January 20, 2026

മനുഷ്യരുടെ കഥകൾക്കുളിലെ മൃഗങ്ങളുടെ ജീവിതം



    നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജ്ജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിനു അടിയൊഴുക്കായി ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പപോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി രാജകൃഷ്ണൻ  മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (കലപ്പയുടെ പാട്ട്) സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ  പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽമാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിനു ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടിസ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു. 

ഭൂതകാല കാർഷികജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമ്മയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക്  കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയിഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടു കാണുന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർത്ഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്. 

 മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളാ‍യ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന,  ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (28:1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ് - മേരിപ്പശു, അമ്മിണി- ഷീലപ്പശു, കുര്യച്ചൻ- ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണുനായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാനതരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണുനായരെയും മാറ്റിനിർത്തിയാൽ  കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള  താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർത്ഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളയ്ക്കു സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാകുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും. ഹിംസാത്മകരാഷ്ട്രീയം, ഭരണകൂടമർദ്ദകസംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ -ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണയ്ക്കു വയ്ക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്. 

കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചു വച്ചിരിക്കുന്നു എന്ന അർത്ഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറു പൊട്ടിച്ച് നാണുനായരുടെ മൂരിയായ ശൗരിയുടെ അടുത്തേയ്ക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ  ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു. 

(എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ്, 2026 ജനുവരി 19-26)  





January 13, 2026

കേരളത്തിലെ ആദ്യ സിനിമയും ചലച്ചിത്രപ്രദർശകനും - ഒരു തിരുത്ത്

 



          ബാസൽ മിഷൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച കേരളീയ ചലച്ചിത്രങ്ങളെപ്പറ്റി ഡോ ഇ എസ് എം അസ്ലമും ഡോ ഫിലിപ് ബോർനെയും ചേർന്നെഴുതിയ ലേഖനം (103:41) വിജ്ഞാനപ്രദമായിരുന്നു. ബാസൽമിഷന്റെ സാംസ്കാരിക സംഭാവനകളിൽ സിനിമയും ഉൾപ്പെട്ടിരുന്നു എന്ന കാര്യം മാത്രമല്ല, ഏറെക്കുറേ അജ്ഞാതമായിരിക്കുകയും തെറ്റിദ്ധാരണകൾ ധാരാളമായി ഇടം പിടിക്കുകയും ചെയ്തിട്ടുള്ള, കേരള ത്തിലെ ആദ്യകാല സിനിമാചരിത്രത്തിനു വസ്തുനിഷ്ഠമായ തെളിച്ചങ്ങൾ പകരാൻ ഇത്തര ത്തിലുള്ള കാലാന്തരമായ വീണ്ടെടുപ്പുകൾ സഹായിക്കുകയും ചെയ്യും. 1948-, ഉദയാ സ്റ്റുഡിയോയുടെ ആദ്യസിനിമ വെള്ളിനക്ഷത്രം സംവിധാനം ചെയ്ത ജർമ്മൻകാരനായ എഫ്. ജെ. എച്ച്. ബെയ്സിന്റെ  ജീവചരിത്രവാസ്തവങ്ങളും അദ്ദേഹം കേരളത്തിലെത്തി ഒരു സിനിമ സംവിധാനം ചെയ്യാനും (പിന്നീട് അദൃശ്യനാവാനും) ഇടയായതിന്റെ വിശദാംശങ്ങൾ ഈ വഴി അന്വേഷിച്ചാൽ ലഭിച്ചേക്കുമെന്നാണ് ബാസൽമിഷൻ സിനിമകളുടെ ജർമ്മൻബന്ധവും അവയുടെ പേരുകളും കണ്ടപ്പോൾ തോന്നിയത്. ഹിറ്റ്ലറുടെ ചാരനായിരുന്നു എന്ന ഐതിഹ്യത്തിനാണ് ഇപ്പോൾ പ്രചാരമുള്ളത്.

          അക്കാദമിക സ്വഭാവമുള്ള ലേഖനത്തിൽ വസ്തുതാപരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ട്. ബാസൽ മിഷൻ സിനിമകൾ പുറത്തുവന്ന വർഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാനായി കേരളത്തിലെ ആദ്യസിനിമ വിഗതകുമാരൻപുറത്തിറങ്ങിയ വർഷവും അതാണെന്ന് തുടക്കത്തിലും  ലേഖനത്തിന്റെ അവസാനഭാഗത്തും കുറിച്ചിട്ടുണ്ട്. സിനിമയുടെ പ്രദർശ നവർഷത്തിന്റെ കാര്യത്തിലുള്ള വിരുദ്ധാഭിപ്രായത്തെപ്പറ്റി പരാമർശമുണ്ടെങ്കിലും സ്വാഭാവി കമായും ബ്രാക്കറ്റിൽ 1928 നവംബർ എന്ന് എഴുതിയത് ആ വർഷത്തിനൊരു സവിശേഷമായ ഊന്നൽ നൽകാനാണെന്നു വ്യക്തമാണ്. 

          ആദ്യകാല മലയാള ചിത്രങ്ങളുടെ ചരിത്രകാരനും ജെ സി ഡാനിയലിനെ നേരിട്ടു കണ്ട് അഭിമുഖം നടത്തിയവരിൽ ഒരാളും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, പി കെ റോസിയുടെ ജീവചരിത്രമെഴുതിയ (പി കെ റോസി : മലയാള സിനിമയുടെ അമ്മ) കുന്നുകുഴി എസ് മണി, മലയാളസിനിമയുടെ ചരിത്രം എഴുതിയ, ചലച്ചിത്രനിരൂപകനായ വിജയകൃഷ്ണൻ എന്നിവരാണ് വിഗതകുമാരന്റെ പ്രദർശന ദിവസം 1928 നവംബർ 7 ആണെന്നു ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. ജെ സി ഡാനിയൽ മലയാള സിനിമയുടെ പിതാവ് എന്ന പുസ്തകം എഴുതിയ ജയന്തി ജെ (ജെ സി ഡാനിയലിന്റെ ബന്ധുവായ അവർ ഈ പുസ്തകം അവർ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്) ആദ്യചിത്രത്തിന്റെ പ്രദർശന തീയതി 1930 ഒക്ടോബർ 23 എന്നാണ് കൊടുത്തിട്ടുള്ളത്. ബാസൽമിഷൻ സിനിമകളെപ്പറ്റി എഴുതിയ ലേഖനത്തിന്റെ ഒരു ഉറവിട മായ മലയാള സിനിമ പിന്നിട്ട വഴികൾഎന്ന കൃതിയിൽ ജയരാജ്, ഈ രണ്ടു തീയതി കളും തർക്കവിഷയമാണെന്ന മട്ടിൽ കൊടുത്തിട്ട് പുതിയൊരു തീയതിയും അവതരിപ്പിച്ചി ട്ടുണ്ട്. 1930 നവംബർ 7. ഈ തിയതിയുടെ ഉറവിടം അദ്ദേഹം  വ്യക്തമാക്കുന്നില്ല. കോട്ടയത്തിൽനിന്ന് പ്രസാധനം ചെയ്തിരുന്ന സിനിമാമാസികയുടെ 1950 ആഗസ്റ്റ് മാസത്തെ പതിപ്പിൽ, ഏവൂർ ഇ കെ എഴുതിയ  ഇന്ത്യൻ സിനിമാവ്യവസായം,’ എന്ന ലേഖനത്തിൽ കൊടുത്തിട്ടുള്ള,  1950വരെ നിർമ്മിക്കപ്പെട്ട മലയാളചിത്രങ്ങളുടെ പട്ടിക അനുസരിച്ച് വിഗതകുമാരൻപുറത്തിറങ്ങിയ വർഷം 1933 ആണ്. പട്ടികയിൽ കേരളത്തിലെ രണ്ടാമ ത്തെ നിശ്ശബ്ദചിത്രമെന്നു പറയുന്ന മാർത്താണ്ഡവർമ്മയ്ക്കുശേഷം. ഈ ലേഖനം പ്രസിദ്ധീ കരിച്ചു വരുമ്പോൾ ജെ സി ഡാനിയൽ ജീവിച്ചിരിപ്പുണ്ട്.  

          യഥാർത്ഥത്തിൽ ഈ സന്ദിഗ്ധത കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിനകം പരിഹരിക്കപ്പെടേണ്ടതായിരുന്നു.  വിഗതകുമാരനെപ്പറ്റിയും ജെ സി ഡാനിയ ലിന്റെ സംരംഭത്തെപ്പറ്റിയും ആധികാരികമായ പല വിവരങ്ങളും നൽകുന്ന, ആർ ഗോപാല കൃഷ്ണന്റെ നഷ്ടസ്വപ്നങ്ങൾഎന്ന കൃതി (അതും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്) ദ ഹിന്ദു, ദ ഹിന്ദു ഇല്യൂസ്ട്രേറ്റഡ് വീക്‌ലി, മാതൃഭൂമി ദിനപ്പത്രം, നസ്രാണി ദീപിക എന്നീ പ്രസിദ്ധീകരണങ്ങളിൽ 1930 ഒക്ടോബർ-നവംബർ മാസങ്ങളിൽ വന്ന വാർത്തകളുടെയും അവലോകനങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും പിൻബലത്തോടെ 1930 ഒക്ടോബർ 23 വ്യാഴാഴ്ചയായിരുന്നു വിഗതകുമാരന്റെആദ്യപ്രദർശനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ സിനിമയുടെ ആദ്യപ്രദർശനവുമായി ബന്ധപ്പെട്ട് (ജെ സി ഡാനിയൽ)  തയാറാക്കിയ ക്ഷണപത്രികയിലെ വിവരങ്ങളുമായും 1930 ഒക്ടോബർ 28-നു നസ്രാണിദീപികയിൽ വന്ന, എം ഗോപിനാഥിന്റെ വിഗതകുമാരന്റെ നിരൂപണവുമായും ഒത്തുപോകുന്നതാണ്. ദ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്റെ പേരിൽ 1930 ഒക്ടോബർ 18-നു ഇംഗ്ലീഷിൽ തയ്യാറാക്കിയ ആ പത്രിക, 1930 ഒക്ടോബർ 23 വ്യാഴാഴ്ച, 6.30-നും 9.30-നുമായി തിരുവിതാംകൂറിലെ ക്യാപിറ്റോൾ സിനിമാഹാളിൽ നടക്കുന്ന സിനിമാപ്രദർശനത്തിനു പൊതുജനത്തെ (ദ പബ്ലിക്) ക്ഷണിച്ചുകൊണ്ടുള്ളതാണ്. 1928-ലായിരുന്നു ചലച്ചിത്ര പ്രദർശനമെങ്കിൽ 1930-ന് അതിന്റെ നിർമ്മാതാവ് ആളുകളെ ക്ഷണിക്കേണ്ട കാര്യമില്ലല്ലോ. 1928-ലായിരുന്നു സിനിമയുടെ ആദ്യപ്രദർശനം എന്നു വിശ്വസിക്കുന്നവർ ഈ കത്ത് വ്യാജമാണെന്ന ആരോപിക്കാറുണ്ട്. എന്നാൽ അതിലെ ഭാഷയും ചലച്ചിത്രത്തിനു പകരം വിശേഷണങ്ങ ളായി ഉപയോഗിച്ചിരിക്കുന്ന, പുതിയ സംരംഭം (Novel Enterprise),  പടം (Picture), ചിത്രലീല (Photo-Play) എന്നീ വാക്കുകളും പ്രദർശനശാലയുടെ (Hall) വിശേഷണമായി സിനിമ എന്ന പ്രയോഗവും ആരോപണത്തെയാണ് സംശയാസ്പദമാക്കു ന്നത്, പത്രികയെയല്ല. അക്കാലത്തെ ചലച്ചിത്രസങ്കല്പവും തിയേറ്റർ  പതിവുമായി ചേർന്നു പോകുന്ന പ്രയോഗങ്ങളാണ് അവ. താരതമ്യത്തിനായി 1930 -ലെ മലയാള രാജ്യം വിശേഷാൽ പ്രതിയിൽ വന്ന ദ ക്യാപിറ്റോൾ സിനിമയുടെ പരസ്യവുമായി ഒത്തുനോക്കാവുന്നതുമാണ്.

          രണ്ടാമത്തെ തിരുത്ത്, 1905-ൽ കോഴിക്കോട്ടുവച്ച് കോയമ്പത്തൂർകാരനായ പോൾ വിൻസെന്റ് സംഘടിപ്പിച്ച വാണിജ്യ സ്വഭാവമുള്ള മാജിക് ലാന്റേൺ പ്രദർശനത്തെപ്പറ്റി യുള്ളതാണ്. ഇതിന്റെയും ഉറവിടം ജയരാജിന്റെ പുസ്തകമാണെന്ന് ലേഖനത്തിൽ കാണാം. കേരളത്തിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ചലച്ചിത്രപ്രദർശകനായി പോൾ വിൻസെന്റി ന്റെ പേര് തെറ്റായി പ്രചരിച്ചതാണെന്നും അദ്ദേഹത്തിന്റെ പിതാവായ സ്വാമിക്കണ്ണ് വിൻസെന്റാണ് (1883-1942) 1906-ൽ കോഴിക്കോട്  മുതലക്കുളത്തും തിരുവനന്തപുരത്തും ചലച്ചിത്രപ്രദർശനങ്ങൾ നടത്തിയതെന്നും ഡോ. പി കെ രാജശേഖരൻ സ്വാമിക്കണ്ണ് വിൻ സെന്റ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശകൻഎന്ന ലേഖനത്തിൽ തിരുത്തിയിട്ടുണ്ട്. (ഫിൽക 12-മത് ഇന്റെർ നാഷണൽ ഫെസ്റ്റിവൽ ബുക്ക്, 2012) ഈ വിവരം അദ്ദേഹത്തിന്റെതന്നെ സിനിമാസന്ദർഭങ്ങളിലെ ആദ്യത്തെ കളിയെന്ന ലേഖനത്തിലും കാണാം. 1906-ൽ ജനിച്ചിട്ടുപോലുമില്ലാത്ത പോൾ വിൻസെന്റ്, പിതാവിന്റെ പാത പിന്തുടർന്ന് കോയമ്പത്തൂരിൽ സിനിമാ ശാലകൾ നടത്തിയിരുന്നുവെങ്കിലും കേരളത്തിലെ ചലച്ചിത്രപ്രദർശനചരിത്രവുമായി അദ്ദേഹത്തിനു ബന്ധമൊന്നും ഇല്ല

          ബാസൽ മിഷൻ സിനിമകളെപ്പറ്റിയുള്ളത് പുതിയ അറിവാണ്. ലേഖകർ ആമുഖ മായി കുറിക്കുന്നതുപോലെ, ‘സിനിമയുടെ പ്രമേയം പ്രതിഫലിപ്പിക്കാൻ ഉപയോഗിച്ച ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ചിഹ്നങ്ങൾ പരിഗണിച്ച്’, കേരളത്തിലെ ആദ്യ സിനിമയുടെ വാണിജ്യപരമല്ലാത്ത പ്രദർശനം 1928-ൽ നടന്നുവെന്നത് സങ്കേതത്തിൽനിന്ന് സങ്കേതത്തിലേക്ക്, ഇരുട്ടിൽ പ്രകാശം പരക്കുന്നുഎന്നീ മൂകസിനിമകളെ വച്ചുകൊണ്ടു നോക്കുമ്പോൾ ഇനിമുതൽ ചരിത്രപരമായ യാഥാർത്ഥ്യമാണ്. മറഞ്ഞുകിട ക്കുന്ന കൂടുതൽ ചിത്രീകരണങ്ങൾ ഇനിയും വന്നുകൂടായ്കയില്ല. എന്നാൽ വിഗതകുമാരന്റെപ്രദർശനവർഷത്തെയും ആദ്യത്തെ ചലച്ചിത്രപ്രദർശകനെയും സംബന്ധിച്ച്, തിരുത്തപ്പെട്ടതിനുശേഷവും, തെളിവുകളുടെ അഭാവത്തിലുണ്ടായ മുൻകാലങ്ങളിലെ അഭ്യൂഹ പരാമർശങ്ങൾക്ക് അക്കാദമിക സ്വഭാവമുള്ള ലേഖനങ്ങളിൽക്കൂടി കിട്ടുന്ന ആധികാരികത, സ്വതവേ ഇരുട്ടിലാണ്ടു കിടക്കുന്ന നമ്മുടെ സാംസ്കാരികചരിത്രത്തെ വീണ്ടും സന്ദിഗ്ധമാക്കുകയാണ് ചെയ്യുക. അതുകൊണ്ടാണ് ഈ കുറിപ്പ്.

 

മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർ എഴുതുന്നു, ജനുവരി 18, 2026