November 18, 2007

മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....


മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി.”

മൊബൈല്‍ഫോണ്‍ ഒഴിയാബാധപോലെ കൊണ്ടു നടക്കുന്ന, കൊണ്ടു നടക്കേണ്ടി വരുന്ന പാവങ്ങള്‍ രാവിലെ പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്നതിതാണ്. കിടുങ്ങാതെന്തു ചെയ്യും? ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് തലവേദന വന്നേക്കും, പോക്കറ്റില്‍ ഇട്ടു നടന്നാല്‍ പ്രത്യുല്‍പ്പാദനശേഷി കുറയും, അല്‍ഷിമേഴ്സിനുള്ള സാദ്ധ്യത കൂടുതല്‍....ഇസ്തിരി പോലെ ചൂടായി ചെവി പൊള്ളി, ചെറിയ സ്ഫോടനം സംഭവിച്ചു ആള് ആശുപത്രിയില്‍ എന്നിങ്ങനെയൊക്കെ ചില വിജ്ഞാനങ്ങള്‍ വലിയ ഉറപ്പില്ലാതെ അവിടെയുമിവിടെയുമൊക്കെയായി കേട്ടിരുന്നു. ഇതങ്ങനെയല്ലല്ലോ.

കുറേ നാളുകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ സാധനങ്ങളും കിടുപിടിയുമായി നില്‍ക്കുന്ന സ്വകാര്യ കമ്പനിക്കാരെ ടി വിയില്‍ കാണിച്ചായിരുന്നു. ഒരു ചേട്ടനെ ഷര്‍ട്ടൂരി നിര്‍ത്തി ദേഹം പൂരെയുള്ള ചുണലുകള്‍ ചൂണ്ടിക്കാട്ടി അതൊക്കെ മൊബൈല്‍ ടവര്‍കളില്‍ നിന്നുള്ള റേഡിയേഷന്‍ കൊണ്ടു സംഭവിച്ചാണെന്ന വിപ്ലവാവേശത്തോടെ ഒരു മനുഷ്യന്‍ സാമൂഹികത പ്രസംഗിക്കുന്നതായിരുന്നു അടുത്ത കാഴ്ച. സംഗതി എന്തായോ എന്തോ. അവിടങ്ങളില്‍ ആരും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നില്ലായിരിക്കും.

സയന്‍സ് പോലെയല്ല ടെക്നോളജി. ടിയാന്റെ പിന്നില്‍ ലേശം പണത്തിന്റെ (അതു തന്നെ, ‘മൂലധന നിക്ഷേപം‘) കറക്കമുള്ളതുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയുടെ പരുങ്ങലിലാണ് സാമാന്യജനത്തിന്റെ സ്ഥിതിഗതി! ഏതു പുതിയ സംഭവത്തിന്റെയും പിന്നിലെന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് ഒറപ്പല്ലേ? അതെന്താണെന്ന് തിരഞ്ഞു പിടിക്കാനുള്ള പാങ്ങ്, മസ്തിഷ്കം ഇത്യാദികള്‍ ഉടയതമ്പുരാന്‍ തന്നിട്ടുമില്ല. പിന്നെന്ത് ചെയ്യും? മാദ്ധ്യമങ്ങള്‍ ഇവിടങ്ങളിലാണ് ‘കൊളം കുത്തുന്നതും വെള്ളം കലക്കുന്നതും മീന്‍ പിടിക്കുന്നതും‘. അതൊരു തുടര്‍പ്രകിയയാണ്. എരിതീയില്‍ എണ്ണയൊഴിക്കുക, താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക, ഫയര്‍ എഞ്ചിന്‍ വരുന്നതിനു മുന്‍പ് കഴുകോലൂരുക തുടങ്ങിയ നടപടികളുമായി മേല്‍പ്പടി കക്ഷികള്‍ കൊണ്ടുകേറും. പൊതുജനത്തിന്റെ ഭയത്തെ മുതലാക്കലാണ് മാധ്യമ ധര്‍മ്മം. ഇവിടെ മാതൃഭൂമി കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ അംഗസംഖ്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെടുന്നവരില്‍ മുണ്ടാണേ മുക്കാലും കൈയിലൊരു മൊബൈല്‍ ഫോണും തൂക്കിയാണ് നടപ്പ്. എന്താ സൌകര്യം! അത്യാവശ്യം പത്രതലക്കെട്ടുകളുടെ ജിക്കെയുമായി പിഴച്ചു പോകുന്ന ഈ വര്‍ഗം തന്നെയാണ് നമ്മുടെ ലോകപ്രസിദ്ധമായ ഉപഭോഗസംസ്കാരത്തിന് ചെല്ലുംചെലവും നല്‍കി കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. വാചകമേളകള്‍ പ്രിയങ്കരമായൊരു വിഭാഗം കൂടിയാണിത് എന്നറിയുക. മുഴുവന്‍ ലേഖനവും വായിക്കാന്‍ സമയം തികയാത്ത, ഓരോ കാല്‍‌വയ്പ്പിലും പുതിയ കണക്കും കാല്‍ക്കുലേറ്ററും കൊണ്ട് കുഴമറിയുന്ന ഈ പാവങ്ങള്‍ പിഴച്ചുപോകുന്നത് വാചകമേളകളാലാണ്. പരിചയക്കാരനായ എഴുത്തുകാരനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കാന്‍, വെടിവട്ടത്തില്‍ ഗൌരവമുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനൊക്കെ ഈ ഉദ്ധരിക്കപ്പെട്ട വാചകങ്ങളുടെ വായനമാത്രം മതിയാവും.

അപ്പോള്‍ ഇതു ചെറിയകാര്യമല്ല. മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത് മേതിലിന്റെ വാചകമല്ല എന്നതാണ് വാസ്തവം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 506) മൂന്നുവര എന്ന കോളത്തില്‍ ‘മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട’ എന്ന ലേഖനം മേതില്‍ എഴുതുന്നതു തന്നെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പ്രസരം വലിയൊരു നുണപ്രചരണമാണെന്നു സമര്‍ത്ഥിക്കാനാണ്. ഒരു ശരാശരി ഫോണിന്റെ റേഡിയേഷന്‍ പ്രസരം 0.25-ല്‍ താഴെയാണെന്നിരിക്കെ, ഈ പറഞ്ഞവിധത്തില്‍ അതേതു മുട്ടയെയാണ് പൊരിക്കുന്നത്? പക്ഷേ മാതൃഭൂമി ഉദ്ധരിച്ച വാക്യം ലേഖനത്തിലുണ്ട്, അത് സൂസന്ന ഡീകാന്റിന്റെ, ലോകമെങ്ങും പ്രചരിച്ച ഇ മെയിലിലെ വരികള്‍ എന്ന നിലയ്ക്കാണ്. അല്ലാതെ മേതിലിന്റെ ദര്‍ശനം എന്ന നിലയ്ക്കല്ല. നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട് അതു മനസ്സിലാവാതെ മാതൃഭൂമി എടുത്തു ചേര്‍ത്തതാവാന്‍ വഴിയില്ല. മലയാളം ഡെയിലിയുടെ സബ് എഡിറ്റര്‍മാര്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി, അവര്‍ ലേഖനം വായിക്കാതെ വായില്‍ വന്നത് എന്നമട്ടില്‍ കിട്ടിയ വരികള്‍ എടുത്തു ചാമ്പിയതായിരിക്കുമോ? എസ് എം എസ്സുകളും മൊബൈല്‍ കമ്പനികളും അത്ര ആശാസ്യമായ നിലയിലല്ലാതെ ഭൂമി മലയാളം കീഴടക്കിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അവയ്ക്കെതിരെ ഒരു മേതിലിയന്‍ ശൈലിയില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഒരു സാമൂഹികസേവനം? അല്ലെങ്കില്‍ പത്രാധിപന്റെ ഒരു ക്രൂരമായ തമാശ..

എന്തായാലും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍, ഒരു പ്രത്യേക തെറ്റിദ്ധാരണ നീക്കാന്‍ ഉദ്ദേശിച്ചെഴുതിയ ലേഖനത്തില്‍ നിന്നും നേരെ വിരുദ്ധമായ, അദ്ദേഹത്തിന്റേതല്ലാത്ത വാചകം, അദ്ദേഹത്തിന്റെ പേരില്‍ എടുത്തു കൊടുക്കണമെങ്കില്‍ അസാധാരണ ചങ്കൂറ്റവും വിവരക്കേടും സമാസമം വേണം. താന്‍ ഇങ്ങനെ തെറ്റായി ഉദ്ധരിക്കപ്പെട്ടതില്‍ മേതില്‍ മുന്നോട്ടു വരാതിരിക്കാന്‍ സാദ്ധ്യതയില്ല. ഇത്ര ബുദ്ധികാണിച്ച സ്ഥിതിയ്ക്ക് ഈ മുത്തശ്ശിപ്പത്രം എങ്ങനെ അദ്ദേഹത്തെ സമാധാനിക്കാന്‍ പോകുന്നു എന്നു കാണാം. സംഭവം എന്റെയും നിങ്ങളുടെയും തലച്ചോറിനെ ബാധിക്കുന്നതായതു കൊണ്ട് കാത്തിരുന്നാലും കാണുക തന്നെ വേണം!

ബാക്കി : വ്ലാദിമിര്‍ ലഗൊസ്കിയും ആന്ദ്രേ മൊയ്സെങ്കൊയും -രണ്ടുപേരും റഷ്യന്‍ പത്രം പ്രാവ്ദയിലെജോലിക്കാര്‍-ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഒരുമണിക്കൂറില്‍ മുട്ട വെന്തു എന്ന് ഒരു ഡിസ്കഷന്‍ സൈറ്റ്.. ഇവിടെ നോക്കുക. നോക്കാതിരിക്കരുത്, നമ്മുടെ സ്വന്തം തലകളാണ് ഡെയിലി പരീക്ഷിക്കപ്പെടുന്നത് !
Post a Comment