February 27, 2012

അതാ ഒരു പശു !



വാക്കിന്റെ ജാതകം നോക്കിയാൽ പശുവിന്റെ കാര്യം കഷ്ടമാണ്. ജീവജാലങ്ങളെല്ലാം എന്നൊരു മട്ടാലായിരുന്നു മുൻപ് സംസ്കൃതത്തിൽ പശുവിന്റെ അർത്ഥഗതി. ‘പശുഃ പശ്യതേഃ’ എന്നാണ് നിരുക്തം. കാണുന്നതെല്ലാം പശുവാണെന്ന്. മലയാളം, അതെടുത്തു പറഞ്ഞു പറഞ്ഞു പതം വരുത്തി ഒരു പാവം ജീവിയിൽ വച്ചുകെട്ടി. അങ്ങനെയത് കെട്ടാനുള്ളതായി. ‘പശുഃ പാശതേഃ’ എന്നും പറയും. എന്നു വച്ചാൽ കെട്ടിയിടാനുള്ളതാണെന്ന്. മൂക്കുകയാരുവച്ച് എന്നു തന്നെ വേണമെന്നില്ല. സംസ്കൃതരീതിയനുസരിച്ച് ‘സംസാരബന്ധനം’ എന്നൊക്കെ അർത്ഥമുണ്ടാക്കിയെടുക്കാം. ജീവനുള്ളവയെല്ലാം കൂടി ചേർന്നാണല്ലോ നമ്മളെ ഇവിടെ പിടിച്ചു വയ്ക്കുന്നത്. അല്ലെങ്കിൽ എന്നേ മുക്താത്മാക്കളായി ആത്മീയ സുഖം നുകർന്നേനേ. പക്ഷേ മലയാളം ആധ്യാത്മികമോ ഭൌതികമോ ആയ പഴയ അർത്ഥവ്യാപ്തികൾ കണ്ട ലക്ഷണമില്ല. സാക്ഷാൽ പശുപതിയെ ‘കറവക്കാരൻ’ എന്നു വിളിക്കാൻ മടിയില്ലാത്ത ഒരു കാലം പശുവിനെ മൂക്കു കയറും മൂക്കുത്തിയും കാതിൽ ബാങ്ക് ലോണിന്റെ ചെമ്പുതുട്ടും അണിയിക്കും. അടക്കവും ഒതുക്കവും വ്യാകുലമുഖവും പശുവിന് തറവാട്ടമ്മയുടെ ഹാവഭാവാദികൾ നൽകി നമ്മുടെ ഭാവനയെ കുളിരണിയിച്ചിട്ടുണ്ട്. എരുമപ്പാല് നിവൃത്തിയില്ലാത്തിടത്തേ നമ്മൾ കൈക്കൊണ്ടുള്ളൂ. തെരുവിലെ പെണ്ണാണ് എരുമ. പശുവിന്റെ കണവനായ കാളയ്ക്കുള്ള മാന്യത എരുമയുടെ കെട്ടിയോൻ പോത്തിനില്ല, പോത്തുകാലപ്പൻ പുരോഗമനക്കാരായ ബ്ലോഗോപജീവികളുടെ പ്രധാനദൈവമാണെങ്കിലും.

ആര്യദൈവമായ അയ്യപ്പനെ കുത്തി മലത്താൻ ഒരു എരുമ- മഹിഷം- കിണഞ്ഞിട്ടും നടന്നില്ല. ടിയാത്തി മതം മാറി മാളികപ്പുറമായി അയ്യപ്പൻ തന്നെ വിവാഹം കഴിക്കുന്ന സുന്ദരസുരഭില ദിവസവും കാത്ത് നടവരമ്പിൽ ഇരിപ്പാണ്. ജീവിതം പെണ്ണിന് അനന്തമായ കാത്തിരിപ്പല്ലെങ്കിൽ മറ്റെന്താണ്? ചാത്തന്റെ പരബ്രഹ്മം കൊമ്പു വളഞ്ഞ ഒരു പോത്തിന്റെ രൂപത്തിൽ നട കടക്കാനാവാതെ നിന്ന് അഗ്നിഹോത്രിയെ പാഠം പഠിപ്പിച്ച കഥ നാടോടി വഴക്കത്തിലുണ്ട്. അപ്പോൾ കാഞ്ചൈ ഇളയ ‘എരുമ ദേശീയത’യെ നിർവചിക്കുന്നതിനു മുൻപുതന്നെ ചില കറുപ്പൻ വിപ്ലവങ്ങൾ നമ്മുടെ നാട്ടിലും നടന്നിരുന്നു. പോത്തിന് മാധ്യമശ്രദ്ധ കിട്ടാതെ പോയെന്നു മാത്രം. സവർണ്ണബിംബം എന്ന നിലയിൽ പശുവിന് ആധികാരികത കൂടിയത് താരത‌മ്യേന അടുത്തകാലത്താണ്. അമ്മയും കുഞ്ഞും പോലെ പശുവും കുട്ടിയും പവിത്രമായ തെരെഞ്ഞെടുപ്പു ചിഹ്നമായിരുന്നില്ലേ കോൺഗ്രസ്സിന്റെ. അക്കാലത്തിനുമൊക്കെ ശേഷമാണ് സാമൂഹിക ജീവിതത്തിൽ വലിയമാറ്റം പശു ഉണ്ടാക്കിയത്. കാമധേനുവിനെയും മകൾ നന്ദിനിയെയും ഒക്കെ കഥകളിലെ അസംബന്ധമായി പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പശു നമുക്ക് മാതാശ്രീയൊന്നും ആയിരുന്നില്ല. വീട്ടിൽ ഒരു തൊഴുത്ത് ഫ്യൂഡൽ ഐശ്വര്യങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചിരുന്നു എന്നതു ശരി. (രാവിലെ എഴുന്നേറ്റ് ഒരു പശുക്കണി) കാടി വെള്ളവും തലേന്നത്തെ മിച്ചം ചോറും ഇട്ടു കൊടുത്താണ് വീട്ടിൽ നമ്മൾ ഈ മാതാശ്രീകളെ വളർത്തിയിരുന്നത്. പരുത്തിക്കുരു അരപ്പാണ് വീട്ടിലെ ജോലികൾക്കൊപ്പം പെണ്ണുങ്ങൾക്കുള്ള കൂനിന്മേൽ കുരു! തേങ്ങയുടെ കണ്ണ് ( അത് നാമ്പാണ്) തുരന്ന് തിന്നിട്ട് വെള്ളവും കുടിക്കരുതെന്ന് ഒരു വിലക്കുണ്ട്. അതുപോലെയായിരിക്കും പാലു തന്നതിനെ കൊന്നു തിന്നരുതെന്ന വിലക്കും. പാൽ ജീവദായിനിയാണല്ലോ. അമ്മയുടെ നെഞ്ചിലെ ചോര. അതുറയുന്ന തടി വെട്ടുകയെന്നാൽ അമ്മയെക്കൊല്ലുകയെന്നർത്ഥം. അപ്പോൾ യഥാർത്ഥ വെട്ട് അമ്മയ്ക്കിട്ടു വെട്ടിയ പരശുരാമനോ എന്നു ചോദിക്കരുത്. സദാചാരം വേറെ. പിടക്കോഴി സ്വന്തം ഭ്രൂണം ‘ആമ്പ്ലേറ്റാ’യത് കൊത്തി തിന്നുന്നതുപോലെയൊരു അറപ്പ് പ്രാകൃതമനസ്സിൽ കയറിപ്പറ്റിയതിന്റെ അടരുകളാണ് പിന്നീട് ഗോവധനിരോധനം വരെ നീളുന്ന ‘പുണ്യ’ങ്ങളായി കോലം കെട്ടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് പറ്റം പറ്റമായി എല്ലും തൊലിയും മാത്രം അവശേഷിക്കുന്ന പശുക്കൂട്ടങ്ങളുടെ നടന്നു വരവ് നമ്മുടെ വൈകിട്ടത്തെ പരിപാടിയുടെ മാറ്റണയ്ക്കാനാണ്. പെറോട്ടയ്ക്ക് ബീഫു തന്നെ വേണം. അജിനമോട്ടോ പ്രചരിച്ചു തുടങ്ങിയ കാലത്ത് എത്രയെത്ര നാടൻ തട്ടുകടകളാണ് കൌമാരവായിൽ വെള്ളം നിറച്ചത്. ‘പേരാറ്റു നീരായ പൈക്കളെ ആട്ടിത്തെളിച്ചുകൊണ്ട് വരുന്ന’ ഇടശ്ശേരിയുടെ കറുത്തച്ചെട്ടിച്ചികളെ ഓർത്തു പോകുന്നു. അതന്നേയുണ്ട്.

മുത്തൂറ്റിന്റെ പുതിയ ഒരു പരസ്യത്തിൽ മലയാളിയുടെ പശു സങ്കൽ‌പ്പങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കിയിട്ട് നേരെ ചെന്ന് മാതാശ്രീ സങ്കൽ‌പ്പത്തിലേയ്ക്ക് കയറുന്നതു കാണാം. വീട്ടിൽ പശു വന്നു കയറുന്നത് ഐശ്വര്യമാണെന്നാണ് അതിൽ പറയുന്നത്. അതിനെത്ര സമയമെടുക്കുമെന്നറിയില്ല, പക്ഷേ വീടു വയ്ക്കാനുള്ള ലോൺ മുത്തൂറ്റിൽ നിന്ന് എളുപ്പം കിട്ടും. ഇതാണ് വൺ ലൈൻ. പശുവിന്റെ വരവിനു കൊടുക്കുന്ന ദൃശ്യപ്പൊലിമയിൽ പരസ്യം ഊന്നുന്നത് ഒരു പക്ഷേ ഇത് ഉത്തരേന്ത്യയിൽ (കർണ്ണാടകവും ഹരിച്ചും ഗുണിച്ചും നോക്കിയാൽ ഉത്തരേന്ത്യൻ പശു ബെൽറ്റിൽ വരും) കൂടി ചെലവാകണമെന്ന് ഉദ്ദേശിച്ചായിരിക്കും. മണ്ണിന്റെ മണമില്ലെന്നു പറയുന്നതുപോലെ, സംഭാഷണത്തിലല്ലാതെ അതിൽ മലയാളമില്ലാത്തത് അതുകൊണ്ടാണ്. നോബൽ കവി തോമസ് ട്രാൻസ്ട്രോമറോടൊപ്പം വന്ന സുരേന്ദ്രഭവ നരേന്ദ്ര എന്ന ഇന്തോനേഷ്യൻ കവി യൂണിവേഴ്സിറ്റി കോളേജിന്റെ ഓഡിറ്റോറിയത്തിൽ നിന്ന് നിങ്ങളുടെ പശുക്കളുടെ കണ്ണുകളിലെ വാത്സല്യം എന്ന് പത്തിരുപതു കൊല്ലം മുൻപ് വാചാലനായതോർക്കുന്നു. രണ്ടു കാര്യങ്ങൾ കൊണ്ടാണ് ഇന്ത്യ അദ്ദേഹത്തിൽ അന്ന് കവിത നിറച്ചത്. ഒന്നിത്. മറ്റൊന്ന് നമസ്തേയെന്നു പറയുന്ന പെൺകുട്ടികളുടെ നീണ്ട വിരലുകൾ വലിയ ചിത്രശലഭങ്ങളായി തുടിക്കുന്നത് ...

ഇന്തോ ആര്യൻ ഭാഷകൾക്ക് പശു, അത്ര സങ്കോചിച്ച അർത്ഥമല്ല. ഹിന്ദിയിലത് സകല മൃഗങ്ങൾക്കുംകൂടിയുള്ള പേരാണല്ലോ. പക്ഷേ പ്രവൃത്തിയിൽ നമ്മുടെ പശുവിനെ അവർ മാതാശ്രീ മാത്രമാക്കി ചുരുക്കി. നാം അർത്ഥത്തിലെ സങ്കോചത്തെ ബിംബകൽ‌പ്പനകളാൽ അതിജീവിച്ചു. എല്ലാവരുടെയും അല്ല കേട്ടോ, സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബംഗാളിയായ മഹാശ്വേതാദേവി കുട്ടികൾക്കായി എഴുതിയ കഥയാണ് നോൺ വെജ് പശു. അതിലെ ന്യാദോഷ് എന്ന പശു മരം കയറും ഇറച്ചിയും മീനും തിന്നും. വീടിന്റെ ഒന്നാം നിലയിൽ കയറി ചാന്ദ്രവെളിച്ചം മറച്ച് നിൽക്കുകയും ചെയ്തു. പശു എന്ന പാവന പാമര വിധേയ സങ്കൽ‌പ്പത്തെ സ്വതസ്സിദ്ധമായ കുസൃതികൊണ്ട് മഹാശ്വേതാദേവി മറിച്ചിട്ടതാകാൻ ന്യായമുണ്ട്. മാ സ്വന്തഇഷ്ടപ്രകാരം സ്വന്തമാക്കിയ പശുവാണത്. ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ ആടിനെപോലെ പശു ആദ്യം പാഠപുസ്തകങ്ങളാണ് തിന്നത്. ബാബ പറഞ്ഞത് അതാണ് പഠിക്കാനുള്ള എളുപ്പവഴിയെന്നാണ്. പിന്നെ അവളുടെ ഏകാന്ത ജീവിതം അസാധാരണമായി. കുളിക്കാൻ വന്ന പോലീസുകാരെ തിരിച്ചു കയറാനാവാതെ കുത്തി കുളത്തിൽ തള്ളിയിട്ടു. ഹിത്സ മത്സ്യത്തിനും കോഴിയിറച്ചിയ്ക്കുമൊപ്പം ധോത്തിയും വെളുത്തുള്ളിയും ആർത്തിയോടെ തിന്നു. സസ്യാഹാരം വച്ചുനീട്ടിയവർക്കെതിരെ കണ്ണുരുട്ടി. ഇറച്ചി തിന്ന് പേശീബലം വച്ച കാലുകളാൽ നിർഭയയായി കോണികയറി മട്ടുപ്പാവിൽ ആകാശത്തേയ്ക്ക് നോക്കി നിന്നു. പക്ഷേ അസാധാരണമായ ജീവിതം വച്ചു നീട്ടിയ അസുഖം മുറ്റി മരിച്ചു. വ്യവസ്ഥാവിരോധിയായ ഈ പശുവിന്റെ കഥ കഥാകർത്രിയെഴുതുന്നത് 1978 കാലത്താണ്. ഈ കഥ സമകാലത്ത് വീണ്ടും വായിക്കുമ്പോൾ അതു നിവേദിക്കുന്ന രാഷ്ട്രീയാർത്ഥങ്ങൾ വ്യാഖ്യാനങ്ങൾ ആവശ്യമില്ലാതെ തന്നെ വെളിവാകും. ബംഗാളിന്റെ സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങൾ അറിയണമെന്നു പോലുമില്ല. (ബംഗാൾ ബ്രാഹ്മണർ മാംസവിരോധികളല്ല. സന്ന്യാസിയായ വിവേകാനന്ദൻ മാംസം കഴിക്കുമെന്ന് പറഞ്ഞാൽ ഇന്നും ഇവിടെ മൂക്കത്തു വിരൽ വയ്ക്കാൻ ഇവിടെ ആളുണ്ട്)

വിഷ്ണുപ്രസാദിന്റെ പശു കവിതയിലെ കെട്ടുപൊട്ടിച്ചോടുന്ന പശുവും അതിന്റെ പിന്നാലെയോടുന്ന അതിന്റെ വളർത്തമ്മയും വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന സാധുജീവിതങ്ങളുടെ ദൈന്യമാണല്ലോ പങ്കുവച്ചത്. വിഷ്ണു അതിൽ നേരിട്ടു ചെന്നു നിന്ന് പങ്കു പറ്റിയില്ല. ആണായി മാറി നിന്ന് നിരീക്ഷിച്ചതേയുള്ളൂ. നിക്ഷ്പക്ഷതയാണ് പ്രകടഭാവം. ദൃക്‌സാക്ഷികൾ പിന്നെന്തുവേണം എന്നൊരു ചോദ്യമാണ് കവിതയിലെ സൂക്ഷ്മധ്വനി. പശുവെന്ന രാഷ്ട്രീയവും സാമൂഹികവും ആത്മീയവുമായി നാൾക്കുനാൾ തിടം വച്ച് കലമ്പുന്ന ബിംബത്തെ പടങ്ങൾ പൊഴിച്ച് തോറ്റിയാണ് വിഷ്ണു കവിതയിൽ കയറ്റിയത്. പശു അതല്ലാതെ മറ്റൊന്നുമല്ലെന്ന് വിഷ്ണു നടിച്ചു. അത് അതല്ലല്ലോ എന്ന് നമ്മൾ ഭാവിച്ചു. ‘പശുവുമായി നടക്കുന്ന ഒരാൾ’ എന്ന കഥയിൽ പശു പിടിതരാത്ത ഒരു ഭാവനാ രോമാഞ്ചമായി വഴുതുന്നതുകാണാം. പശുവെന്ന ഹൈന്ദവബിംബം ഒരൊഴിയാബാധയായി ചേക്കേറുന്നത് ബാബറി മസ്ജിത്ത് അനന്തരകാലത്തിന്റെ ഒരു വേവലാതി കൂടിയാണ്. തിരുച്ചിറപ്പള്ളിയിൽ ഒരിടത്ത് ഒന്നിച്ചു കൂടിയ കുറച്ചു മുസ്ലീം കൂട്ടുകാർ, കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വരുന്നതു പ്രമാണിച്ചുള്ള കരുതൽ അറസ്റ്റിൽ നിന്ന് ഒഴിവാകാൻ കാജാമലയെന്ന കുന്നിൽ ചെരുവിൽ ഒളിച്ചു താമസിക്കുന്ന ദിവസം അനീസ് മുഹമ്മദ് പറഞ്ഞ പഴയ കഥയുടെ രൂപത്തിലാണ് അൻ‌വർ അബ്ദുള്ള ‘അലിഗഡിൽ ഒരു പശു’ അവതരിപ്പിച്ചിരിക്കുന്നത്. കഥയ്ക്കുള്ളിൽ മറ്റൊരു കഥ. കഥാകൃത്ത് അതിനെ ചരിത്രം എന്നാണ് വിളിക്കുന്നത്. പഴയതുപോലെ തമാശയ്ക്കല്ല. ഉത്തർ പ്രദേശിനും മഹാരാഷ്ട്രയ്ക്കുമിടയിൽ ഏതുനേരവും പൊട്ടിയൊലിക്കാവുന്ന ഒരു മുറിവിന്റെ ഭീഷണിയുമായി കിടക്കുന്ന അലിഗഡിൽ ഒരു ദിവസം മരണപ്പെട്ടു കിടക്കുന്ന ഒരു പശുവിന്റെ രൂപത്തിലാണ് അതു വന്നത്. ആലംബമില്ലാത്ത ഭീതി. പശു കൊലചെയ്യപ്പെട്ടതാണെങ്കിൽ വെറി, കടിഞ്ഞാണില്ലാതെ അഴിഞ്ഞാടും. അരക്ഷിതമായ ഒരു രാത്രിയ്ക്കു ശേഷം പശു അവിടെ വന്നു കിടന്ന് മരിച്ചുപോയതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടു വന്നു. ഒരു പശുവിന്റെ സ്വാഭാവികമോ അല്ലാത്തതോ ആയ മരണത്തിൽ തൂങ്ങിയാടുന്ന കുറെ ജീവാത്മാക്കളെ കാണിച്ചു തന്നുകൊണ്ട് അൻ‌വർ മരിച്ചുപോയ പശുവിൽ നിന്ന് കോയമ്പത്തൂർ സന്ദർശിക്കാൻ വരുന്ന കേന്ദ്രമന്ത്രിയിലേയ്ക്ക് ഒരു പാലം പണിയുന്നുണ്ട്. അയാളും ഒരു ‘വിശുദ്ധപശു’വാണ്. എൺപതുകൾക്കു ശേഷം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ മുസ്ലീം ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥമാത്രമല്ല കഥ ഉള്ളിൽ ഒതുക്കി വയ്ക്കുന്ന ധ്വനി. കോയമ്പത്തൂർ സ്ഫോടനം ഉൾപ്പടെയുള്ള ആസന്നഭൂതകാല സംഭവങ്ങൾ ഓർമ്മകളിൽ ഉള്ള മനുഷ്യർക്ക് രക്ഷപ്പെടലുകളുടെ അനുസ്യൂതി മിഥ്യയാവാനുള്ള സാധ്യത എപ്പോഴുമുണ്ടെന്നതും കൂടിയാണ്.

ഇന്ദുമേനോന്റെ ‘ഒരു ലെസ്‌ബിയൻ പശു’ എന്ന കഥ വ്യത്യസ്തമായ കോണിലൂടെയാണ് പശുബിംബത്തെ നോക്കുന്നത്. പഠാണികുടുംബത്തിലെ മെഹറുന്നിസയെ ശ്രീഹരി വെങ്കിടെഷ് പൈ കൂടെ താമസിപ്പിക്കുന്നതിലുള്ള സാമൂഹികവും കുടുംബപരവും മതപരവുമായ അസ്വാരസ്യങ്ങൾ നേരിയ ഒച്ചയിലേ ഉള്ളൂ കഥയിൽ. പകരം സ്ഥാനം നേടുന്നത് ലിംഗപരമായ ഒരു പ്രശ്നമാണ്. തളർവാതം വന്ന മെഹറുന്നിസയെ ശുശ്രൂഷിച്ച നേഴ്സാണ് കഥയിലെ പശു. അവൾ ‘കറവറ്റ പശു’ വായിരിക്കണം. അവർ ഒരു ഡയറി ഫാം ഉടമയാണെന്ന് കഥയുടെ അവസാനത്തിലുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച സ്ത്രീയെന്ന നിലയിൽ അന്വേഷിക്കാനത്തിയ ശ്രീഹരിയോടൊപ്പമാണ് മെഹറുന്നിസ പിന്നെ താമസിക്കാൻ തീരുമാനിച്ചത്. പക്ഷേ അവളുടെ ശരീരത്തെ സ്നേഹിക്കുന്ന പശു അങ്ങനെ അവളെ വിടാൻ ഒരുക്കമായിരുന്നില്ല. പശുവിനെ പേടിച്ച് ശ്രീ ഹരി തിടുക്കത്തിൽ മെഹറുവിനെ ഹൈന്ദവാചാരപ്രകാരവും മുസ്ലീം ആചാരപ്രകാരവും പിന്നെ നിയമപരമായും വിവാഹം ചെയ്ത് സ്വന്തം ആദർശത്തെ കുഴിച്ചു മൂടി. മെഹറുവിന്റെ പിതാവ് തുറന്ന് ആവശ്യപ്പെട്ടിട്ടും ‘താനൊരു സ്ത്രീവാദിയായിരിക്കുന്നിടത്തോളം കാലം വിവാഹമെന്ന സ്ഥാപനത്തെ അംഗീകരിക്കുന്ന പ്രശ്നമില്ലെ’ന്നാണ് ശ്രീഹരി പറയുന്നത്. പെണ്ണിന് ധാരാളമായി സ്വാതന്ത്ര്യം നൽകുക. ഈ നിലപാടാണ് മറ്റൊരു പെണ്ണിനെ പേടിച്ച് അയാൾ മാറ്റിയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് പത്രം വായിക്കുന്നതിൽ നിന്ന് മെഹറിനെ വിലക്കിക്കൊണ്ട് ഭർത്താവിന്റെ സകലമാന ഗർവോടും കൂടി ‘പോയി കാപ്പി കൊണ്ടു വാടി’ എന്ന് ഭാര്യയോട് കൽ‌പ്പിച്ചു. ഒരു പീഡനത്തിൽ നിന്നും മറ്റൊരു പീഡനത്തിനിടയിലേയ്ക്കുള്ള ചെറിയ ഇടവേളയാണ് ‘ലെസ്‌ബിയൻ പശു’ എന്ന കഥയിലെ കാലം. കുറച്ചുകൂടി ഉറക്കെ ചിന്തിച്ചാൽ ആശ്രിതത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് കഥ ചില വെളിപ്പെട്ടു കിട്ടാത്ത ആശയങ്ങളിൽ ഞെരിപൊരി കൊള്ളുന്നതു കാണാം. ‘ശരീരം കൊണ്ട് എവിടെ എങ്ങനെ പെരുമാറണം എന്നറിയാത്ത ഇര മനുഷ്യൻ മാത്രമാണെന്ന് ’ അൻ‌വർ അബ്ദുള്ളയുടെ അനീസ് എന്ന കഥാപാത്രം പറയുന്നത് ശരിക്ക് യോജിക്കുന്നത് ലെസ്‌ബിയൻ പശു’വിലെ കഥാപാത്രങ്ങൾക്കാണ്. പശുമാംസം തിന്നുന്ന പാണസമുദായത്തിലെ അംഗമായ ‘പശു’ വിനു മാത്രമല്ല, ശ്രീഹരിയ്ക്കും മെഹ്റുവിനും മെഹ്‌മൂദ് ഖാനും ഒന്നും ആത്യന്തികമായി എന്തു ചെയ്യണമെന്ന് അറിയില്ല. ദുരന്തത്തിന്റെ ഒരു പങ്ക് അങ്ങനെ വരുന്നതാണ്. നമ്മളെ ആകർഷിക്കുന്ന ഘടകം പശു ഇവിടെ പതിവുകൾക്ക് വിപരീതമായി ആക്രമണകാരിയായിരുന്നു എന്നതാണ്. വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള അവളുടെ ‘ഇറങ്ങി നടപ്പും അവകാശവാദവും’ അവളെ നാശത്തിലെത്തിച്ചു. വിഷ്ണുപ്രസാദിന്റെ കവിതയിൽ കണ്ടതുപോലെ അയവിറക്കാൻ വേണ്ടി മാത്രമായി അവൾ ശേഷിക്കുന്നില്ല. ആണിന് അവളെ പാകപ്പെടുത്തി അവശേഷിപ്പിക്കേണ്ടതുള്ളതുപോലെ ഒരാവശ്യം പെണ്ണിനില്ലെന്നു ചുരുക്കം.

സാമ്പ്രദായിക വിശ്വാസങ്ങളിൽ നിന്നും പടം പൊഴിഞ്ഞ പ്രകൃതിയാണ് പശുബിംബങ്ങൾക്ക് ഭാവനാനീരാവിയുടെ ഉപരിമണ്ഡലങ്ങളിൽ. അതങ്ങനെ കടന്നു കയറുകയാണ്. അപ്പോൾ വെറുതേ ഒരു ഡീപ് ഫ്രൈ ഓർഡർ ചെയ്ത് ചാഞ്ഞിരുന്നാണെങ്കിലും അതുകളെപ്പറ്റിയൊക്കെ സ്വല്പം ചിന്തിച്ചാലെന്ത്?

ചിത്രം : http://www.cgtantra.com/forums/showthread.php?t=2068