പഴയ ഒരു തമാശക്കഥയിൽ ഗ്ലാസിലെ വെള്ളത്തിൽ വിരലിട്ടുകൊണ്ടുവന്ന സപ്ലയറോട് കയർത്ത ഉപഭോക്താവിനു കിട്ടിയ മറുപടി, രാവിലെ ടാങ്കിൽ ചത്തുകിടന്ന എലിയെ ഞാൻ മുഴുവനോടെ ഇറങ്ങിയാ എടുത്തുകളഞ്ഞത്, എന്നിട്ടാ ഗ്ലാസിലെ വെള്ളത്തിൽ വിരലിട്ടതിനു സാറെന്നൊട് കയർക്കുന്നത്! എന്നാണ്. വിരലിൽ നഖചുറ്റുള്ളതുകൊണ്ട് ചൂടു ചായയിൽ മുക്കിവച്ചാൽ കുറച്ചു സുഖം കിട്ടും, അതുകൊണ്ടാ സാറേ, എന്ന് ഇതേ സപ്പ്ലൈയറുടെ അപരൻ മറ്റൊരു ഹോട്ടലിൽ പറഞ്ഞതായൊരു കഥയും ഉണ്ട്. ബീഭത്സത എന്ന അറപ്പിനെ രസമാക്കി മണ്ടയിൽ ആളു താമസമുള്ളവർ പരിഗണിച്ചതിൽ ഇങ്ങനെ ചിലതുണ്ടാവും. സ്വാദു വിരലു നക്കി അറിഞ്ഞും അറിയിച്ചുമിരുന്ന ഒരു സംസ്കാരത്തിന്റെ മറ്റേ പാതിയാണീ കഥകൾ. ആ കാഴ്ചതന്നെയും അറപ്പിക്കുന്നതാണ് പരിഷ്കാരപ്പൊതിയിൽ. എങ്കിലും അനുഭവിക്കുന്നവന്റെ ഉള്ളടക്കത്തിൽ ആ ഭാവമില്ല. ‘അംഗുലീചാലിതം’ എന്ന ഹ്രസ്വചിത്രത്തിൽ പാചകക്കാരന്റെ വിരലുകൊണ്ട് ഇളക്കപ്പെടുന്ന (അല്ലെങ്കിൽ സ്വാദിഷ്ഠം എന്നു പറയപ്പെടുന്ന ചുവന്ന ദ്രാവകത്തിൽ ആണ്ടു മുങ്ങിയിരിക്കുന്ന ജീവനുള്ള ഒരു വിരൽ !) ഒരു വിരൽ പോലുമില്ല ആ വിശിഷ്ടവിഭവത്തിൽ! പിന്നയല്ലേ വിരലിനാൽ അത് നിർമ്മിക്കപ്പെടുന്നു എന്ന അവകാശവാദം. ബോധപൂർവം വരുത്തിവച്ച നഷ്ടമാണത്. കരിങ്കുരങ്ങ് രസായനത്തിൽ കുരങ്ങും കരടിനെയ്യിൽ കരടിയും ഇല്ലാത്തതുപോലെയാണത്. നാടോടികളുടെ വയറ്റുപ്പിഴപ്പിനു വേണ്ടിയുള്ള നിസ്സഹായതയല്ല ഇവിടെ ഈ അഭാവത്തിനു കാരണം. മറിച്ച് താഴ്ത്തിയാലും താഴാതെ എഴുന്നു നിൽക്കുന്ന ഒരു നടുവിരലാണതിന്റെ അതിന്റെ കലാപരമായ അർത്ഥം നിർമ്മിക്കുന്നത്. അതൊരു ക്രൂരമായ തമാശയാണ്. എന്നു വച്ചാൽ ധാർമ്മികതയുടെ ഒരു വീക്ഷണക്കോൺ സിനിമയുടെ കേന്ദ്രസ്ഥാനത്തുണ്ട്. സിനിമയിലെ തമാശ ഒരു പ്രഹരമാണ്. മനുഷ്യന്റെ ആർത്തിയെ കളിയാക്കിക്കൊണ്ട് അത് കശക്കുന്നു. അതേ സമയം കടയുടമ (കഥകളിയിൽ സ്ഥിരം താടി വേഷം ചെയ്യുന്ന നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ് കടയുടമയുടെ രൂപത്തിൽ. ആ നിഴൽ അങ്ങേപ്പുറത്ത് തെളിഞ്ഞു നിൽക്കുന്നതിനാൽ അയാളുടെ വാർദ്ധക്യത്തിനും സൌമ്യതക്കും അപ്പുറത്ത്, വെളിപ്പെടാവുന്ന ഒരു തേറ്റ എപ്പോഴുമുണ്ട്. സൌമ്യമായ ചോരക്കളിയ്ക്ക് പറ്റിയ തെരെഞ്ഞെടുപ്പ്) വലതുകൈയിലെ വിരലുകളെ താനെടുക്കാറില്ലെന്ന് ദയാപൂർവം വിട്ടു കൊടുക്കുകയും ചെയ്യുന്നു. അയാൾക്ക് വിചാരിക്കുന്നതു പോലെ വാതുറന്നു വച്ചിരിക്കുന്ന കമ്പോളത്തിന്റെ കോമ്പല്ലും ദംഷ്ട്രയും ഇല്ല. (അഥവാ സിനിമ അങ്ങനെ ഭാവിക്കുന്നു) ഉള്ളത് വിരലുകളാണ്. വിരലുകൾ സൂപ്പുണ്ടാക്കാൻ മാത്രമല്ല, മടക്കിപ്പിടിച്ച് വിവരക്കേടുകളുടെയും വീണ്ടുവിചാരമില്ലായ്മയുടെയും മണ്ടയ്ക്കിട്ട് ഞോടാനും ഉപയോഗിക്കാം, മുൻപ് അമ്മാവന്മാർ മരുമക്കളെ അങ്ങനെ തിരുത്തിയിരുന്നു. ഇന്ദ്രിയ സുഖങ്ങൾ ക്ഷണികമാണെന്ന കാഴ്ചപ്പാടിനെ താലോലിക്കുന്നതിനെ വേണമെങ്കിൽ ആത്മീയമായ അന്തർധാരയെന്നൊക്കെ പറയാം. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം എന്നാണ് എഴുത്തച്ഛന്റെ രാമൻ ലക്ഷ്മണനെ ഉപദേശിച്ചത്. അടുത്തവരിയിൽ ‘വേഗേന നഷ്ടമാം ആയുസ്സും ഓർക്ക നീ’ എന്നും എഴുതി. പെട്ടെന്ന് തീർന്നു പോകുന്ന ജീവിതത്തിൽ സുഖത്തിനു വേണ്ടി കിണയണമെന്നാന്നോ വാലെ വാലെ കണ്ണീരൊലിപ്പിച്ചിരിക്കണമെന്നാണോ രണ്ടാമത്തെ വരി വായിച്ചാൽ തോന്നുക? സുഖങ്ങൾ ക്ഷണികമായിരുന്നെങ്കിൽ അതിനു ഇങ്ങനെ നീണ്ട ചരിത്രമുണ്ടാകുന്നതെങ്ങനെ? നാവിന്റെ രുചി ക്ഷണികമാണെന്നും അതിനു വേണ്ടി വെട്ടി മുറിക്കാനുള്ളതല്ല വിരലുകളെന്നുമുള്ള ബോധം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ വലിഞ്ഞുകയറിയാൽ കുറ്റം പറയാനൊക്കുകയില്ല. പ്രാഥമിക തലത്തിൽ അങ്ങനെയൊക്കെയുണ്ട്. അതും ഒരു നിഷ്ഫലമായ, ആലോചനയില്ലാത്ത പ്രവൃത്തിയാണെന്ന കറുത്തഫലിതത്തിന്റെ അകമ്പടിയോടെ. മുറിച്ചു കൊടുത്ത വിരലുകളും കുടിച്ച പാനീയത്തിന്റെ അപൂർവമായ രുചിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന സിനിമയുടെ അന്ത്യത്തിലെ പ്രകടമായ പരാമർശം വഞ്ചിക്കപ്പെടുന്ന യുവത്വത്തിനുള്ള താക്കീതായി വായിക്കാം. (കുട്ടികളേ, നിങ്ങൾ സഞ്ചരിക്കുന്ന വഴിയിലെങ്ങും ചതിക്കുഴികളാണ് ! അതു കൊണ്ട് എടുത്ത് ചാടരുത്. ) മാറിയ കാലത്തിൽ കുട്ടികൾക്കെന്നല്ല ആർക്കും ചതി പറ്റാം. അതുകൊണ്ട് രണ്ടു പ്രാവശ്യം ചിന്തിക്കുക.
വെളിപ്പെട്ടു പോകുന്ന ഗുണപാഠങ്ങളും നിലപാടുകളും മികച്ച കലാസൃഷ്ടിയ്ക്ക് ഭൂഷണമല്ല. സാമാന്യധാരണകൾക്ക് അരുപറ്റി ചരമമടയാനാണ് അത്തരം ജനുസ്സുകളുടെ വിധി. എങ്കിലും അത് സംസ്കാരത്തിന്റെ ഭൂഗർഭ അറകളിൽ നിന്ന് വെള്ളം കോരി നനയ്ക്കുന്ന ഏതു ചെയ്വനയ്ക്കും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്നും അത്രയും കൊണ്ടു മാത്രം ചാരിതാർത്ഥ്യമടയുന്ന ഘടനയല്ല സിനിമയ്ക്കുള്ളതെന്നും ഉള്ള സമവായ നിലയിൽ കുറച്ചു കൂടി മുന്നോട്ടു പോകേണ്ടതുണ്ടെന്നു തോന്നുന്നു.
പ്രലോഭനങ്ങളുമായി തുറന്നിട്ടിരിക്കുന്ന കമ്പോളത്തിന്റെ സാന്നിദ്ധ്യം സിനിമയിൽ വ്യക്തമായും ഉണ്ട് എന്നാണ് പറഞ്ഞു വന്നത്. ക്രിസ്തുവിന്റെ ഷോപ്പിംഗ് ബാഗുമായുള്ള ഗ്രാഫിറ്റിയും ‘അയല പൊരിച്ചതുണ്ട്..’ എന്ന എൽ ആർ ഈശ്വരിയുടെ പ്രസിദ്ധമായ പാട്ടും കമലാഹാസന്റെ തീരെ അവ്യക്തമായ ഭാഷണവും ഉണ്ണുനീലിയുടെ കറുത്ത മുഖപടം നീങ്ങിവരുന്ന പോസ്റ്ററും കല്യാണസൌഗന്ധികം ആട്ടക്കഥയിലെ പദവും ശ്രദ്ധിക്കാൻ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് അടിവരയിട്ടരീതിയിൽ ക്രെഡിറ്റുകളിലെ പരാമർശങ്ങളിൽ നിന്നും പ്രത്യേകം തെളിയുക കൂടി ചെയ്യുന്നുണ്ട്. സാധാരണ കഥാപാത്രങ്ങൾ വഴിയിലൂടെ നടക്കുന്നതിനിടയിലെ ശബ്ദ/ദൃശ്യ കോലാഹലങ്ങൾ സിനിമയുടെ ശബ്ദശില്പിയുടെയും കലാസംവിധായകന്റെയും ഒറ്റപ്പെട്ട വൈദഗ്ദ്ധ്യപ്രകടനത്തിനപ്പൂറം പോകുന്ന അർത്ഥസൂചനകളുണ്ടെന്ന് തിരിച്ചറിയാൻ നിർബന്ധിക്കപ്പെടുന്നത് വെറുതെയാവില്ല. അയലപൊരിച്ചതും കരിമീൻ വറുത്തതും ഒരുക്കി വച്ച് നായകനെ ഉണ്ണാൻ ക്ഷണിക്കുന്ന സ്ത്രീസ്വരത്തിന് തുറന്നിട്ട ഒരു ആപണശാലയുടെ പ്രലോഭനങ്ങളുമായി കൂട്ടിവായിക്കാവുന്ന അർത്ഥം നൽകപ്പെട്ടിരിക്കുന്നു. സ്ത്രീയോടുള്ളതുപോലെയൊരു ആസക്തി മുറുകി മുറുകി വട്ടായി പോയതാണ് (ദുരുപയോഗം ചെയ്യപ്പെട്ട യുക്തി, ഭ്രാന്ത് ആകുന്നു –reason misused becomes lunacy-എന്ന് ഗാന്ധിജി) മുടന്തിയും കൂടെയുള്ളവനെ നയിച്ചും കേവല കൌതുകത്തോടെ, പ്രത്യേക സൂപ്പു വിൽക്കുന്ന ഒരു സാധാരണ കടയിലെത്തുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണത്തിനിടയിലെ, സിക്സ്പാക്ക് മസിൽ, ലൈംഗിക വീര്യത്തിനുള്ള മരുന്ന് , റെയ്ഡ്. പരാമർശങ്ങൾ വെറുതെയല്ല. ഏതാകർഷണത്തെയും സമീകരിക്കാൻ സ്ത്രീ അപ്പുറത്ത് വേണം. പ്രിയ എന്നൊരാളിന്റെ ഫോൺ വിളികൾ നിർദ്ദയം ഓഫാക്കപ്പെടുന്നുണ്ട്. പിന്നെയൊരു ചേച്ചിയുടെ വിളി, തൊഴിൽ പരമായ സൂചനകൾക്കായി ഉൾച്ചേർത്തിരിക്കുന്നതുമാണ്.
മനുഷ്യൻ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനറിയാവുന്ന ജന്തുവാണല്ലോ. തള്ളവിരലുമായി മറ്റു വിരലുകൾ കൂട്ടി തൊടാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ പണി ചെയ്യാൻ അറിയാവുന്ന ജന്തു കൂടിയായി. നെറ്റി വിയർത്ത് അപ്പം ഭക്ഷിക്കുന്നത് ഒരു ശാപമായിരിക്കുന്നത് ഭൂമിയിലാണ് പറുദീസയിൽ ഇമ്മാതിരി വേവലാതികൾ ഇല്ല. വിരലുകൾ നഷ്ടപ്പെടുക എന്നാൽ പറുദീസയിലേയ്ക്കുള്ള യാത്രയിലാണെന്ന് അർത്ഥം. ഭക്ഷണം നേടാൻ തൊഴിലെടുക്കേണ്ടി വരിക എന്നത് മുഴുവൻ ജീവജാലങ്ങളുടെയും തലവിധിയായതുകൊണ്ടാണ് വിശേഷബുദ്ധിയുള്ള മനുഷ്യൻ തൊഴിൽ രഹിതസമൂഹ (Jobless Society) ത്തെക്കുറിച്ചു കൂടി ചിന്തിക്കാനിടയായത്. അതാണ് സ്വർഗത്തിലേയ്ക്കുള്ള പിന്മടക്കം. മൊബൈൽ ഗെയിം, ഫോൺ, പല്ലുഡോക്ടറുടെ പണി, വിരലുകൾക്കിടയിലെ എരിയുന്ന സിഗരറ്റ് ഇങ്ങനെ മേശമേലുള്ള താളം കൊട്ടലും ചെവിയ്ക്കകത്ത് വിരലിടലും ഉൾപ്പടെ വിരലുകളുടെ ഉപയുക്തത വ്യക്തമാക്കുന്ന നിരവധി ദൃശ്യസൂചനകൾ നൽകിക്കൊണ്ടാണ് ദീർഘമായ ദൂരം വഴി നടക്കേണ്ടുന്ന ധർമ്മങ്ങളുള്ള വിരലുകളെ, നാവുകളുടെ താത്കാലിക സുഖത്തിനായി മുറിച്ചെറിയാൻ തയാറാവുന്ന മനഃസ്ഥിതിയെ സിനിമ വെളിവാക്കുന്നത്. ഇതൊരു താക്കീതല്ല, പകരം വയ്ക്കാവുന്ന സജീവമായ രൂപകങ്ങൾ ഈ ആശയഗതിയ്ക്കകത്ത് പ്രവർത്തിക്കുന്നുണ്ട്.
രഞ്ജിത്ത്, വിവേക് എന്നീ കഥാപാത്രങ്ങൾ നടന്നു വന്നു വീഴുന്ന കള്ളക്കുഴിയുടെ മറുവശത്ത് ‘അംഗുലിചാലിത’ത്തിന്റെ സാമ്പത്തികശാസ്ത്രത്തിന് ഉപസ്ഥിതിയുണ്ട്. ഉൽപ്പന്നത്തെ നിഗൂഢതയാൽ പൊതിയുക. അപൂർവമാണെന്ന് വരുത്തിത്തീർക്കുക. ആവശ്യം ഉയരും. പണം കൊണ്ട് എല്ലാം വാങ്ങാൻ പറ്റില്ലെന്നാണ് പഴമക്കാർ പറയുന്നതു തന്നെ കടക്കാരനും പറയുന്നുണ്ട്. ഇവിടെ മൂല്യം വിധേയത്വം കൂടിയാണ്. അപൂർവമായ രുചികൾ അനുഭവിക്കാൻ നേടിയതൊന്നും പ്രസക്തമല്ലാതാവുകയും ഉള്ളത് നഷ്ടപ്പെടുത്താനുള്ള സന്നദ്ധത ആവശ്യമായി വരികയും ചെയ്യുന്ന തരം രാവണൻ കോട്ടയിലേയ്ക്കാണ് സിനിമ വിരൽ ചൂണ്ടി കയറ്റി വിടുന്നത്. വിരലു ചൂണ്ടി സംസാരിക്കുന്നത് ഒരു തരം നിഷേധപ്രക്രിയയായതുകൊണ്ട് ചൂണ്ടു വിരലുകൾ മുറിച്ചു വാങ്ങുന്നത് ഒരു തരം പ്രതീകാത്മക അനുസരിപ്പിക്കലും കൂടി ആണ്. ( സിനിമയിൽ നിരുപാധികം വലതു കൈ വിരലുകൾ രക്ഷപ്പെടുന്നതിനാൽ ആഗോളവൽക്കരണത്തിന്റെ ഹിംസാരൂപം പടിവാതിൽക്കൽ മാത്രമെത്തി കാത്തു നിൽക്കുന്നതായി കണക്കാക്കിയാൽ മതി.) ലോകരുചിയുടെ ജനപ്രിയതയ്ക്കു പിന്നിലെ ക്രൂരതകളെപ്പറ്റിയുള്ള സാമാന്യധാരണകളെ സിനിമ ലളിതമായ രീതിയിൽ പിന്തുടരുന്നു എന്നു വേണം മനസ്സിലാക്കാൻ. മനുഷ്യഭ്രൂണത്തിന്റെ രുചിയെക്കുറിച്ചുള്ള ലുങ്കിവാർത്തകൾ (ലുങ്കി റ്റൈംസ്) ഭക്ഷ്യ കുത്തകകളുടെ അപൂർവ രുചിവിഭവങ്ങളുടെ ആഗോള വിപണനങ്ങൾക്കൊപ്പം പ്രചരിച്ചിരുന്നു എന്നോർക്കുക. യന്ത്രം വഴി ഭക്ഷണം കൊക്കിനുള്ളിൽ കുത്തി നിറയ്ക്കുന്നതിന്റെയും അമിതഭക്ഷണത്താൽ കനം വച്ച് പക്ഷികൾ ചോര തൂറുന്നതിന്റെയും ചിത്രങ്ങൾ വന്നു. ജനെറ്റിക് എഞ്ചിനീയറിംഗ് വഴി തൂവലുകൾ പോലും മാംസമാക്കി പരിവർത്തിപ്പിച്ച വിചിത്രപക്ഷികളുടെ ഇറച്ചിയാണ് ആഗോളരുചിബ്രാൻഡുകളുടെയായി നാം അകത്താക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വാർത്തകൾ പറഞ്ഞത്.
വിരലുനക്കിയാണ് പണ്ട് നാം രുചി അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. പ്രാദേശികമായ ഒരു വഴക്കമാണ് അതിനു പിന്നിൽ. വിരലിനും രുചിയ്ക്കുമായി ഒന്നിച്ചിരിക്കാൻ സാദ്ധ്യമല്ലെന്നാണ് സിനിമാകഥയുടെ നീതി. വിരൽ നഷ്ടപ്പെടുത്തേണ്ടി വരുന്നതുപോലെയൊരു വിലപിടിച്ച കൃത്യമാണ് സൂപ്പിന്റെ അപൂർവ രുചിയ്ക്കു പിന്നിലെ വാസ്തവം. അതു നാവിനെയല്ല ബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. ആ സുഖം തീർത്തും ക്ഷണികവുമല്ല. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടുത്തി, ഒന്ന് നേടുന്നതിന്റെ ചാരിതാർത്ഥ്യമാണ് രുചിയുടെ കാതൽ. വിശിഷ്ടവിഭവത്തിന്റെ ചേരുവയിൽ അതുകൊണ്ട് വിരലില്ലെന്നതും അതൊരു മിഥ്യമാത്രമാണെന്നും ചലച്ചിത്രത്തിന്റെ അവസാനത്തിൽ പറയാൻ നടത്തിയ ശ്രമം പൂർണ്ണമായും സത്യമല്ല. കലാസൃഷ്ടികൾ പ്രകടമായും പ്രത്യക്ഷത്തിലും സ്വീകരിക്കുന്ന ഗുണപാഠ ഉള്ളടക്കങ്ങൾ അവ്യുടെ പപ്പും പൂടയും ഉപേക്ഷിച്ച് പറക്കുകയും സ്വന്തം നിലയിൽ അവ നിലപാടുകൾ വെളിവാക്കുകയും ചെയ്യുന്ന പരിണതിയാണിത്.
സിനിമയിൽ മൂർത്തരൂപത്തിൽ ഒരു സ്ത്രീ സന്നിഹിതയാവാതിരിക്കുന്നതിനെപ്പറ്റി മുൻപ് സൂചിപ്പിച്ചു. അതേ സമയം സിനിമ കമ്പോളത്തിന്റെ ആകർഷണവലയത്തെ സ്ത്രീയുടെ വശ്യതയോ കാന്തികതയോ ആക്കി, മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പശ്ചാത്തലത്തിൽ നിർത്തിയിരിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ അസാന്നിദ്ധ്യവും നിഴലും തന്നെയാണ് സിനിമയിലെ ലൈംഗിക വിവക്ഷകളുടെ ദിശാസൂചിയും. ഡെസ്മണ്ട് മോറിസ് മനുഷ്യന്റെ വിരലുകൾ ലൈംഗിക സൂചകങ്ങളായിരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലാറ്റിൻ ഭാഷയിൽ പോളെക്സ് എന്നു പറയുന്ന തള്ളവിരൽ പുരുഷലിംഗാർത്ഥസൂചകമായി വീനസിനു സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. മോതിരവിരലും നടുവിരലും തമ്മിലുള്ള നീളത്തിന്റെ അനുപാതം മനുഷ്യന്റെ സെക്സ് ഡ്രൈവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഗതിയാണെന്ന് ഗവേഷണങ്ങൾ പറയുന്നു. നടുവിരൽ എന്ന തുറിച്ചു നിൽക്കുന്ന ലിംഗവും മടക്കിയ ചൂണ്ടു-പാമ്പു വിരലുകളുടെ വൃഷണങ്ങളും പുരാതന റോമിലെ തെരുവിൽ രൂപം കൊണ്ട ചിഹ്നസൂചനകളാണെങ്കിൽ ചെറുവിരലുടെ കൂട്ടിപ്പിണക്കുന്നതിലെ സാമൂഹികത അമേരിക്കയിൽ നിന്നും പ്രചരിച്ചതാണ്. യൂറോപ്യർ വിലപേശൽ ഉറപ്പിക്കാനും ഒരേ വാക്ക് ഒരേ സമയം രണ്ടു പേർ ഉച്ചരിച്ചാലും അവർ ചെറുവിരലുകൾ പിണച്ചു. പുരാതനപ്രതിമകളിലെ ചേർത്തു പിടിച്ച കൈപ്പത്തികളിൽ നിന്ന് മാറി നിൽക്കുന്ന ചെറുവിരലുകൾ അവർ അനുഭവിച്ചിരുന്ന ലൈംഗികസ്വാതന്ത്ര്യത്തിന്റെ സൂചനയായിരുന്നു. ‘അംഗുലീചാലിത’ത്തിന്റെ തുടക്കത്തിൽ കുട്ടികൾ കളിക്കുന്ന റോക്ക് പെപ്പർ സിസ്സർ -ലും പിന്നീട് ഒരാവേശത്തിൽ കഥാപാത്രങ്ങളിൽ ഒരാൾ തെരുവിൽ വച്ച് കളിക്കുന്ന ഇതേ കളിയിലും ചെറു വിരലുകളുടെ കൂട്ടിത്തൊടൽ ഉണ്ട്. (ചിഹ്നങ്ങളുടെ കോളനീവാഴ്ചയെ രുചിയുടെ കോളനീവാഴ്ച പോലെ അപകടകരമായി കണക്കിലെടുക്കാറില്ല. സർഗാത്മകതയുടെ ചെലവിലാണത്.) ഒരു വശത്ത് അപൂർവരുചി പരീക്ഷണത്തിനായി ആദ്യം മുറിച്ചെറിയുന്നത് ഈ സാമൂഹികതയുടെ ചിഹ്നമാണെങ്കിൽ (ഒരു പ്രയോജനവും ഇല്ലാത്ത വിരൽ എന്നാണ് ചെറു വിരലിനെക്കുറിച്ചുള്ള സിനിമയിലെ പരാമശം, കാതിൽ അതേ വിരലിട്ടുകൊണ്ട്) വിരലുകളെ പൂർണ്ണമായും മുറിച്ചെറിയുന്നതിലൂടെ അർത്ഥമാക്കുന്ന ലൈംഗികതയുടെ ഇല്ലാതാക്കൽ ഉണ്ട്. നേരത്തെ വിപണിയുടെ കാര്യത്തിൽ പറഞ്ഞ സിക്സ് പാക്കും റെയ്ഡും പവർ ഗുളികകളും - എന്നിവകളുടെ പരാമർശത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന ഇല്ലായ്മയും - , സംസാരിക്കാതെ കട്ട് ചെയ്യപ്പെടുന്ന പ്രിയയുടെ ഫോൺ കാളുകളും ലൈംഗികതയിൽ നിന്നുള്ള ഒഴിഞ്ഞു പോക്ക് ആയും വിലയിരുത്താവുന്നതാണ്. രുചി വിഭവം സമൂഹത്തിന്റെ ഒരു പ്രലോഭനമാണ്. അതിന്റെ രുചി ആസ്വദിക്കണമെങ്കിൽ നിങ്ങൾ പൂർണ്ണമായും വരിയുടയ്ക്കലിനു വിധേയമാവേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ട അതിരിനുള്ളിൽ നിശ്ചയിക്കപ്പെട്ട രീതിയിൽ നിശ്ചയിക്കപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നിങ്ങൾ ചുരുണ്ടുകൂടാൻ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം നിങ്ങൾ ഒരിക്കൽ രുചിച്ച നിങ്ങളുടെ തന്നെ രുചിയാണെന്ന് നിങ്ങൾക്കു തോന്നുന്നു. സ്ഫിംഗ്സ് സ്വന്തം ശരീരഭാഗങ്ങൾ കടിച്ചു മുറിച്ച് തിന്ന് മരിച്ചത് ഈഡിപ്പസിനോട് തോറ്റതു കൊണ്ടാണ്. മുതലാളിത്ത- കുത്തക - കമ്പോള മൂർത്തരൂപങ്ങളെ കുറച്ചുനേരത്തേയ്ക്ക് മാറ്റിവച്ചാൽ ഒരു ഇന്ദ്രിയത്തിന്റെ മൂർച്ചയ്ക്കായി (മൂർച്ഛ തന്നെ) മറ്റൊരിന്ദ്രിയത്തെ ബലികൊടുക്കുന്നിടത്ത് എത്തും. ശരീരത്തിലാണ് ഇന്നിപ്പോൾ വർഗസമരങ്ങൾ ! സന്മാർഗത്തിന്റെയും സദാചാരത്തിന്റെയും കാലത്ത് സമ്പൂർണ്ണമായ ലൈംഗിക വിധേയത്വവും വരിയുടയ്ക്കലും കൂടുതൽ അല്ലലില്ലാത്ത രുചികരമായ ജീവിതം മോന്തിക്കുടിക്കാനുള്ള സൌജന്യം പ്രദായനം ചെയ്യുമെന്നുള്ള വാസ്തവത്തെ രൂപകാത്മകമായി പറഞ്ഞു വയ്ക്കുന്നതിലൂടെ സിനിമ സമകാലത്തെ മറ്റൊരു തരത്തിലും സ്വാംശീകരിക്കുന്നു.
4 comments:
എന്തായാലും ഒരു ഓഫ് ഇട്ടിട്ടു പോകാം.
"വിരൽ ചുറ്റ് ഉള്ളത് കൊണ്ടാണ്. ചായയുടെ ചൂട് തട്ടുമ്പോൾ ഇത്തിരി ആശ്വാസം കിട്ടും"
കസ്റ്റമർ (കോപത്തോടെ): "why don't you stick it up to your ass?"
വെയ്റ്റർ : "I do. But only when I am in the kitchen" ;)
ബാക്കി വായിച്ചിട്ട് തല്ലിയതാണോ തലോടിയതാണോ എന്ന് മനസിലായില്ല. ഞാൻ ഒന്നൂടി വായിക്കാം. അല്ലെങ്കിൽ വേണ്ട പ്രശാന്ത് വിജയിനെ വിളിച്ചു കൊണ്ടു വരാം. :) - Binosh.
ക്രിസ്റ്റഫർ നോലന്റെ The Prestige ഇൽ ഇരട്ടകളിൽ ഒരാൾ വിരൽ മുറിച്ചു കളയുകയും (മറ്റേയാളെപ്പോലെയാകാൻ വേണ്ടി) ഒരേ പെണ്ണിനെ സഹചാരിയാക്കുന്നുമുണ്ട്. നെയ്തുകാരുടെ ജോലി നശിപ്പിക്കാൻ തള്ളവിരൽ മുറിച്ചു കളഞ്ഞ ബ്രിട്ടീഷുകാരുടെ കഥ പറഞ്ഞ് ആനന്ദ് നോവൽ എഴുതിയത് ഓർമ്മിക്കുക.
ഒരു തിരുത്ത്: നെല്ലിയോട് കത്തിവേഷമല്ല താടിവേഷമാണ് ചെയ്യാറ്. (തിരുത്തിയാലും ആശയം പ്രബലപ്പെടുകയേ ഉള്ളു)
അരമനരഹസ്യം അങ്ങാടിപ്പരസ്സ്യം എന്നല്ലേ ? അതോ അടുക്കള രഹസ്യം...........
വെള്ളയുടെ പോസ്റ്റ് വായിച്ചു ഒന്ന് കൂടെ കണ്ടപ്പോൾ, ആദ്യത്തെ കാഴ്ചയിൽ ശ്രദ്ധിക്കാതെ പോയ പലതും കണ്ടു.
ചെറുവിരൽ ചെവിയിൽ ഇട്ടു കൊണ്ടാണ് "അത് കൊണ്ടു പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലല്ലോ" എന്ന് പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചതെ ഇല്ല. പിന്നെ, "വിരലുനക്കിയാണ് പണ്ട് നാം രുചി അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. പ്രാദേശികമായ ഒരു വഴക്കമാണ് അതിനു പിന്നിൽ. വിരലിനും രുചിയ്ക്കുമായി ഒന്നിച്ചിരിക്കാൻ സാദ്ധ്യമല്ലെന്നാണ് സിനിമാകഥയുടെ നീതി." ഇങ്ങനെ ഒന്നും ഞാൻ ചിന്തിക്കുമായിരുന്നില്ല.
അതിനു ഒരു സ്പെഷ്യൽ താങ്ക്സ്. :)
"സംസാരിക്കാതെ കട്ട് ചെയ്യപ്പെടുന്ന പ്രിയയുടെ ഫോൺ കാളുകളും ലൈംഗികതയിൽ നിന്നുള്ള ഒഴിഞ്ഞു പോക്ക് ആയും വിലയിരുത്താവുന്നതാണ്."
വെള്ളയുടെ ആ വ്യാഖ്യാനത്തോടു യോജിക്കുന്നില്ല. പ്രിയ എന്നത് വെറും ഒരു girl ആയി തോന്നിയില്ല. ആ മുറിച്ചു വച്ച മോതിര വിരലിലെ റിംഗ് അത് ശരി വയ്ക്കുകയും ചെയ്തു. it was more a symbol of family than just sex. temporary (disconnecting the call) ആയും permanent ആയും (രഞ്ജിത്ത് ആദ്യം മുറിച്ചു കൊടുക്കുന്നതെ മോതിരവിരൽ ആണ് ) അത് വേണ്ട എന്ന് വയ്ക്കാൻ രണ്ടാമതൊന്നു ആലോചിക്കുന്നില്ല. interestingly, ഏറ്റവും അവസാനം ആണ് middle finger മുറിച്ചു കൊടുക്കുന്നത്. അതിനു മുൻപ് ആ പാചകക്കാരന്റെ പുറകിൽ അത് പൊക്കിക്കാണിക്കുന്നത് കൊണ്ടു ശ്രദ്ധിക്കാതെ പോവുകയും ഇല്ല.
പിന്നെ, ഐഫോണ് കൂടെ കൂടെ കാണിക്കുന്നത് ശ്രദ്ധിച്ചില്ലേ? ചൈനയിൽ, ഐ ഫോണ് വാങ്ങാൻ വേണ്ടി സ്വന്തം വൃക്ക മുറിച്ചു വില്ക്കുന്ന teenagers നെ പറ്റി നമ്മൾ വാർത്തകൾ കാണുന്നതല്ലേ. അങ്ങിനെ ഒരു ലോകത്ത് സിനിമയിൽ കാണിക്കുന്നത് ഈ അത്ര exaggeration ഒന്നും അല്ല.
Post a Comment