September 26, 2021

ചലച്ചിത്രങ്ങളും ചരിത്രവും ആസ്വാദനയുക്തിയും

 


1931 മുതൽ 1949 വരെയുള്ള കാലയളവിൽ തമിഴിൽ 435 ചിത്രങ്ങളും ഹിന്ദിയിൽ 2058 ചിത്രങ്ങളുമാണുണ്ടായത്. ഇത് 1950 -ൽ ഏവൂർ ഇ കെ എഴുതിയ ‘ഇന്ത്യൻ സിനിമാ വ്യവസായം’ എന്ന ലേഖനത്തിൽ കൊടുത്തിട്ടുള്ള വിവരമാണ്. (സിനിമാ മാസിക, ഓണം വിശേഷാൽ പ്രതി 1950 ആഗസ്റ്റ്) അതേ ലേഖനത്തിൽ ഇന്ത്യയിലെ തിയേറ്ററുകളുടെ കണക്കും കൊടുത്തിട്ടുണ്ട്. അതനുസരിച്ച് തിരുവിതാം കൂറിലെ തിയേറ്ററുകളുടെ എണ്ണം 125 ആണ്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിൽ തിയേറ്ററുകൾ 46 എന്നുമാണ് കാണുന്നത്. കൊച്ചിയിൽ ഇതിനു പുറമേ 41 തിയേറ്ററുകളുമുണ്ടായിരുന്നു. ഇവയെല്ലാം സ്ഥിരം സിനിമാശാലകൾ അല്ല, താത്കാലിക കൂടാരങ്ങളെയും നാടുചുറ്റിശാലകളെയും (ടൂറിങ് ടാക്കീസ്) ചേർത്താണ് ഈ എണ്ണം. അന്നത്തെ രീതിയനുസരിച്ച്, ഈ സ്ഥിതിവിവരക്കണക്കുകളുടെ പ്രഭവം ഏതാണെന്ന് ലേഖകൻ വ്യക്തമാക്കിയിട്ടില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള ആനുകാലികങ്ങളിൽ നിന്നെടുത്തതാവാം വിവരം. ബോംബേ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അന്ന് 69 സിനിമാശാലകളും കൽക്കട്ടയിൽ 67 -ഉം ഡെൽഹിയിൽ 24 ഉം തിയേറ്ററുകളാണെന്ന് (പ്രെസിഡൻസികളെ ഒഴിവാക്കിയാൽ) കാണാം. അതുകൊണ്ട് ഒറ്റനോട്ടത്തിൽത്തന്നെ കേരളപ്രദേശത്തിലെ തിയേറ്ററുകളുടെ മൊത്തം എണ്ണം അതിശയോക്തിപരമല്ലെങ്കിൽ, മറ്റൊരുതരത്തിൽ ചലച്ചിത്രങ്ങൾ ഉണ്ടായ കാലംമുതൽ മലയാളിസമൂഹത്തിന് ആ കലാരൂപത്തോടുണ്ടായിരുന്ന താത്പര്യത്തെ ഏതൊക്കെയോ വിധത്തിൽ അനുഭവപ്പെടുത്തുന്നുണ്ട്.
കാഴ്ചയുമായും ആസ്വാദനവുമായും ബന്ധപ്പെട്ടുകിടക്കുന്ന ഈ താത്പര്യവിശേഷം നിർമ്മാണവുമായോ ഉത്പാദനവുമായോ ബന്ധപ്പെട്ട് സമാന്തരമായ അളവിൽ മലയാളിസമൂഹത്തിനുണ്ടായിരുന്നോ എന്നു സംശയമാണ്. മറാത്തിയിലും (ശ്രീ പുണ്ഡലിക് 1912) ഹിന്ദിയിലും (രാജാ ഹരിശ്ചന്ദ്ര 1913) തമിഴിലും (കീചകവധം 1918) തെലുങ്കിലും (ഭീഷ്മ പ്രതിജ്ഞ 1921) എല്ലാം ചലനചിത്രങ്ങൾ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ് മലയാളത്തിൽ അത്തരമൊരു സംരംഭത്തെപ്പറ്റി ഒറ്റപ്പെട്ട ആലോചനകൾ നടക്കുന്നത്. എന്നാൽ പ്രദർശനങ്ങൾ അതിനു വളരെമുൻപേയുണ്ടുതാനും.
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം, അത് ആദ്യത്തെ ചലച്ചിത്രമാണോ എന്ന തർക്കത്തോടൊപ്പം അതിന്റെ പ്രദർശനതീയതിയെപ്പറ്റിയും ആശയക്കുഴപ്പം നിലവിലുണ്ട്. 1928 നവംബർ 7 നായിരുന്നു വിഗതകുമാരന്റെ ആദ്യപ്രദർശനം എന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ അഭിപ്രായത്തെ 2017-ൽ ഇറങ്ങിയ ‘രാജ്യഭ്രഷ്ടനായ മാർത്താണ്ഡവർമ്മ’യിലെ ലേഖനത്തിൽ ശക്തമായി പിന്താങ്ങിയിട്ടുണ്ട്. മാത്രമല്ല മറ്റുതരത്തിൽ പ്രചരിക്കുന്ന തീയതികളുടെ ആധികാരികതയ്ക്കെതിരെ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 1930 ഒക്ടോബർ 19-നു ദ ഹിന്ദു ഇല്യുസ്ട്രേറ്റഡ് വീക്‌ലിയിൽ വന്ന ഫോട്ടോയും 1930 ഒക്ടോബർ 18-നു നസ്രാണിദീപികയിൽ വന്ന പ്രദർശനവാർത്തയും അതേ മാസം 28 -നു വന്ന ആർ ഗോപിനാഥെഴുതിയ നിരൂപണവും 1930 നവംബർ ഒന്നിനു മാതൃഭൂമിദിനപ്പത്രത്തിൽ വന്ന വാർത്തയും അതേ ദിവസം ദ ഹിന്ദുവിൽ വന്ന വാർത്തയും ട്രാവങ്കൂർ പിക്ചേഴ്സുകാർ പ്രദർശനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ക്ഷണപത്രവും എല്ലാം 1930 ആണ് ചിത്രത്തിന്റെ പ്രദർശനവർഷവും ഒക്ടോബർ 23 തീയതിയുമാണെന്ന കാര്യത്തെ ആർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ ‘നഷ്ടസ്വപ്നങ്ങൾ’ എന്ന പുസ്തകത്തിൽ പ്രമാണങ്ങളുടെ കൈത്താങ്ങോടെ ഉറപ്പിച്ചിട്ടുമുണ്ട്. ( അവിടെയും ആഴ്ചകൾ കുറിക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ വന്നുപോയിട്ടുണ്ട്) ജെ സി ഡാനിയലിനെ നേരിട്ടു കണ്ട് അഭിമുഖം നടത്തിയ വ്യക്തിയാണെങ്കിലും 1928 നവംബർ 7 എന്ന തീയതിയുടെ ആധികാരികത വ്യക്തമല്ല.
1948 ൽ തൈക്കാട്ട് ചന്ദ്രശേഖരൻ നായർ എഴുതിയ ‘മലയാള ചിത്രങ്ങൾ ശോച്യാവസ്ഥയും ഉദ്ധാരണമാർഗങ്ങളും’ എന്ന ലേഖനത്തിൽ, 17 കൊല്ലങ്ങൾക്കു മുൻപ് താൻ കണ്ട ആദ്യത്തെ മലയാളചിത്രമായി ലേഖകൻ അവതരിപ്പിക്കുന്നത് ‘മാർത്താണ്ഡവർമ്മ’യെയാണ്. തൊട്ടടുത്ത് അടുത്ത ചിത്രത്തിന്റെ പുറപ്പാടുണ്ടായി എന്ന് വിഗതകുമാരനെപ്പറ്റിയും പറയുന്നു. മാർത്താണ്ഡവർമ്മയെപ്പോലെയല്ല, വിഗതകുമാരന്റെ കഥ കൽപ്പിതമാണെന്നും അത് ആരാണെഴുതിയതെന്ന് അറിയില്ലെന്നും കഥാനായികയായി അഭിനയിച്ചത് തിരുവനന്തപുരത്ത് പാളയത്തിൽ അപ്പക്കച്ചവടം നടത്തിയിരുന്ന ഒരു തരുണിയാണെന്നും അഭ്യസ്തവിദ്യയല്ലെങ്കിലും ഒരു തരുണി നടനരംഗത്ത് മുന്നിട്ടറങ്ങിയത് നല്ല കാര്യമാണെന്നുമാണ് ലേഖനത്തിന്റെ ധ്വനി.
 “വിഗതകുമാരനിൽ ചില അരുവികളും കാടുകളും പകർത്തി കേരളത്തിലെ പ്രകൃതിഭംഗിയെ അഭിനന്ദിച്ചിരിക്കുന്നു” (സിനിമാമാസിക 1948 സെപ്റ്റംബർ). വിഗതകുമാരനെപ്പറ്റിയും മാർത്താണ്ഡവർമ്മയെപ്പറ്റിയും പ്രചരിച്ചുവരുന്ന കഥകൾക്കു വിരുദ്ധമാണ് ലേഖനത്തിലുള്ള സംഗതി. ക്യാപിറ്റോൾ തിയേറ്ററിൽ പ്രദർശനം നടന്നതിനെപ്പറ്റിയോ അതിനെ ആളുകൾ തടസ്സപ്പെടുത്തിയതിനെപ്പറ്റിയോ അതിൽ ഒരു വിവരവും ഇല്ല. മാർത്താണ്ഡവർമ്മയ്ക്കുശേഷം പുറത്തിറങ്ങിയ ചിത്രമാണ് വിഗതകുമാരൻ എന്നതരത്തിലുള്ള വിവരണമാണ്, ആ ലേഖനത്തിലെ ശ്രദ്ധേയമായ വസ്തുത. ഇന്ത്യയിലെ ചലച്ചിത്രങ്ങളുടെ സ്ഥിതി പൊതുവേ അവലോകനം ചെയ്യുന്ന, ഏവൂർ ഈ കെയുടെ ആദ്യം പറഞ്ഞ ലേഖനത്തിലും വിഗതകുമാരന്റെ സ്ഥാനം, രണ്ടാമത്തെ മൂകചിത്രം എന്ന നിലയ്ക്കാണ്. മാർത്താണ്ഡവർമ്മ (1932) വിഗതകുമാരൻ (1933) ബാലൻ (1938) ജ്ഞാനാംബിക (1940) ഭക്തപ്രഹ്ളാദൻ (1941) നിർമ്മല (1948) വെള്ളിനക്ഷത്രം (1949) എന്നിങ്ങനെയാണ് 1950 -നു തൊട്ടു മുൻപുവരെയുള്ള ചിത്രങ്ങളുടെ പ്രദർശനവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ആദ്യത്തെ രണ്ടു ചിത്രങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയുള്ളവയുടെ പ്രദർശനവർഷങ്ങൾ മലയാളചലച്ചിത്രചരിത്രവുമായി ഒത്തു പോകുന്നുണ്ട്. വിഗതകുമാരന്റെ സ്രഷ്ടാവ് ജോസഫ് ചെല്ലയ്യാ ഡാനിയൽ ജീവിച്ചിരിക്കുന്ന സമയത്താണ് ഈ രണ്ടു ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവരുന്നതെന്ന കാര്യവും ഓർക്കേണ്ടതാണ്, അദ്ദേഹം ഇവ കണ്ടിരിക്കാൻ ഇടായില്ലെങ്കിലും.
ചരിത്രം ആശയക്കുഴപ്പങ്ങളുടെയും കെട്ടുകഥകളുടെയും അനിശ്ചിതത്വങ്ങളുടെയും സമാഹാരമായി മാറുന്നതിന് നല്ല വിഹിതം, അവ രേഖപ്പെടുത്തുന്നതിൽ സമൂഹം അവലംബിച്ച ഉദാസീനതയ്ക്കും ബാക്കി പങ്ക് അവയുടെ അലഭ്യതയ്ക്കുമാണ്. തിരുവിതാം കൂറിലും കൊച്ചിയിലും മലബാറിലുമായി 212 ചലച്ചിത്രപ്രദർശനശാലകൾ ഉണ്ടായിരുന്നു എന്നു പറയുന്ന കാലയളവിൽ നമുക്കാകെയുണ്ടായ ചിത്രങ്ങൾ വെറും ഏഴെണ്ണമാണ്. അപ്പൻ തമ്പുരാൻ സിനിടോൺ എന്ന സ്റ്റൂഡിയോ സ്ഥാപിച്ച് ഭൂതരായർ എന്നും ബാലനിലെ നടനായിരുന്ന എം വി ശങ്കു, യാചകനെന്നും പേരുള്ള സിനിമകളെടുക്കാൻ ഇതിനിടയിൽ ശ്രമിച്ചിരുന്നുവെങ്കിലും അവ മുടങ്ങിപ്പോയി. മലയാളികളുടെതെന്നു പറയാമായിരുന്ന രണ്ടു ചിത്രങ്ങളാണ് അതോടെ നഷ്ടമായത്. ആദ്യത്തെ മൂകചിത്രങ്ങളുടെ ഹതവിധി മാറ്റിവച്ചാലും ബാലൻ തുടങ്ങിയുള്ള മറ്റു ചിത്രങ്ങളുടെ കാര്യവും തീരെ ആശാസ്യമായിരുന്നില്ല. ഒന്നും സാമ്പത്തികമായി വിജയിച്ചില്ല. കലാപരമായും അവയുടെ അവസ്ഥ പരിതാപകരമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കംമുതൽ ചലനചിത്രങ്ങളിലെ കാഴ്ചാകൗതുകങ്ങളുമായി പരിചയപ്പെട്ട ജനത ഉത്പാദനപരമായും സർഗാത്മകമായും നിഷ്ക്രിയമായിരുന്നതിന്റെ ഒന്നാംതരം ഉദാഹരണങ്ങളാണ് നമ്മുടെ ആദ്യകാല ചിത്രങ്ങൾ. 1931-ൽ കാളിദാസ് എന്ന ശബ്ദചിത്രത്തിനും 1918 ലെ കീചകവധമെന്ന മൂകചിത്രത്തിനും ഇടയിൽ 5000 ലധികം (ഹ്രസ്വചിത്രങ്ങളാകണം) ചിത്രങ്ങൾ തമിഴിൽ നിർമ്മിക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത ഒരു കണക്ക് എസ് തിയഡോർ ഭാസ്കരൻ അദ്ദേഹത്തിന്റെ ‘ഹിസ്റ്ററി ത്രൂ ദ ലെൻസ്’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ അവസ്ഥ പരിതാപകരമായതിന്റെ കാരണമായി പലരും കഥാഘടനയുടെ അനൗചിത്യദോഷങ്ങളും ഇതിവൃത്തപശ്ചാത്തലത്തിന് മലയാളിസമൂഹവുമായി ബന്ധമില്ലാത്തതുമൊക്കെ ചൂണ്ടിക്കാണിക്കുന്നു. ഒരു തമിഴ് പടത്തിന് ആരെങ്കിലും അമ്മുക്കുട്ടിയെന്നു പേരിടുമോ? എന്നു ചോദിച്ചുകൊണ്ടാണ്, ‘ജ്ഞാനാംബിക’യെ സഞ്ജയൻ ആക്രമിക്കുന്നത്. “ഞാൻ തമിഴ് ഫിലിം കമ്പനിക്കാരോട് അപേക്ഷിക്കുന്നു, താക്കീതു ചെയ്യുന്നു; നിങ്ങൾ ദയവു ചെയ്ത് മലയാളം ഫിലിം നിർമ്മിക്കാനുള്ള മോഹം വിട്ടേയ്ക്കണമെന്ന്. ഒന്നാമത് ലോകത്തിലെ നാനാ സിനിമാപടങ്ങളിലുംവച്ച് ഏതു നിലയ്ക്ക് നോക്കിയാലും ഏറ്റവും താഴ്ന്ന പടിയിലുള്ളതെന്ന് സുവിദിതമായ തമിഴ് പടങ്ങളെതന്നെ കുറച്ചൊക്കെ പരിഷ്കരിക്കുവാൻ ശ്രമിക്കിൻ. എന്നിട്ടാവാം, മലയാള പടങ്ങൾ നിർമ്മിക്കുവാനുള്ള പുറപ്പാട്” (സഞ്ജയൻ, മാതൃഭൂമി ദിനപ്പത്രം വാരാന്തചിന്തകൾ, 1940 ഏപ്രിൽ 21) മലയാള സിനിമാ- ഇന്നത്തെ ശോച്യാവസ്ഥ എങ്ങനെ പരിഹരിക്കാം? എന്ന ലേഖനത്തിൽ ചാക്യാട്ടു പത്മാവതിയമ്മ, “മനുഷ്യമനസ്സിനെ കളങ്കപങ്കിലമാക്കുവാൻ മാത്രം പര്യാപ്തങ്ങളായ ചില കോമാളിത്തങ്ങൾ കാട്ടിക്കൂട്ടി പേഴ്സു വർദ്ധിപ്പിക്കുക എന്ന പാവന(?) കൃത്യത്തിലാണവർ ഏർപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞാണ് തമിഴ് ചലച്ചിത്രനിർമ്മാതാക്കളെ വിമർശിക്കുന്നത്. (സിനിമാ മാസിക 1947 ജൂലായ്) 1947 നവംബർ-ഡിസംബർ ലക്കത്തിലെ സിനിമാ മാസികയിൽ തിരുവാർപ്പ് ബാലകൃഷ്ണൻ നായർ എഴുതിയ ലേഖനം ഇതേ വിഷയത്തെ തന്നെയാണ് മറ്റൊരു രീതിയിൽ ചർച്ച ചെയ്യുന്നത്. ‘തമിഴ് സിനിമ. അതെങ്ങനെ നമ്മളെ ബാധിക്കുന്നു?’ സംഗീതനാടകങ്ങൾ വ്യാപകമായിരുന്ന കാലത്ത് അതിന്റെ കലശലായ സ്വാധീനത്തിൽനിന്ന് ചലച്ചിത്രങ്ങളും മുക്തമായിരുന്നില്ല. മലയാളസിനിമ ആദ്യമായി സംസാരിക്കാൻ തുടങ്ങുകമാത്രമല്ല, നിർത്താതെ പാടാനും കൂടി തുടങ്ങുകയായിരുന്നു ബാലനിൽ. 23 പാട്ടുകളാണതിൽ ഉണ്ടായിരുന്നത്. നൃത്തവിദഗ്ദനായ ഗുരു ഗോപിനാഥും ഭാര്യ തങ്കമണിയും ഹിരണ്യകശിപുവും കയാധുവുമായി അഭിനയിച്ച പ്രഹ്ളാദയിൽ വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ ചിട്ടപ്പെടുത്തിയ 24 പാട്ടുകളുണ്ട്. വഞ്ചീശ മംഗളം ഉൾപ്പടെ.
മലയാള ചലച്ചിത്രത്തിന്റെ ആദ്യകാല അരിഷ്ടതകളുടെ മുഴുവൻ കുറ്റവും മണ്ണും സംസ്കാരവുമായി ബന്ധമില്ലാത്ത കുറച്ചാളുകൾ ചലച്ചിത്രസാങ്കേതികതയിലുള്ള അറിവുകൊണ്ടുമാത്രം മലയാളചലച്ചിത്രമേഖലയിൽ പ്രവർത്തിക്കാനെത്തിയതിന്റെയായിരുന്നു എന്നായിരുന്നു ആദ്യത്തെ കുറ്റപ്പെടുത്തൽ. എന്നാൽ ചലച്ചിത്രനിർമ്മാതാക്കളുടെ കച്ചവട-വ്യവസായ ലക്ഷ്യങ്ങളാണ് മലയാളസിനിമയെ തകർത്തതെന്ന തീരുമാനത്തിലേക്ക് അധികം വൈകാതെ വിമർശകർ എത്തിച്ചേരുന്നുണ്ട്. കെ ബാലകൃഷ്ണന്റെയും സി എൻ ശ്രീകണ്ഠൻ നായരുടെയും എൻ രാമചന്ദ്രന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും ഇറങ്ങിയിരുന്ന താരാപഥം എന്ന ചലച്ചിത്രമാസികയിൽ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. കേശവദേവ്, ‘മലയാള സിനിമ ശ്മശാനത്തിൽ’ എന്നൊരു ലേഖനം എഴുതിയിരുന്നു. അതിലദ്ദേഹം പറയുന്നത്, “ബാങ്കുകാരും റബറുകാരും കള്ളുകാരും പറയുമ്പോലെയെല്ലാം ആടിയും പാടിയുമാണ് മലയാള സിനിമാബാലിക നിലം‌പതിച്ചത്” എന്നാണ്. (താരാപഥം 1953 സെപ്റ്റംബർ). കഥയുടെ പോരായ്മയാണ് മലയാളത്തിനു പ്രധാനമായുള്ളതെന്നു മനസ്സിലാക്കി, നാല്പതുകളുടെ അവസാനത്തിൽ സി വി രാമൻപിള്ളയുടെ രാമരാജ ബഹദൂറും ഇ വി കൃഷ്ണപിള്ളയുടെ സീതാലക്ഷ്മിയും ചന്തുമേനോന്റെ ശാരദയും അപ്പൻ തമ്പുരാന്റെ ഭൂതരായരും ചലച്ചിത്രമാക്കുന്നതിന് നിർദ്ദേശിച്ചവരുണ്ട്. (ചാക്യാട്ടു പത്മാവതിയമ്മ, തൈക്കാട്ട് ചന്ദ്രശേഖരൻ നായർ) 1948-ൽ എഴുതിയ ‘മലയാള ഭാഷയും സിനിമയും’ എന്ന ലേഖനത്തിൽ എ കേശവപിള്ള ഒരു പടി കൂടി മുന്നോട്ടു പോയി. മലയാള സിനിമയ്ക്കു വേണ്ടി തയ്യാറാക്കുന്ന കഥ കേരളീയ സഹൃദയരുടെ അറിവിലേക്കായി മുൻകൂട്ടി പരസ്യപ്പെടുത്തണം എന്നൊരു നിർദ്ദേശം വച്ചു. “അല്ലാതെ അക്കാര്യം വിദഗ്ദരെമാത്രം ഏൽപ്പിച്ചിരുന്നാൽ അതു ശരിപ്പെടുകയില്ല. പൊതുജനങ്ങൾ കണ്ടു രസിക്കേണ്ട ചിത്രങ്ങളുടെ കഥ പൊതുജനങ്ങളുടെ അറിവിനായി നേരത്തെ പ്രസിദ്ധപ്പെടുത്തി അഭിപ്രായം ആരാഞ്ഞതുകൊണ്ട് ഗുണത്തിനല്ലാതെ ദോഷത്തിനു വകയില്ല.” – എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. (സിനിമാമാസിക, 1948 ജൂലായ്) ജനസമുദായത്തിന്റെ സ്വഭാവം രൂപവത്കരിക്കുന്ന വിഷയത്തിൽ സിനിമയ്ക്കുള്ള അതിശയനീയമായ കഴിവുകളെപ്പറ്റി വിവരിക്കുന്ന ‘സിനിമ’ എന്ന ലേഖനത്തിന്റെ ഒടുവിൽ പ്രഫ. പുത്തൻ കാവ് മാത്തൻ തരകൻ, ഇതേ ആശയത്തെ “ചിത്രനിർമ്മാണത്തിനു മുൻപുതന്നെ ചിത്രത്തിനു ആധാരമായ കഥയുടെയും കഥാകാരന്റെയും ഡയറക്ടറുടെയും സ്റ്റൂഡിയോയുടെയും പേരുകൾ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കണമെന്നും കഥയെക്കുറിച്ചുള്ള അനുകൂലമായ പൊതുജനാഭിപ്രായം കേട്ടു കഴിഞ്ഞതിനുശേഷം മാത്രമേ ചിത്രം നിർമ്മിക്കാൻ ആരംഭിക്കാവൂ എന്നും” നിഷ്കർഷിക്കുന്നത്, പാശ്ചാത്യലോകം അങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.

                 (സിനിമാമാസിക ഓണം വിശേഷാൽ പ്രതി 1949 സെപ്റ്റംബർ) ഫലത്തിൽ രണ്ടു നിർദ്ദേശങ്ങളും ഒന്നാണ്. സിനിമാനിർമ്മാണത്തിനു മുൻപ് കഥയും മറ്റു വിവരങ്ങളും പ്രസിദ്ധപ്പെടുത്തി ജനങ്ങളോട് അഭിപ്രായം ചോദിക്കുക, അതനുസരിച്ച് സിനിമ പാകപ്പെടുത്തുക. തമാശയായി അനുഭവപ്പെട്ടേയ്ക്കാമെങ്കിലും വേദിയിലെ നാടകങ്ങളുടെ സാങ്കേതികരൂപം മാത്രമായി ചലച്ചിത്രങ്ങളെ മനസിലാക്കിയിരുന്ന കാലത്തിന്റെ വെളിപാടുകളാണിവ. പക്ഷേ മറ്റൊരുതരത്തിൽ ചലച്ചിത്രമെന്ന കലാരൂപത്തിന്റെ ജനകീയവശത്തെയ്ക്കുള്ള ചൂണ്ടുപലകകൂടിയാണീ ആലോചനകൾ. വരേണ്യമോ സങ്കേതനിഷ്ഠമോ ഉയർന്ന കലാബോധമുള്ള ചുരുങ്ങിയ സമൂഹത്തിനോമാത്രം ആസ്വദിക്കാനുള്ളതല്ലെന്നും ജനസാമാന്യത്തിന്റെ കലാരൂപമാണ് ചലച്ചിത്രമെന്നുമുള്ള വീക്ഷണക്കോണിൽ നിന്നുകൊണ്ടല്ലാതെ തങ്ങൾക്കു വേണ്ട സിനിമയേതാണെന്ന് ജനത്തെ നിശ്ചയിക്കാൻ വിടണമെന്ന നിലപാടെടുക്കുക സാധ്യമല്ലല്ലോ. ഫ്രാങ്ക്ഫർട്ട് സ്കൂളുകാർ ജനപ്രിയ വരേണ്യ കലയെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിക്കും മുൻപ് നമ്മുടെ വാരികകളിൽ നടന്ന മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളെക്കുറിച്ചാണ് പറയുന്നത്. 80-കളിൽ പൈങ്കിളി നോവലുകൾ ചലച്ചിത്രമാക്കുന്ന സമയത്ത് വായനക്കാരിൽനിന്ന് കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ നിർദ്ദേശിക്കാൻ ജനപ്രിയ വാരികകൾ അഭിപ്രായമത്സരം നടത്തിയിരുന്നത് ഈ സങ്കല്പത്തിന്റെ തുടർച്ചയായിട്ടാണ്.
അനുകരണ ഭ്രമം, സദാചാരനിഷ്ഠയില്ലായ്മ, ചലച്ചിത്രത്തിന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ച് അതിന്റെ നിർമ്മാതാക്കൾക്ക് ലക്ഷ്യമില്ലാതിരിക്കുക തുടങ്ങി വേറെയും കുറവുകൾ വിമർശകർ പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാതൃകകൾ ഏറിയ കൂറും ഹിന്ദി ചിത്രങ്ങളാണ്. തമിഴ് സംഗീതനാടകങ്ങളിൽനിന്ന് കടന്നുവന്ന ഗാനാലാപനരീതിയെ ഹിന്ദിചലച്ചിത്രങ്ങളിലെ മാതൃകയിലുള്ള പാട്ടുകൾകൊണ്ട് പകരംവയ്ക്കാൻ മലയാളചലച്ചിത്രങ്ങൾ ദുർബലമായി ശ്രമിച്ചിരുന്നു. പ്രഹ്ലാദയും ജീവിതനൗകയും രണ്ടുവശത്തുമുള്ള ഉദാഹരണങ്ങൾ. രണ്ടു പ്രവണതകളും അനുകരണഭ്രമത്തിന്റെ പട്ടികയിലേക്കുള്ള വഴി തെളിക്കുകയാണ് ചെയ്തത്. നായികയ്ക്ക് കൈവയ്ക്കാൻ പാകത്തിൽ ശിഖരങ്ങൾ പാകപ്പെടുത്തിയ സ്റ്റൂഡിയോയിലെ മാവിനെപ്പറ്റിയും വീട്ടിലെ മുറി മരഫർണീച്ചറുകൾ വിൽക്കുന്ന കടപോലെയാക്കിവയ്ക്കുന്ന (കലാ) സംവിധാനത്തിന്റെ ഔചിത്യക്കേടിനെപ്പറ്റിയും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അടിസ്ഥാനപരമായി ‘സ്വാഭാവികതക്കുറവെന്ന’ ദോഷവിചിന്തനത്തിന്റെ ഭാഗമാണ്.
1951 മാർച്ച 15 -നു പ്രദർശനമാരംഭിച്ച കെ വേമ്പുവിന്റെ ‘ജീവിത നൗക’യാണ് വ്യവസായം എന്ന നിലയിൽ മലയാളചലച്ചിത്രത്തിന്റെ ഭാഗധേയം മാറ്റിക്കുറിച്ചത്. 170 ദിവസം തുടർച്ചയായി കോഴിക്കോട് കൊറണേഷനിലും മറ്റു പ്രദേശങ്ങളിലും പ്രദർശിപ്പിച്ച് ചരിത്രം സൃഷ്ടിച്ച ചിത്രം അതിന്റെ കലാമേന്മകൊണ്ടല്ല, മറ്റു ചില കാരണങ്ങൾകൊണ്ടാണ് മലയാളി പ്രേക്ഷകമനസ്സുകളിൽ കയറിപ്പറ്റാനായത്. തൊട്ടടുത്തവർഷം അമ്മയെന്ന ചലച്ചിത്രവുമായി വന്ന വേമ്പുവിന് സംവിധായകനെന്ന നിലയിൽ ജീവിതനൗകയ്ക്ക് ലഭിച്ച വമ്പിച്ച ജനപ്രിയതയുടെ തുടർച്ച നിലനിർത്താനുമായില്ല. എങ്കിലും മലയാളചലച്ചിത്രങ്ങളെ പുത്തൻകലാരൂപമായി തിരിച്ചറിഞ്ഞ് മലയാളിസമൂഹം ഏറ്റെടുത്തു തുടങ്ങുന്നത് 50-കളോടെയാണെന്ന് പറഞ്ഞാലും അതു ശരിയാണ്. ആ സമയത്ത് സിനിമാസംബന്ധിയായ ആനുകാലികങ്ങൾ ധാരാളമായി ഉടലെടുക്കുന്നു. സിനിമാസംബന്ധിയായ പുസ്തകങ്ങൾ ഇറങ്ങി തുടങ്ങുന്നു. സിനിമയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജീവനോപാധിയായിരിക്കാനുള്ളശേഷിയുണ്ടെന്ന വിശ്വാസം വ്യാപിക്കുന്നു. ചലച്ചിത്രങ്ങൾകൊണ്ട് അടയാളപ്പെടുത്താവുന്ന വ്യക്തിത്വങ്ങൾ രൂപംകൊള്ളുന്നു. അവരുടെ ജനസ്വാധീനം വളരുന്നു. ഇന്ത്യയിൽ പൊതുവായുണ്ടായിരുന്ന സാഹചര്യത്തിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്. നേരത്തേ കണ്ടതുപോലെ ഹിന്ദിയും തമിഴും തെലുങ്കും മലയാളത്തിനു മുൻപേ നടന്നു. മറ്റു പ്രാദേശിക ചലച്ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളം ചരിത്രത്തിനു പിന്നിലല്ലെങ്കിലും അൻപതുകളിലുണ്ടായ കുതിപ്പ് പ്രത്യേകമാണെന്ന് കാണാം.
അന്യഭാഷക്കാരായ സംവിധായകർ ഒരുക്കിയ (നിർമ്മലയുടെ സംവിധായകനായ പി വി കൃഷ്ണയ്യർ പാലക്കാട്ടുകാരനായിരുന്നതാണ് ആകെയുള്ള അപവാദം. പക്ഷേ അദ്ദേഹംപോലും മറാത്തി, തമിഴ് ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലാണ് നിർമ്മലയുടെ ചുമതല ഏറ്റെടുക്കുന്നത്) 5 ചിത്രങ്ങളുടെ ചരിത്രംമാത്രം ആകെയുണ്ടായിരുന്ന കേരളത്തിലാണ് 1949-ൽ 212 പ്രദർശനശാലകൾ ഉണ്ടായിരുന്നതായി പറയുന്നത്. ഇതൊരു പൊരുത്തക്കേടാണെങ്കിൽ അതിന്റെ ഉള്ളടക്കം സാംസ്കാരികമായ വിവക്ഷകളാണുള്ളത്. ഹിന്ദി, തമിഴ്, തെലുങ്കു ചിത്രങ്ങൾക്കുള്ള വേദികളായിരുന്നു ഇവിടത്തെ പ്രദർശനശാലകൾ മുഖ്യമായും. ബാക്കി ഇംഗ്ലീഷ് ചിത്രങ്ങൾക്കും. തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയേറ്ററിന്റെ ഒരു പരസ്യം 1930 -ലെ മലയാളരാജ്യം വിശേഷാൽ പ്രതിയിൽ വന്നത് ഇംഗ്ലീഷിലാണ്. അന്യദേശക്കാരായ വിതരണക്കാരും നിർമ്മാതാക്കളുമായിരിക്കണം ലക്ഷ്യം.
മലയാളിസമൂഹത്തിന്റെ ചലച്ചിത്രാവബോധത്തെ രൂപപ്പെടുത്തുന്നതിൽ പ്രാഥമികമായ പങ്കുവഹിച്ചത് ഈ അന്യഭാഷാചിത്രങ്ങളാണ്. അതേസമയം തുടക്കം മുതൽക്ക് മലയാളചലച്ചിത്രത്തിന്റെ സ്വാഭാവികതയ്ക്കും തനിമയ്ക്കുംവേണ്ടിയുള്ള മുറവിളി പ്രേക്ഷകസമൂഹം ഉയർത്തുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ പരിണതഫലം കൂടിയാണ് ആദ്യകാല മലയാളചിത്രങ്ങളുടെ പരാജയങ്ങൾ. ഈ വൈരുദ്ധ്യാത്മകയുക്തി മലയാളിയുടെ സാമൂഹികചേതനയുടെയും ആസ്വാദനബോധത്തിന്റെയും നിർണ്ണായകവും അനിവാര്യവും സങ്കീർണ്ണവുമായ ഭാഗമാണ്.
(കൃതിബ്ലോഗ് https://krithigbc.blogspot.com/2021/05/blog-post_64.html

No comments: