March 23, 2009

നാടകമേ ഉലകം !



തിരുവനന്തപുരത്തു നടന്ന ദേശീയ നാടകോത്സവം (മാര്‍ച്ച് 2 മുതല്‍ 12 വരെ) മാറിയിരുന്ന് ചിന്തിക്കാന്‍ പറഞ്ഞ് തലയില്‍ ചില കിഴുക്കുകളും താക്കോല്‍ പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. ഇതു തികച്ചും വ്യക്തിപരമാണ്. മനസ്സിലായില്ല എന്ന്‌ ഒറ്റവാക്കില്‍ പറഞ്ഞു തള്ളിക്കളഞ്ഞ കുറച്ചധികം ആളുകളെ നാടകാവതരണത്തിന്റെ പരിസരപ്രദേശങ്ങളില്‍ കണ്ടു. അതിലൊരാള്‍ നാടകം റിപ്പോര്‍ട്ടു ചെയ്യാനായി വന്ന ഒരു മുഖ്യപത്രത്തിന്റെ ലേഖകനാണ്. ‘നീ എഴുതുന്നതും അവതരിപ്പിക്കുന്നതും എനിക്കു മനസ്സിലാവാനാനുള്ളതാണ്’ എന്ന മട്ടില്‍ രണ്ടാമതൊരു ചിന്തയില്ലാതെ കവികളെക്കാള്‍ അതീവ കാല്‍പ്പനികരായി, ഭൂമിയുടെ തന്നെ ന്യൂക്ലിയസ്സായി, ചാരുകസേരയിലുന്ന് ആടുന്ന സ്വഭാവക്കാരാണ് നമ്മളില്‍ പലരും. ഉള്ളിലുള്ള ധാരണയുടെ സ്കെയിലുകള്‍ വികസിച്ചില്ലെങ്കില്‍ മനസ്സിലാവല്‍ ഉണ്ടാവില്ലെന്നുറപ്പായവരും പറയും, മനസ്സിലായില്ലെന്ന്. ധാരണ വികസിക്കുന്നത് പരിശീലനത്തിന്റെ/അനുശീലനത്തിന്റെ/വിദ്യാഭ്യാസത്തിന്റെ/ ഇതിന്റെയെല്ലാം കൂടി ഭാഗമായുമാണ്. അപ്പോള്‍ നാടകങ്ങളില്‍ പലതും തീരെ സംവേദനക്ഷമമല്ലാതെ മാറി നിന്നത്, നാടകങ്ങളുടെ കുറ്റമാണെന്നു പറയാന്‍ ഒന്നാലോചിക്കണം. മാറിയ കാലത്തെ നാടകങ്ങളെ സംബന്ധിച്ച് സ്വന്തം ധാരണകളെ പുതുക്കാന്‍ നമ്മള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന ചോദ്യം ചോദിക്കാനാണ് ഈ നാടകോത്സവം ഉപകരിച്ചതെന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാവും. സത്യമല്ലേ? അമ്പലപ്പറമ്പുകളിലെ നാടകാവതരണങ്ങള്‍ക്ക് ചെന്നിരുന്ന് പാതിയുറക്കത്തില്‍ മണ്ണുവാരിക്കളിച്ചിരുന്ന കാലം കഴിഞ്ഞാല്‍ പിന്നെ കോളെജുകളില്‍ നിന്ന് കാളിദാസന്‍, ഷേക്സ്സ്പിയര്‍, ഷാ, ഇബ്സന്‍, ശ്രീകണ്ഠന്‍ നായര്‍, പുളിമാന, എന്‍ കൃഷ്ണപിള്ള....എന്നിവരുടെ വായനക്കാലം. മലയാളംകാര്‍ കുറെകൂടി ഭാഗ്യമുള്ളവരാണ് അവര്‍ക്കു ഭാസനെയും ഭവഭൂതിയെയും ജി ശങ്കരപിള്ളയെയുമൊക്കെ ‘വായിക്കാന്‍’ കിട്ടും. ഇംഗ്ലീഷുസാഹിത്യക്കാര്‍ക്കും കിട്ടും ബെക്കറ്റ്, ബെക്ക്റ്റ്, ദാരിയോ ഫോ.. ബാക്കിയുള്ളവരെന്തുചെയ്യും?

നല്ല നാടകങ്ങള്‍ ടി വിയില്‍ പോലും കാണാറില്ല. മുന്‍പ് ഏതോ ഒരു വിദേശചാനലില്‍ സ്ഥിരമായി നാടകം വന്നിരുന്നതോര്‍ക്കുന്നു. ഭാഷപോലും പിടിയില്ല എന്നാലും അര്‍ദ്ധരാത്രിയ്ക്കൊക്കെ കണ്ടിരിക്കാന്‍ സുഖമായിരുന്നു. നാടകത്തിന്റെ ഭാഷ നമ്മുടെ വ്യവഹാരഭാഷതന്നെയാണോ? നൃത്തത്തിന്റേതുപോലെ നാടകത്തിന് ശരീരത്തിന്റെ കൂടി ഭാഷയില്ലേ? ഷേക്സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിച്ച് ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന ഫൂട്സ് ബാണ്‍ (അവരില്‍ പലരാജ്യക്കാരുണ്ട്) കാരുടെ വാമൊഴികളെയോ കാവാലത്തിന്റെ സംസ്കൃതം നാടകങ്ങളിലെ കഥാപാത്രങ്ങളെയോ തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല അരങ്ങില്‍. കാരണം നാടകം കൈയും കലാശവും കാട്ടി മറ്റൊരു ഭാഷ സംസാരിക്കുന്നതുകൊണ്ടല്ലേ? വിദേശസിനിമകള്‍ പോലെ സബ് ടൈറ്റിലിനു സ്കോപ്പില്ല ഈ കലാരൂപത്തില്‍. വേണമെങ്കില്‍ പണ്ടു സിനിമയ്ക്കൊക്കെ വിദേശങ്ങളില്‍ ചെയ്തിരുന്നതുപോലെ ഓരോ സംഭാഷണത്തിനു ശേഷവും സദസ്സിലിരിക്കുന്ന ഒരാളിനു ഉറക്കെ പരിഭാഷ വിളിച്ചു പറയാം. അപ്പോള്‍ ഏലിയനേഷന്‍ തിയറിയ്ക്ക് വേറെ അവതരണം വേണ്ടാതാവും. നാടകം നോക്കുക. താഴെ പരിഭാഷകനെ നോക്കുക. ടെന്നീസുകളി കാണും പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന പ്രേക്ഷകതലകള്‍!! പുസ്തകത്തിലോ സിനിമയിലോ മനസ്സിലാവാതെ പോയ ഒരു വരിയോ ആശയമോ ഒരു രംഗമോ തിരിച്ചുപോയി ഒന്നുകൂടി കണ്ടു മനസ്സിലാക്കാനാനുള്ള സൌകര്യമുണ്ട്. നാടകത്തിലാവട്ടെ അതുമില്ല. അത്രത്തോളം ഏകാഗ്രത ആവശ്യപ്പെടുന്ന കലാരൂപം ആയതുകൊണ്ടാവും അതിന്റെ വിമോചനമൂല്യങ്ങളില്‍ ആളുകള്‍ക്ക് സംശയമില്ലാത്തത്. സിനിമയൊക്കെ കൊടുമ്പിരി കുത്തിയാലും നാടകം എന്നു ഉച്ചരിക്കുമ്പോള്‍ ഉള്ളിലെവിടെയോ ഒരു തരളത!

ഭാഷയുടെ കാര്യം പറയുമ്പോഴാണ്, രാജീവ് കൃഷ്ണന്‍ സംവിധാനം ചെയ്ത ‘സംഗതി അറിഞ്ഞാ’ ഓര്‍മ്മ വരുന്നത്. ആ നാടകം ബഷീര്‍കൃതികളുടെ ഒരവിയലാണ്. ഏഴുകഥകളുടെ സാഹസികമായ മിശ്രണം. തലയോലപ്പറമ്പിന്റെ പരിസരങ്ങളില്‍ നിന്ന് ബഷീര്‍ കണ്ടെടുത്ത കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് തമിഴ് ചുവയുള്ള മലയാളി ഇംഗ്ലീഷ്. അവതരിപ്പിച്ച ഗ്രൂപ്പ് മദിരാശിയില്‍ നിന്നുള്ളവര്‍ (പെര്‍ച്ച്, ചെന്നൈ) മേഘാലയയിലെ ആദ്യത്തെ നാടകം എന്ന് സംവിധായകന്‍ പരിചയപ്പെടുത്തിയ ‘എ ചിക് എ സോങ്ങി’ന്റെ ഭാഷ ‘ഗാരോ’ ആണ്. നാടകഗ്രൂപ്പിലെ അംഗങ്ങള്‍ക്കല്ലാതെ ഒരക്ഷരം ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല.. ഗാരോ കുന്നുകളിലെ കലാപത്തിന്റെ കഥയാണ് നാടകം. വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകന്‍’ അവതരിപ്പിച്ചത് ജാപ്പാനീസ് നടിയായ മികാരിയാണ്. സംവിധായകനായ ശങ്കര്‍ വെങ്കിടേശ്വരന്‍ ആദ്യം വേദിയില്‍ കവിത ചൊല്ലും. അതും ‘ആന വിരണ്ടേ‘ എന്ന ഇടയ്ക്കുള്ള ആര്‍ത്തനാദവും വെടിയൊച്ചയുമല്ലാതെ മലയാളത്തില്‍ പിന്നൊന്നുമില്ല. മികാരി സംസരിച്ചതെല്ലാം ജാപ്പാനീസാണ്. മാത്രമല്ല, സഹ്യന്റെ മകന്‍, ചില നിമിഷങ്ങളില്‍ സഹ്യന്റെ മകളായി പരിണമിക്കുന്ന അതീവ ഹൃദ്യമായ ഒരനുഭവവുമായി മികാരിയുടെ ആന. പ്രത്യേകിച്ചും ഓര്‍മ്മയില്‍ കുഞ്ഞിനെക്കൊഞ്ചിക്കുന്ന ഘട്ടത്തില്‍ ആനയെത്തിയപ്പോള്‍. ‘നിഗ്രഹോത്സുകമെങ്കിലും സ്നേഹവ്യഗ്രം.’ പ്രകൃതിയ്ക്കും സ്ത്രീയ്ക്കും മാത്രം സമഗ്രതയില്‍ സവിശേഷമായുള്ളത് എന്ന് അഭിമാനിക്കാവുന്ന ഭാവം.

ഇതൊന്നുമല്ല, തലക്കു കിഴുക്കിയത് മറ്റുചില നാടകഭാഗങ്ങളാണ്. എന്നാല്‍ ഇവയിലില്ലാത്തതുമല്ല അവ. ജാപാനീസ് അഭിനേത്രി ‘മികാരി’ സ്റ്റേജില്‍ കിടന്നുരുണ്ട് ഇഴഞ്ഞ് മറിഞ്ഞ് തലപ്പോക്കത്തോടെ പീഠത്തില്‍ കയറിനിന്ന് ആകെ ചടുലവും ഉത്സവപ്രായവുമാക്കിയ അതേ സ്റ്റേജ് ‘-നാലുപാടും തുറസ്സായ,കല്യാണിക്കുട്ടിയമ്മ വേദി- ‘ഹാരുകി മുറകാമി’ എഴുതിയ ഒരു ചെറുകഥയുടെ (എന്തൊരു ആകസ്മികത അതും ജപ്പാന്‍!) നാടകാവിഷ്കാരത്തിനായി ദില്ലിയിലെ ‘പെര്‍ഫോമേഴ്സ് അറ്റ് വര്‍ക്ക്‘ ഉപയോഗിച്ചിരുന്നു. സുലേഖാ ചൌധരി സംവിധാനം. അഭിനയിക്കുന്നത് ഒരേ ഒരാള്‍. മനീഷ് ചൌധരി. “വളരെ മനോഹരമായ ഏപ്രില്‍ പ്രഭാതത്തില്‍ 100% പെര്‍ഫെക്ടായ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍’ എന്നാണ് മുറകാമിയുടെ ചെറുകഥയുടെ പേര്. നാടകത്തിന്റേത് ‘ഓണ്‍ സീയിങ്’ എന്നും. മധ്യവയസ്സോടടുത്ത ഒരാള്‍ തെരുവില്‍ വച്ച് ഒരു പെണ്‍കുട്ടിയെ കാണുന്നു. 100% സമ്പൂര്‍ണ്ണയായ ഒരുവളെയാണ് താന്‍ കണ്ടത് എന്ന് അയാള്‍ക്കു തോന്നുന്നു. അവളെ ഓര്‍ക്കാന്‍ പറ്റുന്നില്ല. ഇനി കാണുമ്പോള്‍ വിവാഹിതരാവാം എന്ന വ്യവസ്ഥയില്‍ പിരിഞ്ഞ കാമുകിയാണോ അവള്‍ എന്നും അയാള്‍ക്കു സംശയമുണ്ട്. ഒരു മണിക്കൂറിലധികം നീണ്ട നാടകം മുഴുവന്‍ അയാളുടെ ആത്മാലാപനങ്ങളാണ്. വേദിയില്‍ കയറിയിരുന്ന് നടനോടൊപ്പം പ്രേക്ഷകരും നീങ്ങണം. വേദി, സദസ്സ് എന്ന തരം തിരിവിവിടില്ല. ആകെ ഒരു ടേപ്പ് റിക്കോഡറാണ് പശ്ചാത്തലത്തില്‍. അതിലും അയാളുടെ പിറുപിറുക്കലുകളാണ്. ഇടയ്ക്കിടയ്ക്ക് പോയി ഓണ്‍ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും അയാള്‍ തന്നെ. വേദിയില്‍ ലൈറ്റുകളിട്ടിരുന്നതും സാമ്പ്രദായികരീതിയെ തകര്‍ക്കുന്നമട്ടിലാണ്. കനം കുറഞ്ഞ ട്യൂബ് ലൈറ്റുകള്‍ മുകളിലും താഴെയും വശത്തും....തോന്നിയതുപോലൊക്കെ വച്ച്. നടന്റെ അയാളുടെ ഭാവവും ശ്രദ്ധിച്ച് കൂടെ നടക്കുന്ന ജനം അവയില്‍ ചിലതെല്ലാം ചവിട്ടിപ്പൊട്ടിച്ചു. ‘ഠേ..... ടിച്ച് ’എന്നൊക്കെയുള്ള ശബ്ദത്തോടെ. അതും നാടകത്തിന്റെ ഭാഗം തന്നെ. ഒന്നു തിരിയാന്‍ ആദ്യം പത്തു മിനിട്ടോളം എടുത്തു. ഗംഭീരന്‍ സ്ലോ മോഷന്‍. അസാധാരണമായ പരിശീലനത്തിന്റെ ഭാഗമായിട്ട് മാത്രം കഴിയുന്ന കാര്യമാണ്. തലകുത്തനെ നിന്നും അയാള്‍ സംസാരിക്കുന്നുണ്ട്. ത്രികോണാസനത്തില്‍ നിന്നും സംസാരിക്കുന്നുണ്ട്. സംസാരം മുഴുവന്‍ തന്നോടാണ്. ഇടയ്ക്ക് രണ്ടു പ്രാവശ്യം അയാള്‍ തുണിയെല്ലാം ഉരിഞ്ഞു വച്ചു. ജട്ടി മാത്രമുണ്ട്. അതു മാത്രം ഇട്ടുകൊണ്ടു വീണ്ടും സര്‍ക്കസ്. സ്ലോ മോഷന്‍. ആത്യന്തികമായി നാടകം ഒരിടത്തും തുടങ്ങുന്നില്ല. അതുപോലെ അവസാനിക്കുന്നുമില്ല. നാടകം കാണാനായിട്ട് ആളുകള്‍ വന്നു തുടങ്ങിയതു മുതല്‍ അയാള്‍ ആ വേദിയില്‍ നില്‍പ്പുണ്ടായിരുന്നു. നാടകം കഴിഞ്ഞിട്ടും..(?) ‘കഴിഞ്ഞോ ഇനിയുണ്ടോ’ എന്നൊക്കെ ചോദിച്ച ആളുകള്‍ അന്തം വിട്ടു നില്‍ക്കുന്നതുകണ്ടു..

ശീലങ്ങള്‍ പിടികൂടിയിരിക്കുന്നതുകൊണ്ട് നമ്മുടെ തലച്ചോറിന് ഇമ്മാതിരി പരീക്ഷണങ്ങളെ ഒന്നിലധികം പ്രാവശ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ( ഈ പരീക്ഷണങ്ങളൊക്കെ കാലത്തെ അതിജീവിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു മലയാളനാടക രചയിതാവായ ബുദ്ധിജീവി കാറിത്തുപ്പിക്കൊണ്ട് ചീറി, എന്റെ വണ്ടിയുടെ പിറകിലിരുന്ന്.) എങ്കിലും അതിഭാവുകത്വത്തിന്റെ സംഭാഷണ എറ്റലുകളില്‍ മാത്രമല്ല നാടകം എന്നു പറഞ്ഞു തരാനും, മാറി ചെന്നിരുന്ന് ഇതെന്താണെന്ന് ചിന്തിക്കാനും പരീക്ഷണ നാടകങ്ങള്‍ എപ്പോഴും ഉണ്ടാവില്ലേ, ഉണ്ടാവണ്ടേ എന്നൊക്കെയോര്‍ത്തായിരുന്നു എന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു തന്നെയിരുന്നത്. മായകൃഷ്ണറാവു സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്ത ‘ലേഡി മാക്‍ബത്ത് റീവിസിറ്റെഡ്’ ഇതുപോലെ ശീലം കൊണ്ട് രസിക്കാന്‍ ചെന്നിരുന്ന ഭാവനയെ നോവുന്നതരത്തില്‍ കശക്കിവിട്ട നാടകമാണ്. എന്തൊരു കശക്കല്‍!! ആകെ ഒരാള്‍ മാത്രമാണ് നാടകത്തില്‍. ലേഡി മാക്‍ബത്ത്. അവരാകട്ടെ പിറുപിറുത്തുകൊണ്ടേയിരിക്കുന്നു. മാക്‍ബത്തിലെ ക്രൂരയായ ‘ലേഡി’യുടെ (അവര്‍ക്ക് പേരുപോലുമില്ല. അഭിനയ അവതരിപ്പിച്ച ഉദ്ഘാടന നാടകമായ ‘മാക്‍ബത്തി’ല്‍ (സംവിധാനം ജ്യോതിഷ്) ആ സ്ത്രീയെ അവതരിപ്പിച്ചത് പുരുഷനാണ്..) സ്ത്രീപക്ഷാവതരണമാണ് ദില്ലി വിസ്മയ അവതരിപ്പിച്ച നാടകം. രണ്ടു ഷേക്സ്പിയര്‍ നാടകങ്ങളും കമ്പ്യൂട്ടര്‍ സാങ്കേതികതയെ സ്വാംശീകരിച്ച വിധം അമ്പരപ്പിക്കുന്നതാണ്. അഭിനയയുടെ ‘മാക്‍ബത്തി’ല്‍ സ്റ്റേജിന്റെ രണ്ടു വശത്തായി ചതുരക്കണ്ണുകള്‍ മനസ്സിന്റെ വെളിപ്പെടലായി, കഠാരയുള്‍പ്പടെയുള്ള പ്രതീകങ്ങളെ മിന്നിതെളിച്ചുകൊണ്ട് വേദിയ്ക്ക് കൊഴുപ്പു കൂട്ടി. മായാകൃഷ്ണറാവുവിന്റെ ‘ തിരിച്ചു വരുന്ന പെണ്‍‌മാക്‍ബത്തി’ല്‍ കൂറച്ചുകൂടി വിശാലമായി ഉപയോഗിച്ചിരിക്കുന്നു കമ്പ്യൂട്ടറിന്റെയും ക്യാമറയുടെയും സാദ്ധ്യതകള്‍. സ്റ്റേജിന്റെ പകുതിയോളം കൈവശപ്പെടുത്തിയിരിക്കുന്നത് വലിയൊരു സ്ക്രീനാണ്. വേദിക്ക് പുറം തിരിഞ്ഞിരുന്നാലും അഭിനയിക്കുന്ന ആളിന്റെ മുഖം കാണാം. ചെറിയ ചെയ്തികള്‍ വലുതായി അനുഭവിക്കാം. മാക്‍ബത്തിലെ പ്രസിദ്ധമായ വാചകങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടുകയായിരിക്കാം അവരുടെ ആത്മഗതങ്ങളിലൂടെ. ‘സ്വയം തിരിച്ചറിയാത്ത കാലം ക്രൂരമാണെന്ന’ വാക്യത്തിന് പുകയുഴിഞ്ഞുകൊണ്ടാണ് നാടകം ആരംഭിക്കുന്നതു തന്നെ. സ്വയം അടയാളപ്പെടുത്താന്‍ നിര്‍വാഹമില്ലാതെ കുഴങ്ങുന്ന സ്ത്രീയായിരുന്നോ ലേഡി മാക്‍ബെത്ത്? ആയിരിക്കണം. ‘മുലകുടിക്കുന്ന കുഞ്ഞ് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ തൊണ്ണുകളില്‍ നിന്ന് എന്റെ മുലക്കണ്ണ് വലിച്ചെടുത്തിട്ട്, തറയിലടിച്ച് അവന്റെ ഞാന്‍ തകര്‍ക്കും’ എന്ന പ്രസിദ്ധമായ വാക്യത്തിലെ പക മറ്റെന്തൊക്കെയോ ആയി മാറുകയാണ് നാടകത്തില്‍. അരവരെയുള്ള ഭാഗത്തെ വസ്ത്രം നീക്കിപുറം തിരിഞ്ഞിരിക്കുന്ന ലേഡി മാക്‌ബത്തിലാണ് നാടകം അവസാനിക്കുന്നത്. പഞ്ചാബിയായ നീലം മാന്‍സിംഗ് ചൌധരി സംവിധാനം ചെയ്ത ഇംഗ്ലീഷ്/പഞ്ചാബി/ഹിന്ദി നാടകം ‘സ്യൂട്ടി’ലും ശരീരങ്ങള്‍ പ്രാധാന്യത്തോടെ എഴുന്നു നില്‍ക്കുന്നതു കണ്ടു. ഭാര്യാഭര്‍ത്താക്കന്മാര്‍ നിരന്തരം വസ്ത്രം മാറ്റുകയും ധരിക്കുകയും ചെയ്തു, വേദിയില്‍. കുളിച്ചു. വ്യായാമം ചെയ്തു വിയര്‍ത്തു. ശരീരത്തെ എണ്ണയിട്ടു മിനുക്കി. ആണ്‍ശരീരത്തെ അതിമനോഹരമായി അവതരിപ്പിച്ച നാടകം കൂടിയാണ്‌ ‘സ്യൂട്ട്’‍. വസ്ത്രം തന്റെ തൊലിയാണെന്നാണ് നായിക നാടകാവസാനം പ്രഖ്യാപിക്കുന്നത്.

മുന്‍പൊരിക്കാല്‍ ‘ആയുസ്സിന്റെ പുസ്തകത്തി’ന്റെ നാടകാവിഷ്കാരത്തിലാണ് രംഗത്ത് തുണിയില്ലാതെ നില്‍ക്കുന്ന ഒരാളെ കാണുന്നത്. മലയാളസിനിമകളില്‍ ഇന്നും സാദ്ധ്യമാവാത്ത കാര്യമാണ് ഇപ്പോള്‍ നാടകങ്ങള്‍ ചെയ്യുന്നത്. ശരീരം തന്നെ ഞെട്ടിക്കലിനുള്ള ഒരുപാധിയാണ്. അത് അടച്ചു വയ്ക്കുകയോ തുറന്നുകാട്ടുകയോ ചെയ്താലുണ്ടാകുന്ന അസ്വസ്ഥതകളെ സമര്‍ത്ഥമായി വിനിയോഗം ചെയ്തും കലയ്ക്ക് അതിന്റെ വിമോചനദൌത്യം നിര്‍വഹിക്കാം. ശരീരം സ്വയമേവ ഒരു തിയേറ്ററാണ്. ഇലകളുടെ ചലനത്തെ വെറുതെ അനുകരിച്ചുകാണിക്കുകയല്ല, ആ ചലനത്തെ ചലനമായി ആത്മാവില്‍ ഉള്‍ക്കൊള്ളണമെന്ന് ഇസഡോറ ഡങ്കന്‍ എഴുതി വച്ചിരുന്നു. മിക്കവാറും നഗ്നയായിട്ടായിരുന്നു അവരുടെ പ്രകടനങ്ങള്‍. അതിനെ വിമര്‍ശിച്ചവരുണ്ട്, അതിനെ ഉള്‍ക്കൊണ്ടവരുമുണ്ട്. കാബറെ എന്ന കലാരൂപത്തെ ഇക്കിളിയായി കൈക്കൊണ്ട് നിരോധിപ്പിച്ചവരാണ് നമ്മള്‍. അപ്പോള്‍ അതായിരിക്കണം ‘ഫിസിക്കല്‍ തിയേറ്റര്‍’ ഉള്ളിലേയ്ക്കെടുക്കാന്‍ നാം പെടുന്ന പാട്. . അതും അതുപോലെയുള്ള പുത്തന്‍ സങ്കല്പങ്ങളും ഏതു വിധത്തിലാണ് കലാലോകത്തെ നവീകരിക്കുന്നതെന്ന് ആലോചിച്ചു നോക്കാനെങ്കിലും പ്രേരിപ്പിക്കുമെങ്കില്‍ മസാലക്കൂട്ടുകള്‍ കൊണ്ട് രസമുകുളങ്ങള്‍ വെന്തുപോയ പഴഞ്ചന്‍ ഭാവുകത്വത്തെ ശാസിച്ചൊതുക്കിക്കൊണ്ടാണെങ്കില്‍ പോലും പരീക്ഷണങ്ങള്‍ക്കായി കുറച്ചുനേരം അടങ്ങിയിരിക്കാം എന്നു ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതാണ് നാടകോത്സവം തന്ന ക്ലാസ്!

16 comments:

Anonymous said...

മുന്‍പ് ഏതോ ഒരു വിദേശചാനലില്‍ സ്ഥിരമായി നാടകം വന്നിരുന്നതോര്‍ക്കുന്നു. ഭാഷപോലും പിടിയില്ല എന്നാലും അര്‍ദ്ധരാത്രിയ്ക്കൊക്കെ കണ്ടിരിക്കാന്‍ സുഖമായിരുന്നു.

ഏതാ ചാനല്‍ , എന്ത് നാടകം ? എ സി വിയില്‍ കിട്ടുമോ വെള്ളെഴുത്തേ ?

Anonymous said...

വെള്ളെഴുത്തേ അക്ഷരപിശാച് . ഡങ്കനല്ല ഡിങ്കന്‍, ഡിങ്കന്‍. ഇനി ഞാന്‍ പറയുല്ല. ഡിങ്കന്‍ തെറി പറയുമ്പോ കേട്ടോ !

പാവപ്പെട്ടവൻ said...

കലയ്ക്ക് അതിന്റെ വിമോചനദൌത്യം നിര്‍വഹിക്കാം
ശക്തമായ ഭാഷ കാലോചിതമായ ചിന്തകള്‍
മനോഹരമായിരിക്കുന്നു

ആശംസകള്‍

Anonymous said...
This comment has been removed by the author.
Anonymous said...

nice post.........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ നാടകപോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഷേക്സ്പിയര്‍ നാടകങ്ങളെ അടുത്തറിയുകയായിരുന്നു ഇവടെ ആദ്യമെത്തിയപ്പോള്‍ ചെയ്തത്. മനുഷ്യനെ സ്വാദീനിക്കാനുള്ള കഴിവുണ്ടതിന്

ushakumari said...

ശരീരം ഏറ്റവും തീവ്രമായ ആവിഷ്കാരവും കലാപരീക്ഷണവും ആയി കാണുന്ന ഒരിടമാണ്, ഫെമിനിസ്റ്റ് തീയറ്റര്‍. ശരീരം അധികാരത്തെ മനസ്സിലാക്കനും വിശദീകരിക്കാനും പൊളിച്ചെഴുതാനുമുള്ള മാധ്യമമായി അവര്‍ വികസിപ്പിക്കുന്നു.നിരവധി മുലകളുമായി ഒരു ഹോട്ടല്‍ പരിചാരകയെ അവതരിപ്പിക്കുന്ന ‘ദ വെയ്റ്റെസ്സെസ്’ മുതലായ നാടകങ്ങള്‍...പുരുഷ കേന്ദ്രീകൃത ദൃഷ്ടിയെ തകര്‍ക്കുക എന്നതിനേക്കാള്‍ ശരീരത്തിന്റെ ബഹ്വര്‍ഥകതയിലാണ്, ബഹുദിശാത്മകമായ വിനിമയത്തിലാണ് അവരുടെ ഊന്നല്‍.സ്ത്രീശരീരത്തെ സംബന്ധിച്ച പ്രതിനിധാനത്തിന്റെ ഭിന്ന സാധ്യതകളിലൂടെ അവര്‍ക്കു പുരുഷലൈംഗികതയെ അടിസ്ഥാനമാക്കിയ വ്യവഹാരങ്ങളെ പുന:ക്രമീകരിക്കാന്‍ കഴിയുമെന്നാണ് അന്നാഡീവര്‍സ്മിത്തും കാരെന്‍ ഫിന്‍ലിയും പോലെയുള്ള നാടകക്കാരികള്‍ പറ്യുന്നത്..

Anonymous said...

ശരീരത്തിന്റെ ബഹ്വര്‍ഥകതയിലാണ്, ബഹുദിശാത്മകമായ വിനിമയത്തിലാണ്...

(ഉഷാകുമാരി)

...ഉള്ളിലുള്ള ധാരണയുടെ സ്കെയിലുകള്‍ വികസിച്ചില്ലെങ്കില്‍ മനസ്സിലാവല്‍ ഉണ്ടാവില്ലെന്നുറപ്പായവരും പറയും, മനസ്സിലായില്ലെന്ന്

(വെള്ളെഴുത്ത്)

‘നീ എഴുതുന്നതും അവതരിപ്പിക്കുന്നതും എനിക്കു മനസ്സിലാവാനുള്ളതാണ്’ (വെള്ളെഴുത്ത്)

അതേ വെള്ളെഴുത്തേ... നിങ്ങള്‍ എഴുതുന്നതും അവതരിപ്പിക്കുന്നതും ഞങ്ങള്‍ക്ക് മനസിലാവാനുള്ളതാണ്. മറ്റേതിനെ ഞങ്ങള്‍ ജാഡ, ആത്മരതി എന്നൊക്കെ വിളിച്ചുപോകും.

നാടകക്കാരന്‍ said...

വളരെ നന്നായിരിക്കുന്നു നാടകക്കാരന്റെ എല്ലാവിധ ആശംസകളും . നാടകക്കാരന്റെ ആയുസ്സിന്റെ പുസ്തകത്തെ കുറിച്ചുള്ള പോസ്റ്റ് വായിക്കുമല്ലോ
http://nadakakkarante.blogspot.com/2009/01/blog-post_25.html#links
നാടകം പറയുന്നത് ശരീരത്തിലൂടെയാകുമ്പോള്‍ നഗ്നത അനിവാര്യമാകുന്നു അത്തരം സാഹചര്യങ്ങളില്‍ അവ പ്രയോഗിക്കുക തന്നെ വേണം എന്നാല്‍ ശരീരത്തെ തങ്ങളുടെ നാടകവിദ്യാഭ്യാസത്തിന്റെ പ്രദര്‍ശ്ശനമായി ആവിഷ്കര്‍ത്താ‍ക്കള്‍ കാണുമ്പോള്‍ ഇത് അരോചകമാകുന്നു.

SunilKumar Elamkulam Muthukurussi said...

വെള്ളെഴുത്തേ,
നാടകത്തിന്റെതു പോലെ തന്നെ കഥകളിയിലും. ആ സബ്‌ടറ്റിലിന്റെ കാര്യം പറഞ്ഞില്ലേ? കഥകളിയിലും മനോധർമ്മാട്ടങ്ങൾക്ക് ചിലപ്പോൾ റണ്ണിങ്ങ് കമന്ററി (പിന്നിൽ നിന്നും മുദ്രകൾ അറിയുന്ന ഒരാൾ കാണിക്കുന്ന മുദ്രകളുടെ വാക്യാർഥം പറയുക) പതിവുണ്ടായിരുന്നു. ഇപ്പോൾ അത് ഒരു പരിഷ്കാരമല്ലാതായി. കാരണം ആ ടെന്നീസ് കളിയെപറ്റി പറഞ്ഞപോലെ, മുദ്രകാണിക്കുന്ന നടനുപോലും ഒരു സംശയം വരും ഞാൻ കാണിക്കുന്നതുതന്നെയാണോ പറയുന്നത് എന്ന്.അല്ലെങ്കിൽ ഉദ്ദേശിച്ച അർഥമാണോ പറയുന്നത് എന്ന്. പൊതുവെ ഈ ടെന്നീസ് കളി എഫക്റ്റ് കാരണം ഇപ്പോൾ അത് (കമന്ററി പറയൽ) അധികം പതിവില്ല. തുടക്കക്കാർക്ക് അത് വേണം എന്ന് ചിലർ പറയുന്നുണ്ടെങ്കിലും.
പൊതുവേ രംഗകലകൾക്കെല്ലാം ഈ പരിഭാഷയുടെ എളുപ്പം നിലനിൽക്കുന്നു എന്നല്ലേ ഇതിനർഥം? ഇതൊരു ഓ.ടോ ആയോ?
-സു-

വെള്ളെഴുത്ത് said...

ആ ചാനലിന്റെ പേരുതന്നെയാണ് ഞാനും ഓര്‍ത്തുകൊണ്ടിരിക്കുന്നത്. വിദേശത്തൊക്കെ നമ്മുടെ ഡി റ്റി എസ് വരുന്നതിനു മുന്നേ ഡിറ്റി എസ് ഉണ്ട്.. അതില്‍ ഒരേപേരുള്ള 6 വരെ ചാനലുകളില്‍ ഒന്നിലായിരുന്നു സന്ധ്യയ്ക്ക് നാടകണ്‍ഗ്ങള്‍ വന്നുകൊണ്ടിരുന്നത്. ഇല്ലാ. ഇറ്റാലിയന്‍ സംഗതികള്‍ നേരിട്ടു വന്നു തുടങ്ങുമ്പോല്‍ അത് എ സിവിയില്‍ വരുവായിരിക്കും.
സുലേഖാ ചൌധരി, നീലം മാന്‍സിംഗ്, മായാകൃഷ്ണ രാവു...എഴുതിവന്നപ്പോള്‍ ഈ നാടകോത്സവത്തിന്റെ സ്ത്രീ പങ്കാളിത്തത്തെ ഞാന്‍ മറന്നോ? പുരുഷലൈംഗികതെയെ അടിസ്ഥാനമാക്കുന്ന വ്യവഹാരങ്ങളെ പുനക്രമീകരിക്കുന്ന കാര്യം പറയുമ്പോഴാണ് മലയാളത്തില്‍ മുന്‍പൊരു നാടകത്തില്‍ പേനയ്ക്കു പകരം, ലിംഗം പോലൊരു വസ്തു ഉപയോഗിച്ചെഴുതുന്ന ജഡ്ജിനെ കാണിച്ചുകൊണ്ട് ഒരട്ടിമറിശ്രമം നടത്താന്‍ ഫെമിനിസ്റ്റു നാടകവേദി ശ്രമിച്ചതിനെക്കുറിച്ച് ഓര്‍മ്മവന്നത്. പക്ഷേ നമ്മള്‍ അത്ര സാമ്പ്രദായികരായതുകൊണ്ടാണോ എന്നറിയില്ല, ഫലത്തില്‍ അത്തരം പരീക്ഷണങ്ങള്‍ ചിരിയാണ് ഉണ്ടാക്കുക. അതുകൊണ്ട് കാരെന്‍ ഫിന്‍ലെയ്യുടെ പരീക്ഷണങ്ങള്‍ എന്തായാലും സ്ത്രീശരീരത്തിന്റെ അരങ്ങിലെ സുതാര്യമായ വിനിമയങ്ങള്‍, കേരളം പോലൊരു സമൂഹത്തില്‍ ഉണ്ടാക്കാനിടയുള്ള ഇമ്പാക്ട് എന്തെന്നതിനെപ്പറ്റി എനിക്കിപ്പോഴും സംശയങ്ങളുണ്ട്.. നീലം ഇതിനെ മറികടക്കുന്നത് ആണ്‍ ശരീരത്തിന്റെ ലൈംഗികമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണെന്നതാണ് ഇവിടത്തെ അട്ടിമറി. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്..
അനോനീ, ഭാഷയെപ്പറ്റി. അനുഭവങ്ങളെ ആവിഷ്കരിക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സങ്കല്‍പ്പങ്ങള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ ഭാഷയും മാറേണ്ടതാണ്. പക്ഷേ അതുണ്ടാവുന്നില്ല. സെന്‍സിബിലിറ്റി എന്നു പറഞ്ഞാല്‍ മനസ്സിലാവും എന്നാല്‍ സംവേദനക്ഷമത എന്ന വാക്ക് തീരെ ‘കമ്യൂണിക്കേറ്റ്’ ചെയ്യില്ല. ഐഡന്റിറ്റി എന്നു പറഞ്ഞാല്‍ മനസ്സിലാവുന്നത്ര സ്വത്വം എന്നു പറഞ്ഞാല്‍ മന്‍സ്സിലാവില്ല. പക്ഷേ വ്യക്തിത്വം എന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരര്‍ത്ഥം സ്വത്വത്തിനുണ്ടെന്നു മനസ്സിലാക്കുന്ന ഒരാള്‍ക്ക് ആ വാക്ക് അങ്ങനെ പ്രയോഗിക്കയല്ലാതെ നിവൃത്തിയില്ല. ഫലത്തില്‍ നമ്മുടെ ഭാഷ മുടന്തുകയാണ്. അതിനു സമൂഹം മൊത്തതീല്‍ കുറ്റക്കാരാണ്. കാലഹരണപ്പെട്ട വാക്കുകകള്‍ വച്ച് നമുക്ക് പുതിയ ആലോചനകളെ വിശദമാക്കാന്‍ (സൂക്ഷ്മമായി) കഴിയില്ല. ബഹ്വര്‍ത്ഥം, ഏകശിലാത്മകം, വിനിമയം എന്നിങ്ങനെയുള്ള വക്കുകള്‍ പുതിയ ചിന്തകളുമായി ബന്ധപ്പെട്ടതാണ്. അപ്പോ അവതന്നെയല്ലേ പ്രയോഗിക്കേണ്ടത്? പക്ഷേ സമൂഹത്തിന്റെ സെന്‍സിബിലിറ്റി (പ്രത്യേകിച്ചും മലയാളത്തിലുള്ളത്)ആ വാക്കുകള്‍ ചിന്തയുടെ ഭാഗമാക്കി തീര്‍ക്കാത്തതുകൊണ്ട് നമുക്കവ അപരിചതമായി അനുഭവപ്പെടുന്നു. അവയ്ക്കു പിന്നിലെ ആശയലോകത്തെ ഇഴപിരിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. കൂട്ടായി ഒരുപാട് ആലോചിക്കേണ്ട വിഷയമാണിത്.
സുനിലേ ഒന്നും ഓഫല്ല!!
നാടകക്കാരന്‍ പറഞ്ഞത് ഞാന്‍ മറ്റൊരു വിധത്തില്‍ മുകളിലെഴുതി.. ഇനി ‘ആയുസ്സിന്റെ പുസ്തകം ‘ വായിക്കട്ടെ

Anonymous said...

അങ്ങനെയല്ല വെള്ളെഴുത്തേ
എഴുത്തിന്റെ കനം വായനക്കരനു ബോധ്യപ്പെട്ടില്ലെങ്കിലോ എന്ന ഭയം എഴുത്തുകാരനെ/കാരിയെ ഭരിക്കുമ്പോഴാണ് ഇത്തരം ദുര്‍ഘടപ്രയോഗങ്ങളും വാചകങ്ങളുമൊക്കെ എഴുത്തില്‍ സ്ഥാനം പിടിക്കുന്നത്. ഓരോ കാലത്തും അക്കാലത്തിനൊത്ത് ചിന്ത നവീകരിക്കപ്പെട്ടിട്ടുണ്ട്. കസര്‍ത്തുകള്‍ എഴുത്തില്‍ (ഏതെഴുത്തിലും) കൊണ്ടുവന്നവരൊന്നും നിലനിന്നിട്ടില്ല.
സംവേദനക്ഷമത എന്ന പ്രയോഗം മനസ്സിലാവാത്തവന് സെന്‍സിബിലിറ്റി എന്ന പദം മനസ്സിലാകുമെന്ന എഴുത്തുകാരന്റെ ചിന്തയാണ് പ്രശ്നമെന്നു തോന്നുന്നു.

Anonymous said...

its DTH

simy nazareth said...

എനിക്കും കാണണം.

വെള്ളെഴുത്ത് said...

ആ.. :) ഡി റ്റി എച്ച്..

Jayesh/ജയേഷ് said...

എഴുത്ത് മനസ്സിനെ ഒന്നുണര്‍ ത്തി...നന്ദി