
എഞ്ചിനീയറിംഗ് മെഡിക്കൽ പ്രവേശനത്തിന് പ്ലസ് വൺ - ടു സ്കോറുകളും പരിഗണിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്ന സമയമാണല്ലോ. ടെർമിനൽ ഇവാലുവേഷനിൽ TE- വർഷാവസാന പരീക്ഷയിൽ- കുട്ടികൾക്കു ലഭിക്കുന്ന സ്കോറുകൾക്കൊപ്പം ‘തുടർ മൂല്യ നിർണ്ണയം’(കണ്ടിന്യൂസ് ഇവാലുവേഷൻ -C E) എന്നറിയപ്പെടുന്ന ഇന്റേണൽ അസെസ്മെന്റിന്റെ സ്കോറും കൂടി കൂട്ടിച്ചേർത്താണിപ്പോൾ പതിനൊന്ന് - പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മൊത്തം സ്കോർ കണക്കാക്കുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് നേരിട്ട് പതിനൊന്നാം ക്ലാസിലെ പരീക്ഷ കൂടി നടത്താൻ തുടങ്ങിയതോടെ സി ഇ സ്കോറുകളുടെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.
സി ഇ സ്കോറുകളുടെ അടിസ്ഥാന ലക്ഷ്യം ക്ലാസിലുള്ള എല്ലാ വിദ്യാർത്ഥികളെയും ഒരു നിശ്ചിത തലത്തിൽ (Zone of Proximal Development - ZPD) അധ്യാപകരുടെ കൈത്താങ്ങോടെ എത്തിക്കുക എന്നതാണെങ്കിലും ഫലത്തിൽ പല സ്കൂളുകളിലും ഇത് കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനുള്ള ഉപാധിയായി തരം താണിരിക്കുകയാണ്. പഴയ ചൂരലിനു പകരം പുതുതായി എത്തിയ, ഭീഷണിയ്ക്കുള്ള ഉപാധി എന്നു പറയാം. ഇത്, എന്താണ് C E എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവിൽ നിന്നുണ്ടാകുന്നതാണ്. ഭാഷാവിഷയങ്ങളിൽ അവതരണം, ചർച്ച, അന്വേഷണം, രചന എന്നിങ്ങനെ നാലുമേഖലകളിലെ കുട്ടിയുടെ മികവിനെ വിലയിരുത്തി നിർണ്ണയിക്കേണ്ട ഒന്നാണ് ഈ മൂല്യ നിർണ്ണയം. (അതുപോലെ മറ്റു വിഷയങ്ങൾക്കു് സ്വഭാവമനുസരിച്ച് മേഖലകൾ മാറും) ഇതിലേതെങ്കിലും മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയെ കണ്ടെത്തി ഗ്രൂപ്പു പ്രവർത്തനത്തിലൂടെയോ സഹകരണ- സഹവർത്തിത പഠനത്തിന്റെ അടിസ്ഥാനത്തിലോ ക്ലാസിന്റെ പൊതു നിലവാരത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരേണ്ട ചുമതല അദ്ധ്യാപകർക്കാണ്. സ്വാഭാവികമായും നിരന്തരമായ അത്തരം പ്രവർത്തനം വർഷാവസാനത്തിലെ എഴുത്തു പരീക്ഷയിൽ പ്രതിഫലിക്കും. പഠന - ചിന്താശേഷികളെ ഉദ്ദീപിപ്പിക്കും. പക്ഷേ ഈ ആശയമല്ല ക്ലാസ് മുറികളിൽ പലപ്പോഴും പ്രാവർത്തികമാവുന്നത്. പാഠഭാഗം വായിക്കാൻ അമാന്തിക്കുകയോ ചർച്ചകളിൽ മൌനിയായിരിക്കുകയോ അന്വേഷണ പ്രവർത്തനകളിൽ സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടിയ്ക്ക്, പരീക്ഷ അടുക്കുന്ന സമയം, ഒന്നിനും കൊള്ളാത്ത കുട്ടി എന്ന ലേബലിൽ കുറഞ്ഞ സ്കോറു കൊടുക്കുന്ന പതിവിപ്പോൾ സാർവത്രികമായിക്കൊണ്ടിരിക്കുകയാണ്. വെറുതേ കൊടുക്കുന്ന ‘മാർക്ക്’ എന്ന പരിഹാസത്തിന്റെ ലേബലിലാണ് ഈ കുറഞ്ഞ സ്കോറിനു ന്യായീകരണം കണ്ടെത്തുന്നത്. എന്നാലിത് അധ്യാപകന്റെ(പികയുടെ) ധാരണക്കുറവിനു കുട്ടിയെ ശിക്ഷിക്കുന്നതിനു സമാനമാണ് .
ഈ പോരായ്മയ്ക്ക് നിലവിൽ പരിഹരണ മാർഗങ്ങളൊന്നും ഇല്ലെന്നതാണ് വാസ്തവം. പുതിയ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനുശേഷം ധാരാളം അദ്ധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ മീറ്റിംങുകളും കഴിഞ്ഞിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും തുടർമൂല്യനിർണ്ണയത്തിന്റെ കാതൽ ശരിയായി ഉൾക്കൊണ്ടവർ. ഭൂരിപക്ഷം പേർക്കും അതു ഒന്നിനും കൊള്ളാത്ത ‘ഞഞ്ഞാപിഞ്ഞ’ കൾക്ക് വെറുതെ കൊടുക്കുന്ന ‘മാർക്കാണ്‘. ആദ്യ കാലങ്ങളിൽ C E സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും അവസാന സ്കോർ നിർണ്ണയം പൂർത്തിയാക്കുന്നതിനു മുൻപ് കുട്ടികളുടെ പരാതികൾ പരിഹരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. പ്രിൻസിപ്പാളിനും, അവിടെ പരിഹരിക്കപ്പെടാത്ത പരാതികൾ അക്കാദമിക് ചുമതലയുള്ള ജോയിന്റ് ഡയറക്ടർക്കുമാണ് നൽകേണ്ടത്. ഇപ്പോൾ മിക്കസ്കൂളുകളിലും പേരിന് ഇത് പ്രസിദ്ധീകരിച്ചാലായി. അതും സ്കോർ അപ്ഡേറ്റു ചെയ്യുന്നതിന്റെ തലേ ദിവസം. പരാതികളെ എന്തെങ്കിലും മുരട്ടുന്യായം പറഞ്ഞ് മുടക്കും. പേരു തെറ്റിപ്പോയെന്നോ അടുത്തപ്രാവശ്യം ശരിയാക്കാമെന്നോ. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത കുട്ടികൾക്ക് കിട്ടിയതും വാങ്ങിയിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അതതു വിഷയങ്ങളിലുള്ള മോണിറ്ററിംഗ് ടീം സ്കൂളുകളിൽ വർഷാവസാനഘട്ടത്തിൽ എത്തുമ്പോൾ കൊടുക്കുന്ന C E സ്കോറുകളും അവസാനം അപ്ഡേറ്റു ചെയ്യുന്ന സ്കോറുകളും തമ്മിൽ വ്യത്യാസം വരാൻ പാടില്ലെന്ന നിർദ്ദേശം കൂടി വന്നതോടെ പരാതികൾ അനുസരിച്ച് മാർക്കു തിരുത്തുന്ന പ്രക്രിയ ഏറെക്കുറെ അവസാനിച്ചമട്ടാണ്. നിരന്തരമായ മൂല്യ നിർണ്ണയത്തെ സമയബന്ധിതമായി രേഖപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പ് നൽകിയ സോഫ്റ്റ് വെയർ (ഇവാൽ പ്രോ) എത്ര സ്കൂളുകളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം കണക്കെടുക്കേണ്ടതാണ്. സ്കോർ അപ്ലോഡു ചെയ്യാനുള്ള സമയം മാത്രമാണ് അതിന്റെ ഉപയോഗം പലേടത്തും. കാരണം അതു മാത്രം നിർബന്ധിതമായതിനാൽ.
സ്കോറു നൽകുന്നതുൾപ്പടെയുള്ള അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്കൂളുകളിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)യോഗം ചേരണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇത് കാര്യക്ഷമമായി നടന്നു പോകുന്ന സ്കൂളുകൾ തീരെ ഇല്ല എന്നു പറയുന്നില്ല. പക്ഷേ പലയിടത്തും ആദ്യഘട്ടങ്ങളിൽ കാണിച്ച ചൂട് ആറിയ മട്ടാണ്. അതുകൊണ്ട് അദ്ധ്യാപകർക്ക് തോന്നിയ മട്ടിൽ സ്കോറുകൾ കൊടുക്കാമെന്നായിട്ടുണ്ട്. മാത്രമല്ല സി ഇ സ്കോറുകളുടെ കാര്യം പറഞ്ഞ് വിരട്ടുന്ന പതിവും തല പൊക്കി തുടങ്ങി. നഗരത്തിലെ ഒരു സ്കൂളിലെ ഈ വർഷത്തെ ഒന്നാം വർഷ ഇമ്പ്രൂവ് മെന്റ് പരീക്ഷ എഴുതിയ ഹ്യുമാനിറ്റീസ് ബാച്ചിലെ ഏതാനും കുട്ടികളുടെ, വിവിധ വിഷയങ്ങളുടെ സ്കോറാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. (2008-2009 ലെ +2 പരീക്ഷയിൽ 23 കുട്ടികൾ ഇംഗ്ലീഷിനു തോറ്റ സ്കൂളാണിതെന്നു കൂടി അറിയണം) ആദ്യ ഭാഗത്തുള്ള ഇംഗ്ലീഷ് C E സ്കോറുകളെ മറ്റു വിഷയങ്ങൾക്കു കിട്ടിയ സ്കോറുകളുമായി താരതമ്യം ചെയ്തു നോക്കുക. ഇംഗ്ലീഷിൽ 20 - ൽ 7 വരെ സ്കോറു കുറഞ്ഞ കുട്ടിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് 35 ശതമാനമാണെന്ന കാര്യം അതിട്ട അദ്ധ്യാപികയ്ക്കോ(കനോ) അതു ലഭിച്ച കുട്ടിയ്ക്കോ അറിയില്ലെന്നാണ് തോന്നുന്നത്. ( അതേ കുട്ടിയ്ക്ക് ചരിത്രത്തിന് 19 ഉം സാമ്പത്തിക ശാസ്ത്രത്തിനു 20 ഉം ആണു സ്കോർ.) മാത്രവുമല്ല, ഇത്രയധികം കുട്ടികൾക്ക് ഇത്ര കുറഞ്ഞ സ്കോറു വരണമെങ്കിൽ അതിന്റെയർത്ഥം പ്രസ്തുത വിഷയത്തിൽ തുടർപ്രവർത്തനങ്ങളോ അനുസാരിയായ മൂല്യ നിർണ്ണയമോ നടന്നിട്ടില്ല എന്നല്ലേ? കൃത്യമായി അവ നടന്നിരുന്നു എങ്കിൽ കുട്ടികൾ, സിദ്ധാന്തമനുസരിച്ച്, ആശാസ്യമായ ഒരു മേഖലയിൽ എത്തേണ്ടതല്ലേ. എങ്കിൽ തീർച്ചയായും ഒരു ക്ലാസിലെ ഇത്രയധികം കുട്ടികൾക്ക് കുറഞ്ഞ മൂല്യം ലഭിക്കുമായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചും അദ്ധ്യാപിക(കൻ) ബോധവതി(വാൻ)യായിരിക്കാൻ ഇടയില്ല. ഒരു ക്ലാസിലെ ഇത്രയധികം കുറഞ്ഞ സ്കോറുകൾ തന്റെ നേർക്കാണ് വിരൾ ചൂണ്ടുന്നതെന്ന് അവർക്ക് അറിയില്ലല്ലോ. മോശം കുട്ടിയ്ക്ക് കുറഞ്ഞ ‘മാർക്ക്’ എന്ന സാമ്പ്രദായിക നയമാണ് അവരെടുത്തിട്ടുള്ളതെന്നു കാണാം. ഒന്നു കൂടി ചുഴിഞ്ഞു നോക്കിയാൽ ഇതിൽ അദ്ധ്യാപിക(പകന്റെ)യുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാവും. ഇഷ്ടമില്ലാത്ത കുട്ടിയ്ക്ക് കുറവ് സ്കോറ്. അതാണ് കൂട്ടത്തിൽ ഏറ്റവും വലിയ ദുരന്തം. എന്നാൽ പോലും പഠിക്കാത്തതിന്റെ പേരിലും അലസതയുടെ പേരിലും പഴിയും വഴക്കും മുഴുവൻ കേട്ടിരിക്കാൻ ഇട, കുട്ടി തന്നെ ആയിരിക്കും എന്ന് വ്യക്തം. (പി ടി എ മീറ്റിംഗുകൾ അതിനുള്ള വേദിയാണ്, അദ്ധ്യാപകർക്ക് രക്ഷിതാക്കളിൽ നിന്നും രണ്ടടിയും ചീത്തയും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വാങ്ങിക്കൊടുക്കാൻ പറ്റിയ വേദി! സ്വന്തം കഴിവുകേടുകളെ ശകാരം കൊണ്ട് അവർക്ക് മറച്ചു വയ്ക്കാം. ഗുരുത്വം ഇന്നും വിലപിടിച്ച മൂല്യമായതു കൊണ്ട് അച്ഛനമ്മമാർ നിന്ന് ഓച്ഛാനിച്ച് ഓച്ഛാനിച്ച് നടു വളയ്ക്കും. ഓരം പറ്റി നിന്ന് കരയുന്ന കുട്ടികളാൽ ശബളമാണ്, റിപ്പോർട്ട് ഒപ്പിടാൻ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തുന്ന (ഞാൻ കണ്ടിട്ടുള്ള) ക്ലാസ് അദ്ധ്യാപക രക്ഷാകർതൃ യോഗങ്ങൾ) അദ്ധ്യാപകരിൽ നിന്നും തുടർന്ന് രക്ഷിതാക്കളിൽ നിന്നും കുട്ടി വാങ്ങിച്ചു കൂട്ടും. മാനസിക സമ്മർദ്ദങ്ങളുടെതു മാത്രമായ കാലത്തിനാണ് പൊതുവേ കേരളത്തിൽ കൌമാരകാലം എന്നു പറയുന്നത്. ‘ഒരു സുഖവുമില്ല ജീവിതത്തിന് ’ എന്നാണ് അവരുടെ കോട്ടുവായകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റൊന്നുകൂടിയുണ്ട് പ്രവേശനപരീക്ഷകൾ പോട്ടെ, വർഷാവസാന എഴുത്തു പരീക്ഷയിൽ നല്ല മാർക്കു നേടിയാലും ഈ കുറഞ്ഞ C E സ്കോറുകൾ ഒരു കുട്ടിയെ നല്ലൊരു കോളേജിൽ, നല്ല വിഷയത്തിന് പ്രവേശനം ലഭിക്കുന്നതിൽ നിന്നും തടയാൻ സാധ്യതയുണ്ട്. അദ്ധ്യാപകർക്ക് ചീള് കേസാണെങ്കിലും കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ വെറും 1 സ്കോർ വിദ്യാർഥികൾക്ക് ചില്ലറയല്ല! ചിലപ്പോൾ ജീവിതം തന്നെയാവും! സ്വന്തമല്ലാത്ത തെറ്റിന് കുട്ടികൾ എന്തൊക്കെ അനുഭവിക്കണം!
അദ്ധ്യാപകർക്ക് ‘സിദ്ധാന്ത’മറിഞ്ഞുകൂടാതെ വന്നാലും പാട് കുട്ടിക്കാണ്. ചിലപ്പോൾ വഴി ചെന്നു കയറുന്നത് കൊലക്കയറിൽ. ഉദാഹരണങ്ങളുണ്ട്. ആർക്കും കുതിരകയറാവുന്ന മുതുക് പിള്ളാരുടേതായതു കൊണ്ട്, ഉറപ്പില്ല, ഇതിനു് പരിഹാരം വല്ലതും ഉണ്ടോ?
മുൻകൂർജാമ്യം : എല്ലാ സ്കൂളുകളിലെയും സ്ഥിതി ഇതുപോലെയാവണമെന്നില്ല. എങ്കിലും ഇതുപോലെയും ഇതിനേക്കാൾ മോശമായും സ്കൂളുകൾ ഉണ്ടെന്ന കാര്യം കാണാതെ പോകേണ്ടതില്ല. മാർക്ക് ലിസ്റ്റ് നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തത്.