2007 -ൽ അവതരിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഉള്ളടക്കവും നടപ്പിലാക്കൽ രീതികളും തുടക്കംമുതൽ വിവാദം വിളിച്ചു വരുത്തിയിരുന്നെങ്കിലും ജ്ഞാനനിർമ്മിതി വാദം, സാമൂഹികജ്ഞാന നിർമ്മിതി വാദം, ബഹുമുഖപ്രതിഭാ തത്ത്വം, വിമർശനാത്മകവും പ്രക്രിയാധിഷ്ഠിതവുമായ ബോധനം, ഉൾക്കൊള്ളൽ വിദ്യാഭ്യാസം തുടങ്ങിയ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ആധുനിക ആശയങ്ങളെ, മാറ്റമില്ലാതെ തുടർന്നിരുന്ന അദ്ധ്യയന മണ്ഡലത്തിൽ കടത്തിവിടാൻ അത് ഉദ്യമിച്ചു എന്ന കാര്യം അംഗീകരിക്കാതെ തരമില്ല. ഘടനാപരമായ മാറ്റങ്ങൾക്കൊപ്പം പാഠ്യപദ്ധതിയെ പരിഷ്കരിക്കുന്നതിലും ബോധനരീതിശാസ്ത്രത്തിലും വലിയൊരു മാറ്റമാണ് ചട്ടക്കൂട് വിഭാവന ചെയ്തത്. സാമൂഹിക ജ്ഞാനനിർമ്മിതിയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്, കേരളത്തെ എട്ട് പ്രശ്നമേഖലകളായി തിരിക്കാനും അവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനുമായി 1 മുതൽ 12 വരെയുള്ള സകല വിഷയങ്ങളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതും അദ്ധ്യാപകൻ എന്ന സർവജ്ഞാനിയായ പാരമ്പര്യസ്വരൂപത്തെ കൈത്താങ്ങുക്കാരനും (സ്കഫോൾഡർ) സഹപഠിതാവുമാക്കി പുനർനിർവചിച്ചതും വിവാദങ്ങൾക്കിടയാക്കി. ആ വിവാദങ്ങൾ ഉയർത്തിവിട്ട ആശയക്കുഴപ്പമാകട്ടെ ഇപ്പോഴും വിദ്യാഭ്യാസമേഖലയെ പൂർണ്ണമായിട്ടും വിട്ടൊഴിഞ്ഞിട്ടില്ല.
കൊളോണിയൽ ഭരണവും ജന്മിത്തവും സാമ്രാജ്യത്വവും പാകപ്പെടുത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാഭ്യാസക്രമങ്ങളിൽ വൈകാരികവും ബുദ്ധിപരവുമായ പരാധീനതകൾ ഇന്നും അവശേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ പാരമ്പര്യമൂല്യങ്ങൾ പ്രകടമല്ലെങ്കിൽപോലും വിദ്യാഭ്യാസകാര്യങ്ങളിൽ ജാഗ്രതക്കുറവുകൊണ്ടോ നിക്ഷിപ്തമായ താത്പര്യങ്ങൾകൊണ്ടോ അധികാരത്തിന്റെ നയസമീപനങ്ങൾകൊണ്ടോ കേറിപ്പറ്റുന്ന പ്രതിലോമകരമായ അംശങ്ങൾ സമൂഹത്തിന് ദൂരവ്യാപകമായ ദോഷങ്ങളാണുണ്ടാക്കുക. ജനാധിപത്യസമൂഹത്തിൽ ഭരണഘടനാമൂല്യങ്ങളോട് ആദരവും ഉയർന്ന തരത്തിലുള്ള ദേശീയബോധവും ശാസ്ത്രീയമായ മനോഭാവവും മാനവികതയുമൊക്കെയുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസത്തിനാണ് ഊന്നൽ വേണ്ടത്. 2009 -ൽ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടെ വിദ്യാദാന പ്രക്രിയയയിൽ വിദ്യാർഥികൾ കൂടുതൽ കേന്ദ്രസ്ഥാനത്തായി. അവകാശങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ വേണ്ട സാഹചര്യമൊരുക്കുകയുമാണ് ഫലത്തിൽ ‘പുതിയ നിയമം‘ ചെയ്തത്. അദ്ധ്യാപകനിൽനിന്ന് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം കുട്ടിയിലേക്ക് മാറുന്ന പ്രക്രിയ 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കാലത്ത് തുടക്കം കുറിച്ചതാണെങ്കിലും ‘അവകാശ നിയമം’ ആ വസ്തുതയെ ഒന്നുകൂടി ഉറപ്പിച്ചെടുത്തു. സാങ്കേതിക വിദ്യകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, സ്വന്തം ശേഷികൾ വികസിപ്പിക്കാനും പുത്തൻ സാഹചര്യങ്ങളുമായി ഒത്തുപോകാനുമുള്ള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കേണ്ടതെന്ന കാര്യം വ്യക്തമാണ്. അതവരുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്.
രണ്ടാം തലമുറപ്രശ്നങ്ങൾ
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാവുക, ജാതി- മത- ലിംഗ വിവേചനങ്ങൾ കൂടാതെ വിവേചനം കൂടാതെ എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക. അതോടൊപ്പം പഠനം തുടരാനാവാതെ കുട്ടികൾ ഇടയ്ക്കുവച്ചു കൊഴിഞ്ഞുപോകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളാണ്, വിദ്യാഭ്യാസ പരിവർത്തനത്തിന്റെ ഒന്നാം ഘട്ട ലക്ഷ്യമായി കണ്ടിരുന്നത്. പ്രാപ്യത, പഠനത്തുടർച്ച എന്നിങ്ങനെ അറിയപ്പെടുന്ന ഒന്നാം തലമുറപ്രശ്നങ്ങൾ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു എന്നു മനസിലാക്കിക്കൊണ്ടാണ് രണ്ടാം ഘട്ടത്തിലേക്ക് കേരളസമൂഹം പ്രവേശിക്കുന്നത്. ഗുണമേന്മാ വിദ്യാഭ്യാസവും തുല്യതയുമാണ് രണ്ടാം തലമുറപ്രശ്നങ്ങളായി കണക്കാക്കുന്നത്.
നവകേരള സ്വപ്നങ്ങൾക്ക് അനുഗുണമാകുന്ന തരത്തിൽ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസക്രമം പാകപ്പെടുത്തുക എന്നതാണ് ‘തുല്യത’കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിലുണ്ടായിരുന്ന പഞ്ചമ സ്കൂൾ, അടിമ സ്കൂൾ, പുലയ മിഷൻ സ്കൂൾ, കവറ മിഷൻ സ്കൂൾ, ബ്രാഹ്മണ സ്കൂൾ തുടങ്ങിയ ജാതി തിരിച്ചുള്ള സ്കൂളുകൾ ഇപ്പോൾ അവശേഷിക്കുന്നില്ല. ആൺപള്ളിക്കൂടം – പെൺപള്ളിക്കൂടം എന്നീ തരംതിരിവുകൾ പല കാരണങ്ങളാൽ ഇവിടെ അവശേഷിക്കുകയും ചെയ്യുന്നു. എങ്കിലും ലോകത്തെവിടെയുമുള്ള സമപ്രായക്കാരോട് സംവദിക്കാനുള്ള അറിവും കഴിവും ശേഷിയും നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. അതിനു പറ്റിയ തരത്തിൽ വിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമമാണ് ‘പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം’. രാഷ്ട്രാന്തരീയ നിലവാരമുള്ള സ്കൂളുകൾ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിന് ആധുനികമായ ബോധനമാർഗങ്ങൾ ആവശ്യമാണ്. പഠനപ്രക്രിയയയെ സജീവവും സർഗാത്മകവു ആധുനിക ദർശനങ്ങളിൽ അധിഷ്ഠിതവുമാകണം.
ജൈവവൈവിധ്യപാർക്കുകൾ, ക്ലാസ് ലൈബ്രറികൾ, തൊഴിൽശേഷി വികസനം, ജനകീയമായ നിരീക്ഷണ സംവിധാനം, നിരന്തരമായ അദ്ധ്യാപകപരിശീലനങ്ങൾ തുടങ്ങിയയവയ്ക്കൊപ്പം, കൂട്ടത്തിൽ പ്രധാനപ്പെട്ടതും ജനശ്രദ്ധയാകർഷിച്ചതുമായ പരിപാടിയായിരുന്നു, ഗവണ്മെന്റ് – എയിഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ ഒന്നടങ്കം ഹൈ-ടെക് ആക്കുക എന്നത്. നേരത്തെ ഐടി @ സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) എന്ന പേരിൽ വിപുലീകരിക്കുകയും ചെയ്ത സർക്കാർ സ്ഥാപനം വഴി 4572 സ്കൂളുകളിലെ 45000 ക്ലാസ് മുറികൾ ഇതിനകംതന്നെ ഹൈ-ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു എന്നാണ് കണക്ക്. കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ക്ലാസ് മുറികളിലിരുന്നാണ് ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തിയത്. പഠനപ്രക്രിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാവുമ്പോൾ അതിനു യോജിച്ചതരത്തിലുള്ള ഉള്ളടക്കങ്ങൾ (കണ്ടന്റ്) ആവശ്യമായി വരും എന്ന ലക്ഷ്യം മുന്നിൽ കണ്ട് ‘സമഗ്ര’യെന്ന പേരിൽ വിദ്യാഭ്യാസപോർട്ടലും സജ്ജമാക്കി. പാഠഭാഗങ്ങൾക്ക് യോജിച്ച ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും ഫലപ്രദമായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യാനുമായി അദ്ധ്യാപകർക്ക് പരിശീലനപരിപാടികളും മുറയ്ക്ക് നടന്നു. 992 കോടിയാണ് ഇക്കാര്യങ്ങൾക്കെല്ലാമായി ഈ വർഷം മാറ്റിവച്ചത്.
ക്ലാസ് മുറികളെ ആധുനികവത്കരിക്കുന്നതിന്റെ തിരക്കിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് 19 വൈറസിന്റെ ഭീഷണിയിൽ പിടിയിൽ ലോകം സമ്പൂർണ്ണമായി ആണ്ടുപോകുന്നത്. വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇതുവരെ കാണാത്തതോ ആലോചിക്കാത്തതോ ആയ ഒരു ഗുരുതരമായ പ്രശ്നത്തിന്റെ മുന്നിലാണ് ഇത് സമൂഹത്തെ കൊണ്ടുചെന്നിട്ടത്. കേരളത്തിലങ്ങോളമിങ്ങോളമായി അടച്ചിട്ടിട്ടിരിക്കുന്ന ക്ലാസ് മുറികളിൽ കുട്ടികളെ വച്ച് പഠനം തുടരുന്നതെങ്ങനെ എന്ന പ്രശ്നം. ഗുണമേന്മയെയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആധുനികീകരണത്തെയും ലക്ഷ്യമാക്കിയുള്ള മുന്നോട്ടു പോക്കിൽ പൊതുവിദ്യാഭ്യാസത്തിനായി ചെലവാക്കിയ ഊർജ്ജവും തുകയുമെല്ലാം പാഴായിപോകുന്നോ എന്നു സംശയിക്കാവുന്ന മറ്റൊരു അസാധാരണ സാഹചര്യം.
ഗുണമേന്മയും പ്രതീതി ക്ലാസ് മുറികളും
അടച്ചിരിപ്പ് കാലത്തെ മുൻകൂട്ടി കാണാൻ സാധിക്കുമായിരുന്നില്ലെങ്കിലും ഓപ്പൺ സ്കൂളും സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമായ അസാപ്പും പൊതുപ്രവേശനപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമായ പീക്സും (അത് ഇപ്പോൾ നിലവിലില്ല) കരിയർ ഗൈഡൻസ് ക്ലബുകളും ഉള്ള ഹയർ സെക്കന്ററിതലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളെപ്പറ്റിയുള്ള ആലോചനകൾകൂടി നേരത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ആലോചിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ 60-70 കുട്ടികൾ ഒരു ക്ലാസിൽ 8 മണിക്കൂറോളം ഇരിക്കുന്ന അവസ്ഥയെ കുറേയെങ്കിലും ലഘൂകരിക്കാൻ ഓൺലൈൻ ക്ലാസുകൾ വഴിയുള്ള വിനിമയങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചിന്തകൾ, ക്ലാസ് മുറികളിൽ പൊടിപിടിച്ചു കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റിയുള്ള ആശങ്കയെ റദ്ദ് ചെയ്ത് കൂടെനിർത്താൻ ഗുണപരമായ ഒരു അവസരം നമുക്ക് കൈവരുമായിരുന്നു. അദ്ധ്യാപകപരിശീനത്തോടനുബന്ധിച്ച് സ്വതന്ത്ര സോഫ്ടവെയറായ ലേണിങ് മാനേജുമെന്റ് സിസ്റ്റം ‘മൂഡിൽ’ പഠിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും അതിനു തുടർച്ചയുണ്ടായില്ല.
പരീക്ഷകൾ ഇടയ്ക്കുവച്ചു മുടങ്ങുകയും ക്ലാസുകൾ തുടരാൻ സാധ്യതയില്ലാതെ വരികയും ചെയ്ത സന്ദർഭത്തിൽ ഓൺലൈൻ ക്ലാസുകളെപ്പറ്റിയുള്ള ചിന്തകൾ മുറുകിയിട്ടുണ്ട്. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്ന ജൂൺ ഒന്നിനു ഓൺലൈൻ പ്ലാറ്റുഫോമുകൾ വികസിപ്പിക്കാൻ അണിയറയിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു. SCERT സ്കൂൾതലത്തിൽ അവയ്ക്കു നേതൃത്വം നൽകുന്നുണ്ട്. കുട്ടികളുടെ മുന്നിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്ന അദ്ധ്യാപകസമൂഹത്തിന് അപരിചിതമായ മേഖലയാണ് വെർച്വൽ ക്ലാസ് റൂമുകൾ. അതിന്റെ ബാലപീഡകൾ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റു വാങ്ങാനിരിക്കുന്നതേയുള്ളൂ. ഗൂഗിളും മൈക്രോസോഫ്ടുംപോലെയുള്ള ഭീമൻകമ്പനികൾ സൗജന്യമായി നൽകുന്ന ക്ലാസ് റൂം സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും സ്വകാര്യ വിദ്യാഭ്യാസസ്ഥപനങ്ങളും അവരുടെ പഠന-പാഠനപ്രക്രിയകളെ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോയത്. ‘ക്യാമ്പസ് അസ്7’ പോലെ ഇന്ത്യയിൽ വികസിപ്പിച്ച വിലകൊടുത്തു വാങ്ങാവുന്ന ക്ലാസ് മുറി സൗകര്യങ്ങളും പല സ്വകാര്യസ്ഥാപനങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. സൂം, ഗൂഗിൾ മീറ്റ്, സിസ്കോ വെബെക്സ് തുടങ്ങിയ കൂടിക്കാഴ്ചാ ഇടങ്ങൾ (മീറ്റിങ് പ്ലെയിസസ്) ക്ലാസ് റൂമുകളായും ഉപയോഗിച്ചവരുമുണ്ട്. കേരള സർവകലാശാലയുടെ ബജറ്റ് സമ്മേളനം ‘സൂം’ കോൺഫറൻസിങ് സൗകര്യം ഉപയോഗിച്ചാണ് നടത്തിയത്. പക്ഷേ സ്വകാര്യതാപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ അത്തരം പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിൽ ഔചിത്യപ്രശ്നമുണ്ട്.
അദ്ധ്യാപക സംഘടനകളും അദ്ധ്യാപകകൂട്ടായ്മകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാകരുടെ ബ്ലോഗുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഫെയിസ് ബുക്ക് ലൈവുകളും ഓൺലൈൻ ക്ലാസ് എന്ന ആശയത്തെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. യൂട്യൂബ് ചാനലുകളാണ് മറ്റൊരു മാധ്യമം. പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനക്ലാസ് നടന്നത് വിക്ടേഴ്സ് ചാനലിലൂടെയാണ്. കൂട്ടവിലക്കിന്റെ കാലത്ത് വിദ്യാഭ്യാസ സംബന്ധമായി ധാരാളം യുട്യൂബ് വിഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ ഇതെല്ലാം കേവലസഹായം എന്ന നിലയ്ക്കല്ലാതെ വിദ്യാഭ്യാസം എന്ന ആധുനിക സങ്കല്പത്തെയോ ക്ലാസ്‌മുറി സങ്കല്പത്തെയോ വിദൂരമായിപോലും വിഭാവന ചെയ്യുന്നവയല്ല. വിവര വിനിമയം എന്ന നിലയ്ക്ക് ഇവയുടെ പ്രസക്തിയെ നിഷേധിക്കുന്നില്ല. എന്നാൽ വസ്തുതകളുടെ വിനിമയം മാത്രമല്ല പഠനപ്രക്രിയ. കേരളാ സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓൺലൈൻ ക്ലാസെന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംരംഭം നോക്കുക. അവിടെ ബി എ മലയാളം ടാബ് ക്ലിക്ക് ചെയ്താൽ ലഭിക്കുക പൗരസ്ത്യകാവ്യശാസ്ത്രത്തെയും നവസംസ്കാര പഠനങ്ങളെയും പറ്റിയുള്ള 2 പി ഡി എഫ് നോട്ടുകളാണ്! യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ തുറന്നപഠനകേന്ദ്രമായ ‘സ്വയ’ ത്തിലെ ക്ലാസുകൾ പലതും പാനൽ ചർച്ചയുടെ വിഡിയോകളാണ്. പ്രാദേശിക ഭാഷയിലും ലഭ്യമാണെന്ന് വിജ്ഞാപനമുണ്ടെങ്കിലും മലയാളം ക്ലിക്കു ചെയ്താൽ ലഭിക്കുന്നത് ഹിന്ദിയോ ബംഗാളിയോ ആയിരിക്കും. സംഘചർച്ചയിൽ പങ്കെടുക്കുന്നവരിൽ ഒരാൾ മലയാളിയായതുകൊണ്ട് പരിപാടി പ്രാദേശികഭാഷയിലുള്ളതാണെന്ന് അർത്ഥമില്ലല്ലോ.
ഓൺലൈൻ ക്ലാസ് എന്നാൽ വീഡിയോകൾ പങ്കുവയ്ക്കലല്ല.
പല ഓൺലൈൻ ക്ലാസുകളും വീഡിയോയുടെ നിർമ്മാണവും പ്രദർശനവുമാണെന്ന ഭീകരമായ തെറ്റിദ്ധാരണയുടെ പുറത്താണ് നീങ്ങുന്നത്. പ്രഭാഷണക്ലാസുകളും പ്രക്രിയാ ക്ലാസുകളും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. സംവാദങ്ങളാണ് ക്ലാസ് മുറികളെ സജീവവും സർഗാത്മകവുമാക്കുന്നത്. വീഡിയോ –ഓഡിയോ - നോട്ടുപങ്കുവയ്ക്കൽ ഒരു തരത്തിലും ക്ലാസ് മുറികളെ സാക്ഷാത്കരിക്കുന്നില്ല. കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാനും വിവരം പങ്കുവയ്ക്കാനും ഉള്ള സൗകര്യം ചിലയിടത്ത് കനിഞ്ഞു നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി വിദ്യാർത്ഥി അവിടെ കേവലശ്രോതാവ് മാത്രമാണ്. ‘അറിവു നിർമ്മിക്കുന്ന കുട്ടി’യെന്ന സങ്കല്പത്തെ കൈയൊഴിഞ്ഞ് ചേഷ്ടാവാദപരമായ (ബിഹേവിയറിസ്റ്റ്) രീതിയിലുള്ള വിവരകൈമാറ്റമാണ് അതിൽ നടക്കുന്നത്. സ്കൂളുകളിൽ പിന്തുടർന്നുപോരുന്ന ബോധനസമീപനത്തിന് തീർത്തും എതിരാണ് ഈ പ്രക്രിയ. ഓൺലൈൻ ക്ലാസ് മുറികളെപ്പറ്റിയുള്ള ആധികാരികമായ അറിവില്ലായ്മയും (പല വിദേശ യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ്‌മുറികളെപ്പറ്റി കോഴ്സുകൾ നടത്തുന്നുണ്ട്, അവയെപ്പറ്റിയുള്ള പഠനങ്ങളും വന്നിട്ടുണ്ട്) ധാരണക്കുറവും പാരമ്പര്യാധിഷ്ഠിതമായ നീക്കുപോക്കില്ലാത്ത കാഴ്ചപ്പാടുകളും ആസൂത്രണങ്ങളെത്തന്നെ തകിടം നിലയ്ക്കായാൽ അപകടമാണ്.
പാരമ്പര്യവിദ്യാഭ്യാസ രീതിയോടുള്ള സമൂഹത്തിന്റെ അടുപ്പമാണ് ഗൈഡുകളെയും പാഠഭാഗങ്ങളുടെ സംഗ്രഹവും ചോദ്യോത്തരങ്ങളും കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളെയും സാധുവാക്കി നിലനിർത്തിയത്. പുതിയകാലത്തിൽ അതേ പ്രവണത ആപ്പുകളായി പുനർജ്ജനിക്കുന്നു. അദ്ധ്യാപകൻ മുൻപ് ടെസ്റ്റ്യൂബെന്ന് പറഞ്ഞ് പൊക്കി പിടിച്ച ചോക്ക് തുണ്ട് ആനിമേഷനുകളായി സോഫ്ട്‌വെയറുകളിൽ ഇപ്പോൾ പുനർജ്ജനിക്കുന്നു. കുട്ടിക്ക് അനുഭവപരമായി ഇതു രണ്ടും ഒന്നുതന്നെയാണ്. പ്രൊജക്ടറുകൾ ക്ലാസ് മുറികളിൽ സ്ഥാപിതമായതോടെ കുട്ടികൾക്കു മുന്നിൽ മുഴുവൻ സമയവും വീഡിയോ കാണിക്കുക എന്ന പതിവ് സാർവത്രികമായി എന്ന് ആരോപണമുണ്ട്. പത്തു വിഷയം ഒരു ദിവസം പഠിക്കുന്ന കുട്ടികൾ ഓരോ പിരീഡിലും വിഡിയോയ്ക്ക് മുന്നിൽ നിഷ്ക്രിയരാവുകയാണ്. ഓൺലൈൻ ക്ലാസ് മുറികളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഇ-ലേണിങ് ഇൻഡസ്ട്രി എന്ന സൈറ്റ് കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ 10 മിനിറ്റിൽ കൂടരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. അമിതമായ ആനിമേഷനുകളെ ഓൺലൈൻ കോഴ്സുകൾ വിഭാവന ചെയ്യുന്ന വിദേശസൈറ്റുകൾ പലതും തള്ളിക്കളയുന്നു. എത്ര പേർക്കാണ് ക്ലാസിന്റെ പ്രയോജനം ലഭിക്കേണ്ടത്? പുറത്തുനിന്നുള്ളവർക്കും ക്ലാസിൽ പ്രവേശനം നൽകണോ? പല ഭാഷകളിലുള്ള ക്ലാസ് ഉദ്ദേശിക്കുന്നുണ്ടോ? പിന്നീട് ഉപയോഗിക്കാവുന്നതരത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം ആവശ്യമാണോ? മൊബൈൽ, ടാബ്, ടിവി തുടങ്ങി ഏതൊക്കെ ഉപകരണങ്ങളിൽ ക്ലാസുകൾ ലഭ്യമാകണം? പുതിയ പഠനപ്രക്രിയയോ മൂല്യനിർണ്ണയ ഉപാധികളോ കൂട്ടിച്ചേർക്കണോ? തുടങ്ങി ഓൺലൈൻ ക്ലാസ് റൂം പ്ലാറ്റ് ഫോം തെരെഞ്ഞെടുക്കുന്നതിനു മുൻപ് നമ്മുടെ ആവശ്യങ്ങളെ ക്രമപ്പെടുത്താനും ഇ-ലേണിങ് ഇൻഡസ്ട്രി ഉപദേശിക്കുന്നു.
നിലവിലുള്ള ഓൺലൈൻ ക്ലാസ് റൂമുകളിലെ സൗകര്യക്കുറവ് പരിഹരിക്കാനായി ശില്പ രാജീവ്, സി അഭിനന്ദ് എന്നീ രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ നടത്തിയ ശ്രമം ‘ഐ ക്ലാസ് റൂം’ എന്ന ആശയത്തിലെത്തിച്ചതിനെപ്പറ്റി അടുത്തകാലത്ത് വന്ന വാർത്ത ഈ സമയത്ത് ഓർമ്മിക്കാവുന്നതാണ്. അടച്ചിരുപ്പ് കാലത്തെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് അവർ, ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സർവകലാശാലകളെയും വിദഗ്ധരെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൂട്ടിയിണക്കുന്നതും ഓൺലൈനായി അസൈന്മെന്റുൾപ്പടെ സമർപ്പിക്കാവുന്നതും ചർച്ചകളിലേർപ്പെടാവുന്നതുമായ ഏകീകൃതപ്ലാറ്റ് ഫോം ഒരുക്കിയത്. മോഡ്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്റെ സമ്മാനത്തിനും അവരുടെ കണ്ടെത്തൽ അർഹമായി.
ശരിയായി സംവിധാനം ചെയ്യപ്പെട്ടതാണെങ്കിൽ, യഥാർത്ഥ ക്ലാസ് മുറികളെക്കാൾ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ വെർച്വൽ ക്ലാസുറൂമുകൾക്ക് ഒരു പരിധിവരെ കഴിയും. ഡിജിറ്റൽ സാങ്കേതികതയുടെ കാലത്തു പിറന്ന തലമുറയ്ക്ക് സ്വാഭാവികമായി തന്നെ അതിനോട് ആഭിമുഖ്യമുണ്ട്. പുതിയ കാലത്തിന്റെ സാധ്യതയാണല്ലോ അവ. റഷ്യയിലെ HSE സർവകലാശാല, ഇ-ലേണിങ് ഡെവലപ്പിങ് സെന്റർ മേധാവി എവ്ജെനിയ കുലിക് ഓൺലൈൻ കോഴ്സുകളെ ‘ഒറ്റപ്പെട്ട പഠന സാങ്കേതികത’ (online course is an alienated learning technology) എന്നാണ് നിർവചിക്കുന്നത്. ഒറ്റപ്പെട്ടത് എന്നതിന് അവർ നൽകുന്ന അർത്ഥം ‘ഒരാളിലേക്ക് കേന്ദ്രീകരിക്കാത്തത്’ എന്നാണ്. പ്രത്യേക വ്യക്തിയല്ല (ഗുരു) ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനം എന്നർത്ഥം. കോഴ്സ് വിഭാവന ചെയ്യുന്ന പഠനനേട്ടത്തെ (ലേണിങ് ഔട്ട് കം) ഒരു പരിധിവരെ പഠനസാങ്കേതികത ഉറപ്പാക്കുന്നു. പാഠഭാഗങ്ങൾ ആവർത്തിച്ചു കേൾക്കാനും വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാനും വിവിധതരത്തിലുള്ള പഠനപ്രക്രിയയകൾ പരീക്ഷിച്ചു നോക്കാനുമുള്ള സൗകര്യവും സാധ്യതയും എല്ലാം ‘പഠനസാങ്കേതികത’ എന്ന സങ്കല്പത്തിലുണ്ട്.
പരിമിതികളും പരാതികളും
അതേസമയം ഓൺലൈൻ ക്ലാസുകളെപ്പറ്റി വികസിതരാജ്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായവുമുണ്ട്. പ്രത്യേകിച്ചും സ്കൂൾ തലങ്ങളിലെ. പഠനപ്രക്രിയയിൽ ദൃശ്യോപകരണങ്ങളുടെ കടന്നുകയറ്റം സ്വാഭാവികമായും കുട്ടികളുടെ ഭാവനാശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്കണ്ഠ നിലനിൽക്കുമ്പോൾ തന്നെ അടച്ചിട്ട മുറികളിൽ ഒറ്റയ്ക്കിരുന്നുകൊണ്ടുള്ള വിദ്യാഭ്യാസം കുട്ടികളുടെ സാമൂഹിക ബോധത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന സത്യവും തിരിച്ചറിയേണ്ടതായുണ്ട്. ഉയർന്ന ക്ലാസുകളിൽ ഈ ആശങ്ക അത്രതന്നെയില്ല. വെർച്വൽ ക്ലാസ് മുറികളുടെ ഭാഗമായ ഫോറങ്ങൾ വഴിയാണ് ഇവിടെ പഠിതാക്കൾ തമ്മിലുള്ള വിനിമയങ്ങൾ നടക്കുക. അവ നിരീക്ഷണവിധേയമാണെന്ന യാഥാർത്ത്യം അവിടെയുണ്ട്. ഇന്ത്യപോലെയുള്ള ബഹുസ്വര സാംസ്കാരികത നിലനിൽക്കുന്ന പ്രദേശത്ത് ഭൗതികമായി പരസ്പരം ഇടപഴകാനും അടുത്തറിയാനുമുള്ള സൗകര്യം നൽകുന്നത് പ്രാഥമികമായും പൊതുവിദ്യാലയങ്ങളാണെന്ന സത്യം മറക്കാൻ പറ്റുന്നതല്ല. രണ്ടാമത്തെ കാര്യം പരിമിതികളും ആരോപണങ്ങളും നിലനിൽക്കുമ്പോഴും മുന്നിൽ നിൽക്കുന്ന അദ്ധ്യാപകന്റെ/പികയുടെ ജൈവികസാന്നിദ്ധ്യവും കുട്ടി യന്ത്രത്തിലൂടെ നടത്തുന്ന വിനിമയവും രണ്ടും രണ്ടാണ്. വരാൻ പോകുന്ന കാലം മനുഷ്യനും യന്ത്രവും കൂടിക്കലർന്ന ആന്ത്രോപൊസീന്റെയാണെന്നുള്ള വിഭാവനകൾക്കിടയിലും നിലവിൽ മാനുഷികമായ ഇന്ദ്രിയവേദ്യതയുടെ (സ്പർശം, ശബ്ദം കാഴ്ച, രുചി, മണം..) അനുഭവം കുട്ടികളുടെ വളർച്ചകാലത്തിൽ പ്രധാനമാണ്. പ്രതീതി ക്ലാസ് മുറികളുടെ ഉത്പ്പന്നമായ ഒരു കുട്ടിയും യഥാർത്ഥ ക്ലാസ് മുറിയിലിരുന്ന് പഠിച്ച കുട്ടിയും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അത്തരം താരതമ്യങ്ങൾ നമ്മുടെ വിദൂരഭാവനയിൽമാത്രമുള്ള കാര്യമാണ്. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം കേരളത്തിൽ മാത്രം സ്മാർട്ട് ഫോണുകളോ ടെലിവിഷൻ സൗകര്യമോ ഇല്ലാത്ത 2.61 ലക്ഷം കുട്ടികളുണ്ടെന്ന വിവരമാണ്. ഓൺലൈൻ ക്ലാസുറൂമുകൾ കൊറോണക്കാലത്തിനു ശേഷം തുടർന്നാലും ആകെ വിദ്യാർത്ഥികളുടെ 6% ഈ സൗകര്യത്തിനു പുറത്തായിരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. മൂല്യനിർണ്ണയത്തിന്റെയും വിലയിരുത്തലിന്റെയും നൈതികതകൂടി ഇവിടെ പ്രശ്നമായി വരും. ഓൺലൈനിൽ പഠനത്തിനു ശേഷം കുട്ടി പൂരിപ്പിച്ചു നൽകുന്ന ഉത്തരങ്ങളോ അസൈന്മെന്റുകളോ പുറത്തുനിന്ന് ഒരു സഹായവും കിട്ടാതെ സ്വയം സമർപ്പിക്കുന്നതാണോയെന്നറിയാൻ മാർഗമില്ല. സമഗ്രമായ ഒരു വിലയിരുത്തൽ അത്തരം സാഹചര്യത്തിൽ അസാധ്യമായി തീരും. ക്രാഷ് കോഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര പ്രധാനമല്ലെങ്കിലും ഒരു തലമുറയുടെ മുഖ്യധാരാവിദ്യാഭ്യാസത്തിൽ കുഴപ്പിക്കുന്ന വിഷയമാണ് പ്രതീതിക്ലാസുകളിലെ വിലയിരുത്തൽ.
ഉഡെമി, ഈസി ക്ലാസ്, തിങ്കി ഫിൿ തുടങ്ങി സൗജന്യമായി പ്രതീതിക്ലാസ് റൂം സൗകര്യങ്ങൾ നൽകുന്ന നൂറുകണക്കിനു സൈറ്റുകൾ നിലവിലുണ്ട്. എങ്കിലും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തമായൊരു പ്ലാറ്റ് ഫോം തയ്യാറാക്കാനായാൽ അതിന്റെ മെച്ചം മറ്റൊന്നിനുമുണ്ടാവില്ലെന്നത് ഉറപ്പാണല്ലോ. കോളേജു വിദ്യാർത്ഥികൾക്കാണ് ഇവകൊണ്ടുള്ള പ്രയോജനം ഏറ്റവുമധികം എന്നതുകൊണ്ടാവാം, ഇക്കാര്യത്തിൽ കോളേജുകൾ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയിട്ടുണ്ട്. പട്ടാമ്പി ശ്രീനീലകണ്ഠാ സംസ്കൃതകോളേജ് അദ്ധ്യാപകർക്കായി ഹ്രസ്വകാല കോഴ്സുകൾ ഓൺലൈനായി നടത്തുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് മൂഡിൽ പ്ലാറ്റ് ഫോമിൽ വെർച്വൽ ക്ലാസ് റൂമുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള പരിചയംകൂടി കോഴ്സിൽ നിന്നു കിട്ടുമെന്നതാണ് മെച്ചം. പ്രായോഗികമായ തുടർച്ചയ്ക്ക് പിന്തുണാ സംവിധാനം കോളേജിൽനിന്ന് ലഭിക്കുകയും ചെയ്യും. പ്രധാനമായും ഗവേഷകരെയും അദ്ധ്യാപകരെയും ഉദ്ദേശിച്ചാണ് കോഴ്സുകളെങ്കിലും താത്പര്യമുള്ളവർക്ക് ചേർന്നു പഠിക്കാവുന്നതരത്തിലാണ് സംവിധാനം. 25 പ്രധാന പഠനപ്രക്രിയകൾ നടത്താനുള്ള പ്രായോഗികപരിശീലനം അതിനുള്ളിലുണ്ട്. കോഴ്സെറാ എന്ന റഷ്യൻ വിദ്യാഭ്യാസ സൈറ്റുമായി ചേർന്ന് കോഴിക്കോട് ഫറൂക്ക് കോളേജ് വിദേശത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേർന്നു പഠിക്കാൻ സൗജന്യമായി സൗകര്യമൊരുക്കിയിരിക്കുന്നതാണ് മറ്റൊന്ന്. MOOC (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) പഠിക്കാനുള്ള സൗകര്യവും വിവിധ സർവകലാശാലകൾ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിനു സമകാലികമായ സാങ്കേതിക വിവര പഠനത്തിനുള്ള സൗകര്യത്തിനൊപ്പം, മേൽപ്പറഞ്ഞതുപോലെ വെർച്വൽ ക്ലാസ് മുറി ആസൂത്രണം ചെയ്യാനുള്ള പാഠങ്ങൾ, അത്തരമൊരു ക്ലാസിൽകൂടിത്തന്നെ ലഭിക്കുന്നത് ഗുണകരമാണ്.
ഓൺലൈൻ ക്ലാസ്‌മുറികൾ വിദ്യാഭ്യാസപ്രക്രിയയുടെ കാലികമായ തലമാണ്. അവയെ പൂർണ്ണമായി ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കില്ല. അതേ സമയം അവയെ ഒഴിവാക്കി നിർത്താനാവില്ലെന്നു മാത്രമല്ല, അവയുടെ സാധ്യതകൾ ഉപയോഗിക്കാതെ ആധുനികരായി തുടരാനും സാധ്യമല്ല. എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന തരത്തിൽ വികസിച്ചു കഴിഞ്ഞ വിദ്യാഭ്യാസാന്തരീക്ഷത്തിൽ നമുക്കവ ആവശ്യവുമാണ്. സാങ്കേതിക സൗകര്യങ്ങളില്ലാതെ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് ബദൽ മാർഗങ്ങൾകൂടി അന്വേഷിച്ചുകൊണ്ട് കോവിഡ് ഭീഷണിക്കാലം കഴിഞ്ഞാലും, വെർച്വൽ ക്ലാസ് മുറികളെ ഹൈ-ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് അഭികാമ്യം. ഭാഗ്യവശാൽ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി സാങ്കേതിക സഹായവും പരിശീലനവും ഉദാരമായി നൽകിക്കൊണ്ട് വിവിധ ഏജൻസികൾ രംഗത്തുവന്നു എന്നതാണ് ഈ അടച്ചിരിക്കൽ കാലത്തിന്റെ പ്രത്യേകതകളിലൊന്ന്. അവയെ സ്വീകരിക്കാനും പ്രാവർത്തികമാക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയുണ്ടായാൽ മതി. വിപ്ലവകരമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രതിസന്ധികൾ വിമോചനപരമാവുന്നത്. ആധുനികീകരണം എന്ന പ്രക്രിയ അർത്ഥവത്താകുന്നത് അങ്ങനെയാണല്ലോ.
No comments:
Post a Comment