കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇത്തവണത്തെ ഒപ്പുചിത്രം (signature film) ചെയ്തിരിക്കുന്നത് താരതമ്യേന പുതുമുഖമായ വിപിന്‍ വിജയ് ആണ്. പുലികള്‍ തലങ്ങും വിലങ്ങും അടക്കി വാഴുന്ന കാട്ടില്‍ എങ്ങനെയാണ് ഈ പുതുമുഖത്തിന് ഇങ്ങനെയൊരവസരം ലഭിച്ചതെന്നറിയില്ല. ഉദ്ഘാടനത്തിന് പരിപാടിയുടെ കലാസംവിധായികയായ (യഥാര്ത്ഥസംവിധായികയും) ബീനാപോള്‍ വിപിനെ വിശേഷിപ്പിച്ചത് വളരെ ഉദാരമായ വാക്കുകള്‍ കൊണ്ടാണ്. ‘പൂമരം’(The Flowering Tree) എന്ന മനോഹരമായ ഡോക്യു. വിപിന്റെയാണ്. അതിലൊരു എത്തിനിസിറ്റിയുണ്ട്. നിറം, വെളിച്ചം, സൌന്ദര്യം ഇവ ഉപയോഗിക്കാനറിയാവുന്ന യുവാവാണ്. അതുകൊണ്ട് കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രമേളയുടെ ഒപ്പുചിത്രം ഇത്തവണ ഒരു യുവാവിന്റെ കൈകളില്‍ എത്തിയാല്‍ അതില്‍ പ്രതിഷേധിക്കാനെന്തുണ്ട്?
പണ്ട് ബഷീര്‍ പറഞ്ഞതുപോലെ നമ്മുടെയല്ലേ ജനം? അവര്‍ സമാധാനത്തോടെ വര്‍ത്തിക്കുമോ? തിയേറ്ററില്‍ ഐ എഫ് എഫ് കെയുടെ സ്ലൈഡ് കാണിക്കുമ്പോള്‍ തൊട്ട് അവര്‍ കൂവാന്‍ തുടങ്ങുകയാണ്. ഒപ്പുചിത്രം തീരുന്നതു വരെ. അത്രയ്ക്ക് സംഗതി അവര്‍ക്ക് പിടിച്ചു എന്നര്‍ത്ഥം. കഴിഞ്ഞ തവണത്തെപോലെ, ചകോരം നിലാവുകുടിയ്ക്കുന്നതും കറങ്ങി തിരിയുന്നതും ആനിമേഷനില്‍ കാണിക്കുകയല്ല, പുതിയതില്‍. ചന്ദ്രക്കലയില്‍ നിന്ന് ഊര്‍ന്നിറങ്ങിയ ഒരു കയറിന്റെ അറ്റത്ത് തിരിയുന്ന ടയറില്‍ കിടന്നുറങ്ങുന്ന ഒരു കുട്ടി. പിന്നെ ഒരു കണ്ണ്. അടുത്ത ഷോട്ടില്‍ കണ്ണുകളില്‍ മീനുകളും പിടിപ്പിച്ച് ഒരു പെണ്‍കുട്ടി. ഒരു തടിയന് പിടിച്ചുവച്ചുകൊണ്ടിരിക്കുന്ന വെളുത്ത വസ്ത്രത്തില്‍ അതേ പെണ്ണിന്റെ ത്രിമാനചിത്രം അടുത്തത്. മേശപ്പുറത്തു കയറ്റിവച്ച കാലുകള്‍. താഴെനിന്ന് തലപുകഞ്ഞു ചിന്തിക്കുന്നതിന്റെ പുകവളയങ്ങള്‍ പൊങ്ങുന്നുണ്ട്. തൊട്ടടുത്ത് ഒരു ചിലമ്പ്. സ്ക്രീനിന്റെ വലതു വശത്ത് കറുത്ത ബൂട്ട്. വെളുപ്പു മുഖത്തു മൊത്തം തേച്ച മൊട്ടത്തലയനും നിറങ്ങളുടെ സൂപ്പര്‍ ഇമ്പോസ് വീണ പെണ് മുഖങ്ങളും മിന്നി മറയുന്നു. ബ്രേക്ക് ഡാന്‍സ്, ആണികളുടെ ഡിസൈനുകള്‍ എന്നിവയ്ക്കിടയിലൂടെ ചോര പിന്നിലേയ്ക്ക് വലിയുന്ന ഒരു തള്ളവിരലിലെത്തുന്നു. ഇടയ്ക്ക് കോപ്പിറൈറ്റിനെ സംബന്ധിക്കുന്ന എഫ് ബി ഐ മുന്നറിയിപ്പ് വെടികൊണ്ടു തുളഞ്ഞും മറ്റും കാണാം. ഒടുവില്‍ നീലം തേച്ച് ചെമ്പരത്തികൊണ്ടൊരുമാലയിട്ട സ്ത്രീ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്ന് ഒരു വെളുപ്പ് വന്ന് എഴുതികാണിക്കുന്നു :‘ പന്ത്രണ്ടാമത് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള..ഡിസംബര്‍....”
ടെലിവിഷനിലെ പ്രേതസീരിയലുകളുടെ പശ്ചാത്തലമാണ് സംഗീതം. അതിനു ഒഴിക്കില്ല. ഇടമുറിയുന്നുണ്ട്. ചുരുക്കത്തില്‍ മൊത്തത്തില്‍ ഒരു ബ്രേക്ക്. ജനം കൂവുന്നത് അതുകൊണ്ടാണ്. തനിബുജി ജാടയാണെന്ന് ന്യായമായും ആരും സംശയിച്ചു പോകും. പിന്നെ കാണിക്കുന്ന സ്ത്രീകള്‍ക്ക് സൌന്ദര്യമില്ലെന്നതും കാരണമാണ്. (സൌന്ദര്യമുണ്ടെങ്കിലും കൂവും, പക്ഷേ അതിങ്ങനെയല്ല..) ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ചിത്രത്തില്‍ ചിലതൊക്കെയുണ്ടെന്നു തോന്നിക്കൂടായ്കയില്ല. നീലപെണ്‍കുട്ടി നമ്മുടെ യക്ഷിയാണ്. സിനിമയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മലയാളി എത്തേണ്ട ഒരു സ്ഥലം അതല്ലേ. പിന്നെ നമ്മുടെ ചിലമ്പ്. അതങ്ങനെ നമ്മുടെ എതിനിസിറ്റിയെയൊക്കെ സ്പര്‍ശിച്ചു പോകുന്ന സാധനമാണെങ്കിലും ശരിയായില്ല എന്നൊരു ന്യായം കയറിപ്പറ്റിയാല്‍ പിന്നെന്തു ചെയ്യും? കൂവലുകളെക്കുറിച്ച് പത്രങ്ങളും എഴുതിയ സ്ഥിതിയ്ക്ക് സിഗ്നേച്ചറിനെ സംരക്ഷിക്കാന്‍ ഒറ്റ വഴിയേയുള്ളൂ. സിനിമയെക്കുറിച്ച് നമ്മളേക്കാള്‍ അറിവുള്ള മനുഷ്യര്‍ എന്തു പറയുന്നു എന്നു നോക്കുക. ഒഫീഷ്യല്‍ ബുള്ളറ്റിനില്‍ റാഡാ സെസിക്കിന്റെ അഭിപ്രായമുണ്ട്. റാഡാ, നെതര്‍ലാന്റില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകയും പ്രോഗ്രാമ്മറുമാണ്. അവര്‍ പറയുന്നു : “ഇത് (ഈ സിഗ്നെച്ചര്‍ ഫിലിം) ധീരവും വ്യത്യസ്തവുമായ ദൃശ്യാനുഭവമാണ്. ഡിജിറ്റല്‍ ദൃശ്യയുഗത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രം, ഇതുവരെയുള്ള ഐ എഫ് എഫ് കെയുടെ ഒപ്പുചിത്രങ്ങളുടെ പാരമ്പര്യ വഴിയെ സമര്‍ത്ഥമായി മുറിയ്ക്കുന്നുണ്ട്. “ അവര്‍ വിപിനെ കിം കി ഡുക്കിന്റെയും, അലക്സാണ്ടര്‍ സുകുറൊവിന്റെയും പിങാമിയായിട്ടാണ് കാണുന്നത്, പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധം ദൃശ്യാനുഭവാം ഈ ചേറു പടപ്പിനകത്ത് ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നതില്‍. കാര്യം എന്താണെന്ന് അറിയില്ല. ഇന്ന് കൂവല്‍ കുറഞ്ഞു. ആയമ്മ നീലയും യക്ഷിയും ഒന്നും കണ്ടമട്ടില്ല. എങ്കിലും ആയമ്മ പറഞ്ഞത് ചലചിത്രാസ്വാദന സമൂഹം കേട്ടു. അക്ഷമയും അരാജകത്വവും വേണ്ടുവോളമുണ്ടായിട്ടും ശരിയാണല്ലോ എന്നു ചിന്തിച്ചു. ഇങ്ങനെയൊരു പ്രബുദ്ധതയെ വേറെ എവിടെ കാണാന്‍ പറ്റും?
December 11, 2007
Subscribe to:
Post Comments (Atom)
11 comments:
ആയമ്മ ആദ്യമേ പറഞ്ഞായിരുന്നെങ്കില്‍ നമ്മള് കൂവൂല്ലായിരുന്നു :-)
അടുത്തകൊല്ലം ഒരവസരം കിട്ടിയാല്‍ വിപിന്‍ വിജയിന് അധികം മെനക്കെടേണ്ടിവരില്ല. പനിനീരില്‍ നിന്ന് പരാഗം പൊഴിയുന്നതും അതു വീണ് മയില്‍പ്പീലിക്ക് രോമാഞ്ചമുണ്ടാവുന്നതുമൊക്കെ ധൈര്യമായി ഒപ്പുചിത്രമാക്കാം. ഏണീറ്റ് നിന്ന് കൈയടിച്ചോളും കേരള ബ്രാന്‍ഡ് പ്രബുദ്ധത..:)
ഒപ്പു ചിത്രം ആരുടേതാണെന്ന് നോക്കാന്‍ ഒപ്പിടുന്നത് ഏതുകക്ഷിക്കാരനാണെന്നുനോക്കിയാല് മതി.യക്ഷിയായാലും കൊള്ളാം പക്ഷിയായാലും കൊള്ളാം നമ്മുടെ കക്ഷിയാണെങ്കില്‍ ഉണ്ടാക്കട്ടെ ഒപ്പുചിത്രം എന്നാകും തലവാചകം.എനിക്കൊന്നും തോന്നുന്നില്ലപ്പാ.
ആയമ്മ നെതര്‍ലാന്റില്‍ നിന്നാന്നല്ലേ പറഞ്ഞെ? അതായതു് ഡച്ചുകാരി! മദാമ്മ! സായിപ്പിന്റെ സ്ത്രീലിംഗം! മദാമ്മ പറഞ്ഞാല്‍ നമ്മള് കൂവും, കൂവല്‍ നിറുത്തും! കൂവല്‍ നിറുത്തി കൊക്കാന് പറഞ്ഞാല്‍ അതും ചെയ്യും. നമ്മളോടാ കളി!!
ഇനിയിപ്പോ സായിപ്പു് നേരിട്ടാ പറയണേങ്കി നമ്മളു് കടുങ്കൈ വരെ ചെയ്യും! നമ്മളിതെത്ര കണ്ടതാ!!
mani kaul did films very very differently - features and documentaries. his documenrtary on kashmir is a fine example of original work. he never did show the houseboats nor zoomed on kasmiri girls but the nature of kashmir was there in its vast still water, birds and mountains, village pathways and weeds that swing on the river bed. in short he was differnet but equally communicative. i have not seen the signature film of vipin. i was never near the festival this year. so i cant comment on that.but still i feel if vipin really tried to communicate intelligently and logically people would not have done what they did.
വിപിന്‍ വിജയ് ചെയ്ത സിഗ്നേച്ചര്‍ ഫിലിം കണ്ട് ജനം കൂവിയതില്‍ യാതൊരു അത്ഭുതവുമില്ല. വിഷ്വല്‍ കമ്മ്യൂണിക്കേഷനോ മറ്റോ ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ചെയ്ത അപക്വത നിറഞ്ഞ ഒരു പരീക്ഷണചിത്രം പോലുണ്ടത്. ചിത്രത്തിന്റെ സമയപരിധിയെപ്പറ്റി യാതൊരു ബോധവുമില്ലാതെ കുറെയധികം വിഷ്വലുകള്‍ തിരുകിക്കയറ്റിയതു മൂലം വിശേഷിച്ചൊരു കമ്മ്യൂണിക്കേഷനും സാധിക്കാതെ പോയ ഒരു ‘ബാഡ്ലി എക്സിക്യൂട്ടഡ് വര്‍ക്ക്’. സംവിധായകന് വിചാരിക്കുമ്പോലെ ഷോക്ക് എലിമെന്റൊന്നുമില്ല അതില്‍. വില കുറഞ്ഞ ഇന്റലക്ച്വല്‍ പ്രിറ്റന്‍ഷന്‍ മാത്രമേയുള്ളു.
റാഡാ സെസിക്കിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കും മുമ്പ് തന്നെ ഫെസ്റ്റിവല്‍ ബുള്ളറ്റിനില്‍ പി.കെ. രാജശേഖരന് വിപിന്റെ ചിത്രത്തെ വാഴ്ത്തിയെഴുതിയിരുന്നു. മദാമ്മ മൂപ്പരെ കടത്തി വെട്ടി. (വിപരീതാഭിപ്രായമുള്ള സെലിബ്രിറ്റികള്‍ ധാരാളമുണ്ടാകും. അതൊന്നും പക്ഷേ ഫെസ്റ്റിവല്‍ ബുള്ളറ്റിനില്‍ വരില്ലല്ലോ.) നെതര്ലന്റു കാരിക്കും കൂടി ചേര്‍ത്തുള്ള കൂവലാണ് പിന്നീട് ഞാന്‍ കയറിയ തീയേറ്ററിലൊക്കെ കേട്ടതെന്നു തോന്നുന്നു.
ശരിയാണ് പിന്നെ കൂവലിന്റെ ശക്തി കൂടി അങ്ങനെ എളുപ്പത്തിലൊന്നും വിട്ടു കൊടുക്കില്ല നമ്മള്!പക്ഷേ എതിരഭിപ്രായങ്ങളും ബുള്ളറ്റിനില്‍ വന്നു. ജോയി മുല്ലക്കാട്ടില്‍ തിരുവനന്തപുരത്തിന്റെ. പക്ഷേ ജനം കൂവിയതു ഇതൊന്നും വച്ചല്ല.. ചുമ്മാ കൂവി അത്രതന്നെ..കൊള്ളില്ല എന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു..?
ജോയി മുല്ലക്കാട്ടില്‍ തിരുവനന്തപുരം? നല്ല്ല പേര്!
വെള്ളെഴുത്തേ, “പക്ഷേ ജനം കൂവിയതു ഇതൊന്നും വച്ചല്ല.. ചുമ്മാ കൂവി അത്രതന്നെ..“ ഈ ഡയലോഗിലുള്ളത്രയും അസഹിഷ്ണുതയൊന്നും ആ കൂവലുകള്ക്കില്ലായിരുന്നു! “വിപിനേയ്.. അടുത്ത പടം പിടിക്കുമ്പോ ഒന്നൂടെ ശ്രദ്ധിച്ചോണേ!“ എന്ന് ഇത്തിരി കടുപ്പത്തിലൊന്നു ഓര്മ്മിപ്പിച്ചതാകണം ജനം. പിന്നെ ആ പടത്തിനെ കണ്ണും പൂട്ടി സ്വീകരിച്ച സംഘാടകരോടുള്ള പ്രതിഷേധവും കാണും, തീര്‍ച്ചയായും.
(ജോണ്‍ എബ്രഹാമൊക്കെ നല്ല കൂവല്‍ വിദഗ്ദരായിരുന്നെന്ന് കേട്ടിട്ടുണ്ട്. മൂപ്പര് കൂവിയാല്‍ ദിവ്യക്കൂവലും പണിയും തൊഴിലും മാറ്റി വച്ച് ഫെസ്റ്റിവല്‍ കാണാന്‍ വരുന്നവര്‍ അറുബോറത്തരം കണ്ട് കൂവിയാല്‍ അത് മ്ലേച്ഛത്തരവുമാണല്ലോ!)
എല്ലാം ആപേക്ഷികം. ആക്ഷേപവും ആപേക്ഷികം. ജനം കൂവി. ചിലപ്പോള്‍ കൂവേണ്ടതുകൊണ്ട് തന്നെയാവാം, അല്ല്ലെങ്കില് ചുമ്മാ കൂവിയതാവാം. പക്ഷേ കൂവേണ്ടതാണോ അല്ലയോ എന്നെങ്ങിനെ നിശ്ചയിക്കും? സംഗതി ആപേക്ഷികമല്ലേ? പക്ഷേ ആ ആപേക്ഷിക ചിന്ത കൂവുന്നവര്‍ക്കും ഉണ്ടാക്കാം. ആരെങ്കിലുമൊക്കെ അത് ഇഷ്ടപ്പെടുന്നവരുമുണ്ടായിരിക്കും എന്ന് കൂവുമ്പോളോര്ത്താല്, അല്ലെങ്കില്‍ നമുക്കിഷ്ടപ്പെട്ടത് വേറേ ആരെങ്കിലും കൂവുമ്പോള്‍ നമുക്കെന്ത് തോന്നുമെന്നോര്ത്താല് പിന്നെ കൂവാന്‍ തോന്നില്ല. പിന്നെയും കൂവാന്‍ തോന്നിയാല്‍ ധൈര്യമായിട്ട് കൂവ് കൂവേ :)ലോകത്ത് ആര്‍ക്കും ഇഷ്ടപ്പെടാത്തതായി എന്തെങ്കിലും സംഭവം ഉണ്ടോ? എന്തും ആരെങ്കിലും ഇഷ്ടപ്പെടുമല്ലോ?
‘ബാഡ്ലി എക്സിക്യൂട്ടഡ് വര്‍ക്കും അറുബോറത്തരവും എല്ലാം ആപേക്ഷികമല്ലേ, കൂവലിന്റെ അസഹിഷ്ണുതയും കൂവുന്നവരുടെ അസഹിഷ്ണുതയും അതിനെപ്പറ്റി പറയുന്നവരുടെ അസഹിഷ്ണുതയും എല്ലാം പോലെ?
കൂവിത്തോറ്റബുജി
പരാജിതാ, കാര്യങ്ങലെക്കുറിച്ച് ആലോചിച്ചു നോക്കുന്നതില്‍ എന്തസഹിഷ്ണുതയാണുള്ളത്? ഞാനെന്റെയൊരു വിചാരഗതി അവതരിപ്പിച്ചു എന്നു മാത്രം.വക്കാരി പറഞ്ഞതു പോലെ ആപേക്ഷികമല്ലേ കാര്യങ്ങള്‍..ഇഷ്ടപ്പെടാതിരിക്കുമ്പോള്‍ തന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ടാവുമെന്ന ചിന്തയാണ് കൂടുതല്‍ ജനാധിപത്യപരം..രാജാവ് നഗ്നനാണെന്നു പറഞ്ഞ പയ്യന്‍സിന്റെയും ജോണ്‍ എബ്രഹാമിന്റെയുമൊക്കെ കൂവലുകളെ ഏതര്ത്ഥത്തിലാണെടുക്കുന്നതെന്ന് അടുത്ത പോസ്റ്റില്‍ പറഞ്ഞതു കൊണ്ട് വിശദീകരിക്കുന്നില്ല. സുജിത്തേ, ബുജി കാര്‍ട്ടൂണുകള്‍ക്ക് പ്രത്യേക കയ്യടി..ഇരുട്ടു മുറിയില്‍ വച്ചല്ലാ.
Post a Comment