ബംഗാളിലെ കെന്ദുളിയിലില്ല, ഒറീസയിലെ കെന്ദുവില്വ എന്ന സ്ഥലത്താണ് ഗീതഗോവിന്ദകർത്തവായ ജയദേവൻ ജനിച്ചത് എന്നാണ് ഒറിയക്കാർ വിശ്വസിക്കുന്നത്. ഇന്ത്യൻ പാർപ്പിടങ്ങൾ എന്ന ടി വി പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒറീസ്സയിലൂടെ യാത്ര ചെയ്യുന്ന സമയത്ത് രവീന്ദ്രൻ (ചിന്ത രവി) ജയദേവ വിഷയത്തിൽ പണ്ഡിതനായ ഗദാധർ മഹാപത്രയെ കണ്ടിരുന്നു. അദ്ദേഹം പുതുമയുള്ള കുറേ വിവരങ്ങൾ പങ്കു വയ്ക്കുന്നു. ഭുവനേശ്വറിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാവ്യസാഹിത്യസപര്യ പൊതുവേ പ്രസിദ്ധമാണ്. ഒറീസക്കാരുടെ പാരമ്പര്യത്തിന്റെ നല്ലവശങ്ങളെല്ലാം സ്വന്തമാക്കി അഭിമാനിക്കുന്നതിൽ ബംഗാളികൾക്ക് നല്ല വിരുതുണ്ടെന്ന ആരോപണത്തിന്റെ പ്രധാനഭാഗംകൂടിയാണ് ജയദേവന്റെ ദേശീയതയെ സംബന്ധിച്ച ഒറിയക്കാരുടെ അവകാശവാദം. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കെന്ദുളിയല്ല ഭുവനേശ്വറിൽനിന്ന് 28 കിലോമീറ്റർ ദൂരെ ഖുർദ ജില്ലയിലുള്ള കെന്ദുവില്വയുടെ ലോപിച്ച രൂപമാണ് കെന്ദുളിയെന്നു വിശ്വസിക്കുന്ന ഒറിയക്കാർ അവിടെ കവിയുടെ പേരിൽ ഒരു ദേശീയ ഉദ്യാനം നിർമ്മിക്കുന്നുണ്ട്. ഗീതഗോവിന്ദത്തിൽ പരാമർശമുള്ള 40 ചെടികളെയും വള്ളികളെയും മരങ്ങളെയും അവിടെ നട്ടു പിടിപ്പിക്കാനാണ് പ്ലാൻ. അതിഥിഗൃഹം, പരിസരപ്രദേശങ്ങളിൽനിന്ന് കണ്ടെടുത്ത പുരാവസ്തുക്കളുടെ മ്യൂസിയം, രാധാകൃഷ്ണപ്രണയത്തെ ചിത്രീകരിക്കുന്ന ശിലാശില്പങ്ങൾ, സംഗീതം എന്നിങ്ങനെ വിപുലമായ പദ്ധതി ഗദാധറിന്റെ നേതൃത്വത്തിൽ നടക്കുന്നതിനെപ്പറ്റിയാണ് വർണ്ണന. അതിപ്പോൾ പൂർത്തിയായി കാണണം. അതോ വഴിക്ക് നിന്നുപോയോ? ജയദേവകാവ്യത്തിൽ പറഞ്ഞതുപോലെ 12 വള്ളിക്കുടിലുകൾ അവിടെ തീർത്തുകൊണ്ടിരുന്നത് കോൺക്രീറ്റിലായതിനാൽ ഉണ്ടായ ആശങ്ക മറച്ചുവയ്ക്കുകയും ചെയ്യുന്നില്ല, രവീന്ദ്രൻ.
കെന്ദു, ബീഡി ഇലകളാണ്, വില്വം കൂവളമരവും. ഈ രണ്ടു വകകളുടെയും സമൃദ്ധിയായിരിക്കും പ്രദേശത്തിന് ആ പേരു നൽകിയതെങ്കിലും രവീന്ദ്രൻ സന്ദർശിക്കുന്ന സമയത്ത് ഇവ ഒന്നുപോലും അവിടെ കാണാനില്ലായിരുന്നു. ഉത്കലത്തിന്റെ അയല്പക്കമായ വിജയനഗരവും ശ്രീകാകുളവും അവിടത്തെ കൂർമ്മക്ഷേത്രവും ജയദേവാഖ്യാനങ്ങളിൽ വരുന്നുണ്ടെന്നും കൂർമ്മക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന കളരികളിലെ സുന്ദരികളിൽ നിന്നാണ്, പുരി ജഗനാഥക്ഷേത്രത്തിലെനാട്യമണ്ഡപത്തിലേക്ക് ദേവദാസികളെ തെരെഞ്ഞെടുത്തതെന്നും സംഗീതനൃത്തകലകളിൽ ആകൃഷ്ടനായിരുന്ന ജയദേവകവി പത്മാവതിയെ കണ്ടു മുട്ടിയത് അവിടെവച്ചാണെന്നും കഥയുണ്ട്. കെന്ദുവില്വയിൽ ജയദേവന്റെ വീടായി ഒരുകൂട്ടം പഴയ വേപ്പുമരങ്ങൾ നിൽക്കുന്ന സ്ഥലം തദ്ദേശീയർ ചൂണ്ടിക്കാട്ടാറുണ്ട്. ഉദ്യാനത്തിന്റെ നിർമ്മിതി പൂർത്തിയായാൽ രാജ്യത്തെ സാഹിത്യതീർത്ഥാടനങ്ങളുടെ മുഖ്യലക്ഷ്യമായി ഒറീസയിലെ ജയദേവ ഉദ്യാനം മാറും എന്ന് രവീന്ദ്രൻ പ്രത്യാശിച്ചിരുന്നു.
ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു വിവരം പുസ്തകത്തിലുണ്ട്. ബുദ്ധകഥയുടെ ഒറിയാ പാഠഭേദമനുസരിച്ച് ബുദ്ധൻ ജനിച്ചത് കപിലവസ്തുവിലല്ല, ഒറീസയിലെ കപിലേശ്വരത്താണ്. കപിലേശ്വരം പരിസരങ്ങളിൽ ധാരാളം ബൗദ്ധാവശിഷ്ടങ്ങൾ ഉണ്ട്. ഈ ഗ്രാമത്തെ കരമൊഴിവായി പ്രഖ്യാപിക്കുന്ന അശോകന്റെ രണ്ട് ശിലാശാസനങ്ങൾ ധൗളിയെന്ന ധവളഗിരിൽ വച്ചു കണ്ടെടുത്തു എന്നും അവ പാറ്റ്നയിലും കോൽക്കത്തയിലുമുള്ള കാഴ്ചബംഗ്ലാവുകളിലേക്കു മാറ്റിയെന്നും ബുദ്ധന്റെ ജനനസ്ഥലമായതുകൊണ്ടാണ് ഈ കരമൊഴിവ് അശോകൻ നൽകിയതെന്നുമായിരുന്നു വ്യാഖ്യാനം. ബുദ്ധതത്ത്വങ്ങൾക്ക് അടുത്ത ബന്ധമുള്ള സാംഖ്യ മീമാംസയുടെ ഉപജ്ഞാതാവായ കപിലന്റെ സ്ഥലമാണ് കപിലേശ്വരം. ‘താൻ തോശാലി പുത്ര’നാണെന്ന് ബുദ്ധൻ പറയുന്നത് കപിലേശ്വരത്തിന്റെ പഴയ പേരായ തോശാലിയെ സൂചിപ്പിച്ചാണെന്നും പറയുന്നു. ബുദ്ധവിഹാരങ്ങളെല്ലാം ഹൈന്ദവക്ഷേത്രങ്ങളായി മാറിയ കാലത്തിന്റെ ബാക്കിയാണ് ഒറീസയിലെ ശിവപ്രതിഷ്ഠകൾക്ക് ഇപ്പോഴുള്ള ബുദ്ധനാഥൻ എന്ന പേര്. മുപ്പതിനായിരത്തിൽ അധികം വരുന്ന പരമ്പരാഗത ബുദ്ധമതാനുയായികൾ ഒറീസ്സയിൽ ഇപ്പോഴുമുണ്ട്. കപിലേശ്വർ ക്ഷേത്രം ഉദ്ഖനനത്തിനു വിധേയമാക്കുകയാന് ഈ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടോ എന്നറിയാനുള്ള മാർഗം. പക്ഷേ അക്കാര്യത്തിൽ കേന്ദ്രസർക്കാരിനു താത്പര്യം ഇല്ല. ഒറീസയിലാണ് ലുംബിനിയെന്ന വാദം ഉണ്ടായപ്പോൾ തന്നെ നേപ്പാളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങളിൽ കുഴപ്പമുണ്ടാവുകയും ചെയ്തു എന്ന് പുരാവസ്തു ഗവേഷകനായ ബലറാം ത്രിപാഠിയെ ഉദ്ധരിച്ച് രവീന്ദ്രൻ എഴുതുന്നു. ഭുവനേശ്വറിന് 8 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിൽ ചരിവിനടുത്താണ് കലിംഗയുദ്ധം നടന്ന പടനിലം. രണ്ടായിരം വർഷങ്ങൾക്കു മുൻപു നടന്ന വലിയൊരു യുദ്ധത്തെ സംബന്ധിക്കുന്ന ഒരു അവശിഷ്ടവും അവിടെനിന്നും കിട്ടിയിട്ടില്ലെന്നാന് ത്രിപാഠി രവീന്ദ്രനോട് പറയുന്നത്. മാത്രമല്ല ധൗളിയിൽനിന്നു കണ്ടെടുത്ത, ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന ശിലാലിഖിതങ്ങൾ കൽക്കത്തയിലോ പാറ്റ്നയിലോ ഇപ്പോൾ കാണാനുമില്ലത്രേ..
1980 ൽ പ്രസിദ്ധീകരിച്ച ‘അകലങ്ങളിലെ മനുഷ്യർ’ ആയിരുന്നു രവീന്ദ്രന്റെ ആദ്യ യാത്രാവിവരണ ഗ്രന്ഥം. അദ്ദേഹത്തിന്റെ മരണത്തിനു ഏതാനും മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിയ ‘ഗൃഹദേശരാശികൾ’ ഗ്രന്ഥക്കൂട്ടുകളിൽ അധികം കാണാത്ത പേരാണ്. 2011 ൽ പുറത്തിറങ്ങിയ ഈ യാത്രാവിവരണത്തിൽ, ഒറീസ്സയിലെ മനുഷ്യരെയും ബ്രാഹ്മണരുടെ വാസസ്ഥലങ്ങളായ ശാസനുകളെയും ജമീന്ദാരികളെയും പിച്ചളപ്പണിക്കാരുടെ റോത്തേ ജമായെയും മഠങ്ങളെയും ‘പറജ’ എന്ന നോവലിനെയുമൊക്കെ പറ്റിയുമൊക്കെ വായിക്കാം. മറ്റു ദേശീയതകൾ തട്ടിക്കൊണ്ടു പോകുന്ന പൈതൃകത്തെക്കുറിച്ചുള്ള വേവലാതികളുമായി കഴിയുന്ന ഒറിയൻ സമൂഹത്തിന്റെ അപകർഷം ചെറുതായിരിക്കില്ല. എന്തായിക്കാണും ജയദേവകവിയുടെ ഉദ്യാനം? സെൻട്രൽ വിസ്തായ്ക്കും സ്റ്റാച്ച്യു ഓഫ് യൂണിറ്റിക്കും ശിവജിയുടെ മറാത്താ വീര്യപാർക്കിനും വിനോദവ്യവസായത്തിനായി പൊളിച്ചു പണിയുന്ന സബർമതി ആശ്രമത്തിനുമെല്ലാം ഇടയ്ക്ക് ജയദേവന്റെ പേരിൽ ഒരു സാഹിത്യതീർത്ഥാടനകേന്ദ്രം യാഥാർത്ഥ്യമാവുമോ? ബുദ്ധന്റെ യഥാർത്ഥ ജീവിതസ്ഥലം രാഷ്ട്രീയതാത്പര്യങ്ങൾക്കതീതമായി ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കണ്ടെത്തുമോ? ആർക്കറിയാം?
‘അകലങ്ങളിലെ മനുഷ്യർ’ക്കു മൂന്നു വർഷങ്ങൾക്കു ശേഷം ‘ദിഗാരുവിലെ ആനകൾ’ എന്ന യാത്രാപുസ്തകം രവീന്ദ്രൻ പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹത്തിന്റെ വീട്ടുപേർ ‘സൈക്കോ’ എന്നാണ്. 2004 ൽ മാതൃഭൂമി ആദ്യ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം താമസം കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. അപ്പോൾ വീടിന്റെ പേര് ‘കപിലവസ്തു’. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനകാലത്തിനും മുൻപ് യാത്രയുടെ വിവരണങ്ങളെ കണ്മുന്നിൽ കാണുംപോലെ അവതരിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന വിരുത് പ്രത്യേകമാണ്. ചെയ്യുന്ന യാത്രകളുടെ ഉള്ളിലെവിടെയോ കയറി ബലമായി പിടിക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ വിവരണങ്ങളെ പ്രത്യേകമാക്കി തീർക്കുന്നത്. ക്യാമറ നോക്കുന്നതുപോലെയും റിക്കോർഡർ ശബ്ദം പിടിച്ചെടുക്കുന്നതുപോലെയുമാണ് അദ്ദേഹം കാണുന്നതും കേൾക്കുന്നതും. അവയെല്ലാം അദ്ഭുതകരമായ രീതിയിൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. നമുക്ക് സുപരിചിതമായ എന്തോ ഒന്ന് കയ്യിൽനിന്ന് വായനയ്ക്കിടയിലെവിടെയോ നഷ്ടപ്പെട്ടതായി തോന്നും. ശരീരംകൊണ്ടു നടത്തുന്ന ഏതു യാത്ര കഴിഞ്ഞു മടങ്ങുമ്പോഴും അലട്ടുന്ന വികാരവും അതുതന്നെ.
FB
1 comment:
രവീന്ദ്രനെയും അദ്ദേഹത്തിൻറെ പുസ്തകങ്ങളെയും നന്നായി പരിചപ്പെടുത്തി
Post a Comment