August 17, 2010

മറക്കാൻ പറ്റാത്തവ



ഷഷ്ട്യബ്ദപൂർത്തി ഉപഹാരമായി സച്ചിദാനന്ദനു സമർപ്പിച്ച ‘ചുവന്ന മഴ’ എന്ന ചെറിയ കവിതയിൽ ചുള്ളിക്കാട്, പാതിരാവിൽ പെരുമഴയിൽ ഒഴുകി വന്ന മരത്തടിയിൽ പിടിച്ച് അക്കരെ പറ്റിയ തന്റെ തലമുറയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മഴ ശമിച്ച പിറ്റേന്ന് പുഴക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അത് മരത്തടിയല്ലായിരുന്നെന്നും ദുരധികാരം ചതച്ചു കൊന്ന തരുണന്റെ ശവമായിരുന്നെന്നും പറഞ്ഞുകൊടുത്തത് തന്റെ പൂർവഗാമിയായ സച്ചിദാനന്ദനായിരുന്നു എന്നാണ് കവിതയിൽ. പ്രസ്തുതമായ പുഴ തലമുറകൾക്കിടയിലൂടെയാണ് ഒഴുകിയത്. അതു താണ്ടി കവിതയുടെ പ്രകാശതീരത്തിൽ വന്നണയുകയെന്നാൽ ചില അവബോധങ്ങളെ കൂടെക്കൂട്ടുക എന്നും അർത്ഥമുണ്ടല്ലോ. സ്വാതന്ത്ര്യത്തെയും നീതിയെയും പറ്റി എഴുപതുകളിലെ കവികൾ ഉന്നയിച്ച രാഷ്ട്രീയത്തിലേയ്ക്കാണ് ചുള്ളിക്കാട് നോട്ടമയച്ചത്. പ്രതികരണക്ഷമതയുടെ സക്രിയമായ വഴിത്താരയായിരുന്നു അത്. ചുള്ളിക്കാടിനെഴുതിയ മറുപടി കവിതയിൽ (നന്ദി) സച്ചിദാനന്ദൻ ‘നമ്മളെ പ്രളയത്തിൽ നിന്ന് കരയേറ്റിയ തോണി ശവമായിരുന്നോ’ എന്നാണ് ചോദിക്കുന്നത്. താനത് അറിഞ്ഞീലെന്ന വിനീതമായ പ്രസ്താവനയുമുണ്ട് ഒപ്പം. താനവലംബിച്ചതും ചൂണ്ടിക്കൊടുത്തതുമായ വഴിയുടെ വിശദാംശങ്ങൾ മെല്ലെ മറന്നു തുടങ്ങുന്ന ഒരു വൃദ്ധപ്രജ്ഞയെ ‘നന്ദി’യെന്ന കവിത മുന്നിൽ വയ്ക്കുന്നുണ്ട്. അതേ സമയം ചോര ഒരുപാട് ഒഴുക്കിക്കളഞ്ഞിട്ടും ഇന്നും നമുക്കു ജീവിക്കുവാൻ പച്ചവെള്ളവും മണ്ണും മാനവും വിൽക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഓർത്തെടുക്കാൻ അയാൾ മടിക്കുന്നുമില്ല. സച്ചിദാനന്ദന്റെ ‘മറന്നു വെച്ച വസ്തുക്കൾ’ എന്ന കവിതാസമാഹാരത്തിന്റെ തുടക്കത്തിൽ ഈ രണ്ടു കവിതകൾ അടുത്തടുത്ത് വന്നത് കേവലം യാദൃച്ഛികമല്ല. മറവിയുടെ വൈയക്തിക നിസ്സഹായതയ്ക്ക് ‘അകം’ കവിതയുടെ വ്യക്തിനിഷ്ഠതയുണ്ടെങ്കിൽ ഓർമ്മകളുടെ വീണ്ടെടുപ്പ് എന്ന രാഷ്ട്രീയപ്രവർത്തനത്തിന് ‘പുറം’ കവിതകളുടെ സാമൂഹികബോധവുമുണ്ട്. ആത്മനിഷ്ഠം മാത്രമായ പിറുപിറുക്കലുകളിൽ നിന്നും സച്ചിദാനന്ദന്റെ രചനകളെ രക്ഷിച്ചും മാറ്റിയും നിർത്തിയ മധ്യമമാർഗമാണത്. പ്രത്യയശാസ്ത്രകാർക്കശ്യങ്ങളിൽ നിന്ന് വലം വച്ചു മാറി നിൽക്കുന്നു എന്നത് കവിതയിൽ എഴുപതുകളിലെ നൈതികമായ പ്രതിജ്ഞാബദ്ധത കൈമോശം വന്നു എന്നതിന്റെ ലക്ഷണമൊന്നുമല്ല. സത്യം നേരെ തിരിച്ചാണ്.

അപ്പോൾ അപ്രത്യക്ഷമാവുന്ന പുഴകളും കാടുകളും എന്തിനു ഭൂമി തന്നെയും ദൈവത്തിന്റെ തിരിച്ചെടുപ്പാണെന്ന ചിന്തയിലെ നിസ്സഹായതയെ എങ്ങനെ സാധൂകരിക്കും എന്നൊരു പ്രശ്നമുണ്ട്. വ്യക്തിനിഷ്ഠമായ അനുഭവപരിസരത്തു നിന്നും ആരംഭിക്കുന്ന മറന്നുവെച്ച വസ്തുക്കൾ എന്ന കവിതയിലെ കാര്യം തന്നെ. മറവിയ്ക്ക് സാന്ത്വനത്തിന്റെ ഇളം പരിവേഷമാണ് എന്നാണ് കവിത പറയുന്നത്. കുന്നുകൾ ആകാശത്തിന്റെ മറവിയും മഴവില്ല് മേഘങ്ങളുടെ വിസ്മൃതിയും പ്രണയം ഹൃദയത്തിന്റെ കൈമോശവും ആകുന്നതു ആ വഴിക്കാണല്ലോ. കവിതയിൽ നിറയുന്ന ഉപമകളും രൂപകങ്ങളും പോലും മറന്നു വയ്ക്കപ്പെട്ടവയാണ്. ഏതു മരണവും (ഇല്ലാതാകലും) ആ നിലയ്ക്ക് ആരുടെയോ ഓർമ്മയുടെ വീണ്ടെടുപ്പാണ്. കവിതയിൽ ദൈവത്തിന്റെ. ആവശ്യം പോലെ വലുതാകുന്ന വാതിലെന്ന ശൂന്യതയിലൂടെ എന്തിനും കടന്നു വരാവുന്ന ഒഴിഞ്ഞു കിടക്കുന്ന ഒരു കടലാസ്സ് പ്രപഞ്ചമാവുകയും അതിന്റെ മുന്നിലിരുന്ന് ധ്യാനിക്കുന്ന കുട്ടി ദൈവമാവുകയും ചെയ്യുന്ന കവിത - സൃഷ്ടി- ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്. ഇല്ലാതാകലിന്റെ അനിവാര്യത ഒരേ സമയം മറവിയ്ക്കും ഓർമ്മയ്ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന വേതാളപ്രശ്നത്തെ കവിത മുന്നിൽ വയ്ക്കുന്നുണ്ടെന്ന് തോന്നുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറവി വ്യക്തിപരമായ നഷ്ടത്തെയും ഓർമ്മ സാമൂഹികമായ നഷ്ടത്തെയും ഒരേ ആവൃത്തിയിൽ കൊണ്ടു വന്നു നിർത്തുന്നു.

അയ്യപ്പപ്പണിക്കരെയും (ശേഷം) സുന്ദരരാമസ്വാമിയെയും (സു.രാ) കടമ്മനിട്ടയെയും ( സോദരാ വരൂ) ജോൺ കെയ്ജിനെയും ( സംഗീതം ജോൺ കെയ്ജിനു ശേഷം) ഓർമ്മിക്കുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്. മകളുടെ ശൈശവവും (മകൾ) വിറ്റ വീടും (വീടിനെക്കുറിച്ചുള്ള അവസാന കവിത) വൈയക്തികതലത്തിൽ പ്രവർത്തിക്കുന്ന ഓർമ്മകളുടെ എഴുത്താണ്. പ്രകടമായ ഈ ഓർമ്മകൾ മാത്രമല്ല, കവിതയ്ക്കകത്തു പ്രവർത്തിക്കുന്ന ഓർമ്മകളുടെ സമൃദ്ധിയും ശ്രദ്ധേയമാണ്. സച്ചിദാനന്ദന്റെ കവികൾക്ക് പൊതുവേയുള്ളതാണ് ഈ പ്രത്യേകത എന്നിരിക്കിലും. ‘നാമെവിടെപോകും പ്രിയപ്പെട്ടവരേ’ യിലും ‘അധിഭൌതിക’ത്തിലും ‘സഹൃദയത്വ’ത്തിലും ‘പുതുമടിശ്ശീല’യിലും ‘ഒരു പ്രേതകഥ’യിലും ‘കവികളുടെ മരണ’ത്തിലും ‘മുസ്ലീമി’ലും ‘ബനലതാസെന്നി’ലും ‘കോവണിയിറങ്ങുന്ന നഗ്ന’യിലും ഓർമ്മകളുടെ ആൾക്കൂട്ടങ്ങൾ ഉപമകളും രൂപകങ്ങളുമായി തിക്കിതിരക്കുന്നതു കാണാം. കൂട്ടത്തിൽ പറയട്ടേ, ഭാഷാപരമായ ഉത്കണ്ഠകൾ വൈകാരികമായ തീവ്രതയോടെ ഉള്ളണയ്ക്കുന്ന പതിവ് ‘മറന്നുവെച്ച വസ്തുക്കളിലെ’യും കവിതകൾക്കിടയിലുണ്ട്. (ഒരു ദിവസം, ഒരു പ്രേതകഥ, പുതുമടിശ്ശീല, തർജുമ എന്നീ കവിതകളെയാണുദ്ദേശിക്കുന്നത്) മറവിയെയും തിരിച്ചറിയലിനെയും പരാമർശിക്കുമ്പോൾ ഭാഷയിൽ ചെന്നു തൊടാതെ എങ്ങനെ മുന്നോട്ടു പോകാനാവും? സ്വീഡിഷ് കവി ലാഴ്സ് ലുൻസ്ക്വിസ്റ്റിലേയ്ക്ക് തനിക്കുള്ള വഴിയാണ് ( നോക്കിയിരിക്കേ/ താങ്കൾ ഒരു പച്ചത്തീവണ്ടിയായി രൂപം മാറുന്നു./ ഞാനതിൽ കയറി മഴയുടെ ചൂളമടിക്കുന്നു) സ്വീഡിഷ് സായാഹ്നത്തിന്റെ ഓർമ്മയ്ക്ക്. ‘സർവനാമങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ അവയുടെ അക്രമാസക്തിയുടെ തോത് എത്രമേൽ കുറഞ്ഞേനേ’ എന്ന ആഗ്രഹചിന്തയാണ് ‘ഒരു വ്യാകരണപ്രശ്നത്തിൽ’. അവമതിയുടെ ചുവപ്പുകാർഡുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ നിർണ്ണായകമായ എട്ടു നിമിഷങ്ങളുടെ ഓർമ്മ ‘അവസാനത്തെഗോളി’ൽ പരാമർശിക്കപ്പെടുന്നു. (നമാസിനു കുനിയാറുള്ള ശിരസ്സിൽ/ ന്യൂയോർക്കുമുതൽ ഗുജറാത്തുവരെ വേട്ടയാടപ്പെടുന്ന/ എന്റെ വ്രണിതഗോത്രത്തിന്റെ രുഷ്ടരക്തം/ എട്ടു നിമിഷം ഇരച്ചു കയറിയതിന്) വാണിജ്യവത്കരിക്കപ്പെട്ട ചെഗുവേരയുടെ സ്വത്വത്തിനെ തോറ്റിയുണർത്തുന്ന (നയിക്കൂ മറ്റൊരു യുദ്ധം, കാട്ടിലും മേട്ടിലുമല്ല, ഏട്ടിൽ വീട്ടിൽ റോട്ടിൽ അരങ്ങിൽ അങ്ങാടിയിൽ അബോധത്തിൽ..) ഗുവേരാ നിനക്കെന്തുപറ്റീ. ഓർമ്മകളെ സാമൂഹികമായ പ്രസക്തിയോടെ തിരിച്ചു പിടിക്കുന്ന സന്ദർഭങ്ങളാണ് ഇവ.

അടിയന്തരാവസ്ഥയുടെ ഇരുപതാം വാർഷികത്തിൽ എഴുതി മറന്നുവെച്ച് പിന്നീട് കണ്ടെടുത്ത ഒരു കവിതയും ഈ സമാഹാരത്തിലുണ്ട് ‘കവികളുടെ മരണം.’ നാടിനു തീപിടിച്ച അടിമത്തത്തിന്റെ കാലങ്ങളിൽ സ്വേച്ഛാധിപതിയ്ക്കു മുന്നിൽ മൌനിയായിരുന്നതിന്റെ ലജ്ജ കൊണ്ട് ഒരു കവി മരിക്കുന്നതു കണ്ട ഓർമ്മയാണ് അതിൽ. പ്രതികരണശൂന്യതയ്ക്കെതിരെയുള്ള ‘കല്ല്’ സമർപ്പിച്ചിരിക്കുന്നതും ശിലാസനം സുഖമാണ് എന്നറിയുന്നവർക്കാണ്. സൈന്യങ്ങളും പീരങ്കികളും ഞെരിച്ചു കടന്നുപോകുന്നതറിയാതെ ശിലയാകാനുള്ള തെരെഞ്ഞെടുപ്പിൽ ചായുറങ്ങാൻ ആഗ്രഹിക്കുന്നവർക്ക്. പല തലങ്ങളിലാണ് കവിതയുടെ പ്രവർത്തനം എന്നുള്ളതുകൊണ്ട് അതിനെ ഏതെങ്കിലും പ്രമേയത്തിലേയ്ക്ക് വെട്ടിച്ചുരുക്കുന്നത് പാഴ്വേലയാണ്. സാമൂഹികോത്കണ്ഠകൾക്കും പ്രതികരണങ്ങൾക്കുമൊപ്പം അസ്തിത്വത്തെ സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങൾ ചോദിക്കുന്നതും പ്രധാനമാണെന്ന മധ്യമമാർഗത്തിലാണ് സച്ചിദാനന്ദന്റെ കവിത പ്രവർത്തിക്കുന്നത്. എഴുപതുകളുടെ പ്രതികരണക്ഷമത ഇന്നും ആ കവിതയിൽ സജീവമാണെന്ന് അവകാശപ്പെടുമ്പോൾ അതൊരു വെറും വാദമല്ലെന്ന് കവിയുടെ പുതിയ സമാഹാരം തെളിവു നൽകുന്നതിനെക്കുറിച്ചാണ് പറഞ്ഞു വന്നത്.
---------------------------------------------------------------
മറന്നുവെച്ച വസ്തുക്കൾ
കവിതാസമാഹാരം
സച്ചിദാനന്ദൻ
ഡിസി ബുക്സ്
വില : 80 രൂപ

3 comments:

Kalavallabhan said...

പരിചയപ്പെടുത്തലിനു നന്ദി.

prasanth kalathil said...

“എന്റെ സച്ചിദാനന്ദൻ കവിതകൾ“ തിരഞ്ഞെടുത്ത ചുള്ളിയെ ഓർമ്മയില്ലെ വെള്ളയ്ക്ക് ? ആ പുസ്തകം തുറക്കുന്നതിനു മുൻപേ അതിലെന്തൊക്കെയുണ്ടാവുമെന്നും ഉണ്ടാവില്ലെന്നും ബെറ്റ് വച്ചിരുന്നു !

സാന്ദർഭികമായി, കുറൂർ ഫേസ്ബുക്കിൽ ഒരു ചർച്ച നയിക്കുന്നുണ്ട് (http://tinyurl.com/24y447g): ‘ഉത്തരാധുനിക’കവിതയെപ്പറ്റി ഒരു കത്ത്. (12 വര്‍ഷം മുന്‍പു കിട്ടിയത്).

വി.എ || V.A said...

സാഗരത്തിൽനിന്നും നല്ല മുത്തുകളെടുത്ത് മാലകളാക്കി ചാർത്തിയിരിക്കുന്നു. കുറച്ച് കുന്നിക്കുരുമണികൾ കൂടി കോർത്തൊരുക്കിയാൽ പുതിയ എഴുത്തുകാരിൽ പ്രവേശിപ്പിക്കാനാകും. നല്ല ധവളമായിത്തന്നെ ഒരുക്കിയിരിക്കുന്നു.