‘എനിക്ക് ചുവപ്പു നിറമുള്ള പുൽത്തകിടികളും നീലച്ചായം തേയ്ച്ച മരങ്ങളും വേണം. പ്രകൃതിയ്ക്ക് ഒരു ഭാവനയുമില്ല’ എന്ന് ചാൾസ് ബോദ്‌ലയറുടെ ഒരു കവിതയുണ്ട്. അപൂർണ്ണമായ ബാഹ്യയാഥാർത്ഥ്യത്തെ നിറങ്ങളുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റിപ്പണിയാനുള്ള ആഗ്രഹത്തെ വ്യക്തമാക്കുന്ന വരികളാണിത്. പദാർത്ഥങ്ങൾക്കുള്ള വിശേഷണ പദവി വിട്ട് നിറങ്ങൾ സ്വപ്നങ്ങൾ നിർമ്മിക്കാനുള്ള സവിശേഷമായ പദാർത്ഥങ്ങൾ തന്നെയായി തീരുന്നതിനെപ്പറ്റിയൊരു സൂചനയും ഈ ഈരടികൾ മുന്നിൽ വയ്ക്കുന്നു.
കവിയായി തുടങ്ങുകയും തലക്കേറ്റ മാരകമായ ക്ഷതത്താൽ പിന്നീട് കഥാകാരനായി തീരുകയും ചെയ്ത ഹോർഹെ ലൂയി ബോർഹസ്, ചുവപ്പ്, മഞ്ഞ, പച്ച വർണ്ണങ്ങളുടെ ആവർത്തിച്ചുള്ള പ്രയോഗം കഥകളിൽ നടത്തിയിട്ടുണ്ട്. വർണ്ണങ്ങളുടെ ആലങ്കാരിക പ്രയോഗത്തിലൂടെ (‘ചുവന്ന ആദം’ എന്നു ബോർഹസ് പ്രയോഗിച്ചിട്ടുള്ളതാണ് അഭിമുഖകാരൻ ചൂണ്ടിക്കാട്ടുന്നത്. ആദം എന്നാൽ ഹീബ്രൂ ഭാഷയിൽ ഭൂമി എന്നാണ് അർത്ഥം) ലോകത്തിന്റെ അധഃപതനത്തെ ആവിഷ്കരിക്കുകയായിരുന്നില്ലേ ബോർഹസിന്റെ ഉദ്ദേശ്യം എന്നു ചോദിക്കുന്ന, പാരീസ് റിവ്യുവിലെ റൊണാൾഡ് ക്രൈസ്റ്റിനോട് മഞ്ഞനിറത്തോടുള്ള തന്റെ താത്പര്യത്തിന്റെ ഭൌതികമായ അടിസ്ഥാനം ബോർഹസ് വിശദീകരിക്കുന്നു. അന്ധത ബാധിച്ചുകൊണ്ടിരുന്ന കാലത്ത് അദ്ദേഹം അവസാനമായി കണ്ട നിറം മഞ്ഞയാണ്. അത് രാത്രിയിലും കടുത്ത മൂടൽ മഞ്ഞിലും ചുവപ്പിനേക്കാൾ എടുത്തു കാണിക്കുന്നതും സ്പഷ്ടവും വ്യക്തവുമായ വർണ്ണമാണ്. നിറങ്ങൾക്ക് ശബ്ദായമാനമായ അവസ്ഥയുണ്ടെന്നും (ലൗഡ്) ചുവപ്പും മഞ്ഞയും ഒന്നിച്ചു ചേർന്ന വസ്ത്രം (ഇവിടെ ടൈ) ധരിക്കാൻ കാതു കേൾക്കാത്ത ഒരാളിനു മാത്രമേ സാധിക്കൂ എന്നുമാണ് ഓസ്കാർ വൈൽഡിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
പാരമ്പര്യവിശ്വാസപ്രകാരം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതീകമാണ് മഞ്ഞ. ബുദ്ധിശക്തിയുടെയും ഉത്സാഹത്തിന്റെയും നിറം. ബോർഹസിൽനിന്നും വ്യത്യസ്തമായ കാരണങ്ങളാൽ വൈലോപ്പിള്ളിയും മഞ്ഞയെ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നു. ‘മരണം കനിഞ്ഞോതി’ എന്ന കവിതയിൽ “ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നീ” എന്ന് കവി എഴുതുമ്പോൾ മഞ്ഞിൽ വിരിഞ്ഞ മാമ്പൂക്കളുടെ മണം മാത്രമല്ല, മാമ്പൂക്കളുടെ മഞ്ഞ നിറത്തോടൊപ്പം മഞ്ഞച്ച മണത്തിന്‍റെ ഗന്ധബിംബവുംകൂടി അവിടെ കടന്നുവരുന്നുണ്ടല്ലോ. മാമ്പൂവിന്റെ ഇളംമഞ്ഞയും കണിക്കൊന്നയുടെ കടുംമഞ്ഞയും ജീവിതാസക്തിയുടെ നിറങ്ങളാണ് വൈലോപ്പിള്ളിക്ക്. അതേ കവിതന്നെ ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലെഴുതിയ മഞ്ഞക്കടലിനോടെന്ന കവിതയിൽ ആക്രമണവാസനയുടെ ഇരമ്പിക്കയറലിനെയാണ് മഞ്ഞയോട് ചേർത്തു വച്ചിരിക്കുന്നത്. മഞ്ഞക്കടൽ, പച്ചയാം രക്തം, നീല നിലാവ്, വെളുത്ത കാക്കകൾ എന്നൊക്കെ നിറങ്ങളുടെ വൈരുദ്ധ്യത്തെ ഭാവബിംബങ്ങളാക്കി അവതരിപ്പിക്കാൻ വൈലോപ്പിള്ളിക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. എങ്കിലും അവയ്ക്കിടയിൽ മഞ്ഞയ്ക്കൊരു സവിശേഷസ്ഥാനമുണ്ട്. മഞ്ഞയെ ഏകാന്തതയുടെയും രോഗത്തിന്റെയും മരണത്തിന്റെയും നിറമാക്കി അവതരിപ്പിച്ച കഥയുണ്ട്; മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’.
കുരീപ്പുഴശ്രീകുമാറിന്റെ നഗ്നകവിതകളിലൊന്നായ ‘വെളുത്ത നിലവിളി’യിൽ മരണത്തിന്റെ നിറമായ വെളുപ്പ്, പരിഹാസ്യതയുടെ നിറം കൂടിയാവുന്നു. ‘കറുത്തസാരിയുടുത്ത്, കറുത്ത ബ്ലൌസും കറുത്ത ചെരുപ്പും കറുത്ത പൊട്ടുമിട്ട് ഹസ്‌ബന്റിന്റെ ഡെഡ് ബോഡിക്കരുകിലിരുന്ന് വെളുക്കനെ നിലവിളിക്കുന്ന’ വിധവ ഒരു വിപരീതബിംബമാണ്. പി രാമന്റെ ‘പച്ച’ നോക്കുക. ശവം കിടത്തുന്ന വാഴയിലയുടെ കത്തുന്ന പച്ചയാണ് അതിൽ മരണത്തിന്റെ നിറം. ബോദ്‌ലയറുടെ വരികളിൽ കണ്ടതുപോലെ എഴുത്തുകാർ പ്രകൃതിയുടെ സ്വഭാവികമായ വർണ്ണക്കൂട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തുകയും സങ്കേതബദ്ധമായി ജീവിതസാഹചര്യങ്ങൾക്ക് പൂർവികർ കൽപ്പിച്ചുവെച്ച നിറപദവികളെ ഭാവനാജീവിതംകൊണ്ട് അട്ടിമറിക്കുകയും ചെയ്യുന്നു, കുറ്റബോധമൊന്നും ഇല്ലാതെതന്നെ.
ഭാഷയുടെ സൂക്ഷ്മപ്രയോഗത്തിൽ നിറങ്ങൾക്ക് അലങ്കാരപദവിയുണ്ടെന്ന് വ്യക്തമാക്കുകയാണല്ലോ ബോർഹസ് ചെയ്തത്. ഇടശ്ശേരിയുടെ ‘വയലിന്റെ ചിത്രകാരൻ’ എന്ന കവിത നിറങ്ങളെക്കുറിച്ചുള്ളതാണ്. കവിതയുടെ തുടക്കത്തിൽതന്നെ കൊന്നപ്പൂവിലെ മഞ്ഞയെയും മഞ്ഞക്കിളിയുടെ ചുണ്ടിലെ ചുവപ്പിനെയും ചേർത്ത് അസ്തമനപർവതത്തിന്റെ താഴ്വാരത്തിലെ നിറങ്ങളെ ഒച്ചയുള്ളതാക്കിത്തീർക്കുന്നു. സ്വർണ്ണാഭരണങ്ങൾ മൂടിയ മാറ്, ചെന്തീ ഞാറു മുളച്ചതുപോലെ ആകാശനീലിമയിലെ ചുവപ്പ്, കൈതോലയുടെ പച്ചപ്പ്, ഇങ്ങനെ ഏറെക്കുറെ എല്ലാ നിറങ്ങളെയും കൊണ്ടുവന്ന് പശ്ചാത്തലമൊരുക്കുന്ന കവിതയിലെ പ്രധാനബിംബം, ‘ഇരുളിൻ കാതലിൽ ഉളികൾ നടത്തി, ചതുരം ചെത്തി മിനുക്കിയ കൽപ്രതിമയ്ക്ക് ഉയിർ വച്ചതുപോലെ നിൽക്കുന്ന, നക്ഷത്രത്തിളക്കമുള്ള കണ്ണുകളും വെളുവെളുത്ത പല്ലുകളുമുള്ള കറുകറുത്ത ഒരു കർഷകനാണ്. ആ കറുപ്പ് സുചിര പുരാതനമാണെന്നാണ് കവി പറയുന്നത്. തന്നിലവശേഷിച്ച നിറങ്ങളെടുത്ത് അയാൾ ഇന്നലെ പച്ചയായും ഇന്ന് സ്വർണ്ണനിറത്തിലും വയലിനെ വരയ്ക്കുന്നു. അതൊരു സൃഷ്ടിതന്നെയാകുന്നു. അദ്ധ്വാനിക്കുന്ന ശരീരത്തിന്റെ കറുത്തനിറത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ഇടശ്ശേരി ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ കവിതയുടെ ആരംഭത്തിൽ ചുവപ്പിനു പ്രാധാന്യം നൽകിക്കൊണ്ട് ചാലിച്ച സ്വർണ്ണമഞ്ഞയ്ക്ക് പ്രത്യേക അർത്ഥം കൈവരുന്നതായി മനസ്സിലാക്കാം. ഇടശ്ശേരി എഴുതുന്നു : ‘കോൺഗ്രസ്സുകാർക്ക് ഞാൻ ചുവന്ന പാർട്ടിക്കാരനാണ്. ചോപ്പനോ ഞാൻ വെള്ളത്തൊപ്പിക്കാരനും!’ (കവിത – എന്റെ ജീവിതത്തിൽ) കവി പ്രകടമായി സമ്മതിക്കുന്നില്ലെങ്കിൽ കൂടി ‘അധികാരം ആദ്യം കൊയ്യണമെന്നും, വേദനകളെ കുഴിവെട്ടി മൂടി, ശക്തിയിലേക്ക് കുതികൊള്ളണമെന്നും ആഹ്വാനം ചെയ്ത കവിയുടെ ചേരിയെന്താണെന്ന്, പ്രബോധനാത്മകമായ വരികളെക്കാളേറെ ഉച്ചത്തിൽ ധ്വനിപ്പിക്കുന്ന കവിതയാണ് ‘വയലിന്റെ ചിത്രകാരൻ’.
ബംഗാളികവിയായ സുദീപ് സെൻ എഴുതിയ ഒരു കവിതയാണ് മെഡിറ്ററേനിയൻ.
1
തിളങ്ങുന്ന ചുവപ്പിൽ ഒരു ബോട്ട്
മഞ്ഞ കപ്പൽമുളകുകൾ
നീല മത്സ്യവലകൾ
കാവി കോട്ടമതിലുകൾ
2
തനിത്തങ്കത്തിൽ സഹീറിന്റെ
പട്ടുബ്ലൗസ്
കറുത്തിരുണ്ട് കരിയെഴുതിയ
അവളുടെ കണ്ണുകൾ
3.
തെരുവിലെ കുട്ടിയുടെ
തവിട്ടു നിറമുള്ള കൈ.
കൊച്ചുവിരലുകൾക്കുള്ളിൽ
അവൻ മുറുക്കിപ്പിടിച്ചിരിക്കുന്ന മഴവില്ല്
4.
വെളുത്ത് മരവിച്ചു തകർന്നു
പോയ എന്റെ ഓർമ്മകൾ
ചിതറാനിപ്പോൾ
ഉരുകിത്തുടങ്ങിയ നിറങ്ങൾ.
ചുവപ്പും മഞ്ഞയും നീലയും കാവിയും അടങ്ങുന്ന ശബളാഭമായ ബാഹ്യലോകവസ്തു വർണ്ണനയിൽനിന്നു് ആരംഭിച്ച് കവിത ഓർമ്മ മരവിച്ചും വെളുത്തും തുടങ്ങുന്ന സ്വന്തം ആന്തരിക ലോകത്തിൽ വന്ന് അവസാനിക്കുന്നു. നിറങ്ങളെ കവി കവിതയുടെ കണ്ണാടിയാക്കുന്നു. സുദീപ് സെൻ നിരാശാബോധത്തിന്റെ കവിയല്ല. അതിന്റെ പ്രസാദാത്മകത കവിതയുടെ നിറവൈവിധ്യത്തിലുണ്ട്. കറുപ്പ്, പെണ്ണിന്റെ കണ്ണിണയിലാവുമ്പോൾ ശൃംഗാരത്തിന്റെ നിറമാവുന്നു എന്നാണല്ലോ നാം മനസ്സിലാക്കേണ്ടത്. ദരിദ്രനായ തെരുവുകുട്ടി ചുരുട്ടിയ കൈകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മഴവില്ലിന്റെ ബിംബത്തിൽനിന്ന് കവിതയ്ക്ക് അതിന്റെ രാഷ്ട്രീയ സ്വഭാവവും ലഭിക്കുന്നു. നിറങ്ങളിലൂടെ ലോകത്തെ നോക്കുന്ന കവിത, ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിബോധത്തെ, മഴവില്ലിന്റെ നിറച്ചാർത്തുകൊണ്ട് ആവിഷ്കരിക്കുന്നു എന്നർത്ഥം. അതിപ്പോൾ വെയിലേറ്റു വാടിയ തവിട്ടുനിറംകൊണ്ട് പൊതിഞ്ഞതാണെങ്കിലും അതിനുള്ളിൽ ആകാശത്തോളം ഉയരാൻ കെൽപ്പുള്ള ഒരു സ്വപ്നം കുടിയിരിക്കുന്നു എന്നാണല്ലോ കവിതയുടെ പൊരുൾ. കുട്ടിയുടെ സ്വാഭാവികമായ പ്രവൃത്തി മാത്രമല്ല ചുരുട്ടിപ്പിടിച്ച കൈ. അതിലൊരു വിപ്ലവ സൂചന കൃത്യമായും അടങ്ങിയിട്ടുണ്ട്.
നിറങ്ങളുടെ രാഷ്ട്രീയത്തെ കൃത്യമായി വെളിവാക്കുന്ന ഒരു കവിത പ്യൂട്ടോറിക്കൻ കവിയായ വിക്ടർ ഹെർണാണ്ടസ് ക്രൂസിന്റേതായിട്ടുണ്ട്. ‘ചുവന്ന പയർമണികൾ’ (റെഡ് ബീൻസ്) എന്നാണതിന്റെ പേര്. വിരുദ്ധനിറങ്ങളിലുള്ള (കോണ്ട്രാസ്റ്റ്) വസ്തുക്കളെ അടുത്തടുത്തുവച്ച് വിവരിക്കുന്ന മട്ടിലുള്ള കവിതയാണത്. വിക്ടർ ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലുമായി നിറങ്ങളെ വിതാനിക്കുന്നു.
വെള്ളച്ചോറിനടുത്തിരിക്കുന്ന ചുവന്ന പയർമണികൾ കാണുന്ന കവിയുടെ മനസ്സിൽ തുടർച്ചയായി ഉടലെടുക്കുന്ന കുറച്ചു ഉപമകളാണ് കവിതയിലുള്ളത്. മഞ്ഞിനടുത്തിരിക്കുന്ന പവിഴപ്പുറ്റുകൾ, മൈദാമാവിന്റെ കൂമ്പാരത്തിനടുത്തുള്ള ചെമ്മണ്ണ്, ലില്ലിപ്പൂക്കളെ പിന്തുടർന്ന് ചുറ്റിപ്പിടിക്കുന്ന പൂവൻകോഴിയുടെ ചുവന്ന തൂവലുകൾ, വെളുത്ത മലയ്ക്കു മേലേ പൊട്ടിയൊഴുകുന്ന ലാവാപ്രവാഹം, ആനക്കൊമ്പിന്റെ വെളുപ്പിൽ ചിതറിവീണ ഇന്ത്യൻ കുങ്കുമം, വെള്ളാരം കല്ലുകൾക്കു മേലെ വന്നു വീണ ചുവന്ന പീരങ്കിയുണ്ടകൾ, പാലും ചുവന്ന പയർമണികളും ചേർന്നുണ്ടാവുന്ന വീഞ്ഞ്, മുട്ടയിൽനിന്നും ഒഴുകുന്ന വൈലറ്റ് ചുവപ്പ്.. ഇങ്ങനെയുള്ള വർണ്ണനകളാണ് കവിതയിൽ. വെള്ളച്ചോറും റെഡ്ബീൻസും പ്യൂട്ടോറിക്കോയിലെ പ്രധാന ആഹാരമാണെന്നും വെളുപ്പും ചുവപ്പും രാജ്യത്തിന്റെ പതാകയിലെ നിറങ്ങളാണെന്നുമുള്ള കാര്യം മനസിൽ വച്ചാൽ പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതും ചിതറിയതുമായ കേവലവസ്തുകളെ നിരത്തി വച്ചുകൊണ്ടുള്ള കവിതയുടെ ആന്തരിക തലത്തിൽ കുടിയിരിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയചരിത്രം തെളിഞ്ഞു വരും. ഈ കവിതയിലെ വിരുദ്ധ ബിംബങ്ങൾ പ്യൂട്ടോ റിക്കോയിലെ ഹിംസാത്മകമായിരുന്ന കൊളോണിയൽ ഭൂതകാലവുമായിബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. സ്പെയിന്റെ കോളനിയായിരുന്നു പ്യൂട്ടോറിക്കോ. കവിതയിലെ വെളുപ്പ്, സ്പാനിയാഡുകൾ എന്നറിയപ്പെട്ട സ്പെയിൻകാരുടെയും ചുവപ്പ് തദ്ദേശവാസികളുടെയും (റെഡ് ഇന്ത്യൻസ്) നിറത്തെ പ്രതിനിധീകരിക്കുന്നുവത്രേ. അതിരിടുക, ലാവ പ്രവഹിക്കുക, പീരങ്കിയുണ്ടകൾ വീഴുക, ചുറ്റിപ്പിടിക്കുക/ വേട്ടയാടുക, ചിതറുക, തുടങ്ങിയവ അക്രമാസക്തമായ ഭൂതകാലത്തിന്റെ മങ്ങിയ ചിത്രങ്ങളാകുന്നു. ചേർച്ചയില്ലാത്തവ ചേർന്നുണ്ടാകുന്ന ബർഗണ്ടിവീഞ്ഞിനെക്കുറിച്ചുള്ള പരാമർശത്തിൽ വംശസങ്കരത്തെപ്പറ്റിയും ഉടയുന്ന മുട്ടയിൽ വ്യവസ്ഥ തകർന്ന് ഒഴുകുന്ന കറുത്ത വർഗക്കാരുടെ ചോരയെപ്പറ്റിയുമൊക്കെ (വൈലറ്റ്) കവിത ഉറക്കെ സംസാരിക്കുന്നു. (കാലിഫോർണിയ സ്കൂൾ ഓഫ് ആർട്സിലെ പ്രൊഫസ്സർ ഡഗ്ലസ് കീർണി കവിതയിലെ ബിംബങ്ങളെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്)
കുഴൂർ വിൽസന്റെ ഇഷ്ടനിറം പച്ചയാണ്. നാട്യശാസ്ത്രത്തിൽ രതിഭാവത്തിന്റെ നിറമായി അടയാളപ്പെടുത്തിയിരിക്കുന്ന പച്ചയ്ക്ക് കുഴൂരിന്റെ കവിതകളിൽ വേറിട്ട സ്ഥാനമാണെന്ന അർത്ഥം അതിനുണ്ട്. കറുപ്പു കലർന്ന പച്ചയോടുള്ള വിൽസന്റെ ആഭിമുഖ്യത്തെ ‘സൈക്കിളിൽ വന്ന അടികൾ’ എന്ന ആഖ്യാനകവിത തിരിച്ചിടുന്ന രസകരമായ സന്ദർഭമുണ്ട്. സൈക്കിൾ സീറ്റുകൾക്ക് പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് സ്കൂൾ പിള്ളാർ നടത്തുന്ന മൽസരമാണ് അതിനകത്ത്. കടന്നു പോകുന്ന സൈക്കിൾ സീറ്റുകളിൽ കൂടുതൽ പച്ച നിറമായിരുന്നു എന്നാണ് പച്ച തെരെഞ്ഞെടുത്ത കൂട്ടുകാരനു കൊടുത്ത 31 അടികളിൽനിന്ന് തെളിയുന്നത്. അതീവ ലളിതമായ ആഖ്യാനത്തിനകത്ത് പച്ചയെടുത്തവൻ ഏറ്റുവാങ്ങേണ്ടുന്ന നോവുകളെപ്പറ്റിയുള്ള പരോക്ഷ സൂചനയുണ്ട്. കവിക്ക് ഇഷ്ടപ്പെട്ട നിറം കൂട്ടുകാരന്റെ തെരെഞ്ഞെടുപ്പാക്കിയിട്ട് അവനെ അടിക്കാൻ കിട്ടുന്ന സന്ദർഭത്തെ കുറിക്കുന്ന കവിത, തന്റെ അനുഭവത്തെ ദൃഷ്ടാന്തകഥയുടെ (പാരബിൾ) രൂപത്തിൽ തലതിരിച്ചിടുകയാണ്. ജീവിതം ആകസ്മികതകളുടെ ആകെത്തുകയാണെന്നും കളികളെല്ലാം അടികളിൽ അവസാനിക്കുന്നതാനെന്നുമുള്ള ഹാസ്യാത്മകമായി പറയുകയാണ് കവിത. ബോർഹസ് ഇത്തരം ആഖ്യാനത്തിന്റെ ഉള്ളുകള്ളികളെ മറ്റുള്ളവരുമായി പങ്കിടാൻ കഴിയാത്ത ‘സ്വകാര്യഫലിതം’ എന്നു വിളിക്കുന്നു. ‘ആളുകൾ മനസ്സിലാക്കിയാൽ നല്ലത്, ഇല്ലെങ്കിലും കുഴപ്പമില്ല’ എന്നാണ് അദ്ദേഹത്തിന്റെ നയം.
എങ്കിലും നിറങ്ങളെ വാക്കുകളിലേക്ക് ആവാഹിച്ച മലയാള കവികളുടെ മുൻപന്തിയിൽ സച്ചിദാനന്ദൻതന്നെയാണ്. അദ്ദേഹത്തിന്റെ പല കവിതകളിലും നിറങ്ങൾ ബിംബപദവിയുടെ ചിറകുകളുമായി പറന്നു നടക്കുന്നതു കാണാം. സൂര്യകാന്തിയുടെ മഞ്ഞ, തത്തച്ചുണ്ടുകളുടെ ചുവപ്പ്, ഒലീവ് മരങ്ങളുടെ പച്ച, കൃഷ്ണമണികളുടെ നീല (വെളുപ്പ്) എന്നിങ്ങനെ വസ്തുവിൽനിന്ന് നിറം തിരിച്ചെടുക്കുകയോ പച്ചത്തീവണ്ടി (ഒരു സ്വീഡിഷ് സായാഹ്നത്തിന്റെ ഓർമ്മയ്ക്ക്) ചുവന്ന പ്രളയം (രണ്ടു സമകാലീന ദുഃസ്വപ്നങ്ങൾ) വെള്ളത്തൊലി (കോവളം) മഞ്ഞച്ചായമടിച്ച നാട്ടിൻപുറം (അപൂർണ്ണം) എന്നിങ്ങനെ വർണ്ണ്യങ്ങൾക്ക് സ്വന്തം നിലക്ക് വിശേഷണ നിറങ്ങൾകൊണ്ട് പ്രത്യേകമായ അർത്ഥമൂല്യം കല്പിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ‘കോവണിയിറങ്ങുന്ന നഗ്ന’ എന്ന കവിതയിൽ ആ പേരുള്ള ചിത്രം വരച്ച ദുഷാമ്പിന്, മറ്റു ചിത്രകാരന്മാരായ പികാസോ, വാൻഗോഗ്, ഗോഗൈൻ, സെസാൻ, മത്തീസ് എന്നിവർ സ്വന്തം സവിശേഷതകളായ നിറങ്ങൾ നൽകുകയാണ് ചെയ്യുന്നത്. മറ്റൊരു തരത്തിൽ സച്ചിദാനന്ദൻ ചിത്രകാരന്മാരുടെതായ അനന്യതകളെ ഓരോ നിറങ്ങളിലേക്ക് പരാവർത്തനം ചെയ്യുന്നു. ദുഷാമ്പിന്റെ തവിട്ടു നിറം, പികാസോയുടെ നീല, വാൻഗോഗിന്റെ മഞ്ഞ, ഗൊഗൈന്റെ ഇളം തവിട്ട്, സെസാന്റെ പച്ച, മത്തീസിന്റെ ചുകപ്പ് എന്നിങ്ങനെ. നിറങ്ങളെക്കുറിച്ചു മാത്രമായി എഴുതിയ ‘വാക്കുകൾ വർണ്ണങ്ങൾ’ എന്ന കവിതയിലെ പട്ടിക നോക്കുക :
ചുകപ്പ് – കാളി, കോമരം, തെരുവ്, പോൾ സെലാൻ, ഇടശ്ശേരി...
നീല - സമുദ്രം, ആകാശം, വയലിനിലെ നീലാംബരി രാഗം. ബാല്യം..
മഞ്ഞ – വെയിൽ, കളത്തിലെ മഞ്ഞൾ, പൊന്നാനി, പകലിലെ കാമം, എഴുത്തച്ഛൻ...
പച്ച – വയനാട്, മലയാളം, പുളിരസം, കൗമാരം...
കറുപ്പ് – വിഷാദം, സന്ധ്യ, കാഫ്ക, പലിശ..
വെളുപ്പ് – അനന്തത, പാരീസ്, മരണം, ഹാംലെറ്റ്..
ഇടശ്ശേരിയുടെ ആദ്യം സൂചിപ്പിച്ച കവിതയിൽ, എല്ലാ നിറങ്ങളും എടുത്ത ശേഷമുള്ള അവശേഷിപ്പായിരുന്നു കറുപ്പ്. ഇവിടെ എല്ലാ നിറങ്ങളും ചേർന്ന സമൃദ്ധിയാണ് വെളുപ്പ്. കലാകാരന്മാർ, കഥാപാത്രങ്ങൾ സ്ഥലങ്ങൾ ഗുണങ്ങൾ. അങ്ങനെ എല്ലാം നിറങ്ങളുടെ പട്ടികയുടെ കീഴെ വരുന്നു. മനശ്ശാസ്ത്രപരമായ കളിയാണിത്. നിറങ്ങളുടെ പേരു കേൾക്കുമ്പോൾ ഉണ്ടാവുന്ന തോന്നലുകളെ ആവിഷ്കരിച്ചിരിക്കുന്നതിൽ ഹൈപ്പർ ലിങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ചുകപ്പ് എന്ന നിറത്തിനു താഴെ ചോരയില്ല. പക്ഷേ തെരുവുണ്ട്. ‘വരിക കാണുക തെരുവിലേ ചോര’യെന്ന നെരൂദയുടെ വരിയിലേക്കുള്ള ലിങ്കാണ് അത്. അതുപോലെ ആദ്യരാത്രിയുടെ സംഭ്രമത്തിൽ പ്രണയത്തോടൊപ്പം കന്യാചർമ്മം പൊട്ടിയ ചോരയും കാവിൽ തലവെട്ടിപ്പൊളിക്കുന്ന കോമരത്തിന്റെ ആത്മീയതയുമുണ്ട്. ചുവപ്പ് ഒരു വസ്തുവിലേക്കും ആ വസ്തു അതിനെ ചുറ്റിനിൽക്കുന്ന ചരിത്രത്തിലേക്കും സാംസ്കാരിക വിശേഷങ്ങളിലേക്കുമെല്ലാം കൈചൂണ്ടുന്ന ചിഹ്നപദവിലേക്ക് കവിതയിലൂടെ ഉയരുന്നു. അതുപോലെയാണ് മറ്റുള്ള നിറങ്ങളും. ഓരോ നിറത്തിന്റെയും താഴെ വരുന്ന വാക്കുകൾ ഓരോ ഒരു കവിതാഖണ്ഡങ്ങളയൈ മാറുന്നു. വർണ്ണ്യത്തിനും അവർണ്ണ്യത്തിനും തമ്മിലുള്ള വൈരുദ്ധ്യം എത്രയേറിയിരിക്കുന്നോ അത്രയും രൂപകങ്ങൾക്ക് സാന്ദ്രത കൂടും എന്നു പറയുംപോലെ പട്ടികാരൂപത്തിൽ ആവിഷ്കൃതമായിരിക്കുന്ന വാക്കുകൾ സ്വയമേവ വൈചിത്ര്യവും വൈവിധ്യവുമുള്ള ലോകം തീർക്കുന്നു.
(കലാപൂർണ്ണ മെയ് 2021)
No comments:
Post a Comment