September 1, 2008
ഹിന്ദിയാണോ നമ്മള്?
എണ്ണക്കൂടുതലാണ് ദേശീയചിഹ്നങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നമ്മുടെ ദേശീയജന്തുവാകേണ്ടത് പെരുച്ചാഴിയല്ലേ എന്നു ചോദിച്ചത് പെരിയാര്‍ രാമസ്വാമിയാണ്. ദേശീയഭാഷ എന്ന നിലയ്ക്കുള്ള ഹിന്ദിയുടെ പ്രചാരത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴന്റെ ഹിന്ദി വിരോധം മലയാളിയ്ക്ക് തമാശയാണ്. മലയാളികളേതോ കൂടിയ ഇനമാണെന്ന അബോധമുണ്ട്, ഇമ്മാതിരിയുള്ള ചിറികോണിപ്പുകളില്‍. ഭാഷാ അസഹിഷ്ണുതകള്‍ക്കപ്പുറം തമിഴാച്ചിയുടെ ഹിന്ദി വിരോധത്തില്‍ ഒരു ഇടംചെറുപ്പുള്ളത് കാണാന്‍ മലയാളത്ത്ന്മാര്‍ക്ക് കഴിയാതെ പോകുന്നതു ഇങ്ങനെയുള്ള മുന്‍വിധികളാലല്ലേ? സ്വത്വത്തെക്കുറിച്ചുള്ള അഗാധമായ ബോധത്തില്‍ നിന്നുണ്ടായതാണ് തമിഴന്റെ ചില ചെറുത്തുനില്‍പ്പുകള്‍. പാരമ്പര്യം കൊണ്ടോ സമ്പന്നതകൊണ്ടോ ഒപ്പം എത്താത്ത ഹിന്ദിയെ അവരെന്തിന് സ്വന്തം ഭാഷയ്ക്കുമേലെ വയ്ക്കണം? ഇതു മനസ്സിലാവാതെയാണ് നമ്മുടെ വക്രിച്ച ചിരി. ഇവിടെയുമുണ്ടായിരുന്നു, പേരിന് മലയാളമാത്ര വാദികള്‍, ലോനപ്പന് നമ്പാടനെപ്പോലുള്ള സാമാജികര്‍. എന്നാല്‍ മലയാളഭാഷാ വിപ്ലവങ്ങളൊന്നും ക്ലച്ചു പിടിച്ചില്ല. കുറേ ബോഡുകളില്‍ കരിവാരിപ്പൂശിയതിനപ്പുറം ഒന്നും പോയില്ല. പിന്നെ കുറേ ഇണ്ടാസുകളും. ചിങ്ങമാസം വന്നുച്ചേര്‍ന്നാല്‍ എന്നു പറയുമ്പോലെ നവംബര്‍ വന്നാല്‍ മലയാള വാരാഘോഷങ്ങള്‍. പേരിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാഷാ പ്രതിജ്ഞ. മുണ്ടും കവണിയുമായി കെട്ടിയെഴുന്നള്ളിപ്പ്. അത്ര തന്നെ. ഭാഷയെന്നാല്‍ എന്തു കുന്തമാണെന്ന് പൊതുജനത്തിന് അറിയില്ല. കാര്യം മനസ്സിലായാല്‍ പോരേ എന്നാണ് മട്ട്. മലയാളത്തില്‍ തെറ്റെഴുതിയാലും എഴുതാന്‍ തന്നെ അറിയാതിരുന്നാലും സംസാരിക്കാതിരുന്നാലും ഒരു കുറവുമില്ല കേരളത്തില്‍. കൈയില്‍ ആയുധമില്ലെന്നു പറയുന്നതുപോലെ ഒരു ഭാഷ അതിന്റെ സമൂഹത്തില്‍ നിന്ന് തെന്നിത്തെറിച്ചു പോവുകയാണ്.
സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ ഹിന്ദി ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഏകീകരിക്കാനുള്ള ഏകമാര്‍ഗമായിരുന്നു. ഐക്യത്തിനൊരു ഭാഷ വേണം. ഇംഗ്ലീഷ് പഠനം, ഹിന്ദിയേക്കാള്‍ സാര്‍വത്രികവും എളുപ്പവും ആയിരുന്നിട്ടും അതു പ്രതിരോധിക്കപ്പെട്ടത് യജമാനന്റെയും ചൂഷകന്റെയും ഭാഷയായിരുന്നതിനാലാണ്. ഇന്ത്യ എന്ന വികാരത്തിന്റെ ചലനങ്ങള്‍ ആവിഷ്കരിക്കാനും ഉപദേശീയതകളിലേയ്ക്കു പകരാനും അതുകൊണ്ട് ഹിന്ദി ഒരനിവാര്യതയായിരുന്നു. ഇന്ത്യയെ അറിയാനുള്ള വഴിയായിരുന്നു ഹിന്ദി. ചലച്ചിത്രമുള്‍പ്പടെയുള്ള കലാരൂപങ്ങളുടെ പ്രാദേശികഭേദങ്ങള്‍ക്കുള്ള ദേശീയമാതൃക ഹിന്ദിയിലൂടെയാണ് പ്രചരിച്ചത്. കേരളഹിന്ദി പ്രചാരസഭയും ദക്ഷിണഭാരതഹിന്ദി പ്രചാരസഭയും മലയാളിയുടെ ഹിന്ദി പഠനത്തിന് ആക്കം കൂട്ടി. ഹിന്ദി സംസാരിക്കുക എന്നത് ഖദര്‍ ധരിക്കുമ്പോലൊരു വിപ്ലവപ്രവര്‍ത്തനമായിരുന്നു.
ഇന്ന് അങ്ങനെയല്ല. ഇന്ത്യയിലെ 180-ഓളം ഭാഷകളില്‍ ഒന്നു മാത്രമായിരിക്കേണ്ട ഹിന്ദി, വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പടച്ചുണ്ടാക്കിയ മാനകഹിന്ദി, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന വ്യാജേന, ഭരണഭാഷയായി, ദേശീയതയുടെ അടയാളമായി, അധികാരത്തിനുള്ള കുറുക്കുവഴിയായി ചക്രങ്ങളുരുട്ടുമ്പോള്‍ പഴയ വിവേകം നമ്മള് തന്നെ നഷ്ടപ്പെടുത്തുന്നു. അധിനിവേശത്തിന്റെ ഭാഷ ഇന്ന് ഹിന്ദിയാണെന്ന കാര്യം മറന്ന് അതിനെ ആശ്ലേഷിക്കുന്നു. രമേഷ് ചെന്നിത്തലയെ ഇന്ദിരാഗാന്ധി ഇഷ്ടപ്പെട്ടുപോയത് അദ്ദേഹത്തിന്റെ ഹിന്ദിപ്രസംഗപാടവം കണ്ടാണെന്ന് പത്രങ്ങള്‍ വീമ്പെഴുതിയത് ഓര്‍ക്കുന്നില്ലേ? സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനങ്ങള്‍ക്കു ശേഷവും ഹിന്ദി ഒരു വികാരമായിരിക്കുകയാണെങ്കില്‍ അതിനു കാതലായ ഒരു കാരണം ചൂണ്ടിക്കാണിക്കാനുണ്ടാവണമല്ലോ. നിര്‍ഭാഗ്യവശാല്‍ യുക്തിയ്ക്കു നിരക്കുന്ന അങ്ങനെയൊരു കാരണം എവിടെ പരതിയിട്ടും കിട്ടാനില്ല. കേരളത്തില്‍ ഇന്ന് പത്താം തരത്തിനുശേഷം സ്വന്തം ഭാഷ കളഞ്ഞും ഹിന്ദി പഠിക്കാന്‍ മുളയുന്ന ഒരു വലിയ സമൂഹമുണ്ട്. അവര്‍ക്ക് ക്ലാസ്സ് മുറികളില്‍ അദ്ധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നത് കാരണങ്ങള്‍ ഇവയാണ്. 1. ഹിന്ദി കീശയിലാണെങ്കില്‍ ഇന്ത്യയിലെവിടെ പോയാലും ആശയവിനിമയത്തിനു (ഇപ്പോള്‍ വിദേശത്തും) ബുദ്ധിമുട്ടുണ്ടാവില്ല . 2, ദേശീയഭാഷയാണ് (അതുകൊണ്ട് അതറിഞ്ഞിരുന്നേ മതിയാവൂ) 3. ഹോളിവുഡിന്റെ തലത്തിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദി ചലച്ചിത്രങ്ങള്‍ മനസ്സിലാക്കാന്‍ ഹിന്ദി പഠനമില്ലാതെ പറ്റില്ല. 4. മലയാളം അറിയാമല്ലോ അതുകൊണ്ട് മറ്റൊരു ഭാഷ കൈവശം വച്ചിരിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്. 5.ചുളുവില്‍ മാര്‍ക്ക് (സ്കോര്‍) അധികം കിട്ടുന്ന ഭാഷയാണ് ഹിന്ദി. (ഇതാണ് ഏറ്റവും പ്രധാനം) സ്കൂളുകളില്‍ പന്ത്രണ്ടു വര്‍ഷവും പിന്നെ ബിരുദത്തിനും ഹിന്ദി ഒരു ഭാഷയായി പഠിക്കാന്‍ ചൂണ്ടി കാണിക്കാറുള്ള കാരണങ്ങളാണ് മുകളിലെഴുതിയത്. വര്‍ഷങ്ങളായി ഒരു സംശയത്തിന്റെ ആനുകൂല്യം പോലുമെടുക്കാതെ മലയാളി കോമണ്‍ സെന്‍സ് സ്വന്തം പിള്ളേര്‍ക്ക് വിളമ്പികൊടുക്കുന്ന ഭാഷാപരമായ വിവരക്കേടിനെ പട്ടികപ്പെടുത്തിയതാണ് മുകളില്‍.
സാംസ്കാരികാധിനിവേശങ്ങളുടെ അടിത്തറ ഭാഷാധിനിവേശമാണെന്ന കാര്യം അധികം ആരും ശ്രദ്ധിച്ചിട്ടില്ല ഇവിടെ എന്നു തോന്നുന്നു. സത്യത്തില്‍ നമ്മുടെ നമ്മുടെ ഹിന്ദിപ്രേമം ഒരു തരം ആര്യാഭിനിവേശമാണ്. ഹിന്ദിയുടെ പ്രചരണമാവട്ടെ, ആര്യാധിനിവേശത്തിന്റെ പ്രച്ഛന്ന രൂപവും. ദ്രാവിഡഗോത്രത്തില്‍ പിറന്ന് അതിന്റെ തണലില്‍ പുലരുന്ന ഒരു ജനത ഇങ്ങനെ അധികാരത്തിന്റെ ഭാഷയെ കൊതിയോടേ നോക്കിയിരിക്കുന്നതിനു കാരണമെന്താണ്, പ്രത്യേകിച്ച് അതൊന്നും നല്‍കുന്നില്ല എന്നു ചിന്തിക്കാതെ? ഏതുഭാഷയും വാഹകമാണ്. അതിലൂടെ ഒലിച്ചുവന്ന് തലമുറകളില്‍ നിറയേണ്ട ചിലതുണ്ട്. ഇംഗ്ലീഷിലൂടെ നാം ലോകത്തെ അറിയുന്നുണ്ട്. സാഹിത്യമോ സാംസ്കാരികമോ രാഷ്ട്രീയമോ വിജ്ഞാനപരമോ ആയ ഏതു അവസ്ഥയുടെയും ചലനങ്ങളുടെയും പ്രതിച്ഛായകള്‍ മലയാളത്തിലെത്തുന്നത് ഇംഗ്ലീഷിലൂടെയാണ്, പ്രാഥമികമായി. അതില്ലാതെ ഒരു താരതമ്യം നമുക്ക് അസാദ്ധ്യമാണ്. പൊതുവിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് പഠനം ഇത്ര അധഃപതിച്ച നിലയിലായിട്ടും നമ്മുടെ പിടിവള്ളി അതു മാത്രമാണ്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍. ഇംഗ്ലീഷ് മലയാളിയെ സമൂലം മാറ്റി മറിച്ചിട്ടുണ്ട്. ഭാഷയായോ അധിനിവേശ ശക്തിയായോ അതു കയറിയിറങ്ങാത്ത മൂലകളില്ല, നമ്മുടെ ജീവിതത്തില്‍. (ആ കണക്കെടുപ്പ് പലപാട് നടത്തിയിട്ടുള്ളതാണ്) നാം കൊണ്ടു പിടിച്ചു പഠിക്കുന്ന ഹിന്ദിയോ, അത്യന്തികമായി അതു നമുക്കെന്താണ് തന്നത്? പ്രസ്ഥാനങ്ങള്‍ക്കോ സാഹിത്യത്തിലെ പുതുചലനങ്ങള്‍ക്കോ മലയാളി ഒരിക്കലും ഹിന്ദിയെ കാതോര്‍ത്തിട്ടില്ല. (ആദ്യകാല സിനിമകള്‍, അവയിലെ പാട്ടുകള്‍, മിസ്റ്റിസിസം തുടങ്ങിയവയുടെ തുടക്കത്തിലെ ദുര്‍ബല അനുകരണങ്ങള്‍ ചില അപവാദങ്ങളായി ചൂണ്ടിക്കാട്ടുന്നവരുണ്ട് ) ഇംഗ്ലീഷ് ചെയ്യുന്നതുപോലെ ഉപരിപഠനത്തിനുള്ള വിജ്ഞാനമണ്ഡലം തുറന്നിടാനും പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ ജീവിതം കൊണ്ടും നാം തീര്‍ക്കാത്ത ഈ ഭാഷയുടെ പഠനം സഹായിക്കില്ല. സാഹിത്യഗുണത്തിന്റെ കാര്യം കുട്ടികളുടെ ഹിന്ദി പാഠപുസ്തകങ്ങള്‍ മറിച്ചു നോക്കിയാലറിയാം. പ്രേംചന്ദും ടാഗോറും നിരാലയും സുഭദ്രാകുമാരി ചൌഹാനും ദോഹകളുമാണ് ഇന്നും. അതൊക്കെ അവിടെയുണ്ട് എന്നല്ലാതെ മറ്റൊന്നും മനസ്സിലാക്കേണ്ടതില്ല. സത്യത്തില്‍ മനസ്സിലാക്കാന്‍ ഒന്നുമില്ല. 1968-ല്‍ രൂപപ്പെടുത്തിയ, അന്യസംസ്ഥാനങ്ങളിലെ ഹിന്ദി പഠനത്തിനായി ചെത്തിമിനുക്കി ചിന്തേരിട്ട ഒരു ഭാഷയാണ് നമ്മുടെ മലയാളിത്തലമുറകള്‍ ഹിന്ദിയെന്ന പേരില്‍ പഠിച്ചുവരുന്നത്. സ്കൂളുകളിലെ ഹിന്ദിയ്ക്ക് കാലികജീവിതവുമായോ സമൂഹവുമായോ ബന്ധമൊന്നുമില്ല. മറാത്തിയോ ബംഗാളിയോ തമിഴോ നമുക്ക് നല്‍കിയതില്‍ കൂടുതലായി ഒന്നും പഠിപ്പിക്കാന്‍ അതിനു കഴിവില്ല. എന്നിട്ടും നമ്മുടെ മക്കള്‍ക്ക് ഹിന്ദിയാണു പഥ്യം ഇവിടെ. കൂട്ടത്തില്‍ പറയട്ടേ, കേരളത്തിലെ ഹിന്ദി ജാടയൊന്നും ഗള്‍ഫിലില്ല, ഗല്‍ഫിലെ മലയാളി സെറ്റില്‍മെന്റുകളിലുമില്ല. അവിടെയത് ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നും ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്ന കൂലിത്തൊഴിലുകാരുടെ ഭാഷയാണ്.
റഷ്യന്‍, ഒരു ഭാഷയെന്ന നിലയില്‍ അതിന്റെ നിരവധി പ്രാദേശിക ഭാഷകളെ കൊന്നു കൊലവിളിച്ചിട്ടുണ്ട്. ഭാഷാധിനിവേശത്തിന്റെ രാഷ്ട്രീയരൂപകം. എന്‍ഗൂഗിയും ലിയോപോള്‍ഡ് സെദര്‍ സെങ്ഘോറും ചിനുവ അചബേയും സ്വന്തം മാതൃഭാഷകള്‍ തട്ടിക്കുടഞ്ഞെടുത്തടത്തുനിന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പുതിയ സാംസ്കാരികാദ്ധ്യായങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വിരിയുന്നത്. നമുക്ക് ഇപ്പോഴും തറ, പന, തല, വല എന്നിവയ്ക്കു ശേഷം മലയാളം വേണ്ടെന്നാണ്. (രണ്ടാം കിടയും മൂന്നാം കിടയുമൊക്കെയായ മലയാളസാഹിത്യശിങ്കങ്ങള്‍ ഗര്ജ്ജിക്കുന്നത് അവര്‍ ഇംഗ്ലീഷില്‍ രചന നടത്തിയിരുന്നെങ്കില്‍ ലോകപ്രശസ്തരാകുമായിരുന്നു എന്നാണ്. എന്താണ് അല്ലേ?) ഒരു പക്ഷേ ഹിന്ദിയുടെ അപകടത്തെക്കുറിക്ക് ഒ. വി വിജയനെപ്പോലെ ഉള്ളറിഞ്ഞ മറ്റൊരു മലയാളി എഴുത്തുകാരന് ഇല്ലെന്നു തോന്നുന്നു. അറിയാവുന്ന മലയാളം വച്ചാണ് നമ്മുടെ അളവെടുപ്പുകള്‍ മുഴുവന്‍. അതുകൊണ്ടാണ് ഭാഷാപരമായ ആഴം മലയാളിയ്ക്കില്ലാതെ പോകുന്നത്. നിരന്തരം മനസ്സിലായില്ലെന്നുള്ള ആക്രോശങ്ങള്‍ ഉയര്‍ത്തേണ്ടിവരുന്നത്. മനസ്സിലാവുന്നില്ല. സത്യമാണത്. അവന് കൈവിട്ടുകളഞ്ഞ മലയാളം അവനെ കൈവിടുന്നതിനുദാഹരണമാണത്. മനസ്സിലാവാത്ത എഴുത്തുമതേ, അവനെയും കൈവിടുന്നു മലയാളം. ഭാഷാപരമായ ധ്യാനത്തില്‍ നിന്നുവേണമല്ലോ ഭാഷാപരമായ ആഴം ജനിക്കാന്‍! നമുക്കു ഉപരിതലങ്ങളെയുള്ളൂ, രമിക്കാന്‍!
വെറുതേ എഴുതിയതല്ല. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ ഇത്തവണ ബി എ ഇക്കണോമിക്സ് ക്ലാസില്‍ നിന്ന് മലയാളം ഉപഭാഷയായി പഠിക്കാനെത്തിയത് വെറും പത്തുപേരാണ്. പത്താം ക്ലാസുവരെ ഒന്നാംഭാഷയായ മലയാളം പതിനൊന്നിലെത്തുമ്പോള്‍ മറ്റു ഭാഷകള്‍ക്കൊപ്പം രണ്ടാമതാവും. ഇവിടെ മലയാളത്തിന് ശക്തനായ പ്രതിയോഗിയാണ് ഹിന്ദി. ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലെ മലയാളത്തിനൊപ്പം എല്ലാ സ്കൂളുകളിലും ഹിന്ദിയുണ്ട്. മാര്‍ക്കു കൂടുതല്‍ കിട്ടുന്നു എന്ന കാരണം വച്ച്, മലയാളം അറിയാവുന്നതുകൊണ്ട് മറ്റൊരു ഭാഷ പഠിക്കുന്നതല്ലേ നല്ലതെന്ന കാരണം പറഞ്ഞ്, കൂട്ടത്തോടെ കുട്ടികള്‍ ഹിന്ദിയെടുത്തു പോകുന്നു. തങ്ങളെന്തോ വരേണ്യമായ പഠനപ്രക്രിയയ്ക്ക് വിധേയമാവുകയാണ് ഹിന്ദിയിലൂടെ എന്നൊരു ബോധമുണ്ട് കുട്ടികള്‍ക്ക്. കണ്ണൂരില്‍ ഇത്തവണ വ്യാപകമായി മലയാളത്തിനു കുട്ടികള്‍ കുറഞ്ഞെന്ന നിവേദനം ഹയര്‍ സെക്കണ്ടറി ഡയറക്ടറേക്ടിനു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ മലയാളം സീനിയര്‍ അദ്ധ്യാപക തസ്തിക ഇല്ലാതായി കുട്ടികള്‍ കുറവായ കാരണം. കൂടെ മറ്റദ്ധ്യാപകരുടെ മനോഭാവം (പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ) മലയാളഭാഷാപഠനം തന്നെ അനാവശ്യമാണെന്ന മട്ടിലാണ്. മിക്ക സ്കൂളുകളിലും സയന്‍സ് പ്രാക്ടിക്കലിനു അധിക സമയം രണ്ടാം ഭാഷാപഠനസമയത്താണ് കണ്ടെത്തുന്നത് എന്നു ക്ലസ്റ്ററുകളില്‍ പരാതിയുന്നയിക്കപ്പെട്ടിരുന്നു. മലയാള ഭാഷയില്‍ പഠിക്കാനെന്തിരിക്കുന്നു എന്ന തോന്നലാണിതിനു പിന്നില്‍ അദ്ധ്യാപകരെന്ന പഴയകുട്ടികള്‍ പഠിച്ചു വന്നതും ഹിന്ദിയാണ്. അവര്‍ക്കെങ്ങനെ മലയാളത്തെ അനുകൂലിക്കാനാവും? കണ്ടിട്ടില്ലേ, ശുദ്ധമായ മലയാളത്തിലല്ല, തെറ്റായ ഇംഗ്ലീഷിലാണ് കുട്ടികള്‍ക്കുള്ള നോട്ടീസു പോലും സ്കൂളുകളില്‍. അറിയാന്‍ വയ്യാത്ത വിഷയങ്ങള്‍ അറിയാന്‍ വയ്യാത്ത ഭാഷയില്‍ പഠിപ്പിച്ച് അറിയാന്‍ വയ്യാത്ത ഭാഷയില്‍ കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിക്കുന്നരീതിയിലാണ് ഏതു വിപ്ലവം വന്നിട്ടും നമ്മുടെ സ്കൂളുകളിലെ (കോളേജുകളിലെയും) അദ്ധ്യാപനം. പഠനത്തില്‍ മോശമായ കുട്ടികള്‍, ദരിദ്രമായ സാഹചര്യങ്ങളിലുള്ളവര്‍, പഠനവൈകല്യമുള്ളവര്‍ എന്നിവര്‍ക്കുള്ളതാണ് മലയാളം എന്നൊരു ധാരണയാണ് പൊതുവേ. ഒരു രണ്ടാംകിടഭാഷയാണല്ലോ. ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാന്‍ മറ്റു ചിലതുകൂടിയുണ്ട്. കേരള-ദക്ഷിണപ്രചാരസഭകളുടെ ഹിന്ദിപ്രചാരപ്രവര്‍ത്തനങ്ങള്‍. പിന്നെ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ ദിവസവും ഓരോ ഹിന്ദി വാക്കു വച്ച് മുറതെറ്റാതെ ജീവനക്കാരെയും നാട്ടുകാരെയും ബോഡെഴുതി പഠിപ്പിക്കുന്നുണ്ട്. (അങ്ങനെ പഠിച്ചിട്ടു വേണം ഗോസായിയോട് ഗോസായി ഭാഷയില്‍ സംസാരിക്കാന്‍ !) ഹിന്ദിരചനാ മത്സരങ്ങള്‍ കാലാകാലം സംഘടിപ്പിക്കുന്നുണ്ട്. മലയാളി പേരുകളെ ഹിന്ദി പണ്ടേ പരിഷ്കരിച്ച് സ്വന്തമാക്കിയിരുന്നു. (കുമാരനെ കുമാര്‍ എന്ന്...... ബാക്കി ഊഹിക്കാമെങ്കില്‍ അതു മാത്രം മതി. പേരില്‍ എന്തെല്ലാമിരിക്കുന്നു! ) രക്ഷാബന്ധനും ഹോളിയും പോലുള്ള ഉത്സവങ്ങളെ ക്യാമ്പസ്സുകള്‍ കാര്യമായി എടുത്തുതുടങ്ങുന്നത് അടുത്ത കാലത്താണ്. അങ്ങനെ ചില സാംസ്കാരിക കുത്തൊഴുക്കുകള്‍! പതുക്കെ പതുക്കെ.
ഭാഷാപഠനത്തെ സംബന്ധിച്ച കൌണ്സിലിംഗിന് നമ്മുടെ കുട്ടികള്‍ക്ക് സാഹചര്യമില്ല. എന്താണു പഠിക്കേണ്ടത് എന്തിന് എന്ന മാര്‍ഗനിര്‍ദ്ദേശം ഭാഷയ്ക്കും വേണ്ടതാണ്. ഭാഷ തന്നെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് പരിഷ്കാരങ്ങളായി അരങ്ങേറുന്നത്. ഒരു അപേക്ഷപോലും എഴുതേണ്ടി വരാത്ത ഒരു ഭാഷ ബിരുദം വരെ തുടരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിലൊന്നും പൊളിച്ചെഴുത്തില്ല. കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളിലൊന്ന് ഹയര്‍സെക്കണ്ടറി തലം മുതല്‍ ഒരു ഭാഷ മതിയെന്നതാണ്. എങ്കില്‍ മലയാളം പിച്ചച്ചട്ടിയെടുത്തേനേ! ഇംഗ്ലീഷൊഴിഞ്ഞ് മറ്റൊന്നു തൊടുമോ, നമ്മുടെ പ്രബുദ്ധത? ഹിസ്റ്റീരിയ പിടിച്ചപോലെ വിദ്യാര്‍ത്ഥികള്‍ പിന്നാലെ ഓടുന്ന ഹിന്ദി, കുറച്ചദ്ധ്യാപകര്‍ക്കു തൊഴില്‍ നല്കുന്നുണ്ടാവാം. എന്നാല്‍ ഒരു ഭാഷാപഠനത്തിന്റെ ന്യായീകരണമായി അതു മതിയോ? പഠനം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഒരു കാര്യം സംഭവിക്കുന്നുണ്ട് എന്നു കാണാം, യജമാനഭാഷ പഠിക്കുന്നവര്‍ക്കു ഉണ്ടാവുന്ന വിധേയത്വം. ലാലുവിന്റെ റയില്‍വേ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ? മലയാള പത്രങ്ങളിലും അത് ഹിന്ദിയിലാണ്. എന്താണു വ്യംഗ്യം? ദക്ഷിണേന്ത്യയിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അയക്കുന്ന ഇണ്ടാസുകള്‍ എല്ലാം തന്നെ ഹിന്ദിയിലാണ്. തര്‍ജ്ജുമക്കാരെ വച്ചാണ് അവ മൊഴിമാറ്റം ചെയ്തെടുക്കുന്നത്. അക്കാര്യത്തില്‍ ഗോസായിമാര്‍ ജാഗരൂകരാണ്. ആ വഴിയ്ക്ക് ചില പരിശോധനകളുമുണ്ട്. തമിഴ്നാട് അവരുടെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട സ്ഥലമാണ്. ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നു വരുത്തിതീര്‍ക്കുകയാണുദ്ദേശ്യം. വഴങ്ങിയാല്‍ രക്ഷപ്പെടാം. ദില്ലിയിലെ തെരുവില്‍ നിന്ന് ‘ഹിന്ദി മേം ബോലോ’ എന്നാക്രോശിക്കുന്ന ഗുണ്ടയുടെ ടൈകെട്ടിയ എടുപ്പുകുതിരകളെ വെറുതേ ഓര്‍ക്കുക.
വിശദമാക്കട്ടെ, സ്വന്തം ഭാഷയുടെ നിലങ്ങള്‍ ആവേശത്തോടെ മണ്ണിട്ടു നികത്തുന്നത് നോക്കി നിന്നുകൊണ്ട് ആയതിന്റെ യുക്തി ആലോചിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.
ഗ്രാഫ് :
http://www.languageinindia.com
Subscribe to:
Post Comments (Atom)
50 comments:
ഹം ഹിന്ദി നഹീ ഹെ :)
"തങ്ങളെന്തോ വരേണ്യമായ പഠനപ്രക്രിയയ്ക്ക് വിധേയമാവുകയാണ് ഹിന്ദിയിലൂടെ എന്നൊരു ബോധമുണ്ട് കുട്ടികള്‍ക്ക്"
ഒന്നു ആര്‍ത്തു ചിരിച്ചോട്ടെ..:):):):))))))))
മലയാളഭാഷയും സംസ്ക്കാരവും മരിയ്ക്കാൻ പോകുന്നത് ഹിന്ദിയ്ക്കും മുൻപേ,തമിഴിന്റെ അധിനിവേശം കാരണമാകും.
ചിഹ്നങ്ങൾ വളരെ സ്പഷ്ഠമാൺ.
ഭൂമി പുത്രീ, തമിഴിന്റെ അധിനിവേശം? ഒരു ദ്രാവിഡഭാഷയ്ക് അതിനുള്ള ശേഷിയുണ്ടോ? എങ്ങനെ? അതു വിശദമാക്കണേ, ഒരിക്കലും അറിയാതിരുന്ന കാര്യമാണ്..
വളരെ പ്രസക്തമായ ലേഖനം. നന്ദി.
എന്നാല്പ്പോട്ടെ,‘കടന്നുകയറ്റം’എന്ന കുറച്ച്കൂടി സൗമ്യമായ വാക്കുപയോഗിയ്ക്കാം.
സംഗീതം,നൃത്തം,സിനിമ,വേഷം അങ്ങിനെ യുവതലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗമായ പലതിലും തമിഴ്സ്വാധിനം മേൽകൈ നേടിവരുന്നു.(മുൻ കാലങ്ങളിലുമുണ്ടായിരുന്നു,കുറെയൊക്കെ)
സാഹിത്യം പിന്നെ പൊതുവേ ആർക്കും വേണ്ടാത്തതുകൊണ്ടും,തമിഴ് അക്ഷരം പഠിച്ച് വായിയ്ക്കാൻ ബുദ്ധിമുട്ടായതുകൊണ്ടുമാകും അനുകരിയ്ക്കപ്പെടാത്തത്.
ചർച്ചവഴിമാറിപ്പോകണ്ട.സന്ദർഭവശാൽ പറഞ്ഞ്പോയതാൺ.ഹിന്ദിയിലേയ്ക്ക് തിരിച്ചെത്തട്ടെ വായനക്കാർ.
ഹിന്ദി വായിച്ചാൽ മിയ്ക്കവാറുമൊക്കെ മനസ്സിലാകുമെങ്കിലും,ബാങ്കിൽ ഹിന്ദിയിൽ കിട്ടുന്ന സർക്കുലറുകൾ വായിയ്ക്കാതിരിയ്ക്കുക
എന്നൊരു നിശ്ശബ്ദ പ്രതിരോധം നടത്താറുണ്ട് ഞാൻ.(ആർക്കുപോയി,അല്ലേ? :))
പ്രസക്തമായ പോസ്റ്റ്.
തൊണ്ണൂറുകളുടെ അവസാനം -രണ്ടായിരത്തിന്റെ തുടക്കത്തില്‍ (അതിനു മുന്‍പും?)വിമെന്‍സ് കോളേജുകളിലെ, ഹോസ്റ്റലുകളിലെ ‘ആഷ്പുഷ് ഭാഷ‘ ഇംഗ്ലീഷിനു പകരം ഹിന്ദി ആയിട്ടുണ്ടായിരുന്നു.. ഹോളിയും രാഖിയും സംസ്കാരികാധീനിവേശങ്ങള് നടത്തി തുടങ്ങിയപ്പോള്‍ പ്രതിരോധിക്കാന്‍ ‘ഓണത്തല്ല്’ എന്ന സംസ്കാരിക പരിപാടി ക്യാമ്പസുകളില്‍ സംഘടിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്ന തലമുറയുടെ ബാക്കി എവിടങ്കിലും ഉണ്ടോ ആവോ?
അറിയാവുന്ന മലയാളം വച്ചാണ് നമ്മുടെ അളവെടുപ്പുകള്‍ മുഴുവന്‍. അതുകൊണ്ടാണ് ഭാഷാപരമായ ആഴം മലയാളിയ്ക്കില്ലാതെ പോകുന്നത്. നിരന്തരം മനസ്സിലായില്ലെന്നുള്ള ആക്രോശങ്ങള്‍ ഉയര്‍ത്തേണ്ടിവരുന്നത്. മനസ്സിലാവുന്നില്ല. സത്യമാണത്. അവന് കൈവിട്ടുകളഞ്ഞ മലയാളം അവനെ കൈവിടുന്നതിനുദാഹരണമാണത്. മനസ്സിലാവാത്ത എഴുത്തുമതേ, അവനെയും കൈവിടുന്നു മലയാളം. ഭാഷാപരമായ ധ്യാനത്തില്‍ നിന്നുവേണമല്ലോ ഭാഷാപരമായ ആഴം ജനിക്കാന്‍! നമുക്കു ഉപരിതലങ്ങളെയുള്ളൂ, രമിക്കാന്‍!
ഈ വാചകത്തിനൊരു സ്പെഷൽ സല്യൂട്ട്.
പ്രസക്തമായ ലേഖനം...
ബോലി എന്നറിയപ്പെടുന്ന ഉൾനാടൻ ഹിന്ദി സംസാരിക്കുന്ന ഗ്രാമങ്ങളിലൂടെയൊക്കെ പണ്ട് എന്റെ മുറിഹിന്ദിയുമായി സഞ്ചരിച്ചിട്ടുണ്ട്. ഇന്ന് ഇവിടെയുള്ള ഇന്ത്യൻസ്റ്റോറുകളിൽ ചെല്ലുമ്പോൾ ഹിന്ദി അറിയില്ലെന്നു പറയേണ്ടി വരുമ്പോൾ പലരുടെയും മുഖം ചുളിയുന്നതു കണ്ടിട്ടുണ്ട്. ഹിന്ദി ഞാൻ വെറുക്കാൻ കാരണം ഹിന്ദി സിനിമകളായിരുന്നു. അടുത്ത കാലത്ത് ഹിന്ദിയിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ ഒരാളെയും എനിക്കറിയില്ലല്ലോ എന്നോർത്ത് ചില ഹിന്ദി സുഹൃത്തുക്കളോടു ചോദിച്ചു...അവർക്കുമറിയില്ല ആരെയും.
ഹിന്ദിയില്‍ മലയാളി കാണുന്ന ആ വരേണ്യത (എന്തുകൊണ്ടോ തമിഴില്‍ കാണാത്തത്), അതു തന്നെയാണ് ഇന്നത്തെ തലമുറയില്‍ ഹിന്ദിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ മൂലകാരണം. ഇന്‍ഡ്യയിലെ വെള്ളക്കോളര്‍ ജോലിസാധ്യതകളുള്ള മിക്ക നഗരങ്ങളിലും പിടിച്ചുനില്ക്കാന് മലയാളിയെ സഹായിക്കുന്നത് എന്നൊരു അധികകാരണവും ഉണ്ടാവാം.
മലയാളത്തെ എന്നും അടിമയാക്കിയിരുന്നത് തമിഴുതന്നെയാണ്. ആഘോഷങ്ങളിലും ബിംബങ്ങളിലുമെല്ലാം. അതുകൊണ്ടുതന്നെ ഹിന്ദിയോടുള്ള വളരുന്ന ആരാധന തമിഴിനോടുള്ള ചെറുത്തുനില്‍പ്പായും കണക്കാക്കപ്പെടാം.
ഹോളിയും രക്ഷാബന്ധനും നമ്മുടേതല്ല എന്നു വിലപിക്കുമ്പോള്‍, കേരളത്തിലെ ഒരു പ്രബലസമുദായം സ്കൂളുകളില്‍ ആവണി അവിട്ടത്തിന് അവധി നല്‍കുന്നതെന്തിനെന്ന് ഞാനും അമ്പരന്നിട്ടുണ്ട്. ആഘോഷങ്ങളുടെ വാലന്റൈന്‍ കടന്നുകയറ്റങ്ങളുടെ ആദ്യപടിയായി വന്ന ദീപാവലി പണ്ട് മധ്യകേരളത്തില്‍ എത്രത്തോളം ആഘോഷിക്കപ്പെട്ടിരുന്നു എന്നും ആലോചിക്കേണ്ടതുണ്ട്.
തമിഴരുടെ (പെരിയോരിനെപ്പോലുള്ളവരുടെയുള്പ്പെടെ) ചെറുത്തുനില്‍പ്പുകളുടെ രാഷ്ട്രീയം ഒരു കമന്റുപെട്ടിയിലൊതുങ്ങില്ല.
മലയാളത്തിനും ഹിന്ദിക്കും കിട്ടുന്ന മാര്‍ക്കിന്റെ കാര്യത്തില്‍ പോസ്റ്റിനോടു യോജിക്കുന്നു.
പിന്നെ മറ്റുഭാഷകളുമായി നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ നമ്മുടെ ആശയവിനിമയശക്തിയെവളര്ത്തുകയല്ലേ ഉള്ളൂ? ഹിന്ദി ഭി ഹെ ഹം എന്നല്ലേ.:)
ഓ. ടോ.
കൂടുതലെഴുതാന്‍ സമയമില്ല, പെങ്ങള്‍ക്ക് കര്‍വാ ചൌത്തിന് നോമ്പുണ്ട്. ഒരു സര്‍ഗി വാങ്ങിച്ച് അമ്മയെക്കൊണ്ടയപ്പിക്കണം.
ശങ്കരാചാര്യരും സര്‍വജ്ഞപീഠം കയറാന്‍ വടക്കെ ഇന്‍ഡ്യയില്‍ പോകേണ്ടി വന്നല്ലൊ, അവരുടെ ചീട്ടണല്ലൊ നമുക്ക് എന്നും വേണ്ടത് എന്ന് പണ്ട് ജി. എന്‍ പിള്ള എഴുതിയിരുന്നു.
ഹിന്ദി എടുത്താല്‍ മാര്‍ക്കു കൂടുതല്‍ കിട്ടും എന്ന ധാരണയാണ് സെക്കന്‍ഡ് ലാങ്വേജ് ഹിന്ദിയാകാന് പ്രധാന കാരനം. ഞാനും പ്രി ഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും ഹിന്ദി തന്നെ എടുത്തവനാണ്. ദേശീയത എന്നാല്‍ ഹിന്ദി എന്നൊരു കടുത്ത തോന്നലും ഉണ്ട്.
ഹിന്ദി ഒട്ടും വേണ്ടെന്നു പറഞ്ഞ തമിഴര്‍ തന്നെയാണ് ഹിന്ദി സംസ്കാരത്തെ പിന്നെ ആഞ്ഞു പുല്കിയത്. ആശാ ഭോണ്‍സ്ലെയും സാധനാ സര്‍ഗ്ഗവും വന്നു തമിഴ് പാട്ടു പാടുമെന്ന് 60 കളിലെ തമിഴന് ഒരിക്കലും കരുതിയില്ല.
മലയാളി വടക്കുനിന്നുമുള്ള സാംസ്കാരിക ഫാഷന്‍ നിര്‍ദ്ദേശങ്ങല്‍ക്ക് ചെവിയോര്‍ത്തിരിക്കയാണ്. അക്ഷ തൃതീയ ,ഗണപതി വിഗ്രഹം കടലില്‍ താഴ്ത്തല്‍ ഒക്കെ നമ്മുടേതായിക്കഴിഞ്ഞു. തനതായ മേല്‍ വസ്ത്രം ഇല്ലാത്ത നമ്മള്‍ക്ക് ജൂബ/കുര്‍ത്ത മുണ്ടിനു മോളില് ഇടുന്നതു പോലെ എളുപ്പം
പക്ഷെ ഹിന്ദി സാഹിത്യത്തില്‍ നമ്മള് അപാരപണ്ഡിതന്മാരാകുമെന്ന പേടിയൊന്നും വേണ്ട. മലയാളത്തില്‍ ആകില്ലെന്നതു പോലെ തന്നെ.
കുമാരന് ‘കുമാര്‍’ ആവും. ശരിയാണ്.
വെള്ളേഴുത്തന് ‘വെള്ളെഴുത്ത്’ ആവും.
അതും ശരിയാണ്. ഹിന്ദിയുടെ അക്രമങ്ങള്‍.
എന്നെപോലെയുള്ള ‘സങ്കുചിതന്’ സങ്കുചിത് ആകില്ല. അതാണ് ദ്രാവിഡന് -യേത്?
ലേഖനം പ്രസക്തം തന്നെ.
മലയാള ഭാഷയും വളരെയധികം 'സംസ്കൃതവല്‍ക്കരിച്ച്' ഭാഷാ പഠനം തന്നെ ഒട്ടും താത്പര്യം ജനിപ്പിക്കാത്ത രീതിയില്‍ ആക്കിയില്ലേ എന്നും സംശയം. ഭാഷ പഠനം വിദ്യാര്‍ത്ഥികളില്‍ താത്പര്യം ജനിപ്പിക്കുന്നതല്ലെങ്കില് ആരും മുന്നോട്ടു വരില്ല.
ഹിന്ദി തന്നെ ആയിരുന്നു ഡിഗ്രി വരെ എന്റെയും രണ്ടാം ഭാഷ. കാരണം മറ്റൊന്നുമല്ല. മലയാളത്തിനു കഷ്ടിച്ച് മാര്‍ക്ക് ലഭിക്കുമ്പോള്‍ ഹിന്ദിക്ക് വളരെയധികം മാര്‍ക്ക് സ്കൂളില്‍ തന്നെ ലഭിച്ചു. പക്ഷെ അന്ന് പഠിച്ച മണ്ടത്തരങ്ങള്‍ വടക്കെ ഇന്ത്യയില്‍ പലരും പഠിച്ചിട്ടില്ല! തുളസിദാസിന്റെയും മറ്റും 'ഘടി ബോലി' ഹിന്ദി പണ്ടെങ്ങോ സംസാരിച്ചിരുന്ന ഭാഷ! കേരളത്തില്‍ ഹിന്ദി എത്ര പഠിച്ചിട്ടും ഡല്‍ഹിയില്‍ ചെന്നു മൂന്നു കൊല്ലം കഴിഞ്ഞാണ് കുറച്ചെങ്കിലും ആവശ്യത്തിനു ഹിന്ദി പറയാന്‍ പഠിച്ചത്.
വളരെ നല്ല ലേഖനം.
ഹിന്ദിയെന്തിന് എന്നൊരു ചോദ്യം പറ്റില്ല. തമിഴ്നാട്ടിലുള്ളവർ, നോർത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോയാൽ ഇംഗ്ലീഷ് സംസാരിക്കുമോയെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അവർക്ക് ഹിന്ദി വേണ്ട. ഇംഗ്ലീഷ് വേണം താനും. ;)
മലയാളികൾ ഹിന്ദിയോട് അമിതതാല്പര്യം കാണിക്കുന്നുണ്ടെന്ന് തോന്നിയിട്ടില്ല. മലയാളം എത്ര എഴുതിയാലും മാർക്ക് വീഴില്ല. അതുകൊണ്ടും എളുപ്പം പഠിക്കാമെന്നുവെച്ചും കുട്ടികൾ ഹിന്ദിയുടെ വഴിക്ക് നടക്കുന്നു, ഹിന്ദിപ്രചാരസഭ പരീക്ഷ നടത്തുന്നതിൽ പങ്കെടുക്കുന്നു. മലയാളം അറിയേണ്ടേയെന്ന് ചോദിച്ചാൽ ഇനിയെന്തറിയാൻ, നമ്മൾ മലയാളികൾ തന്നെയല്ലേ, മലയാളം പറയുന്നു, എഴുതുന്നു, ഇനിയെന്തറിയാൻ? അല്ലെങ്കിൽ അതുകൊണ്ടെന്ത് കാര്യം എന്നൊക്കെയാണ്. കാര്യത്തിലാണല്ലോ കാര്യം.
ഭാഷയോട് സ്നേഹം വേണം. നമ്മുടെ മലയാളത്തിനോട്.
ലോകത്തുള്ള മലയാളികൾ മുഴുവൻ, മലയാളം നിർബ്ബന്ധമായും പഠിക്കണമെന്ന് ഒരുത്തരവ് ഇറക്കിയാൽ എത്ര ഹർത്താൽ ഉണ്ടാവും?
ഹിന്ദി ഹേ ഹം, ഹിന്ദി ഹേ ഹം. ;)
ഓഫ്:-
(കേരളത്തിൽ, സർക്കാർ ഓഫീസിലെ കമ്പ്യൂട്ടറിൽ യൂണിക്കോഡ് അധിഷ്ഠിത മലയാളം ഫോണ്ട് ഉപയോഗിക്കണംന്ന് ഉത്തരവു വന്നുവെന്ന് പത്രത്തിൽ വായിച്ചു).
ആഹാ ! ഒരു ദേശീയ ഭാഷ അതിന്റെ പ്രാദേശിക ഭാഷകളെ സ്വാധീനിക്കുന്നതിനെതിരെ സ്വല്പം ചിന്തിക്കുന്ന ഒരു ചേട്ടന്റെ പ്രതിഷേധം !
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണ് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ “ഇന്ത്യയിലെ 180-ഓളം ഭാഷകളില്‍ ഒന്നു മാത്രമായിരിക്കേണ്ട ഹിന്ദി“ എന്ന് ലേഖകന്‍ കണ്ടെത്തിയിരിക്കുന്നു.
“ഹിസ്റ്റീരിയ പിടിച്ചപോലെ വിദ്യാര്‍ത്ഥികള്‍ പിന്നാലെ ഓടുന്ന ഹിന്ദി, കുറച്ചദ്ധ്യാപകര്‍ക്കു തൊഴില്‍ നല്കുന്നുണ്ടാവാം. എന്നാല്‍ ഒരു ഭാഷാപഠനത്തിന്റെ ന്യായീകരണമായി അതു മതിയോ“ പോരേ ? കുറച്ചദ്ധ്യാപകര്ക്ക് തൊഴില്‍ നല്കുന്ന ഭാഷയാണല്ലോ മലയാളവും. വെള്ളെഴുത്തിന് അറിയുമോ എന്നറിയില്ല; നിലവില്‍ മലയാളത്തില്‍ എം.എ. ബി.എഡും സെറ്റും പാസാകുന്നതിനേക്കാള്‍ ഹിന്ദിയില്‍ എം.എ. ബി.എഡും സെറ്റും പാസായാകുന്നവര്ക്കാണ് ജോലി കിട്ടാന്‍ എളുപ്പം. അതിന്റെ കാരണവും ലളിതം - മലയാളം പഠിച്ചിറങ്ങിയവര്‍ നിലവില്‍ എണ്ണത്തില്‍ വളരെ കൂടുതലാണ്. മലയാളം പഠിപ്പിയ്ക്കാന്‍ ഞാനറിയുന്ന മാനേജ്മെന്റ് സ്കൂളുകളിലൊക്കെ എട്ടുപത്തുവര്ഷത്തോളമെങ്കിലും കാത്തിരുന്നേ പറ്റൂ.
ഇതിനിടെ “കേരളത്തില്‍ ഇന്ന് പത്താം തരത്തിനുശേഷം സ്വന്തം ഭാഷ കളഞ്ഞും ഹിന്ദി പഠിക്കാന്‍ മുളയുന്ന ഒരു വലിയ സമൂഹമുണ്ട്“ എന്നു വായിച്ചു. അതു മനസ്സിലായില്ല. ഹിന്ദി പഠിച്ചതുകൊണ്ട് സ്വന്തം ഭാഷ കളഞ്ഞെന്നോ ? ആര് ? എപ്പോള്‍ ? പത്തുകഴിഞ്ഞോ പ്രീഡിഗ്രി കഴിഞ്ഞോ കനപ്പെട്ട കോഴ്സിനൊന്നും പഠിയ്ക്കാനുള്ള റിസോഴ്സില്ലാത്ത പാവപ്പെട്ടത്തുങ്ങളാണ് വെള്ളെഴുത്ത് കളിയാക്കിയ മലയാളത്താന്മാര്. ഒരു ഉപജീവനത്തിനാണ് അതുങ്ങള് ഈ അളിഞ്ഞ ഭാഷ പഠിയ്ക്കുന്നത്. അതില്‍ പലരും ഹിന്ദി പ്രചാരസഭയുടെ ഒന്നോ രണ്ടോ കൊല്ലത്തെ കോഴ്സ് പോലും പൂര്‍ത്തിയാക്കാനാവാതെ കൂലിപ്പണിയിലേയ്ക്കും താത്കാലികജോലികളിലേയ്ക്കും തിരിയേണ്ടിവരുന്നത്ര ഗതികെട്ടവരാണ് എന്നുകൂടി മനസ്സിലാക്കിയിട്ട് പരിഹസിക്കുന്നത് നന്നായിരിക്കും.
“കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന വ്യാജേന, ഭരണഭാഷയായി, ദേശീയതയുടെ അടയാളമായി, അധികാരത്തിനുള്ള കുറുക്കുവഴിയായി“ ഇതിത്തിരി കട്ടിയായി. ചെന്നിത്തലയുടെ ഹിന്ദി പ്രസംഗം കേട്ടിട്ടി ഇന്ദിരാഗാന്ധിയ്ക്ക് ഇഷ്ടമായെന്നോ ? ഇപ്പോഴും convincing ആയി ഒരു നിലപാട് പറഞ്ഞ് കേള്‍ക്കുന്നവരെ ബോദ്ധ്യപ്പെടുത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുമോ എന്ന് സംശയമാണ്. ആ ചെന്നിത്തലയാണ് ഇന്ദിരാഗാന്ധിയെ ഹിന്ദി പറഞ്ഞ് ഇമ്പ്രസ് ചെയ്യുന്നത് ! അല്ലെങ്കില്‍ തന്നെ പ്രസംഗം കൊണ്ടോ ഉച്ചാരണം കൊണ്ടോ ഒരു മദ്രാസിയെ ഗോസായി ഇഷ്ടപ്പെട്ടു എന്ന് പത്രത്തില്‍ വായിച്ചാല്‍ വെള്ളെഴുത്തല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ ;)
“ഇംഗ്ലീഷ് പഠനം, ഹിന്ദിയേക്കാള്‍ സാര്‍വത്രികവും എളുപ്പവും ആയിരുന്നിട്ടും“ - ദേ പിന്നേം കോണ്ട്രഡിക്ഷന്. നേരത്തെ പറഞ്ഞത് ഹിന്ദി പഠിയ്ക്കുന്നത് മാര്‍ക്കുകിട്ടാന്‍ എളുപ്പമുണ്ടെന്നല്ലേ വെള്ളെഴുത്തേ ?
“ഇന്ത്യ എന്ന വികാരത്തിന്റെ ചലനങ്ങള്‍ ആവിഷ്കരിക്കാനും ഉപദേശീയതകളിലേയ്ക്കു പകരാനും അതുകൊണ്ട് ഹിന്ദി ഒരനിവാര്യതയായിരുന്നു“ ഇതു സമ്മതിച്ച സ്ഥിതിയ്ക്ക് ഈ പോസ്റ്റ് ഒരു വേസ്റ്റായല്ലോ. ശ്രദ്ധിച്ചിട്ടുണ്ടാവും, നല്ല ഗമയില്‍ ബ്രിട്ടീഷ്/അമേരിക്കന്‍ ആക്സന്റടിച്ചു സമ്പ്രേഷണം തുടങ്ങിയ പല വിദേശക്കുത്തകമാദ്ധ്യമങ്ങളും ഇപ്പോള്‍ ആങ്കറിംഗും പ്രൊമോകളും ഹിന്ദിയിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ‘രക്ഷാബന്ധനും ഹോളിയും പോലുള്ള ഉത്സവങ്ങളെ ക്യാമ്പസ്സുകള്‍ കാര്യമായി എടുത്തുതുടങ്ങുന്നത്“ - രക്ഷാബന്ധനും ഹോളിയുമൊക്കെ കോളേജുകളിലും പുറത്തും ആഘോഷമാകുന്നത് അതിലെ പുതുമ കൊണ്ടും ഫെസ്റ്റിവിറ്റി കൊണ്ടും ഒക്കെയായിരിക്കണം; അല്ലേ ? വാലന്റൈന്‍സ് ഡേ ബോംബേയിലും പുതുമയായതും ഗ്രീറ്റിംഗ്സ് കാര്‍ഡ് വച്ച കോമ്പ്ലക്സുകള്‍ തല്ലിപ്പൊട്ടിയ്ക്കാന് മണ്ണിന്റെ മക്കള്‍ ചെന്നതും ഓര്‍ക്കുമല്ലോ.
“ഹിന്ദി സംസാരിക്കുന്നത് വിപ്ലവപ്രവര്‍ത്തനവും ഒരു ക്രെഡിറ്റുമൊക്കെ ആകുന്നു“ എന്ന പുതിയ അറിവിനു നന്ദി രേഖപ്പെടുത്തുന്നു. ഞാനറിഞ്ഞിരുന്നില്ല. എന്റെ അമ്മ ഹിന്ദി അദ്ധ്യാപികയായിരുന്നു. ഇതുകൊണ്ടാണല്ലേ അമ്മയുടെ സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഞാനവിടുത്തെ ഹീറോ ആയിരുന്നത് ! എന്റെ സഹോദരി ഇപ്പോള്‍ ഹിന്ദി അദ്ധ്യാപികയാണ്. അവളെ വിളിയ്ക്കുമ്പോള്‍ പറയുന്നുണ്ട്.
ഏറ്റവും ചിരിപ്പിച്ച വാചകം
“സ്വത്വത്തെക്കുറിച്ചുള്ള അഗാധമായ ബോധത്തില്‍ നിന്നുണ്ടായതാണ് തമിഴന്റെ ചില ചെറുത്തുനില്‍പ്പുകള്‍. ഇതു മനസ്സിലാവാതെയാണ് നമ്മുടെ വക്രിച്ച ചിരി“ തമിഴര്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിനിടെ ഡെല്‍ഹിയ്ക്കുള്ള ട്രെയിന്‍ വരെ കത്തിച്ചത് അഗാധമായ ബോധത്തില്‍ നിന്നാണെന്ന്. എന്നെക്കൊണ്ടുമേല.
വിശദമാക്കട്ടെ. ഏതെങ്കിലും വഴിയ്ക്ക് ജോലികണ്ടെത്തിയാല് മതിയെന്നുള്ള ലെസ് ഫോര്ചുനേറ്റിന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള ഒരു ടൂളാണ് ഹിന്ദി. ടൂള്‍. പൊക്കം കുറഞ്ഞവര്‍ക്ക് സ്റ്റൂള് പോലെ. അതു പഠിച്ചതുകൊണ്ട് ആരും മലയാളത്തെ മറക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഡെല്ഹിയിലോ ബോംബേയിലോ ബാംഗളൂരില്‍ പോലുമോ പണിയന്വേഷിച്ച് ചെല്ലുമ്പോള്‍ ഹിന്ദി ഇഷ്ടപ്പെട്ട് പഠിച്ചിട്ടുള്ളവര്‍ക്ക് തുടക്കം വളരെ എളുപ്പമാണ്. പിന്നെ മേല്‍പ്പറഞ്ഞ ഹിന്ദി S.E.T. എഴുതിയെടുത്താല്‍ നാട്ടില്‍ ജോലി കിട്ടാനുള്ള സാദ്ധ്യതയും മറക്കണ്ട.
{ബാക്കി സവാല്/ജവാബ് ചൌബീസ് ഘണ്ടേ മെ}
കേരളത്തിന്റെമേല്‍ ഉത്തരേന്ത്യന്‍ സംസ്ക്കാരം നേടുന്ന ആധിപത്യത്തിന്റെ ഭാഗമാണ് ഹിന്ദിയുടെ കടന്നുകയറ്റവും എന്ന് എനിക്ക് തോന്നുന്നു. “ഹിന്ദി പഠിച്ചാല്‍ മാര്‍ക്കു കൂടുതല്‍ കിട്ടും”/“ബോംബെയിലും ഡല്‍ഹിയിലും ഗുമസ്ഥനാവാന് എളുപ്പമാണ്” എന്നപോലെയുള്ള അവസ്ഥകള്‍ സൃഷ്ടിക്കുക വഴി നമ്മുടെ സര്‍ക്കാര്‍ എക്കാലവും അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. മുഖ്യധാരയിലെ മലയാളിയുടെ പേരുകളിലും വസ്ത്രധാരണരീതികളിലും ആഘോഷങ്ങളിലും ഭക്ഷണരീതിയിലും വരെ ഒരുതരം ‘ഹിന്ദിവല്ക്കരണം‘ ഉണ്ടല്ലോ. അതിനെതിരെ ഒരു ചെറുത്തുനില്‍പ്പ് അസാധ്യമാണെന്നു തോന്നുന്നു. ഒരു മലയാളി അസോസിയേഷന് പരിപാടിയില്‍ കുര്‍ത്തയും പൈജാമയും അണിഞ്ഞുവരുന്ന അഴകിയ രാവണന്മാരുടെ എണ്ണം മാത്രം എടുത്താല്‍ മതി കാര്യങ്ങള്‍ എത്ര പിടിവിട്ടെന്നറിയാന് :)
പുട്ടും കടലയുമൊക്കെപ്പോലെയുള്ള നാടൻഭക്ഷണം കഴിയ്ക്കാനാഗ്രഹിച്ച് കേരളത്തിലെ ഹോട്ടലുകൾ സന്ദർശിയ്ക്കുന്ന പ്രവാസികളുടെ ഗതികേടറിയാത്തവരുണ്ടാകില്ല.
തമിഴന്റെ ‘താലിമാഹാത്മ്യവും’ഉത്തരേന്ത്യന്റെ ‘സിന്ദൂരരേഖ’യും,തപാൽക്കവറിലെ മുദ്രപോലെ
ശിരസ്സാവഹിച്ച പെണ്മലയാളത്തിനെയും ഓർക്കാതെവയ്യ.
അടിസ്ഥാനപരമായി മലയാളിയുടെ രക്തത്തിൽക്കലർന്നുപോയ ഒരപകർഷതാബോധമുണ്ട്.അതിൽനിന്ന് രക്ഷപ്പെടാനാകില്ലെങ്കിൽ,ഒരിരുപത്തിയഞ്ച് കൊല്ലത്തിനപ്പുറം നമുക്ക് മലയാളിയുടെതെന്ന് പറയാൻ ബാക്കിയുണ്ടാകുക,ഒരുപക്ഷെ നമ്മുടെ സാഹിത്യം മാത്രമാകും.
ഹിന്ദിക്ക് മാര്‍ക്ക് കൂടുതല്‍ ലഭിക്കും എന്നത് പ്രീഡിഗ്രി കാലത്ത രണ്ടാം ഭാഷയായി ഹിന്ദി എടുക്കാന്‍ ബഹു ഭൂരിപക്ഷത്തേയും പ്രേരിപ്പിച്ചിരുന്നത്. അതു പോലെ മലയാളം ഭാഷാ പഠനം DPEP കാലഘട്ടത്തിന് മുന്‍പ് കടുകട്ടിയായിരുന്നു എന്നതും ഒരു കാരണമെന്ന് കരുതാം. വൃത്തവും അലങ്കാരം സന്ധിയും സമാസവും ഒക്കെച്ചേര്‍ന്ന് കണക്കിലും വലിയ ക്രിയകളായിരുന്നു മലയാളത്തില്‍ നിലനിന്നുരുന്നത്. അത് മനസിലാക്കാന്‍ ബഹു ഭൂരിപക്ഷത്തിനും കഴിയാത്ത രീതിയിലുള്ള ഒരു പഠന ക്രമമല്ലായിരുന്നു അക്കാലത്ത് നില നിന്നുരുന്നത്. ഒരു ഇടത്തരം സര്‍ക്കാര്‍ ഏയ്ഡഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം പേപ്പറിന് കുട്ടികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് ഒരു Test Case ആയി എടുത്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. എന്നാല്‍ ഹിന്ദിയിലേക്ക് വന്നാല്‍ 10 ആം ക്ലാസില്‍ കാണാപ്പാഠം അല്‍ഗോരിതം നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പരീക്ഷയാണ് ഹിന്ദി. കുറേ ചോദ്യോത്തരങ്ങളും പദ്യങ്ങളും മനപ്പാഠമാക്കിയാല്‍ 50 ഇല് 35 to 40 മാര്‍ക്ക് വാങ്ങാന്‍ പാകത്തിനാണ് ഹിന്ദി ഭാഷാ പഠനം നിലനിന്നിരുന്നത്. എന്നാല്‍ ഇത് മലയാളത്തില്‍ 25 to 35 എന്ന രീതിയിലായിരുന്നു.
10 ആം ക്ലാസ് വിദ്യാഭ്യാസം കഴിയുന്ന ഒരു വിദ്യാര്‍ത്ഥി മലയാള ഭാഷ തുടര്‍ന്ന് പഠിക്കാതിരിക്കാനുള്ള ഒരു കാരണം ഈ മലയാള ക്രിയകളില്‍ നിന്നുള്ള മോചനം പ്രതീക്ഷിച്ചു കൂടിയാണ്. എന്നാല്‍ പ്രീഡിഗ്രി ലെവലില്‍ ഇത്തരം വൃത്ത അലങ്കാര ക്രിയകളല്ലാ എന്ന് അവര്‍ അറിഞ്ഞിരുന്നുമില്ല.
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ് എന്നാണ് നമ്മളെ പഠിപ്പിക്കുന്നത്. രാഷ്ട്രഭാഷ എന്നാല്‍ ഇംഗ്ലീഷില്‍ National Language എന്ന് പറയുന്നതാണ് എങ്കില്‍ ഭരണഘടനാ പ്രകാരം ഹിന്ദി ഇന്ത്യയുടെ അനേകം രാഷ്ട്രഭാഷകളില്‍ / National Languages ല്‍ ഒന്ന് മാത്രമാണ് എന്നാണ് അറിവ്. ഇന്ത്യ രാഷ്ട്രഭാഷകളായി അല്ലെങ്കില്‍ national languages ആയി അംഗീകരിച്ച ഭാഷകളില്‍ മലയാളവും, തമിഴും, കന്നടയും, തെലുഗുവും, ബംഗാളിയും, മറാട്ടിയും ഒക്കെ പെടും എന്നറിയുന്നു. പിന്നെ ഹിന്ദിയുടെ പ്രത്യേക പദവി എന്നത്, അത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ് എന്നതാണ്. എന്നാല്‍ ഹിന്ദിക്കൊപ്പം , ഇംഗ്ലീഷിനും, ഇന്ത്യയില്‍ ഔദ്യോഗിക ഭാഷ എന്ന പദവി കൊടുത്തിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. അപ്പോള്‍ പിന്നെ ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ എന്ന് പഠിപ്പിക്കുന്നത്, ശരിയാണൊ? അത് ഹിന്ദി മാത്രമാണ് നമ്മുടെ രാഷ്ട്രഭാഷ എന്ന ഒരു തോന്നല്‍ നമ്മളില്‍ ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം പഠിപ്പിക്കുന്നതാണോ? അതോ, ഹിന്ദി, ഹിന്ദു , ഹിന്ദുസ്ഥാന്‍ എന്ന അജണ്ട ഒളിച്ചു കടത്താന്‍ ഉള്ള ഒരു ശ്രമമാണൊ ഇത്?
വെള്ളെഴുത്ത് പറഞ്ഞത് പോലെ ശ്രീ ഓ വി വിജയന് ഇതിനെ പറ്റി ഒരുപാട് ചിന്തിച്ചിരുന്നു എന്നറിയാം. ഒരു ഔദ്യോഗിക ഭാഷയും (ഹിന്ദി)ഇരുപത്തിരണ്ട് ഇന്ത്യകളും വേണോ? അതോ, ഇരുപത്തിരണ്ടോ, അധിലധികമോ ഭാഷകളും, ഒരൊറ്റ ഇന്ത്യയും വേണോ എന്നതാണ് പ്രസക്തമായ ചോദ്യം എന്ന മട്ടില്‍ അദ്ദേഹം പണ്ട് മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതിയത് ഓര്‍മ്മ വരുന്നു.
നിരുത്തരവാദപരമായ ഒരു കമന്റ്
എനിക്ക് ഹിന്ദി ഇഷ്ടാ.. തമിഴും ...
സമയം കിട്ടിയാല്‍ ഞാന്‍ ഇതു രണ്ടും പഠിക്കും.
പഠിക്കുന്നതു ജോലി കിട്ടാനാണെന്ന ധാരണയില്‍ നിന്നാണു പലരുടേയും മുകളിലെ കമെന്റുകള്‍. സ്കൂള്‍/കോളേജ് പഠനം ജോലി കിട്ടാനുള്ള ഉപാധിയായി അധപതിച്ചതു തന്നെയാണു നമ്മള് നേരിടുന്ന വലിയ പ്രതിസന്ധിയും. അതിനോടൊപ്പം വിദ്യാഭ്യാസം എന്നതു അമേരിക്കയിലേക്കും, ബ്രിട്ടണിലേക്കും, ഓസ്ട്രേലിയിലേക്കും ഒക്കെ കുടിയേറാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ സ്വന്തം ഭാഷയെക്കുറിച്ച് ആകുലപ്പെടാന്‍ സമയമെവിടെ.
ഹിന്ദി ,മറ്റുള്ള ഭാഷകളെ എങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു എന്നറിയണം എങ്കില്‍ ഉത്തരേന്ത്യയിലേക്കുയിലേക്കു തന്നെ വരണം. ഭോജ് പൂരി, ഗുജറാത്തി, പഞ്ചാബി, മറാത്തി, ഒറിയ തുടങ്ങിയ പല ഭാഷകളേയും ഹിന്ദി പതുക്കെ കൊന്നു കൊണ്ടിരിക്കുകയാണു. ദേശീയത എന്ന വ്യാജബോധം കുത്തി വെച്ച് അതിനു ഒരു ഔദ്യോഗിക പരിവേഷവും കൊടുത്തിരിക്കുന്നു.
മഹാരാഷ്ട്രയില്‍, മറാത്തി എന്ന ഭാഷ ഇപ്പോള്‍ തന്നെ ബോംബെ, പൂനെ പോലുള്ള നഗരങ്ങളില്‍ നിന്നു അപ്രത്യക്ഷമായിരിക്കുന്നു. ആ ജനത തന്നെ അതിനെക്കുറിച്ചു ബോധവാന്മാരല്ല എന്നു വരുമ്പോള്‍ അതിന്റെ ആഘാതം വര്‍ദ്ധിക്കുന്നു. മഹാരാഷ്ട്ര ഭരണകേന്ദ്രത്തിലെ ഭാഷ ഹിന്ദിയാക്കണം എന്നു വാദിക്കുന്ന ഭരണാധിപന്മാര് കൂടി ഇവിടെ ഉണ്ട് എന്നതോര്‍ക്കുമ്പോള്‍ (ഇതു പഴയ സംഭവം അല്ല, വെറും ആറു മാസം മുന്‍പ് നടന്നതാണു) ഹിന്ദി എത്രത്തോളം മഹാരാഷ്ട്രയില്‍ ആധിപത്യം നേടി എന്നു മനസ്സിലാകും.
ഭാഷയുടെ കാര്യം എടുത്താല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാഷയാണെങ്കിലും നൂറ്റാണ്ടുകളായി ഉപയോഗിച്ചു കൊണ്ടിരുന്ന മോഡി ലിപി എന്ന ലിപി പോലും കാത്തുസൂക്ഷിക്കാന്‍ മറാത്തി ജനതയ്ക്കു കഴിഞ്ഞില്ല. അതും ദേശീയതയുടെ പേരിലും സാങ്കേതികതയുടെ പേരിലും ദേവനാഗരിക്കു അടിയറ വെച്ചു. പറഞ്ഞ കാരണം ആയിരുന്നു ബഹുരസം. അച്ചു നിരത്താന്‍ ഉള്ള ബുദ്ധിമുട്ട്.
ടൈപ്പറൈറ്ററിനു വേണ്ടി നമ്മുടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ചതും സൌകര്യത്തിനു വേണ്ടി മലയാളം അക്കങ്ങളുടെ ഉപയോഗം ഉപേക്ഷിച്ചതും ഒക്കെ ഇതിനോടു കൂട്ടി വായിക്കാം. അച്ചു നിരത്താന്‍ ഉള്ള ബുദ്ധിമുട്ടാണു ഒരു ലിപിയെ മാറ്റുന്നതിനുള്ള കാരണം എങ്കില്‍ ചൈനീസ്, ജപ്പാനീസ് ലിപികള്‍ ഒക്കേ എന്നെ മൃതിയടങ്ങേനെ. 1940കളില്‍ ആയിരുന്നു ഇങ്ങനെ അച്ചു നിരത്താന്‍ വേണ്ടി നിലവില്‍ 6 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷയുടെ എഴുത്തു രൂപത്തെ ദേവനാഗരിക്കു അടിയറ വെച്ചത്.
സത്യത്തില്‍ മറാത്തി എഴുതാന്‍ ദേവനാഗരി ലിപി ഉപയോഗിക്കുന്നിടത്തു തുടങ്ങുന്നു മറാത്തിയുടെ മേല്‍ ഹിന്ദിയുടെ നീരാളിപ്പിടുത്തം. ഇപ്പോള്‍ മുംബൈ, പൂനെ പോലുള്ള നഗരങ്ങളില്‍ മറാത്തിക്ക് ഹിന്ദിക്കും ഇംഗ്ലീഷിലും പിന്നിലാണു സ്ഥാനം. അമേരിക്കയിലും ബ്രിട്ടണിലും ആസ്ട്രേലിയലും ഒക്കെ സെറ്റില്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെ ജീവിതം മുന്നോട്ടു നീക്കുന്ന മറാത്തി ജനതയ്ക്കു സ്വന്തം ഭാഷയെക്കുറിച്ചു ഓര്‍ക്കാന്‍ എവിടെ സമയം. മോഡി എന്ന അവരുടെ തനതു ലിപിയെക്കുറിച്ച് നഗരങ്ങളില്‍ പാര്‍ക്കുന്ന മിക്കവാറും മറാത്തികള്‍ക്ക് അറിയുക തന്നെയില്ല.
ഇപ്പോള്‍ ശുദ്ധ മറാത്തി കേള്‍ക്കണമെങ്കില്‍ മഹാരാഷ്ട്രയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോകണം എന്ന അവസ്ഥയാണു. ട്രെക്കിങ്ങിനും മറ്റും പോകുമ്പോള്‍ ഇങ്ങനെ കാണുന്ന ഗ്രാമീണര്‍ക്കു ഒട്ടുമേ ഹിന്ദി അറിയില്ല എന്നതു എന്നെ സന്തൊഷവാനാക്കാറുണ്ട്. :)
6 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയൊക്കെയാണെങ്കിലും, സിനിമ എന്നതു ഇവരുടെ പ്രധാന വിനോധോപാധി ആണെങ്കിലും, മറാത്തി സിനിമ എന്ന ഒരു പ്രസ്ഥാനം കാണണം എങ്കില്‍ മഷിയിട്ടു നോക്കണം. അത്രത്തോളം ശുഷ്ക്കമാണു മറാത്തി സിനിമ. ബോളീവുഡ് സിനിമ ഭാഷയ്ക്കു പുറമേ അവരുടെ ഒരു കലാരൂപത്തെ തന്നെ കൊന്നിരിക്കുന്നു. ഇറങ്ങുന്ന വിരലെണ്ണാവുന്ന പടംങ്ങളാനെങ്കില് മൂന്നാംകിട ബോളീവുഡ് പടങ്ങളുടെ റീമേക്കും. മറാത്തി തീയേറ്റര്‍ (നാടകങ്ങള്‍) വളരെ സജീവമാണു എന്നതു മറക്കുന്നില്ല. പക്ഷെ ഹിന്ദി നാടകങ്ങള്‍ സജീവമല്ല എന്നതു കൂട്ടി വായിക്കുമ്പോള്‍ അതിന്റെ കാരണം പിടികിട്ടും.
ഹിന്ദിയുടേയും ദേവനാഗരി സ്ക്രിപിന്റേയും അധിനിവേശം മറാത്തിയില്‍ ഒതുങ്ങുന്നില്ല. ഭോജ്പൂരി, ഒറിയ, ഗുജറാത്തി പഞ്ചാബി എന്നീ ഭാഷകളിളും ചില വടക്കു കിഴക്കന്‍ ഭാഷകളിലും ദേശീയതയുടെ പേരിലും ആര്യവല്ക്കരണത്തിന്റെ പേരിലും ഒക്കെ അധിനിവേശം നടക്കുകയാണു. ഉത്തരേന്ത്യയിലെ ഹിന്ദിവല്ക്കരണം പൂര്‍ത്തിയായാല്‍ പിന്നെ തെക്കെ ഇന്ത്യകാര്‍ക്കു നോക്കാന്‍ ഒരു മാതൃകയാവും. ആ അധിനിവേശം പൂര്‍ത്തിയാകാന്‍ നോക്കിയിരിക്കുന്ന പലരും ഉണ്ടെന്നാണു മുകളിലെ പല കമെന്റുകളും സൂചിപ്പിക്കുന്നതു.
ഹിന്ദിയും ഹിന്ദുവും എന്നതിലൊക്കെ ഉപരിയായി, നമുക്ക് ഇന്ത്യാക്കാരായിക്കൂടെ ?
വർഗ്ഗ മത വിദ്വേഷത്തിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇനി ഒരു ഭാഷാപ്രശനം കൂടി ചോര ഒഴുക്കാതിരിക്കട്ടെ.
ആശയ സംവേദത്തിനും ആസ്വാദനത്തിനും ഉള്ളതായിതീരട്ടെ ഭാഷ.എല്ലാ ഭാഷയിൽനിന്നും സംസ്ക്കാരത്തിൽ നിന്നും നല്ലത് കൊള്ളുന്നതിനും,കൊള്ളാത്തത് തള്ളുന്നതിനുമുള്ള വിവേകം എല്ലാ മനുഷ്യർക്കും ഉണ്ടാകട്ടെ.
മനുഷ്യൻ അവൻ ഇഷ്ടമുള്ള ഭാഷ സംസാരിക്കട്ടെ.ഇഷ്ടമുള്ള ഭക്ഷണം ഭക്ഷിക്കട്ടെ.ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. അതിനുള്ളിലുള്ള അവരുടെ മനസ്സുകൾ തമ്മിൽ കൂടുതൽ അടുക്കട്ടെ.
ആശംസകൾ....
ഏകലോകം, ഏകഭാഷ ഈ സങ്കല്‍പ്പങ്ങളൊക്കെ അരാജകത്വത്തിലേക്കുള്ള എളുപ്പവഴികളാണു. ഏകത്വമല്ല ലോകത്തെ നിലനിര്‍ത്തുന്നതു. മറിച്ച് നാനാത്വമാണു. ഭാരതത്തിന്റെ കാര്യത്തിലും കഥ വ്യത്യസ്തമല്ല.
we should learn all languaes but not to forget our own..........
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാറില്‍ നിന്നും യു.പി.യില്‍ നിന്നും മൊത്തത്തില്‍ അരുണാചലില്‍ ഇറക്കുമതി ചെയ്ത ടീച്ചര്മാര് ഭൂരിപക്ഷം പേരും ഗ്രാമങ്ങളില്‍ (ഇംഗ്ലീഷ് അടക്കം) ഇംഗ്ലീഷ് മീഡിയം സബ്ജക്റ്റുകള്‍ ഹിന്ദിയിലാണ് പഠിപ്പിച്ചിരുന്നത്. (അതാണ് സ്റ്റാന്‍ഡേര്‍ഡ്). അതുകൊണ്ടെന്താ, ചെറുപ്പത്തില്‍ തന്നെ പിള്ളാര് ഹിന്ദി നല്ലപോലെ പറയാന്‍ പഠിച്ചു.
ഇന്നത്തെ പുതുതലമുറക്ക് ഇംഗ്ലീഷും ഹിന്ദിയുമേ വശമുള്ളൂ.
അതിനാല്‍ തന്നെ അവരുടെ മൊഴിഭാഷക്ക് ലിപിയുണ്ടാക്കാനും അത് പ്രൈമറി തലത്തില്‍ പഠിപ്പിക്കാനുമാണ് ഇപ്പോള്‍ അധികൃധര്‍ ശ്രദ്ധിക്കുന്നത്.
പിന്നെ, ആസ്സാമിലെ ഭാഷ ആസ്സാമിയാണെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളൊഴിച്ച്, മിക്കയിടങ്ങളിലും ഹിന്ദിയില്‍ സംസാരിച്ചാല്‍ കാര്യങ്ങള്‍ നടക്കും. അത്രക്കുണ്ട് ഹിന്ദിയുടെ പ്രഭാവം. ടി.വി.യൂടെയും ഹിന്ദി സിനിമ/സീരിയലുകളുടെ പ്രഭാവം അത്രക്കുണ്ട്.
മലയാളോം ഹിന്ദീം ഇംഗ്ലീഷും തമിഴും പറയാന്‍ മിക്ക കേരളീയനെക്കോണ്ടും പറ്റും... ഇത്രേം മതി ജീവിച്ചു പോകാന്‍.. പിന്നെ അതാതു ഭാഷേടെ സ്വന്തകാര്‍ കുറെ തിണ്ണ മിടുക്കു പറെയും, പിന്നെ മലയാളത്തില്‍ ബിരുസ, ബിരുദാനന്തര ബിരുദം ഒക്കെ എടുക്കാന്‍ പോകുന്നവര്‍ ഏതെങ്കിലും മേഖലയില്‍ ജോലി ഉറപ്പെന്നു കണ്ടിട്ട് വേണം നീങ്ങാന്‍, ഭാഷ നമ്മുടെതു തന്നെ, പക്ഷേ നാളെകള്‍ നമ്മുടേതാണെന്ന് മുങ്കൂട്ടിക്കാണണം...
മലയാളത്തില്‍ ഡോകടറേറ്റ് ഉള്ള ആളോട്, നമ്മടെ മരോമമ പത്രം എഡിറ്ററായി ഇന്റ്ര്വ്യൂനു നിരസിച്ചേന്റെ കാരണം പറഞ്ഞത് ബിരുദങ്ങള്‍ മലയാളത്തിലഅണെന്നാണ്. ആശാന് മടിക്കാതെ ടൈംസ് ഓഫ് ഇന്തൈഏല് അപേക്ഷിച്ചു, ജോലീം കിട്ടി..
നല്ല ലേഖനം...
ഗള്‍ഫില്‍ വന്ന ആദ്യകാലങ്ങളില്‍ ഹിന്ദി അറിയാത്ത ഇന്ത്യക്കാരനോ എന്നാശ്ചര്യത്തോടെ ചില അറബികളും (ഒട്ടേറെ അറബികള്‍ക്ക് ഹിന്ദി നന്നായിട്ടറിയാം) അല്പം പുച്ഛത്തോടെ ഹിന്ദി ബെല്റ്റുകാരും (അവര്‍ക്ക് ഹിന്ദി മാത്രേ അറിയു) മുഖം ചുളിക്കുമായിരൂന്നു, അവരോടൊക്കെ ഹിന്ദി കൂടാതെ ഒരുപാട് ഭാഷക്കാര്‍ ഉള്ള ഒരിടമാണ് ഇന്ത്യയെന്നും കേരളീയര്‍ക്ക് ഹിന്ദി അറിയേണ്ടത് ഒരത്യാവശ്യ ഘടകമല്ലെന്നും പറ്റുന്ന വിധത്തില്‍ പറഞ്ഞൊപ്പിക്കുമായിരുന്നു.
സങ്കുചിതന്:
എന്റെ കല്യാണക്കുറി ഭാര്യവീട്ടുകാര്‍ പ്രിന്റ് ചെയ്തപ്പോള്‍ പേരിന്റെ അവസാനമുള്ള “ന്” മാറ്റി “ര്‍” ആക്കിയിരുന്നു. കുമാരന്-കുമാര്‍ പോലെ. കല്യാണം കഴിഞ്ഞ് വൈകുന്നേരമാണ് ഞാനിതു കാണുന്നത്. എന്റെ പേരു തന്നെയോ ഇത്? നേരത്തെ ഒരു കല്യാണം കഴിഞ്ഞിരുന്നോ എന്ന് ഭാര്യയോടു ചോദിക്കണമെന്നു തോന്നി.
എതിര് കതിരവ്
ഹിന്ദി ഭാഷാപരമായ അധിനിവേശം എത്രകണ്ട് നടത്തിയാലും ഒരിക്കലും കീഴടക്കാനാകാത്ത ചില മഹാമേരുക്കളുണ്ട്. എന്നേപ്പോലെയുള്ള ടെക്നിക്കല്‍ സ്കൂള്‍ നിര്‍മ്മിതികള്‍! 'യെഹ് ക്യാഹെ?' 'യെഹ് കലം ഹെ!' ഇവിടം കൊണ്ടൊക്കെ അവസാനിക്കുന്നു എന്നെപ്പോലെയുള്ള ആയിരക്കണക്കില്‍ സാങ്കേതിക വിദ്യാലയങ്ങളില്‍ അന്ചാം തരം മുതല്‍ അല്ലെങ്കില്‍ എട്ടം തരം മുതല്‍ പഠിച്ചു തുടങ്ങിയവരുടെ ഹിന്ദി പരിജ്ഞാനം. പിന്നെ കേവലം 30% ആള്‍ക്കാര്‍ക്ക് മാത്രം സംസാരിക്കുന്ന ഹിന്ദി പഠിച്ചില്ലെങ്കിലും ഒരു ചുക്കും സമ്ഭവിക്കാനില്ലെന്ന് യാതാര്‍ഥ്യം അനുഭവത്തിലൂടെ പഠിച്ചു.. ഇനി ആരെങ്കിലും അധവാ മാര്‍ക്കിനു വേണ്ടിയോ ഒരു ജോലിക്കു വേണ്ടിയോ ഹിന്ദി പഠിക്കുന്നവരെ അങ്ങനെയങ്ങ് കുറ്റം പറയാന്‍ കഴിയില്ല. കിരണ്‍ സൂചിപ്പിച്ചതുപോലെ അത്ര കണ്ടുണ്ടായിരുന്നു വിഗ്രഹിക്കലും, സന്ധി വേദനയുണ്ടാക്കുന്ന സന്ധിയും സമാസവും, പിന്നെ വൃത്തവും ചതുരവുമൊക്കെ. എന്റെ സ്കൂളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് തോറ്റിരുന്ന വിഷയവും മാതൃഭാഷയ്ക്കുതന്നെയായിരുന്നു. ഇനി ആരെങ്കിലും സ്കൂള്‍ മുതല്‍ ഡിഗ്രിയോ അതിനപ്പുറമോ ഹിന്ദി പഠിച്ചാലോ അവര്‍ ഹിന്ദിയില്‍ സംസാരിച്ചുകളയും എന്ന ഭയമൊന്നും വേണ്ട! അങ്ങനെയെങ്കില്‍ പതിനൊന്നുകൊല്ലം ഇംഗ്ളീഷ് പഠിച്ച ഡിഗ്രിക്കാരന് സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഇംഗ്ളീഷ് സംസാരിച്ചേനെ! ഏതെങ്കിലും ഭാഷാ, സാംസ്കാരിക അധിനിവേശത്തെ പുല്കാന് വേണ്ടി മാത്രം ആരെങ്കിലും മറ്റേതെങ്കിലും ഭാഷയ്ക്ക് കീഴ്പെടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അവനവനെന്തുഗുണം എന്നതിനെആശ്രയിച്ചായിരിക്കും കുറഞ്ഞ പക്ഷം മലയാളികളെങ്കിലും അത്തരമൊരു മാറ്റത്തിന് നിന്നുകൊടുക്കുക. അത്തരത്തില്‍ നോക്കിയാല്‍ ഹിന്ദി ആകെ സമൂലം മലയാളികളെ അധിനിവേശിച്ചുകളയുമെന്നൊന്നും തോന്നുന്നില്ല. പകരം ഇംഗ്ളീഷിനാണ് ആ സാധ്യത കാണാവുന്നത്. എന്തുകൊണ്ട്ന്നാല് അതു പഠിച്ചലോ അതു സമ്സാരിക്കാന്‍ കഴിഞ്ഞാലോ ഒരു പക്ഷേ നാളെ സുരക്ഷിതമായേക്കുമ്. മറ്റൊരു ഭാഷയ്ക്കും ഇന്ന് അത് ഉറപ്പുവരുത്താനാകില്ല തന്നെ.ചൈന പോലും ആദിശയിലേക്ക് മുന്നേറാന്‍ തുടങ്ങിക്കഴിഞ്ഞു. പിന്നെ അറിഞ്ഞൂടാത്തതുകൊണ്ട് പറയുകയല്ല, പണ്ടേയില്ല ഗോസായിമാരുടെ ഭാഷയോട് തല്പര്യം! അവരുടെ വരേണ്യമനസ്ഥിതിയോടും. ഈ പറയുന്ന ഗോസായിമാരുടെ ഹിന്ദിയും നാളെ ഇംഗ്ളീഷിനു വഴിമാറിക്കൊടുക്കില്ലെന്ന് ആരറിഞ്ഞു? അപ്പോഴും ചിലപ്പോള്‍ തമിഴ് പിടിച്ചുനിന്നേക്കാം. പിന്നെ ആശാഭോസ്ലേയുടെയും മറ്റും തമിഴ് പാട്ടുകളുടെയൊക്കെ കഥ കഴിഞ്ഞുപോയി. ഇന്നിപ്പോള്‍ ഗൊസായിമാറ്ക്കിടയില് പോലും റഹ്മാനാണ് തരംഗം! ഹിന്ദി സിനിമകളേക്കാളും 'തോനേ' കോടികള്‍ മുടക്കുന്നതും അത് തിരിച്ചുപിടിക്കുന്നതിലും ഇന്ന് കോളീവുഡ് തന്നെയാണ് മുന്നില്‍! കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിലും, പുതിയ സാങ്കേതിക വിദ്യകള്‍(ആവശ്യമില്ലെങ്കിലും) ഉപയോഗിക്കുന്നതിലും.
ഹിന്ദി ഇന്‍ഡ്യയുടെ രാഷ്ട്ര ഭാഷ എന്നൊക്കെ പറ്യുന്നതിനോട് യോജിപ്പില്ല. ഹിന്ദിയേക്കാള്‍ കൂടുതലായി ഇന്ന് ഇന്‍ഡ്യയില്‍ ഇംഗ്ളീഷ് സംസാരിക്കാന്‍ അറിയാവുന്നവരുള്ളാപ്പോള് തീര്‍ച്ചയായും ഇംഗ്ലീഷായിരുന്നു രാഷ്ട്രഭാഷയാകേണ്ടത്. ലോകത്തില്‍ തന്നെ അമേരിക്ക കഴിഞ്ഞാല്‍ ഇന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യം ഇന്ഡ്യയാകുമ്പോള് പ്രത്യേകിച്ചും! (Ref: http://en.wikipedia.org/wiki/List_of_countries_by_English-speaking_population)നമ്മെ ഇംഗ്ളീഷുപഠിപ്പിച്ച ബ്രിട്ടീഷുകാര്‍ പോലും ഇന്ന് ഇംഗ്ളീഷിന്റെ കാര്യത്തില്‍ നമുക്ക് പിന്നിലേ വരൂ എന്നോര്‍ക്കുമ്പോള്‍... ഹോ!
ഓടോ: പണ്ട് കായം കുളം എംഎസ്.എം കോളേജിനെ ഓഫീസില്‍ എന്തോ കാര്യമന്വേഷിച്ച് നില്ക്കുമ്പോള്( അന്ന് പ്രീഡിഗ്രിയുള്ളകാലം, കേരളയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള കോളേജും) പൊതുവില്‍ വളരെയധികം തിരക്കുള്ളഓഫീസില് സ്വതവേ മുരടനായ ക്ളറ്ക്കിന്റെ മുന്നില്‍ നീണ്ട ക്യൂവിലായിരുന്നു ഞാനും . തൊട്ടു മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടി, അവളുടെ ഊഴമെത്തിയപ്പോള്‍ ഏതോ മാര്‍ക്ക് ലിസ്റ്റ് വന്നോ എന്ന് തിരക്കുന്നതും മുഖമുയര്‍ത്താതെ തന്നെ ഇല്ലെന്നു മറുപടിയും ഒന്നിച്ചു കഴിഞ്ഞു. അവശ്വസിനീയതയോടെ ചോദ്യമാവര്ത്തിച്ച പെണ്‍കുട്ടിയോട് മറ്റൊരു ഫയലെടുത്ത് അതിന്റെ കെട്ടഴിച്ചുകൊണ്ട് അയാള്‍ ചോദിച്ചു " ഇയാടെ സെക്കന്റ് ലാങ്വേജ് ഏതാ?" പ്രതീക്ഷയോടെ അയാളുടെ കയിലിരുന്ന ഫയലില്‍ ഉറ്റു നോക്കി ക്കൊണ്ട് പെണ്‍കുട്ടി മറുപടി നല്കി "ഹിന്ദി".ഇക്കുറി മുഖമുയറ്ത്തി അയാള്‍ ചോദിച്ചു "അതുകൊണ്ടായിരിക്കും മലയാളത്തില്‍ പറഞ്ഞാല്‍ ഇയാക്ക് മനസ്സിലാകാത്തത് അല്ലിയോ?" അന്നതു കേട്ടപ്പോള്‍ ചിരി പൊട്ടിയെങ്കിലും അതങ്ങ് അമര്‍ത്തി കാരണം അയാള്‍ ഇനി എന്നോട് എന്താ പറയുകയെന്ന് അറിയില്ലല്ലോ!
വെള്ളെഴുത്തേ,
ഈ സ്വത്വബോധത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ സംശയമാണ്. തമിഴന്റെ ഭാഷാപ്രേമവും ഹിന്ദിയോടുള്ള ചെറുത്തുനില്പും
ഉണ്ടാവുന്നു എന്നത് ഒരു തമിഴ് സ്വത്വം ഉണ്ട് എന്നത് കൊണ്ടല്ലേ? സാംസ്കാരികതയും, ചരിത്രവും, പാരമ്പര്യവുമൊക്കെ
കാലങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്നതല്ലേ സ്വത്വം? മലയാളി എന്തിനെയും എടുത്തണിയുന്നു എന്നത് മലയാളിയുടെ സ്വത്വമാണെങ്കിലോ? ചുരുക്കിപ്പറഞ്ഞാല്‍ സ്വത്വം പോളിയോകൊടുക്കുന്നപോലെ അംഗണ്‍വാടിയില്‍ കൊടുക്കാനാവില്ല. അചെബെയുടെയും മറ്റ് ആഫ്രിക്കന്‍ എഴുത്തുകാരുടെയും പ്രവൃത്തിയുടെ മൂലഹേതു താങ്കള്‍തന്നെ വിശദമാക്കുന്നുണ്ട്, ഹിന്ദി ഒരു ചെറുത്തുനില്‍പ്പിന്റെ ഭാഷയായത് വിവരിക്കുക വഴി. സാംസ്കാരികകടന്നുകയറ്റവും അധീശത്വവുമൊക്കെ നമുക്കുതിരിച്ചറിയാനാവാത്ത വഴികളിലൂടെയും കടന്നുവരാം.
സംസ്കാരത്തെച്ചൊല്ലിമുറവിളികൂട്ടുന്നവരും സാഹിത്യമെഴുതുന്നവരുമൊക്കെ നല്ലയളവില്‍ അതില്‍ ഭാഗഭാക്കാവുന്നുണ്ടെന്ന് എനിക്കു തോന്നുന്നു. ഹിന്ദിയെക്കുറിച്ച് ബോധവാനായിരുന്നെന്നു പറയുന്ന ഇതിഹാസകാരന് കീര്‍ക്കഗാര്‍ഡ് വായിച്ചില്ലായിരുന്നുവെങ്കില്‍
രവിയുണ്ടാവുമായിരുന്നോ? ആവോ.
പിന്നെ ഭാഷാപഠനത്തിന്റെ ഉപരിപ്ലവത എല്ലാ ഭാഷയിലുമില്ലേ? അവസരത്തിലും അനവസരത്തിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നവരില്‍ എത്രപേര്‍ ഷേക്സ്പിയറുടെയും, മില്‍ട്ടന്റെയും പേരെങ്കിലും കേട്ടിട്ടുണ്ട്?
ഇന്ത്യക്ക് പുറത്ത് ഒരുപാട് ജീവിച്ചതുകൊണ്ടാവും, ഒരു സംസ്കാരത്തനിമയുമുണ്ടെന്ന് തോന്നിയിട്ടില്ലാത്ത ഫിലിപ്പിനൊകളുടെ കബ്യാന് കണ്ട് അസൂയ തോന്നിയിട്ടുണ്ട്, ഇന്ത്യയിലും എല്ലാവരും പറയുന്ന ഒരു ഭാഷയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്.
ഇന്ത്യയെന്നത് ഒരു രാജ്യമല്ല, രാഷ്ട്രസങ്കല്പം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണ് എന്നൊക്കെപ്പറയാം. യാഥാര്‍ത്ഥ്യം കല്ലിവല്ലി.
ഞാന്‍ പ്രീഡിഗ്രിയ്ക്ക് മലയാളം രണ്ടാം ഭാഷയായി എടുത്ത് പഠിച്ച ഒരാളാണ്. ( പിന്നീടുള്ള പഠനം എന്‍ജിനീയറിംഗ് കോളേജിലായതു കൊണ്ട് ഒരു ഭാഷയും പഠിച്ചില്ല). മലയാളം എടുത്തതിന്റെ പ്രധാന കാരണം കുത്തിയിരുന്നു പഠിക്കാതെ പാസ്സാകാം എന്നതായിരുന്നു. ക്ലാസ്സിലും കയറേണ്ട! ( എന്നാലും പിന്നീട് ഡല്‍ഹിയിലും ലഖ്നൌയിലും ജോലി ചെയ്തപ്പോള്‍ ഹിന്ദിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നതാണ് സത്യം )
ഷിജു എഴുതിയത് ബില്കുല് സഹി! ഭോജ്പുരി മുതലായ ഭാഷകള്‍ ഇപ്പോള്‍ ഇല്ല തന്നെ. ഏകദേശം മുഴുവന്‍ ബീഹാറും കിഴക്കന്‍ ഉത്തര്‍ പ്രദേശും സംസാരിച്ചിരുന്ന ഭാഷയാണ്. ഇപ്പോള്‍ ഭോജ്പുരി സംസാരിക്കുന്നവനെ വിവരമില്ലാത്തവന് എന്ന രീതിയിലാണ് കാണുന്നത്.
ഹിന്ദി സിനിമകളില്‍ നോക്കിയാലും, ഭോജ്പുരി, പഞ്ചാബി എന്നല്ല ഹിന്ദി ഒഴിച്ചെല്ലാ ഭാഷ സംസാരിക്കുന്നവരും കൊമേഡിയന്മാര് മാത്രമാണ്. ( തമിഴ് സംസാരിക്കുന്ന വില്ലന്മാരെ ഇടക്കു വല്ലപ്പോളും കാണാറുണ്ട് ). മറിച്ച് മലയാളം സിനിമകളിലോ? ഹിന്ദി പറയുന്നവര്‍ വില്ലനോ ഹീറോയോ ആയിരിക്കും. കൊമേഡിയനാവില്ല എന്തായാലും. ( തമിഴ് പറയുന്നവനാണ് തമാശക്കാരന്‍ )
മലയാളത്തിന്റെ ജടിലതകളാണ് അതില്‍ നിന്ന് പഠിക്കുന്നവരെ അകറ്റിയതെന്ന വാദം മുന്‍പേ കേട്ടു തുടങ്ങിയതാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഒരു സമൂഹത്തിന്റെ സ്വന്തം ഭാഷയെ ഒഴിവാക്കിക്കളയാനുള്ള സാഹചര്യം നിര്മ്മിച്ചതാരെന്നായിരുന്നു ചോദ്യം. ചില മറുപടികള്‍ കമന്റുകളിലൂടെ ലഭിച്ചു. കണ്‍ഫ്യൂസ്ഡ് ദേശീ, താങ്കള്‍ക്കുള്ള പലമറുപടികളും കമന്റുകളിലുണ്ട്. ഷിജുവിന്റെയും വിമതന്റെയും കമന്റുകള്‍ പ്രത്യേകിച്ചും. പഠനം എന്നത് അന്വേഷണവും തിരിച്ചറിയലുമൊക്കെയാണ്. അങ്ങനെയാണുദ്ദേശിച്ചത്. തൊഴിലുകിട്ടാനുള്ള എളുപ്പമാര്‍ഗമെന്ന നിലയ്ക്കാണെങ്കില്‍ പിന്നൊന്നും പറയാനില്ല. ജെനറല്‍ ക്നോളേജുമാത്രം, അതും ബബ്ബിളു കറുപ്പിക്കുന്നരീതിയിലുള്ള പരീക്ഷയോടെ പോരേ ബിരുദതലം വരെയും അതിനപ്പുറത്തും എന്നും ആലോചിക്കാവുന്നതാണ്. പി എസ് സിയ്ക്ക് അതാണു പതിവു്. PSC ജയിക്കാനുള്ള വക കണ്ടെത്തിയാല്‍ പോരേ? ‘ആയിരുന്ന’ എന്നു ഭൂതകാലക്രിയകളെല്ലാം താങ്കള്‍ ആകുന്ന എന്നാണ് വായിച്ചത്. അതുകൊണ്ടുള്ള കുഴപ്പമാണ് ‘കോണ്ട്രഡിക്ഷനുകള്‘. സാരമില്ല. ഇങ്ങനെയും ചില ചിന്തകളുണ്ടെന്നു വിചാരിച്ചാല്‍ മതി. ഇതൊരു ഭാഷാമൌലികവാദമൊന്നുമല്ല. ഏതു ഭാഷയും ഒരുവനു പഠിക്കാം. പക്ഷേ ചില എടുത്തുച്ചാട്ടങ്ങള്‍ നമ്മുടെ തട്ടകങ്ങളെ തന്നെ ഇല്ലാതാക്കിയാലോ? മലയാളത്തെ രക്ഷിക്കാന്‍ മലയാളത്താന് തന്നെ വേണ്ടേ? ഏതു ഹിന്ദിവാലയാണു വരിക? പ്രവാചകാ, സ്വാശീകരിക്കലും എടുത്തണിയലും രണ്ടല്ലേ? പരസ്പര വിനിമയവും അധീശത്വവും രണ്ടല്ലേ? തിരിച്ചറിവില്ലാതെ പാമ്പിനെയാണ് കയറാക്കുന്നതെങ്കിലോ? ഒരുഭാഷ എന്നു പറഞ്ഞു വികാരം കൊള്ളുമ്പോള്‍ തന്നെ സാഹചര്യങ്ങളുടെ വ്യത്യസ്തത കണക്കിലെടുക്കുക. ഇന്ത്യയെന്നത് ഉപദേശീയതകളുടെ കൂട്ടമാണെന്നത്. നാം പഠിച്ചു തകര്‍ക്കുന്ന ഹിന്ദി നമുക്കു നല്കിയതും നല്‍കുന്നതും എന്താണ്? അതാണ് അറിയേണ്ടത്.
ഇർഫാൻ ഖാൻ, കെ കെ മേനോൻ, പരേഷ് റാവൽ എന്നിവരൊക്കെ ഹിന്ദി സിനിമയിലുള്ളപ്പോൾ ഞാനെന്തിനു മലയാളിയാകണം ;-)
BTW അവസാനം കണ്ടൊരു ഹിന്ദിസിനിമയിൽ ഇർഫാൻ ഖാൻ തമിഴനായിട്ടായിരുന്നു അഭിനയിച്ചത് (തമിഴ് നടൻ മാധവൻ ഹിന്ദിക്കാരനായിട്ടും) അസ്സലായി ‘പോടാ മൈരേ’ എന്നു ഇർഫാൻ പറയുന്നുണ്ട്. അദ്ദാണ് നാഷണൽ ഇന്റഗ്രേഷൻ.
ഞാന്‍: ഒരു കമ്പോളമാകുമ്പോള്‍ അതിനൊരു ഭാഷ വേണ്ടേ ? ഒരു രാജ്യമാകുമ്പോള്‍ നമുക്കിത് ഒഴിവാക്കാമെന്നേ :)
നീ: പക്ഷേ ഒരു "കോമണ്‍ ദേശി ലിങ്ക്വാ ഫ്രാങ്കാ" ആയി ഹിന്ദിയെ കാണുന്നതില്‍ കുഴപ്പം ഇല്ല. ഇല്ലെങ്കില്‍ വടക്കനുള്നാടന് ഗ്രാമത്തില്‍ ചെന്നാല്‍ പണി കിട്ടും
O.T.
ഞാന്‍: സാരേ ജഹാംസേ അഛാ...യില്‍ "ഹിന്ദി ഹേ ഹം" എന്ന് 2 തവണ പറയുന്നത് എന്തിനാണോ എന്തോ?
നീ: 'കഥാവശേഷ'നില് ബംഗാളി വൃദ്ധ അവരുടെ ദുരിതം വിളിച്ചു പരയുന്ന കേട്ട് മിഴിച്ചു നില്ക്കുന്ന ദിലീപിന്റെ ഷര്‍ട്ടിനെ കളറ് മഞ്ഞയായിരുന്നോ അതോ?
നാഷണല്‍ ഇന്റഗ്രേഷന്‍ മറുഭാഷയിലേ നടക്കൂ. ഗുരുവായൂരപ്പനെ ഹിന്ദിയിലെ ഏറ്റവും പുളിച്ച തെറികളിലൊന്നു വിളിച്ച് കഥയെഴുതിയ സാഹിത്യകാരന്മാരും നമുക്ക് ഹിന്ദി വിരുദ്ധരാകും..
വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പടച്ചുണ്ടാക്കിയ മാനകഹിന്ദി - then it should be an alien language for the hindi speaking people also. So 'adhinivesam' is happening for them also.
Further, Malayalam(or any other language)is/has killed adivasi dialects. We are trying to integrate adivasis to the mainstream. It also is a sort of 'adhinivesam'. Is it right? If we do not integrate them to the mainstream, whether they will get their due of development/progress?
ലേഖനം പ്രസക്തം.
ഇലക്റ്റ്രോണിക് മീഡിയയിലേയ്ക്കുള്ള മലയാളത്തിന്റെ കടന്നുവരവ്, കുറേയെങ്കിലും പേരെ മലയാളം മറക്കാതിരിയ്ക്കാന്‍ സഹായിയ്ക്കുന്നുണ്ട് എന്നൊരു അഭിപ്രായമുണ്ട്...
ഇക്കാലത്ത്, സ്വന്തം മക്കളെ മലയാളം പഠിപ്പിയ്ക്കുന്നവര്‍ എത്ര പേരുണ്ട്? ഇവിടെ കമന്റിയവരിലെത്ര പേരുണ്ട്?
:)
രഞ്ജിത്ത്, ഉര്‍ദു കളഞ്ഞ് ശുദ്ധ ഹിന്ദി പടച്ചുണ്ടാക്കിയത് അഹിന്ദി മേഖലകളില്‍ ടെക്സ്റ്റ് ഉണ്ടാക്കാനാണ്. അത് ഹിന്ദി മേഖലകളിലും ‘അന്യനാണോ‘ എന്നറിയില്ല. അവര്‍ക്കത് മാനകമല്ലേ? ഹിന്ദിഭാഷയുടെ തന്നെ സൌന്ദര്യമായ ഭോജ്പൂരിപോലുള്ള ഭേദങ്ങള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണത്രേ.. മാനകഹിന്ദിയുടെ കടന്നുകയറ്റത്താല്‍. ആദിവാസിഭാഷയുടെ കാര്യം ശരിയാണ്. അതു നിലനില്ക്കേണ്ടതാണ്. ആദിവാസി-പൊതുധാരയെപ്പറ്റിയൊക്കെ ചര്‍ച്ചകള്‍ ധാരാളം നടന്നു കഴിഞ്ഞതല്ലേ? കനവിലെയോ സാരംഗിലെയോ ഭാഷാപഠനത്തിന്റെ സ്ഥിതി അറിയണം..ഊരിലെ ഭാഷയ്ക്ക് അവിടെ അയത്തം കല്പ്പിച്ചിട്ടില്ലെന്നാണറിവ്. എന്നാല്‍ തുടര്വിദ്യാഭ്യാസത്തിനുതകുന്ന ഭാഷയില്‍ വ്യാപരിക്കുന്നതില്‍ തെറ്റുണ്ടെന്നു ഞാന്‍ പറഞ്ഞോ? ആ വഴിയ്ക്ക് ഹിന്ദി, 3 കോടിയ്ക്ക് വല്ല സേവനവും ചെയ്യുന്നുണ്ടോ എന്നു നോക്കിവേണ്ടേ ആദിവാസി ഭാഷാ- മലയാള -ഇംഗ്ലീഷ് താരതമ്യം?
ഡിങ്കാ എന്താണിത്? ഒന്നും പുരിഞ്ഞില്ല. സിനിമ കാണാനും മാര്‍ക്കു കിട്ടാനും ആശയവിനിമയത്തിനും ഭാഷ വേണ്ടയെന്ന് ആരു പറഞ്ഞൂ? അതിനു ശേഷവും ഭാഷയിലേയ്ക്കു നോക്കാന്‍ പറ്റിയാലേ ചില ചര്‍ച്ചകളുടെ അര്‍ത്ഥം മനസ്സിലാവൂ.. എന്നാലും മനസ്സിരുത്തണം എന്നൊരപേക്ഷയും കൂടിയുണ്ട്. എതിരാളികളോട്. തുളസി തൊട്ട് സുസ്മേഷ് വരെ.. എല്ലാവര്ക്കും ഒരു മലയാള പുഞ്ചിരി.. :)
എതിരാ..ഞാന്‍ മുംബെയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ നോര്‍ത്ത് ഇന്ത്യന്‍സിന്റെ സ്ഥിരം കളിയാക്കലായിരുന്നു..
"അരെ മദ്രാസീ, തും ലോഗ് രാം കോ രാമന് ബുലാത്തെ ഹേ..കൃഷ്ണു് കോ കൃഷ്ണന് ബുലാത്തെ ഹേ.. ക്യാ തും ലോഗ് ലണ്ട് കോ ലണ്ടന്‍ ബുലാത്തെ?"
വെള്ളെഴുത്തന്‍, ഓഫ് ടോപ്പിക്കിന് മുന്‍കൂര്‍ മാപ്പ്. ഇതു യോജിച്ചതല്ലെങ്കില്‍ എടുത്തു കളയുക.
വെള്ളെഴുത്ത്,
പഠിയ്ക്കുന്നത് ജോലി കിട്ടാന്‍ വേണ്ടിക്കൂടിയാണ്; നിലവില്‍. അങ്ങനെയല്ലാത്തവര്‍ ഉണ്ട് എന്നറിയാം. നല്ല കാര്യം. അത് ജോലി കിട്ടാന്‍ വേണ്ടി പഠിയ്ക്കുന്നവരെ ജഡ്ജ് ചെയ്യാനുള്ള അവകാശം നല്‍കുന്നില്ല എന്നു മാത്രം. പഠനം അന്വേഷണവും തിരിച്ചറിവുമാകുന്നത് അടിസ്ഥാനമായ വരുമാനവും നിലനില്പും ആയതിനു ശേഷം മാത്രമാണ്. അത് പ്രയോഗത്തില്‍ വരുത്താനാകാഞ്ഞവരുടെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ലഭ്യമാണു താനും.
ഡെല്‍ഹിയിലും ബോംബേയിലും ജോലി അന്വേഷിച്ചുപോകുന്നവര്‍ ഗുമസ്തപ്പണിയ്ക്കാണ് പോകുന്നതെന്നും അമേരിക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും കുടിയേറാനുള്ള ഉപാധിയായി വിദ്യ അഭ്യസിക്കുന്നത് എത്തിക്കലി തെറ്റാണെന്നും പറയുന്നതിന് ഒരു മറുപടിയും ആലോചനയില്‍ കിട്ടുന്നില്ല. മലയാളിത്തം നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്യഭാഷകളെയും അന്യസംസ്കാരങ്ങളെയും സ്വാഗതം ചെയ്യുന്ന വാര്‍ത്തയുടെ പുതുമ വളരെ പണ്ടേ നഷ്ടപ്പെട്ടുകഴിഞ്ഞു. ഹിന്ദിയെ ഇഷ്ടമാണ് എന്നു പറയുമ്പോല്‍ ഹിന്ദിക്കാരെ ഇഷ്ടമാണെന്നും മലയാളത്തെ ഇഷ്ടമല്ലെന്നും വായിക്കുന്നിടത്താണ് തെറ്റ്. തൊഴിലന്വേഷിച്ചു കണ്ടുപിടിയ്ക്കാനുള്ള വഴികളിലൊന്നാണ് ഹിന്ദി. അതിന്റെ സ്ഥാനത്ത് അറബിയോ ഇംഗ്ലീഷോ തമിഴോ ഒക്കെയാകാം. അതില്‍ കടന്നുകയറ്റവും അധിനിവേശവും ആരോപിയ്ക്കുന്നതിനെ സങ്കുചിതചിന്ത എന്നേ കരുതാനാവൂ.
ഒരു ഹിന്ദി ഹസി കൈമാറുന്നു. ആദ്യകമന്റിലെ ആവേശത്തിനുള്പ്പെടെ :)
CD,
ഒരു ഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, അത് ജോലി കിട്ടാന്‍ എളുപ്പമാക്കും എന്നൊക്കെ പ്രചരിപ്പിച്ച് കേരളത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്. അതുകൊണ്ട് മലയാളം കുറച്ചുകൂടി ആഴത്തില്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്നത്. ഹിന്ദി പഠനം കൊണ്ട് ജോലി കിട്ടാന്‍ പ്രത്യേകിച്ച് ഗുണമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല; ശരിക്ക് സംസാരിക്കാനൊക്കെ പഠിക്കുന്നത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടയില്‍ ചെന്നുപെട്ടാലേ സാധിക്കൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇംഗ്ലീഷ് വൃത്തിയായി കൈകാര്യം ചെയ്യാനാണ് ഉദ്യോഗാര്‍ഥികള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്; അത് എവിടെയും ചിലവാകും; ഇന്റര്‍വ്യൂവിലൊക്കെ കടന്നുകൂടാനും സഹായിക്കും.
അതുപോലെ നമ്മള് 3 ഭാഷകള്‍ പഠിക്കുമ്പോള്‍ ഹിന്ദിക്കാരന് ഒന്നുകുറച്ചോ (ചിലപ്പോള്‍ ഹിന്ദി മീഡിയത്തില്‍ മാത്രമോ) പഠിച്ച് മത്സരപ്പരീക്ഷകളൊക്കെ പാസാകുന്നു. അവിടെയൊക്കെ നഷ്ടം മലയാളിക്കാണ്.
അന്തസ്സുള്ള തെറികള്‍ പോലും അയല്പക്കത്തുനിന്ന് കടം വാങ്ങേണ്ടി വന്നവളാണ് നമ്മുടെ പാവം ഭാഷ. അവളങ്ങനെ കൊണ്ടും കൊടുത്തും വളരട്ടന്നേ........
കൊണ്ടും കൊടുത്തും എവിടെ വളരുന്നു? വാങ്ങിച്ചു മുടിഞ്ഞോണ്ടിരിക്കുകയല്ലേ , അയല്ക്കാരനേ തെറിപോലും എന്തു കൊണ്ട് കടം വാങ്ങേണ്ടി വരുന്നു എന്ന് ദേശീ കണ്‍ഫ്യൂഷന്റെ മറുപടി നോക്കിയാല്‍ അറിയാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നൊരു മലയാളം പഴംചൊല്ലുണ്ട്. (ആശ്വാസമായി, അതിനിനി ഗോസായിയെ അന്വേഷിച്ചു പോകണ്ടാലോ)
ഹിന്ദി അറിയാത്തതു കൊണ്ടാവും ഈ ലേഖനം ഇത്രയധികം ഇഷ്ടമായത്:)
ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് എറ്റവും കൂടുതല്‍ വികൃതി കാണിച്ചത് ഹിന്ദി ക്ലാസിലും എറ്റവുമധികം തമാശയാക്കിയത് ഹിന്ദിമാഷെയുമായിരുന്നു. പിന്നീട് മറ്റുള്ളവരുമായി അന്വേഷിച്ചപ്പോള്‍ മിക്കവരുടെയും അനുഭവം ഇതു തന്നെ:)
ടികെ,
വിമര്‍ശനവിഷയം ഇംഗ്ലീഷ് അല്ലാതിരുന്നതുകൊണ്ട് അത് കമന്റില്‍ പറയാഞ്ഞതാണ്. പക്ഷേ, വെയര്‍ഹൌസ്/ഗോഡൌണ്‍/ലോജിസ്റ്റിക്സ്, ഡയറക്റ്റ് സെയിത്സ്/മാര്‍ക്കറ്റിംഗ്, ഹെല്‍ത്ത്, കസ്റ്റമര്‍ സര്‍വീസ്, ചെറുകിട ബിസിനസ്സുകള്‍ തുടങ്ങിയ മേഖലകളില്‍ ഇംഗ്ലീഷ് അറിയാത്ത തദ്ദേശീയരുമായി ബന്ധപ്പെടേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് പോരാതെ വരുന്നു എന്നൊരു വശം ഇവിടെ മിസ്സായി. ഇന്ത്യയുടെ മറ്റു സംസഥാനങ്ങളിലേയ്ക്ക് ജോലിയന്വേഷിച്ചുപോകുന്നവരില് ചെറിയൊരു ശതമാനം മാത്രമേ വിദേശത്തേയ്ക്ക് കുടിയേറുകയും ബ്ലോഗ് തുടങ്ങുകയുമൊക്കെ ചെയ്യുന്നുള്ളൂ :) ജനിച്ചു വളര്‍ന്നു പഠിച്ചു വലുതായ പൌരനായിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് പാസ്പോര്‍ട്ടും വിസയും വേണ്ടാതെ ആയിരക്കണക്കിനു തൊഴിലവസരങ്ങളും ബിസിനസ് സാദ്ധ്യതകളും ഉള്ളത് മലയാളസ്നേഹമുണ്ടെന്നതിന്റെ പേരില്‍ നഷ്ടപ്പെടുത്തേണ്ടതില്ല എന്നാണ് ചുരുക്കം :)
ഹിന്ദിയായാലും ഇംഗ്ലീഷായാലും ഇഷ്ടപ്പെട്ട് പഠിയ്ക്കുകയും മുഴുവന്‍ ഭാഷ അറിയില്ലെങ്കിലും സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഉച്ചരിയ്ക്കുകയും ചെയ്യാതെ വരുമ്പോഴാണ് “മദ്രാസി” എന്നും “മല്ലു” എന്നും ഇരട്ടപ്പേരു കേള്‍ക്കേണ്ടി വരുന്നത്. അതാണ് ഞാനറിയുന്ന പഠിയ്ക്കാന്‍ മോശമല്ലാതിരുന്ന പലരെയും മലയാളമൊഴിച്ചുള്ള ഭാഷകളോട് വൈമുഖ്യം കാട്ടാന്‍ പ്രേരിപ്പിക്കുന്നതും.
:)
കണ്‍ഫ്യൂസ്ഡ് ദേശി,
പറഞ്ഞ കാര്യങ്ങള്‍ സമ്മതിക്കുന്നു. പക്ഷേ, സംസാരിക്കാനൊക്കെ പഠിക്കാന്‍ നേരിട്ട് തദ്ദേശീയരുമായി ഇടപഴകിയാലല്ലേ പറ്റൂ; സ്കൂളില്‍ പഠിക്കുന്നത് standardized (bookish) ഹിന്ദിയല്ലേ? പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള എത്രയോ ബോംബെ മലയാളികള്‍ ഹിന്ദിയും മറാഠിയും സുന്ദരമായി സംസാരിക്കുന്നുണ്ട്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. അതുകൊണ്ട് ഹിന്ദിക്ക് അമിതപ്രാധാന്യം കരിക്കുലത്തില്‍ കൊടുക്കേണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം.
പിന്നെ അക്സന്റൊക്കെ വരുന്നത് മാതൃഭാഷയുടെ സ്വാധീനംകൊണ്ടാണ്. അത് ആത്മവിശ്വാസം പോരാഞ്ഞിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ മദ്രാസി എന്ന് വിളിക്കുന്നത് geographically challenged ആയിട്ടാണെന്നു ഞാന്‍ പറയും :-)
ഇംഗ്ളീഷ് മാറ്റി നിര്‍ത്തിയാല്‍ ഇന്‍ഡ്യയില്‍ ഹിന്ദി ഒരു കോമണ്‍ പ്ളാറ്റ്ഫോമായിരി കരുതാമെന്നാണെന്റ്റെ അഭിപ്പ്രായം.
അതുപോലെ തന്നെ മലയാളമോ തമിഴോ ഇംഗ്ളിഷുമായി കൂട്ടിച്ചേര്‍ത്ത് സംസാരിക്കുമ്പോള്‍ ലഭിക്കാത്ത ഒരു റിതം ഹിന്ദിക്ക് ലഭിക്കുന്നുണ്ടെന്നുമാണെനിക്ക് തോന്നിയിട്ടുള്ളത് , അതും ഹിന്ദിക്ക് മേല്പറഞ്ഞ ഭാഷകളില്‍ നിന്നും മലയാള ഭാഷക്കോ തമിഴിനോ ഇല്ലാത്ത ഒരു ഗുണമാണ്.
പത്താം ക്ളാസ്സില്‍ തോറ്റാല്‍ ഉത്തരവാദി മറ്റാരുമാകില്ലെന്ന ഉറപ്പുമുണ്ടായിരുന്നു , ഇന്നും വായിക്കാന്‍ സ്വല്പ്പം കഷ്ടപ്പെടണം :)
നല്ല ലേഖനം.
വളരെ നല്ല ലേഖനം.
ഞാന്‍ 6 വര്‍ഷം ബാംഗ്ളൂരില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ പഠിയ്ക്കുമ്പോള്‍ തന്നെ ഹിന്ദി(യു. പി.)ക്കാരുമായി ഇടപഴകാന്‍ സാധിച്ചിരുന്നതു കൊണ്ടു സാമാന്യം നന്നായി ഹിന്ദി സംസാരിക്കുകയും ചെയ്യും.
ഏങ്കിലും ബാംഗ്ളൂരിലെത്തി ആദ്യത്തെ 2 വര്‍ഷത്തിനുള്ളില്‍ തന്നെ കന്നഡ പഠിച്ചു. ഹിന്ദിയും ഇംഗ്ളീഷും മാറി മാറി പ്രയോഗിച്ചിട്ടും പച്ചക്കറി ചന്തയിലും മറ്റും പരാജയപ്പെട്ടപ്പോഴാണു കന്നഡ പഠനം തുടങ്ങിയത്. അവിടെ ഹിന്ദി സംസാരിക്കാനറിയുന്ന പല സുഹൃത്തുക്കളും പിന്നീടു പലയിടത്തും എന്നെ കൊണ്ടുപോകുമായിരുന്നു, കന്നഡയില്‍ സംസാരിക്കാന്‍.
എവിടെ ചെന്നാലും അവരുടെ ഭാഷ അറിയുന്നതിനു ഒരു പ്രത്യേക സുഖമുണ്ട്. പക്ഷേ അതു കൊട്ടിഘോഷിച്ചു സ്കൂളില്‍ നിന്നേ പഠിക്കണം എന്നില്ലല്ലോ.
ഇപ്പോള്‍ ഇന്ത്യക്കു പുറത്തെത്തിയതിനു ശേഷം ഹിന്ദി കുറച്ചുപയോഗിക്കുന്നുണ്ട്; ഇവിടെയുള്ള പാക്കിസ്താനി സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍. ഇന്ത്യാക്കാരോടു സംസാരിക്കുമ്പോള്‍ ബോധപൂര്‍വം ഇംഗ്ളീഷേ ഉപയോഗിക്കൂ, ആര്‍ക്കും പ്രത്യേകിചൊരു മുന്‍തൂക്കം ഉണ്ടാവാതിരിക്കാന്‍. :)
good article. may i know about u?
കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ് എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ് .
malayalatthanima.blogspot.in
ഉര്‍ദു ദേവനാഗരിയില്‍ എഴുതിയാല്‍ ഹിന്ദി ആകുമോ?
Post a Comment