August 18, 2013

കഥകളിലെ രൂപകാതിശയോക്തികൾ

എം പി നാരായണപിള്ളയുടെ സമ്പൂർണ്ണകഥകളുടെ സമാഹാരത്തിൽ 59 കഥകളാണുള്ളത്. ആദ്യത്തെ കഥയായ കള്ളൻ എഴുതിയതെങ്ങനെയെന്ന് കഥകളുടെ ആമുഖമായി കൊടുത്തിട്ടുള്ള ‘ എന്റെ ആദ്യത്തെ കഥ ’ എന്ന കുറിപ്പിൽ നാരായണപിള്ള വിശദീകരിക്കുന്നുണ്ട്. എഴുത്തുകാരനാവുക എന്ന പ്രലോഭനത്തിൽ‌പ്പെട്ടപ്പോൾ കെട്ടുകണക്കിനു ആഴ്ചപ്പതിപ്പുകൾ വീട്ടിൽ കൊണ്ടുവന്നിട്ട് കഥകൾ വായിച്ച് ‘ട്രെൻഡ്‘ മനസ്സിലാക്കിയിട്ടാണത്രെ ആദ്യ കഥയ്ക്ക് പേന വച്ചത്. ജന്മബലത്തിൽ വലിയ കാര്യമൊന്നുമില്ലെന്ന് ഉണങ്ങിയ ചിരിചിരിക്കുകയാണ് ഈ ആഖ്യാനത്തിന്റെ ലക്ഷ്യം. കഥയ്ക്ക് പ്രമേയമാക്കിയത് സ്വന്തം കുടുംബത്തിൽ‌പ്പെട്ട  കള്ളനായ അമ്മാവനെയും.  അങ്ങനെ തറവാടിത്തഘോഷണത്തെയും സ്വയം തകർത്തു. ‘അവനവനെ ഗൌരവമായി എടുക്കാതിരിക്കുക ‘ എന്ന് മറ്റൊരിടത്ത് നാരായണപിള്ള സ്വന്തം ദർശനം കോറിയിട്ടിട്ടുണ്ട്. രചനാവേളയിൽ, ഈ മനോഭാവം ഒന്നു വട്ടം തിരിഞ്ഞ് ഗൌരവതരമായി അല്ലാതെ പരിഗണിക്കാൻ നിവൃത്തിയില്ലെന്ന രീതിയിൽ മാറുന്ന പരിണതിയെയാണ് കഥയെന്നു നാം വിളിക്കുന്നത്. ഒന്നിന് മറ്റൊന്നിനെ പകരം വയ്ക്കുക, ഈ ആദേശങ്ങളാണ് നാരായണപിള്ളയുടെ കഥകളെ ഭൂമിയിൽ നിന്ന് നാലംഗുലം എങ്കിലും മുകളിലായി നിർത്തുന്നത്, യുധിഷ്ഠിരന്റെ പഴയ തേരു പോലെ.

  56 സത്രഗലി എന്ന കഥയിലെ  ദുരന്താത്മാക്കളായ മനുഷ്യരെ കഥാകൃത്ത് വിളിക്കുന്നത് ‘വേഴാമ്പലുകൾ’ എന്നാണ്. കഥയിലെ കാലുകൾ തളർന്ന പെൺകുട്ടിയ്ക്ക് പേരില്ല. അവൾ നിഴൽ നാടകത്തിലെ നായികയും രാത് കി കലിയുമാണ്. വട്ടം ചുറ്റിപ്പിടിക്കുന്ന ദാഹമാണ് മനുഷ്യരെ വേഴാമ്പലുകളാക്കുന്നത്. ചാത്തന്മാരില്ലെന്ന് സമർത്ഥിക്കാൻ വരുന്ന പ്രൊഫസറെ സഹായിക്കാൻ വരുന്നത് ചാത്തനാണ്, പ്രൊഫസറും കുട്ടിച്ചാത്തനും എന്ന കഥയിൽ. ചാത്തൻ എന്ന അയുക്തിയാണ് കൂടുതൽ യുക്തിസഹം എന്നു പറഞ്ഞ് കഥാകൃത്ത് കണ്ണിറുക്കുന്നു. ‘ഞങ്ങൾ അസുരന്മാർ‘ എന്ന കഥയിലും ഉണ്ട് അസംബന്ധങ്ങളുടെ കിടമത്സരം. ഉന്മാദിയായ ഒരു മനുഷ്യന്റെ അടുത്ത് അവൻ പലരൂപത്തിൽ വരുന്നതു മനസ്സിലാക്കാം. അവൻ ചങ്ങലയായും വരാം. (അവൻ) ആടായും വരാം (ആട്) ചെന്നിക്കുത്തിലെ സി കൃഷ്ണൻ നായർ പറയുന്നത് തനിക്ക് ബാധമതിയെന്നാണ്. യുക്തിസഹമല്ലാത്ത എന്തൊക്കെയോ ആവേശിച്ച ഒരു ലോകത്തെ വാരിപുണരുകയാണ് നാരായണപിള്ളയുടെ കഥാലോകം. അതാണ് ജീവിതത്തിന്റെ യുക്തിയെന്നാണ് കഥാകൃത്തിന്റെ നയം. ഒരു കണക്കിനത് ശരിയാണ്. കർമ്മഫലത്തിൽ ‘സദ്കർമ്മങ്ങൾ ചെയ്യുക സദ്ഫലം നേടുക’ എന്ന ഉപദേശം നേരെ വിപരീതാർത്ഥത്തിൽ തുടരെ തുടരെ ഉപയോഗിക്കുന്നുണ്ട്. തീർത്ഥാടനം സേഠിനെ ആപത്തിലാക്കുകയല്ല, രക്ഷിക്കുകയാണ് ചെയ്തത്. അയാളുടെ ഉപദേശത്തിന് ഒരു തരം പ്രായോഗികതയുടെ മൂർച്ചയുണ്ട്. ജീവിതത്തിൽ ജയിക്കുന്നത് അതാണ്. നേരെ വിപരീത്മായ സ്ഥാനത്താണ് കള്ളന്റെ നില. നഖത്തിനടിയിൽ പോലീസുകാർ മൊട്ടു സൂചി കയറ്റുമ്പോഴും തുടവരഞ്ഞ് കുരുമുളക് തേയ്ക്കുമ്പോഴും ഉണ്ടാകാതത്ര നീറ്റൽ അയാളുടെ ബോധത്തിൽ ഉണ്ടാക്കിക്കൊടുത്തത് അയാളെ നിസ്സംശയം പോകാനനുവദിച്ച വീട്ടുകാരന്റെ സഹാനുഭാവമാണ്. നവോത്ഥാനകാല കഥകളിലെ ഉപദേശപ്രസംഗത്തോട് അടുത്തുനിൽക്കുന്നു ഈ കഥയെങ്കിലും നാരായണപിള്ളയിൽ വിടർന്നു വികസിച്ച പ്രായോഗികതയുടെ തത്ത്വശാസ്ത്രം അങ്കുരരൂപത്തിൽ ഈ കഥയിലും കാണാം.

ഉന്മാദത്തിന്റെയും  ഉറക്കപ്പിച്ചിന്റെയും തന്മാത്രകളെ കൂട്ടുപിടിച്ച് ഈ കഥകൾ തത്ത്വം പറയുന്നതെന്തിനെന്ന ചോദ്യത്തിനുത്തരം ഇവിടുണ്ട്. മനുഷ്യൻ കൂടുതൽ സത്യസന്ധനും സ്വതന്ത്രനുമായിരിക്കുന്നത് ഭൂരിപക്ഷത്തിനും അയുക്തികമെന്നു തോന്നുന്ന മേൽ‌പ്പറഞ്ഞ വകകളിലാണ്. ഭ്രാന്ത് ഒഴിയാബാ‍ധപോലെ നാരായണപിള്ളയെ ആവേശിച്ചിരിക്കുന്നു എന്നു മാത്രമല്ല ലോകത്തിലെ ഏറ്റവും യുക്തിസഹമായ ഭ്രാന്തുകൾ കാണാൻ കഴിയുന്നതും ഈ കഥകളിലാണ്. പ്രത്യക്ഷപ്രമേയം എന്ന നിലയ്ക്കു മാത്രമല്ല, നൊസ്സിന്റെ അസ്കിത കഥകളിൽ ഒരാൾക്കെങ്കിലും ഇല്ലാതെ ഇരിക്കുന്നില്ലെന്ന അവസ്ഥയും ഉണ്ട്. പ്രതിയ്ക്ക് പിഴയടയ്ക്കാൻ തുക തികയാത്തതു കൊണ്ട് സ്വന്തം കീശ പരതുന്ന ജഡ്ജിയും കൊല ചെയ്യപ്പെട്ടതുകൊണ്ട് കുറ്റത്തെക്കുറിച്ചു പറയാൻ ‘വാദി’ നിലവിലില്ലെന്ന് ശക്തിയുക്തം വാദിക്കുന്ന പ്രതിയും സാമാന്യയുക്തിയുടെ വായ്ത്തല കൊണ്ട് മനസ്സു മുറിക്കുന്നവരാണ്.  സാമാന്യബോധങ്ങൾ പലപ്പോഴും അസംബന്ധങ്ങളാണ്. അസംബന്ധങ്ങൾക്ക് അനുഭവങ്ങളുടെ വാസ്തവങ്ങളേക്കാൾ കെട്ടുറപ്പ് കൂടും. അനുനിമിഷം മൂർച്ചയേറി  ആർക്കുന്ന ലോകത്തെ അഭിമുഖീകരിക്കാൻ നാരായണപിള്ളയുടെ ബോധം രാകിയെടുത്ത ആയുധമാണ് അസംബന്ധ ലോകം. അതു ചിലപ്പോൾ പൌരാണികമാണ്. വിഷബാധയേറ്റ് സാക്ഷാൽ കൃഷ്ണൻ കുഞ്ഞാവു വൈദ്യരടുത്ത് വരുന്നു. യശോധരനെ മൂന്നാമത്തെ മാന്തിൽ പാതാളത്തിലേയ്ക്ക് ചാണ്ടിയെറിയുന്നു, പട്ടിവേഷം കെട്ടിയ മഹാവിഷ്ണു. സർവചരാചരങ്ങളുടെയുമായ ഈ ദൈവം മനുഷ്യനുമാത്രമായി  തീരുമാനവും വിധിയും നടപ്പാക്കിയതെങ്ങനെ? ‘ഒരു അഴിമതി കഥ‘യിൽ ആധുനികനായ മന്ത്രി അശ്വമേധം നടത്തുകയാണ്. അവിടെ സാക്ഷി കുതിരയാണ്. മറ്റൊരിടത്ത് ഫോറസ്റ്റ് ഓഫീസറെ കൊന്ന പുലിയാണ്. മനുഷ്യന്റെ ദാരുണതയല്ല പുലിയുടെ നീതിയാണ് അവിടെ വിചാരണയിൽ പ്രാമുഖ്യം നേടുന്നത്.

 ആഖ്യാനത്തിന്റെ കലാപരമായ മുറുക്കങ്ങൾക്ക്  ‘നിഗീരാധ്യവസായങ്ങൾക്ക്’ നല്ല പങ്കുണ്ട്. യാത്രയ്ക്കിടയിൽ എന്ന കഥയിലെ കഥാപാത്രത്തെ നാരായണപിള്ള ‘കരു‘ എന്നാണ് വിളിക്കുന്നത്. ചാത്തന്മാരും  പശു പട്ടി ആദിയായ സകലമാന ജന്തുക്കളും സത്രഗലിയിലെ ‘വേഴാമ്പലുകളെ‘ പോലെ പേരില്ലാത്ത ഉരുക്കളാണ്. ഈ ആദേശകൽ‌പ്പനകൾ ഏറിയും കുറഞ്ഞും നിറയെ കാണാം കഥകളിൽ. കഥാപാത്രങ്ങളിലും പ്രമേയങ്ങളിലും പശ്ചാത്തലങ്ങളിലും തലകീഴായി തൂങ്ങുന്ന ലോകക്രമം മറഞ്ഞിരിക്കുന്ന ഒരു ലോകത്തെ അനാവരണം ചെയ്യാൻ വേണ്ടി മാത്രമുള്ള  മറച്ചു പിടിക്കലാകുന്നു. ‘ഭൂതദയാലു‘ എന്ന കഥയിൽ കാണുന്നതുപോലെ അപാരമായ സഹജീവി സ്നേഹം കൊണ്ട് എത്രയും ദാരുണമായി കൊല്ലുക എന്ന വൈരുദ്ധ്യം നിറഞ്ഞ കർമ്മങ്ങൾക്കുള്ള ടിപ്പണികളാണ് ഒരർത്ഥത്തിൽ ഈ കഥകളെല്ലാം എന്നും പറയാം. 

-----------------------------------------------------------------------------------
എം പി നാരായണപിള്ളയുടെ കഥകൾ (സമ്പൂർണ്ണം)
കഥകൾ
ഡിസി ബുക്സ് കോട്ടയം
വില : 195

2 comments:

ajith said...

പൂയില്യനാണെന്റെ ഓര്‍മ്മയെല്ലാം!!

Tom Sawyer said...

എം പി നാരായണപിള്ളയുടെ കഥകള്‍ ബൌദ്ധിക അരാജകത്വം പങ്കു വെക്കപ്പെടുന്ന തരത്തിലുള്ളവയാണ് ,പരമ്പരാഗത ശൈലിയില്‍ നിന്നു വേറിട്ട ഒട്ടേറെ കഥകളുണ്ട് . ക്രാഫ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നതായി തോന്നിയിട്ടൂള്ളത് “മുരുഗന്‍ എന്ന പാമ്പാട്ടി “ ആണ് ,ഹെന്തൊരു കഥയാണത് !!!!. പക്ഷെ വലിയ ഇഷ്ടം തോന്നിയിട്ടുള്ള കഥ “ കള്ളന്‍ “ തന്നെയാണ് .അത് ആദ്യ കഥയാണ് എന്നു പിന്നീട് വായിച്ചറിഞ്ഞപ്പോള്‍ വലിയ അല്‍ഭുതം തോന്നി .

മുമ്പെപ്പോഴോ “കള്ളന് എഴുതിയ ഒരു ആസ്വാദന കുറിപ്പ് .
http://isolatedfeels.blogspot.ae/2011/09/blog-post.html