അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയേല്‍ കദാരെയുടെ ‘തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ '(Broken April) ചോരക്കറപ്പറ്റി മഞ്ഞച്ച വസ്ത്രങ്ങള്‍ വീടിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ അലോസരപ്പെടുത്തുന്ന കാഴ്ചയുണ്ട്. പ്രതികാരത്തിനു വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്, അവ. പുസ്തകം വായിച്ചു കഴിഞ്ഞാലും ആ ചോരക്കറകള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ തെരുവില്‍ വീണ ചോര കൃത്യമായി ഒഴുകി വീട്ടിലെത്തുന്നതു കാണാം, യാതൊരു അസ്വാഭാവികതയും കൂടാതെ. അതു സര്‍ റിയലിസം. ബഷീറിന്റെ ബാല്യകാല സഖി ‘ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു ഏടാണെന്നും അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു’ എന്നും പോള്‍ പറയുമ്പോള്‍ അത്രയ്ക്ക് അത് റിയലിസ്റ്റിക് ആണെന്ന് അര്‍ത്ഥം. ചോര എന്ന പശിമയുള്ള ചുവപ്പന്‍ ദ്രാവകം നിഗൂഢാത്മകമായി മനുഷ്യഭാവനകളെ എല്ലാക്കാലത്തും ചുറ്റിപ്പിടിച്ചിട്ടുണ്ട്. അതില്‍ ഒരദ്ഭുതവുമില്ല. അതിന്റെ വഴുപ്പന്‍ ഘടന വച്ച് അതിന് എന്തുമാകാം. റിയലിസ്റ്റിക്കോ, കാല്പനികമോ, ആധുനികമോ, സറിയലിസമോ, ഉത്തരാധുനികമോ എന്തും! സമുദ്രത്തില്‍ ഏകകോശജീവിയായിക്കഴിഞ്ഞതിന്റെ ഓര്‍മ്മ, കോടി വര്‍ഷങ്ങളുടെ അടരുകള്‍ താണ്ടി മനുഷ്യന്‍ കൊണ്ടു നടക്കുന്നതിന്റെ പ്രത്യക്ഷതയാണത്രേ ചോരയിലെ ഉപ്പുരസം. ചടുലതയാണ് അതിന്റെ അടിസ്ഥാന സ്വഭാവം. സര്‍വകോശങ്ങളിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്താന്‍ അതില്ലാതെ പറ്റുമോ?
രക്തത്തിന്റെ ഊര്‍ജ്ജസ്വലത എന്ന ഗുണത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ‘ചോരത്തിളപ്പ്’ എന്ന പ്രയോഗം നമ്മള്‍ മെനഞ്ഞെടുത്തത്. ‘ചോരയ്ക്കു വേണ്ടി കൊതിക്കുന്നു’ മാര്‍ദ്ദവപ്പെടുത്തിയാണ് നാം കൊല്ലാനുള്ള ആവേശത്തെ കാവ്യാത്മകമാക്കി വിവരിക്കുന്നത്. ‘ചോര തുടിക്കുന്ന ചെറുകൈയ്യുകള്‍ തന്നെ വേണം ഭാവിയുടെ പന്തങ്ങള്‍ വന്ന് ഏറ്റെടുക്കാന്‍ എന്ന് പുരോഗമന കവിയായ വൈലോപ്പിള്ളിയ്ക്ക് ഉറച്ച അഭിപ്രായം ഉണ്ടായിരുന്നു. ‘രക്തസാക്ഷിത്വ‘ത്തില്‍ ചോരയ്ക്ക് സമര്‍പ്പണ സ്വഭാവമാണുള്ളത്. തികഞ്ഞ ആത്മാര്‍ത്ഥത. ‘രക്തബന്ധത്തില്‍’ ബന്ധങ്ങളുടെ കെട്ടുറപ്പ് കാണാം. ‘രക്തം വെള്ളത്തിനേക്കാള്‍ കട്ടിയുള്ളതാണെന്നു‘ ചൊല്ല്. ചോര സത്യമാണ്. അതുകൊണ്ടാണ് ആളുകള്‍ ‘രക്തപ്രതിജ്ഞ‘യെടുക്കുന്നത്. മറഞ്ഞിരിക്കുന്ന ഈശ്വരനെ പിടിച്ച് ആണയിടുന്നതിനേക്കാള്‍ ആത്മാര്‍ത്ഥമല്ലേ സ്വന്തം ജീവരക്തത്തെ തൊട്ട് സത്യം ചെയ്യുന്നത്.
ചോരയ്ക്ക് രാഷ്ട്രീയവുമുണ്ട്. സാമൂഹികനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ വീണുമരിച്ചവരുടെ രക്തമാണ് ചെങ്കൊടിയുടെ ഊര്‍ജസ്രോതസ്സ്. തീവ്രവാദങ്ങളില്‍ ഒഴുകുന്നത് നിരപരാധികളുടെ ചോരയാണെന്ന് മദ്ധ്യവര്‍ഗം അരാഷ്ട്രീയം പറയുന്നതാണ്. ദുഷിച്ചവ്യവസ്ഥിതിയുടെ ചോരയാണ് അവിടങ്ങളില്‍ ഒഴുകി പോകുന്നത്. അതു പോയാലേ കൂടുതല്‍ ആരോഗ്യമുള്ള സമൂഹം പുലരുകയുള്ളൂ. ആ പ്രഭാതത്തിനു വേണ്ടി രക്തപുഷ്പങ്ങള്‍ ഇനിയും വിടര്‍ന്നുകൊണ്ടിരിക്കും. യുദ്ധങ്ങളിലും കലാപങ്ങളിലും കൂട്ടക്കൊലയിലും തളം കെട്ടിക്കിടന്നതും പുറത്തേയ്ക്കൊഴുകിയതുമായ രക്തത്തിന്റെ അളവാണ് ചരിത്രത്തിന്റെ താളുകളുടെ എണ്ണം കൂട്ടിയത്.
ഡ്രാക്കുളയിലും അതിന്റെ പെണ്‍പ്പതിപ്പായ കേരളാ എഡിഷന്‍ യക്ഷിയിലും രക്തക്കൊതിയുണ്ട്. രണ്ടു ഗഡികളും ഓപ്പോസിറ്റ് സെക്സിലുള്ളവരുടെ രക്തമേ കുടിയ്ക്കൂ. ലിപ്സ്റ്റിക്കിലും നമ്മുടെ വെറ്റിലമുറുക്കിലും ചെറിയ രക്തക്കൊതി കിടന്നു വട്ടം ചുറ്റുന്നുണ്ടോ എന്നു സംശയിക്കണം. ഒരുപാട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഹാനിബാളിസം! പനയനാര്‍ക്കാവില്‍ പണ്ട് ആനയെ കുരുതി കൊടുത്തിരുന്നു. ‘കുരുതി’ എന്നു വച്ചാല്‍ തന്നെ രക്തം എന്നാണ് അര്‍ത്ഥം. ഇംഗ്ലീഷ്ഭ്രമം മൂത്ത് ഇപ്പോള്‍ ‘ഗുരുസി’ എന്നൊക്കെയാണ് പറയാറ്. കുമ്പളങ്ങ വെട്ടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുകലക്കിയ കടും ചുവപ്പു വെള്ളം (അരത്തം = രക്തം!) താഴെ വീഴ്ത്തുന്നത് എന്തായാലും നിരുപദ്രവകരമായ സങ്കല്‍പ്പത്തിന്റെ ആവിഷ്കാരമല്ല. അങ്ങനെ വിചാരിക്കുന്നവര് വിചാരിച്ചോട്ടെ! പാപം ശാന്തമാവട്ടെ.
ഇതൊന്നും പറയാനല്ല വന്നത്, പ്രകൃതി സ്വയമേവ ഒഴുക്കുന്ന ചോരയുണ്ട്. ഒരു പക്ഷേ മനുഷ്യരക്തത്തിനു കല്‍പ്പിച്ചുകൊടുത്ത എല്ലാ വിശുദ്ധിയും നാം ഊതി അണച്ചിട്ടിരിക്കുന്ന ഏക സ്ഥലം. ആര്‍ത്തവം. ഏറ്റവും സാധാരണമായ രക്തം എന്നാല്‍ ഏറ്റവും അപകൃഷ്ടവും. മാസാമാസം (നമ്മളുണ്ടാക്കിയ കലണ്ടര്‍ അനുസരിച്ചുള്ള മാസമല്ല) സ്വയം ഒഴുകി വരുന്ന ഈ ചോരയെഎന്തു ഭയപ്പാടോടെയാണ് സമൂഹം കാണുന്നത്, അതിലേറെ അറപ്പോടെ. കൊലനിലങ്ങളില്‍ നിന്ന് ചേമ്പിലകളിലേയ്ക്ക് തെറിച്ച ചോര കറുത്ത് ശമിക്കാതെ അവിടെ കിടക്കും. അതാര്‍ക്കും ഒളിപ്പിക്കണമെന്നു തോന്നില്ല. അതല്ല പെണ്ണെന്ന തടിയുടെ ‘കറ‘യുടെ സ്ഥിതി. ചോരയൊലിക്കുന്ന സ്ത്രീ എങ്ങനെയാണ് അസ്പൃശ്യയായത്? എന്തായിരുന്നു അതിന്റെ അടിസ്ഥാനം?
ആധുനിക സമൂഹത്തില്‍ പോലും ഒളിപ്പിച്ചു വയ്ക്കേണ്ട സംഗതിയാണ് ഈ ചോര. ശാസ്ത്രജ്ഞാന്ം കൊണ്ട് എന്തുകാര്യം. ആ രക്തം കൊണ്ട് ഒരു കൊടിയും -ഫെമിനിസ്റ്റുകളുടേതുള്‍പ്പടെ- ചുവന്നിട്ടില്ല. പ്രകൃതിയുമായി പെണ്ണ് അഗാധമായി ബന്ധപ്പെടുന്ന നിഗൂഢമായ ഈ വഴി അന്വേഷിച്ച് കുറേ സഞ്ചരിച്ച അമേരിക്കന്‍ എഴുത്തുകാരി ജൂഡി ഗ്രാഹന്‍ (‘Blood Bread and Roses) പറയുന്നത് ഏതു രക്തവും ആര്‍ത്തവ രക്തമാണെന്നാണ്. പുറമേയുള്ള പ്രേരണയൊന്നും കൂടാതെയൊഴുകുന്ന അതില്‍ പ്രപഞ്ചത്തിന്റെ താളം നിഹിതമാണ്. പെണ്ണ് പ്രകൃതി തന്നെയാണെന്ന് തിരിച്ചറിയാനുള്ള പ്രാചീനമായ ഉപാധി. പെണ്ണിന്റെ ഋതുകാലത്തിനും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കുമുള്ള അമ്പരപ്പിക്കുന്ന ചാര്‍ച്ച ഗോത്രവര്‍ഗങ്ങളെ വിസ്മയിപ്പിച്ചിരുന്നു. കാലചക്രത്തെ അങ്ങനെയും അളക്കാമെന്ന് കുറച്ചു പേരെങ്കിലും ചിന്തിച്ചിരുന്നു. ഈ അറിവ് പ്രാചീന സമൂഹങ്ങള്‍ പ്രതീകാത്മകമായി മതപരമോ സാമൂഹികമോ ആയ ചടങ്ങുകളില്‍ ആവിഷ്കരിച്ചിരുന്നു എന്ന് ജൂഡി പറയുന്നു. കാലിഫോര്‍ണിയായിലെ വിന്റു ഗോത്രവര്‍ഗത്തിലെ അമ്മൂമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്ന ഉത്പ്പത്തി കഥയില്‍ കേന്ദ്ര സ്ഥാനം ഈ പെണ്‍ പതിവിനായിരുന്നു. സ്വഭാവരൂപീകരണശാസ്ത്രം, വിഗ്രഹപഠനശാസ്ത്രം, മിത്തോളജി എന്നിവയിലൊക്കെയുള്ള വിശദമായ അന്വേഷണം നടത്തിയാല്‍ ‘സ്ത്രീരക്ത’ സാന്നിദ്ധ്യം വളരെ പ്രകടമായി കാണാന്‍ കഴിയും. (കാമാഖ്യയിലെ (ഒറീസ) ദേവിയും ചെങ്ങനൂരിലെ ദേവിയും തൃപ്പൂത്താകാറുണ്ട്. ആഘോഷമായി തന്നെ സമൂഹം അതു കൊണ്ടാടുന്നു. പ്രസാദങ്ങള്‍ക്ക് അയിത്തമില്ല ! ) അവ പ്രച്ഛന്നരൂപത്തില്‍ പ്രവഹിച്ച് ആധുനിക സമൂഹത്തിന്റെയും വ്യവഹാരങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഏറ്റവും വെറുക്കുന്നതിന്റെ അങ്ങനെ നമ്മളറിയാതെ നാം എറ്റവും സ്നേഹിക്കുക കൂടി ചെയ്യുന്നു. ചില കാര്യങ്ങളൊക്കെ അറിയാതിരിക്കുന്നതു തന്നെയാണ് നല്ലത്. അതുകൊണ്ട് ബോധോദയത്തിന്റെ നാളുകളില്‍ പെണ്‍ശരീരത്തെ പുതിയ തിരിച്ചറിവില്‍ നോക്കി വിസ്മയിച്ച ആധുനികരെ ‘ആര്‍ത്തവരക്തത്തെ’ ചാലുവെട്ടി സാഹിത്യത്തില്‍ കൊണ്ടുവന്നവര്‍ എന്നു ചീത്ത പറഞ്ഞ് നമുക്ക് ‘ശുദ്ധം’ നിലനിര്‍ത്താം. അതാണ് സൌകര്യം!
പിന്‍കുറിപ്പ് :
ഗോവയില്‍ നടക്കുന്ന ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോക്യുമെന്ററി ‘പൂമരം’ (The flowering Tree) ജൂഡിഗ്രഹാന്റെ പുസ്തകത്തിന്റെ സ്വാധീനത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരിച്ചറിവിന്റെ പുതിയ കാലത്തില്‍, ‘പൂത്ത മുരിക്കുമരം‘ എന്ന പ്രതീകത്തിലൂടെ, സ്ത്രീയുടെ ജൈവമായ പ്രത്യേകതകള്‍ ഒരാണ് നോക്കിക്കാണുന്നതിന്റെ ദൃശ്യഭാഷയാണ് ആ ചിത്രം.
November 4, 2007
November 1, 2007
പുലിയെ പിടിക്കാനുള്ള വഴികള്‍

പുലിയെ പിടിക്കുന്നതിന് ന്യൂട്ടന്റെ ചലനസിദ്ധാന്തത്തിലധിഷ്ഠിതമായ(രജീഷ് നമ്പ്യാര്‍, ശ്രീ എന്നിവര്‍ക്ക് നന്ദി!) ഒരു പ്രായോഗിക വഴി ഏതോ ഒരു വിദ്വാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
ഏതു പ്രവൃത്തിയ്ക്കും തത്തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുള്ളതുകൊണ്ട് ആദ്യം നിങ്ങളെ പിടിക്കാന്‍ പുലിയെ അനുവദിക്കുക. മേല്‍പ്പറഞ്ഞ ശാസ്ത്രീയ നിയമം കണിശമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പുലിയെ പിടിക്കാനും പറ്റും!
പറ്റില്ല എന്നു ഏതു പോലീസുകാരനും അറിയാം. പറ്റില്ല എന്നറിയാവുന്നതു കൊണ്ട് മാത്രമാണോ ഇതു വായിച്ച് നമ്മള്‍ ആര്‍ത്തുചിരിച്ച് മണ്ണു കപ്പിയതും കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് വീണ്ടും ചിരിച്ചതും. ന്യൂട്ടന്‍ ആളാരാ മോന്‍! ഭൂമിയ്ക്ക് ഗുരുത്വമുണ്ടെന്നും ഗുരുത്വം ആകര്‍ഷിക്കുമെന്നും ആകര്‍ഷണത്തിനു കൊമ്പിടാന്‍ ബലമാണെന്നും ‘കണ്ടു പിടിച്ച‘ പുള്ളിയാണ്. തലനിറച്ചും ബുദ്ധിയായിരുന്നു. എന്നിട്ടും ആ മനുഷ്യന്റെ കൊണ്ടാടപ്പെട്ട ഒരു നിയമം നമ്മുടെ പ്രായോഗികജീവിതത്തില്‍ പിണ്ണാക്കാവും എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ഈ അജ്ഞാതമനുഷ്യസ്നേഹിയുടെ പരീക്ഷണശാലയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്വര്‍ഗത്തില്‍ കുറേ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സാറ്റു കളിക്കുന്നതിനിടയില്‍ തന്നെ കണ്ടേ എന്നാര്‍ത്തു വിളിച്ച മഹാന്റെ മുന്നില്‍ നിന്ന് സ്വന്തം സിദ്ധാന്തങ്ങളുപയോഗിച്ച് ന്യൂട്ടണ്‍ തെളിയിച്ചത്രേ. താന്‍ ന്യൂട്ടനല്ലെന്ന്. പിന്നെ താനാരെയാണ് കണ്ടത്?
ശാസ്ത്രം മാത്രമല്ല തത്ത്വചിന്തയും ഭാഷാശാസ്ത്രവും ചരിത്രവുമെല്ലാം ഈ അടുക്കളയില്‍ കിടന്ന് നല്ലപോലെ വേവുന്നുണ്ട്. “ഒരാള്‍ മരിച്ചാല്‍ രണ്ടു പ്രശ്നങ്ങളുണ്ടത്രേ, കുഴിച്ചിടണോ ദഹിപ്പിക്കണോ? ദഹിപ്പിച്ചാല്‍ കുഴപ്പമില്ല. കുഴിച്ചിട്ടാല്‍ വീണ്ടു രണ്ടു പ്രശ്നങ്ങളുണ്ട്, അവിടെ പുല്ലു മുളയ്ക്കുമോ ഇല്ലയോ. പുല്ലു മുളച്ചില്ലെങ്കില്‍ പ്രോബ്ലമില്ല. പുല്ലു മുളച്ചാല്‍ വീണ്ടും പ്രശ്നങ്ങള്‍ രണ്ടാണ്, അതു പശു കഴിക്കുമോ ഇല്ലയോ. കഴിച്ചില്ലെങ്കില്‍ കുഴപ്പമില്ല. കഴിച്ചാല്‍ പ്രശ്നമാണ്, അതു പാലു തരുമോ ഇല്ലയോ? പാലു തന്നില്ലെങ്കില്‍ ഓക്കെ. പക്ഷേ പാലു തന്നാല്‍ വീണ്ടും പ്രശ്നമാണ്, അതു കുടിക്കണോ വേണ്ടയോ. കുടിച്ചില്ലെങ്കില്‍ ഒന്നുമില്ല. കുടിച്ചാല്‍ പിന്നെയും രണ്ടു പ്രശ്നം വരും. അതു കുടിക്കുന്നവന്‍ മരിച്ചു പോകുമോ ഇല്ലയോ. മരിച്ചില്ലെങ്കില്‍ കുഴപ്പമില്ല. മരിച്ചാല്‍ ആദ്യത്തെ പ്രശ്നം വീണ്ടും ഉയിര്‍ക്കുന്നു ദഹിപ്പിക്കണോ കുഴിച്ചിടണോ..................?” ഒരു ജീവിതത്തിന്റെ ചിന്താപദ്ധതി മുഴുവന്‍ കിടന്ന് വട്ടം ചുറ്റുന്നില്ലേ ഇതിനകത്ത്? ബോര്‍ഹസ്സിന്റെ ആ ലാബിറന്ത്.. നമ്മുടെ സ്വന്തം രാവണന്‍ കോട്ട. എങ്ങനെ പുറത്തിറങ്ങും? നാരായണ ഗുരുവിനോട് ആരോ ചോദിച്ചത്രേ ഇതേ ചോദ്യം. അദ്ദേഹം പറഞ്ഞത് എണ്ണ കിട്ടുമെങ്കില്‍ ചക്കിലിട്ട് ആട്ടാമായിരുന്നു എന്നാണ്. സോറന്‍ കീര്‍ക്കേഗാഡ് പറഞ്ഞു : ‘ മരിച്ചാല്‍ അവിടെ കിടക്കട്ടെ, രാവിലെ ജോലിക്കാരിവന്ന് തൂത്തു കളഞ്ഞോളും!’
മാവില്‍ നിന്ന് ‘മാങ്ങയും തെങ്ങില്‍ നിന്ന് തേങ്ങയും വീഴുമ്പോള്‍ പ്ലാവില്‍ നിന്ന് പ്ലാങ്ങ വീഴാത്തതെന്ത്? ഫുള്‍സ്റ്റോപ്പില്‍ ‘ഫുള്ള്’ വരാത്തതെന്ത്?‘ എന്നു പറഞ്ഞ് മറ്റൊരു മെയില്. പറഞ്ഞു വന്നാല്‍ തദ്ധിതത്തെയും വിഭക്തിയെയും കുറിച്ചാണ് കുഴമറിച്ചില്‍. പക്ഷേ ഇത്ര ലളിതമായ ചോദ്യങ്ങള്‍ക്ക് എത്ര കട്ടിയുള്ള നിയമങ്ങള്‍ വച്ച് ഉത്തരം പറയും?
“നിങ്ങള്‍ക്ക് രണ്ടു പശുക്കളുണ്ടെന്നു വിചാരിക്കുക. അതിലൊരെണ്ണം അയല്‍ക്കാരനു കൊടുക്കുന്നത് സോഷ്യലിസം. രണ്ടിനെയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നിങ്ങള്‍ക്ക് പാലുമാത്രം തരുന്നത് കമ്മ്യൂണിസം. രണ്ടിനെയും സര്‍ക്കാരേറ്റെടുത്തിട്ട് നിങ്ങളെ വെടിവെച്ചുകൊല്ലുന്നത് നാസിസം. രണ്ടു പശുക്കളിലൊന്നിനെ വിറ്റിട്ട് മറ്റേതിനെക്കൊണ്ട് നാലെണ്ണത്തിന്റെ പാലു തരീക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ച്, ഒടുവില്‍ പശു മരിച്ചതിന്റെ കാരണമറിയാന്‍ കണ്‍സള്‍ട്ടന്റിനെ ഭീമമായ ഫീസുകൊടുത്തു കൊണ്ടുവന്നാല്‍ അത് അമേരിക്കന്‍ കോര്‍പ്പറേഷന് തന്നെ . രണ്ടു പശുക്കളെ വച്ച് ആദ്യം അഞ്ചെന്ന് കണക്കുക്കൂട്ടുക. പിന്നെയെണ്ണുമ്പോള്‍ എണ്ണം 42. വീണ്ടും എണ്ണുന്നു. പശുക്കള്‍ രണ്ടുമാത്രം. എണ്ണല്‍ നിര്‍ത്തി അടുത്തകുപ്പി വോഡ്ക കുപ്പി തുറക്കുന്നു എന്നു വയ്ക്കുക. നിങ്ങള്‍ റഷ്യയിലാണ്. ...“ അങ്ങനെ ഈ പശുക്കളെ മാത്രം വച്ച് ബ്രിട്ടന്‍, ഈജിപ്ത്, ലബനണ്‍, ദുബായി, ഷാര്‍ജ എല്ലാ കോര്‍പ്പറേറ്റുകളെയും ഉദാഹരിക്കാം.
ഋജുവും ലളിതവുമായ ഈ ഉദാഹരണത്തിലെ പുലി ചരിത്രമാണ്, പ്രത്യയശാസ്ത്രമാണ്, സമകാലികതയാണ്. അവയെ പിടിച്ച് കെട്ടിയിട്ട രീതിയാവട്ടെ നടേ പറഞ്ഞ മാതൃകയിലുള്ളതും. പ്രത്യയശാസ്ത്രങ്ങളെയും ചരിത്രത്തെയും നേരിട്ടല്ല നമ്മളാരും വിഴുങ്ങുന്നത്. എങ്കിലും മത്സ്യത്തിനു ചുറ്റും ജലം പോലെ അവ നമുക്കുചുറ്റും നമുക്കുള്ളിലും ഉണ്ടെന്ന തിരിച്ചറിവുണ്ട്. പുരാണങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റു വീക്ഷണം എന്തായാലും ധര്‍മ്മശാസ്ത്രങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ വേണ്ടിയാണ് പണ്ടുള്ളവര്‍ കഥകള്‍ മെനഞ്ഞത്, തങ്ങള്‍ക്കും ഇതൊക്കെ ബാധകമാണെന്ന ഉത്തമബോദ്ധ്യത്തോടെയാണ് സ്വയം കഥാപാത്രങ്ങളായത്. ഏകശിലാരൂപത്തില്‍ നീതിശാസ്ത്രങ്ങള്‍ നിലനില്‍ക്കാത്ത പുതിയ കാലത്തില്‍ അനുഭവം മറ്റൊരു വഴിതേടുന്നു. സാധാരണബോധത്തിന് വഴിപ്പെട്ടു കിട്ടാത്ത രീതിശാസ്ത്രങ്ങളെ അജ്ഞാതങ്ങളും അദൃശ്യങ്ങളുമായ പരീക്ഷണശാലകളില്‍ ആരുടെയൊക്കെയോ കരവിരുതുകള്‍ ചേര്‍ന്ന് ഇങ്ങനെ രൂപാന്തരം ചെയ്തെടുക്കുന്നു. ആര്‍ക്കും പിടികൊടുക്കാതെ അക്കാദമിക് കാടുകളില്‍ ഭീഷണികളുമായി പാത്തും നെഞ്ചുവിരിച്ചും നടന്ന പുലികളാണ് ഇങ്ങനെ എലിക്കൂട്ടില്‍ കയറിനിന്ന് നമ്മെ ദയനീയമായി നോക്കുന്നത്. ചിരിക്കാതെന്തു ചെയ്യും. എലിക്കൂടുകളെ പുലിക്കൂടുകളാക്കിയ തലകളെ നമിക്കാതെന്തുചെയ്യും?
പിന്‍കുറിപ്പ് :
സെന്‍ ഗുരു സഹോസൊഹു തന്നെ കാണാന്‍ നില്‍ക്കുന്നവരോട് കുശലം പറയുകയായിരുന്നു.
“നിങ്ങള്‍ മുന്‍പിവിടെ വന്നിട്ടുണ്ടോ?”
“ഉവ്വ്. വന്നിട്ടുണ്ട്”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
മറ്റൊരാളോട്.
“നിങ്ങള്‍ ഇതിനു മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ?”
“ഇല്ല. ഞാനിതാദ്യമായാണ്.”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിന്റെ അടുത്തു ചെന്ന് ചോദിച്ചു
“അങ്ങ് മുന്‍പ് ഇവിടെ വന്നിരുന്നവരെയും വരാത്തവരെയും ഒരു പോലെ കാപ്പി കുടിക്കാന്‍ ക്ഷണിക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?”
ഗുരു:
“അതെ ശിഷ്യാ, ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
Subscribe to:
Comments (Atom)