നില്‍ക്കുന്ന ഏകാന്തമായ ഒരു പെട്രോള്‍ സ്റ്റേഷനും അതിനെ ചുറ്റിപ്പറ്റി ചില തിരക്കുക്കുറഞ്ഞ ജീവിതങ്ങളും. ഇത്തരം ജീവിതങ്ങള്‍ അടയാളപ്പെടുത്താന്‍ തുരുത്തെന്ന പ്രതീകത്തെയാണ് നാം വ്യാപകമായി കൂട്ടുപിടിക്കുന്നത്. വ്യക്തിമനസുകളും സമൂഹങ്ങളും പാര്‍ശ്വവത്കൃത ജീവിതങ്ങളും ദ്വീപുകളാവാം. പാരിസ്ഥിതികമായ അടിയൊഴുക്കുണ്ട്, ഉപയോഗക്രമം കൊണ്ടു തേഞ്ഞുപോയ ആ കല്‍പ്പനയ്ക്ക്. എന്നാല്‍ ഏകാന്തമായ തീവണ്ടിനിലയങ്ങളോ ഉപേക്ഷിക്കപ്പെട്ട പെട്രോള്‍സ്റ്റേഷനോ ആളുകള്‍ വരാത്ത ഗാരേജുകളോ അടയാളപ്പെടുത്തുന്നത് വ്യത്യസ്തമായ വ്യക്തിത്വങ്ങളെയാണ്. നഗരത്തിന്റെ പളപളപ്പിനും വേഗതയ്ക്കുമിടയില്‍ എറിയപ്പെട്ട പാവം ഇരകളെ. ഫ്രോയിഡ് പറഞ്ഞ, ‘നഗരം നിര്‍മ്മിക്കുന്ന അസംതൃപ്തരും രോഗികളുമായ‘ മനുഷ്യരല്ല അവര്‍. നിര്‍മ്മിതിയുടെ പാകപ്പിഴകൊണ്ട് പൊതുബോധത്തിനു കൂടെകൂട്ടാനാവാത്ത മിസ്ഫിറ്റുകള്‍. യൂസ്‌ലെസ്സുകള്‍. (എന്തുഭീകരമായ തെറിവാക്ക് !) പട്ടണമധ്യത്തിലെ ആമയിഴഞ്ചാന്‍ തോടുകള്‍. ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ഐറിഷ് സിനിമ ഗാരേജിലെ ‘ജോസി‘ (പാറ്റ് ഷോട്ട് എന്ന നടനാണ് ജോസിയെ അവതരിപ്പിക്കുന്നത്, സിനിമയില്‍) ഇതുപോലെ തണുപ്പനും നിരുപദ്രവിയും ‘മിസ്‌ഫിറ്റു’മാണ്. ഏകാന്തതയുമായി സന്ധിചെയ്യാന്‍ അയാള്‍ കാണിക്കുന്ന ക്ഷമ അസാധാരണമാണ്. വല്ലപ്പോഴുമൊരിക്കല്‍ മാത്രം ആളുകള്‍ വരുന്ന ഗാരേജില്‍ നിന്ന് എങ്ങും പോകാതെ, ജീവിതം അതിനുചുറ്റുമായി കെട്ടിയിട്ട് കഴിയുകയാണയാള്‍. ഇടുപ്പിനു അയവു കൊടുക്കാന്‍ രാവിലെ ഒരു നടത്തം. വല്ലപ്പോഴും പറമ്പിലെ കുതിരയ്ക്ക് ഒരാപ്പിള്‍. ആര്‍ക്കും മടുപ്പു തോന്നിയ്ക്കുന്ന വിധത്തില്‍ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടുള്ള ആശയവിനിമയം. വ്യത്യാസങ്ങളില്ലാതെ തുടരുന്ന ജീവിതത്തില്‍ അയാള്‍ സന്തുഷ്ടനാണ്, അയാള്‍ക്ക് പരാതികളില്ല. ഡേവിഡ് എന്ന പതിനഞ്ചുകാരനെ ശിഷ്യനായി തന്റെ സഹപാഠിതന്നെയായ ബോസ് കൊണ്ടാക്കിയതിലാണ് അയാളുടെ അഭിമാനം. ചെറുക്കനും കൂട്ടുകാരനുമായി ചേര്‍ന്ന് അയാള്‍ക്ക് ആത്മവിശ്വാസം കൈവരുന്നു. സംസാരിക്കുമ്പോഴുള്ള കുഴമറിച്ചില്‍ അല്പാല്പം കുറയുന്നു. “നീ ശുദ്ധനാണ്, നല്ലവനാണ് പക്ഷേ നിന്നെപോലെയൊരുവനെ എനിക്കു വേണ്ട“ എന്ന് ഒരു പെണ്ണ് മുഖത്തടിച്ചു പറയുമ്പോള്‍ പോലും അയാള്‍ തകര്‍ന്നു പോകുന്നില്ല. എങ്കിലും ശുദ്ധഗതിക്കാരന്‍ അടിസ്ഥാനപരമായി വിഡ്ഢിയാണ്, പ്രായോഗിക ജീവിതത്തില്‍.

കൌമാരത്തിന്റേതായ ഉള്‍വലിയല്‍ ഡേവിഡിനുണ്ട്. വ്യക്തിത്വവൈകല്യത്തിന്റെ പല്‍ച്ചക്രങ്ങള്‍ പെട്ടെന്ന് തമ്മില്‍ച്ചേര്‍ന്നു കറങ്ങുമല്ലോ. അവരൊരുമിച്ച് ചേര്‍ന്ന് ബീയറു കുടിച്ചു. ഗാരേജില്‍ ചില മാറ്റങ്ങള്‍ വരുത്തി. നിറമുള്ള ബക്കറ്റ് അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കുക പോലുള്ള മാറ്റങ്ങള്‍! ഒരിക്കല്‍ യാദൃച്ഛികമായി ജോസിയിട്ട ബ്ലൂസിനിമാ കാസെറ്റ് ഡേവിഡ് കണ്ടു. അയാള്‍ക്ക് അതില്‍ അസ്വാഭാവികതയില്ല. കറുത്ത വര്‍ഗക്കാരന്‍ അഭിനേതാവിന്റെ ലിംഗത്തെപ്പറ്റി ഒരഭിപ്രായം പയ്യനോടയാള്‍ തട്ടി മൂളിക്കുകയും ചെയ്തു. പക്ഷേ സമൂഹത്തിന് അതു പ്രശ്നമാണ്. ഡേവിഡ് അതു കൂട്ടുകാരനോടു പറയുന്നു, കൂട്ടുകാരന്റെ അമ്മ പരാതിയായി പോലീസിനോടും. താന്‍ അറസ്റ്റു ചെയ്യപ്പെടുന്നതെന്തിനാണെന്ന് ജോസിക്കു മനസ്സിലായില്ല. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയ്ക്ക് നിയമവിരുദ്ധമായ സിനിമ കാട്ടിക്കൊടുത്തു എന്നതും അവന് ആല്‍ക്കഹോള്‍ നല്‍കിയെന്നതും ക്രിമിനല്‍ കുറ്റമാവുന്ന നാഗരികജീവിതം അപ്പോഴാണ് ബോധമായി അയാളില്‍ നിറയുന്നത്. അത് ഒരു ആഘാതമായിരുന്നു. താന്‍ തെറ്റു ചെയ്തു എന്ന ആഘാതം. താന്‍ ‘ആര്‍ക്കും’ വേണ്ടാത്തവനായി എന്നത് മറ്റൊരാഘാതം. ഗാരേജില്‍ ഇനി അയാള്‍ക്ക് ജോലിയുണ്ടാവില്ല. ആപ്പിള്‍ വച്ചു വിളിച്ചിട്ട് കുതിര കൂടി തന്റെ അടുക്കലേയ്ക്ക് വരില്ലെന്ന് തിരിച്ചറിഞ്ഞിട്ട്, ലൈംഗികകുറ്റവാളി മറ്റേതു കുറ്റം ചെയ്തവനേക്കാളും നികൃഷ്ടനാണ് എന്ന ബോധം മുറ്റിയ മനസുമായി‍, നദിക്കരയില്‍ തന്റെ വസ്ത്രങ്ങളൊക്കെയൂരി ഭദ്രമായി വച്ചിട്ട് അയാള്‍ വെള്ളത്തിലേയ്ക്കിറങ്ങി പോകുന്നു. അയാള്‍ക്ക് അങ്ങനെയേ മരിക്കാനൊക്കൂ.. കിം കി ഡുക്കിന്റെ ‘അഡ്രസ് അണ്‍നോണി‘ലെ വിദേശിയെ വിവാഹം കഴിച്ച് സമൂഹത്തില്‍ നിന്നും സ്വന്തം മകനില്‍ നിന്നും പുറത്തായിപ്പോയ അസ്വസ്ഥയായ സ്ത്രീയെപ്പോലെ എല്ലാം ചേര്‍ത്തുപിടിച്ച് സ്വയം കത്തിച്ചു കളയാനാവില്ല. അയാള്‍ക്ക് അങ്ങനെ സമൂഹത്തിന്റെ മുന്നില്‍ മറവില്ലാത്തവനായി കിടക്കണം..

വ്യക്തിത്വവൈകല്യങ്ങളുള്ള കഥാപാത്രങ്ങള്‍ക്ക് മലയാളത്തില്‍ അധികം ഉദാഹരണം കണ്ടെടുക്കുക പ്രയാസമാണ്. എങ്കിലും ‘ഗാരേജിലെ’‍ ജോസിയ്ക്ക് ഒരകന്ന ചാര്‍ച്ച നമ്മുടെ മലയാളത്തിലുണ്ട്. ‘ഉത്സവപിറ്റേന്ന്’ എന്ന സിനിമയിലെ ഇളയ തമ്പുരാന്‍. ജീവിതസാഹചര്യങ്ങള്‍ വേറെയാണ് എങ്കിലും വ്യക്തിത്വങ്ങള്‍(-വൈകല്യങ്ങള്‍) കുറേയൊക്കെ സമാനമാണ്. ശുദ്ധഗതി എന്നിടത്ത്, ഏകാന്തത എന്നിടത്ത്, (ഏകാന്തത തന്റെ അപര്യാപ്തതയെക്കുറിച്ചുള്ള അബോധത്തിന്റെ സാക്ഷ്യമാണ്) മറച്ചുവയ്ക്കാന്‍ ഒന്നുമില്ല എന്നിടത്ത്. കുട്ടികളുടെ മുന്നില്‍ വച്ചാണ് അയാള്‍ ആത്മഹത്യയ്ക്കു കയറു മുറുക്കുന്നത്. ജോസി നഗരത്തിന്റെ ഇരയാണ് ഇളയതമ്പുരാന്‍ ഗ്രാമത്തിന്റെയും. അതുപോലെ മുതലാളിത്തം ഗാരേജിന്റെ സാമ്പത്തിക ചിന്തയില്‍ അടിയൊഴുക്കായുണ്ട്. ഗാരേജിനെ എങ്ങനെ ആകര്‍ഷകമാക്കാം എന്ന് ജോസി വല്ലാതെ ചിന്തിക്കുന്നുണ്ട്. ഗാരേജിന്റെ ഉടമസ്ഥന്‍ ജൊസിയുടെ സഹപാഠിയാണ്. തകര്‍ന്നു തുടങ്ങിയ ഫ്യൂഡലിസമാണ് ഉത്സവപിറ്റേന്നിലെ പശ്ചാത്തലം. ഇവിടെ മൂത്തത്തമ്പുരാന്റെ ചെയ്തികളാണ് ദുരന്തത്തിന് ആക്കം കൂട്ടുന്നത്. ഈ വിരുദ്ധദ്വന്ദങ്ങള്‍ക്കിടയിലും ഇവര്‍ പുലര്‍ത്തുന്ന സമാനതയ്ക്ക് മനശ്ശാസ്ത്രപരമായ സംഗത്യമുണ്ട്. ബന്ധങ്ങളുടെ വിയര്‍പ്പും സ്നേഹത്തിന്റെ ഉപ്പും സഹജീവികളും ഇവരെ തോത്പിച്ചു. ജീവിതത്തിലുള്ള അവിശ്വാസമാണ് മരണത്തിലൂടെ ഇവര്‍ പ്രകടിപ്പിച്ചത്.‍ വിചാരിച്ചതുപോലെ മണ്ടന്മാരല്ല ഞങ്ങള്‍ എന്നാണ് ഈ കഥാപാത്രങ്ങള്‍ മരണതീരുമാനത്തിലൂടെ നമ്മളെ അറിയിക്കുന്നത്. പ്രായോഗികത എന്തെന്നു തീരെ അറിയാത്ത ഇത്തരക്കാരുടെ കാതില്‍ ‘മരിക്കാനെളുപ്പമാണ് ജീവിക്കാനാണ് പ്രയാസം’ എന്ന മയക്കോവിസ്കിയന്‍ വാക്യം ഓതിക്കൊടുക്കുന്നതാരാണാവോ.

8 comments:

Sathees Makkoth | Asha Revamma said...

തേങ്ങ എന്റെ വക!

സു | Su said...

ഒറ്റപ്പെടലില്‍ തുടങ്ങി, മരണത്തിലെത്തി നിര്‍ത്തി. ഓരോരുത്തരും, ഒറ്റപ്പെട്ടു നില്‍ക്കും, ഒടുവില്‍ മരിക്കും. ചിലര്‍ രണ്ടും സ്വയം തിരഞ്ഞെടുക്കും. ഏകാന്തത ചിലപ്പോഴെങ്കിലും അനുഗ്രഹവുമാകില്ലേ?

“എങ്കിലും ശുദ്ധഗതിക്കാരന്‍ അടിസ്ഥാനപരമായി വിഡ്ഢിയാണ്, പ്രായോഗിക ജീവിതത്തില്‍.”

ശരിയാണോ?

വെള്ളെഴുത്ത് said...

ഏകാന്തതയുടെ പ്രകാരഭേദങ്ങള്‍ അതെ ചിലപ്പോള്‍ അനുഗ്രഹമാണ്.”Loneliness is much better when you have got someone to share it with.” എന്നാണ് സ്റ്റേഷന്‍ ഏജന്റിന്റെ സ്റ്റോറി ലൈന്‍. ശുദ്ധഗതിക്കാരന്‍ വിഡ്ഢിയാണെന്നത് ഐറോണിക്കലായ വാക്യമാണ്. എങ്കിലും അതെ. പരാമര്‍ശിച്ച സിനിമകളില്‍ അങ്ങനെയല്ലേ..

Anonymous said...

ഒറ്റപ്പെടലിന്റെ നടുക്കടലിലകപ്പെട്ടിരിക്കുമ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ചില സിനിമകളില്ലേ, പറ്റുമെങ്കില്‍ സിനിമയൊന്നു കാണണെ..

Anonymous said...

ഗംഭീരമായ പോസ്റ്റ്.
പക്ഷെ ഫസ്റ്റ് കമന്റ് ,ഈ പോസ്റ്റിന് കിട്ടിയേക്കാവുന്ന എറ്റവും വേദനാജനകമായ ഒന്ന്.

വെള്ളെഴുത്ത് said...

Something like happiness..അതിവിടെ ഫെസ്റ്റിവലിനുണ്ടായിരുന്നില്ലേ..? നല്ല പരിചയമുള്ള പേര്‍..ഞാനതു കാണുന്നുണ്ട്.. സിനിമകള്‍ വല്ലാത്ത അസ്വസ്ഥതയാണു നല്‍കുന്നത്..സത്യത്തില്‍ വയ്യ..അതെങ്ങനെയെങ്കിലും, ആരോടെങ്കിലും പ്രകടിപ്പിക്കാനും കൂടിക്കഴിഞ്ഞില്ലെങ്കില്‍ !!!..പിന്നെ ആ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ വാങ്ങിച്ചു/വായിച്ചു. അതേതോ വായിച്ചു മറന്ന കഥയെന്നാണ് ആദ്യം കരുതിയിരുന്നത്. അങ്ങനെയൊന്നില്ല അവാര്‍ഡേ.. ആരെങ്കിലുമൊക്കെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ എത്തുന്നു എന്നതു തന്നെ വലിയ കാര്യം..

ചീര I Cheera said...

ഹ്ര്‌ദ്യമായിരുന്നു ഇത്..
ശരിയ്ക്കും മനസ്സിലാക്കി വായിയ്ക്കാനായി..

Roby said...

വായിക്കാന്‍ വൈകി...

കുറെ ഓര്‍മ്മകള്‍ വരുന്നു.
ലിറ്റില്‍ ചില്‍ഡ്രനിലെ പീഡിയോഫൈലായ ആ കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ..? ശിശുപീഡനത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞെത്തുന്ന ആ മനുഷ്യന്‍ ആര്‍ക്കും വേണ്ടാത്തവനും വെറുക്കപ്പെട്ടവനുമാകുന്നു. താന്‍ രോഗിയാണെന്ന് അയാള്‍ക്കറിയാം. രോഗത്തില്‍ നിന്നും തന്റെ പാപത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ സ്വന്തം ലിംഗം അറുത്തുമാറ്റുന്ന കഥാപാത്രം...

എന്റ്റെ മനസ്സില്‍ ഏറ്റവുമാദ്യം വരുന്ന ഏകാന്തരായ കഥാപാത്രങ്ങള്‍ Paul Schrader-ടെ തിരക്കഥയില്‍ സ്കോര്‍സേസി സംവിധാനം ചെയ്ത ചിത്രങ്ങളിലെ നായകന്മാരാണ്.

ടാക്സി ഡ്രൈവറിലെ ‘ഗോഡ്സ് ലോണ്‍ലി മാന്‍-ട്രാവിസ് ബിക്കിള്‍’
റേജിംഗ് ബുള്ളിലെ ബോക്സര്‍.
അന്ത്യപ്രലോഭനത്തിലെ ക്രിസ്തു.
Bringning out dead എന്ന ചിത്രത്തില്‍ നികോളാസ് കേജ് അവതരിപ്പിച്ച ആ പാരാമെഡിക്.

സ്കോര്‍സേസിയുടെ സിനിമകളെല്ലാം തന്നെ മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെട്ടവരെക്കുറിച്ചാണ്.