May 16, 2021

ബസ്സിൽ



  സെബാസ്റ്റ്യന്റെ ഒരു കവിതയുടെ പേര് ബസ്സിൽ എന്നാണ്. അതിൽ മനുഷ്യരില്ല. പകരം ജന്തുക്കളും മൃഗങ്ങളും ബസ്സിൽ കയറുന്നതും ഇറങ്ങുന്നതുമാണ്. അദൃശ്യമായ ഒരു സ്ഥലത്തിരുന്ന് അഥവാ നിന്ന് കവി ഇവരെ നിരീക്ഷിക്കുന്നു. അവരുടെ ശരീരാകൃതിയോ പ്രവർത്തനങ്ങളോ ജന്തുഭാവമായി തീരുന്നു. കവി, കവിത നൽകുന്ന സ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് അവരെ മനുഷ്യസ്വത്വത്തിൽനിന്ന് മോചിപ്പിച്ച് ജന്തുസ്വത്വങ്ങൾ നൽകുന്നു.


കവി തന്റെ വികാരം ധ്വനിപ്പിക്കുവാൻ തിരഞ്ഞെടുക്കുന്ന  സാധനങ്ങൾക്കും സംഭവങ്ങൾക്കും  രംഗങ്ങൾക്കും  ഗുണങ്ങൾക്കും സംഭാവ്യതകൾക്കും കൂടി കേസരി എ ബാലകൃഷ്ണപിള്ള  നൽകിയിട്ടുള്ള സാമാന്യനാമമാണ് സിംബൽ. മലയാളത്തിലെ പ്രതീകം. ( ഇടയ്ക്ക് കായികസത്ത എടുത്തതും അല്ലാത്തതും എന്നൊരു പ്രയോഗം കൂടിയുണ്ട്. അതൊഴിവാക്കിയത് ആശയം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാനാണ്) പാശ്ചാത്യരുടെ രൂപകം (മെറ്റഫർ) പോലെ വളരെ വിശാലമായ അർത്ഥത്തിലാണ് കേസരി സിംബലിനെ കാണുന്നത്. അവ നമ്മുടെ ഭാഷാഭൂഷണത്തിലെ രൂപകമോ  സിംബോളിസത്തിലെ പ്രതീകമോ അല്ല. അങ്ങനെ നോക്കിയാൽ ബസ്സും ഒരു സിംബലാണ്. കവിയെ വേറെ എവിടേയ്ക്കോ കൊണ്ടുപോകുന്ന വാഹകമാണത്. സമൂഹത്തോടുള്ള വിദ്വേഷപരമായതോ ഉത്സാഹഭരിതമായതോ ആയ മനോഭാവം ആളുകളെ അങ്ങനെ നോക്കാൻ സെബാസ്റ്റ്യനെന്ന കവിയെ പ്രേരിപ്പിക്കുന്നു.  അതും ഒരു സഞ്ചാരമാണ്. യാത്രയ്ക്കുള്ളിലെ യാത്ര.


 വിഷ്ണുപ്രസാദിന്റെ ആദ്യസമാഹാരത്തിലുള്ള ( കുളം + പ്രാന്തത്തി) പതിനാറാം നമ്പർ സീറ്റെന്ന കവിതയിലും ഒരു ബസ്സും യാത്രയുമുണ്ട്.  കവിയായ വിഷ്ണുപ്രസാദ് തന്നെ തീരെ പരിഗണിക്കാതെ, മുഴുകിയിരിക്കുന്ന യാത്രക്കാരെ നോക്കി, ഇതെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുകയാണതിൽ   വിഷ്ണുവിന്റെ മറ്റൊരു കവിതയായ ‘ചിറകുള്ള ബസ്’ ഒരു പൊതുയാത്രാവാഹനമല്ല. കുട്ടികളെയും കൊണ്ട് വിനോദയാത്രയ്ക്കു പോകുന്ന ശകടമാണ്. കുട്ടികൾ ഒന്നിച്ചുള്ള യാത്രയുടെ രസനീയതയിലാണതിന്റെ ഊന്നൽ. യാത്ര കഴിഞ്ഞ് കുട്ടികളൊഴിഞ്ഞു പോയതിന്റെ നിരാശ ബസ്സും  അതിലെ വിനോദസഞ്ചാരിയായിരുന്ന  അമ്മുക്കുട്ടിയും കവിയും അനുഭവിക്കുകയും നമ്മെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബസ്സിനകത്ത് ഇത്രനേരം ഉണ്ടായിരുന്ന ജീവിതത്തിന്റെ തുടിപ്പും ആളൊഴിഞ്ഞപ്പോഴുള്ള നിരാശയും ജീവിതത്തിൽ വികാരങ്ങളുടെഏറ്റിറക്കങ്ങളെപ്പറ്റിയുള്ള രൂപകമാണ്. പതിനാറാം നമ്പരിൽ ഒരു യാത്രക്കാരനായിരുന്ന കവി ‘ചിറകുള്ള ബസിൽ’  വികാരങ്ങളുടെ വാഹകനായ ബസ്സുതന്നെയായി മാറിയിരിക്കുന്നു.


‘ജീർണ്ണത ചേറ്റിൽ താഴുന്നു, പുഴ പൂർണ്ണത നോക്കി പായുന്നു‘ - എന്ന പ്രസിദ്ധമായ ജീവിതദർശനമുള്ള  വൈലോപ്പിള്ളിയുടെ ‘ചേറ്റുപ്പുഴയും’ ബസിലെ അനുഭവത്തെ പങ്കുവയ്ക്കുന്ന കവിതയാകുന്നു. 1961 ലെ നാലാം ഓണത്തിന് തൃശൂരിനടുത്ത് ചേറ്റുപുഴയിൽ ഒരു ബസപകടം നടന്നിരുന്നു. മറ്റൊരു ഓണക്കാലത്ത് ആ വഴി ബസ്സിൽ പോകുമ്പോഴുണ്ടാകുന്ന വിചാരങ്ങൾ  ചേർത്തു വച്ച് എഴുതിയ കവി, അപകടം പറ്റി പുഴയിലേക്ക് മറിഞ്ഞ പഴയ ബസിലെ ഒരു യാത്രക്കാരനെപ്പറ്റി സവിശേഷമായി പറയുന്നുണ്ട്.  പുരാതനൻ, മിണ്ടാതെ യാത്രച്ചീട്ടും വാങ്ങിച്ചിരിക്കുന്ന  ചിന്താമഗ്നൻ,  കൈകളിൽ ചെതുമ്പലും കൺകളിൽ ചെന്നായയും ഉള്ളവൻ, മനസ്സിൽ ജീർണ്ണഗന്ധം ഉള്ളവൻ എന്നൊക്കെ കവി വിശേഷിപ്പിക്കുന്നയാൾ മരണമാണ്. നിർൺനായകനിമിഷത്തിൽ ഡ്രൈവറുടെ സ്റ്റിയറിങ് വീൽ അയാളെടുത്തു കറക്കി ബസ്സിലെ മനുഷ്യായുസ്സുകളെ പുഴയിൽ മുക്കി.  ചിറകുള്ള ബസ്സിൽ കണ്ടതുപോലെ ജീവിതോത്സാഹത്തിന്റെ താളം തുള്ളൽ ചേറ്റുപുഴയിലും ഉണ്ട്. പക്ഷേ കവിതയിലെ ബസുകൾ എല്ലാം ഒരേ വഴിക്ക് അല്ല. ഒരിടത്തു സന്ധിച്ച് അവ താന്താങ്ങളുടെ വഴിക്ക് പോകുന്നു.  സ്കൂൾ കുട്ടികളുടെ ഉല്ലാസയാത്രയിൽ കവി ബസ്സിൽനിന്നു പെറുക്കിയെടുക്കുന്ന ഉല്ലാസവും നിരാശയും നേർത്ത പ്രതീക്ഷയും, ചേറ്റുപുഴയിലും ഉത്സാഹവും വിഷാദവും പ്രത്യാശയുമായി നിലനിൽക്കുന്നു. ചേറ്റുപുഴ ബസ്സിൽ കയറിയ കോളേജുപിള്ളാരുടെ കലപിലയും അതിനോട് വൈലോപ്പിള്ളി എന്ന കവിയ്ക്കുള്ള നേർത്ത അമർഷവും  ചിറകുള്ള ബസിലെ  സ്കൂൾകുട്ടികളുടെ ഉല്ലാസത്തോട് വിഷ്ണുപ്രസാദെന്ന കവിക്കില്ല. മരണം പതിയിരിക്കുമ്പോൾ  കാര്യമറിയാതെ ഇത്രയേറെ തുളുമ്പാൻ എന്താണിപ്പോൾ ഉള്ളതെന്ന ശാസനാഭാവമാണ് വൈലോപ്പിള്ളിക്ക്, കുഞ്ഞുങ്ങളുടെ ഈ തുളുമ്പലുപോലുമില്ലെങ്കിൽ ജീവിതം,  മരണം തന്നെയല്ലേ എന്ന വിഷാദമാന് വിഷ്ണുവിന്.


 മുൻപ് പതിനാറാം നമ്പർ സീറ്റിൽ ഞാനാണ് കേന്ദ്രമാകേണ്ടത് എന്തുകൊണ്ടാണതാകാത്തത് എന്ന് സംശയിച്ചും വശം കെട്ടും ലക്ഷ്യമില്ലാതിരുന്ന കവി  വിഷ്ണുപ്രസാദ് നൃത്തശാലയിലെത്തുമ്പോൾ, (വിഷ്ണുവിന്റെ പുതിയ സമാഹാരം നൃത്തശാലയിലെ, അതേപേരുള്ള കവിതയിൽ) ഒരു കാഴ്ചക്കാരനായി ഒതുങ്ങുന്നു.  ‘ചേറ്റുപുഴ’ കവിതയിൽ ‘ജീർണ്ണഗന്ധമുള്ള പുരാതനൻ’ ലക്ഷ്യമിട്ട ഡ്രൈവറെ നൃത്തശാലയിൽ വശീകരിക്കുന്നത് ഒരു സുന്ദരിയാണ്. അവൾ പ്രലോഭനകാരിയാണെങ്കിലും അവളും ഡ്രൈവറുമായുള്ള അവിഹിതത്തിനു ഇടപെടലുകളൊന്നും കൂടാതെ അയാൾ കൂടി യാത്രക്കാരനായ ബസ്സിൽ മൂക സാക്ഷിയാകാമെന്നിടത്തോളം വിഷ്ണുവിന്റെ സ്വത്വം നൃത്തശാലയിലെത്തുമ്പോഴേക്ക് പരിണതമായി തീർന്നിരിക്കുന്നു. നേരത്തെ  കുട്ടികളുടെ ബസിൽ കണ്ടതുപോലെയല്ല. ഇവിടെ നൃത്തശാല ബാഹ്യമായ ഒരാകർഷണം മാത്രമാണ്. ചേറ്റുപുഴയുടെ ആദ്യഭാഗത്തെയും വൈലോപ്പിള്ളി ഈ വിധത്തിലാണ് പൂവാലത്വവും തമാശയും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. രണ്ടാം ഖണ്ഡമെത്തുമ്പോഴേക്ക് അതിന്റെ ഭാവം മാറുന്നു. നൃത്തശാല മൊത്തമായും അലങ്കരിക്കപ്പെട്ട ഒരു ബസാണ്. പുറത്തുനിന്ന് നോക്കിയാൽ അതിനു ഭാവവിപരീതങ്ങൾ ഇല്ല. ‘തെളിക്കുന്ന മാർഗേ ചലിക്കുകയല്ലാതെ’ മറ്റൊന്നും സാധ്യമല്ലാതെ വരുന്ന നിസ്സഹായതയാണ് നൃത്തശാലയിലും ഉള്ളത്. ജീവിതവും വിധിയും നമുക്ക് കൈയിലൊതുക്കാനാവാത്ത പലതരം സ്വാധീനങ്ങളുമൊക്കെപോലെ ബസും അതിലെ ഡ്രൈവറും സുന്ദരിയായ പെണ്ണും ചേർന്ന് ചലിപ്പിക്കുന്ന ഒരു ബസിനുള്ളിലാണ് കവിയിരിക്കുന്നത്. എന്നുവച്ചാൽ അടിസ്ഥാനപരമായി നമ്മളും.  


എഴുത്തുകാരുടെ ബസുകളൊന്നും സ്ഥലങ്ങളിലൂടെ യാത്രചെയ്യുന്നവയല്ല. അവ കാലസഞ്ചാരികളാണ്.  ഷിനിലാലിന്റെ ബുദ്ധപഥം മറിച്ചു നോക്കുമ്പോൾ മുൻപ് വായിച്ച് വിശദാംശങ്ങൾ മറന്ന ഒരു കഥ അതിൽ കണ്ടു.  ‘ഒരിക്കൽ ഒരു ബസ്’ എന്നാണ് അതിന്റെ പേര്.   കഴിഞ്ഞ വർഷം സമകാലിക മലയാളത്തിൽ വന്ന കഥയാണ്. ഒരു ബസ് കടന്നു പോകുന്നു. അതിലേക്ക് നീളുന്ന മൂന്നു നോട്ടങ്ങളാണ് കഥ.  ബസു പിടിക്കാനായി ഓടിയ ചെറുപ്പക്കാരന്  അതുകിട്ടാതെ വന്നത് പുറത്തുനിന്ന് കാണുന്നത്. ബസ്സിൽ കയറാനായി ഓടിവരുന്ന ചെറുപ്പക്കാരനെ ദുരൂഹമായ താത്പര്യത്താൽ നോക്കുന്ന പെൺ കുട്ടിയെ ബസിനകത്തുനിന്ന് കാണുന്നത്. വിദൂരസ്ഥമായ രണ്ട് നഗരങ്ങളിൽ ജീവിക്കുന്ന ഈ രണ്ടു മനുഷ്യരെ ഒരിക്കൽ മാത്രം ഒരു നോട്ടം കൊണ്ടു ബന്ധിപ്പിക്കാൻ നിമിത്തമായ ബസിനെ, ജീവിതയാദൃച്ഛികതയുടെ ആധാരസ്ഥലമായി  കണ്ടുകൊണ്ടുള്ള ആഖ്യാതാവിന്റെ മൂന്നാമത്തേതും സർവജ്ഞവുമായ നോട്ടം. ഷിനിലാലിന്റെ നരോദാപാട്യയിലേക്കുള്ള ബസ് എന്ന കഥയിൽ  വിചിത്രമായ ഒരു കല്പനയുണ്ട്. സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യരുടെ അടുക്കലേക്ക് അചരങ്ങളും വിദൂരസ്ഥങ്ങളുമായ സ്ഥലങ്ങൾ പാഞ്ഞു വരുന്നു. ഈ സങ്കല്പത്തെ അലങ്കാരമണിയിച്ചുകൊണ്ടാണ്  നരോദാപാട്യയിലേക്ക് അധികം ദൂരമില്ലെന്നോ സ്റ്റാലിന്റെ കാലം വീണ്ടും വന്നുവെന്നോ ഒക്കെ പറഞ്ഞുകൊണ്ട് നമ്മൾ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും സ്ഥലകാലഅതിരുകളെ ലംഘിച്ച് കുഞ്ഞ് സിംബലിസ്റ്റുകളായി തീരുന്നത്..


No comments: