November 26, 2008
പെണ്‍ഭയങ്ങളുടെ പൊന്നമ്പലമേട്
മലയാളിയുടെ സാഹിത്യാസ്വാദനശേഷിയെ ഉയര്‍ത്തുകയോ വിപുലപ്പെടുത്തുകയോ ഒക്കെ ചെയ്ത കൃതികളെ ഇടയ്ക്കൊക്കെ ഒന്നു പൊടിതട്ടിയെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ സാംസ്കാരിക മൂലധനത്തിന്റെ മഹത്തായ ഈടുവയ്പ്പുകളായി മച്ചകത്തിനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളവയെ, ചിലതിനെയെങ്കിലും. മാറിയ കാലത്തില്‍ അവയ്ക്ക് നമ്മോട് പറയാനുള്ളത് എന്തായിരിക്കും? മറ്റൊരാവശ്യത്തിനായി ‘രമണനെ’ എടുത്ത് മറിച്ചുനോക്കിയപ്പോഴാണ്, മലയാളി ഇപ്പോഴും ആ കൃതിയില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ് എന്നൊരു ചിന്തയുണ്ടായത്. കഥയും ആഖ്യാനവും ഘടനയും എല്ലാം പുരുഷകേന്ദ്രിതമാണതില്‍. 1945-ല്‍ തന്നെ രമണന് ഒരു പെണ്‍ വായനയുണ്ടായിട്ടുണ്ട്. ബി സരസ്വതിയമ്മ എഴുതിയ ‘രമണി’ എന്ന കഥയുടെ രൂപത്തില്‍. (ഗീത ഈ കഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്, ‘പെണ്‍ വായന എഴുത്തായപ്പോള്‍’) ‘നേരിടാനൊരു തുച്ഛമാകും/ നേരമ്പോക്കാണോ വിവാഹകാര്യം?’ എന്നും ‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ/ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?’എന്നും ചന്ദ്രികയോടു ചോദിക്കുന്ന ആളാണ് രമണന്‍. ‘നമ്മള്‍ കാണുന്ന സങ്കല്പലോകമല്ലീയുലകം’ എന്നയാള്‍ തന്റെടുത്ത് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന പെണ്ണിനെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷേ ചന്ദ്രികയുടെ വിവാഹത്തിന്റന്ന് - അന്നു തന്നെ- തന്റെ ഉപദേശങ്ങളെ സൌകര്യപൂര്‍വം വിഴുങ്ങിക്കൊണ്ട് കെട്ടി തൂങ്ങി ചത്തു. വിവാഹം നേരമ്പോക്കല്ലെന്നും, സങ്കല്‍പ്പമല്ല ഈ ഉലകമെന്നും അപ്പോള്‍ അയാള്‍ക്ക് അറിയില്ലായിരുന്നോ? ഇതു മാത്രമല്ല. അവരുടെ സമാഗമങ്ങള്‍ മുഴുവന്‍ ചന്ദ്രികയുടെ സ്വച്ഛന്ദമായ വികാരപ്രവാഹത്താലും രമണന്റെ സൌജന്യ ഉപദേശങ്ങളാലും സമുദായ ഭയത്താലും വാചാലമാണ്. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ മലര്‍ത്തോപ്പില്‍ തനിച്ചിരുന്നിട്ടും രമണന്‍ ചന്ദ്രികയെ തൊട്ട് ‘അശുദ്ധ’മാക്കിയില്ല. ഈ മാന്യതയാണ് മൂല്യവാദികളെക്കൊണ്ട് ചന്ദ്രികയെ ചീത്ത വിളിപ്പിക്കുന്നത്. രമണന്‍ ഒരിക്കലും വര്‍ത്തമാന(കാല)ത്തില്‍ ജീവിച്ചതേയില്ല. ചന്ദ്രിക അത് വ്യക്തമാക്കുന്നുണ്ട്. ‘ദൂരത്തില്‍ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുന്ന ഭാവിയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്ത് ഓരോ നവം നവമായ വിഷാദത്തിന് എന്തിനാണ് മനസ്സിനെ വിധേയമാക്കുന്ന’തെന്ന് ചോദിച്ച്. ‘നവം നവം’ എന്ന പ്രയോഗത്തിന് പ്രത്യേക ചാരുതയുണ്ട്. ഓരോ കാര്യം പറഞ്ഞ് ചിണുങ്ങിക്കൊണ്ടേയിരിക്കുക. അതാണ് രമണന്‍ ചെയ്യുന്നതെന്ന്. രമണന്‍ എന്ന പിന്‍വാങ്ങല്‍ വിദഗ്ധന് അത് മനസ്സിലാവുമോ?
രമണന്‍ ഓടി ഒളിക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന്, രതിയില്‍ നിന്ന്, ദാമ്പത്യത്തില്‍ നിന്ന്, തന്നില്‍ തന്നെ നിന്ന്. ‘കാനനഛായയില്‍ ആടുമേയ്ക്കാന്‍ തന്നെയും കൊണ്ടു പോണ’മെന്ന പ്രണയിനിയുടെ അര്‍ത്ഥനയ്ക്ക് ഒരു ജീവിതത്തോളം നീളമുണ്ടെന്ന് കാല്‍പ്പനികനായ അയാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതെന്ത്? കാട്ടിലേയ്ക്കു കൊണ്ടു പോകാനായിരുന്നോ ജീവിതത്തിലേയ്ക്ക് കൂട്ടാനോ അവള്‍ ആവശ്യപ്പെട്ടത്? അയാള്‍ക്ക് ജന്മം നല്‍കിയ കവി, പെണ്‍ചതി, ചാപല്യം എന്നൊക്കെയാവര്‍ത്തിക്കുകയും എല്ലാ കൈനാട്ടികളും ചന്ദ്രികയ്ക്കു നേരെ തിരിച്ചു വയ്ക്കുകയും ചെയ്തിട്ടും ചന്ദ്രികയെപ്പറ്റി എതിര്‍പ്പിന്റെ ഒരക്ഷരം പോലും അയാളില്‍ നിന്നുയരുന്നില്ല. അയാളുടെ നിലയ്ക്ക് അയാള്‍ കുറ്റപ്പെടുത്തേണ്ടത് ചന്ദ്രികയെയാണ്. പക്ഷേ ചീത്ത വിളിക്കുന്നതു മുഴുവന്‍ ലോകത്തെയും സമൂഹത്തെയും പ്രപഞ്ചത്തെയുമൊക്കെയാണ്. ( "ഘോരമേ, കുടില സര്‍പ്പമേ, കുടലുമാലയണിഞ്ഞ കങ്കാളമേ"....... ചന്ദ്രികയല്ല. ഹൃദയശൂന്യപ്രപഞ്ചത്തിനാണ് തെറി വിളി മുഴുവന്‍ !) വികാരത്തോടു പോലും സത്യസന്ധനാവാതെ തന്നില്‍ നിന്നും പിന്‍വാങ്ങിക്കളിച്ചു, അയാള്‍. പ്രണയിനി വിവാഹിതയാവുന്ന ദിവസം തന്നെ ആത്മഹത്യ ചെയ്തതില്‍ അവളുടെ ശരീരത്തെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാനാകായ്കയുമുണ്ട്. രമണന്‍ കാട്ടിക്കൂട്ടിയതുപോലെ അത്ര പാവനവും പരിശുദ്ധവുമായിരുന്നു അയാളുടെ പ്രേമമെങ്കില്‍ അയാള്‍ ഉപദേശിച്ചതുമാത്രമേ ചന്ദ്രിക ചെയ്തിട്ടുള്ളൂ. അവള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുന്നതില്‍ സന്തോഷിക്കേണ്ട, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ ഉടമ, പിന്നെന്തിനാണ് കയറെടുത്ത്, കിലുകിലാ വിറച്ചുകൊണ്ട് വൃക്ഷശാഖയില്‍ ദൃഢമായി ബന്ധിച്ചത്? പി ബാലചന്ദ്രന്റെ ഒരു നാടകത്തില്‍ -മദ്ധ്യവേനല്‍ പ്രണയക്കിനാവ്- രമണന്‍ എന്ന കഥാപാത്രം പറയുന്നതുപോലെ ‘ഞാന്‍ പ്രേമിച്ചത് ചന്ദ്രികയെയല്ല, ആത്മഹത്യയെയാണ്. എന്തു വന്നാലും എനിക്കു മരിക്കണം.’
രമണനില്‍ ഒരു പാട് കുഴമാന്തങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നുണ്ട്. ലോകാപവാദത്തെ പേടിക്കാത്ത ചന്ദ്രിക അച്ഛനമ്മമാരെ അനുസരിച്ച് വിവാഹിതയായി. നാഴികയ്ക്കു നാല്‍പ്പതു വട്ടം ലോകം, സമുദായം, സമൂഹം എന്നൊക്കെ പേടിച്ചു മാന്യനാവാന്‍ നോക്കിയ രമണന്‍ പ്രാണവിലംഘിയായ തീരുമാനമെടുത്ത് മൊത്തം കാര്യങ്ങളെ സമൂഹത്തിന് അലക്കാനിട്ടുകൊടുത്തു. ചന്ദ്രികയുടെ ബാക്കി ജീവിതമോ, അതയാള്‍ക്ക് അപ്പോള്‍ പ്രശ്നമല്ലേ? അതായിരുന്നില്ലല്ലോ അയാളുടെ നാട്യം, ജീവിച്ചിരുന്നപ്പോള്‍! അതിനേക്കാള്‍ പ്രധാനമായി തോന്നുന്നത് പെണ്‍ശരീരത്തെ ഭയക്കുന്ന ഒരാണ്‍ മനസ്സിന് ആദര്‍ശാത്മകതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന പ്രാധാന്യമാണ്. രമണന്‍ രണ്ടാം ഭാഗത്തിലെ മൂന്നാം രംഗത്തില്‍ കഠാരയും പിടിച്ച് ധര്‍മ്മസങ്കടത്തില്‍ ഉഴലുന്ന ചന്ദ്രികയുടെ ചിത്രമുണ്ട്. to be or not to be? അതോ ഇതോ? എന്നിട്ട് കുഠാരം താഴെ എറിഞ്ഞിട്ടാണ്, ‘എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലെയുള്ളൊരീ ജീവിതം’ എന്നവള്‍ തീരുമാനത്തിലെത്തുന്നത്. ഇതും അവസാനരംഗത്തിലെ മദനന്റെ ദീര്‍ഘദീര്‍ഘമായ പ്രലാപവും കുത്തുവാക്കുകളും ചേര്‍ന്നാണ് ചന്ദ്രികയെ ആണ്‍രക്തം കുടിക്കുന്ന യക്ഷിയുടെ വിദൂരചാര്‍ച്ചകാരിയാക്കി രമണവായനക്കാരുടെ ഹൃദയത്തില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചത്. രമണന്‍ ഒരു യക്ഷിക്കഥയാണ്. ലൈംഗികോദയഘട്ടത്തിലെ ഒരു കൌമാരഭയത്തെ, താരുണ്യത്തിലേയ്ക്ക് നീട്ടിയെടുത്ത് സാമാന്യബോധത്തിനു സമ്മതമായ ഒരു കാഴ്ചപ്പാടാക്കി, ഭദ്രമായി അവതരിപ്പിച്ചു. അതാണ് രമണന്റെ വിജയം. പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന ധാരണയില്‍ ഗൃഹാതുരത്വത്തോടെ ചെന്നു തൊടാന്‍ കാലാകാലം അതു അവസരമൊരുക്കിക്കൊണ്ടിരിക്കുന്നു.
വെറുതേ ഇറങ്ങിയൊന്ന് നടന്നു നോക്കുക, കുറച്ച് പഴക്കമുള്ള നമ്മുടെ സാംസ്കാരികമായ ഊടുവഴികളിലൂടെ.
കുമാരനാശാന്റെ നായകന്മാരെല്ലാം സ്ത്രീയില്‍ നിന്ന് പലതരത്തില്‍ ഒളിച്ചോടുന്നവരാണല്ലോ. ആകെ ഒന്നിച്ചുച്ചേരാന്‍ തീരുമാനമെടുക്കുന്ന ഒരേയൊരു കൃതി ‘ദുരവസ്ഥയി’ല്‍ സാവിത്രി- ചാത്തന്മാരുടെ സംഗമനിമിഷത്തിലെ ഒരു സ്വഭാവോക്തിവര്‍ണ്ണന (‘ഊതി കുളിര്‍കാറ്റു, മങ്ങിക്കനല്‍ മിന്നും/ ‘ജാതവേദസ്സു’ മിഴിയടച്ചു’) അത്ര നിരുപദ്രവകരമല്ലെന്ന് വി ടി ഗോപാലകൃഷ്ണന്‍ പണ്ടേ പരാതി പറഞ്ഞിരുന്നു. (‘മാംസനിബദ്ധമല്ല രാഗം’ എന്ന പുസ്തകം) കാത്തുകാത്തിരുന്ന് ഒടുവില്‍ ആണും-പെണ്ണും ഒന്നിക്കുന്ന രാത്രിയില്‍ തീ ‘മിഴിയട’യ്ക്കുകയാണോ ആളിക്കത്തുകയാണോ ചെയ്യേണ്ടത്? മൊത്തത്തില്‍ ഒരു ശൈത്യം സംശയകരമായ രീതിയില്‍ പടര്‍ന്നുകിടക്കുകയാണെന്ന് അര്‍ത്ഥം. വെളിച്ചം, കുമാരനാശാന് ഒഴിയാബാധയായ ഭാവചിഹ്നമായിരുന്നു. എന്നിട്ടും യുഗസംക്രമത്തിന്റെ ഗരിമയുള്ള ഒരു സമാഗമത്തിന് പശ്ചാത്തലം ആകെയുള്ള തീയും കെട്ട ഇരുട്ട്! ആശാന്റെ സ്വാതന്ത്ര്യഗാഥകള്‍ക്ക് അത്ര ഗോചരമല്ലാത്ത അതിരുകള്‍ ഉണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്. ആന്തരികമായി അതു ചില അതിരുകളില്‍ ചെന്നു നിന്നു കിതയ്ക്കുന്നുണ്ട്! അത്രയും തിരിച്ചറിയാന്‍ കഴിയാതിരുന്നത് ശരീരങ്ങളെ (അവനവന്റെയും പെണ്ണിന്റെയും) മലയാളി വല്ലാതെ ഭയന്നതുകൊണ്ടാണ്. ജീവിതകാലം മുഴുവന്‍ ഭഗ്നപ്രണയത്തില്‍ മനസ്സു വെന്തു പാട്ടു പാടി നടന്ന ചെമ്മീനിലെ പരീക്കുട്ടി, കറുത്തമ്മയുമായി ശാരീരികമായി ഒന്നിച്ചുച്ചേരാന്‍ സ്വന്തം ജീവനാണ് വിലകൊടുത്തത്. അതിനു മുന്‍പു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, കണ്ണീരിനു സ്വല്പം ഉപ്പുകൂടിയിരുന്നതല്ലാതെ. ദുരൂഹമായ പ്രപഞ്ചനീതി (ഘോരസമുദായമൊന്നുമല്ല) പാപത്തിനെതിരെ മരണത്തെ ഇറക്കിക്കളിച്ചു, രണ്ടു ജീവിതമാണ് ഒപ്പം പൊലിഞ്ഞത്. പളനിയുടെയും കറുത്തമ്മയുടെയും. പാപത്തിന് ‘ഭയങ്കരമായ’വില തന്നെ! അപ്പോള്‍ ലൈംഗികത പാടില്ല. ഈ പരിസരത്തില്‍ നിന്നൊക്കെ എടുത്തണിഞ്ഞതാണ് നമ്മുടെ ആണ്‍സ്വത്വങ്ങളുടെ കിന്നരികള്‍. ആവിഷ്കാരം മുരടിച്ച രതിചോദനകളും കുറ്റബോധവും മരണാഭിമുഖ്യവും ചേര്‍ന്നു ചുരമാന്തുന്ന മനസ്സിന്റെ ഇരുട്ടുമൂലകള്‍ വെളിപ്പെട്ടു കിട്ടാന്‍ ചിലപ്പോള്‍ സമൂഹം നെഞ്ചേറ്റി ലാളിക്കുന്ന കൃതികളിലേയ്ക്ക് നോക്കിയാല്‍ മതി.
രമണനു വയസ്സ് എഴുപതു കഴിഞ്ഞു. (1936-ലാണ് രമണന്റെ ആദ്യപതിപ്പിറങ്ങിയത്) ആണെഴുതുന്ന വാക്യങ്ങളില്‍ പെണ്‍ ചാപല്യങ്ങള്‍ക്ക് ഇപ്പോഴും അങ്കുശമില്ല. തരം താഴ്ത്തപ്പെട്ട എതിര്‍ലിംഗത്തില്‍ നിന്നും പ്രണയം എന്താണെന്ന് മലയാളി പുരുഷന്‍ അറിയാന്‍ പോകുന്നില്ല. കിട്ടാത്തത് കൊടുക്കാന്‍ കഴിയുമോ? ‘മാംസനിബദ്ധമല്ലാത്ത രാഗ’ത്തിന്റെ രാജപാതകള്‍ ജീവശാസ്ത്രപരമോ വൈകാരികമോ മാനസികമോ ആയ കാരണങ്ങളാല്‍ അവലംബിക്കാന്‍ അവനു സാദ്ധ്യവുമല്ല. അപ്പോള്‍ ഊടുവഴികളേ ശരണമ്പൊന്നയ്യപ്പാ !
ചിത്രം : എന്‍ ബി എസ് രമണന്‍ പതിപ്പിന്റെ മുഖചിത്രം. സി എന്‍ കരുണാകരന്റെ പെയിന്റിംഗ്.
Subscribe to:
Post Comments (Atom)
19 comments:
ഒരു തരത്തില്‍ നോക്കിയാല്‍ മറ്റൊരു ടയ്പ്പ് ചിന്താവിഷ്ടനായ ശ്യാമളന്മാര്‍!
:-)
അയ്യപ്പനും രമണനും!!! മുന്‍പാരും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങിനെ...
ഓടോ:
അയ്യപ്പനെയാണോ, ഇഞ്ചി ചിന്താവിഷ്ടനായ ശ്യാമളന്‍ എന്നു വിളിച്ചത്? അതും ഈ മണ്ഡലക്കാലത്ത്? ഒരു സമുദായ ലഹളയ്ക്കുള്ള സകലവകുപ്പും ഞാന്‍ കാണുന്നുണ്ട് ;-)
ശരിയാ,ഒരുപാട് കൊയമാന്തങ്ങളാണ്,പഴയതൊക്കെ ഇന്നെടുത്തുവായിക്കുമ്പോൾ.
ആണിന്റെ സന്ദിഗ്ധതയും അതിരുകടന്ന ആശയവാദവുമാണ് പലപ്പോഴും സ്തീപുരുഷബന്ധങ്ങളെയും കുടുംബംഗളെയും കെണിയില്‍ പെടുത്തുന്നത്. സാഹിത്യത്തില്‍ മാത്രമല്ല ജീവിതത്തിലും. ആദ്യത്തേതിനെ കരുതല്‍ എന്നും രണ്ടാമത്തേതിനെ വാശി/വിശ്വാസ്യത എന്നും വേഷം കെട്ടിച്ചിട്ടുണ്ട് മലയാള കാല്പനികത. പൊയ്മുഖങ്ങളെന്നേയുള്ളൂ.
നല്ല കുറിപ്പ് മാഷേ :)
ഓഫ് : ന്നാലും ഇഞ്ചീ അയ്യപ്പനെ ശ്യാമളന്‍ എന്ന് വിളിക്കണ്ടാരുന്നു ഹിഹിഹി
കുഠാരം എന്നു തന്നെയോ മാഷെ..ഏതായാലും മാഷിന്റെ പോസ്റ്റിൽ നിന്ന് കുറെ പുതിയ വാക്ക് കിട്ടും.
(ആദ്യത്തെ കമന്റ് ഇതു പോലൊരു പോസ്റ്റിനു നാണക്കേട് ഉണ്ടാക്കുന്നതായി.)
വെള്ളെഴുത്തേ,
പൊന്നമ്പലമേട് പെൺഭയങ്ങളുടേതോ അതോ ആൺഭയങ്ങളുടേതോ?
(വെള്ളെഴുത്തിന്റെ പോസ്റ്റിൽ ഓഫടിച്ചില്ലെങ്കിൽ പിന്നെന്ത്..)
സ്ത്രീകളോടുള്ള ഭയത്തെ മാന്യതയുടെ മേൽമൂടിയിട്ടു പ്രദർശനത്തിനു വെക്കുന്നവർക്ക് വല്ലാത്തൊരു സ്വീകാര്യതയുണ്ട് നമ്മുടെ സമൂഹത്തിൽ. മുഖ്യധാരാസിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെ വലിയ ഉദാഹരണം.
സ്ത്രീശരീരത്തോടും ലൈംഗികതയോടുമുള്ള മലയാളി പുരുഷന്റെ ഭയം അടൂർ വ്യക്തമായും കാണിക്കുന്നുണ്ട് എലിപ്പത്തായത്തിൽ.
‘നരൻ’ പോലെയുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷകപ്രീതി ലഭിക്കുന്നതിനെപറ്റി പറഞ്ഞതും വെള്ളെഴുത്തല്ലായിരുന്നോ?
(രമണനും കുമാരനാശാനെയും വായിച്ചിട്ടില്ലാത്തവർക്കും എന്തെങ്കിലും പറയണ്ടേ..:))
അങ്ങിനെയങ്ങ് ആണുങ്ങളെ കുറ്റം പറയാതെ... പെണ്ണുങ്ങളിലുമുണ്ടാവും ഇങ്ങിനെ. അത് കഥയോ, കവിതയോ ആയിട്ടില്ലായിരിക്കാം... അത്ര തന്നെ.
--
രമണൻ, ചന്ദ്രികയെ സ്നേഹിച്ചിരുന്നില്ല. ഉണ്ടെങ്കിൽ ആത്മഹത്യം ചെയ്യുമായിരുന്നില്ല. പേടിത്തൊണ്ടൻ! എന്നിട്ട് ആൾക്കാരു പറയും, ചന്ദ്രിക, ഭയങ്കരിയെന്ന്. കൂടെ മരിച്ചില്ലെന്ന്.
കവിയുടെ കാഴ്ചപ്പാടിലെ കഥകളല്ലേ ഇതൊക്കെ. രമണൻ എന്തു വിചാരിച്ച് ആത്മഹത്യ ചെയ്തു? ചന്ദ്രിക എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല? ഇതൊക്കെ ആർക്കറിയാം!
എന്തായാലും ഇതൊക്കെ ആലോചിക്കാൻ വീണ്ടും തോന്നിയത് നന്നായി.
ഓ.ടോ. :- ഇന്നലത്തെ ഹിന്ദുവിൽ, മന്ത്രി എം. എ. ബേബി എഴുതിയ ലേഖനമുണ്ട്. മലയാളത്തിന് ക്ലാസിക്കൽ പദവി കിട്ടാത്തതിനെക്കുറിച്ചും, കിട്ടേണ്ടുന്നതിനെക്കുറിച്ചും. വായിച്ചിരുന്നോ?
യതിമര്യാദയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍
സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ.
അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ..
-വെറും കാമം മാത്രം നല്‍കി മടങ്ങിപ്പോയ നിരവധി പുംകേസരികളുടെ
കനകാഭിഷേകത്തെ തൃണവത്‌ഗണിക്കാനാകും വിധം തന്റെ ശരീരം ഒരു പുരുഷശരീരത്തെ മുട്ടിവിളിക്കുന്നതുകൊണ്ടു പരവശയായയിപ്പോയ ഒരു പെണ്ണിന്റെ ഉള്ളറിയാതെപോയ ഉപഗുപ്തനെക്കൂടി ഒന്നു പറയാമായിരുന്നു മാഷേ........
കമന്റെ അറിയാതെ എഴുതിപ്പോയതാണു..ഒരാവര്‍ത്തികൂടി വായിച്ചോട്ടെ..
പ്രീഡിഗ്രിക്ക് കരുണ പാഠപുസ്തകമായിയി പഠിച്ചപ്പോള്‍ തന്നെ മനസ്സില്‍ ഉദിച്ച ഒരു സംശയമുണ്ട്, വാസവദത്തയെ ഉപഗുപ്തന്‍ ആദ്യം തന്നെ സ്വീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു അന്ത്യം അവള്‍ക്കുണ്ടാകുമായിരുന്നോ എന്ന്.
എന്തായാലും ഇന്നത്തെ തലമുറ വായിച്ചതും സിനിമയില്‍ കണ്ടതും അപ്പാടെ ജീവിതത്തില്‍ പകര്‍ത്തുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുണ്ടെന്നത് സമാധാനം
പുരുഷൻ-പ്രക്രിതി എന്ന വേദകാലസങ്കൽപ്പമുണ്ട്, സ്ത്രീ വൈകാരികതയുടെ നിത്യവും സ്തിരവുമായ വിളഭൂമിയെന്നും പുരുഷൻ വിതയ്ക്കുന്നവന്റെ വിജയത്തിനും ദുരന്തത്തിനുമിടയ്ക്ക് നിൽക്കുന്ന വേരിയബിളെന്നും. ഈ സങ്കൽപ്പത്തിന്റെ പ്രഭാവം ധാരാളമായിക്കാണാം പ്രത്യേകിച്ച് ആധുനികതയ്ക്ക് മുമ്പുള്ള ഇന്ത്യൻ കലയിലും സാഹിത്യത്തിലും. രമണൻ-ചന്ദ്രികയും ഉപഗുപ്തൻ വാസവദത്തയും മാത്രമല്ല, രാമൻ-സീത, ശകുന്തള – ദുഷ്യന്തൻ, ദേവദാസ് – പാറോ തുടങ്ങി മിക്കവാറും ക്ലാസ്സിക് നായികാനായകന്മാരുടെ കെമിസ്റ്റ്രിയിലുമുണ്ട് ഇങനെയൊരു പ്രൊപൊസിഷൻ.
സൂക്ഷ്മനിരീക്ഷണത്തിൽ സ്ത്രീ പ്രക്രിതി എന്ന വാക്കു സൂചിപ്പിക്കുന്നപോലെ സ്വാഭാവിക വൈകാരികതയും പ്രലോഭനവുമാൺ ഇത്തരം അവതരണത്തിൽ, പുരുഷൻ യുക്തിക്കും വികാരത്തിനുമിടയിൽ തീരുമാനമെടുത്ത് ജയിക്കുകയോ നശിക്കുകയോ ചെയ്യേണ്ടവനും. ശകുന്തളയെ പ്രാപിക്കാൻ ദുഷ്യന്തൻ തീരുമാനിക്കുന്നു, പ്രലോഭിപ്പിക്കുകയും പിന്നെ വഴങ്ങുകയും പിന്നെ പ്രണയം വിളിക്കുമ്പോൾ തിരഞ്ഞുപോകുകയുമൊക്കെ ചെയ്യുന്ന ശകുന്തളയ്ക്ക് സ്വാഭാവിക വാസനകൾ മാത്രമാൺ പ്രചോദനം, തീരുമാനങ്ങളല്ല. തീരുമാനങ്ങൾ എന്ന ഉത്തരവാദിത്വം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുഷ്യന്തനിലേയ്ക്ക് തിരിച്ചു വരുന്നു.
രമണന്റെയും ഉപഗുപ്തന്റെയും താരതമ്യത്തിൽ, നിരാസം ഉപഗുപ്തന്റെ വിജയമായിട്ടാൺ കരുണ അവതരിപ്പിക്കുന്നത്. വാസവദത്തയുടെ കാമവും, ചേഷ്ടയും ഒടുവിൽ ദുരന്തവും കൊടുങ്കാറ്റ് പോലെ പേമാരി പോലെ അനിയന്ത്രിതമായ എന്നാൽ തീറ്ത്തും സ്വാഭാവികമായ ഒരു കോണ്ടെക്സ്റ്റ് മാത്രമാൺ, ഉപഗുപതൻ അതിനെതിരെ എന്തു ചെയ്തു എന്നതാൺ കവിതയുടെ അന്വേഷണം.
താങ്കൾക്ക് സൂചിപ്പിക്കുന്നതുപോലെ ചന്ദ്രികയെ നിരസിച്ചതല്ല, മറിച്ച് ചന്ദ്രിക എന്ന പ്രലോഭനത്തിൻ വശംവദനായതാൺ രമണന്റെ ദുരന്തകാരണം എന്ന രീതിയിലാൺ, ഞാൻ മനസ്സിലാക്കിയിടത്തോളം രമണന്റെ കണ്വെൻഷണൽ റീഡിങ്. ചന്ദ്രികയെ സ്വീകരിക്കുക എന്ന സാധ്യത ഇല്ലാത്തവനായാൺ രമണനിൽ രമണൻ അവതരിപ്പിക്കപ്പെടുന്നത് എന്നതാൺ വളരെക്കാലം മുമ്പ് വായിച്ച ഓറ്മ്മവെച്ച് ഞാൻ വിശ്വസിക്കുന്നത്. അയാളുടെ നിരാസത്തിന്റെയും പ്രത്യേകിച്ച് വിഷാദത്തിന്റെയും അടിസ്താനമായി കാണപ്പെടുന്നത് ഈ അ-സാധ്യതയാൺ എന്നാവില്ലേ ഏറ്റവും സൌകര്യപൂറ്വ്വമായ വ്യാഖ്യാനം? അല്ലാതെ രമണൻ തീരുമാനമെടുക്കാൻ വൈകുകയാൽ ചന്ദ്രികയ്ക്ക് വേറെ വിവാഹം കഴിക്കേണ്ടി വന്നു എന്ന മട്ടിലാണോ രമണന്റെ ആശയം? ഉറപ്പില്ല, താങ്കളുടെ വേറിട്ടതായ കാഴ്ചപ്പാടിന്റെ അടിസ്താനത്തിൽ വീണ്ടും രമണൻ വായ്ക്കേണതുണ്ട്.
എന്തുവന്നാലും ജീവിതം എനിക്ക് ആസ്വദിക്കണം എന്ന ചന്ദ്രികയുടെ പ്രസിദ്ധമായ മോണൊലോഗിലെ എന്തുവന്നാലും രമണന്റെ ദുരന്തത്തെയാൺ, അവന്റെ ഇന് ഡിസിസീവ്നെസ്സിനെക്കാൾ സൂചിപ്പിക്കുന്നത് എന്നാൺ സങ്കൽപ്പിയ്ക്കാൻ എളുപ്പമെന്നു തോന്നുന്നു., അല്ലെങ്കിൽ എന്തുവന്നാലും എന്നതിനു പകരം അങനെയാണെങ്കിൽപ്പിന്നെ എന്നോ മറ്റോ ആയിരുന്നു ചന്ദ്രികയുടേതായി ഭാഷാപരമായി ക്രിത്യം.
രമണൻ എന്ന ക്രിതി ചന്ദ്രികയെ കുറ്റപ്പെടുത്തുന്നതിനുപകരം മേൽപ്പറഞ്ഞപോലെ അവളെ വൈകാരികതയുടെ പ്രക്രിത്യാലുള്ള ഭാവമായിത്തന്നെയാൺ, വീണ്ടും, അവതരിപ്പിക്കുന്നത് എന്ന മട്ടിലാൺ ഞാനിത്രനാളും മനസ്സിലാക്കി വെച്ചിരുന്നത്, കുറ്റപ്പെടുത്തലുകൾ തുടങ്ങുന്നത് പിന്നീടുള്ള വായനകളിലും വ്യാഖ്യാനങ്ങളിലുമാണെന്ന് തോന്നുന്നു. കവി ചന്ദ്രികയെക്കുറിച്ച് എന്തുപറയുന്നു എന്ന ആകാംക്ഷക്കുത്തരം തേടി രമണൻ ഒന്നു കൂടി വായിക്കുന്നുണ്ട്. അതുവരെ താങ്കളുടെ കാഴ്ചപ്പാടുകൾ രസകരമായിരിക്കുന്നു, എന്നാൽ യോജിക്കാനാകുമോ എന്നറിയില്ല എന്ന നിലയിൽ നിൽക്കട്ടെ!
ധറ്മ്മത്തിൽനിന്ന് വ്യതിചലിയ്ക്കാൻ പ്രലോഭിപ്പിക്കുന്നവളായ സ്ത്രീ എന്തുകൊണ്ട് യാഗങ്ങളിൽ യജമാനസ്താനം നിറ്വ്വഹിക്കുന്നു എന്ന് മഹാഭാരതത്തിൽ യുധിഷ്ടിരൻ വ്യാസനോടാണെന്ന് തോന്നുന്നു, ചോദിക്കുന്നു. അതിൻ വ്യാസൻ പറഞ്ഞത് ജീവിതത്തിൽ സ്ത്രീയുടെ സ്താനം ദൈവനിശ്ചിതാമാൺ എന്നോ മറ്റോ ആൺ.
വലിച്ച് കീറി ഒരു രാസപരിശോധന.രസിച്ചു,അതിനെക്കാള്‍ ഉപരി ഞാനും ചിന്തിച്ചു
തൊട്ടാല്‍ അശുദ്ധമാവുന്ന ചാരിത്ര്യം, തൊട്ട് കൈവിട്ടുപോവരുതാത്ത ബ്രഹ്മചര്യം..എത്ര ജന്മങ്ങളുടെ വഴികള്‍ താണ്ടിയാലാണ് ഈ അതിരുകള്‍ക്കപ്പുറത്തെ കൂടിച്ചേരലുകള്‍?
വളരെ നല്ല വീക്ഷ്ണം. അപ്പോ ഭയം ആണിന്റേതാണ് എന്ന് ഉറപ്പിക്കാമല്ലെ?
"എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലെയുള്ളൊരീ ജീവിതം"-- ചന്ദ്രിക കൊള്ളാം...
നല്ല ലേഖനം മാഷെ. രതിയെയും പ്രണയത്തെയും കുറിച്ചുള്ള അനാവശ്യ ഭയം മലയാളി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.
“പ്രേമ നൈരാശ്യത്താല്‍ കെട്ടിത്തൂങ്ങി ചാവാന്‍ പോയ ഒരുത്തനെ താന്‍ കെട്ടറുത്തിട്ടു രക്ഷിച്ചു.. എന്നിട്ട് മട്ടലുകൊണ്ടടിച്ചു കൊന്നു...” എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയിരുന്നു. രമണനെ deconstruct ചെയ്ത് കാറ്റില്‍ പറത്താന്‍ ഈ വരികള്‍ ധാരാളം! :-)
"തൊട്ടാല്‍ അശുദ്ധമാവുന്ന ചാരിത്ര്യം, തൊട്ട് കൈവിട്ടുപോവരുതാത്ത ബ്രഹ്മചര്യം..എത്ര ജന്മങ്ങളുടെ വഴികള്‍ താണ്ടിയാലാണ് ഈ അതിരുകള്‍ക്കപ്പുറത്തെ കൂടിച്ചേരലുകള്‍?"
sree, ithu kalakki :-))
ബി എസ് എന്‍ എല്‍ ചതിച്ചു.
അനോനി കുഠാരം എന്നു തന്നെ, “ഘോരകുഠാരമേ മല്‍ക്കരളിങ്കലെ/ച്ചോരയ്ക്കു വേണ്ടി പുളയ്ക്കുകയല്ലല്ലീ നീ?” എന്നാണ് വരികള്‍. വള്ളത്തോളിന്റെ ശിഷ്യനിലും മകനിലും (“അച്ഛന്‍ കൊടുത്തോരു കൊടും കുഠാരം/മകന്റെ നേര്‍ക്ക് ക്ഷണമാഞ്ഞു വിട്ടു” ) അതേ വാക്ക് കോടാലിയാണ്...!
റോബീ, മലയാളത്തിലെ സമാസങ്ങള്‍ പ്രബന്ധത്തിനുള്ള വിഷയമാണ്..പെണ്‍ഭയം, പെണ്ണിനെക്കുറിച്ചുള്ള ഭയമാണ്, ആണ്‍ ഭയം ആണിന്റെ ഭയവും. അതു പെണ്ണിനെക്കുറിച്ചുള്ളതുമാത്രമാവില്ലല്ലോ മറ്റു പലതും കൂടെ വരാം. വരി ഒരാണെഴുതിയതുകൊണ്ടാണ് സമാസത്തിന്റെ അര്‍ത്ഥം ഇങ്ങനെ ധ്വനിക്കുന്നത്. സ്ത്രീ എഴുതുമ്പോള്‍ പെണ്‍ ഭയം, പെണ്ണിന്റെ ഭയമാകാം..‘കര്‍ത്തൃത്വം’ എന്ന ഉത്തരാധുനിക നിരൂപണത്തിലെ സാങ്കേതിക പദത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ് എനിക്കും ശരിക്കും തിരിഞ്ഞു കിട്ടിയത്!
ഏതു സ്പര്‍ശത്തിലുമുള്ള ഭയത്തെ കനേറ്റിയല്ലേ അധികാരവുമായി ബന്ധിപ്പിച്ചത്? അപ്പോള്‍ അതു സ്ത്രീകളിലുമുണ്ടാവും..വിനയ എഴുതിയ ഒരുദാഹരണം ഓര്‍മ്മ വന്നു.. അതു പിന്നെയാകട്ടെ..
സൂ.. അതു കണ്ടു. കൃഷ്ണാ, സത്യത്തില്‍ ഞാന്‍ കരുണയിലെ വരികള്‍ മൂളിക്കൊണ്ടിരിക്കുകയായിരുന്നു ഇതെഴുതുമ്പോള്‍, പ്രത്യേകിച്ച് ‘അതിമാത്രം ഇരുള്‍ തിങ്ങും അന്ധകൂപത്തിലെ വെളിച്ച‘ത്തിന്റെ കാര്യം. ഉപഗുപ്തന്റെ കാര്യം മാത്രമെടുത്താല്‍ സംഗതി വേറേയാവും. അയാള്‍ക്ക്, അല്ലെങ്കില്‍ ചണ്ഡാലഭിക്ഷുകിയിലെ ആനന്ദന് തങ്ങളല്ലാതായി മാറിയാലേ അവരെ പിന്തുടര്‍ന്ന സ്ത്രീകളെ സ്വീകരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ബുദ്ധസന്ന്യാസിമാരാണവര്‍. അതു മറ്റൊരു ചര്‍ച്ചാവിഷയമാണ്.. പക്ഷേ നാം ആശാനിലൂടെ നോക്കുമ്പോള്‍ കാഴ്ച വേറൊന്നാവുന്നു, ആശാന്‍ സൃഷ്ടിച്ച മിക്കവാറും എല്ലാ കഥാപാത്രങ്ങളും പല കാരണങ്ങള്‍ പറഞ്ഞ് പെണ്ണില്‍ നിന്നും ഓടി ഒളിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് ശ്രദ്ധേയം.
മധൂ, ചന്ദ്രികയെ കുറ്റപ്പെടുത്തുന്നത് കഥാപാത്രമായ മദനനാണ്, പിന്നെ കവിയും കാവ്യത്തിന്റെ തുടക്കത്തില്‍ എഴുതി വച്ച, കുപ്രസിദ്ധമായ ആ സ്ത്രീ നിര്‍വചനം കൊണ്ട്. “ചന്ദ്രികയെ സ്വീകരിക്കുക എന്ന സാധ്യത ഇല്ലാത്തവനായാണ് രമണനില്‍ രമണന്‍ അവതരിപ്പിക്കപ്പെടുന്നത് “ ഇതു തന്നെ ഒരു ഭയത്തിന്റെ പ്രകടമായ തെളിവല്ലേ? പെണ്ണിനെ, അവളാവശ്യപ്പെട്ടിട്ടും സ്വീകരിക്കാനുള്ള സാദ്ധ്യത ഇല്ലാതിരിക്കുന്നതിന്റെ മനശ്ശാസ്ത്രവശം എന്താണ്? അത്രേയുള്ളൂ.. അതു മാത്രമാണ് നമ്മുടെ ആലോചനാ വിഷയം. ഒരു കൃതിയ്ക്ക് ഒരു നിരീക്ഷണമല്ല, പല വായനവേണം.. കാലമിത്രയും വഴി നടന്ന രമണന്‍ തീര്‍ച്ചയായും അത് അര്‍ഹിക്കുന്നു.
ശ്രീ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാക്കിയത് ആണിന്റെ ഭയമാണെന്നു മാത്രം പെണ്ണിനില്ലേ ഭയം, ഉണ്ടായിരിക്കണം എന്ന് ഹരി നേരത്തേ പറഞ്ഞതു വായിച്ചല്ലോ..
കിഷോര്‍ ആ കുഞ്ഞുണ്ണി കവിതയ്ക്കു നന്ദി.. തലകുത്തി നിന്നാലോചിച്ചാല്‍ രമണനെക്കുറിച്ച് ആലോചിച്ചവരുടെ തലക്കെല്ലാം കൊള്ളും മടലുകൊണ്ടുള്ള ആ അടി.
ഇഞ്ചീ, ബാബു, ഗുപ്താ, ശിരോമണി, സ്മിതാ,അരുണ്‍...
വല്യമായീ, ഉപഗുപ്തന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അയാളുടെ സന്ന്യാസം എന്താവുമായിരുന്നു.. “പുനശ്ച സന്ന്യാസി ഗൃഹസ്ഥനാവുകില്‍ ജനങ്ങളെന്തെന്തു ഹസിച്ചുരച്ചിടാ..” എന്ന് വള്ളത്തോളിന്റെ നാഗിലയിലെ വരികള്‍. ഇന്നത്തെ തലമുറയെപ്പറ്റി പറഞ്ഞത് അത്ര വ്യക്തമായില്ല.
വെള്ളെഴുത്ത്,
സോറി. അവസാന വരിയില്‍ ഒരു ലിങ്കിടാന്‍ മറന്നു പോയിരുന്നു
http://rehnaliyu.blogspot.com/2008/04/blog-post_25.html?showComment=1209198480000#c6880949294050209458 :)
The article is good.But your style of writing is too archaic.If it is not affected, could you be in tune with time?
Post a Comment