ലക്ഷോപലക്ഷം വർഷങ്ങൾക്കൊണ്ട്, എന്നെപ്പോലെയുള്ള കോടാനുകോടി ചെറുജീ വികളെ നിർമ്മിച്ചിട്ട്, ഞങ്ങളുടെ സത്പ്രവൃത്തികൾക്കായി സ്വർഗ്ഗവും പാപങ്ങൾക്കു നരകവും സ്ഥാപിച്ചതിനുശേഷം, ഞങ്ങളെ കാത്തിരിക്കുന്ന കർത്താവേ : പ്രഭുവേ, സ്വർഗ ത്തിലെ ഉദ്യാനത്തിന്റെ മധുരഗന്ധം ആസ്വദിക്കുന്ന വഴിയിലായിരിക്കും അങ്ങിപ്പോൾ. അല്ലെങ്കിൽ, അങ്ങയുടെ മുന്നിൽ കയ്യും കൂപ്പി, തിളങ്ങുന്ന മുഖങ്ങളുമായി നിൽക്കുന്ന മാലാഖ മാർക്ക് കല്പനകൾ നൽകുകയായിരിക്കും. അങ്ങയുടെ ആത്മാവിന്റെ ചെറുകണികയായി രിക്കാം ഞാൻ, എങ്കിലും അങ്ങയോട് ഒരപേക്ഷ ബോധിപ്പിക്കാൻ എനിക്കും അവകാശം ഉണ്ട്, ഇല്ലേ.. അതെന്താണെന്നു വച്ചാൽ...
ഞാൻ തീരെ ദുർബലയും തൊട്ടാൽ പൊടിഞ്ഞുപോകുന്ന തരക്കാരിയുമൊക്കെയായി രുന്ന അന്നത്തെ കാര്യമാണ്. എന്നാലും അന്ന് വലിയ പ്രശ്‌നങ്ങളൊന്നും എനിക്കുണ്ടായി രുന്നില്ല. എനിക്ക് ചുറ്റും സദാ നാലു ചുവരുകൾ ഉണ്ടായിരുന്നു. അങ്ങയുടെ പരിശുദ്ധ സങ്കല്പ ത്തിന്റെ അദ്ഭുതകരമായ ഉല്പന്നം - സ്വാതന്ത്ര്യം, ഇളംകാറ്റിന്റെ രൂപത്തിൽ, ഞാൻ ജനാല തുറന്നപ്പോൾ എന്റെ മുഖത്തു വന്നുതൊട്ടിരുന്നു. കാറ്റിൽ കനത്ത സുഗന്ധം പരത്തിയ മുല്ലപ്പൂച്ചെടിയെ ഞാൻ രാത്രികളിൽ തലോടിയിരുന്നു. അസ്തമിക്കുന്ന സൂര്യന്റെ കിരണജ്വാല കൾ അരികുകൾ തുന്നിയ വെളുത്ത പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങൾ, ശാഖകൾക്കിടയിലൂടെ പിൻമുറ്റത്ത് ഒറ്റയ്ക്കു നിൽക്കുന്ന കറിവേപ്പില മരത്തിന്റെ കാഴ്ച, ആനകളുടെ ആകൃതിയുള്ള, അലറിവിളിക്കുന്ന, ചൂടുകാലത്തെ കറുകറുത്ത മേഘങ്ങൾ - വീടി ന്റെ നടുക്കുള്ള മുറിയിലെ ജനാലയിലൂടെമാത്രം ഞാൻ ഇതെല്ലാം കണ്ടു. മുത്തുകൾ കെട്ടിത്തൂ ക്കിയ മഴയുടെ രൗദ്രത എന്റെ ഹൃദയംമാത്രം ഉൾക്കൊണ്ടു. വീടിന്റെ ഉമ്മറപ്പടികൾ ക്കുള്ളിൽ മാത്രം നടന്ന എന്റെ കാലുകൾ ഒരിക്കലും മുൻവശത്തെ മുറ്റത്ത് തൊട്ടിട്ടില്ല. സെറാഗു എന്റെ തലയിൽനിന്ന് വഴുതിപ്പോയിട്ടില്ല. ചിരി ഒരിക്കലും ചുണ്ടുകളെ കടന്നുപോയില്ല, കണ്ണുകളെ ഞാൻ ലജ്ജകൊണ്ട് പുതപ്പിക്കുകയും ചെയ്തിരുന്നു.
എന്റെ നോട്ടങ്ങൾ തേനീച്ചകളെപ്പോലെ അലഞ്ഞുനടന്നതേയില്ല. അതുകൊണ്ടാവും അമ്മ എന്നെ കർശനമായി നിരീക്ഷിക്കാതിരുന്നത്. ഇത് ചെയ്യരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ നിൽക്കരുത്, അങ്ങനെ കാണരുത്.... അവർക്ക് എന്നോട് അത്തരം കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലായിരുന്നു. എനിക്കാണെങ്കിൽ പല കാര്യങ്ങളും ചിന്തിക്കുന്ന ശീലവു മില്ലായിരുന്നു.
അപ്പോഴും, എനിക്ക് ഒരു കൊച്ചുചോദ്യമുണ്ട് ! ഇവയെല്ലാം - അതായത്, ഈ തിള ങ്ങുന്ന പച്ച നിറമുള്ള പുൽച്ചാടികൾ, എല്ലായിടത്തും നിറയുന്ന ഈ നിറങ്ങൾ, മിനുങ്ങുന്ന കല്ലുകൾ, സുഗന്ധമുള്ള ചെളി, കാറ്റ്, ഈ മധുരഗന്ധം, സസ്യങ്ങളും മരങ്ങളും വയലുകളും കാടുകളും, ഇരമ്പുന്ന സമുദ്രം, ഈ മഴ, മഴയിലെ ഒരു കടലാസ് തോണി – ഇവയൊന്നി നെയും തൊടാനോ ഇവയിൽ മുഴുകാനോ എനിക്കു കഴിയില്ലല്ലോ. മണക്കാൻ കഴിയില്ല, കാണാൻ കഴിയില്ല, മുഖം ഉയർത്താൻ കഴിയില്ല. ഇതെല്ലാം അങ്ങ് അയാൾക്കുവേണ്ടി യാണ്, നിർമ്മിച്ചത്, അല്ലേ? അങ്ങയുടെ പരമോന്നത സൃഷ്ടിക്കുവേണ്ടി. ഇതായിരുന്നു എനി ക്കറിയാവുന്ന ഏകസത്യം. ഞാൻ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാത്തത് അതുകൊണ്ടാണ്. അങ്ങയുടെ തീരുമാനമാണല്ലോ എല്ലാം. പാവം അമ്മ! അവരെന്തു ചെയ്യാനാണ്!
ഞാനൊന്നും മറുത്തു പറയാത്തത് അതുകൊണ്ടാണ്. അമ്മ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചു കേട്ടു. “നീ അനുസരണയുള്ളവളായിരിക്കണം”, അവർ പറഞ്ഞു, “അവൻ നിനക്കു ദൈവമാണ്, അവൻ പറയുന്നതെല്ലാം നീ ചെയ്യണം, അവനെ വിശ്വസ്തതയോടെ സേവി ക്കണം”. ഈ വകയെല്ലാം എന്റെ ഹൃദയത്തിൽ വളരെ ആഴത്തിൽ പതിഞ്ഞിരുന്നു.
അപ്പയ്ക്കോ? അതെന്തെങ്കിലുമാകട്ടെ. അമ്മയെ വിട്ട് പോകേണ്ടതായി വന്നപ്പോൾ, ഹൃദയം പറിച്ചെടുത്ത് കയ്യിൽവച്ച് ശക്തമായി ഞെരുക്കിയതുപോലെയാണെനിക്ക് തോന്നി യത്. അമ്മയും വിഷമിക്കുകയായിരുന്നു. എന്നിട്ടും അവരൊന്നും പറഞ്ഞില്ല. ഒരു അറക്ക വാൾ അവരുടെ ഉള്ളിലൂടെ കടന്നുപോകുന്നത് എനിക്കറിയാമായിരുന്നു. അപ്പോഴും അവരു ടെ കണ്ണുകൾ തിളങ്ങിക്കൊണ്ടിരുന്നു; മിഴിയോരങ്ങൾമാത്രം നനഞ്ഞിരുന്നു. ഒരുപക്ഷേ അങ്ങേയ്ക്കത് മനസ്സിലാകും. നൂറുകണക്കിന് അമ്മമാരുടെ സ്നേഹം ഞങ്ങൾക്കായി അങ്ങ് കരുതുന്നുണ്ടെന്ന് അവർ പറയുന്നു. ഒരമ്മയുടെ ഹൃദയത്തിലെ നീറ്റൽ അങ്ങയുടെ ഉള്ളിലെ നൂറുകണക്കിന് മറ്റു ഹൃദയങ്ങളെ സ്പർശിക്കാതിരിക്കുമോ? എന്നാൽ ഞാൻ അങ്ങയെ എവി ടെയും കണ്ടില്ല. ഞാൻ വല്ലാതെ ഭയന്നിരുന്നു. അമ്മ എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു. എന്റെ കത്തുന്ന കവിളുകളെ അവരുടെ തണുത്ത കൈകൾ തലോടി. അമ്മയുടെ ആലിംഗ നത്തിൽനിന്ന് വലിച്ചു മാറ്റി അയാൾ എന്നെയും കൊണ്ടുപോയി. സ്വർണ്ണത്തിലും വെള്ളി യിലും തുന്നൽപ്പണികൾ ചെയ്ത തുണിയിൽ പൊതിഞ്ഞ ഒരു അമൂല്യരത്നമായിരുന്നു ഞാൻ.
അമ്മ കരയുന്നത് എനിക്കറിയാം. ഞങ്ങൾ എത്ര ദൂരം പോയാലും അവരുടെ കര ച്ചിൽ എനിക്ക് കേൾക്കാമായിരുന്നു. ഒരു കുഞ്ഞു ചോദ്യം ഇവിടെയും ഞാൻ ചോദിക്കട്ടെ : അയാൾ വന്ന് ഞങ്ങളോടൊപ്പം കൂടി ഇവിടെ താമസിച്ചിരുന്നെങ്കിലോ, എന്താണു സംഭവി ക്കുക? പൂക്കൾക്കുള്ളിൽ പൊന്നു പൂശിയ മൃദുവായ തന്തുക്കളെയും, അത്ഭുതകരമായ ഈ ജലാശയങ്ങളെയും തടാകങ്ങളെയും നദികളെയും അരുവികളെയും ജന്തുലോകത്തെയും ഇത്ര അവധാനതയോടെ സൃഷ്ടിക്കുന്നതിനിടയിൽ, എന്റെ ഹൃദയത്തിലേക്ക് ഒന്നു നോക്കാ നും, എന്റെ ഭയങ്ങളെ, എന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ, നിരാശകളെ - ഒന്നു നോക്കാനും അങ്ങേയ്ക്ക് സമയമില്ലാതെ പോയതെങ്ങനെ?
എന്റേതായി എനിക്കൊന്നും ബാക്കിയില്ല. ഇനി വേറൊരാളുടെ മുറ്റത്ത് എനിക്ക് വേരിറക്കണം, അവിടെ തളിർക്കണം, പൂക്കണം. എന്റെ സ്വത്വം ഉരുകിയൊലിക്കുന്നതിന നുസരിച്ച് അയാൾ കൂടുതലടുത്തു. പേരുംപോലും എനിക്കു നഷ്ടപ്പെട്ടു. പുതിയ പേര് നിങ്ങൾ ക്കറിയാമോ? അയാളുടെ ഭാര്യ! ശരീരമോ മനസ്സോ എന്റെയല്ല. എന്നെ അത്ഭുതപ്പെടുത്തി ക്കൊണ്ട്, എനിക്കുപോലും അതുവരെ അറിഞ്ഞുകൂടാതിരുന്ന ശക്തിയിൽ, അയാൾ എന്റെ ശരീരത്തെ പ്രാപിച്ചു. അയാളെന്നെ ആർത്തിയോടെ വാരിവലിച്ചു തിന്നു; അങ്ങ് അയാൾക്കു നൽകിയ അധികാരത്തിന്റെ അംശവടി കയ്യിൽ തിളങ്ങുന്ന മുഹൂർത്തങ്ങളിലൊഴിച്ച്, ബാക്കിയെല്ലാ സമയത്തും.
അയാളുടെ ഈ തന്ത്രങ്ങളെല്ലാം എവിടെ നിന്നു ചാടിവന്നതാണ്? എങ്ങനെ വന്നതാണ്? എനിക്കറിയില്ല. എന്റെ ഹൃദയത്തെ പലതായി തകർക്കാൻ അയാൾക്ക് ഒരു നിമിഷമേ വേണ്ടൂ. ഓരോ കഷണവും പല മൂലകളിലേക്കായാൾ എറിയും. എന്റെ ശരീരം അയാളുടെ കളിസ്ഥലമായിരുന്നു; എന്റെ ഹൃദയം, അയാളുടെ കയ്യിലെ കളിപ്പാട്ടവും. ദാ ഇങ്ങനെ, എന്റെ ഉടഞ്ഞ ഹൃദയം ശരിയാക്കാൻ ഞാൻ ബാം പുരട്ടും, പക്ഷേ അയാൾ സ്വന്തം ഇഷ്ടത്തിനു വീണ്ടുമതു തകർക്കും. പ്രഭു... എനിക്കെന്തുകൊണ്ടാണ് ഒരു കളിപ്പാട്ട മാകേണ്ടി വന്നത്? അയാളോട് എനിക്ക് വെറുപ്പില്ല, അതേസമയം എനിക്കയാളുടെ കളിവസ്തുവുമാകണ്ട. ഞാൻ അയാളുടെ നട്ടെല്ലും അയാൾ എന്റെ കണ്ണീർ തുടയ്ക്കുന്ന കൈകളു മായിരുന്നെങ്കിൽ...
ഭ്രാന്തനെപ്പോലെ അലറിവിളിക്കുന്നതിനു മുൻപ് ഒരാഴ്ചയായി അയാളെന്നെ ശരിക്കും ഉപയോഗിച്ചുകൊണ്ടിരുന്നു. “ഞാൻ ആരാണ്? എന്റെ സ്ഥാനമെന്താണ്? ലക്ഷങ്ങൾ എനിക്ക് കിട്ടുമായിരുന്നു. അതിനുള്ള ആളുകളുമുണ്ടായിരുന്നു. എന്നിട്ടും നിന്നെപ്പോലെയൊരു പിച്ചക്കാരിയെയാണല്ലോ ഞാൻ വീട്ടിൽക്കൊണ്ടുവന്നത്!” ഞാനെ ന്തു മറുപടി പറയാനാണ്? അമ്മ പറഞ്ഞ്തന്നതുപോലെ ഞാൻ നിശ്ശബ്ദയായി നിന്നു. “നീ നിന്റെ വീട്ടിൽനിന്ന് ഉടൻ അമ്പതിനായിരം രൂപ കൊണ്ടുവരണം. ഇല്ലെങ്കിൽ ഈ വീട്ടിൽ കാലുകുത്താമെന്ന് വിചാരിക്കണ്ട.” അയാൾ കല്പിച്ചു. മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞെ ടുത്ത ആഭരണംപോലെ ഞാൻ അമ്മയുടെ അടുത്തേക്ക് തിരിച്ചു.
എന്നെ കണ്ട് അമ്മയുടെ മുഖം പ്രകാശിച്ചു. നൂറുകണക്കിന് സൂര്യചന്ദ്രന്മാർ നിമിഷ നേരത്തിനുള്ളിൽ അവരുടെ കണ്ണുകളിൽ തിളങ്ങി. അയാൾ എന്നോടൊപ്പം വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവ അതുപോലെ മങ്ങി. അവർ എന്നെ പതുക്കെ അകത്തേക്കു കൂട്ടിക്കൊ ണ്ടു പോയി. അമ്പതിനായിരം രൂപയുടെ ആവശ്യം എന്റെ മുഖത്തെ സന്തോഷം കെടുത്തി യിരുന്നു. ആ രാത്രി അമ്മയുടെ തൊട്ടടുത്ത് കിടന്നപ്പോൾ എനിക്ക് സമാധാനം തോന്നി. പക്ഷേ പെട്ടെന്ന് അയാളെ ഓർമ്മ വന്നു. അമ്മയുടെ സ്നേഹഹൃദയത്തിന്റെ കോട്ടയിൽ ഒരു വിള്ളൽ വീണിരുന്നു. അയാൾ അതിലൂടെ അകത്തു കടന്നു. മൂന്നു ദിവസം കടന്നു പോയി. ഞാൻ ആകാംക്ഷയോടെ കാക്കുകയായിരുന്നു. പണം കിട്ടിയോ എന്ന് അയാൾ ചോദിച്ച പ്പോൾ, എന്റെ വാടിയ മുഖം കണ്ട് അയാൾ പറഞ്ഞു : “ഇത് നമ്മുടെ അവസാനത്തെ വരവാണ്. ഇനി നീ ഇങ്ങോട്ടു വരില്ല, നിന്റെ തന്തയും തള്ളയും ഇനി അങ്ങോട്ടും വരരുത്.”
മതിയാവോളം അമ്മ എന്നെ ഊട്ടി. അവർ ഹൃദയം തുറന്ന് എന്നെ അനുഗ്രഹിച്ചു. മുടിയിലെ ഒടക്കറുത്തു തന്നു. ഉമ്മകളെല്ലാം ഒരുമിച്ച് മെടയുന്നതുപോലെ എന്റെ മുടി പിന്നി യിട്ടുതന്നു. എന്റെ മുടിയിൽ കെട്ടിയ മുല്ലപ്പൂമാലയുടെ നാരിനും അവരെപ്പോലെ സുഗന്ധ മാ യിരുന്നു. മാലയിൽ കനകാംബര പൂക്കൾ മുല്ലപ്പൂക്കൾക്കൊപ്പം ഒളിച്ചുകളിച്ചു. ഓരോ സെക്ക ന്റിലും അമ്മയെ തിരിഞ്ഞു നോക്കി നോക്കി, മടിപിടിച്ച എന്റെ കാലടികളെ പ്രയാസപ്പെട്ട് നിലത്തുനിന്നു വലിച്ചെടുത്താണ് മറ്റങ്ങുമ്പോൾ ഞാൻ അയാൾക്കു പിന്നാലെ നടന്നത്.
പറഞ്ഞതിൽനിന്ന് പിന്മാറുന്ന ആളല്ലായിരുന്നു, അയാൾ. അഹങ്കാരത്തിന് വല്ല അതിരുമുണ്ടോ? അയാളുടെ വീട്ടിലേക്ക് മടങ്ങിയതിൽപ്പിന്നെ മൂന്നു ദിവസത്തേക്ക് ഞാൻ മുടിയഴിച്ചില്ല. മുടിക്കൊപ്പം കെട്ടിവച്ചിരുന്ന അമ്മയുടെ ചുംബനങ്ങൾ താഴെ വീണു പോയാ ലോ എന്നു ഞാൻ പേടിച്ചു. എന്റെ ഹൃദയം അമ്മയോടൊപ്പമായിരുന്നു. അയാളുടേത് അയാ ളുടെ അവസാന വാക്കുകൾക്കൊപ്പവും. അതിനുശേഷം ഞാൻ അമ്മയെ കണ്ടിട്ടില്ല. ഇത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇതെല്ലാം അറിയാവുന്ന ആളല്ലേ അങ്ങ്. സ്വന്തം നാൾവരി സൂക്ഷിപ്പുകാർ എല്ലാ ദിവസവും കോടിക്കണക്കിന് ഇത്തരം വൃത്താന്തങ്ങൾ അങ്ങേയ്ക്കു കൊണ്ടുതരുന്നുണ്ടാവുമല്ലോ. ഒരുപക്ഷേ അവയെല്ലാം പേനകൊ ണ്ടാവണം എഴുതിയിരിക്കുന്നത്, എന്നാലിത് ഹൃദയംകൊണ്ടാണ് എഴുതുന്നത്; ഒരു പെണ്ണി ന്റെ ഹൃദയംകൊണ്ട്. ഹൃദയത്തിന്റെ മൂർച്ചയുള്ള മുനയും ഉള്ളിലെ ചുവന്ന മഷിയുംകൊണ്ടെ ഴുതിയ കത്തുകളുടെ ഒരു പരമ്പര. ഇതുവരെ ഇങ്ങനെയുള്ള എഴുത്തുകളൊന്നും അങ്ങേയ്ക്കു കിട്ടിയിട്ടുണ്ടാവില്ല, എന്റെതുപോലെ ഹൃദയമുള്ള നാൾവരി സൂക്ഷിപ്പുകാർ അങ്ങേയ്ക്കുണ്ടാ കാൻ വഴിയില്ലല്ലോ.
എപ്പോഴും എന്നപോലെ, വാതിലുകളും ജനലുകളും അടച്ചിട്ട ആത്മാവിന്റെ തടവു കാരിയാണ് ഞാൻ. അമ്മയെയോ അപ്പയെയോ എന്റെ ഇളയ സഹോദരനെയോ ഞാൻ പിന്നൊരിക്കലും കണ്ടിട്ടില്ല. അമ്മ മിണ്ടാതിരിക്കില്ലെന്ന് ഒരു വിദൂരപ്രതീക്ഷ ഉണ്ടായിരു ന്നു. അവർ പലതവണ എന്നെ കാണാൻ ശ്രമിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ അയാൾ പണിഞ്ഞുവച്ച കോട്ട അത്രശക്തമായതിനാൽ അവരുടെ ശ്രമങ്ങളെല്ലാം പാഴായി പോയിക്കാണും. പണത്തോടുള്ള അയാളുടെ ആർത്തി ഞങ്ങളുടെ അടുപ്പത്തെയും പ്രണയ ത്തെയും സ്നേഹത്തെയും വിഴുങ്ങി. അയാൾ അന്ധനായിരുന്നു, എന്നാൽ സ്വന്തം നിലപാടി ൽ കരുത്തനും.
അയൽക്കാരെല്ലാം എന്നെ ഉപദേശിച്ചത് അയാൾ ശരിയെന്ന് കരുതുന്ന രീതിയിലായിരിക്കാനാണ്. അങ്ങയും ഇതേ കാര്യമാണല്ലോ പ്രസംഗിക്കുന്നത്. അയാൾ എന്റെ ദൈവമാണെന്നും അയാളെ അനുസരിക്കേണ്ടത് എന്റെ ധർമ്മമാണെന്നും ഈ ലോകത്ത് അയാൾക്ക് ആരെ വേണമെങ്കിലും ഏതു സമയത്താണെങ്കിലും കാണാമെന്നും. എനിക്കോ? അമ്മയും ദൈവത്തിനു തുല്യയാണെന്നു പറഞ്ഞത് അങ്ങല്ലേ? അവരുടെ കാലടികളിലാണ് സ്വർഗമെന്നും. എന്നിട്ടും പിന്നീടൊരിക്കൽപോലും അവരെ കാണാൻ പറ്റിയില്ല. എന്റെ പരിമിതമായ ചിന്തകളെ മഥിക്കുന്ന ഈ ചെറിയ പ്രശ്നങ്ങൾ കാണാൻ അങ്ങേയ്ക്കു സമയമുണ്ടായില്ല. എന്റെ ജീവിതം മുഴുവൻ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകമാണെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടോ, ഞാനൊരു അഭിനയക്കാരിയാണെന്നാണോ അങ്ങ് വിചാരിക്കുന്നത്, ഒരു കാര്യം അങ്ങ് മനസ്സിൽ വയ്ക്കണേ : എന്റെ സന്തോഷവും സങ്കടവും കടം വാങ്ങിയതല്ല. അവതരണത്തിനുള്ളതല്ല, അവ അനുഭവിക്കേണ്ടവയാണ്. അഭിനേതാക്കളോട് അടുപ്പമില്ലാത്ത സംവിധായകനാണ് അങ്ങ്. സ്വന്തം കഥാപാത്രങ്ങ ളിൽ ഒരാൾ എന്റെ മനസ്സിനെ ആക്രമിക്കുമ്പോൾ, ഒരു സംവിധായകൻ എന്ന നിലയിൽ അങ്ങേയ്ക്ക് ഉത്തരവാദിത്വമൊന്നുമില്ലേ? എന്നെ ഒന്ന് ആശ്വസിപ്പിക്കുകയെങ്കിലും ചെയ്യൂ. ഇതിലെല്ലാം എന്റെ തെറ്റ് എന്താണ്? പറഞ്ഞു തരൂ..
ഞാൻ എന്തെങ്കിലും കഴിച്ചോ കുടിച്ചോ എന്നൊന്നും ഒരിക്കലും അയാൾ എന്നോട് ചോദിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ഉഴുതുമറിച്ചു, വിതച്ചു; തകർന്ന ഹൃദയവും ക്ഷീണം നിറഞ്ഞ ആത്മാവുമായിരുന്നിട്ടും ശരീരം പാകമായിരുന്നു, ഗർഭപാത്രം തയ്യാറായിരുന്നു, അദ്ദേഹത്തി ന്റെ വിശപ്പും വലുതായിരുന്നു. ഞാൻ അമ്മയാകാൻ പോകുന്നു. എന്റെ വീട്ടിലേക്കുള്ള വഴിയെത്തന്നെ നിരന്തരം നോക്കിക്കൊണ്ട് ഇരുണ്ട മൂലയിൽ ഞാൻ നിന്നു. എത്ര നോക്കിയാലും ദൂരെ ചക്രവാളംവരെ ഒരു രൂപമോ നിഴലോ ഒന്നുമില്ല. ആകെ കാണാനുള്ളത് ഓർമ്മയുടെ കുറച്ച് പച്ചച്ചമരങ്ങൾമാത്രമാണ്, അവയെല്ലാം ഇലകൾ കൊഴിഞ്ഞ് നഗ്നമായിരിക്കുന്നു.
അമ്മ എങ്ങനെയോ അപ്പയെ പറഞ്ഞു ബോധ്യപ്പെടുത്തി, അവർക്ക് സ്വന്തമെന്നു പറയാനുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ഇരുപതിനായിരം രൂപ ഒരു കെട്ടാക്കി ഞങ്ങ ളു ടെ വീട്ടിൽ കൊണ്ടുവരാൻ പോയതായി ഞാൻ പിന്നീടറിഞ്ഞു. ആ ദിവസം കാക്ക കരഞ്ഞു, എന്റെ വലത് കണ്ണ് തുടിച്ചു. അടുപ്പ് മൂളിക്കരഞ്ഞു. അമ്മ വന്നേനേ. അവർ വീട്ടിൽനി ന്നിറങ്ങി. പക്ഷേ ഇവിടെയെത്തിയില്ല. എവിടെയോ ഒരു അപകടം നടന്നിരിക്കുന്നു. എല്ലാം അന്തവും കുന്തവുമില്ലാത്ത കേട്ടറിവുകളാണ്. അമ്മയുടെ ശരീരം കാണാൻ പോകാൻ അയാ ൾ എന്നെ അനുവദിച്ചില്ല, പകരം സംഭവിച്ചതൊന്നും ഞാൻ അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
പട്ടണത്തിലെ വലിയ ആശുപത്രിയിൽ, അമ്മയുടെ ശരീരം അവർ കീറി മുറിച്ചിരി ക്കും. പക്ഷേ ഡോക്ടർമാർ ഹൃദയം തൊട്ടിരിക്കില്ല. അതു മുറിച്ചിരുന്നെങ്കിൽ കട്ടപിടിച്ച രക്ത മല്ല, കട്ടപിടിച്ച ആത്മാവിനെ കണ്ടേനേ, മറികടക്കാനാവാത്ത നിരവധി ലക്ഷ്മണരേഖ കളെ, അഗ്നിപരീക്ഷകളുടെ നിരവധി അടയാളങ്ങളെ. ഒരു കാര്യം സത്യമാണ്. ജീവിച്ചിരി ക്കുമ്പോൾ ശരീരം കഷണങ്ങളായി ചിതറിപ്പോയവളാണ് അമ്മ. മരിച്ചിട്ടും ആർക്കും അവ രുടെ ഹൃദയത്തെയോ ആത്മാവിനെയോ തൊടാൻ പറ്റിയില്ല. നിത്യകന്യകയായ അവരുടെ കണ്ണുകൾ തുറന്നുത്തന്നെയിരുന്നു. ആരെ കാണുമെന്നു പ്രതീക്ഷിച്ചാണ്? എനിക്കു സംശയ മുണ്ട്. ആരുടെയോ വരവിനായി അവർ അവരുടെ ഭാഗ്യമില്ലാത്ത കണ്ണുകൾ തുറന്നു പിടിച്ചിരുന്നുവത്രേ.
അവിടുന്നും ഇവിടുന്നും, ജനാലയിൽനിന്നും. കിളിവാതിലിലൂടെയും ചിലതെല്ലാം ഞാൻ കേട്ടിരുന്നുവെങ്കിലും എല്ലാം കാണാനായി പോയ അയാൾ ഒന്നിലും കുലുങ്ങിയില്ല. അമ്മയുടെ അരയിൽ ഭദ്രമാക്കി കെട്ടിവച്ചിരുന്ന ഇരുപതിനായിരം രൂപയുടെ കെട്ടെടുത്ത് കയ്യിൽ കൊടുത്തിട്ട് മൃതദേഹത്തിനരികിലിരുന്ന് അപ്പ അയാളോട് യാചിച്ചിരിക്കണം. “ദയവു ചെയ്ത് അവളെ ഇങ്ങോട്ടു കൊണ്ടുവരൂ..” അയാളിതൊന്നും എന്നോടുപറഞ്ഞില്ല. എന്നെ അവിടെ കൊണ്ടുപോയുമില്ല.
ഒരു മകൾ ജനിച്ചു. അമ്മയുടെ മുഖംപോലെയാണ് അവളുടെ മുഖം. ആഴമുള്ള കുളം പോലെ കണ്ണുകൾ, അമ്മയെപ്പോലെതന്നെ. ഞാൻ അവളെ എടുത്തു, ചേർത്തുപിടിച്ചു, ഒപ്പം കളിച്ചു. എന്റെ കണ്ണീരൊഴുകി കുളങ്ങളും നദികളും ഉണ്ടായില്ല. പകരം, അവ മൂടൽമഞ്ഞു പോലെ കൺകോണുകളിൽ തിളങ്ങി. അങ്ങയുടെ അത്ഭുതകരമായ സമ്മാനത്തിന് നന്ദി; മറക്കാനുള്ള ശക്തിയും ഉറപ്പും അങ്ങ് എനിക്കു നൽകി. ജീവിതത്തിന്റെ മരുഭൂമിയിൽ പഴയ ഓർമ്മകളുടെ തണുത്ത കാറ്റ് ഒരു ആശ്വാസമാണ്. മുലയൂട്ടുകയായിരുന്നിട്ടും ഞാൻ പിന്നെ യും ഗർഭിണിയായി, അവളെ കൈകളിൽ എടുത്തു നടക്കുമ്പോൾ, മറ്റൊരു ജോഡി കാലുക ളുടെ മൃദുവായ ചവിട്ടുകളും കുഞ്ഞുഹൃദയത്തിന്റെ മിടിപ്പും എനിക്കുള്ളിൽ ഞാനനുഭവിച്ചു.
അസ്വസ്ഥയായിരുന്നു ഞാൻ. മീശ പിരിച്ചുകൊണ്ട് അയാൾ ചോദിച്ചു, “ഞാനല്ലേ ഇവറ്റയെ വളർത്തുന്നത്? പിന്നെ ഇതിനെ ചുമക്കുന്നതിൽ നിനക്കെന്താണ് പ്രശ്നം? ” പാവം. അയാൾ പറയുന്നത് ശരിയാണ്. ഒരിക്കൽ, ഒരിക്കലെങ്കിലും പ്രസവത്തിന്റെ ബുദ്ധി മുട്ടുകളെക്കുറിച്ച് അങ്ങ് പറഞ്ഞുകൊടുത്തിരുന്നെങ്കിൽ, അയാൾ ഈ വാക്കുകൾ പറയുമാ യിരുന്നില്ല. തൊണ്ട വൃത്തിയാക്കുന്നതുപോലെ, മൂത്രമൊഴിച്ച് സമ്മർദ്ദം ഒഴിവാക്കുന്നതു പോലെ, അത്ര എളുപ്പത്തിൽ അഹങ്കാരിയും സന്തോഷവാനുമായ ഒരു ലളിതജീവിയെ അങ്ങ് സൃഷ്ടിച്ചു. അങ്ങ് ഇപ്പോൾ ഉദാസീനനാണ്. രക്തവും മാംസവുംകൊണ്ട് അയാളെ ഞാൻ വിറളിപ്പിടിപ്പിക്കണോ? അയാളുടെ അസ്ഥികളുടെ ഉപ്പ് പൊടിച്ച് എന്റെ ഗർഭപാത്ര ത്തെ പോഷിപ്പിക്കണോ? രക്തത്തിനും മാംസത്തിനും ഇടയിൽമാത്രമല്ലല്ലോ, വാരിയെ ല്ലുകൾ തകർക്കുന്നത്ര കഠിനമായ വേദനയിലും അയാൾ ജീവിക്കേണ്ടതല്ലേ? അയാൾക്ക് ഈ അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ... ഇല്ല, എനിക്ക് ഈവക കാര്യങ്ങൾ ചോദിക്കാൻ പാടില്ല. കാരണം അങ്ങാണ് സ്രഷ്ടാവ്, അയാൾ അങ്ങയുടെ പ്രിയപ്പെട്ട സൃഷ്ടി. പക്ഷേ അത് എന്നെ സ്നേഹിക്കപ്പെടാത്ത മറ്റൊരു സൃഷ്ടിയാക്കുന്നു. ഇല്ലേ?
അയാൾ ആഗ്രഹിച്ചതുപോലെ, ജനിച്ചത് ആൺകുട്ടിയായതുകൊണ്ട് അയാളുടെ സന്തോഷത്തിനു പരിധിയില്ലായിരുന്നു. എനിക്ക് സന്തോഷമൊന്നും ഉണ്ടായിരുന്നില്ലെങ്കി ലും, ഒരു കാര്യത്തിൽ തൃപ്തിയുണ്ട്. കുറഞ്ഞപക്ഷം എന്നെപ്പോലെ നിസ്സഹായയായ മറ്റൊരു ജീവിതതടവുകാരിയെയല്ലല്ലോ നമ്മൾ സൃഷ്ടിച്ചത്. ഉറപ്പില്ലാതെ, ദയനീയയായി ജീവിക്കേ ണ്ടി വരുന്ന ഒരാൾക്കുപകരം, പുരുഷനാണെന്ന നിറഞ്ഞ അഹങ്കാരത്തോടെ, തലപൊക്കി പ്പിടിച്ചു മുന്നോട്ട് പോകാൻ കഴിയുന്ന ഒരു മകനാണല്ലോ ജനിച്ചത് !
ഞാൻ മകളെ കൂടുതൽ സ്നേഹിച്ചു.
രണ്ടു കുട്ടികളും വളർന്നു. അയാളുടെ സ്ഥാനം, ഞാനാണ് മുകളിൽ എന്ന വിചാരം, അഹങ്കാരം – എല്ലാം മുട്ടയിട്ട് സന്താനോത്പാദനം നടത്തിക്കൊണ്ടിരുന്നു. ഞാനോ അങ്ങേയറ്റം വിധേയയായ ദാസിയായി രൂപാന്തരപ്പെട്ടു; എനിക്കു സാധ്യമായ ഏകമാർഗ മായിരുന്നു അത്. ലോകത്തിനൊന്നും നൽകാതെ, ഇവിടെനിന്ന് ഒന്നും നേടാതെ, മനുഷ്യ രുമായുള്ള ഇടപഴകലിനെപ്പറ്റിയൊന്നും അറിയാതെ, പേരില്ലാതെ, മനുഷ്യവ്യക്തിയേക്കാൾ കുറഞ്ഞ എന്തോ ആയി... ഞാനയാളുടെ ഭാര്യയാണ്! അതുമാത്രമായിരുന്നു. എന്നു വച്ചാൽ വേതനമില്ലാത്ത ഒരു ജോലിക്കാരി. രാത്രിയിൽ അയാളുടെ സംരക്ഷണമില്ലാതെ എന്തു സംഭവിക്കുമെന്ന് ആലോചിച്ചാൽത്തന്നെ ഞാൻ വിറയ്ക്കാൻ തുടങ്ങി. അയാളില്ലാതെ ഞാൻ ഒന്നുമല്ല. ആ കടുത്ത വാസ്തവം എന്റെ കണ്മുന്നിൽതന്നെയുണ്ട്. ഞാൻ വെറുമൊരു നിഴലാ ണ്. മുൻപൊന്നും ഇത് അംഗീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഉള്ളിൽ ഒരുപാട് സംഘർഷങ്ങളുണ്ടായിരുന്നു. അയാളില്ലാത്ത ഭാവിയെപ്പറ്റിയുള്ള നേരിയ സൂചനയെപ്പോലും ഞാൻ പേടിച്ചു. അത്തരമൊരു സാഹചര്യത്തെ ഭാവന ചെയ്യുന്നതുപോലും എന്നെ ഭയപ്പെടു ത്തി. ഞാൻ അടിമയായിരുന്നു; എന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ഭക്ഷണവും വെള്ള വും പാർപ്പിടവും നൽകിയ ഉടമ എനിക്ക് മഹാത്മാവായിരുന്നു.
ഒരുപക്ഷേ ഇത് തുടർന്നേനെ, കുട്ടികളെ വിവാഹം കഴിപ്പിച്ചു വിട്ട് ഞാനും മരിച്ചേനെ, അമ്മയെപ്പോലെ. ഒരു ദിവസം അയാൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. എന്റെ വയറ്റിൽ ഒരു ട്യൂമർ വളരുന്നുണ്ട്. ഡോക്ടർമാർ ഒരുപാട് പരിശോധ നകൾ നടത്തി നോക്കി ശസ്ത്രക്രിയ ആവശ്യമാണെന്നു പറഞ്ഞു. എന്നോടെന്തോ ദേഷ്യമുള്ള തുപോലെ അയാളുടെ മുഖം ചുളിഞ്ഞു. ഡോക്ടർമാരുടെ മുന്നിൽവച്ച് ഒന്നും പറഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ്, അയാൾ മുന്നിൽ വന്നുനിന്നു. “നീ ഇട്ടിരിക്കുന്ന മാല ഊരിത്തരൂ.” . ഈ മാലയെപ്പറ്റി കുറച്ച് കാര്യങ്ങൾ ഇപ്പോൾ പറയുന്നത് നല്ലതാണ്. വിവാഹിതയായ പ്പോൾ അമ്മ ഉണ്ടാക്കിത്തന്നതാണ് രണ്ട് ഇഴകളുള്ള ഈ മാല. ഇത് ഉണ്ടാക്കാൻ അമ്മ, സ്വന്തം വിവാഹത്തിനു കിട്ടിയ സ്വർണ്ണം ഉരുക്കിയിരുന്നു. അമ്മയുടെ ഓർമ്മയ്ക്കാണ് ഞാനി ത് എപ്പോഴുമിട്ടു നടന്നത്. അതുകൊണ്ട് മനസ് അത് നൽകാൻ മടിച്ചു. ഞാൻ ഇടറി ക്കൊണ്ട് ചോദിച്ചു, “എന്തിനാണ് ഇപ്പോൾ അത്?” എന്റെ ജീവിതത്തിൽ ആദ്യമായാണ് അയാളോട് ഞാനൊരു ചോദ്യം ചോദിക്കുന്നത്. ഒരു കഴഞ്ചുപോലും മടിയോ ദയയോ കൂടാതെ സ്വാഭാവികമായി അയാൾ പറഞ്ഞ മറുപടി ഇതാണ് : “ഞാൻ വേറൊരു വിവാഹം കഴിക്കാൻ പോകുന്നു. പുതിയ പെൺകുട്ടിക്ക് മാല കൊടുക്കണം.” ഇരുട്ട് എന്നെ ചുറ്റിവരിഞ്ഞു. ഗ്ലൂക്കോസ് കുപ്പി പറിച്ചെറിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഓടി പോകണമെന്നുണ്ട്. എങ്ങോട്ട് പോകും? അയാളുടെ ചെകിട്ടത്ത് ഒന്നു വച്ചുകൊടുത്താലോ? ഛെ! അതൊരിക്കലും നടക്കില്ല. കുട്ടികൾക്ക് എന്തു സംഭവിക്കും? വീടിന്റെ നാലു ചുമരുകൾപോലും എനിക്കു മുന്നിൽ അടയാനുള്ള സാധ്യത ഉറച്ച യാഥാർത്ഥ്യമായി മുന്നിൽ തെളിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി.
ഇടതുകൈകൊണ്ട് മാലയിൽ ഞാൻ മുറുകെപ്പിടിച്ചു. ഇതാണെന്റെ ജീവൻ. “ഇതു ഞാൻ തരില്ല.” അയാൾ ഞെട്ടിപ്പോയി, അത് അയാൾ പ്രതീക്ഷിച്ചു കാണില്ല. അയാൾ എന്നെ വെറുപ്പോടെ നോക്കി. മാല ലഭിക്കാത്തതല്ല, എന്റെ എതിർപ്പായിരുന്നു അയാളെ അപമാനിച്ചത്. പ്രതികാരദാഹത്തോടെ അയാൾ എരിഞ്ഞു. “ഓഹോ! നീ മാല തന്നില്ലെ ന്നുവച്ച് എന്റെ വിവാഹം നടക്കില്ലെന്നാണോ?” അയാൾ അലറി. വിളറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു, “എന്തിനാണ് നിങ്ങളിപ്പോൾ വീണ്ടും വിവാഹം കഴിക്കുന്നത്?” “ഇതിനും ഞാൻ നിനക്കു വിശദീകരണം നൽകണോ? എന്നാൽ കേൾക്ക്, നിന്നെപ്പോലെയൊരു പിച്ചക്കാരിയോടൊപ്പം പാഴാക്കാനുള്ളതല്ല എന്റെ ജീവിതം. ഒരു രോഗിയെക്കൊണ്ട് എന്താണു പ്രയോജനം? നല്ല കുടുംബത്തിലെ നല്ലൊരു പെൺകുട്ടിയെയാണ് ഞാൻ വിവാ ഹം ചെയ്യാൻ പോകുന്നത്.”
ഒരുപാട് വേദന സഹിക്കാനുള്ള കരുത്ത് അങ്ങ് എനിക്ക് തന്നു. പക്ഷേ, ഇത്രയും ക്രൂരത അയാൾക്ക് കൊടുക്കാൻ പാടില്ലായിരുന്നു. ക്ഷമയുടെ അതിരേതാണ്? സഹനം എന്റെ ജീവിതമന്ത്രമാണെങ്കിലും ഒന്നിനും കഴിവില്ലാതെ ഞാൻ തളർന്നു വീണു. മിണ്ടുന്നതിനുമുൻപേ അയാൾ പറഞ്ഞു, “ഇനിയും കേൾക്കണോ ? നിന്നിൽനിന്ന് എന്ത് ആനന്ദമാണ് എനിക്കു ലഭിച്ചത്? ഞാൻ തൊടുമ്പോഴെല്ലാം നീ ഒരു ശവംപോലെയല്ലേ കിടക്കുന്നത്. അതുകൊണ്ട് എനിക്കു വേറെ വിവാഹം കഴിക്കണം.”
നേരെ ചിന്തിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. എനിക്കു വകകുകളില്ലാതായി. കണ്ണീർ മൂടി കാഴ്ച മറഞ്ഞു. ചവറ്റുകൊട്ടപോലെ ഞാൻ നിരത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു, ദേഷ്യംകൊണ്ടു ഞാൻ വിറച്ചു. കിടക്കയിൽനിന്ന് എഴുന്നേൽക്ക ണമെന്നുണ്ട്. പറ്റുന്നില്ല. ഞാൻ പതുക്കെ ചിന്തിക്കാൻ തുടങ്ങി. അയാളെ തടയാൻ എന്നെ ക്കൊണ്ടു പറ്റുമോ? അയാളുടെ വിശ്വസ്തദാസിയായിരുന്ന കാലത്തും മൂന്നോ നാലോ ലളിത മായ ചോദ്യങ്ങൾമാത്രമേ ആകെ ഞാൻ ചോദിച്ചിട്ടുള്ളൂ, അതിന് ആയിരക്കണക്കിന് ഉത്തര ങ്ങളാണ് മറുപടിയായി എനിക്കു ലഭിച്ചത്.
“നോക്കൂ, നിനക്കു സുഖമില്ല, അവൻ വീണ്ടും വിവാഹം കഴിക്കട്ടെ.” ഒരു ശബ്ദം പറയും. “അരേ, എല്ലാം കൊള്ളാം. അയാളൊരു ഒരു പുരുഷനല്ലേ, ഒന്നല്ല, അയാൾക്ക് നാലുപേരെ വിവാഹം കഴിക്കാം, നിനക്കെന്താണ് ചോദിക്കാൻ കഴിയുക?” വേറെ ചിലർ കപടസഹതാപം പ്രകടിപ്പിച്ചുകൊണ്ട് മീശയ്ക്ക് കീഴെ പുഞ്ചിരിയും ഒളിപ്പിച്ച് ഉപദേശിക്കും : “ദാ നോക്കൂ, മോളേ, വേണമെങ്കിൽ അയാൾ വിവാഹം കഴിക്കട്ടെ. എല്ലാ മാസവും നിനക്ക് കുറച്ച് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു കേസ് ഫയൽ ചെയ്താൽ പോരേ, വിധി വരാൻ നാലോ അഞ്ചോ വർഷമെടുക്കും. അതുവരെ ദിവസക്കൂലിക്ക് എന്തെങ്കിലും ജോലിക്കു പോകണം.” അതിനർത്ഥം അയാൾ ചെയ്യുന്നതിനെ സമൂഹം അംഗീകരിക്കുന്നു എന്നാണ്. ഒപ്പം അങ്ങ് എല്ലാ സഹായവും ചെയ്യുമെന്നും അവർ പറയുന്നു! ഈ കാര്യങ്ങളിൽ അങ്ങ് സഹായിക്കുമെന്നും അവർക്ക് അഭിപ്രായമുണ്ട് ! അയാളിതു ചെയ്യുന്നത് അങ്ങയുടെ പേരിലാണല്ലോ. ഞാൻ അങ്ങയുടെ അപൂർണ്ണമായ സൃഷ്ടിയാണ്, ഹേ പ്രഭു, എന്റെ പരാതി കൾ അങ്ങേയ്ക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? എന്റെ നിലവിളികൾ അങ്ങയിലേക്ക് എത്തു ന്നുണ്ടോ? എന്താണു ഞാൻ ചെയ്യേണ്ടത്? ഞാൻ എന്താണു ചെയ്യേണ്ടത്? .....
മൂന്ന് ദിവസമായി അയാൾ ആശുപത്രിയിൽ വന്നിട്ടില്ല. ആശുപത്രിക്കാർ നൽകുന്ന സൗജന്യ ഭക്ഷണം ഞാനും എന്റെ കുട്ടികളും പങ്കിട്ടു കഴിക്കുന്നു. അതും അവസാനിച്ചു, എന്നെ ഡിസ്ചാർജ് ചെയ്തു. കുട്ടികളെയും കൂട്ടി ഞാൻ വളരെ പ്രയാസപ്പെട്ട് വീട്ടിലേക്ക് നടന്നു. മുൻവാതിലിൽ ഒരു തടിച്ച പൂട്ട് ഉണ്ട്. വീടിനു മുന്നിൽ തെങ്ങോലകൾകൊണ്ടുള്ള ഒരു പച്ച മേലാപ്പ്. വീട്ടിൽ ആരുമില്ല. അയൽക്കാർ പുറത്തേക്ക് എത്തിനോക്കി, അപ്രത്യ ക്ഷരായി. കുട്ടികൾ എന്റെ നേരെ വട്ടംകൂടി ഇരിക്കുന്നു. പകൽ കഴിഞ്ഞു, രാത്രി വന്നു. ഞാൻ വീടിനു മുന്നിലുള്ള ഇരിപ്പു തുടരുന്നു.
ഹൃദയങ്ങളിലേക്കും വീടുകളിലേക്കുമുള്ള വാതിലുകൾ അടഞ്ഞുതന്നെ കിടന്നു. ഇരു ട്ടിനു കട്ടി കൂടിവരുന്നു. എന്റെ നിസ്സഹായത കണ്ട്, കുട്ടികൾ അവരുടെ വിശപ്പിനെക്കുറിച്ച് പറഞ്ഞതേയില്ല. കാലുകൾ മരവിച്ചതിനാൽ, ഞാൻ അവ വിടർത്തിവച്ചു. കുട്ടികൾ എന്നെ കെട്ടിപ്പിടിച്ച് നിലത്തു കിടന്നു. ഞാൻ പകുതി ഉറക്കത്തിലായിരുന്നു, സമയം എത്രയായെ ന്ന് അറിഞ്ഞുകൂടാ. ഹൃദയം എരിക്കാൻ പോന്ന വിധം ഉച്ചത്തിലുള്ള ഒരു നിലവിളിയിൽ കണ്ണുകൾ തുറന്നപ്പോൾ, എന്റെ അടുത്ത് കിടന്നുറങ്ങിയ മകൻ ഒരു കുഴിയിൽ വീണു കിട ക്കുന്നു. താഴേക്ക് ചാടി അവന്റെ ചെളി നിറഞ്ഞ ശരീരത്തെ ഞാൻ വാരിയെടുത്തു. അപ്പോ ഴാണ് ഒരു ടെമ്പോ ബ്രേക്കിടുന്ന ശബ്ദം കേട്ടത് — മേലാപ്പിനടിയിൽ, ആളുകളുടെ ഒച്ച, ആവേശം, ആഘോഷത്തിന്റെ തിരക്ക്. അയാൾ ഇറങ്ങി. ടെമ്പോയുടെ പിൻവാതിൽ തുറന്ന്, സ്വർണ്ണ തുന്നൽപ്പണികൾ ചെയ്ത തുണിയിൽ പൊതിഞ്ഞ വിലയേറിയ രത്നംപോ ലെ, ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അയാൾ അതിശക്തമായ തന്റെ കൈകളിൽ എടു ത്തിറക്കുന്നു. ഉറച്ച ചുവടുകൾവെച്ച് അയാൾ മുന്നിൽ നടക്കുന്നു. വീടിന്റെ മുൻവാതിൽ തുറന്നു. എല്ലാവരും അയാൾക്കൊപ്പമുണ്ട്. എന്റെ മകൻ വിറച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ വിടർന്ന കണ്ണുകളോടെ എല്ലാം നോക്കിക്കണ്ടു.
ചുവന്ന മഷി നിറഞ്ഞ എന്റെ ഹൃദയത്തിന്റെ മുന പൊട്ടിയിരിക്കുന്നു. ഈ വായകൊ ണ്ട് എനിക്കിനി അധികം സംസാരിക്കാൻ കഴിയില്ല. എഴുതാൻ അക്ഷരങ്ങളില്ല. സഹന ത്തിന്റെ അർത്ഥം എനിക്കറിയില്ല. വീണ്ടും അങ്ങേയ്ക്ക് ലോകം പണിയണമെന്നുണ്ടെങ്കിൽ, ആണിനെയും പെണ്ണിനെയും ഒന്നുകൂടി സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ, ഒട്ടും അനുഭവപരിചയ മില്ലാത്ത കളിമൺപ്പണിക്കാരനെപ്പോലെയാവരുത്. ഒരു പെണ്ണായി ഭൂമിയിലേക്ക് വരൂ, ദൈവമേ !
ഒരിക്കലെങ്കിലും ഒരു സ്ത്രീയാകൂ !
മൂല്യശ്രുതി മാസിക, ഓണപ്പതിപ്പ്, സെപ്തംബർ 2025
No comments:
Post a Comment