മഹാഭാരതകഥാപാത്രമായ യുധിഷ്ഠിരന് രണ്ടു ഭാവങ്ങളുണ്ട്. കൃത്യമായ ഉത്തരങ്ങൾ പറഞ്ഞ് ചോദ്യകർത്താക്കളെ സംതൃപ്തിപ്പെടുത്തുകയും ഉത്തരങ്ങൾ അന്വേഷിച്ചു നടക്കുകയും ചെയ്യുക. ആരണ്യേയോപാഖ്യാനത്തിൽ യക്ഷപ്രശ്നങ്ങൾക്ക് ശരിയുത്തരങ്ങൾ നൽകിയാണ് സ്വന്തം ജീവനും സഹോദരങ്ങളുടെ ജീവനും അയാൾ രക്ഷിച്ചെടുക്കുന്നത്. അതിലെ പല ചോദ്യങ്ങളും എന്നപോലെ പല ഉത്തരങ്ങളും രസകരമാണ്. ആരാണ് ആദിത്യനെ അസ്തമിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ധർമ്മം എന്നാണ് യുധിഷ്ഠിരൻ പറയുന്നത്. സത്യത്തിന്റെ പ്രകാശത്തെ അസ്തമിപ്പിക്കുന്ന ഗഹനമായ ഒരു പ്രഹേളിക, ധർമ്മം എന്ന സങ്കല്പത്തിലുണ്ട് എന്നതാണതിന്റെ ന്യായം.
ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്ത്? ആകാശത്തിലും പ്രസവത്തിലും പ്രതിഷ്ഠകള്‍ എന്തെല്ലാം? ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിലും ജീവനില്ലാത്തതാര്‍ക്ക്? ഭൂമിയേക്കാള്‍ വലുതെന്ത്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്ത്? പുല്ലിനേക്കാള്‍ കൂടുതലുള്ളതെന്ത്? കാറ്റിനേക്കാള്‍ വേഗതയുള്ളതെന്തിന്? ഹൃദയശൂന്യമായ വസ്തുവേത്? വേഗം കൊണ്ടു വളരുന്നതേത്? മരിക്കുന്നവന്റെ മിത്രമേത്? എല്ലാവരുടെയും അതിഥിയാര്? അമൃതം എന്ത്? മനുഷ്യന്റെ ആത്മാവ് എന്ത്? ധനവാനാകുന്നത് എങ്ങനെ? സുഖിമാനാകുന്നത് എങ്ങനെ? ലോകം തെളിയുന്നതും മൂടുന്നതും എങ്ങനെ? ചത്ത രാഷ്ട്രവും മരിച്ച മനുഷ്യനും എന്ത്? കാമവും മത്സരവുമെന്ത്? ധര്‍മ്മവും കാമവും അര്‍ത്ഥവും ഒരുമിച്ച് ചേരുന്നത് എപ്പോൾ? - ഇങ്ങനെയുള്ള കുറെ ചോദ്യങ്ങളും യുധിഷ്ഠിരൻ നേരിടുന്നുണ്ട്. എല്ലാത്തിനും കൃത്യമായിരുന്നു അയാളുടെ ഉത്തരം. അങ്ങനെ സ്വന്തം ജീവനും സഹോദരന്മാരുടെ ജീവനും അയാൾ രക്ഷിച്ചെടുത്തു. യുധിഷ്ഠിരന്റെ പിതാവായ യമധർമ്മനായിരുന്നു അവിടെ ചോദ്യകർത്താവ്.
ധർമ്മത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചിന്തയുമായി വലഞ്ഞു നടന്ന ഈ മനുഷ്യൻ മരിക്കാൻ കിടക്കുന്ന ഭീഷ്മരുടെ അടുത്തുപോയി ചില ചോദ്യങ്ങൾ ചോദിച്ചു. ധർമ്മത്തിന്റെ വേറൊരു ശാഖയാണ് ‘ധർമ്മപുത്രൻ’ സംശയനിവൃത്തിയ്ക്കായി തെരെഞ്ഞെടുക്കുന്നത്. ‘സ്ത്രീകൾ ചിലരിൽ രഞ്ജിക്കുകയും ചിലരിൽ വിരക്തപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്’ എന്നാണ് ഒരു ചോദ്യം. യുധിഷ്ഠിരന്റെ ദാമ്പത്യത്തെ സംബന്ധിച്ച ഒരു കലക്കം ഈ ചോദ്യം ഫ്രെയിം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കും. വിവാഹം കഴിച്ചിട്ടില്ലാത്ത ഭീഷ്മർ അതിനു മറുപടിയായി, സ്ത്രീകളെ മുൻനിർത്തി തനിക്കുള്ള ഭയം വിശദമായി പങ്കുവച്ചശേഷം ഒരു കഥ പറയുന്നു. സ്ത്രീകൾ ചപലകളാണെങ്കിലും അവരെ പാട്ടിൽനിർത്താമെന്നാണ് ഭീഷ്മർ പറയുന്നതിന്റെ ചുരുക്കം.
അച്ഛനായ ലെയിസ്സിനെ ആളറിയാതെ വധിച്ചിട്ട് തീബ്സിലേയ്ക്ക് പോയ ഈഡിപ്പസ് അവിടെയെങ്ങും ഭയചകിതരായ ജനങ്ങളെയാണ് കണ്ടത്. അതിനു കാരണം സ്ഫിംഗ്സ് എന്ന അപൂര്‍വജീവിയായിരുന്നു. സ്ത്രീയുടെ മുഖവും മുലകളും സിംഹത്തിന്റെ ശരീരവും കഴുകന്റെ ചിറകുകളുമുള്ള അവള്‍ യാത്രക്കാരോട് കടംകഥകൾ ചോദിക്കുകയും ഉത്തരം അറിയാതെ പകയ്ക്കുന്നവരെ ഞെരിച്ചു കൊല്ലുകയും ചെയ്തു. ഈഡിപ്പസിനെയും അവള്‍ തടഞ്ഞു നിര്‍ത്തി. അയാളോടു ചോദിച്ച കടംകഥ ഇതായിരുന്നു. “ഏതു ജന്തുവിനാണ് രാവിലെ നാലുകാലും ഉച്ചയ്ക്കു രണ്ടു കാലും വൈകുന്നേരം മൂന്നു കാലുമുള്ളത്?” ഈഡിപ്പസു പറഞ്ഞു “മനുഷ്യന്. കുട്ടിയായിരിക്കുമ്പോള്‍ അവന്‍ നാലുകാലിൽ ഇഴയുന്നു, അതിനുശേഷം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്നു, വാര്‍ദ്ധക്യത്തിൽ വടിയുടെ സഹായത്തോടെ മൂന്നു കാലില്‍ നടക്കുന്നു.” സ്ഫിംഗ്സ് പരാജയപ്പെട്ടു. അഗാധ ഗര്‍ത്തത്തിലേക്കു വീണു ചത്തൊടുങ്ങിയെന്നും സ്വയം അവയവങ്ങള്‍ കടിച്ചു തിന്ന് ആത്മഹത്യ ചെയ്തെന്നും ആ മരണത്തെക്കുറിച്ച് രണ്ട് പാഠഭേദങ്ങളുണ്ട്. അതിനെ തുടര്‍ന്നാണ് തീബ്സിലെ ജനങ്ങൾ ഈഡിപ്പസിനെ രാജാവാക്കിയത്, ഈഡിപ്പസിന്റെ ഉത്തരം ജീവൻ രക്ഷിച്ചെടുത്തു. പക്ഷേ കിട്ടിയ ജീവിതം ദുരന്തമയമായി. ലെയിസിന്റെ വിധവയായ ജെക്കോസ്റ്റയെ -സ്വന്തം അമ്മയെ- വിവാഹം കഴിച്ച അയാൾ പിന്നെ ആർക്കും വേണ്ടാത്തവനായി.
ആധുനിക കാലത്തും കടംകഥകൾക്ക് ജീവനും ജീവിതവുമായി ബന്ധമുണ്ട്. സത്യവും കള്ളവും പറയുന്ന രണ്ട് കാവൽക്കാരുള്ള ജയിലറയെപ്പറ്റി പറയുന്ന ഒരു കഥയുണ്ട്. ആരാണ് കള്ളം പറയുന്നതെന്ന് അറിയാൻ മാർഗമില്ലാത്തതിനാൽ രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ആ കഥയുടെ മർമ്മം. വെർണർ ഹെർസോഗ് എന്ന ചലച്ചിത്രസംവിധായകൻ ‘എനിഗ്മ ഓഫ് കാസ്പെർ ഹോസർ’ എന്ന സിനിമയിൽ ഈ പ്രശ്നത്തെ മറ്റൊരു രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. കള്ളംമാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കും സത്യം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കുമുള്ള വഴി എങ്ങനെ കണ്ടുപിടിക്കും എന്ന ഒരു താത്ത്വിക പ്രശ്നത്തെ കാസ്പർ ഹോസർ എന്ന അപരിഷ്കൃതനായ മനുഷ്യനെക്കൊണ്ട് പരിഹരിക്കുകയാണ് ഹെർസോഗ്. കാസ്പർ ഹോസർ, 17 വയസ്സുവരെ ഒരു സെല്ലാറിൽ മരക്കുതിരയെന്ന കളിയുപകരണവുമായി കഴിഞ്ഞവനാണ്. ആകെ കറുത്തകോട്ടിട്ട മനുഷ്യനെമാത്രമാണ് അവൻ അക്കാലമത്രയും കണ്ടിട്ടുള്ളത്. ഭാഷ അറിയില്ല, നടക്കാൻ അറിയില്ല. പെട്ടെന്നൊരു ദിവസം പുറംലോകത്തിലേക്കിറക്കിവിട്ടാൽ അയാൾ എങ്ങനെ അതിജീവിക്കും എന്ന പരിഷ്കൃതമനുഷ്യന്റെ ഉത്കണ്ഠയെയാണ് കാസ്പർ ലഘുവായ പ്രശ്നപരിഹാരത്തിലൂടെ കടലിലാഴ്ത്തുന്നത്. എതിരെ വരുന്നയാളിനോട് ‘നീയൊരു മരത്തവളയാണോ’ എന്നു ചോദിച്ചാൽ മതി. ഉത്തരത്തിൽ അവൻ വരുന്ന ഗ്രാമത്തിന്റെ സ്വഭാവമുണ്ടാവുമല്ലോ എന്നാണ് കാസ്പർ പറയുന്നത്. അതനുസരിച്ച് ഏതു ഗ്രാമത്തിലേക്കാണ് പോകേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്നു നമുക്ക് തീരുമാനിക്കാം.
ഫ്രാങ്ക് റിച്ചാർഡ് സ്റ്റോക്ടൺ എന്ന അമേരിക്കൻ എഴുത്തുകാരന്റെ ഒരു കഥയാണ്, ‘സ്ത്രീയോ കടുവയോ?’ (The Lady or The Tiger?) പ്രാകൃതനീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിലെ രാജകുമാരിയെ സാധാരണക്കാരൻ സ്നേഹിക്കുന്നു. അവൾ തിരിച്ചും. ആ ബന്ധത്തോട് പൊരുത്തപ്പെടാനാവാതെ രാജാവ് അയാൾക്ക് ശിക്ഷ നൽകാൻ തീരുമാനിച്ചു. ഒരു മൈതാനത്തിൽ ഒരുക്കിയിരിക്കുന്ന രണ്ട് അറകളിൽ ഒന്ന് തുറന്ന് സ്വന്തം വിധി അയാൾക്ക് തെരെഞ്ഞെടുക്കാം. ഒന്നിൽ വിശന്ന കടുവയാണ്. മറ്റേ അറയിൽ സുന്ദരിയായ ഒരു സ്ത്രീയും. ജീവിതവും മരണവും. ഏതു വാതിൽ തുറന്നാലാണ് കടുവയുടെ വായിലെത്തുക, സുന്ദരിയുടെ മണിയറയിലെത്തുക എന്നയാൾക്ക് അറിയാൻ മാർഗമില്ല. എന്നാൽ കുറ്റവാളി സ്വന്തം ഭാഗധേയം തെരെഞ്ഞെടുക്കുന്ന കാഴ്ച കാണാൻ ഗാലറിയിൽ കൂടിയിരിക്കുന്ന ആളുകൾക്ക് അറിയാം. അയാൾ സ്നേഹിക്കുന്ന, അയാളെ സ്നേഹിക്കുന്ന രാജകുമാരിയും കാഴ്ച കാണാൻ എത്തിയിരുന്നു. വാതിലുകളിലൊന്ന് തുറക്കാൻ സമയമായപ്പോൾ ജീവിതത്തിൽ ഏറ്റവുമധികം വിശ്വസിക്കുന്ന വ്യക്തിയായ രാജകുമാരിയെ അയാൾ ഉറ്റുനോക്കി. അവൾ ഒരടയാളം കാണിക്കുകയും അയാൾ ആ വാതിൽതന്നെ തുറക്കുകയും ചെയ്തു. ഏതായിരിക്കാം ഇനി ഒരിക്കലും തന്റേതാകാൻ ഇടയില്ലാത്ത ആ സാധാരണ മനുഷ്യനു രാജകുമാരി കാണിച്ചുകൊടുത്ത വാതിൽ? ആ കാര്യം എഴുത്തുകാരൻ പറയുന്നില്ല. അങ്ങനെ അതൊരു കടംകഥയായി. കഥയുടെ ബാക്കി ഭാഗം പറയാത്തതിനാൽ ഭാന്തുപിടിച്ച വായനക്കാരിൽനിന്ന് എഫ് ആർ സ്റ്റോക്ടണ് വധഭീഷണിവരെ ഉണ്ടായതായി മറ്റൊരു കഥയുമുണ്ട്. ഒളിച്ചുനിന്ന് ഒരാൾ അയാളെ വെടിവച്ചത്രേ. മനുഷ്യമനസ്സിനെയും നീതിന്യായവ്യവസ്ഥയെയും സംബന്ധിക്കുന്ന ഈ പ്രഹേളികയുടെ കുരുക്കഴിക്കാൻ യൂണിവേഴ്സിറ്റികളിൽ അന്വേഷണങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടാവുകയും ചെയ്തു. കൂട്ടത്തിലൊന്നാണ് തോമസ് എ ലൂസിയും അന്തോണി ഡബ്യൂ ലോർസ്ബാക്കും ചേർന്നെഴുതിയ, ‘അവർ തെരെഞ്ഞെടുത്ത വാതിലുകൾ’ (The Doors They Choose : Solution to “The Lady or The Tiger”)
കഥകൾ വെറുതേ ചോദ്യങ്ങൾ ചോദിക്കുകയല്ല. ചോദ്യം അതിൽ കൊരുക്കുന്നതോടെ അവയുടെ ഉത്തരം കടമായിത്തീരുന്നു. കടം ഒരർത്ഥത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലമായി പരിണമിക്കുകയും ചെയ്യുന്നു.
വീട്ടിൽ ഒറ്റയ്ക്കാണെന്ന് വിചാരിക്കുക. അപ്പോൾ അഞ്ചുകാര്യങ്ങൾ ഒരേ സമയം സംഭവിക്കുന്നു. ഇവയിൽ നിങ്ങൾ ഏതിനു മുൻഗണനകൊടുക്കും? 1. ഫോൺ ബെല്ലടിക്കുന്നു. 2. വീട്ടിലെ കോളിങ് ബെല്ല് അടിക്കുന്നു. 3. പൈപ്പിൽനിന്ന് വെള്ളം പോകുന്നു. 4. കുഞ്ഞ് പെട്ടെന്നുണർന്നു കരയുന്നു. 5. മഴ ഇരച്ചു പെയ്തുതുടങ്ങി; നനച്ചിട്ട തുണികൾ ടെറസിൽ ഉണങ്ങിക്കിടക്കുകയാണ്.
മനുഷ്യരുടെ മനോഘടനയെയും മുൻഗണനാതാത്പര്യങ്ങളെയും ലാക്കാക്കിയുള്ള മനശ്ശാസ്ത്രപരമായ ചോദ്യം എന്നാണ് ഈ ആധുനിക യക്ഷപ്രശ്നത്തിന്റെ ഭാവം. നിങ്ങൾ ഏതുതരം ആളാണെന്ന് നിങ്ങൾ കൊടുക്കുന്ന മുൻഗണനവച്ച് അറിയാം. ‘സ്ത്രീയോ കടുവയോ’ എന്ന കഥയിൽ കണ്ടതുപോലെ ഒറ്റനോട്ടത്തിൽ സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നമല്ലേ ഈ ചോദ്യങ്ങളിലും ഉള്ളതെന്ന് സംശയിക്കാവുന്നതാണ്. ജീവിതത്തെ സംഗ്രഹിച്ച് പ്രഹേളികയാക്കാൻ വെമ്പിയത് അധികവും പുരുഷന്മാരാണെന്നുള്ളതുകൊണ്ടാവാം ഉത്തരമായും ലക്ഷ്യമായും സ്ത്രീ കഥകളിൽ കടമായി തീരുന്നത്. വീട്ടിൽ തനിച്ചാകുന്ന ദിവസം പുരുഷനും ബാധകമായ വിഷമപ്രശ്നമെന്ന നിലയിൽ കണക്കിലെടുത്താൽ വീടിനുള്ളിലെ ജോലിവ്യത്യാസത്തെയും ലിംഗപദവിയെയും സംബന്ധിക്കുന്ന കടംകഥകൂടിയാവും മുകളിലത്തെ ചോദ്യങ്ങൾ.
സ്വല്പം ആലോചിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലല്ലോ. അതുകൊണ്ട് ഞാനേതാവും ഏത് ആദ്യം തിരഞ്ഞെടുക്കുക? രണ്ടാമത് ഏതാണ് എന്റെ പരിഗണനയിൽ വരുന്നത്...?
(HSSTTP മാഗസീൻ)
No comments:
Post a Comment