December 3, 2010

മരിച്ച മനുഷ്യരുടെ വഴി -ചിനുഅ അചെബെ
വിചാരിച്ചതിനേക്കാളൊക്കെ നേരത്തേ മൈക്കൽ ഒബിയുടെ ആശകൾ പൂവണിഞ്ഞു. 1949 ജനുവരി ഒന്നാം തീയതി അദ്ദേഹം എൻഡ്യൂമെ സെൻ‌ട്രൽ സ്കൂളിലെ ഹെഡ്‌മാസ്റ്ററായി നിയമിതനായി. വികസനമൊട്ടും ഇല്ലാതെ കിടന്ന സ്കൂളാണ്. അതുകൊണ്ടാണ് അധികാരികൾ ഊർജ്ജസ്വലനായ ഒരു യുവാവിനെ തന്നെ അങ്ങോട്ടയയ്ക്കാൻ തീരുമാനിച്ചത്. ഒബി പുതിയ ഉത്തരവാദിത്വത്തെ സന്തോഷത്തോടെ സ്വീകരിച്ചു. പുതുപുത്തൻ ആശയങ്ങൾ കുറെയധികം തലയിൽ കൊണ്ടുനടന്നയാളാണ് ഒബി. കൈവന്നിരിക്കുന്നത് അതെല്ലാം പ്രായോഗിക തലത്തിൽ കൊണ്ടു വരാനുള്ള അവസരവും. ഔദ്യോഗിക രേഖകളിൽ ‘നല്ല അദ്ധ്യാപകൻ’ എന്നു എഴുതിയിടാൻ തക്കവിധം മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മേഖലയിലുള്ള മറ്റു ഹെഡ്‌മാസ്റ്റർമാരിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയ ഘടകമിതാണ്. കൂടുതൽ പേരും അവിടെ നല്ല വിദ്യാഭ്യാസം ഇല്ലാത്തവരോ ഇടുങ്ങിയ ചിന്താഗതിക്കാരോ ആണ്. ആ പഴഞ്ചൻ വാധ്യാന്മാരോടുള്ള അതൃപ്തി അദ്ദേഹം ഉറക്കെ തുറന്നു തന്നെ സംസാരിച്ചിരുന്നു പലപ്പോഴും.

“ഈ ജോലി നമ്മൾ നന്നായി ചെയ്യും ഇല്ലേ?” തന്റെ ഉദ്യോഗക്കയറ്റത്തെ സംബന്ധിച്ച സന്തോഷകരമായ വാർത്ത കേട്ട അവസരത്തിൽ അദ്ദേഹം ഭാര്യയോട് ചോദിച്ചു.
തങ്ങളെക്കൊണ്ട് കഴിയുന്നത്ര ഭംഗിയായി തന്നെ അത് ചെയ്യുമെന്ന് അവൾ മറുപടി പറഞ്ഞു. “മനോഹരമായ ഉദ്യാനങ്ങൾ ഉണ്ടാക്കണം. അതുപോലെ പുതിയ ഒട്ടേറെ കാര്യങ്ങൾ കൊണ്ടു വരണം”. രണ്ടു വർഷത്തെ അവരുടെ വിവാഹ ജീവിതത്തിനിടയിൽ ഒബിയുടെ ഭാര്യ, ആധുനിക രീതികളോടുള്ള അദ്ദേഹത്തിന്റെ താത്പ്പര്യത്താലും അദ്ധ്യാപന മേഖലയിലുള്ള കാലഹരണപ്പെട്ട പഴഞ്ചൻ വിശ്വാസികളായ ആളുകളെ തരം താഴ്ത്തുന്ന അദ്ദേഹത്തിന്റെ സംഭാഷണരീതിയാലും നന്നായി സ്വാധീനിക്കപ്പെട്ടിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ ശോഭിക്കുക ഒനിട്ഷാ ചന്തയിലെ കച്ചവടത്തിലാണ് പഴമക്കാർ ശോഭിക്കുക, കുട്ടികളെ പഠിപ്പിക്കുന്നതില്ലല്ല. യുവാവായ സ്കൂൾ തലവന്റെ ബഹുമാനിതയായ ഭാര്യയായി അവർ സ്വയം പരിഗണിക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ റാണി.

മറ്റധ്യാപകരുടെ ഭാര്യമാർക്ക് അവളുടെ പദവിയിൽ അസൂയ തോന്നണം. എല്ലാത്തിലും അവൾ ഒരു പുതുമ കൊണ്ടു വരും..... പെട്ടെന്ന് അവിടെ മറ്റുള്ള ഭാര്യമാർ ഉണ്ടെന്ന കാര്യം തന്നെ അവളിൽ നിന്നു മാഞ്ഞു പോയി. പ്രതീക്ഷയ്ക്കും ഭയത്തിനും ഇടയിൽ ചാഞ്ചാടിക്കൊണ്ട് അവൾ ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“നമ്മുടെ എല്ലാ സഹപ്രവർത്തകരും യുവാക്കളും അവിവാഹിതരുമാണ്.” അവൾക്ക് മനസ്സിലാക്കാൻ കഴിയാത്ത പ്രത്യേക സന്തോഷത്തോടെ അയാൾ പറഞ്ഞു. “അത് നല്ലൊരു കാര്യമാണ്”. അയാൾ തുടർന്നു.
“എന്തുകൊണ്ട്?”
“എന്തുകൊണ്ടെന്നോ? അങ്ങനെയെങ്കിൽ അവർ കഴിവു മുഴുവനും എപ്പോഴും സ്കൂളിനായി വിനിയോഗിക്കില്ലേ?” അയാൾ ചോദിച്ചു.

നാൻസിയ്ക്ക് എന്തോ പെട്ടെന്ന് നിരാശതോന്നി. കുറച്ചു നിമിഷങ്ങൾ അവൾക്ക് പുതിയ സ്കൂളിനെപ്പറ്റിയൊരവിശ്വാസം മനസ്സിൽ വന്നു നിറഞ്ഞു. പക്ഷേ, കുറച്ചു നിമിഷങ്ങൾ മാത്രം. അവളുടെ വ്യക്തിപരമായ ചെറിയ ദൌർഭാഗ്യം, ഭർത്താവിന്റെ നിറഞ്ഞ അഭിലാഷങ്ങൾക്കു നേരെ കണ്ണടച്ചുപിടിക്കാൻ അവളെ പ്രേരിപ്പിച്ചില്ല. കസേരയിൽ മടങ്ങിയിരിക്കുന്ന അയാളെ അവൾ നോക്കി. അല്പം കുനിഞ്ഞ ചുമലുകളുള്ള മനുഷ്യനാണ് അയാൾ. ഒറ്റനോട്ടത്തിൽ ക്ഷീണിതൻ. പക്ഷേ ചില നേരങ്ങളിൽ വല്ലാത്ത ശാരീരികമായ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ട് അയാൾ ആളുകളെ അദ്ഭുതപ്പെടുത്തുന്നു. ഇപ്പോഴത്തെ ഇരിപ്പിൽ അയാളുടെ തുളച്ചുകയറുന്ന അസാധാരണമായ ആഴക്കണ്ണുകൾക്കു പിറകിൽ അയാൾക്കുള്ള എല്ലാ ശാരീരികമായ കരുത്തും പിൻ വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുക. 26 വയസ്സേ ഉള്ളൂ, തോന്നിക്കുന്നത് മുപ്പതിലധികം. മൊത്തത്തിൽ തീരെ ഭംഗിയില്ലാത്തവനല്ല, ഒബി.
“ നിന്റെ ചിന്തകൾക്ക് ഒരു പെനി, മൈക്ക്” സ്ത്രീകളുടെ ഒരു മാസികയിൽ വായിച്ച വാക്യം ഓർത്തുകൊണ്ട് കുറച്ചു സമയത്തിനു ശേഷം നാൻസി പറഞ്ഞു. “ഒരു സ്കൂൾ എങ്ങനെ നടത്തണമെന്ന് ഇക്കൂട്ടർക്ക് കാണിച്ചുകൊടുക്കാൻ നമുക്ക് മികച്ച ഒരവസരമാണ് കൈ വന്നിരിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്”.

അക്ഷരാർത്ഥത്തിൽ തന്നെ എൻഡൂം സ്കൂൾ വളരെ പിന്നാക്കമാണ് പലകാര്യത്തിലും. സ്കൂളിനെ നന്നാക്കിയെടുക്കാനുള്ള മുഴുവൻ സമയപ്രവർത്തനത്തിൽ ഒബി മുഴുകി. അയാളുടെ ഭാര്യയും അതു തന്നെ ചെയ്തു. രണ്ടു ലക്ഷ്യങ്ങളായിരുന്നു അയാൾക്ക്. മികച്ചരീതിയിലുള്ള പഠനത്തിന് ഊന്നൽ കൊടുക്കുക. സ്കൂൾ പരിസരം അതീവ മനോഹരമാക്കിത്തീർക്കുക. മഴക്കാലം തുടങ്ങിയതോടെ നാൻസിയുടെ സ്വപ്നത്തിലുണ്ടായിരുന്ന ഉദ്യാനം യാഥാർത്ഥ്യമായി, പൂവിട്ടു. പൂത്തുലഞ്ഞ ചെമ്പരത്തിപ്പൂക്കളുടെയും അരളികളുടെയും തിളങ്ങുന്ന ചുവപ്പും മഞ്ഞയും അയൽ‌പ്പക്കങ്ങളിലെ പുല്ലാനിപ്പൊന്തകളിൽ നിന്ന് സ്കൂൾ മുറ്റത്തിന്റെ അതിർത്തിയെ പ്രത്യേകം എടുത്തുകാട്ടി.

ഒരു സായാഹ്നത്തിൽ സ്വന്തം പ്രയത്നത്തെ തലകുലുക്കി അഭിനന്ദിച്ചുകൊണ്ട് പരിസരം നോക്കി ഒബി നിൽക്കുമ്പോൾ ഗ്രാമത്തിലെ പ്രായം ചെന്ന ഒരു സ്ത്രീ വേച്ചു വേച്ച് സ്കൂൾ മുറ്റം മുറിച്ചുകടക്കുന്നത് മാരിഗോൾഡ് ചെടികളുടെ ഇടയിലൂടെ കണ്ടു. അയാൾക്ക് അസ്വസ്ഥത തോന്നി. ചെന്നുനോക്കുമ്പോൾ മുൾക്കാടുകൾക്കിടയിലൂടെ സ്കൂൾ മുറ്റം മുറിച്ചു കടന്നുപോകുന്ന, മിക്കവാറും ഉപയോഗിക്കാതെ ആളുകൾ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു വഴിയുടെ ചില അടയാളങ്ങൾ അവിടെ.
‘ഞാൻ അദ്ഭുതപ്പെട്ടുപോയി’ - പിന്നീട് ഒബി മൂന്നു വർഷമായി ആ സ്കൂളിലുള്ള ഒരു അദ്ധ്യാപകനോട് പറഞ്ഞു. “നിങ്ങൾ ഗ്രാമത്തിലുള്ളവരെ ഈ വഴി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുകയാണ്. അല്ലേ? അതു അസംബന്ധമാണ്”
“ആ വഴി” -ക്ഷമാപണത്തിന്റേതു പോലുള്ള സ്വരത്തിൽ അദ്ധ്യാപകൻ പറഞ്ഞു. “ അധികം ഉപയോഗിക്കാത്തതാണെങ്കിലും ഗ്രാമവാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് ഗ്രാമചൈത്യത്തെയും പൊതുശ്മശാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.”
“അതിനു സ്കൂളിപ്പോൾ എന്താണ് ചെയ്യേണ്ടത്?” സ്കൂൾതലവൻ ചോദിച്ചു.
“എനിക്കറിയില്ല”. ചുമലുകൾ ചുരുക്കിക്കൊണ്ട് അദ്ധ്യാപകൻ പറഞ്ഞു. “ പക്ഷേ ഒരിക്കൽ ഞങ്ങളത് അടയ്ക്കാൻ ശ്രമിച്ചപ്പോൾ വലിയ ഒരു കൂട്ടം ആളുകൾ ബഹളം വച്ചുകൊണ്ടു വന്നത് ഞാൻ ഓർക്കുന്നുണ്ട്.”
“അത് കുറച്ചുകാലങ്ങൾക്കു മുൻപ്. ഇനി ആ വഴി ആരും ഉപയോഗിക്കരുത്”. നടന്നു പോകുന്നതിനിടക്ക് ഒബി പറഞ്ഞു. “ഇതിങ്ങനെ കിടക്കുന്നതു കണ്ടാൽ അടുത്തയാഴ്ച സ്കൂൾ പരിശോധനയ്ക്കു വരുന്ന വിദ്യാഭ്യാസഓഫീസർ എന്തായിരിക്കും വിചാരിക്കുക? പരിശോധനയ്ക്കിടയ്ക്ക്, ഗ്രാമത്തിലുള്ളവരെല്ലാം അവരുടെ പ്രാകൃതമതാചാരങ്ങൾക്ക് സ്കൂൾ മുറി ഉപയോഗിച്ചോട്ടെയെന്നോ ”

രണ്ടു കനത്ത മരത്തൂണുകൾ വഴി സ്കൂൾ മുറ്റത്തേയ്ക്ക് തുറക്കുന്നവിടെയും അവസാനിക്കുന്നവിടെയുമായി ഉടൻ സ്ഥാപിക്കപ്പെട്ടു. അവ കമ്പികളാൽ ചുറ്റി വരിഞ്ഞ് കൂടുതൽ ശക്തമാക്കി.

മൂന്നു ദിവസത്തിനു ശേഷം ഗ്രാമപുരോഹിതൻ ഹെഡ്മാസ്റ്ററെ കാണാനായി വന്നു. കുറച്ചു കൂനുള്ള വളരെ വയസ്സായ മനുഷ്യനായിരുന്നു അദ്ദേഹം. ബലമുള്ള തടിച്ച ഒരു ഊന്നു വടി അദ്ദേഹം കൈയിൽ പിടിച്ചിരുന്നു. ആ കമ്പ് തറയിൽ ഉറക്കെ തട്ടാനായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. വാദങ്ങളിൽ തന്റെ അഭിപ്രായം ഒന്നുറപ്പിച്ചു പറയുമ്പോൾ അല്ലെങ്കിൽ പുതിയ ആശയം അവതരിപ്പിക്കുമ്പോൾ. അപ്പോഴെല്ലാം അദ്ദേഹം ഇത് ആവർത്തിച്ചു.

“ഞങ്ങളുടെ പൂർവകരുടെ നടപ്പാത ഈയിടെ അടച്ചു എന്നു കേട്ടല്ലോ?” പതിവു ഉപചാരങ്ങൾക്കു ശേഷം പുരോഹിതൻ ചോദിച്ചു. അതെയെന്ന് ഒബി പറഞ്ഞു. “സ്കൂൾ മൈതാനം ആളുകൾ നടവഴിയാക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാൻ പറ്റില്ല.”
“നോക്കൂ മകനെ”- ഊന്നു വടി കൊണ്ട് താഴെ ഒന്നു തട്ടി പുരോഹിതൻ പറഞ്ഞു.” ഈ വഴി നീ ജനിക്കും മുൻപേ, നിന്റെ അച്ഛൻ ജനിക്കും മുൻപ് ഇവിടുണ്ടായിരുന്നു. ഗ്രാമത്തിലെ ജീവിതം മുഴുവൻ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. മരിച്ചു പോയ ബന്ധുക്കൾ ഇതിൽ കൂടിയാണ് ഞങ്ങളെ വിട്ടു പിരിഞ്ഞത്. പൂർവികർ ഈ വഴിയാണ് ഞങ്ങളെ കാണാൻ വരുന്നത്. അതിനേക്കാളൊക്കെ പ്രധാനം ജനിക്കാൻ പോകുന്ന കുട്ടികൾ ഇതുവഴിയാണ് എത്തുന്നത്.”
സംതൃപ്തമായ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹത്തിന്റെ വാക്കുകൾ സശ്രദ്ധം കേട്ടിരുന്ന ഒബിയുടെ മുഖത്ത്.

“സ്കൂളു കൊണ്ട് സാധിക്കേണ്ട ലക്ഷ്യങ്ങളെ മുഴുവൻ ഇതു പോലുള്ള അന്ധവിശ്വാസങ്ങൾ വച്ചുകൊണ്ട് തള്ളിക്കളയാൻ പറ്റുമോ?” അവസാനം ഒബി പറഞ്ഞു. “മരിച്ചവർക്ക് നടവഴിയൊന്നും വേണ്ട. ഈ പറഞ്ഞ ആശയം മൊത്തം ഉഡായിപ്പാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ ആർത്തു ചിരിക്കാൻ വേണ്ടി കുട്ടികളെ പഠിപ്പിക്കുകയാണ് ഞങ്ങളിവിടെ ചെയ്യുന്നത്.”
“നിങ്ങൾ പറഞ്ഞതു സത്യമായിരിക്കും” പുരോഹിതൻ പറഞ്ഞു. “പക്ഷേ ഞങ്ങൾ ഞങ്ങളുടെ പ്രപിതാക്കന്മാരുടെ ആചാരങ്ങൾ പിന്തുടരുന്നു. വഴി തുറന്നു തരികയാണെങ്കിൽ വഴക്കടിക്കാനായി ഒന്നുമില്ല. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, കഴുകനും ഇര തേടട്ടേ, പരുന്തും ഇരതേടട്ടെ.”
അദ്ദേഹം പോകാനായി എഴുന്നേറ്റു.

ഇക്കാര്യത്തിൽ തനിക്കുള്ള വിഷമം ഹെഡ്‌മാസ്റ്റർ പുരോഹിതനെ അറിയിച്ചു.” എങ്കിലും സ്കൂൾ പരിസരത്തെ പൊതുവഴിയാക്കാൻ പറ്റില്ല. അതു ഞങ്ങളുടെ നിയമങ്ങൾക്കെതിരാണ്. മൈതാനം ഒഴിവാക്കി, നിങ്ങൾ മറ്റൊരു വഴി നിർമ്മിക്കണം. ഇവിടുള്ള ആൺകുട്ടികൾ അതിനു നിങ്ങളെ സഹായിക്കും. ഒരല്പം വളഞ്ഞു പോക്കേണ്ടി വരുന്നത് പ്രപിതാക്കൾ വലിയ ഭാരമുള്ള സംഗതിയായി കണക്കാക്കുമെന്നു എനിക്കു തോന്നുന്നില്ല.”
“കൂടുതലൊന്നും എനിക്കു പറയാനില്ല.” വൃദ്ധനായ പുരോഹിതൻ പറഞ്ഞു. അയാൾ പുറത്തിറങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗ്രാമത്തിൽ പ്രസവക്കിടക്കയിൽ വച്ച് ഒരു യുവതി മരിച്ചു. സന്ദർശിച്ചവരോട് ഗ്രാമപുരോഹിതൻ ആവശ്യപ്പെട്ടത് പൂർവികരെ അപമാനിക്കുന്ന തരത്തിൽ വഴിക്കെട്ടിയടച്ചതിനുള്ള പ്രതിഫലമാണ്. പൂർവികർക്കു വേണ്ടി അനുഷ്ഠിക്കേണ്ട മഹത്തായ ത്യാഗം വേണമെന്ന്.

തൊട്ടടുത്ത ദിവസം ഒബി സ്വന്തം പ്രയത്നങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ഉറക്കമുണർന്നു. വഴിയരികിലുണ്ടായിരുന്നവ മാത്രമല്ല, സ്കൂളിനു ചുറ്റുമുണ്ടായിരുന്ന മനോഹരമായ ചെടിപ്പടർപ്പുകൾ മുഴുവൻ നശിപ്പിക്കപ്പെട്ടിരുന്നു. ചവിട്ടിയരയ്ക്കപ്പെട്ട പൂക്കൾ അവിടെമാകെ ചിതറിക്കിടന്നു. സ്കൂൾ കെട്ടിടങ്ങളിലൊന്ന് തകർന്ന് നിലം പൊത്തിക്കിടന്നു.

ആ ദിവസമാണ് വെള്ളക്കാരനായ സൂപ്പർവൈസർ സ്കൂൾ പരിശോധനയ്ക്കെത്തിയത്. സ്കൂളിന്റെ അവസ്ഥ നേരിട്ടു കണ്ട അയാൾ എഴുതാവുന്നതിൽ വച്ച് ഏറ്റവും മോശം റിപ്പോർട്ടെഴുതി. അതിൽ ഗൌരവത്തോടെ കൂട്ടിച്ചേർത്തിരുന്നതിതാണ് : ‘പുതിയ ഹെഡ്‌മാസ്റ്ററുടെ തെറ്റായ നയങ്ങൾ കാരണം സ്കൂളും ഗ്രാമവുമായുള്ള ബന്ധം വഷളായി ഒരു കലാപത്തിനുള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ട്.’


ചിനുഅ അചെബെ : (1930- ) ആഫ്രിക്കൻ എഴുത്തുകാരിൽ പ്രസിദ്ധൻ. നൈജീരിയയിലെ ഒബിദിയിൽ സ്കൂളദ്ധ്യാപകന്റെ മകനായി ജനിച്ചു. ഇംഗ്ലണ്ടിൽ നിന്ന് നൈജീരിയയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വതന്ത്ര ബയാഫ്രയ്ക്ക് വേണ്ടി വാദിക്കുകയും നിരവധി രാജ്യങ്ങൾ ആനുകൂല്യം തേടി സന്ദർശിക്കുകയും ചെയ്തു. ബയാഫ്ര നാഷണൽ ഗൈഡൻസ് കമ്മറ്റിയുടെ ചെയർമാനായിരുന്നു. 1970-ഓടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി എഴുത്തിലുമാത്രമായി ശ്രദ്ധയൂന്നിതുടങ്ങി. 1958 -ലാണ് ‌ ആദ്യ നോവൽ ‘എല്ലാം ശിഥിലമാകുന്നു’ പുറത്തുവന്നു. അതോടെ പ്രസിദ്ധനായി. പാശ്ചാത്യവഴികൾ പിന്തുടരുന്ന ആഫ്രിക്കൻ പൈതൃകത്തിന്റെ തകർച്ചയാണ് നോവലിന്റെ പ്രമേയം. പിന്നീടു വന്ന നോവലുകളിലെല്ലാം അച്ചെബേ ഈ പ്രമേയം പിന്തുടർന്നു.

4 comments:

Anonymous said...

would you appreciate a story which even distantly supports a similar thing in India? You would then take the side of those who support the west and demonise anything that is based on Indian tradition.
That is the doublestandard of "progressiveness" in India.

faisu madeena said...

താങ്ക്സ് ...ഇദ്ദേഹത്തിന്റെ 'എല്ലാം ശിഥിലമാകുന്നു' എന്നാ നോവലിന്റെ മലയാള വിവര്‍ത്തനം എവിടെ കിട്ടും ??

വെള്ളെഴുത്ത് said...

ഡിസിയിൽ...

പ്രേമന്‍ മാഷ്‌ said...

ഒബി തീര്‍ച്ചയായും തകര്‍ന്നു വീണ അവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്ന് ഇതിനേക്കാള്‍ മനോഹരമായ ഉദ്യാനവും സ്കൂള്‍ കെട്ടിടവും നിര്‍മ്മിക്കും. പ്രസവക്കിടക്കയില്‍ വെച്ച് ഒരു യുവതി മരിച്ചത് എന്ത് കാരണത്താലാണെന്ന് ഗ്രാമവാസികളെ ബോധ്യപ്പെടുത്തും. അങ്ങിനെ വിശ്വസിക്കാനാണ് എനിക്ക് താത്പര്യം.