November 1, 2007
പുലിയെ പിടിക്കാനുള്ള വഴികള്‍
പുലിയെ പിടിക്കുന്നതിന് ന്യൂട്ടന്റെ ചലനസിദ്ധാന്തത്തിലധിഷ്ഠിതമായ(രജീഷ് നമ്പ്യാര്‍, ശ്രീ എന്നിവര്‍ക്ക് നന്ദി!) ഒരു പ്രായോഗിക വഴി ഏതോ ഒരു വിദ്വാന് കണ്ടെത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
ഏതു പ്രവൃത്തിയ്ക്കും തത്തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുള്ളതുകൊണ്ട് ആദ്യം നിങ്ങളെ പിടിക്കാന്‍ പുലിയെ അനുവദിക്കുക. മേല്‍പ്പറഞ്ഞ ശാസ്ത്രീയ നിയമം കണിശമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പുലിയെ പിടിക്കാനും പറ്റും!
പറ്റില്ല എന്നു ഏതു പോലീസുകാരനും അറിയാം. പറ്റില്ല എന്നറിയാവുന്നതു കൊണ്ട് മാത്രമാണോ ഇതു വായിച്ച് നമ്മള് ആര്‍ത്തുചിരിച്ച് മണ്ണു കപ്പിയതും കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് വീണ്ടും ചിരിച്ചതും. ന്യൂട്ടന് ആളാരാ മോന്! ഭൂമിയ്ക്ക് ഗുരുത്വമുണ്ടെന്നും ഗുരുത്വം ആകര്‍ഷിക്കുമെന്നും ആകര്‍ഷണത്തിനു കൊമ്പിടാന്‍ ബലമാണെന്നും ‘കണ്ടു പിടിച്ച‘ പുള്ളിയാണ്. തലനിറച്ചും ബുദ്ധിയായിരുന്നു. എന്നിട്ടും ആ മനുഷ്യന്റെ കൊണ്ടാടപ്പെട്ട ഒരു നിയമം നമ്മുടെ പ്രായോഗികജീവിതത്തില്‍ പിണ്ണാക്കാവും എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ഈ അജ്ഞാതമനുഷ്യസ്നേഹിയുടെ പരീക്ഷണശാലയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്വര്‍ഗത്തില്‍ കുറേ ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന് സാറ്റു കളിക്കുന്നതിനിടയില്‍ തന്നെ കണ്ടേ എന്നാര്‍ത്തു വിളിച്ച മഹാന്റെ മുന്നില്‍ നിന്ന് സ്വന്തം സിദ്ധാന്തങ്ങളുപയോഗിച്ച് ന്യൂട്ടണ്‍ തെളിയിച്ചത്രേ. താന്‍ ന്യൂട്ടനല്ലെന്ന്. പിന്നെ താനാരെയാണ് കണ്ടത്?
ശാസ്ത്രം മാത്രമല്ല തത്ത്വചിന്തയും ഭാഷാശാസ്ത്രവും ചരിത്രവുമെല്ലാം ഈ അടുക്കളയില്‍ കിടന്ന് നല്ലപോലെ വേവുന്നുണ്ട്. “ഒരാള്‍ മരിച്ചാല്‍ രണ്ടു പ്രശ്നങ്ങളുണ്ടത്രേ, കുഴിച്ചിടണോ ദഹിപ്പിക്കണോ? ദഹിപ്പിച്ചാല്‍ കുഴപ്പമില്ല. കുഴിച്ചിട്ടാല്‍ വീണ്ടു രണ്ടു പ്രശ്നങ്ങളുണ്ട്, അവിടെ പുല്ലു മുളയ്ക്കുമോ ഇല്ലയോ. പുല്ലു മുളച്ചില്ലെങ്കില്‍ പ്രോബ്ലമില്ല. പുല്ലു മുളച്ചാല്‍ വീണ്ടും പ്രശ്നങ്ങള്‍ രണ്ടാണ്, അതു പശു കഴിക്കുമോ ഇല്ലയോ. കഴിച്ചില്ലെങ്കില്‍ കുഴപ്പമില്ല. കഴിച്ചാല്‍ പ്രശ്നമാണ്, അതു പാലു തരുമോ ഇല്ലയോ? പാലു തന്നില്ലെങ്കില്‍ ഓക്കെ. പക്ഷേ പാലു തന്നാല്‍ വീണ്ടും പ്രശ്നമാണ്, അതു കുടിക്കണോ വേണ്ടയോ. കുടിച്ചില്ലെങ്കില്‍ ഒന്നുമില്ല. കുടിച്ചാല്‍ പിന്നെയും രണ്ടു പ്രശ്നം വരും. അതു കുടിക്കുന്നവന് മരിച്ചു പോകുമോ ഇല്ലയോ. മരിച്ചില്ലെങ്കില്‍ കുഴപ്പമില്ല. മരിച്ചാല്‍ ആദ്യത്തെ പ്രശ്നം വീണ്ടും ഉയിര്‍ക്കുന്നു ദഹിപ്പിക്കണോ കുഴിച്ചിടണോ..................?” ഒരു ജീവിതത്തിന്റെ ചിന്താപദ്ധതി മുഴുവന്‍ കിടന്ന് വട്ടം ചുറ്റുന്നില്ലേ ഇതിനകത്ത്? ബോര്‍ഹസ്സിന്റെ ആ ലാബിറന്ത്.. നമ്മുടെ സ്വന്തം രാവണന് കോട്ട. എങ്ങനെ പുറത്തിറങ്ങും? നാരായണ ഗുരുവിനോട് ആരോ ചോദിച്ചത്രേ ഇതേ ചോദ്യം. അദ്ദേഹം പറഞ്ഞത് എണ്ണ കിട്ടുമെങ്കില്‍ ചക്കിലിട്ട് ആട്ടാമായിരുന്നു എന്നാണ്. സോറന് കീര്‍ക്കേഗാഡ് പറഞ്ഞു : ‘ മരിച്ചാല്‍ അവിടെ കിടക്കട്ടെ, രാവിലെ ജോലിക്കാരിവന്ന് തൂത്തു കളഞ്ഞോളും!’
മാവില്‍ നിന്ന് ‘മാങ്ങയും തെങ്ങില്‍ നിന്ന് തേങ്ങയും വീഴുമ്പോള്‍ പ്ലാവില്‍ നിന്ന് പ്ലാങ്ങ വീഴാത്തതെന്ത്? ഫുള്സ്റ്റോപ്പില് ‘ഫുള്ള്’ വരാത്തതെന്ത്?‘ എന്നു പറഞ്ഞ് മറ്റൊരു മെയില്‍. പറഞ്ഞു വന്നാല്‍ തദ്ധിതത്തെയും വിഭക്തിയെയും കുറിച്ചാണ് കുഴമറിച്ചില്‍. പക്ഷേ ഇത്ര ലളിതമായ ചോദ്യങ്ങള്‍ക്ക് എത്ര കട്ടിയുള്ള നിയമങ്ങള്‍ വച്ച് ഉത്തരം പറയും?
“നിങ്ങള്‍ക്ക് രണ്ടു പശുക്കളുണ്ടെന്നു വിചാരിക്കുക. അതിലൊരെണ്ണം അയല്‍ക്കാരനു കൊടുക്കുന്നത് സോഷ്യലിസം. രണ്ടിനെയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നിങ്ങള്‍ക്ക് പാലുമാത്രം തരുന്നത് കമ്മ്യൂണിസം. രണ്ടിനെയും സര്‍ക്കാരേറ്റെടുത്തിട്ട് നിങ്ങളെ വെടിവെച്ചുകൊല്ലുന്നത് നാസിസം. രണ്ടു പശുക്കളിലൊന്നിനെ വിറ്റിട്ട് മറ്റേതിനെക്കൊണ്ട് നാലെണ്ണത്തിന്റെ പാലു തരീക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ച്, ഒടുവില്‍ പശു മരിച്ചതിന്റെ കാരണമറിയാന്‍ കണ്‍സള്‍ട്ടന്റിനെ ഭീമമായ ഫീസുകൊടുത്തു കൊണ്ടുവന്നാല്‍ അത് അമേരിക്കന്‍ കോര്പ്പറേഷന് തന്നെ . രണ്ടു പശുക്കളെ വച്ച് ആദ്യം അഞ്ചെന്ന് കണക്കുക്കൂട്ടുക. പിന്നെയെണ്ണുമ്പോള്‍ എണ്ണം 42. വീണ്ടും എണ്ണുന്നു. പശുക്കള്‍ രണ്ടുമാത്രം. എണ്ണല്‍ നിര്‍ത്തി അടുത്തകുപ്പി വോഡ്ക കുപ്പി തുറക്കുന്നു എന്നു വയ്ക്കുക. നിങ്ങള്‍ റഷ്യയിലാണ്. ...“ അങ്ങനെ ഈ പശുക്കളെ മാത്രം വച്ച് ബ്രിട്ടന്, ഈജിപ്ത്, ലബനണ്‍, ദുബായി, ഷാര്‍ജ എല്ലാ കോര്‍പ്പറേറ്റുകളെയും ഉദാഹരിക്കാം.
ഋജുവും ലളിതവുമായ ഈ ഉദാഹരണത്തിലെ പുലി ചരിത്രമാണ്, പ്രത്യയശാസ്ത്രമാണ്, സമകാലികതയാണ്. അവയെ പിടിച്ച് കെട്ടിയിട്ട രീതിയാവട്ടെ നടേ പറഞ്ഞ മാതൃകയിലുള്ളതും. പ്രത്യയശാസ്ത്രങ്ങളെയും ചരിത്രത്തെയും നേരിട്ടല്ല നമ്മളാരും വിഴുങ്ങുന്നത്. എങ്കിലും മത്സ്യത്തിനു ചുറ്റും ജലം പോലെ അവ നമുക്കുചുറ്റും നമുക്കുള്ളിലും ഉണ്ടെന്ന തിരിച്ചറിവുണ്ട്. പുരാണങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റു വീക്ഷണം എന്തായാലും ധര്‍മ്മശാസ്ത്രങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ വേണ്ടിയാണ് പണ്ടുള്ളവര്‍ കഥകള്‍ മെനഞ്ഞത്, തങ്ങള്‍ക്കും ഇതൊക്കെ ബാധകമാണെന്ന ഉത്തമബോദ്ധ്യത്തോടെയാണ് സ്വയം കഥാപാത്രങ്ങളായത്. ഏകശിലാരൂപത്തില്‍ നീതിശാസ്ത്രങ്ങള്‍ നിലനില്‍ക്കാത്ത പുതിയ കാലത്തില്‍ അനുഭവം മറ്റൊരു വഴിതേടുന്നു. സാധാരണബോധത്തിന് വഴിപ്പെട്ടു കിട്ടാത്ത രീതിശാസ്ത്രങ്ങളെ അജ്ഞാതങ്ങളും അദൃശ്യങ്ങളുമായ പരീക്ഷണശാലകളില്‍ ആരുടെയൊക്കെയോ കരവിരുതുകള്‍ ചേര്‍ന്ന് ഇങ്ങനെ രൂപാന്തരം ചെയ്തെടുക്കുന്നു. ആര്‍ക്കും പിടികൊടുക്കാതെ അക്കാദമിക് കാടുകളില്‍ ഭീഷണികളുമായി പാത്തും നെഞ്ചുവിരിച്ചും നടന്ന പുലികളാണ് ഇങ്ങനെ എലിക്കൂട്ടില്‍ കയറിനിന്ന് നമ്മെ ദയനീയമായി നോക്കുന്നത്. ചിരിക്കാതെന്തു ചെയ്യും. എലിക്കൂടുകളെ പുലിക്കൂടുകളാക്കിയ തലകളെ നമിക്കാതെന്തുചെയ്യും?
പിന്കുറിപ്പ് :
സെന്‍ ഗുരു സഹോസൊഹു തന്നെ കാണാന്‍ നില്ക്കുന്നവരോട് കുശലം പറയുകയായിരുന്നു.
“നിങ്ങള്‍ മുന്‍പിവിടെ വന്നിട്ടുണ്ടോ?”
“ഉവ്വ്. വന്നിട്ടുണ്ട്”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
മറ്റൊരാളോട്.
“നിങ്ങള്‍ ഇതിനു മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ?”
“ഇല്ല. ഞാനിതാദ്യമായാണ്.”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
ഇതെല്ലാം കണ്ടു നിന്ന ശിഷ്യന് ഗുരുവിന്റെ അടുത്തു ചെന്ന് ചോദിച്ചു
“അങ്ങ് മുന്‍പ് ഇവിടെ വന്നിരുന്നവരെയും വരാത്തവരെയും ഒരു പോലെ കാപ്പി കുടിക്കാന്‍ ക്ഷണിക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?”
ഗുരു:
“അതെ ശിഷ്യാ, ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
Labels:
പലവക
Subscribe to:
Post Comments (Atom)
14 comments:
രണ്ടീസമായി, ഞാനീ ബ്ലോഗ് വായിച്ചു വായിച്ചു തീര്‍ത്തു,
ചിന്തോദ്ദ്വീപകമായ വിഷയങ്ങളും എഴുത്തും
ആശംസകള്‍
പക്ഷേ,പരിചയമുള്ള രചനാശൈലി പോലെ തോന്നുന്നു
ആഹ് , ആര്‍ക്കറിയാം???
അത് ഐന്‍സ്റ്റീനല്ല വെള്ളെഴുത്തേ, ന്യൂട്ടനാണ്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം വെച്ചാണ് ആ മഹാന് പുലിയെ പിടിച്ചത്.
രജീഷ് പറഞ്ഞതല്ലേ ശരിയാകുക?
:)
രജീഷേ, ശ്രീ..,
ഏതോ “ശാസ്ത്ര അജ്ഞാനി“ എനിക്കയച്ച മെയിലില്‍ ഐന്സ്റ്റീന് എന്നാണ്. ഞാനിപ്പോള്‍ അതെടുത്തു നോക്കി. ഒളിച്ചുകളിച്ച വിദ്വാന് ന്യൂട്ടേട്ടന്‍ തന്നെയാണ്..സാരമില്ല. ഞാനതു തിരുത്തി. ‘ഒത്തിരി നന്ദിയുണ്ട് കേട്ടോ..‘
തിരുത്തിയില്ലായിരുന്നെങ്കില്‍ ആകെ ചമ്മലായി പ്പോയേനേ...
സാജന്..ഒരു മുഖം കണ്ടു പരിചയമുള്ളതുപോലെ തോന്നുന്നതു തന്നെയല്ലേ നല്ല സൌഹൃദത്തിന്റെ ലക്ഷണം..
ഞാന്‍ വായിച്ചു തുടങ്ങിയപ്പൊഴേ വീണ്ടും തെറ്റ്.
ന്യൂട്ടന് ചലന നിയമങ്ങള്‍ കണ്ടുപിടിച്ചു.
ഐന്സ്റ്റീന് ആറ്റംബോംബ് കണ്ടുപിടിച്ചു.
ന്യൂട്ടന് അണുബോംബ് കണ്ടുപിടിച്ച പുള്ളിയാണെന്നുള്ളത് തിരുത്തണം.
(ബാക്കി വായിക്കട്ടെ)
സംഭവം ന്യൂട്ടണ്‍ ആയാലും ഐന്സ്റ്റീന് ആയാലും സംഗതി കുറിക്കു കൊള്ളുനുണ്ട്.
സിമീ അതാദ്യം ഐന്സ്റ്റീന് എന്നെഴുതിയതിന്റെബാക്കിയാണ്. വാല്മീകി പറഞ്ഞപ്പോലെ ന്യൂട്ടനായാലെന്ത്...പക്ഷേ അതു ശരിയല്ലല്ലോ.. അതുകൊണ്ട് പിന്നെയും തിരുത്തി.. താങ്ക്സ് കേട്ടോ. ഇനി എന്തെല്ലാം തിരുത്താന്‍ കിടക്കുന്നു എന്നാലോചിക്കമ്പം! എന്റീശ്വരാ..
എല്ലാം തിരുത്തിക്കഴിയുമ്പോ എന്നോടൊന്ന് പറയണേ, എന്നിട്ട് ഞാന്‍ വായിക്കാം...
ഹഹാ..എന്തായാലും കൊള്ളാട്ടോ.. പല മെയിലുകളിലായി ഞാനും വായിച്ചിട്ടൂണ്ടെങ്കിലും മലയാളീകരിച്ചപ്പോ ഒരു പ്രത്യേക രസം
ഹ ഹ ഹ ..കൊള്ളാം കൊള്ളാം.. :)
വെള്ളേപ്പം,
ഞാന്‍ വായിച്ച ഈ പോസ്റ്റ് രസകരമായിരുന്നു, എഴുത്തിലും !
പിന്നെ ...
ഞാന്‍ സാധാരണ, ഓടിച്ചിട്ടാണ് പുലിയെ പിടിയ്ക്കാറ്.അര്‍ദ്ധരാത്രിയാണ് വേട്ട.വേട്ടയാടാന്‍ പോകുന്ന രീതി യുദ്ധമര്യാദയനുസരിച്ച് പ്രസ്തുത പുലികളെ മുമ്പേ ഫോണീക്കൂടെ വായിച്ചുകേള്പ്പിയ്ക്കാറുണ്ട്.
കലക്കീട്ട്ണ്ട്ട്ടാ....
പുലി ഓടി... ഓടിച്ചിട്ട് പിടിക്കും ചെയ്തു...
എന്താ പുലിവാലായോ..... ഹ ഹ ഹ
പുലിയെ പിടിക്കാനുള്ള വഴിയില്‍ മുഴുവന്‍ കുഴി......ആയതിനാല്‍ കുഴി ചാടി കടന്ന് പുലിയെ പിടിക്കാന്‍ ചെല്ലുമ്പോഴേക്കും പുലി എലിയായോന്നൊരു സംശയം........
എന്റമ്മേ...! എത്ര പുലികള്‍ ചുറ്റും...തിളങ്ങണ കുറേ കണ്ണും പരിവട്ടവുമൊക്കെ കണ്ട് പെരുച്ചാഴികളാവും എന്നു വിചാരിച്ച് ഞാന്‍ കാറി നോക്കിയതാണ്.. അപ്പഴ് ദാണ്ടേ.. മുട്ടന്‍ സൈസ് എനങ്ങള്..അപ്പം ഗഡികളേ.. ഞാന്‍ വീട്ടി പോണ്.. എന്നെ ഒന്നും ചെയ്യല്ലേ...
നജീം.. പുലികളുടെ നോട്ടത്തേല് ഇച്ചെരെ കടുപ്പം കുറഞ്ഞിട്ടോണ്ട്..അതു കൊണ്ട് ഇനി തിരുത്തൊന്നും ഒണ്ടാവേല. ദൈര്യായിട്ട് വായിച്ചോ..
കാര്‍ട്ടൂണിസ്റ്റേ.. (പുലികളുടെ ഒരു ഗതികേടേയ്...)മേനനേ.. പിടിച്ചത് വാലിലാണെങ്കി.. പുലിവാലാവും..
കുറുമാനേ ..പിടിക്കാന്‍ പോയതു തന്നെ എലിയെ. പിന്നെങ്ങനെ പുലിയെക്കിട്ടും..? വെറുതേ കുഴി ചാടിയതു മിച്ചം! “അപ്പഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്.. പോരണ്ടാ പോരണ്ടാ...ന്ന്.”
ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്.
നല്ല എഴുത്ത്. പക്ഷേ മുന്‍പ് വായിച്ചിട്ടുള്ള പോലൊരു പരിചയം തോന്നുന്നു .
കീപ് ഇറ്റ് അപ്.ആശംസകള്‍!
Post a Comment