December 20, 2021

‘ലൗ ജിഹാദ്’ - കഥയും രാഷ്ട്രീയവും

 


 

വി എസ് അജിത്തിന്റെ ചെറിയൊരു കഥയുണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ. അധികം സങ്കീർണ്ണതകളൊന്നും ഇല്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ഒരു കഥ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേശീയവും സംസ്ഥാനീയവുമായ രാഷ്ട്രീയത്തെയും അവയുടെ തരതമഭേദങ്ങളെയും  മനുഷ്യരുടെ ലിംഗശരീരങ്ങൾ ഉപയോഗിച്ച് യാതൊരു സന്ദേഹത്തിനും ഇടയില്ലാത്തവിധം പറയുന്ന കഥയാണ് ഇത്, ലൗ ജിഹാദ്. കഥയ്ക്ക് മാത്രം (കവിതയ്ക്കും) പറ്റുന്ന തരത്തിൽ നാടകീയമായി അതിൽ പൗരത്വത്തിന്റെ പ്രശ്നങ്ങളെ, അതിൽ തന്നെ അപരത്വത്തിന്റെ സമസ്യയെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു.  ഇതൊന്നും അതിവൈകാരികതയുടെ ചായം കോരിയൊഴിച്ചൊന്നുമല്ല അവതരിപ്പിക്കുന്നത്. സാധാരണനിലയിൽ അജിത്തിന്റെ കഥാഖ്യാനങ്ങൾ സംഭവങ്ങളേക്കാൾ സൂചനകൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് അതിൽ ഭാഷയുടെ ഉപയോഗം പ്രത്യേകമായി തീരുന്നത്.  അശ്ലീലവും മാന്യവുമായ ഭാഷ കൂടിക്കലർന്ന് ഒരുതരം സാംസ്കാരികമായ സങ്കരതയുടെ ഭാഷയായിത്തീരുന്നു. ( അതിൽ ഭാഷകൾ മാത്രമല്ല, സമകാലിക ജീവിതത്തിൽനിന്ന് പലതും, ഇംഗ്ലീഷ് മലയാളം പോപ്പുലർ പുസ്തകങ്ങളുടെ ശീർഷകങ്ങളും പരസ്യവാചകങ്ങളും ആധുനികവസ്തുവിശേഷങ്ങളും  ഉൾപ്പടെ, അതിൽ കൂടിക്കലരുന്നു. അതുകൊണ്ട് ആ ഭാഷയ്ക്ക്, കഥാപശ്ചാത്തലത്തുള്ള നിരീക്ഷകന്റെ ക്യാമറാ സ്ഥാനമാണ്. കഥാപാത്രങ്ങൾ നിരക്ഷരനായ പഴക്കച്ചവടക്കാരനായാലും തന്ത്രശാലിയായ നാടൻ പ്രാദേശികരാഷ്ട്രീയക്കാരനായാലും കുടുംബസ്ത്രീയായാലും ചാട്ടക്കാരിയായാലും, ടെക്കികളുടെ ഒരു തരം വിവരണാത്മകമായ സംഭാഷണശൈലി സ്വീകരിച്ചുകൊണ്ട് കഥയുടെ വികാരകേന്ദ്രത്തിൽനിന്ന് അകന്നു നിൽക്കുന്നു. എന്നുവച്ചാൽ ഒരു തരം നിർമമത്വം പാലിക്കുന്നു.  ഇതുകൊണ്ടുണ്ടാകുന്ന മറ്റൊരു ഗുണം ആദർശാത്മകമായ ‘ഒരില്ലാ സ്ഥലത്തിലേക്ക്’ നയിച്ചുകൊണ്ടു പോകുന്ന സാംസ്കാരികവ്യവഹാരമായി കഥ/കഥകൾ മാറുന്നു എന്നതാണ്.

‘ലൗ ജിഹാദി’ലെ ഒരു ഉദാഹരണം വച്ചിതു വ്യക്തമാക്കാം. അഷറഫ് ഉന്തുവണ്ടിയിൽ പഴം വിൽക്കുന്ന പയ്യനാണ്. ഒരു ചേച്ചി, ഭർത്താവുമായി വന്ന് അവിടെ പഴങ്ങൾ വാങ്ങാറുണ്ട്. ചേച്ചിയുടെ പ്രത്യേകത കഥയുടെ ആദ്യം തന്നെ വ്യക്തമാകുന്നു. ‘പുഴുവും പുളിപ്പുമില്ലാത്ത മാങ്ങയും അഴുകാത്ത ഓറഞ്ചും എങ്ങനെ ഷഫിൾ ചെയ്തു വച്ചാലും ചേച്ചിയുടെ മാന്ത്രിക വിരൽ കൃത്യമായി അവയിൽത്തന്നെ തൊടുന്നത് അവൻ ആദ്യമാദ്യം വലിയ അദ്ഭുതമായിരുന്നു.’

ഈ മാന്ത്രിക വിരലാണ് അഷറഫിനെ തെരെഞ്ഞെടുക്കുന്നത് എന്നു സൂചിപ്പിക്കുന്നതിലൂടെ ആ തീരുമാനത്തിന്റെ ശരി കഥയുടെ ആദ്യം തന്നെ സ്ഥാപിച്ചിരിക്കുകയാണല്ലോ. അപ്പോൽ പിന്നെ അവരുടെ ഭർത്താവിന്റെ കാര്യത്തിൽ എങ്ങനെ തെറ്റിപ്പോയി എന്നുള്ളത് ഒരു പക്ഷേ അക്കാര്യത്തിൽ തീരുമാനം അവരുടെതല്ലെന്ന് വിചാരിച്ചു സമാധാനിക്കാൻ വകുപ്പുണ്ട്, കഥയിൽ സൂചനയില്ലെങ്കിലും.  മാങ്ങയും ഓറഞ്ചും തിരഞ്ഞെടുക്കുന്നതുപോലെ കേടില്ലാത്ത ആൺ ശരീരത്തെ തെരെഞ്ഞെടുത്താണ് ചേച്ചി മാതൃകയാവുന്നതിൽ ഒരു ചെറിയ പന്തികേടില്ലേ?  പ്രത്യക്ഷത്തിൽ പന്തികേട് ദൃഷ്ടിയിൽപ്പെട്ടില്ലെന്നു വരും. അതേസമയം ഈ കഴിവുള്ള ഒരു ആണ്, തെരെഞ്ഞെടുത്ത സ്ത്രീയെപ്പറ്റിയാണ് കഥയെന്നു വിചാരിക്കുക എങ്കിൽ ഉൾപ്പൊരുൾ തെളിയും. ചക്കയും മാങ്ങയും ഓറഞ്ചുമ്പോലെയാണ് ശരീരം എന്നു വരുന്നതിൽ ഉപഭോഗത്വം കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വസ്തുവത്കരണം ഉണ്ടല്ലോ..   രുചിക്കാനുള്ളതാണ് അത്. മറ്റിന്ദ്രയങ്ങൾക്കൊന്നുമില്ലാത്ത ഒരു ദോഷം (?) നാക്കിനുണ്ട്. അത് അറിയുന്നതിനെ ഇല്ലാതാക്കിക്കൊണ്ടാണ് അറിയുന്നത്. (പഞ്ചസാര നക്കിയാൽ തീർന്നുപോകും)‌ അപ്പോൾ കേടില്ലാത്ത പഴങ്ങളെ കൃത്യമായി തൊട്ടറിഞ്ഞ് എടുക്കാനറിയാവുന്ന ചേച്ചി താത്കാലികമായി തെരെഞ്ഞെടുക്കുന്ന ഒരു ഉപഭോഗവസ്തുവല്ല, ആധാറും  ഐഡിയും ഒന്നുമില്ലാത്ത അഷറഫ് എന്ന് എങ്ങനെ അറിയും? കഥയുടെ അബോധത്തിൽ പരതിയാൽ അങ്ങനെ ചിലത് കയ്യിൽ തടയും. അങ്ങനെ വിചാരിക്കാതിരിക്കാൻ വായനക്കാരെ സഹായിക്കുന്നത് ‘സ്ത്രീയുടെ തെരെഞ്ഞെടുപ്പാണ് പുരുഷൻ’ എന്ന അഭിലഷണീയമായ സാഫല്യമാണ്. പ്രത്യേകിച്ച അതിൽ പ്രാഥമികമായി പുരുഷന്മാരായ വായനക്കാരുടെ കണ്ണു മഞ്ഞളിക്കുന്നതുകൊണ്ട് ബാക്കിയൊന്നും ശ്രദ്ധിച്ചില്ലെന്നു വരും. വായനക്കാരികളെ സംബന്ധിച്ചിടത്തോളം , അഷറഫ്, പൗരത്വം തുടങ്ങിയ രാഷ്ട്രീയ വേവലാതികളൊന്നും ഇല്ലെങ്കിൽ അവിടെയും അവർക്ക് ലിംഗപദവിയുടെ ജൈവികമായ വൈശിഷ്ട്യത്തിൽ കുടുങ്ങി “വെൺചന്ദ്രികയ്ക്ക് നിറം കൂടുമാറ് ഒന്നു പുഞ്ചിരിക്കൊൾക മാത്രം ചെയ്യാം” !

കഥയുടെ അവസാനം ചേച്ചിയുടെ കാര്യസ്ഥതയിൽ അവരിരുവരും കൂടി നടന്നു പോകുന്ന വിഹായസ്സ് ഒരില്ലാ സ്ഥലമാണ്. കഥ മുഴുവനായി നടക്കുന്നത് ഒരില്ലാസ്ഥലത്താണ്. അഭിലാഷ പൂരണമാണ്, അതു വെറും ശാരീരിക സംതൃപ്തിയുടെ മാത്രമല്ല,  രാഷ്ട്രീയമായ കാൽപ്പനികതയുടെയും ആദർശത്തിന്റെയും കാമനായന്ത്രമാണ് (ഡിസയർ മെഷീൻ)  അതുകൊണ്ട് അതിനകത്ത് നാം കണ്ട ‘പുരുഷവിരുദ്ധത’ (സ്ത്രീവിരുദ്ധതയെപ്പറ്റി പറയാറുള്ളതുപോലെ) കഥയുടെ അയോഗ്യതയല്ല, മെരിറ്റാണ്, ഇഴപിരിക്കാവുന്ന തട്ടുകൾ ഉണ്ടാക്കുന്നത് അതേ യോഗ്യതയാണ്.  

(മാധ്യമം ആഴ്ചപ്പതിപ്പ് ഡിസംബർ 27, 2021)



No comments: