October 17, 2024

റോസിയുടെ ദുരന്തകഥ തുടങ്ങുന്നത് 1928 നവംബർ 7 -നായിരുന്നോ?

 




          മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1382) രാജേഷ് കെ എരുമേലി എഴുതിയ റോസിയുടെ പേരിൽ പുരസ്കാരം നൽകാൻ വൈകേണ്ടതുണ്ടോ?’ എന്ന ലേഖനത്തിലെ കേന്ദ്രാവശ്യത്തോട്  പൂർണ്ണമായും യോജിക്കുന്നു. കുന്നുകുഴി എസ് മണി, ‘പി കെ റോസി മലയാളസിനിമയുടെ അമ്മ’ എന്ന പുസ്തകത്തിൽ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിൽനിന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇന്നും പരിഗണിക്കപ്പെടാതെ മാറ്റി വച്ചിരിക്കുന്ന ഒരാവശ്യത്തെ ജനശ്രദ്ധയിൽകൊണ്ടുവരാനായി ലേഖകൻ നടത്തിയ ശ്രമം ഉചിതമാണ്.  കേരളത്തിലെ ആദ്യചലച്ചിത്രത്തിലെ നായികയായ റോസിയ്ക്കുള്ള യഥാർഹമായ പരിഗണന, മലയാളചലച്ചിത്രങ്ങളുടെ തുടക്കക്കാലത്ത് അവയോട് ചേർന്നുനിന്ന് ആത്മാർപ്പണത്തോടെ പ്രവർത്തിക്കുകയും പിന്നീട് അനാഥവും നിസ്സഹായവുമായ ജീവിതം ആരുമറിയാതെ നയിക്കേണ്ടിവരികയും ചെയ്ത  പ്രവർത്തകരെക്കുറിച്ചുള്ള ഓർമ്മകളിലേക്കെല്ലാം കടന്നു ചെല്ലുമെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും. ‘വിഗതകുമാരനിലെ’ത്തന്നെ മറ്റു നടിമാർ, മാർത്താണ്ഡവർമ്മയിലെ അഭിനേത്രികളായ ദേവകീഭായി, പദ്മിനി, ബാലനിലെ എം കെ കമലം,  ‘ജ്ഞാനാംബിക’യിലെ മിസ് സി കെ രാജം, എൽ പൊന്നമ്മ, ‘നിർമ്മല’യിലെ അച്ചാമ്മ തുടങ്ങി നിരവധിപേരുടെ ചരിത്രം ഇപ്പോഴും ഇരുട്ടിലാണ്. ആദ്യകാല നടന്മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോസിയുടെയും കമലത്തിന്റെയും ജീവിതകഥാഗ്രന്ഥങ്ങൾ അപൂർണ്ണമായെങ്കിലും പുറത്തുവന്നിട്ടുണ്ടെങ്കിലും  ജയദേവ് എന്ന ആണ്ടി, കെ കെ അരൂർ, ഗോപിനാഥ്, തലശ്ശേരി എം വി ശങ്കു, ജോസഫ് ചെറിയാൻ തുടങ്ങിയവരെപ്പറ്റി അതുമില്ല.

          മലയാളത്തിലെ ആദ്യനായികയായ റോസിക്ക് ചലച്ചിത്രാഭിനയത്തിന്റെ പേരിൽ അവമതിയും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കത്തന്നെ, അവരുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ആഖ്യാനങ്ങൾ ആവർത്തിക്കുന്ന വൈരുദ്ധ്യങ്ങളെ അവഗണിക്കുകയും സാധ്യമല്ല. ഹേമാക്കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സിനിമാമേഖലയിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വ ങ്ങളുടെയും ചൂഷണങ്ങളുടെയും ആദ്യത്തെ ഇരയായി റോസിയെ കാണാമെന്നു മാത്രമല്ല, ഏതാണ്ട് നൂറുവർഷംകൊണ്ട് ഈ മേഖലയിലെ പ്രതിലോമകരങ്ങളായ പ്രവണതകൾക്ക് ലഭിച്ച പേശീദാർഢ്യവും അതിന്റെ നാൾവഴികളും പ്രത്യേകമായ ആലോചനയ്ക്കും വിശകലനത്തിനും വിധേയമാക്കേണ്ട വിഷയവുമാണ്. സിനിമാമേഖലയ്ക്കകത്തുനിന്നുണ്ടായ ഒറ്റപ്പെടുത്തലുകളും അവഗനനയും മിസ് കുമാരിയെയും വിജയശ്രീയെയുംപോലെയുള്ള താരങ്ങളുടെ ജീവിതം ദുരന്തമയമാക്കിയ പിൽക്കാല കഥകളും നമുക്കു മുന്നിലുണ്ട്. അവയൊക്കെയും ആളുകൾ അധികം തിരയാത്ത, കറപിടിച്ച ഏടുകളായി മലയാള ചലച്ചിത്രചരിത്രത്തിൽ നിലനിൽക്കുന്നു.

          റോസിയുടെ ദുരന്താനുഭവങ്ങൾക്കുള്ള ഒരു കാരണം മാറ്റങ്ങൾക്കു വഴങ്ങാത്ത സമൂഹത്തിന്റെ താത്പര്യങ്ങൾക്കുണ്ടായിരുന്ന അധീശത്വമാണ്. കേരളത്തിലെ ചലച്ചിത്രപ്രദർശന വേളകൾ സാങ്കേതിക ആധുനികത്വവും സാമൂഹികവും സാംസ്കാരികവുമായ തത്‌സ്ഥിതികത്വവുംതമ്മിലുള്ള സംഘർഷത്തിന്റെ സന്ദർഭങ്ങൾ കൂടിയായിരുന്നു എന്ന്  പഴയകാല അനുഭവവിവരണങ്ങൾ വായിച്ചാലറിയാം. പലതര ത്തിലാണത് സംഭവിച്ചത്. കണ്ട വിദേശചിത്രം ഗംഭീരമായിരുന്നുവെങ്കിലും ജനങ്ങളുടെ ഈ തിരക്കിൽ  കുടുംബവുമായി വരേണ്ടിയിരുന്നില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഒരു ബയോസ്കോപ്പ് പ്രദർശനത്തെപ്പറ്റി കെ സി കേശവപിള്ള ഡയറിയിൽ ഒരിടത്ത് കുറിക്കുന്നു. കൊട്ടാരം അദ്ധ്യാപകൻ എന്ന ഉയർന്ന പദവിയിലായിരുന്നു കേശവപിള്ള അക്കാലത്ത്. ആളുകളുടെ സാമൂഹികവും ഔദ്യോഗികവുമായ പദവികളെ താത്കാലിക മായെങ്കിലും റദ്ദ് ചെയ്ത് ഒന്നിച്ചിരുത്തുന്ന സിനിമാശാലയെന്ന ഇടത്തെ പരിഹാസരൂപ ത്തിൽ നോക്കിക്കാണുന്ന ഒരു ലേഖനം 1940-ലെ ഭാഷാപോഷിണി ചിത്രമാസികയിൽ വന്നിരുന്നു.  കോടതിയിൽ ജഡ്ജിയുടെ മുന്നിൽ പഞ്ചപുച്ഛവുമടക്കി നിന്ന പോലീസുകാരൻ തിയേറ്ററിൽ കാശൊന്നും കൊടുക്കാതെ അകത്തു കയറി, അതേ ജഡ്ജിയുടെ സീറ്റിനു മുന്നിൽ അലസനായി സിഗരറ്റും വലിച്ചിരിക്കുന്ന കാഴ്ചയെ ആണ് ഉപഗുപ്തൻ ‘രണ്ടു ചിത്രങ്ങൾ’ എന്നു പേരുള്ള ലേഖനത്തിൽ അപഗ്രഥിക്കുന്നത്.

          പൊതുവിടങ്ങളിൽ തകർന്നു പോകുന്ന ശ്രേണീവത്കൃത സാമൂഹികഘടന യെപ്പറ്റിയുള്ള യാഥാസ്ഥിതിക സമൂഹത്തിന്റെ ഉത്കണ്ഠ,  ആക്രമണോത്സുകമാകുന്നതാണ് റോസിയുടെ ജീവിതത്തെ ദുരന്തകഥയാക്കി മാറ്റിയത്. എന്നാൽ ആ കഥയുടെ വാചികാഖ്യാനങ്ങളിൽ പ്രസക്തമാകുന്ന മറ്റൊരു കാര്യംകൂടിയുണ്ട്. റോസിക്കു ചുറ്റുമായി പിൽക്കാല ആഖ്യാനങ്ങൾ ബോധപൂർവമോ അബോധപൂർവമോ വികസിപ്പിച്ചെടുക്കുന്ന വൈകാരികമായ അടരുകൾ അവരുടെ അനുഭവത്തിന്റെ പൂർവ-പരബന്ധത്തെയും ആർജവത്തെയും വൈരുദ്ധ്യമുള്ളതാക്കിത്തീർക്കുകയും സംഭവത്തിന്റെ വാസ്തവസ്ഥിതിയെ ത്തന്നെ സംശയിക്കുന്ന രീതിയിൽ പ്രശ്നമുള്ളതാക്കി മാറ്റുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. ഈ വിഷമസ്ഥിതിയിൽനിന്നും തീർത്തും മുക്തമല്ല, രാജേഷ് കെ എരുമേലിയുടെ ലേഖനവും. ഈ വിഷയത്തിലുള്ള പലതരം ആഖ്യാനങ്ങളിൽ ഒന്നിനെമാത്രം പൂർണ്ണമായി ആശ്രയിച്ചതുകൊണ്ട് ഉണ്ടായ കുഴപ്പമാണത്.

          ദളിത്, സ്ത്രീ എന്നീ സാമൂഹികവും ലിംഗപരവുമായ കീഴാളാവസ്ഥകൾക്കൊപ്പം ചലച്ചിത്രാഭിനയമെന്ന സദാചാരപരമായ പ്രശ്നംകൂടി ഉൾച്ചേർന്നതാണ് റോസിയുടെ  ദുരന്തം. അവരുടെ ജീവിതാഖ്യാനങ്ങൾ ഏറെക്കുറേ മുഴുവനും കേന്ദ്രീകരിച്ചിട്ടുള്ളത്,  കലാകാരജീവിതത്തിലേക്കുള്ള അവരുടെ മാറ്റത്തെ പൂർണ്ണമായും തടഞ്ഞുകൊണ്ട് നിലകൊണ്ട തത്സ്ഥിതികസമൂഹത്തിന്റെ മുഷ്കിനുമേലാണ്. ഒരു ദലിത് സ്ത്രീ ചലച്ചിത്രത്തിൽ സവർണ്ണസ്ത്രീയായി അഭിനയിച്ചതു കണ്ട് ഇഷ്ടപ്പെടാത്ത ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയുടേ ആദ്യമുഹൂർത്തത്തിൽനിന്നാണ് അത് ആരംഭിക്കുന്നത് എന്ന് റോസിയെപ്പറ്റിയുള്ള എല്ലാ ആഖ്യാനങ്ങളും ഒരുപോലെ പറഞ്ഞുവയ്ക്കുന്നു. അതുകൊണ്ട് കേരളത്തിൽ നിർമ്മിച്ച ആദ്യസിനിമയുടെ പ്രദർശനതീയതിക്ക് വളരെ പ്രാധാന്യമുണ്ട്. ‘വിഗതകുമാരൻ’ 1928 നവംബർ ഏഴാം തീയതി വൈകുന്നേരം 5.30-നു തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയറ്ററിൽ പ്രദർശിപ്പിച്ചെന്നാണ് രാജേഷ് എഴുതുന്നത്. ക്യാപിറ്റോൾ ടെന്റ് തിയേറ്റർ എന്നത് ലേഖനത്തിൽ ടെസ്റ്റ് തിയേറ്റർ എന്നായി പോയിട്ടുണ്ട്. ‘വിഗതകുമാര’ന്റെ പഴയ നോട്ടീസിൽ (അതിനെപ്പറ്റി പിന്നാലെ) 6.30, 9.30 എന്നിങ്ങനെ കാണിച്ചിട്ടുള്ള തിയേറ്ററിലെ പ്രദർശനസമയം ലേഖനത്തിൽ 5.30 എന്നാക്കിയിട്ടുണ്ട്. കുന്നുകുഴി എസ് മണി രചിച്ച ‘പി കെ റോസി മലയാളസിനിമയുടെ അമ്മ’ എന്ന പുസ്തകത്തിലെ വിവരങ്ങളെയാണ് ലേഖകൻ പ്രധാനമായും ആശ്രയിക്കുന്നത്.

          ജെ സി ഡാനിയലിനെ നേരിട്ടു കണ്ട് ആദ്യ സിനിമയുടെ വിവരങ്ങൾ തുടക്കത്തിൽ പുറംലോകത്തെത്തിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയതിൽനിന്ന് കുന്നുകുഴി എസ് മണിയുടെ വിവരണങ്ങൾക്ക് പ്രകടമായ വ്യത്യാസങ്ങളുണ്ട്. തിയേറ്ററിലെ സംഘർഷ ത്തെത്തുടർന്ന് നാട്ടിൽ ജീവിക്കാൻ വയ്യാതായ റോസി അന്യജാതിക്കാരനോടൊപ്പം നാടുവിട്ടു പോയി എന്നാണ് ചേലങ്ങാട്ട് എഴുതുന്നത്. അതും വർഷങ്ങൾക്കുശേഷം. വിഗതകുമാരന്റെ ആദ്യപ്രദർശനദിവസംതന്നെ തിരശ്ശീലയിൽ റോസിയെക്കണ്ട് അസ്വസ്ഥരായ ആളുകളുടെ ഈർഷ്യ, നാലാം ദിവസമായതോടെ മൂർച്ഛിക്കുകയും 1928 നവംബർ 10-നു രാത്രി സംഘടിതരായി മാടമ്പികൾ റോസിയുടെ തൈക്കാട്ടുള്ള വീട്ടിലെത്തി എത്തി പുലഭ്യം പറയുകയും കല്ലെറിയുകയും ഒടുവിൽ വീടിനു തീവയ്ക്കുകയും ചെയ്തുവെന്നും ജീവൻ രക്ഷപ്പെടുത്താനായി റോസി കരമനപ്പാലത്തിൽ ചെന്നു നിന്ന് അതുവഴി പോകുന്ന വണ്ടികൾക്ക് കൈകാണിക്കുകയും നിർത്തിയ ഒരു ലോറിയിൽ കയറി തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നുമുള്ള കഥയാണ് രാജേഷും ആവർത്തിക്കുന്നത്. പ്രദർശനം തുടങ്ങി മൂന്നാം ദിവസമാണ് ഈ ആക്രമണമുണ്ടായത് (തീയതിയിൽ വ്യത്യാസമില്ല) എന്ന മണിയുടെ നിരീക്ഷണത്തെ വിട്ടിട്ട് ഇവിടെ മാത്രം ചേലങ്ങാട്ട് പറഞ്ഞതുപോലെ നാലാം ദിവസം എന്നാണ് രാജേഷ് എഴുതുന്നത്. ദളിത് സ്ത്രീയെ സവർണ്ണസ്ത്രീയായി തിരശ്ശീലയിൽ കണ്ട സവർണ്ണരുടെ പുളപ്പാണ് ഈ ഉപദ്രവങ്ങൾക്കും അക്രമത്തിനുമെല്ലാം കാരണം എന്ന കാര്യത്തിന് ലേഖനവും ഊന്നൽ നൽകുന്നു.

          ചേലങ്ങാട്ടിന്റെ വിവരണമനുസരിച്ച്, ചലച്ചിത്രപ്രദർശനം തുടങ്ങി നാലാം ദിവസമാണ് അക്രമാസക്തരായ ആളുകൾ കല്ലെറിഞ്ഞ് തിരശ്ശീല കീറുകയും പ്രൊജക്ടർ റൂമിലുണ്ടായിരുന്ന ഡാനിയലിനെതിരെ ജനക്കൂട്ടം തിരിയുമെന്ന് പേടിച്ച് തിയേറ്ററുകാർ തൊട്ടടുത്ത ഒരു വീട്ടിൽ അദ്ദേഹത്തെ ഒളിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ പ്രദർശനം അതോടെ അവസാനിക്കുന്നു. റോസിയുടെ വീടു തീവയ്ക്കാനുള്ള തിരുവനന്തപുരത്തെ കുറേ റൗഡികളുടെ ശ്രമം (അന്നുതന്നെ എന്നു പറയുന്നില്ല) പോലീസ് ഇടപെട്ടു തടയുന്നു. പിന്നീട് റോസിക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാതെ വരുന്നു. ഒരു ദിവസം അമ്മയോടൊപ്പം ചാല കമ്പോളത്തിൽ പോയി വരുമ്പോൾ അക്രമികൾ സാരി പിടിച്ചഴിച്ച് അപമാനിച്ച കാര്യവും ചേലങ്ങാട്ട് വിശദീകരിക്കുന്നുണ്ട്. റോസിക്കു വരുന്ന വിവാഹാലോചനകൾ റൗഡികൾ മുടക്കുന്നു. അങ്ങനെ രണ്ടര വർഷം പുറത്തിറങ്ങാനാവാതെ കഴിച്ചുകൂട്ടിയതിനുശേഷമാണ് റോസി ഒരു ഡ്രൈവറോടൊപ്പം  ഒളിച്ചോടി പോകുന്നത്. (‘ജെ സി ഡാനിയലിന്റെ ജീവിതകഥ’) കുന്നുകുഴി എസ് മണിയുടെ അഭിപ്രായത്തിൽ ആദ്യ ദിവസമാണ് ബഹളമുണ്ടായത്. ഡാനിയലിനെ മർദ്ദിക്കാൻ ആളുകൾ ശ്രമിച്ചതും അദ്ദേഹം പ്രൊജക്ഷൻ മുറിയിൽനിന്ന് ഇറങ്ങിയോടിയതുമായ കാര്യങ്ങൾ അതിലും കാണാം. അതേ തുടർന്ന് ആളുകൾ റോസിയുടെ വീട്ടിലെത്തി അസഭ്യങ്ങൾ പറയുകയും കല്ലെറിയുകയും ചെയ്യുന്നു. ‘മാടമ്പിക്കൂട്ടം’ ചെന്തിട്ടയ്ക്ക് സമീപംവച്ച് തടയുന്നതും അപമാനിക്കുന്നതും റോസിയെയും സഹോദരിയെയുമാണ്. ഡാനിയൽ കൊട്ടാരത്തിൽ അറിയിച്ചതനുസരിച്ച് പോലീസുകാരുടെ കാവൽ റോസിയുടെ വീടിനുണ്ടാകുന്നു. 1928 നവംബർ ഏഴിനും പത്തിനും ഇടയ്ക്കുള്ള മൂന്നു ദിവസത്തിനുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന വ്യത്യാസം അവിടെയുണ്ട്. വിഗതകുമാരൻ റിലീസ് ചെയ്തതിന്റെ ‘മൂന്നാം ദിവസ’മായ നവംബർ 10-നു അക്രമാസക്തരായ ആളുകൾ റോസിയുടെ ഓലപ്പുര കത്തിക്കുന്നു.  കാവൽ നിന്ന പോലീസുകാർ അപ്പോൾ ഓടിപ്പോയി. റോസി കരമനപ്പാലത്തിൽ ചെന്നുനിന്ന് ലോറികയറി തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ട കഥയിൽ മാറ്റമൊന്നും ഇല്ല. ചേലങ്ങാട്ട് എഴുതുന്നതിൽനിന്നും വ്യത്യസ്തമായി റോസി രക്ഷപ്പെട്ട ലോറി പയനീർ കമ്പനി വകയാണെന്നും അതോടിച്ചിരുന്ന ആളിന്റെ പേര് കേശവപിള്ളയെന്നായിരുന്നെന്നും അയാൾ പുരോഗമനസ്വഭാവമുള്ള നായർ ജാതിക്കാരനാണെന്നുമുള്ള ചില വിവരങ്ങൾകൂടി ‘പി കെ റോസി മലയാളസിനിമയുടെ അമ്മയെന്ന’ പുസ്തകത്തിൽ വായിക്കാം. തമിഴിലെ ഹാസ്യ നടനായിരുന്ന എൻ എസ് കൃഷ്ണന്റെ ബന്ധുവായിരുന്ന കേശവപിള്ള പിന്നീട് റോസിയെ വിവാഹം കഴിച്ചു. അക്കാരണത്തിൽ വീട്ടിൽനിന്നു ബഹിഷ്കൃതനാവുകയും ചെയ്തു. അവർ വടപളനിയിൽ ഓട്ടുപുരത്തെരുവിലാണ് ജീവിച്ചത്. ചേലങ്ങാട്ടിനു നാട്ടുകാരിൽനിന്നു കിട്ടുന്ന വിവരം അവർ തൃശ്ശിനാപള്ളിയിലാണെന്നാണ്. 

          റോസിയുടെ പിതാവ് കോലപ്പൻ, ഒരു ഡ്രൈവറായിരുന്നു എന്ന ചേലങ്ങാട്ടിന്റെ  നിഗമനത്തെ കുന്നുകുഴി എസ് മണി, അദ്ദേഹം ഒരു കർഷകനായിരുന്നു, പിന്നീട് പാചകക്കാരനായി എന്ന് തിരുത്തുന്നു. പുലയജാതിയിലുള്ള കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അന്ന് നിഷിദ്ധമായിരുന്നതുകൊണ്ട് റോസിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായാണ് പിതാവ് ക്രിസ്തുമതത്തിൽ ചേർന്ന് പൗലോസ് എന്ന പേരു സ്വീകരിച്ചത്. എന്നാൽ കുടുംബത്തിലെ മറ്റാരും മതം മാറിയിരുന്നില്ലെന്നും സിനിമയ്ക്കായി മാറ്റിയ പേരാണ് റോസിയെന്നതുമായ കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സവർണ്ണരുടെ സംഘർഷത്തിന്റെ രൂക്ഷതയ്ക്ക് കൂടുതൽ നിറം ചേർക്കുന്നതിനടിസ്ഥാനമായ വിവരണ മാണിത്. ക്രിസ്ത്യാനിയായ റോസിക്കെതിരെയായിരുന്നില്ല ഒരു വിഭാഗത്തിന്റെ എതിർപ്പ് എന്നതിന് അനുകൂലമായിത്തീരുന്നു, ഈ വസ്തുത. പൗലോസ് (അച്ഛൻ) - കുഞ്ഞി (അമ്മ) എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങളാവണം റോസിയുടെ ‘പി കെ’ എന്ന ഇനിഷ്യലിന്റെ കാരണം. ‘മലയാളസിനിമ പിന്നിട്ട വഴി’കളിൽ എം ജയരാജ്, ചേലങ്ങാട്ടിനെ അനുസരിച്ചുകൊണ്ട് റോസി എന്ന പേര്, രാജമ്മാൾ എന്നാക്കിയത് ഭർത്താവായ കേശവപിള്ളയാണെന്നാണ് പറയുന്നത്.

          ആഖ്യാനങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് വിവരങ്ങൾക്കൊപ്പം വസ്തുതകളും മാറി മറിയും. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ റോസിയെ ആക്രമിച്ചവരെ ‘റൗഡിക്കൂട്ടം’ എന്നു വിളിക്കുന്നു. ജയന്തി ജെയുടെ വിവരണത്തിൽ ഇവർ ‘ഗുണ്ട’കളാണ്. കുന്നുകുഴി എസ് മണി ഇതേ ആളുകളെ ‘മാടമ്പി’കളെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതേ തുടർന്ന് രാജേഷും ലേഖനത്തിൽ അവരെ ‘മാടമ്പികൾ’ എന്നു വിളിക്കുന്നു. റൗഡിക്കൂട്ടങ്ങളിൽനിന്ന് മാടമ്പികളിലേക്കുള്ള മാറ്റം അത്ര ചെറുതല്ല. താത്കാലികമായ വിവരക്കേടും വ്യക്തിപരമായ അക്രമസ്വഭാവവും റൗഡിസത്തെയും ഗുണ്ടായിസത്തേയും നിർവചിക്കുന്നതെങ്കിൽ മാടമ്പിത്തരം അങ്ങനെയുള്ളതല്ല. ചരിത്രത്തിൽ വേരുകളുള്ള ആസൂത്രിതമായ സാമൂഹികവിരുദ്ധതയാണ് അതിന്റെ കാതൽ.  ഒരു പദപ്രയോഗത്തിന് ആഖ്യാനത്തിന്റെ പശ്ചാത്തലത്തെത്തന്നെ മാറ്റാൻ കഴിയുന്നുവെന്നർത്ഥം. റോസിയുടെ തൈക്കാടുള്ള വീടിനു പോലീസ് കാവലുണ്ടാകാൻ കാരണം ഡാനിയൽ കൊട്ടാരത്തി ലറിയിച്ചതാണല്ലോ. അതുപോലെ ലോറിയിൽ റോസിയെ രക്ഷപ്പെടുത്തിയ കേശവപിള്ള അവർക്കെതിരെയുണ്ടായ അക്രമത്തെപ്പറ്റി നാഗർകോവിൽ പോലീസിനു റിപ്പോർട്ട് ചെയ്തതായും വായിക്കാം. ബ്രിട്ടീഷുകരുടെ നിയമവ്യവസ്ഥ പേരിനെങ്കിലും നിലനിന്നിരുന്ന കാലത്ത് നിയമപരമായ പരിരക്ഷ ലഭിക്കാനുള്ള ശ്രമം റോസിക്കൊപ്പം നിന്നവരിൽനിന്നുണ്ടായിട്ടുണ്ടെന്നും അവഗണിക്കപ്പെട്ടതും ഒറ്റപ്പെട്ടതുമായ സംഭവമായിരു ന്നില്ലെന്നുമാണ്  മണിയുടെ വിവരണത്തിൽനിന്നും മനസിലാക്കേണ്ടത്.

          ചരിത്രവസ്തുതയെന്ന നിലയിൽ വിഗതകുമാരന്റെ ആദ്യപ്രദർശനത്തിനും റോസിയുടെ പലായനത്തിനും ഇടയിലുള്ള കാലദൈർഘ്യം പ്രധാനപ്പെട്ടതാണ്. അതിലും പ്രധാനപ്പെട്ടതാണ് ചലച്ചിത്രപ്രദർശനം എന്നു നടന്നുവെന്നുള്ളത്. ചേലങ്ങാട്ട് ഗോപാല കൃഷ്ണനും കുന്നുകുഴി എസ് മണിയും വിജയകൃഷ്ണനും ‘വിഗതകുമാര’ന്റെ പ്രദർശനം 1928 നവംബർ ഏഴിനു തിരുവനന്തപുരത്തെ കാപിറ്റോൾ തിയേറ്ററിൽ വച്ചായിരുന്നു  എന്ന് ഉറച്ചു വിശ്വസിക്കുന്നു. ജെ സി ഡാനിയലിന്റെ പുത്രൻ ഹാരിസ് ഡാനിയലിന്റെ ഭാര്യാസഹോദരിയായ ജയന്തി ജെ, ‘വിഗതകുമാരന്റെ’ ഷൂട്ടിങ് ആരംഭിച്ചത് 1928-ലെ ഒരു സുദിനത്തിലാണെന്നും പ്രദർശനം 1930 ഒക്ടോബർമാസം 23-നാണെന്നുമാണ് എഴുതുന്നത്. (ഡോ. ജെ സി ഡാനിയൽ- മലയാള സിനിമയുടെ പിതാവ്) ‘മലയാളസിനിമ പിന്നിട്ട വഴികളിൽ’ എം. ജയരാജ് ചിത്രത്തിന്റെ പ്രദർശനം നടന്നത് 1930 നവംബർ ഏഴിനാണെന്ന പുതിയ ഒരു വസ്തുതയും അവതരിപ്പിച്ചിട്ടുണ്ട്.

          ‘വിഗതകുമാര’ന്റെ റിലീസുമായി ബന്ധപ്പെട്ട് ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്റെ പേരുവച്ച് ഇറങ്ങിയ ക്ഷണപത്രികയിൽ കൊടുത്തിരിക്കുന്ന തീയതി, 1930 ഒക്ടോബർ 23 ആണ്. ജെ സി ഡാനിയലിന്റെ മകൾ ലളിത ഹെൻട്രി ജോൺ 2001 -ൽ തന്നെ ഏൽപ്പിച്ച ഈ നോട്ടീസ് അവിശ്വസനീയമാണെന്ന വാദം കുന്നുകുഴി എസ് മണി ഉയർത്തിയിട്ടുണ്ട്. ഇതു പുറത്തുവരരുതെന്ന് ‘നഷ്ടനായിക’ എന്ന നോവലിന്റെ കർത്താവായ വിനു എബ്രഹാമിനെ ഓർമ്മിപ്പിച്ചിരുന്നുവെന്നും പറയുന്നു. നോവലിന്റെ അനുബന്ധമായി വിനു വിഗതകുമാരന്റെ കഥയ്ക്കൊപ്പം നോട്ടീസും നൽകി. ഇതിനകംതന്നെ വ്യാപകമായി പ്രചരിച്ചിട്ടുള്ള നോട്ടീസിലെ പദപ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ  കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് നിലനിന്നിരുന്ന ചലച്ചിത്രസങ്കല്പങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ആശയവും പദാവലിയുമാണ് അതിലുള്ളതെന്ന് മനസിലാകും. നോട്ടീസിലെ Photo-play, Novel Enterprise, Wearied Labour തുടങ്ങിയ പ്രയോഗങ്ങൾ അതുണ്ടായ കാലത്തെക്കുറിച്ച് സ്വയം സംസാരിക്കുന്നതിനു തെളിവുകളാണ്.  

          വിഗതകുമാരന്റെ ഷൂട്ടിങ്ങും പ്രദർശനവുമായി ബന്ധപ്പെട്ട ചില പ്രമാണരേഖകൾ ശേഖരിച്ചിട്ടുള്ള ആർ ഗോപാലകൃഷ്ണന്റെ ‘നഷ്ടസ്വപ്നങ്ങൾ’ എന്ന പുസ്തകത്തിൽ, 1930 ഒക്ടോബർ 19 ഞായറാഴ്ച ഇറങ്ങിയ ഇല്യുസ്ട്രേറ്റഡ് വീക്കിലിയിൽ അച്ചടിച്ചുവന്ന ‘വിഗതകുമാരന്റെ’ ലോക്കേഷൻ ഫോട്ടോ നൽകിയിട്ടുണ്ട്. ജെ സി ഡാനിയലിനെയും റോസിയെയും കൂടാതെ മൂന്നു സ്ത്രീകളെ ആ ഫോട്ടോയിൽ കാണാം. നായികയുടെ അമ്മയയൈ അഭിനയിച്ച കമലം, റീന എന്നീ സ്ത്രീകളെപ്പറ്റി ചേലങ്ങാട്ടും കുന്നുകുഴി എസ് മണിയും എഴുതിയിട്ടുണ്ട്. വിഗതകുമാരൻ=റോസി=നടി=ദുരന്തം എന്നിങ്ങനെയുള്ള ഏകദിശോന്മുഖമായ സമീകരണത്തിനു വിരുദ്ധമാണ്, ഇപ്പോഴും വിശദാംശങ്ങൾ വ്യക്തമല്ലാത്ത ഈ സ്ത്രീകളുടെ ചിത്രം. (അവരുടെ ജാതിയെപ്പറ്റിയുള്ള പരാമർശം വ്യത്യസ്തമായ നിലകളിൽ വിനു എബ്രഹാമും കുന്നുകുഴി മണിയും രേഖപ്പെടുത്തിയിട്ടുണ്ട്)  

          1930 ഒക്ടോബർ 28-ലെ നസ്രാണിദീപികയിൽ ‘വിഗതകുമാരനെ’പ്പറ്റി വന്ന എം ഗോപിനാഥിന്റെ റിവ്യൂവാണ് മലയാളത്തിലെ ആദ്യത്തെ സിനിമാനിരൂപണം. അത് പൂർണ്ണരൂപത്തിൽ ഇപ്പോൾ ലഭ്യമാണ്. (ഡോ. ടി അനിതകുമാരി എഡിറ്റു ചെയ്ത ‘സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികൾ 1930-1960’ നോക്കുക) അതിൽ “ദ ട്രാവങ്കൂർ നാഷണൽ പിക്ചേഴ്സ് എന്ന ചലച്ചിത്ര നിർമ്മാണശാലയിൽ ഈയിടെ ഉണ്ടാക്കപ്പെട്ടിട്ടുള്ള വിഗതകുമാരൻ (The Lost Child) എന്ന തിരുവിതാംകൂറിലെ പ്രഥമ ചലനചിത്രം ഈയിടെ ക്യാപിറ്റോൾ സിനിമാഹാളിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.” എന്നുണ്ട്.  ആദ്യപ്രദർശനംകൊണ്ട് അവസാനിച്ചു പോയ ഒന്നായി വാമൊഴിയായി പ്രചരിച്ച ‘വിഗതകുമാര’ന്റെ പ്രദർശനചരിത്രകഥകളിൽനിന്നു വിഭിന്നമായി 1930 ഒക്ടോബർ-നവംബർ കാലയളവിൽ ആലപ്പുഴയിലും മറ്റും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ് ‘നസ്രാണി ദീപിക’യിൽ പ്രസിദ്ധീകരിച്ചുവന്ന എം. ഗോപിനാഥിന്റെ നിരൂപണം പറയുന്നത്. ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിനു പത്തു ദിവസം മുൻപ്  (1930 ഒക്ടോബർ 18) “ഇവിടത്തുകാരായ നടീനടന്മാർ ഇവിടെവച്ച് അഭിനയിച്ച വിഗതകുമാരൻ തിരുവനന്ത പുരത്ത് പ്രദർശിപ്പിക്കാൻ പോകുന്നു” എന്ന വാർത്തയും അതേ പത്രത്തിൽ വന്നിരുന്നു. 1930 നവംബർ ഒന്നിനുള്ള മാതൃഭൂമി ദിനപ്പത്രത്തിലും ആ ദിവസത്തെ ദ ഹിന്ദു പത്രത്തിലും പ്രദർശനത്തെ സംബന്ധിച്ച വിവരങ്ങളുണ്ട്. ‘നടീനടന്മാരെല്ലാം തിരുവിതാം കൂറുകാരായ ഈ സിനിമ കാണുവാൻ നിറയെ ആളുകൾ വന്നുകൂടിയിട്ടുണ്ടായിരുന്നു’ എന്നാണ് മാതൃഭൂമി പറയുന്നത്. ഈ പത്രങ്ങളും വാർത്തകളും ഗോപാലകൃഷ്ണൻ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

          പത്രവാർത്തകളിൽ ആഴ്ച മാറിപ്പോകുന്നത് (‘കഴിഞ്ഞ ബുധനാഴ്ച പ്രദർശിപ്പിച്ചിരിക്കുന്നു’ എന്നാണ് മാതൃഭൂമിയിൽ. വാർത്തയുടെ തീയതി ഒക്ടോബർ 25 എന്നു വച്ചിട്ടുള്ള ദ ഹിന്ദുവിൽ ‘presented Yesterday their first film’ എന്നാണ്. 1930 ഒക്ടോബർ 23 വ്യാഴാഴ്ചയാണ്) വാർത്ത അയക്കുന്നതിലും കൈപ്പറ്റുന്നതിലും വന്ന കാലതാമസകൊണ്ടാവണം. എങ്കിലും പ്രദർശനവർഷത്തെയും മാസത്തെയും തീയതി യെയും സംബന്ധിച്ച് ഈ തെളിവുകൾ മുന്നിലിരിക്കുമ്പോൾ വലിയ ആശയക്കുഴപ്പം വരേണ്ട കാര്യമില്ല. ഇതിനെല്ലാം ശേഷവും ആളുകൾ റോസിയുടെ വീടാക്രമിച്ച തീയതി 1928 നവംബർ 10 ആണെന്ന വസ്തുതയെ സംശയംകൂടാതെ സ്വീകരിച്ചാൽ, സിനിമാഭിനയത്തിന്റെ പേരിൽ റോസി ആക്രമിക്കപ്പെട്ടത്, അവർ അഭിനയിച്ച സിനിമ റിലീസാവുന്നതിനും ഏതാണ്ട് രണ്ടുവർഷം മുൻപാണെന്ന് വന്നുകൂടും! ഇക്കാരണത്തലാവണം വിഗതകുമാരന്റെ നോട്ടീസ് പ്രസിദ്ധപ്പെടുത്തരുത് എന്ന് വിനു എബ്രഹാമിനു കുന്നുകുഴി മണി മുന്നറിയിപ്പു നൽകിയത്. വർഷവും തീയതിയും മാറുന്നതോടെ റോസിയുമായി ബന്ധപ്പെട്ട സംഭവവിവരണങ്ങളെയാകെ മാറ്റിയെഴുതേണ്ട തായി വരുമെന്ന അവസ്ഥയുണ്ട്.

          രാജ്യഭ്രഷ്ടനായ മാർത്താണ്ഡവർമ്മ എന്ന കൃതിയിലെ ‘വിഗതകുമാരൻ- ചരിത്രവും അതിന്റെ വ്യാഖ്യാനവും’ എന്ന ലേഖനത്തിൽ വിജയകൃഷ്ണൻ വിഗതകുമാരന്റെ പ്രദർശനതീയതിയെപ്പറ്റിയുള്ള പിൽക്കാല തർക്കങ്ങളെ പുനരവലോകനം ചെയ്യുന്നുണ്ട്. ‘വിഗതകുമാരന്റെ’ പ്രദർശനതീയതിയായി ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ള 1928 നവംബർ 7, ജെ സി ഡാനിയൽ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം അംഗീകരിച്ചതാണെന്നും തീയതിയിൽ വ്യത്യാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അതു തിരുത്തുമായിരുന്നെന്നും വിജയകൃഷ്ണൻ പറയുന്നു. അതു തന്നെയാണ് ശരിയായ തീയതി എന്ന് വിശ്വസിക്കാൻ മറ്റു തെളിവുകളുടെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 1950 ആഗസ്റ്റു മാസത്തിലെ സിനിമാമാസികയുടെ ഓണം വിശേഷാൽ പ്രതിയിലെ  ‘ഇന്ത്യൻ സിനിമാവ്യവസായം’ എന്ന പേരിൽ ഏവൂർ ഈ. കെ. എഴുതിയ ലേഖനത്തിൽ മൂകചിത്രമായ ‘വിഗതകുമാരന്റെ’ (‘വിഗതകുമാർ’ എന്നാണ് അതിൽ കൊടുത്തിരിക്കുന്ന പേര്) പ്രദർശനവർഷം ‘മാർത്താണ്ഡവർമ്മ’യ്ക്കുശേഷമാണ്. 1933-ൽ. ഈ വിവരത്തിന്റെ ആധാരമെന്താണെന്ന് ലേഖനത്തിൽ സൂചനയില്ല. വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവുമായ ജെ. സി. ഡാനിയൽ ജീവിച്ചിരിക്കുമ്പോഴാണ് ഈ ലേഖനവും പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നോർക്കുക.

          സാന്ദർഭികമായി മറ്റൊരു കാര്യത്തെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. രാജേഷ് കെ എരുമേലി എഴുതിയതുപോലെ ടെന്റ് തിയേറ്ററായിരുന്നോ ‘വിഗതകുമാര’ന്റെ കാലത്തെ തിരുവനന്തപുരത്തെ ക്യാപിറ്റോൾ എന്നും ആലോചിക്കാവുന്നതാണ്. (ടെന്റു തിയേറ്ററിൽ നാടകങ്ങൾമാത്രമാണ് അവതരിപ്പിച്ചിരുന്നതെന്നും ‘വിഗതകുമാരനു’വേണ്ടി ക്യാപിറ്റോളിൽ ചില മാറ്റങ്ങൾ വരുത്തിയെന്നുമാണ് കുന്നുകുഴി മണി പറയുന്നത്) ക്യാപിറ്റോൾ തിയേറ്ററിന്റെ ഒരു പരസ്യം, 1930-ലെ ‘മലയാളരാജ്യം വിശേഷാൽ പ്രതി’യിൽ കൊടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ബ്യൂട്ടി സ്പോട്ടായി സിനിമാഹാളിനെ വിശേഷി പ്പിക്കുന്ന ആ പരസ്യത്തിന്റെ പ്രധാനഭാഗം ഇംഗ്ലീഷിലാണ്. (വിഗതകുമാരന്റെ ക്ഷണപത്രി കയും ഇംഗ്ലീഷിലാണ്) നിർമ്മാതാക്കളെയും കാണികളെയും പരസ്യദാതാക്കളെയും വേർതിരിവില്ലാതെ അഭിസംബോധന ചെയ്യുന്ന മുഴുവൻ പേജ് വിവരണത്തിന്റെ ഇംഗ്ലീഷ് ഭാഗത്തിനും മലയാളഭാഗത്തിനുംതമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. “യുവാക്കൾക്കും മുതിർന്നവർക്കും വിനോദത്തിനും വിശ്രമത്തിനുമുള്ള ഇടമാണ്; അറിവു നേടാനുള്ള പ്രഭവമാണ്; പരിഷ്കാരത്തിന്റെ ഇരിപ്പിടമാണ്” എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്കൊ പ്പം “മികച്ച ചലച്ചിത്രങ്ങൾമാത്രമേ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നും അച്ചടക്കം കർക്കശമാണെന്നും” അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അവസാനഭാഗത്തെ മലയാളം കുറിപ്പിൽ ചലച്ചിത്രത്തെപ്പറ്റിയുള്ള സങ്കല്പങ്ങൾകൂടി കടന്നുവരുന്നു.  “ലോകപരിജ്ഞാനത്തെ പ്രദാനം ചെയ്യുന്നതും നവീനപരിഷ്കാരത്തിന്റെ അസ്തിവാരവുമായി പ്രശോഭിക്കുന്ന ചലനചിത്രം ഒന്നിനൊന്ന് ജനാവലിയെ ആകർഷിച്ചു കൊണ്ടുതന്നെയിരിക്കുന്നു. വിശാലമായ ശാലയും മനോഹരചിത്രങ്ങളും പടത്തോടുകൂടി പ്രദർശനവും കമനീയകാഴ്ചകളും നിശ്ചയമായ അഭിനയചേഷ്ടയും, ആധുനികചലനചിത്ര പ്രദർശനത്തിലെ പ്രധാനരംഗങ്ങളാണ്.” എന്ന് ആ പരസ്യം പറയുന്നു. അന്നത്തെ കണക്കിൽ ആധുനികീകരിച്ച ഒരു സ്ഥാപനത്തിന്റെ പരസ്യമാണിത്.

          1930-ആയപ്പോഴേക്കും ലോകചലച്ചിത്രമേഖല വളരെ വികസിച്ചിരുന്നു. ശബ്ദചിത്രങ്ങൾ പുറത്തിറങ്ങുകയും ചലച്ചിത്രങ്ങളുടെ പ്രാധാന്യവും പ്രസക്തിയും സ്വാധീനവുമെല്ലാം വ്യാപകമായി ചർച്ചചെയ്യുകയും ചലച്ചിത്ര സൈദ്ധാന്തിക-പഠനഗ്രന്ഥങ്ങൾ പലതും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള ചിത്രങ്ങളുമായി മലയാളികൾ അതിനകം പരിചയപ്പെട്ടും കഴിഞ്ഞിരുന്നു.  പലതുകൊണ്ടും ആസ്വാദനവഴിക്ക് മുന്നോട്ടുപോയിക്കഴിഞ്ഞിരുന്ന ഒരു സമൂഹം, സാങ്കേതികമായും ഉള്ളടക്കപരമായും പിന്നാക്കാവസ്ഥയിലുള്ള ഒരു ചലച്ചിത്രത്തെ ഏതുവിധം സ്വീകരിക്കുമെന്നതിന്റെ ഉദാഹരണമാണ് ‘വിഗതകുമാരനു’ എതിരെയുണ്ടായ പ്രതിഷേധങ്ങൾ എന്നും പറഞ്ഞുകൂടേ? എങ്കിൽ റോസിയുടെ ദുരനുഭവത്തെ നിലനിർത്തിക്കൊണ്ടുത്തന്നെ, മറ്റൊരു ആഖ്യാനസാധ്യതകൂടി അതു തുറന്നുതരും.  സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ പ്രതികരണങ്ങളിലേക്കാണ് അത് ശ്രദ്ധ ക്ഷണിക്കുന്നത്.  ‘വിഗതകുമാരൻ’ സാങ്കേതികമേന്മയുള്ള ചിത്രമായിരുന്നോ, ഇതിനകം വൈദേശികചലച്ചിത്രങ്ങളുമായി പരിചയപ്പെട്ടു കഴിഞ്ഞിരുന്ന സമൂഹത്തിന് പൊരുത്തപ്പെടാനാവാത്തവിധമുള്ള കലാപരമായ മേന്മക്കുറവ് ആദ്യചിത്രത്തിനെതിരെ യുണ്ടായ അസ്വസ്ഥതകൾക്കുകാരണമായിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും അപൂർവമായി ആലോചനകൾ നടന്നിട്ടുണ്ട്. ഡോ. ഡൊമിനിക് ജെ കാട്ടൂർ എഴുതിയ  ‘വിഗതകുമാരൻ -സെല്ലുനോയിഡിനപ്പുറം’ എന്ന ലേഖനമാണ് ഒരു ഉദാഹരണം.

വാചികാഖ്യാനങ്ങളെ അടിസ്ഥാനമാക്കി ജീവിതവിവരണം രൂപപ്പെടുത്തുമ്പോൾ പിഴവുകളും വൈരുദ്ധ്യങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. പിൽക്കാല അറിവുകളും അന്വേഷണങ്ങളും തെളിവുകളും സ്വീകരിച്ചുകൊണ്ടു ലഭ്യമായ വസ്തുതകളെ പരിഷ്കരിക്കുന്നതായിരിക്കും ചരിത്രപരമായ സമീപനത്തിനു കൂടുതൽ യോജിച്ചത്. കാലോചിതമായ അന്വേഷണങ്ങളും കൂട്ടിച്ചേർക്കലുകളും പുനർമൂല്യനിർണ്ണയങ്ങളും യുക്തിവിചാരങ്ങളുമില്ലാത്ത വസ്തുതകളുടെ ശേഖരം  വൈകാരികാഖ്യാനങ്ങൾക്കുള്ള വിഭവംമാത്രമേ ആകുന്നുള്ളൂ. കേരളത്തിലെ ചലച്ചിത്രജീവിതങ്ങളുടെ ആരംഭകാല ത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വ്യത്യസ്തദിശയിൽനിന്നുള്ള കാഴ്ചവട്ടങ്ങളെയും ചിന്തകളെയും സമചിത്തതയോടെ  പരിഗണിക്കേണ്ടത് ആവശ്യമാണ്. അവയെ കേവല വൈകാരികാഖ്യാനങ്ങളും ഏകദിശാമുഖങ്ങളുമാക്കി മാറ്റാതിരിക്കാൻ പ്രത്യേകിച്ചും. 

 

പുസ്തകങ്ങൾ

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ - ചലച്ചിത്രവ്യവസായം കേരളത്തിൽ

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ - ജെ സി ഡാനിയലിന്റെ ജീവിത കഥ

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ - മലയാള സിനിമ ചരിത്രം വിചിത്രം

കുന്നുകുഴി എസ് മണി – പി കെ റോസി മലയാള സിനിമയുടെ അമ്മ

ജയന്തി ജെ – ഡോ ജെ സി ഡാനിയൽ മലയാളസിനിമയുടെ പിതാവ്

പ്രഫ. ഡി പ്രേം ലാൽ, ഡോ എസ് ആർ ചന്ദ്രമോഹനൻ - ജെ സി ഡാനിയൽ                                                                                 മലയാളസിനിമയുടെ വിഗതകുമാരൻ

വിജയകൃഷ്ണൻ - രാജ്യഭ്രഷ്ടനായ മാർത്താണ്ഡവർമ്മ

വിജയകൃഷ്ണൻ - മലയാള സിനിമയുടെ കഥ

എം ജയരാജ് – മലയാളസിനിമ പിന്നിട്ട വഴികൾ

ആർ ഗോപാലകൃഷ്ണൻ - നഷ്ടസ്വപ്നങ്ങൾ

മലയാളരാജ്യം വാർഷികപ്പതിപ്പ് 1930

സിനിമാമാസിക വിശേഷാൽ പ്രതി 1950

ഭാഷാപോഷിണി ചിത്രമാസിക മേടം 1115

 

-------------------------

മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബർ 7-14, 2024

 

No comments: