ആധുനിക തിരുവിതാംകൂറിന്റെ ഉദയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ നടന്ന കലാപങ്ങളും ദുരന്തങ്ങളും ഉപജാപങ്ങളും ഇടപെടലുകളുമെല്ലാം സർഗാത്മകരചനകൾക്ക് വേണ്ടുവോളം വിഭവങ്ങൾ നൽകിയിട്ടുണ്ട്. നാടുവാഴിവ്യവസ്ഥയിൽനിന്ന് രാജാധികാരത്തിലേക്കും ഉദ്യോഗസ്ഥഭരണത്തിലേക്കുമുള്ള രാഷ്ട്രീയകാലാ വസ്ഥയുടെ സംക്രമണകാലത്തെ സംഘർഷങ്ങളെയാണ് അവ സ്ഥാനപ്പെടുത്തുന്നത്. കേന്ദ്രീകൃതമായ അധികാരവാഴ്ചയോട് കൂറുവെളിപ്പെടുത്തുന്ന അപദാനങ്ങളാണ് മുഖ്യധാരയിലുള്ളത്. എങ്കിലും ചരിത്രഗതിയുടെ വ്യത്യസ്തമായ തരത്തിലുള്ള സ്വഭാവത്തെ വ്യക്തമാക്കിത്തരുന്ന, പ്രാദേശികമായ വാമൊഴിവഴക്കങ്ങൾ വഴി പ്രചരിച്ചിട്ടുള്ള ബദൽ ആഖ്യാനങ്ങൾക്കും അവയ്ക്കിടയിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട വിഭാഗമാണ് പ്രസ്തുതചരിത്രസംഭവങ്ങളെ പ്രമേയമാക്കുന്ന മലയാളനോവലുകൾ. സി വി രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ (1891), വൈക്കം ചന്ദ്രശേഖരൻ നായരുടെ ‘പഞ്ചവൻകാട്’ (1970) തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ ‘വേണാട്ടുസിംഹം’ (1994) എന്നിവ മാർത്താണ്ഡവർമ്മ കഥാപാത്രമായി വരുന്ന മുൻകാലനോവലുകളാണ്. “ഭൂതകാലത്തെ ജീവിതം ഭാവനാപരമായി ചിത്രീകരിക്കുന്നവ” എന്ന് കേസരി ബാലകൃഷ്ണപിള്ള നിർവചിച്ച റൊമാൻസുകളുടെ (ചരിത്രാഖ്യായികകളുടെ) ഗണത്തിലാണ് ഇവയുടെ സ്ഥാനം. തിരുവിതാംകൂറിലെ രണ്ടും മൂന്നും നൂറ്റാണ്ടുകൾക്കു മുൻപുള്ള രാഷ്ട്രീയപരിസരം പശ്ചാത്തലമാക്കുന്ന പിൽക്കാല നോവലുകളിൽ പലതും ഈ ഗണത്തിൽ ഉൾപ്പെടുത്താവുന്നവയല്ല. പ്രമേയപരമായി അവ, പ്രത്യേക പ്രദേശത്തെ, പ്രത്യേക ചരിത്രസന്ധിയെ സ്വീകരിക്കുന്ന സമാനത പ്രകടിപ്പിക്കുന്നവയാണെങ്കിലും ആഖ്യാനതലങ്ങളിലുള്ള വൈവിധ്യവും വർത്തമാനകാലത്തിൽനിന്നുള്ള സുതാര്യവുമായ നോട്ടവും അവയെ വേറിട്ടു നിർത്തുന്നു.
ചരിത്രസന്ദർഭമെന്ന നിലയ്ക്ക് സമകാലികനോവലുകളിൽ കടന്നുവരുന്ന തിരുവിതാംകൂർ എന്ന സ്ഥല ത്തിനും അനിഴം തിരുന്നാൾ വീരമാർത്താണ്ഡവർമ്മയുടെ രാജപദവിയ്ക്കും വ്യത്യസ്തമായ മാനങ്ങളാണുള്ളത്. അവിടെ വിശാലമായ ഭൂതകാലത്തിലെ ഒരു ഖണ്ഡത്തെ നിശ്ചിതലക്ഷ്യത്തെ മുൻനിർത്തി അവതരിപ്പിക്കു ന്ന ഭാവമാണുള്ളത്. ആഖ്യാനകാലംപോലും അവിടെ പലതാണ്. ഈ കാലാന്തരസഞ്ചാരമാണ് നോവലുകളിൽ പരാമർശിക്കപ്പെടുന്ന ചരിത്രഖണ്ഡത്തെ വിശകലനസ്വഭാവമുള്ളതാക്കി മാറ്റുന്നത്. പ്രമേയത്തിനുള്ളിലെ ചരിത്രാസ്പദങ്ങളെ ഭാവനയുമായി കൂട്ടിയിണക്കി അതികഥയുടെ (Metafiction) ഘടനയിലേക്ക് പരിവർത്തിപ്പിക്കുന്നവയാണ് സമകാലികനോവലുകൾ. എഴുത്താണ് അതികഥകളിലെ മുഖ്യപ്രമേയം. ചരിത്രസംഭവങ്ങൾ അതിന്റെ അനുബന്ധങ്ങൾ മാത്രമാകുന്നതേയുള്ളൂ.
അനിഴംതിരുന്നാൾ മാർത്താണ്ഡവർമ്മയുടെ അധികാരാരോഹണവുമായും അന്തരഗാമികളുടെ ഭരണ ത്തുടർച്ചയുമായും ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രവസ്തുതകൾക്ക് മലയാളനോവലിന്റെ ആവിർഭാവകാലം മുതൽ വർത്തമാനകാലംവരെയും ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വീകാര്യതയുണ്ട്. ഇതേ വസ്തുതയെ വിവിധ രീതിയിൽ ആവിഷ്കരിച്ച ഔദ്യോഗികമായ ചരിത്രാഖ്യാനങ്ങൾക്ക് പുറമേയാണിത്. മലനാട്ടിന്റെ തെക്കൻ പ്രവിശ്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ അധികാരകേന്ദ്രീകരണത്തിന്റെ ഒരു പ്രത്യേക ഘട്ടം, 1891-മുതൽ 2023-വരെയുള്ള നോവലുകളിൽ സജീവപ്രമേയമായി ആവർത്തിക്കപ്പെടുന്നു. മുഖ്യപ്രമേയമാല്ലാതെ സാന്ദർഭികചർച്ചാവിഷയമായും മാർത്താണ്ഡവർമ്മയെയും തിരുവിതാംകൂറെന്ന ഭൂതകാലയിടവും നോവലുകളിൽ കടന്നു വരുന്ന സന്ദർഭങ്ങളും വിരളമല്ല. 2023-ൽ പുറത്തിറങ്ങിയ ഇരു, എതിർവാ, മുതൽ, ഗിരി എന്നീ നാലു നോവലുകൾ ആധുനിക തിരുവിതാംകൂറിന്റെ ഉദയവുമായി ബന്ധപ്പെട്ട ചരിത്രസന്ദർഭത്തെ വ്യത്യസ്തമായ നിലകളിൽ നോക്കിക്കണ്ടവയാണ്. ആർ നന്ദകുമാറിന്റെ പടിയേറ്റം (2019), അച്യുത് ശങ്കർ എഴുതിയ തരിപ്പ് (2019), ദീപുവിന്റെ മുകിലൻ (2023) തുടങ്ങിയവയും തിരുവിതാംകൂറിന്റെ സമീപഭൂതകാലചരിത്രത്തെയാണ് ആശ്രയിക്കുന്നത്. വസ്തുനിഷ്ഠമെന്ന് വിശേഷിപ്പി ക്കുന്ന സാമ്പ്രദായിക ചരിത്രരചനയിൽനിന്നു വ്യത്യസ്തമാണ് നോവലുകളിൽ വിവരിക്കപ്പെടുന്ന ഭൂതകാലം എന്നാണ് പൊതുവായ വിശ്വാസം. ഓർമ്മയെ കൂടുതലായി ആശ്രയിച്ചുകൊണ്ട് കഴിഞ്ഞകാലത്തെ പകർത്തിയെടുക്കുകയാണ് സമൂഹങ്ങളുടെ പതിവ്. സാമൂഹികവും വ്യക്തിപരവുമായ സ്വത്വബോധത്തിന്റെ ഉറവിടമെന്ന നിലയിൽ, സംഘസ്മൃതി (collective memory), സമകാലികസമൂഹത്തിലെ വ്യത്യസ്തവിഭാഗങ്ങൾ സ്വന്തമാക്കുന്ന ഒരു തരം ചരിത്രമാണെന്ന് ‘സാപ്പിയൻസി’ൽ യുവാൽ നോവ ഹരാരി നിരീക്ഷി ക്കുന്നു. ഫ്രെഞ്ച് ചരിത്രകാരനായ പോൾ വെയ്ന്, ‘യഥാർഥ നോവൽ’ (true novel) എന്ന് ചരിത്രത്തെ വിശേഷിപ്പിക്കുന്നതും ഓർക്കാവുന്നതാണ്. നോവലെന്നും ചരിത്രമെന്നുമുള്ള വ്യവഹാരങ്ങളുടെ വേർതിരിവു കൾ മായുകയും ‘സംഭവിക്കാനിടയുള്ളവയെപ്പറ്റിയുള്ള ചരിത്രമാണ് നോവൽ’ എന്ന ചിന്താഗതി വർത്തമാനകാലാവസ്ഥയിൽ കൂടുതൽ പ്രസക്തമാവുകയും ചെയ്യുന്നു. ഭൂതകാലത്തിലേക്കുള്ള സർഗാത്മകഭാവനയുടെ സവിശേഷമായ ശ്രദ്ധയും തിരിഞ്ഞുപോക്കും ചരിത്രസന്ധികളുടെയും കാലികമായ സമ്മർദ്ദങ്ങളുടെയും ഫലമായിരിക്കാം. എന്നാൽ ഇതെല്ലാം ചേർന്നാണ് ‘സമകാലികത’യെന്ന സങ്കല്പനത്തെ കൂടുതൽ വിസ്തൃതിയുള്ള പഠനോപാധിയാക്കിത്തീർക്കുന്നത്.
സി വി രാമൻ പിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ – ‘ഇരു’വിന്റെ ആധാരങ്ങളിലൊന്ന്
കുഞ്ചുത്തമ്പിമാർ എന്നറിയപ്പെട്ടിരുന്ന തമ്പി രാമൻ ആദിച്ചൻ, തമ്പി രാമൻ രാമൻ എന്നിവർ എട്ടുവീട്ടിൽ പിള്ളമാരുടെ സഹായത്തോടെ രാജ്യം കൈയടക്കാൻ ശ്രമിക്കുന്നതിനിടയിൽ മാർത്താണ്ഡവർമ്മയെ രക്ഷപ്പെടുത്തിയ കാണിക്കാരുടെ കഥയാണ് ഷിനിലാലിന്റെ ‘ഇരു’ പ്രധാനമായി പറയുന്നത്. രാഷ്ട്രീയമായ അസ്വാസ്ഥ്യങ്ങൾക്കിടയിൽ ചരിത്രത്തിൽ അവഗണിക്കപ്പെട്ട് മറഞ്ഞുപോയ കാണിക്കാരുടെ വംശചരിത്രത്തെ തെളി ച്ചത്തോടെ എടുത്തുകാണിക്കുക എന്ന ലക്ഷ്യം നോവലിനുണ്ട്. ഈ കാഴ്ചപ്പാടാണ് ‘ഇരു’വിനെ ബദൽചരിത്രാഖ്യാനമാക്കി മാറ്റുന്നത്. തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗസ്ഥപദവികളിൽ മലയാളികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമൂലം തിരുന്നാളിനു ‘മലയാളി മെമ്മോറിയൽ’ നിവേദനം നൽകിയ വർഷമാണ് (1891 ജനുവരി 1) സി വി രാമൻപിള്ള രചിച്ച ‘മാർത്താണ്ഡവർമ്മ’യുടെ പ്രസിദ്ധീകരണവും നടന്നത്. രാജസേവനത്തിനു യോഗ്യമായ വിധത്തിൽ സത്യ സന്ധതയും അർപ്പണമനോഭാവവും വിധേയത്വവും തങ്ങൾക്കുണ്ടെന്ന് ഭൂതകാലത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയായിരുന്നു ‘മാർത്താണ്ഡവർമ്മ’യിലൂടെ സി വി. അതോടൊപ്പം നിലവിലുള്ള രാജാധികാരത്തെ സ്ഥാപിക്കാൻ ഒരു വിഭാഗം നൽകിയ പിന്തുണയെയും സഹായത്തെയും പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഡോ. പല്പു ഉൾപ്പടെയുള്ളവർ നിവേദനത്തിൽ ഒപ്പിട്ടിരുന്നുവെങ്കിലും തിരുവിതാംകൂറിലെ നായർ മേൽക്കോയ്മയുടെ പ്രഭാവിതമായ ഭൂതകാലമായിരുന്നു സി വിയുടെ പ്രചോദനം.
സി വിയുടെ ‘മാർത്താണ്ഡവർമ്മ’യിൽ വേലുക്കുറുപ്പിന്റെ പടയാളികളിൽനിന്ന് യുവരാജാവിനെ രക്ഷി ക്കുന്ന ഭ്രാന്തൻ ചാന്നാൻ പിന്നീട് രാജ്യത്തെ വലിയ പടത്തലവനായി തീരുന്നു. നോവലിൽ അയാളുടെ ജാതി പറയുന്നില്ല. അയാൾ ഏതു വിഭാഗത്തിൽപ്പെടുന്നയാളാണ് എന്ന് അനുമാനിക്കാൻ കഴിയുന്നതാണ് പൊതുവായി നോവൽ സൃഷ്ടിക്കുന്ന അന്തരീക്ഷം. ‘ഇരു’വിൽ വ്യക്തമായിതന്നെ അത് മുത്തൻകാണി യാണെന്ന് എടുത്തു പറയുന്നുണ്ട്. (പുറം.92) “സി വി രാമൻ പിള്ള അനന്തപത്മനാഭനാക്കി മാറ്റിയില്ലാ യിരുന്നുവെങ്കിൽ ഒരു പടനായക മുത്തൻ ആ ചരിത്രസന്ധിയിൽ തലയുയർത്തി നിൽക്കുമായിരുന്നു” (പുറം.407) എന്ന നെടുവീർപ്പ് നോവലിന്റെ ഉള്ളിലുണ്ട്. കൊലയാളികളിൽനിന്നു രക്ഷപ്പെടുത്തിക്കൊണ്ടു വന്ന മാർത്താണ്ഡവർമ്മയെ കാണിക്കാർ പൊതിയൻ മല അപ്പിൽ രഹസ്യമായി താമസിപ്പിച്ച് ആരോഗ്യം വീണ്ടെടുപ്പിച്ച് തിരിച്ചയക്കുന്നു. ജീവൻ രക്ഷിച്ചതിനും കാത്തു സൂക്ഷിച്ചതിനും പ്രതിഫലമായി ആ ജനവിഭാഗത്തിന് മാർത്താണ്ഡവർമ്മ “എഴുപത്തിരണ്ട് കാണിപ്പറ്റുകൾക്കായി ആചന്ദ്രതാരം അവകാശം കൊടുത്ത ചെമ്പുപട്ടയ പ്രകാരമുള്ള ഭൂമി”യുടെ (അതിന്റെ പൂർണ്ണരൂപം പുറം 362-ൽ കാണാം) ആധാരരേഖ കണ്ടെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
രാജഭരണകാലത്ത് ബ്രിട്ടീഷ് റെജിമെന്റിൽ ഒന്നിച്ചു പട്ടാളക്കാരായിരിക്കുകയും രാജ്യവിഭജനത്തിനു ശേഷം ഇന്ത്യ - പാകിസ്താൻ എന്ന രണ്ടു ശത്രുരാജ്യങ്ങളിലെ സൈനികരായി പോവുകയും ചെയ്ത ത്രിവിക്രമൻ തമ്പിയുടെയും ഷിറഫിന്റെയും സൗഹാർദ്ദത്തിന്റെ കഥകൂടി ഇതോടൊപ്പം ‘ഇരു’ വിലുണ്ട്. വെട്ടെക്കോട്ടമ്പലത്തിൽ സമീപകാലംവരെയും പ്രധാനപ്രതിഷ്ഠയോടൊപ്പംവച്ചു പൂജിച്ചിരുന്ന ഖുറാൻ താളിയോലഗ്രന്ഥത്തെക്കുറിച്ചുള്ള പരാമർശവും പൂജയുടെ വിശദമായ ചടങ്ങുകളെക്കുറിച്ചുള്ള വിവരണവും മതസൗഹാർദ്ദത്തിന്റെ വർത്തമാനപ്രസക്തിയുടെ പശ്ചാത്തലത്തിൽ സമകാലികമാവുന്നു. വർഷങ്ങളായി തുടർന്നു വന്ന സൗഹാർദ്ദാചാരം നിന്നു പോകുന്നതിനെക്കുറിച്ചും മുഹമ്മദീയമതഗ്രന്ഥം ഹിന്ദുക്ഷേത്രത്തിൽ വച്ചാരാധിക്കുന്നതിന്റെ പേരിൽ പുതുതലമുറ ഇടയുന്നതിന്റെയും ചിത്രീകരണങ്ങൾ മതവുമായി കൂടിക്കലരുന്ന വർത്തമാനകാല രാഷ്ട്രീയാവസ്ഥയുടെ വിമർശനമാണെന്നു കാണാം. മനുഷ്യരുടെ സാമൂഹികജീവിതങ്ങൾക്ക് ചരിത്രബന്ധമില്ലാതാകുന്നതിനെക്കുറിച്ചുള്ള താക്കീതാണ് ഇത്തരം പരിണാമങ്ങൾ.
‘മാർത്താണ്ഡവർമ്മ’ യിലെ കഥാപാത്രമായ ഹക്കീം ഖാന്റെ സഹോദരനാണ് ഇറവാങ്കോട്ട് ലബ്ബ (ഇലപ്പ). മാർത്താണ്ഡവർമ്മയുടെ അധികാരരോഹണത്തിനു കായികമായും സാമ്പത്തികമായും പിന്തുണ നൽകി സഹായിച്ചവരാണ് സി വി യുടെ നോവലിൽ മണക്കാട്ട് പാളയത്തിലെ പട്ടാണികൾ. അവർക്ക് പ്രധാനപ്പെട്ട സ്ഥാനമാണ് നോവൽ നൽകിയത്. ആ നിലയ്ക്കും ‘ഇരു’ പൂർവരചനയായ ‘മാർത്താണ്ഡ വർമ്മ’ യുമായി ബന്ധപ്പെടുന്നുണ്ട്. ‘ഇരു’വിൽ ലബ്ബ, രാജാവിനുവേണ്ടി സഹോദരനു കത്തെഴുതുന്നതിലൂടെ സാമ്പത്തികമായും, സ്വയം ആർജ്ജിച്ച ദിവ്യത്വംകൊണ്ട് ആത്മീയമായും, ശരീരബലത്തിലുള്ള ആത്മവി ശ്വാസത്താൽ കായികമായും മാർത്താണ്ഡവർമ്മയെ അയാൾ സഹായിക്കുന്നു. ലബ്ബയുടെ സംശുദ്ധമായ മത ജീവിതത്തെക്കൂടി ആഖ്യാനത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. മാർത്താണ്ഡവർമ്മയെ സഹായിക്കുന്ന കാട്ടുവാ സികളായ വേടർ (വേടർ, കാണിക്കാർ, ചെറുമർ എന്നിങ്ങനെ പല പേരുകൾ നോവലിൽ ഉപയോഗിച്ചി രിക്കുന്നു) കാട്ടിലെ കരുത്തരായ ‘അരശരായാ’ണ് (രാജാക്കാന്മാർ) സ്വയം വിശേഷിപ്പിക്കുന്നത്. ഇറവാങ്കോട്ട് ലബ്ബ ആത്മീയപ്രഭാവത്തിന്റെ കാര്യത്തിൽ ധനികനാണ്. തുല്യനിലയിൽ കരുത്തരായ ആളുകൾ എന്ന നിലയിൽ ജനങ്ങൾ രാജാവുമായി കായികമായും സാമ്പത്തികമായുമുള്ള വിനിമയങ്ങൾ നടത്തുന്നു. വിവിധ ജാതിമതസ്ഥരുടെ സഹായത്തോടെയും ത്യാഗമനഃസ്ഥിതിയോടെയും രൂപംകൊണ്ട ദേശമായി തിരുവിതാംകൂറിനെ വിഭാവന ചെയ്യുന്നിടത്ത് ‘ഇരു’വിലെ ചരിത്രം വർത്തമാന കാലത്തിൽ നിന്നുകൊണ്ട് ഭാവിയെ രൂപപ്പെടുത്താനുള്ള ഉപാദാനവസ്തുവായിത്തീരുന്നു.
എതിർവാ – വ്യക്തിപ്രഭാവങ്ങളെ അഴിച്ചു നോക്കുമ്പോൾ
സലിൻ മാങ്കുഴിയുടെ ‘എതിർവാ’ ‘പഞ്ചവൻകാടി’ന്റെ പാരമ്പര്യത്തെ പിൻപറ്റുന്ന നോവലാണ്. സ്തുതി ഗാഥകൾ ചിത്രീകരിച്ചതിൽനിന്നു വ്യത്യസ്തമായി, ജീവിതാവസാനംവരെ മാർത്താണ്ഡവർമ്മ അനുഭവിച്ച മാന സികസംഘർഷങ്ങളെയും പരാജയഭീതിയെയും ദൗർബല്യത്തെയും മാനുഷികമായ നിലയിൽനിന്നു നോക്കിക്കാണുകയാണ് ‘എതിർവാ’ ചെയ്യുന്നത്. തളർവാതം വന്നു മരിച്ച മാർത്താണ്ഡവർമ്മയുടെ വ്യക്തി വിവരങ്ങൾ ഈ വസ്തുതയെ സാധൂകരിക്കുന്നുമുണ്ട്. അനിഷേധ്യനായ രാജാവ്, വിട്ടുവീഴ്ചയ്ക്കു തയ്യാറാവാത്ത ഭരണാധികാരി, പരാജയമറിയാത്ത പോരാളി എന്നെല്ലാമുള്ള നിലയിൽനിന്ന് നിസ്സഹായനായ സാധാര ണമനുഷ്യനായി മാർത്താണ്ഡവർമ്മയെ നോക്കിക്കാണാൻ നോവലിസ്റ്റിനെ ജനാധിപത്യപരമായ ലോക ബോധവും സഹായിച്ചിട്ടുണ്ട്. രാജാവിന്റെ വിജയങ്ങൾ നേരായ രീതിയിലുള്ളതല്ലായിരുന്നു എന്നാണ് വാമൊഴി-ബദൽചരിത്രങ്ങളെപ്പോലെ (തമ്പിമാർ കഥ എന്ന തെക്കൻ പാട്ട് ഉദാഹരണം) നോവലും പറയുന്നത്.
“രാമരാജബഹദൂർ ശ്രീപത്മനാഭദാസവഞ്ചിപാല മഹാരാജശ്രീ അനിഴം തിരുന്നാൾ വീരബല മാർത്താണ്ഡവർമ്മ കുലശേഖരപെരുമാൾ ഭയന്നു നിലവിളിച്ചു. ത്രികാലങ്ങൾ അതിനെ ഗർജ്ജനമായി പരാവർത്തനം ചെയ്തു.” (പുറം.159) ഈ അവസാനവാക്യം നോവൽ അവതരിപ്പിക്കുന്ന വീക്ഷണത്തെ പ്രകടമായി മുന്നോട്ടു വയ്ക്കുന്നുണ്ട്. തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ചും അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മയെക്കുറിച്ചും ചരിത്രപുസ്തകങ്ങൾ നൽകിയ വിവരങ്ങൾ പലതും കെട്ടുകഥയാണെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് നോവലിസ്റ്റ്. ‘ചരിത്രം വിട്ടുകളഞ്ഞതിനെ ഭാവനകൊണ്ടു പൂരിപ്പിക്കുകയാണു ചെയ്യുന്നതെങ്കിലും ലഭ്യമായ ചരിത്രപുസ്തകങ്ങളും രേഖകളും പരിശോധിച്ചതിനുശേഷം നടത്തിയ ഊഹം ഒരുപക്ഷേ സത്യമായിരിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം’ എന്ന പ്രഖ്യാപനം ആമുഖത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. (പുറം.7)
കഥയ്ക്കും ചരിത്രത്തിനും ഇടയിലുള്ള വിടവുകളുടെ അർത്ഥരാഹിത്യത്തെപ്പറ്റിയുള്ള ആധുനിക ബോധ്യത്തിന്റെ പ്രഖ്യാപനമാണിത്.
മുതലും ഗിരിയും – സാമ്പത്തികവും രാഷ്ട്രീയവുമായ വിചാരണകൾ
മേൽപ്പറഞ്ഞ നോവലുകളിൽനിന്നും വ്യത്യസ്തമായാണ് വിനോയ് തോമസിന്റെ ‘മുതലും’ പി പി പ്രകാശന്റെ ‘ഗിരി’യും തിരുവിതാംകൂറിന്റെ ഭൂതകാലത്തെ നിരീക്ഷിക്കുന്നത്. പാറക്കഷണങ്ങളിലും കക്കത്തൊ ണ്ടിലും തുടങ്ങി ഗൂഢഭാഷയിലുള്ള (Crypto) ഡാറ്റാബെയിസിലെത്തിനിൽക്കുന്ന പണത്തിന്റെ വിനിമയചരിത്രമാണ് ‘മുതൽ’ അന്വേഷിക്കുന്നത്. മൂലധനതത്ത്വമെന്നു പരിഭാഷപ്പെടുത്താവുന്ന ക്യാപിറ്റലി സത്തിനു മലയാളത്തിൽ മുതലാളിത്തമെന്നാണ് പ്രചാരമുള്ള പേര്. ധനം, വിഭവം, ഈടുവയ്പ് എന്നിവയിൽ കവിഞ്ഞ അർത്ഥം സംസാരഭാഷയിൽതന്നെ മുതലിനുണ്ട്. ‘കരിക്കോട്ട കരി, പുറ്റ് എന്നീ നോവലുകൾക്കുശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ’ എന്ന നോവലിനുള്ള പുറച്ചട്ടയിലെ വിശേഷണം ആ അർത്ഥാന്തരതയെയാണ് ലക്ഷ്യമാക്കുന്നത്. വിദ്യ, ധനം, ധാന്യം, പശു, ആരോഗ്യം, സന്താനം, രാജ്യം, മോക്ഷം എന്നിങ്ങനെ എട്ടു ഭാഗങ്ങളായുള്ള വിഭജനം മുതലെന്ന സങ്കല്പത്തിന്റെ നാനാർത്ഥങ്ങളെ സൂചിപ്പിക്കുന്നു.
കപടശാസ്ത്രങ്ങളായി ആധുനികബോധം പരിഗണിക്കുന്ന ജ്യോതിഷം, സംഖ്യാശാസ്ത്രം, വാസ്തുശാസ്ത്രം എന്നിവയെ ഒരു ഭാഗ്യവസ്തുവിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളായി ’മുതൽ’ വിഭാവന ചെയ്യുന്നത് വിരുദ്ധോക്തിപരമായിട്ടാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച സാമ്പത്തിക കാര്യങ്ങളുടെ മൂർത്തമായ പ്രതീകമാണ് ‘ലബ്ബാക്കോയിൻ’. 786 എന്ന വിശുദ്ധ സംഖ്യയിൽ ദൈവസിംഹാ സനം വഹിക്കുന്ന മലിക്കുകളുടെ എണ്ണമായ നടുവിലത്തെ ‘8’, പത്മനാഭന്റെ കിടക്കയായ അനന്തനാഗ ത്തിന്റെ അംശങ്ങൾ അടങ്ങിയ ലോഹം – എന്നിങ്ങനെ ഹൈന്ദവവും ഇസ്ലാമികവുമായ വിശ്വാസങ്ങളെ കൂട്ടിക്കലർത്തിക്കൊണ്ട്, അതിന്റെ ചരിത്രത്തിൽ വിശ്വാസത്തിനുള്ള ഭൗതികസ്വാധീനത്തെ വിചിത്രമായ രീതിയിൽ ഉറപ്പിച്ചെടുക്കുകയാണ് വിനോയ് തോമസ് ചെയ്യുന്നത്. 1857-ലെ ശിപായി ലഹളക്കാലത്ത് ബ്രിട്ടീഷുകാർ വിതരണം ചെയ്ത ലീ എൻഫീൽഡ് റൈഫിളുകളിലെ തിരകളുടെ കടിച്ചു തുറക്കേണ്ട പായ്ക്കറ്റ്, പന്നിയുടെയും പശുവിന്റെയും നെയ്യുകൊണ്ടുണ്ടാക്കിയതാണെന്ന പ്രചാരണം രണ്ടു മതത്തിലെയും പട്ടാളക്കാരെക്കൊണ്ടെത്തിച്ച കടുത്തസംഘർഷത്തിന്റെയും പ്രക്ഷോഭത്തിന്റെയും സന്ദർഭത്തെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ സാധ്യമല്ല. ഇറവങ്കോട് ലബ്ബയുടെയും മാർത്താണ്ഡവർമ്മയുടെയും സൗഹൃദത്തെ വിദൂരഭൂതകാലത്തിലും ത്രിവിക്രമൻ തമ്പിയുടെയും ഷിറഫിന്റെയും സൗഹൃദത്തെ സമീപഭൂതകാലത്തിലും അവതരിപ്പിച്ചുകൊണ്ട് ‘ഇരു’വും അതിഭൗതികധ്വനികളോടെ ‘മുതലും’ നിർമ്മിച്ചെടുക്കുന്നത് മതേതരത്വത്തിന്റെ സമാന്തരമായ കാലികപാഠങ്ങൾ നിർമ്മിക്കുന്നു.
ക്രിപ്റ്റോകോയിനു പിന്നിലുള്ള സാമ്പത്തികാശയത്തെ നാണയവിനിമയത്തിന്റെ ചരിത്രവുമായി ബന്ധിപ്പിച്ച് ഹാസ്യാനുകരണരീതിയിലും (Parody) കളിമട്ടിലും (Playfulness) ലബ്ബോകോയിനാക്കി മാറ്റിയെഴുതുകയാണ് വിനോയ് തോമസ്. വ്യക്തികളുടെ ഭാഗ്യനിർഭാഗ്യങ്ങളെമാത്രമല്ല, ലോകചരിത്രത്തെ ത്തന്നെ മാറ്റിയെഴുതിയ കഥയാണ് ‘പണ’ത്തിനുള്ളത്. 1693-ൽ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ പ്രതിനിധിയായി ആറ്റിങ്ങൽ പ്രദേശത്ത് കോട്ടകെട്ടാനുള്ള അവകാശവും ചോദിച്ചു ഉമയമ്മറാണിയുടെ അടുത്ത് ചെല്ലുന്ന ജോൺ ബാബ്രോണിന്റെ ഉദ്ദേശ്യം നടന്നത്, കാര്യങ്ങൾ വളരെ വേഗം ബ്രിട്ടീഷുകാർക്ക് അനുകൂലമായത്, എല്ലാം അവരുടെ കയ്യിലുള്ള നാണയത്തിന്റെ മാന്ത്രികശക്തികൊണ്ടാണെന്ന് നോവൽ വായനക്കാരെ വിശ്വസിപ്പിക്കുന്നു.
ആറ്റിങ്ങൽ റാണിയുമായി കൂടിക്കാഴ്ചയ്ക്കെത്തുന്നവരിൽ കൊടുമൺ പിള്ളയുടെ വൈരത്തിനിരയായി മരിച്ച വില്യം ഗിഫോർഡിനാണ് ‘എതിർവാ’ പ്രാധാന്യം നൽകുന്നതെങ്കിൽ, അതിനും മുൻപ് കോട്ടകെട്ടാനുള്ള അവകാശം നേടിയെടുത്ത ജോൺ ബ്രാബോണിനാണ് ‘മുതലിൽ’ ഊന്നൽ. ഭാവനാത്മകമായി ചരിത്രവസ്തുതകളെ പുനർനിർമ്മിക്കുകയും ഭൗതികവസ്തുവിൽ കോർത്തിടുകയുമാണ് നോവൽ. പപ്പുതമ്പിയുടെ യഥാർത്ഥ പേരന്വേഷിക്കാനോ ഉമ്മിണിത്തങ്കയെപ്പോലുള്ളവരുടെ ദുരന്തമന്വേഷിക്കാനോ ‘മുതൽ’ മുതിരുന്നില്ല. അതേ സമയം ചരിത്രവസ്തുതകളുടെ മാതൃകകൾക്കുള്ളിൽവച്ച് ലബ്ബാക്കോയിൻ എന്ന മുതലിന്റെ അവസ്ഥാന്തരങ്ങൾ വിശദമായും വിശ്വസനീയമായും അവതരിപ്പിക്കുന്നു. ചരിത്രസംഭവങ്ങളെ വ്യക്തിഗതഭൂതകാലമായി പരിവർത്തിപ്പിച്ച് അവതരിപ്പിക്കുന്നതിനൊരു സാധൂകരണം ആമുഖത്തിൽ നോവലിസ്റ്റ് നൽകുന്നത് ഇങ്ങനെയാണ് :
“ഇങ്ങനെ ലോകത്തുനടക്കുന്ന കുറേക്കാര്യങ്ങൾ അന്വേഷിച്ചു കൂട്ടിവെച്ചു. പക്ഷേ അതുകൊണ്ടുമാത്രം നോവലുണ്ടാവുകയില്ലല്ലോ. പിന്നെന്തുചെയ്യും...? അവിടെയാണ് ഭാവനയുടെ പണി തുടങ്ങുന്നത്. സിനിമയി ൽ റിയലായിട്ടുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തിട്ട് അതിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചേർക്കുന്ന ഇടപാടുണ്ടല്ലോ. അതിന്റെ മികവെന്നു പറയുന്നത് ഒർജിനലേത് സി ജി ചെയ്തതേത് എന്ന് തിരിച്ചറിയാൻ പറ്റാതിരിക്കുക എന്നതാണ്. അതുപോലെ നോവലിൽ ഭാവനയും യാഥാർത്ഥ്യവും മിക്സ് ചെയ്തിട്ടുണ്ട്. അത് തിരിച്ചറിയാൻ പറ്റാതായിപ്പോകട്ടെ എന്നാണാഗ്രഹം.” (പുറം. 10)
സാമ്പ്രദായികമായ ഗൗരവം ഉപേക്ഷിച്ച് ചരിത്രത്തെ സരസസംഭാഷണങ്ങളുടെയും തുറന്നമട്ടിലുള്ള ആത്മഗതങ്ങളുടെയും മാതൃകയിലാക്കുന്ന ഉത്തരാധുനിക രചനാപ്രക്രിയകൾക്കുള്ള ആമുഖമാകുന്നു, ഈ പ്രസ്താവന. ഉത്തരാധുനിക സിദ്ധാന്തങ്ങളും കലകളും സാധ്യമാക്കിയ സമീപകാല വിമർശനാത്മക വായനകൾ, ചരിത്രരചനകളും നോവലുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനേക്കാൾ എന്താണ് അവ പങ്കിടുന്നത് എന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ലിൻഡാ ഹച്ചോൺ ചൂണ്ടിക്കാണിക്കുന്നു. ‘ഭൂതകാ ലത്തിന്റെ വെടിവെട്ടങ്ങൾ’ (Pastime of Past Time) എന്നാണ് ‘ചരിത്രാഖ്യാന അതികഥകളെ’ (Historiographic Metafiction) വിശദീകരിക്കുന്ന അദ്ധ്യായത്തിന് അവർ നൽകിയ പേര്. ഉള്ളടക്കങ്ങളെ സ്വീകരിക്കുന്ന ഭൂതകാലവും നേരമ്പോക്കു പറച്ചിലുകളുടെ വർത്തമാനവും (പ്രമേയവും ആഖ്യാനവും) ചേർത്തു വച്ചാലോചിക്കുമ്പോൾ ‘മുതലിന്റെ’ കാര്യത്തിൽ അത് പ്രത്യേകം പ്രസക്തമാവുന്നതായി കാണാം.
പി പി പ്രകാശൻ രചിച്ച ‘ഗിരി’യുടെ പ്രമേയപശ്ചാത്തലം ചരിത്രമല്ല. എങ്കിലും തിരുവനന്തപുരം കാണാൻ വരുന്ന കുട്ടികൾ പത്മനാഭപുരം കൊട്ടാരത്തിലെ കാഴ്ചകളിലൂടെ ഭൂതകാലത്തെ വിശകലനം ചെയ്യുന്ന രീതിയിൽ ‘ഗിരി’യിൽ തിരുവിതാംകൂറിലെ രാജഭരണം പരാമർശവിധേയമാകുന്നു. പൊതുധാര യിലേക്കും അതിന്റെ സൗകര്യങ്ങളിലേക്കും ഇപ്പോഴും ഇറങ്ങിവരാൻ കഴിയാത്ത നിസ്സഹായരായ ഒരു വി ഭാഗത്തിന്റെ പ്രതീകമാണ് നോവലിലെ ഗിരിയെന്ന കുട്ടി. അവൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ പതനം ഭൂതകാലത്തിൽനിന്ന് ആരംഭിച്ചതും വർത്തമാനകാലത്തിലേക്ക് നീളുന്നതുമാണെന്ന ഉപദർശനമാണ് നോവൽ മുന്നോട്ടു വയ്ക്കുന്നത്. രാജാവും ക്ഷത്രിയത്വവും വാഗ്ദാനം ചെയ്തിരുന്ന രക്ഷാകർത്തൃത്വം പ്രജകളായ എല്ലാവരിലും ഒരുപോലെ വ്യാപിക്കുന്നതല്ലെന്ന തിരിച്ചറിവാണ് അതിന്റെ കാതൽ. രാജാധികാരവും സാമൂഹികമായ മേൽക്കോയ്മയും തകിടം മറിഞ്ഞ് ജനാധിപത്യം പുലരുന്ന അവസ്ഥയിലും അരക്ഷിതരായ പാർശ്വവത്കൃതസമൂഹങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വൈശാഖൻ എന്ന അദ്ധ്യാപകനിലെ പിതൃഭാവത്തെയും രക്ഷാകർതൃത്വത്തെയും മുൻനിർത്തി ‘ഗിരി’ ഉറപ്പിക്കുന്നു. മാറ്റിനിർത്തപ്പെടുന്നതിന്റെ അനുസ്യൂതിയെ അവതരിപ്പിക്കാൻ മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രതീകമായി അവതരിപ്പിക്കുന്നതുകൊണ്ടാണ് ‘ഗിരി’യിലെ സാന്ദർഭികമായ നിരീക്ഷണം ഇവിടെ സ്വീകാര്യമായിത്തീരുന്നത്.
പത്മനാഭപുരം കൊട്ടാരത്തിലെ ഒറ്റത്തൂൺ നിർമ്മിച്ച ശില്പിയുടെ പേര് മറയത്താവുകയും അതിന്റെ ശില്പവൈദഗ്ദ്യവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത മാർത്താണ്ഡവർമ്മ രാജാവിന്റെ മുതലായി അത് അറിയപ്പെടുകയും ചെയ്തതെങ്ങനെ എന്നതാണ് കുട്ടികളുടെ ആദ്യത്തെ നിഷ്കളങ്കമായ ചോദ്യം. കലാവൈദ ഗ്ധ്യമുള്ളവരുടെ അദൃശ്യവത്കരണത്തിൽ, പ്രതിസ്ഥാനത്തുള്ള ചരിത്രം കുട്ടികളുടെ ചോദ്യത്തിൽ പ്രതി ക്കൂട്ടിലാവുന്നു. ഒരാളുടെ പ്രതിഭാവിശേഷംതന്നെ അയാളുടെ കുറ്റമാക്കി മാറ്റുന്നു. ഇനിയൊരു സൃഷ്ടി അതുപോലെ ഉണ്ടാവാതിരിക്കാനായി രാജാക്കന്മാരുടെ സ്വാർത്ഥത അവരെ ക്രൂരശിക്ഷകൾക്ക് വിധേയമാക്കുന്ന രീതിയെ കുട്ടികൾ ആ സന്ദർഭത്തിൽ അനുസ്മരിക്കുന്നുണ്ട്.
കുറ്റം ആരോപിക്കപ്പെടുന്ന മനുഷ്യരെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചുകൊല്ലുന്ന ചിത്രവധക്കൂടിന്റെ മുന്നി ൽ നിന്ന്, എത്ര ക്രൂരമായ കുറ്റം ചെയ്തവരായാലും രാജാക്കന്മാരും അവരുടെ അടുത്ത പരിസേവിതരും ഇത്തരം ശിക്ഷകൾക്ക് വിധേരാകാതിരുന്നത് എന്തുകൊണ്ട് എന്നും ചോദ്യമുണ്ടാകുന്നു. തൊടുമ്പോൾ അയിത്തമുണ്ടാകുന്നത് മേൽജാതിക്കാർക്കാണെങ്കിൽ അവരല്ലേ ഓടി മറയേണ്ടത്? ചോദ്യങ്ങൾ ചരിത്ര ത്തെ വിശകലനം ചെയ്യുന്നു. പൊതുവഴിയിൽ നടന്നു പോയവരും പട്ടിണി മാറ്റാൻ കൂലി ചോദിച്ചവരും മുട്ടിനു താഴെ മുണ്ടുടുത്തു പോയവരും അനുവാദമില്ലാതെ മാറു മറച്ചവരും അക്ഷരം ദാഹിച്ച് വിദ്യാലയമുറ്റത്ത് ചെന്നവരും സ്വന്തം കുഞ്ഞിനെ ഇഷ്ടമുള്ള പേരുവിളിച്ചവരും ദാഹിച്ചു വലഞ്ഞപ്പോൾ പൊതുകിണറ്റിലെ വെള്ളം കുടിച്ചവരുമായ മനുഷ്യർ കൊട്ടാരക്കെട്ടുകളിലെ കെട്ടുകാഴ്ചകൾക്കിടയിൽനിന്നും ചരിത്രത്തിൽ നിന്നും ഇറങ്ങി വരുന്നതായും നിലവിളിക്കുന്നതായും പ്രദീപ് എന്ന കഥാപാത്രത്തിനു അനുഭവപ്പെടുന്നുണ്ട്. ചോദ്യങ്ങളുടെ പ്രകാശം വന്നു വീഴുന്ന ചരിത്രത്തിന്റെ തിരശ്ശീലയിലാണ് ആ മായികക്കാഴ്ചയുടെ ചലച്ചിത്ര മോടുന്നത്. അവിടെയതിന്റെ വിന്യാസം കാലത്തിലാണ് പതിക്കുന്നത്.
കുട്ടികളുടെ ചോദ്യങ്ങൾ അതിസാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്നതും ആധുനികമായ ലോകബോധത്തിന്റെ വെളിച്ചത്തിൽ ഉയർന്നുവരുന്നവയുമാണ്. അവ മൂന്നും കുറ്റത്തെയും ശിക്ഷ യെയും സംബന്ധിച്ചായിരിക്കുന്നതും ശ്രദ്ധേയമാണ്. പത്മനാഭപുരം കൊട്ടാരത്തിന്റെ പരിസരത്തുവച്ചാണ് മാർത്താണ്ഡവർമ്മയെ സഹായിച്ചു എന്ന സംശയത്തിന്റെ പേരിൽ പപ്പുത്തമ്പി നൂറുകണക്കിനു ചാന്നാർജാതിക്കാരായ മനുഷ്യരെ തലവെട്ടി വീഴ്ത്തിയതും. ഈ ഭാഗത്ത് പരാമർശിക്കപ്പെടുന്ന ഒരു പേര് മാർത്താണ്ഡവർമ്മയുടെമാത്രമാണ്. സ്വാർത്ഥതാത്പര്യംമാത്രംവച്ചുകൊണ്ട് ഏറ്റവും ക്രൂരമായ രീതിയിൽ എതിരാളികളോട് ഇടപെട്ട രാജാവാണ് അദ്ദേഹം. അധികാരത്തിന്റെ പ്രഭാവാതിശയങ്ങൾക്കു പിന്നിൽ ക്രൂരതയുടെയും കുറ്റകൃത്യങ്ങളുടെയും കഥകളാണുള്ളത്. കുഞ്ഞുങ്ങളെപോലും കൊന്നൊടുക്കുകയും രക്തബന്ധ ങ്ങൾക്ക് വില കല്പിക്കാതിരിക്കുകയും സ്ത്രീകളെ കയ്യാളിക്കാനായി വിട്ടുകൊടുക്കുകയും ചെയ്ത അധികാര മോഹികളെ മനുഷ്യസമൂഹത്തിന്റെ നീതിബോധം അന്ന് എന്തു ചെയ്തു? ഈ ചോദ്യം ഭൂതത്തോടുള്ള വർത്ത മാനകാലത്തിന്റേതാണ്.
ചരിത്രത്തിലെ വിടവുകൾക്ക് സമകാലികതയുടെ ഒത്തുതീർപ്പുകൾ
ഭൂതകാലസംഭവങ്ങളെയും ചരിത്രത്തെയും ആവിഷ്കരിക്കുന്ന നോവലുകളുടെ വായനാപാഠങ്ങൾ സമകാലികമായ രാഷ്ട്രീയ-സാംസ്കാരികസന്ദർഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന സവിശേഷമായ ആശയമണ്ഡ ലമുണ്ട്. 1706-മുതൽ 1958-വരെയാണ് മാർത്താണ്ഡവർമ്മയുടെ ജീവിതകാലം. 1729-ൽ തുടങ്ങി മരണംവരെ അദ്ദേഹം രാജാവായി കഴിഞ്ഞു. ആധുനിക തിരുവിതാംകൂർ കെട്ടിപ്പടുത്ത ഒരു വ്യക്തിയുടെ ചരിത്രം അദ്ദേഹം പ്രതിനിധീകരിച്ച കാലത്തിന്റെയും സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങളുടെയും പ്രവണതകളുടെയും ചരിത്രംകൂടിയാകുന്നു.
ഈ ചരിത്രഘട്ടത്തെ സവിശേഷമായി പരിഗണിച്ച നോവലുകളിലെ സന്ദർഭങ്ങളാണ് ഇവിടെ വായനയ്ക്കുവിധേയമായത്. സി വി രാമൻപിള്ളയുടെ നോവലിലെ ഭൂതകാലവിവരണങ്ങളിൽ, കാലികമായ ആവശ്യമെന്ന നിലയിൽ മലയാളിമെമ്മോറിയൽ ഉയർത്തിയ മൂല്യങ്ങളുടെ സത്ത കലരുമ്പോൾ അതേ നോവലിനെ ഉപജീവിച്ചെഴുതിയ ‘ഇരു’, പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉയിർത്തെഴുന്നേൽപ്പും ദേശീയരാഷ്ട്രീയത്തിലെ മതാത്മകതയുടെ അന്തസ്സാരശൂന്യതയും തെളിച്ചു കാട്ടുന്ന മുഹൂർത്തങ്ങളെ കഴിഞ്ഞ കാലത്തിൽനിന്ന് തേടിപ്പിടിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയ്ക്കായാൽപോലും ജാതിപക്ഷ പാതം പുലർത്തിയ സി വിയുടെ നോവലിനുള്ള തിരുത്താണിത്. സി വിയുടെ ‘മാർത്താണ്ഡവർമ്മ’ യുടെ വഴി തുടരുന്നതിനാൽ ‘ഇരു’വിന്റെ ആഖ്യാനസ്വരത്തിലും രാജത്വത്തോടുള്ള ഭക്ത്യാദരങ്ങൾ പ്രകടമാണ്. രാജാവാകുന്ന വ്യക്തിയുടെ ശരിതെറ്റുകളെക്കുറിച്ചല്ല നോവലിന്റെ ഉത്കണ്ഠ എന്നതും ശ്രദ്ധേയമാണ്. അധികാരത്തോടുള്ള സഹഭാവത്തിന്റെ കാലികപരിണാമങ്ങൾ പരിഗണിക്കുമ്പോൾ ഭിന്നതകൾക്കൊപ്പം സമാനതകളും ശ്രദ്ധേയമാകുന്നു.
കുശാഗ്രബുദ്ധിയും സാഹസികനും ഉത്സാഹിയും നിർഭയനും ആത്മവീര്യത്തിന്റെ പ്രതീകവു മൊക്കെയായ മാർത്താണ്ഡവർമ്മയുടെ പ്രഭാവാതിശയത്തെ സാധാരണനിലയിലേക്ക് മാറ്റിയെഴുതാനുള്ള ഉദ്യമമാണ് ‘പഞ്ചവൻകാടു’ തുടങ്ങിവച്ചത്. അതേ വഴിയിൽ സഞ്ചരിച്ച ‘എതിർവാ’ അധികാരമോഹിയായ മനുഷ്യന്റെ മാനസികസംഘർഷങ്ങളെ ആധുനികമനുഷ്യന്റെ നിസ്സഹായാവസ്ഥയുമായി കൂട്ടിവായിക്കാൻ പ്രേരിപ്പിക്കുന്നു. ‘മുതലി’ൽ മാർത്താണ്ഡവർമ്മയെ ഒരു ഭരണാധികാരിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ക്രൂരത, കുതികാൽ വെട്ട്, വാശി വൈരാഗ്യം, കുത്തിത്തിരുപ്പ്, കുശുമ്പ്, പൊങ്ങച്ചം, മറ്റുള്ളവരോടുള്ള പുച്ഛം, പകൽ മാന്യത, കണ്ണിൽ ചോരയില്ലായ്മ, പിടിച്ചു മേടിക്കൽ എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങളുടെ സമവായമായാണ് അവതരിപ്പിക്കുന്നത്. (പുറം.350) പതിനെട്ടാം നൂറ്റാണ്ടിലെ രാജാവിന് നോവലെഴുത്തു കാരൻ ചാർത്തിക്കൊടുക്കുന്ന മേലെഴുത്തുകൾ, സ്വാഭാവികമായി ജനാധിപത്യകാലത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പ്രതിനിധികൾക്കുനേരെയുള്ള കാലികവീക്ഷണവും വിമർശനവുംകൂടിയാകുന്നു. ‘മുതലി’ന്റെ വായനയെ ആസ്വാദ്യമാക്കിത്തീർക്കുന്ന പരോക്ഷഘടകമാണ് അത്.
‘ഗിരി’യിൽ ഭൂതകാലം നേരിട്ടു വരുന്നില്ല. ചരിത്രത്തിന്റെ വർത്തമാനങ്ങൾ സമകാലിക സന്ദർഭ ത്തിലേക്ക് വിചാരണയ്ക്കായി ഇറങ്ങി വരികയാണ് ചെയ്യുന്നത്. ‘ഗിരി’യിൽ മാർത്താണ്ഡവർമ്മയെ മുൻനിർ ത്തി രാജഭരണകാലത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്പാദകർ പുതിയ തലമുറയിലെ കുട്ടികളാണെന്നുള്ളതും അവർ മറ്റൊരു സാമൂഹികസാഹചര്യത്തിന്റെ ഇരകളാണെന്നതും നോവൽ വായനയിൽ പ്രസക്തമായ വസ്തുതയാണ്. മാർത്താണ്ഡവർമ്മയെ പ്രതിപുരുഷനായി മുന്നിൽനിർത്തി രാജഭരണകാലം ജനാധിപത്യത്തെ അവിടെ അഭിമുഖീകരിക്കുന്നു. സാധാരണ ജനവിഭാഗത്തിന് തീർത്തും അപ്രാപ്യമായിരുന്ന, ഇപ്പോൾ കാഴ്ചവസ്തുവായിത്തീർന്നിരിക്കുന്ന കൊട്ടാരക്കെട്ടാണ് അതിനു പശ്ചാത്തലമാകുന്നത് എന്നതും ശ്രദ്ധേയമാണ്.
നോവലുകൾ ‘സമകാലിക’ വായനയിൽ വർത്തമാനകാലത്തിന്റെ അനുഭൂതികളെ പുനഃസൃഷ്ടിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. സ്വന്തം കാലത്തിന്റെ ഇരുട്ടിലേക്കാണ് എഴുതുന്നയാൾ ശ്രദ്ധിക്കുന്നത്, വെളിച്ചത്തിലേക്കല്ല. എന്നു വിശദീകരിച്ചുകൊണ്ട് അഗംബൻ, ദുരൂഹമായ കാലത്തിന്റെ ഇരുട്ടിലേക്ക് നോട്ടം ഉറപ്പിച്ചു നിർത്താനും അടുത്തേക്കു വരുമ്പോൾത്തന്നെ വളരെ അകലെയായിരിക്കുന്ന വെളിച്ചത്തെ (മുൻപെങ്ങോ പൊലിഞ്ഞു പോയ വിദൂരനക്ഷത്രങ്ങളുടെ പ്രകാശം ഇപ്പോഴും നാം കാണുന്നതുപോലെ) കൂരി രുട്ടിൽ ഗ്രഹിക്കാനും കഴിയുന്ന ശേഷിയാണ് സമകാലികത്വം എന്ന് നിർവചിക്കുന്നുണ്ട്. ‘വർത്തമാന കാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതോടെ ചരിത്രസംഭ വത്തിന്റെ ശാശ്വതമായ മൂല്യാവസ്ഥ റദ്ദാകുന്നു’ എന്നുള്ളതാണ് ‘സമകാലികത’യുടെ അടുത്ത ഘട്ടം. ഇത് വ്യക്തിബിംബങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. ധീരനും സാഹസികനും ക്രൂരനും ഉദാരനുമായ ചരിത്രവ്യക്തിത്വങ്ങൾ കാലികാവസ്ഥയിൽ വ്യത്യസ്തമായ രീതിയിൽ തിരിച്ചറിയപ്പെടുന്നു. അവരുടെ സ്വഭാവ-സിദ്ധിവിശേഷങ്ങൾക്ക് വായനയിൽ വേറിട്ട അർത്ഥവും പരിണാമവും ലഭിക്കുന്നു. കഴിഞ്ഞുപോയ സംഭവ ങ്ങളുടെ മൂല്യസ്ഥിതിയും അതുതന്നെയാണ്. എലിസബത്തിയൻ കാലഘട്ടത്തിലെ ഒരു നാടകകൃത്ത് കൈകാര്യം ചെയ്ത ചരിത്രവിഷയങ്ങൾ എങ്ങനെ സമകാലിക സമൂഹത്തിൽ പ്രസക്തമാകുന്നു എന്നു വ്യക്തമാക്കിത്തരുന്ന, ജാൻകോട്ട് എഴുതിയ ‘ഷേക്സ്പിയർ നമ്മുടെ സമകാലികൻ’ (Shakespeare Our Contemporary) എന്ന പുസ്തകം നമ്മുടെ മുന്നിലുണ്ട്. ഭൂതകാലസംഭവങ്ങളുടെ കാലം, അതാവിഷ്കരിക്കപ്പെടുന്ന കാലം എന്നിവയ്ക്കു പുറമേ കൃതി വായിക്കപ്പെടുന്ന കാലവും, ഇവിടെ നിന്നെല്ലാം സ്വരൂപിക്കപ്പെടുന്ന ആശയങ്ങളും വിശ്വാസങ്ങളും വികാരങ്ങളും ചേർന്നു നിർമ്മിക്കുന്ന പാഠവും ‘സമകാലികത’യെ നിർവചിക്കുന്നു. വർത്തമാനകാലസാഹചര്യങ്ങളുമായി വിനിമയം ചെയ്യാൻ ശേഷിയില്ലാത്ത ചരിത്രസന്ധികൾക്കൊന്നും വ്യവഹാരമായി നിലനിൽക്കാൻ സാധ്യമല്ല. കഴിഞ്ഞുപോയ കാലത്തിൽ തറഞ്ഞു പ്രവർത്തിക്കുന്ന സാമ്പ്രദായികചരിത്രവ്യവഹാരങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ളവയാണ് ചരിത്രവസ്തുതകളെ കൈകാര്യം ചെയ്യുന്ന പുതിയ സാഹിത്യസംരംഭങ്ങൾ. ആ തെളിവുംകൂടിയാണ്, ‘ഇരു’വിന്റെയും ‘എതിർ വാ’ യുടെയും ‘മുതലി’ന്റെയും ‘ഗിരി’യുടെയും ഉള്ളിൽ പ്രവർത്തിക്കുന്ന ‘സമകാലികത’ വച്ചുനീട്ടുന്നത്. n
(മൂല്യശ്രുതി ആഗസ്റ്റ് 2024)
No comments:
Post a Comment