September 17, 2021

കവിതയിലെ അപസർപ്പകാഖ്യാനങ്ങൾ


 

 മലയാളത്തിലെ അപസർപ്പകാഖ്യാനങ്ങളുടെ തുടർച്ച എസ് ജോസഫിലും ഉണ്ട്. ഗദ്യത്തെപ്പോലെയല്ല കവിത. പ്രമേയത്തിനും ആഖ്യാനത്തിനും - ഫാബുലയ്ക്കും സൂഷേയ്ക്കും - ഹിസ്റ്റോറിയയ്ക്കും ഡിസ് കോഴ്സിനും ഇടയിലുള്ള വിടവ് ദ്രവരൂപത്തിൽ എങ്ങോട്ടും ഒഴുകാവുന്ന നിലയ്ക്കാണ്. വാക്കുകളാകുന്ന സൂചകങ്ങൾ നിരന്തരം അർത്ഥം മാറ്റി വച്ചു കളിക്കും. പറഞ്ഞു വരുമ്പോൾ അത്ര സ്വാതന്ത്ര്യമില്ല ഖരാവസ്ഥയിലുള്ള ഗദ്യത്തിൽ. ‘ശവക്കുഴിയിൽ കിടന്നാണ് ഞാൻ ഈ കവിതയെഴുതിയത്’ എന്നോ ‘ഉപ്പന്റെ കൂവൽ വരയ്ക്കുന്നു’ എന്നോ എഴുതിയാൽ ഭാഷയുടെ യുക്തിയെ കവിതയുടെ യുക്തി വന്ന് ജാമ്യത്തിലെടുത്തുകൊണ്ടു പോകും. കഥയിൽ ഇത്തരം ഭാവനകൾക്ക് മാനസികരോഗാശുപത്രിയിലും പ്രതിഭയുടെ ഉന്മത്തതയിലും ഒക്കെ കയറ്റി വിശദീകരണക്കുറിപ്പെഴുതേണ്ടതായി വരും. ഒരു അന്യന്യതയാണ് അതവിടെ. കവിതയുടെ ധ്രുവത്തിൽ മേൽപ്പടി പെരുമാറ്റങ്ങൾ ജനസംഖ്യാനുപാതികമായി സ്വാഭാവികമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുൻപു വന്ന കവിത ‘താവളം’ അതിന്റെ അതീവ ലളിതമായ മേൽഘടനയാൽ  കുറച്ചു പഴി വാങ്ങിച്ചു പിടിച്ച ഒന്നാണ്. തീരെ ലളിതമായാൽ ആർക്കും മേൽക്കു കേറാവുന്ന വകയാണെന്ന് ആളുകൾക്ക് തോന്നും. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ കാണുന്നതുപോലെ അത്ര ലളിതമല്ല, കോമയും വിക്ഷേപിണികളും വലയവും കാകുവും ഒന്നും ഇല്ലാത്ത ജോസഫിന്റെ കവിതാവരികൾ. ഒരു പെണ്ണ്, കവിതയിലെ ആഖ്യാതാവിനെ (കവിയെ എന്ന് എളുപ്പത്തിൽ പറയും)  ആൾക്കൂട്ടത്തിൽനിന്ന് തെരെഞ്ഞെടുത്ത് വഴി വളവിലെ വീട്ടിൽകൊണ്ടുപോകുന്നതാണ് ‘താവള’ത്തിലെ കഥ. അവളോടൊപ്പം താമസം, അവളുടെ മേൽക്കൈയ്യിൽ ഇണചേരൽ, ചാരായം വാറ്റും കുടിയും, രാത്രി കാട്ടിൽ ചെന്ന് പന്നിയെ(മാത്രം) വേട്ടയാടൽ.. ഇതൊക്കെ ആസ്വദിച്ച് ജീവിക്കുകയാണയാൾ. ഒരുതരം ഒളിവു താമസമാണ്. തന്നെതേടി ഒരു പോലീസും വരില്ലെന്നു വീരസ്യം പറയുന്നുമുണ്ട്.

ആത്മരതിപരമായ സ്വഗതാഖ്യാനമാണ് മേൽത്തട്ടിൽ ഈ കവിത. സ്വന്തം ദന്തഗോപുരങ്ങളിരുന്ന് രതികിനാക്കൾ ആവിഷ്കരിക്കുക എന്ന, ആധുനികരായ എഴുത്തുകാർ നേരിട്ട വിമർശനം, കൂടുതലൊന്നും പറയാൻ വയ്യെന്ന ഉദാസീനതയോടെ എഴുതുന്നു എന്നു തോന്നലുണ്ടാക്കുന്ന, കവിതയിലെ മിനിമലിസ്റ്റ് പദ്ധതിയെ പരിചരിക്കുന്ന ജോസഫിനെ തേടി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. ജോസഫിന്റെ കവിതകളിൽ ലളിതവാക്യങ്ങളേയുള്ളൂ, നാക്കുക്കുഴപ്പിക്കുന്ന പദച്ചേരുവകളില്ല. സംസ്കൃതബദ്ധത തീരെയില്ല. പ്രകോപനം ഏതളവിൽ പോയാലും തീവ്രവികാരങ്ങളുടെ കുത്തൊഴുക്കും കാണാനാവില്ല.  ഇതെല്ലാം ചേർന്ന്, മലയാളിസമൂഹത്തിനു ലഭ്യമായിരിക്കുന്ന കാവ്യാനുശീലനപദ്ധതികളെ തകിടം മറിക്കുന്നതിനുള്ള ഒറ്റയാൻ ഗൂഢാലോചനയല്ലേ അവിടെ, കവിതയുടെ കമ്മറ്റിയോഫീസിൽ നടക്കുന്നതെന്ന് ഊഹിക്കാനുള്ള വക ഒരു വശത്തും, ഗൗരവമായി കവിതയെ സമീപിക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തുകയല്ലേ ഇവറ്റകൾ എന്ന് പൊതുവായി സംശയിക്കാനുള്ള വക മറുവശത്തുമായി നിലനിർത്തുകയും ചെയ്യുന്നു.

‘താവള’ത്തിൽ ഒരു പെണ്ണിനാൽ തെരെഞ്ഞെടുക്കപ്പെട്ട്, അവളുടെ വീട്ടിൽ ഒരു പോലീസിനും പിടികൊടുക്കില്ലെന്ന ഉറപ്പിൽ താമസിക്കുന്ന ഈ ‘മനുഷ്യൻ’ അവിടെ തീർന്നു പോകുന്ന കഥയല്ല. അയാൾക്ക് വേറെയും ഗൂഢജീവിതങ്ങളുണ്ട്.  ‘ഇത്രമാത്രം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 27) എന്ന കവിതയിൽ താൻ വളരെ സ്നേഹിച്ചിരുന്ന കൂട്ടുകാരനെ കാരണം ഇല്ലാതെ കൊന്ന ഒരുത്തനെ ഒരു തോക്കുമായി പിന്തുടരുന്നത് ഇയാളാണ്. പ്രതികാരം ഒന്നും അയാൾ നടപ്പാക്കുന്നില്ല. പകരം അവനെ  ആക്രമിക്കാൻ വന്ന ചെന്നായ്ക്കളെ തോക്കിന്റെ ഒച്ചയാൽ ഓടിച്ചു വിടുന്നു. പെണ്ണിന്റെ കണ്ണായിരുന്നു കൂട്ടുകാരന്.  ഉറങ്ങുമ്പോൾ അവന്റെ ചുണ്ടിൽ ഇയാൾ ചുംബിക്കുകയും ചെയ്തിരുന്നു. ശാരീരികവും മാനസികവുമായ സുഖം ഇല്ലാതാക്കിയ ശത്രുവിനെ കൊല്ലുന്നതിനു പകരം രക്ഷിച്ചു കഴിഞ്ഞപ്പോൾ കൂട്ടുകാരന്റെ പെൺസ്വരം അയാൾക്ക് കേൾക്കാൻ പറ്റുന്നു. മരിച്ചുപോയ അയാളുടെ കണ്ണുകളിലും ചുണ്ടുകളിലും വീണ്ടും ചുംബിക്കാനും പറ്റുന്നു. “ഒരാൾ തന്നോട് എങ്ങനെ പെരുമാറണമെന്ന് താൻ വിചാരിക്കുന്നുവോ അങ്ങനെ അയാളോട് പെരുമാറുക എന്ന” ആപ്തവചനം ജീവിതത്തിൽ പകർത്തിക്കാട്ടിയതുകൊണ്ട് അയാൾക്കു കിട്ടിയ അനുഗ്രഹമാണ് അവസാനം കൈവന്ന സുഖം. അതു ഭാവനയിലായിരിക്കാം. എന്നാലും ഒച്ചയും ബഹളവുമൊന്നും ഇല്ലാത്ത ഒരാത്മീയ ധാരയിൽ അത് കവിതയെ ജ്ഞാനസ്നാനം ചെയ്യിച്ചെടുക്കുന്നുണ്ട്.

കഴിഞ്ഞ ജൂണിൽ ‘കവിതയുടെ ചരിത്രം’ എന്ന പേരിൽ മാതൃഭൂമിയിൽതന്നെ ജോസഫിന്റെ ഒരു കവിത വന്നിരുന്നു. അതിൽ ‘കവി’യുടെ കൂടെ ഒരു കുരങ്ങനാണ്. കവിതയുടെ ചരിത്രമെഴുതാനായി അയാൾ പലരെയും സന്ദർശിക്കുന്നു. ഒരുതരം ഒളിഞ്ഞു നോട്ടത്തിന്റെ സ്വഭാവമുണ്ട് അയാളുടെ നിരീക്ഷണത്തിന്. കാമുകനെ ഉമ്മവയ്ക്കുന്ന മറ്റൊരു കവി, കുളത്തിൽ നഗ്നരായി കുളിക്കുന്ന പെൺകുട്ടികൾ, മറ്റുള്ളവർ ഉറങ്ങുമ്പോൾ മാത്രം കവിതയെഴുതാൻ കഴിയുന്ന കവയിത്രി, അങ്ങനെ പലരെയും അയാൾ കാണുന്നുണ്ട്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം, ചരിത്രത്തിൽ വലിയ സ്ഥാനത്തിനു വേണ്ടിയുള്ള ആഗ്രഹമാണെന്ന് അയാൾ അറിയുന്നു. കവിതയിൽ ഒരക്രമം നടക്കുന്നു. ചരിത്രമെഴുതാൻ നടക്കുന്ന കവിയെ തേടി മൂന്നുപേർ വരുന്നു. അവരയാളെ മർദ്ദിക്കുന്നു. അയാളുടെ ദരിദ്രമായ ചരിത്രമെഴുത്തിനെ പരിഹസിക്കുന്നു, ഭീഷണിപ്പെടുത്തുന്നു.  അയാൾക്ക് സഹചാരിയായ കുരങ്ങനെ നഷ്ടപ്പെടുന്നു.  ഒരു കുഞ്ഞ്,  കുടിക്കാനുള്ള വെള്ളവുമായി അയാൾക്ക് ആശ്വാസമണയ്ക്കുന്നുണ്ടെങ്കിലും നാടു വിട്ടു പോകേണ്ട ഗതികേടിനെ കാണിച്ചുതന്നുകൊണ്ടാണ് കവിതയവസാനിക്കുന്നത്.  മുകളിൽ എടുത്തെഴുതിയ മറ്റു കവിതകൾ പോലെയല്ല, ചരിത്രം ആരുടേത്, ആർക്കാണ് അതിന്റെ കർത്തൃത്വാവകാശം തുടങ്ങിയ മുദ്രാവാക്യസ്വഭാവമുള്ള ആശയഗതിയെ തെളിയിച്ച് കേന്ദ്രസ്ഥാനത്ത് പിടിപ്പിച്ച കവിതയാണിത്. അതുകൊണ്ട് സ്വാഭാവികമായും അതിന്റെ പ്രതിബദ്ധതാസ്വഭാവത്തിൽ കണ്ണുടക്കാതിരിക്കുകയില്ല. പക്ഷേ ഇവിടെ ഈ കവിത പരാമർശവിഷയമാകുന്നത് അക്രമത്തെ അതിന്റെ ആഖ്യാനത്തിൽ കൊണ്ടുവരുന്നു എന്നതുകൊണ്ടും  കവിതയുടെ ക്രിയാംശത്തെ ആ ഹിംസ നിശ്ചയിക്കുനു എന്നുള്ളതുകൊണ്ടുമാണ്. ഈ മൂന്നു കവിതകളിലും കവിക്ക് യഥാക്രമം ഒരു സ്ത്രീ, കൂട്ടുകാരൻ, കുരങ്ങ് എന്നീ സഖാക്കളുണ്ട്. ഈ കൂട്ടത്തിൽതന്നെ ചേർക്കാവുന്ന ഒരു സാന്ത്വന ബിംബമാണ് ‘കവിതയുടെ ചരിത്ര’ത്തിന്റെ അവസാനം വെള്ളവുമായി വരുന്ന കുഞ്ഞിന്റേതും.

കുറച്ചുകാലം മുൻപ് മാതൃഭൂമിയിൽ വന്ന മറ്റൊരു കവിതയെക്കൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം. ‘കവിതാ ബാറിൽ’ എന്നാണതിന്റെ പേര്. പെണ്ണുങ്ങളെ വളച്ചതിന്റെ കാമകഥകൾ പറയുന്നൊരുത്തൻ, ഒരു വിഷാദരോഗി എന്നിവർ ഇരിക്കുന്ന ബാറിൽ അദൃശ്യനായിരുന്ന് അവരെ നോക്കുന്ന കവി (ആഖ്യാതാവിന്) അവിടെ നടക്കുന്ന അടിപിടിയ്ക്കിടയിൽ പെട്ടെന്ന് കുത്തേൽക്കുന്നു. അയാൾ മരിച്ചുപോകുന്നു. ശവക്കുഴിയിൽ കിടന്ന് അയാൾ കവിതയെഴുതുന്നു.  (സിമി നസ്രേത്തും, ‘മരിച്ചുപോയി ഞാൻ’ എന്ന അവസാനിക്കുന്ന ഒരു കഥയെഴുതിയിട്ടുണ്ട്.) ഇവിടെ അയാൾക്ക് മറ്റു കവിതകളിൽ കണ്ടതുപോലെ കൂട്ടില്ല. പക്ഷേ വിരുദ്ധ സ്വഭാവമുള്ള മനുഷ്യരെ നോക്കിയിരിക്കുന്നതിൽ സൗഹൃദത്തിനു വേണ്ടിയുള്ള കൗതുകമുണ്ട്. അതാണ് ആകസ്മികമായി തുലഞ്ഞു പോകുന്നത്.

ഈ നാലു കവിതകളിലും ഒരു പോലെ നിഴലിക്കുന്ന ഒരു ഭാവം, പറയുന്ന ആളിന്റെ (നമ്മൾ കവിയെന്ന് സൗകര്യത്തിനു വേണ്ടി എഴുതും) കർമ്മണിസ്ഥാനമാണ് പാസീവ്നെസ്എന്നു പറയാവുന്നത്. കവിതകളിലെ പ്രവർത്തനങ്ങളുടെ ഫലം അനുഭവിക്കുക എന്ന വിധിയാണയാൾക്കുള്ളത്. ഒറ്റയ്ക്കൊറ്റെയ്ക്കെടുത്താൽ ‘താവളത്തിലെ’ സ്ത്രീയെയും (അവൾ തെരെഞ്ഞെടുക്കുന്നു, അവൾ ഇണചേരുന്നു)  ‘കവിതയുടെ ചരിത്ര’ത്തിലെ പാതിരായ്ക്ക് കവിതയെഴുതുന്ന കവയിത്രിയെയും, നഗ്നരായി കുളിക്കുന്ന പെൺകുട്ടികളെയും,  ഇത്രമാത്രത്തിലെ പെണ്ണിന്റെ കണ്ണും സ്വരവും ചുണ്ടുമുള്ള കൂട്ടുകാരനെയും വച്ച സ്ത്രൈണതയ്ക്കും ലിംഗാനന്തരതയ്ക്കും ജോസഫ് നൽകുന്ന മാനങ്ങളെപ്പറ്റി ഉപന്യാസമെഴുതുക എളുപ്പമാണ്. പക്ഷേ കവിതകളിലെ സ്ത്രീ,  ലിംഗപരമായ അർത്ഥത്തെ കവിഞ്ഞു നിൽക്കുന്ന ഒന്നാണെന്ന് ആകെ നോക്കിയാൽ അറിയാം. പാരമ്പര്യം ചൂണ്ടി തരുന്ന അർത്ഥത്തിൽ അത് കാവ്യഭാവനയോ കവിത തന്നെയോ ആയി മാറാം. ആണുങ്ങളുടെ വ്യവഹാരമേഖലയായ ബാറിൽ സ്ത്രീ ഉടൽരൂപത്തിൽ ഇല്ല. പക്ഷേ ബാറിന്റെ പേരായി  ആ സ്ത്രൈണസത്ത സന്നിഹിതമാണു താനും. അത് കവിതയിലെ സൂക്ഷ്മതയാകുന്നു.

ശൈശവ നിഷ്കളങ്കതയോടുകൂടിയ ചെറു വാക്യങ്ങളിൽ,  വ്യക്തിഗതമായ ഭാഷയിലാണ് ജോസഫ് കവിതയെഴുതുന്നത്. അതൊരു ശൈലിയാണ്. അങ്ങനെ ഓരോരോ കവിതകൾ മാത്രമേ സാധ്യമാകൂ. അനുകരിക്കപ്പെട്ടാൽ അത് ചരിത്രത്തിന്റെ കാര്യം പറഞ്ഞതുപോലെ തമാശയാകും.

 അസ്വസ്ഥജനകവും താൻ ഏതു സമയവും തിരസ്കൃതനായേക്കുമോ എന്ന് ഭയപ്പെടുത്തുന്നതുമായ ഒരു ചുറ്റുപാടിനെ സവിശേഷമായ നിലയിൽ ഈ കവിതകൾക്കുള്ളിലെ അക്രമാന്തരീക്ഷം മുന്നിൽ വയ്ക്കുന്നു. ഒരു തരം അരക്ഷിതമായ മാനസികഭാവമാണ് അതിന്റെ സ്ഥായി. കുറ്റങ്ങളുണ്ടാവുകയും നിയമപാലകരോ ശിക്ഷയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഡിസ്റ്റോപ്യൻ റിപ്പബ്ലിക്കിലാണ് തന്റെ ജീവിതം എന്ന് വാമൂടി പറയുകയാണ് കവി. മരിച്ചതിനു ശേഷമുള്ള ജീവിതവും (കവിതാ ബാർ),  ഒളിജീവിതവും (താവളം), പ്രവാസജീവിതവും (കവിതയുടെ ചരിത്രം) ബഹിഷ്കൃതമായ (എന്ന് സ്വയം സംശയിക്കുന്ന) ജീവിതത്തിന്റെ കാവ്യകല്പനകളാണ്. കവിതയെന്ന ഭാവനായാഥാർഥ്യമാണ്, തന്നെ നിരന്തരം അപ്രസക്തനാക്കിക്കൊണ്ടിരിക്കുന്ന ലൗകികയാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷിക്കുന്നതെന്ന വിചാരം കവിതകൾ പങ്കുവയ്ക്കുന്നു. മറ്റൊരർത്ഥത്തിൽ ഈ ഒളിച്ചോട്ടം അതിന്റെ പ്രതീകനിലയാണ്.  ‘മരിച്ചതിനുശേഷവും’ എന്ന് ജോസഫ് പറയുന്നത് വെറുതെയായിരിക്കാൻ സാധ്യതയില്ല.

 ഇവിടെയുള്ള ചെറിയ ക്രിയാത്മകമായ ഒരു വൈരുദ്ധ്യം കാണാതെ പോകരുത്. ജോസഫ് കവിയാണ്. വ്യത്യസ്തമായ നിലയും ഭാഷയും പ്രമേയവുമാണ് ജോസഫിന് കവിതയുടെ ചരിത്രത്തിൽ ‘വലിയ സ്ഥാനം’ നൽകുന്നത്. അതേസമയം തന്റെ കവിതയുടെ അപാരമ്പര്യത്തെക്കുറിച്ചുള്ള വേവലാതികളാണ് താൻ സഹകവികൂട്ടത്തിൽ/സമൂഹത്തിൽനിന്നും ബഹിഷ്കൃതനാണോ എന്ന ആന്തരികമായ വിചാരലഹരിയിൽ കവിയെ എത്തിക്കുന്നതും. അതുകൊണ്ട് ഫലത്തിൽ മേൽപ്പറഞ്ഞ കവിതകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കൊപ്പം തന്നെത്തന്നെ കൊല്ലുക എന്ന തീവ്രാഭിലാഷങ്ങളും ഒരർത്ഥത്തിൽ കൊലകൾതന്നെയും നടക്കുന്നുണ്ട്.  ഫ്യോദോർ കാരമസോവിനെ കൊന്നത് സ്മെർദ്യക്കോവാണെങ്കിലും ഇവാനും മനശ്ശാസ്ത്രപരമായി ഫ്യോദോർ ദസ്തയേവ്സ്കി തന്നെയും (എന്ന് ഫ്രോയ്ഡ്) അതിൽ പങ്കാളിയാണെന്നു പറയുമ്പോലെ തന്നെ താൻ കൊല്ലുക എന്ന വിചിത്രമായ അവസ്ഥയാണത്. എന്തുകൊണ്ട് കവിതകളിൽ കർത്താവായല്ലാതെ ഇരയായി ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ രണ്ടാം അർത്ഥവും കുറ്റാന്വേഷകൻ ഇല്ലാതെ പോകുന്നതിന്റെ ഒന്നാം അർത്ഥവും തിരയേണ്ടത് ഈ ആത്മസംഘർഷത്തിലും അതിലുപരി ആത്മശൈഥില്യത്തിലുമാണ്. ഉത്തരം കിട്ടാതിരിക്കില്ല.

കവിതകളുടെ അപസർപ്പകസ്വഭാവത്തെ സമൂഹം എന്ന നിലയ്ക്ക് നമ്മൾ അംഗീകരിച്ചു തുടങ്ങിയിട്ടില്ല. എങ്കിലും മണ്ണും വെള്ളവും കാറ്റുംപോലെ നമുക്കിടയിൽ അതും ഒരു ഗണമായി ഉണ്ട്. ചോരയുടെ നിറത്തെ റോസാപ്പൂവിന്റെ മണമായി പരിവർത്തിപ്പിക്കാൻ കവിതയ്ക്കുമാത്രമായി പ്രത്യേക സിദ്ധിവിശേഷങ്ങളുള്ളതിനാൽ ഒന്നിനെ മറ്റെന്തെങ്കിലുമായി മാറ്റിക്കാണിക്കുകയും അതങ്ങനെ മനസ്സിലാക്കുകയും ചെയ്ത് നമ്മുടെ സംവേദനത്വങ്ങൾ ചാരിതാർഥ്യം അടയും. അതും ശരിയാണ്.

FB

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എസ് .ജോസഫിനെ അധികം വായിച്ചിട്ടില്ല ,ക്ലബ് ഹൌസിൽ ഇദ്ദേഹത്തെ കേട്ടിട്ടുണ്ട്