September 20, 2007

പാട്ടും കരച്ചിലും

ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി പ്രോഗ്രാമിലെ കാഴ്ചയാണ്..
പാട്ടു പാടിക്കഴിഞ്ഞ കുട്ടിയോട് കുറേ ചോദ്യങ്ങള്‍. തനി നാടകീയമായ രീതിയില്‍ വലിച്ചു നീട്ടി കുറേ വിശദീകരണങ്ങള്‍. പുറത്താവും എന്ന് ഏതാണ്ട് ഉറപ്പാണ് എന്നു കുട്ടിയെക്കൊണ്ടും രക്ഷാകര്‍ത്താവിനെക്കൊണ്ടും ആവര്‍ത്തിച്ചു പറയിക്കുന്നു. അവസാനം കുട്ടി പുറത്തായി എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിവു സമാധാന-സാന്ത്വന വാചകങ്ങളുടെ അകമ്പടിയോടെ. ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ അവിടെ നിര്‍ത്തി സമ്മര്‍ദ്ദങ്ങള്‍ നല്‍കി കരയിക്കുക എന്നതാണ് ഉദ്ദേശ്യം.വിഷമം കൊണ്ട് സംസാരിക്കാന്‍ കഴിയാതെ വിതുമ്പുന്നവരോടും പറയും “ സാരമില്ല സംസാരിച്ചോളൂ...” അവര്‍ മുറിഞ്ഞ വാക്കുകളില്‍ ചാനലിനെപ്പറ്റിയും ജഡ്ജുകളെക്കുറിച്ചും എസ് എം എസ് നല്‍കി അവരെ ഇതുവരെ എത്തിച്ച പ്രേക്ഷകസഹൃദയങ്ങളെയും സ്തുതിക്കും. അതു കഴിഞ്ഞാല്‍ ആ വിഷാദമുഖത്തിന്റെയും കണ്ണീരിന്റെയും ക്ലോസപ്പ്. അമ്മമ്മാരുടെയും അച്ഛന്മാരുടെയും കണ്ണീര്‍ക്കണ്ണുകളുടെ ക്ലോസപ്പ്. കൂട്ടുകാരുടെ വിഷാദമുഖം. മത്സരത്തില്‍ നിന്നു പുറത്തായവര്‍ പടിയിറങ്ങുന്നതിന്റെ സ്ലോമോഷന്‍. പശ്ചാത്തലത്തില്‍ ദുഃഖം നിറഞ്ഞ ഒരു പാട്ട്. അതും ഈ രംഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയത്. ചിലപ്പോള്‍ സ്റ്റൂഡിയോയിലല്ല, വീട്ടിലിരുന്നു വിഷമിക്കുന്ന ബന്ധുക്കളെ വരെ കാണിച്ചിട്ടുണ്ട് ഈ പരിപാടിയില്‍. കുട്ടി പാടിയ പാട്ടിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ സമയം നല്‍കിയിരിക്കുന്നു ഈ ദുഃഖപ്രകടനങ്ങളുടെ ലൈവിന്.

പാട്ടുപാടുന്നവരുടെ കെട്ടുകാഴ്ചയോ പാട്ടിനിടയിലെ നൃത്തമോ സമ്മാനം നിര്‍ണ്ണയിക്കാനുള്ള ഒരു ഘടകമാണ് എന്നു വരുന്നതിലെ വൈരുദ്ധ്യത്തെയോ പൊരുത്തക്കേടിനെയോ തത്കാലം വിടാം. പക്ഷേ ഈ നാടകീയത എന്തിനെന്ന കാര്യത്തില്‍ ഒരു ഉത്തരം കിട്ടുന്നില്ല. 40 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് ഒന്നാം സമ്മാനം. അതു കിട്ടാതെ പോകുന്നത് എന്തു വലിയ ദുരന്തമാണെന്ന് ചിന്ത പരിപാടി കാണുന്ന ഓരോരുത്തനും (ഒരുത്തിയ്ക്കും!) ഉണ്ടാവണം എന്ന നിര്‍ബന്ധമാണോ? സിനിമ എന്ന സ്വപ്നലോകത്തിലേയ്ക്കുള്ള പാലമാണിതെന്ന് ഏതെങ്കിലും കൌമാരപ്രായക്കാര്‍ ധരിച്ചു വശായിട്ടുണ്ടെങ്കില്‍, ഈ പാട്ടുമെഗാഷോയില്‍ നിന്നു പുറത്താവുന്നതോടെ ജീവിതത്തില്‍ നിന്നു തന്നെ ആ പാവങ്ങള്‍ പുറത്തായി എന്ന് അവര്‍ക്ക് തോന്നാം. അത് അവരുടെ സ്വകാര്യ വിഷമം. പക്ഷേ അതിനെ ഇങ്ങനെ ഒരു പാട്ടു പരിപാടി മാര്‍ക്കറ്റു ചെയ്യുന്നതെന്തിന്? ഇപ്പോള്‍ സീരിയലുകളുടെ കണ്ണീരൊന്നും ഒന്നുമല്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? സൂപ്പര്‍ റിയാലിറ്റി ഷോയിലെ റിയല്‍ കണ്ണീര്‍ മുന്നില്‍ ഡസന്‍ കണക്കിനൊഴുകുമ്പോള്‍ ഗ്ലിസറിന്‍ കണ്ണീരിനെന്തു വില?

മുന്‍പ് സൂര്യ ടി വിയിലെ ‘തരികിട‘ എന്ന പരിപാടിയില്‍ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ചെയ്തി ഇങ്ങനെയായിരുന്നു. രണ്ടുകാലും വയ്യാത്ത ഒരാള്‍ ഒരു പടിക്കെട്ടിന്റെ താഴെയിരുന്ന് തന്നെ താങ്ങിപ്പിടിച്ച് ഉയരെ എത്തിക്കാന്‍ വഴിപോക്കരോട് കെഞ്ചുന്നു. ഒരാള്‍ അയാളെ താങ്ങി മുകളിലെത്തിക്കാന്‍ തയ്യാറാവുന്നു. അയാളുടെ തോളില്‍ സാമാന്യത്തിലധികം ഭാരം കൊടുത്തു മറ്റേയാള്‍ തമാശ കൊഴുപ്പിക്കുന്നു. അവസാനം ഒരു വിധം മുകളിലെത്തിക്കഴിയുമ്പോള്‍ ‘എന്നാല്‍ ഇനി ഞാന്‍ പോട്ടെ’ എന്ന് പറഞ്ഞ് രണ്ടു കാലും ശരിക്കൂന്നി നടന്നു പോകുന്നവന്റെ മുന്നില്‍ സകല ചമ്മലും ഇളിഭ്യതയുമായി നില്‍ക്കുന്ന ‘നല്ലശമര്യക്കാരന്റെ’ മഞ്ഞളിച്ച മുഖത്തിന്റെ ക്ലോസ്സപ്പില്‍ ‘തരികിട‘ ! അതു കഴിഞ്ഞ് ചില ഉപദേശപ്രസംഗങ്ങളൊക്കെയുണ്ട്. അരിയും മുണ്ടും റിബ്ബണും അങ്ങനെ കുറേ സ്പോണ്‍സേഡ് പലവ്യഞ്ജനങ്ങളൊക്കെ നല്‍കിയിട്ട് “വികലാംഗനെ സഹായിക്കാന്‍ തയ്യാറായ ചേട്ടന്റെ സന്മനസ്സ്.. അതെല്ലാവര്‍ക്കും വേണം. അതിനുള്ള പാഠമാവട്ടെ.. ഇന്നത്തെ... “ അങ്ങനെ കുറേ ഗീര്‍വാണങ്ങള്‍. അത് മറ്റൊരു ‘തരികിട.’ ഇങ്ങനെ ഹെഡ്‌മാസ്റ്റര്‍ പ്രസംഗിച്ചിട്ടു വേണമല്ലോ കേരളത്തിനു നന്നാവാന്‍.

കാഴ്ചയ്ക്ക് പുറം മാത്രമല്ല, ഒരു അകവും കൂടിയുണ്ടെന്ന് മനസ്സിലാവുന്നത് ആകസ്മികമായി മുന്നില്‍ വന്നു പെടുന്ന ഇത്തരം പരിപാടികള്‍ കാണുമ്പോഴാണ്. കണ്ണീരിനെ കാഴ്ചവസ്തുവാക്കുന്ന ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്തരം പരിപാടികള്‍ക്കുണ്ടാവുന്ന ജനപ്രിയത. അത്യന്തികമായി ഇതെല്ലാം കൂടി നമുക്കു ചെയ്തു തരുന്ന സേവനം വെറും ചൂയിംഗത്തിന്റേതാണ്. രുചിയും മണവും പോഷകവുമില്ലാതെ, വിഴുങ്ങാതെ തുപ്പിക്കളയാതെ, ചുമ്മാ ചവച്ചുകൊണ്ടിരിക്കുന്നു, ഒരു സമൂഹം !
Post a Comment